നേരിയ എരിച്ചിൽ… അസഹ്യമായ ഗന്ധം… കുറവുകൾ എടുത്തു കാട്ടി വെളുത്തുള്ളിയെ ഭക്ഷണത്തിൽ നിന്നും അകറ്റി നിർത്തുന്ന പ്രകൃതമാണോ നിങ്ങളുടേത്? എങ്കിൽ ഒന്നറിഞ്ഞോളൂ… ഗന്ധം ഭയന്നു മാറ്റി നിർത്തേണ്ട ഒന്നല്ല വെളുത്തുള്ളി.
നല്ലൊന്നാന്തരം ഔഷധക്കൂട്ടാണിത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും വെളുത്തുള്ളിയുടെ ഉപയോഗം അത്യുത്തമമെന്നു കരുതി പോരുന്നു.
വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വെളുത്തുള്ളിയുടെ ശാസ്‌ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്. ലില്ലിയാസ് സസ്യകുടുംബത്തിൽപ്പെട്ട ഉള്ളിയിനമാണിത്. വിറ്റാമിൻ സി, എ, ബി, ജിയ്‌ക്കു പുറമേ സൾഫർ, അയൺ, കാത്സ്യം, അല്ലീസിയം എന്നിവയാൽ സമ്പുഷ്‌ടമാണ് വെളുത്തുള്ളി. പ്രധാനമായും നോൺവെജ് വിഭവങ്ങൾക്ക് രുചികൂട്ടാൻ ചേർക്കുന്ന ഒരു പ്രധാന ചേരുവ എന്നതിനുപരി ഇന്ന് കാണുന്ന പല ജീവിതശൈലി രോഗങ്ങൾക്കും വെളുത്തുള്ളി ഉത്തമ മരുന്നാണെന്ന കാര്യം നമ്മിൽ എത്ര പേർക്കറിയാം!
1858 ൽ ലൂയിസ് പാസ്‌ചറാണ് വെളുത്തുള്ളിക്ക് ബാക്‌ടീരിയ ഇല്ലാതാക്കാനാവുമെന്ന യാഥാർത്ഥ്യം ആദ്യമായി മനസ്സിലാക്കുന്നത്. 1983ൽ ബയോകെമിസ്‌റ്റ് സിഡ്‌നി ബെൽമാൻ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിൽ ലബോറട്ടറി എലികളിൽ ഒരു പരീക്ഷണം നടത്തി. ഗാർലിക് എണ്ണയുടെ ഉപയോഗം ശരീരത്തിൽ ട്യൂമർ വളർച്ച തടയുമെന്നും കണ്ടെത്തി. സ്‌തനാർബുദത്തിനു കാരണമാകുന്ന കോശങ്ങളുടെ ത്വരിത വളർച്ച തടയുന്നതിനു വെളുത്തുള്ളി സഹായകരമാണെന്ന് ന്യൂയോർക്കിലെ
മെമ്മോറിയൽ സലോൺ-കെറ്ററിംഗ് കാൻസർ സെൻററിലെ ബയോകെമിസ്‌റ്റ് ജോൺ പിന്‍റോ കണ്ടെത്തി. പ്രോസ്‌റ്റേറ്റ് കോശങ്ങളുടെ കാര്യത്തിലും ഇത് സമാന പ്രതികരണമാണ് പ്രകടമാക്കുന്നത്. മാത്രമല്ല മറ്റു ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി ഉപകാരപ്പെടുമെന്നും പറയുന്നു.
തുടർച്ചയായ വെളുത്തുളളി ഉപയോഗം രക്‌തത്തിലെ കൊളസ്‌ട്രേളിന്‍റെ അളവ് കുറയ്‌ക്കും. രക്‌തം കട്ടപിടിക്കുന്നതു തടയും. ഹൃദയത്തെയും രക്‌ത ക്കുഴലുകളേയും സംരക്ഷിക്കുന്നതിനു പുറമേ ഫ്രീ ഓക്‌സിജൻ റാഡിക്കൾ മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്‌തചംക്രമണം നല്ല രീതിയിൽ കൊണ്ടു പോകാൻ സഹായിക്കുന്നുവെന്നതിനാൽ വെളുത്തുള്ളി ഭക്ഷണത്തിന്‍റെ ഭാഗമാകുന്നത് ഹൃദയാരോഗ്യം കാക്കാൻ നല്ലതാണ്.
പ്രമേഹരോഗ നിയന്ത്രണത്തിനും വെളുത്തുള്ളി ഫലപ്രദമത്രേ! പാകം ചെയ്യാത്ത വെളുത്തുള്ളി ഭക്ഷണഭാഗമാകുന്നത് ടൈപ്പ്-2 ഡയബറ്റീസ് തടയുന്നതിനു അത്യുത്തമമാണെന്ന് ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി പഠനങ്ങൾ വ്യക്‌തമാക്കുന്നു. പതിവായും നിശ്ചിത അളവിലും വെളുത്തുളളി അല്ലികൾ കഴിക്കുന്നത് ഇൻസുലിൻ നില നിയന്ത്രിച്ചു നിർത്തുമെന്നു മാത്രമല്ല അമിതവണ്ണത്തിനു കാരണമാകുന്ന വസ്‌തുക്കൾ ചെറുക്കുകയും ചെയ്യുന്നു. വെളുത്തുള്ളി അകത്താക്കാം ശരീരഭാരം നിയന്ത്രിച്ച് പൊണ്ണത്തടി തടയാം എന്ന് സാരം.
സൾഫർ സംയുക്‌തമായ അല്ലിസിനാണ് വെളുത്തുള്ളിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. കൃത്രിമ ആന്‍റിബയോട്ടിക്ക് കണ്ടുപിടിക്കുന്നതിനു എത്രയോ മുമ്പ് പ്രകൃതി നൽകിയ ആന്‍റിബയോട്ടിക്കാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലടങ്ങിയ അല്ലിസിൽ ഒരു ആന്‍റിബയോട്ടിക്കായി ജോലി ചെയ്യുന്നു.
വെളുത്തുള്ളിയുടെ ശരീരത്തിലുള്ള പ്രധാന ഉപയോഗം വൃത്തിയാക്കലാണ്. ബാക്‌ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിച്ച് ശരീരത്തെ വൃത്തിയാക്കുന്നു. രണ്ടു ലോക മഹായുദ്ധങ്ങളിലും പരിക്കേറ്റവരുടെ മുറിവുകൾ വച്ചുകെട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിച്ചിരുന്നുവെന്നും ഇത് മികച്ച ആന്‍റിസെപ്‌റ്റിക്ക് ആണിതെന്നതിനാലാണിതെന്നും ചരിത്രകാരന്മാർ പറയുന്നു.
ആന്‍റിസെപ്‌റ്റിക്ക്, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി പോഷക സമൃദ്ധവുമാണ്. അതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു വെളുത്തുള്ളി സഹായകരമാണ്.
ഭക്ഷ്യവിഷബാധ, വയറുവേദന, വില്ലൻചുമ, കുടൽവീക്കം, പകർച്ച വ്യാധികൾ എന്നിവയെ ഒരുപിരിധി വരെ തടയുന്നതിനും വെളുത്തുള്ളി ഉപയോഗിക്കാം.
ദഹനം നന്നായി നടക്കുന്നതിനും വയറിലെ അസിഡിറ്റി കുറയ്‌ക്കുന്നതിനും, ലെഡ്, മെർക്കുറി പോലുള്ള മൂലകങ്ങളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതിനും വെളുത്തുള്ളി നല്ലതാണ്.
വെളുത്തുള്ളി ചതച്ച് ഒലിവ് എണ്ണയിലിട്ട് ചൂടാക്കി ഇളംചൂടോടെ ചെവിയിലൊഴിച്ചാൽ ചെവിവേദനയ്‌ക്ക് ശമനം ലഭിക്കും.
വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും കഴിക്കുന്നതു ഗ്യാസ്‌ട്രബിളിനും വിരശല്യം അകറ്റുന്നതിനും ഉത്തമമാണ്.
കരൾ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ വെളുത്തുള്ളി ചതച്ച് പേസ്‌റ്റാക്കി ഒരു സ്‌പൂൺ ഒലിവ് എണ്ണയിലോ/സോയാബീൻ എണ്ണയിലോ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പ് കഴിക്കുക.
വെളുത്തുളളിയുടെ സൗന്ദര്യ രഹസ്യം
സുന്ദരിയാവണോ? എങ്കിൽ വെളുത്തുള്ളി ഉപയോഗിച്ചോളൂ… മുഖക്കുരു പലരുടെയും സൗന്ദര്യ പ്രശ്നമാണ്. വെളുത്തുള്ളി നീര് എടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വെളുത്തുള്ളി ചതച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയാലും മതി. ചർമ്മം മൃദുവാകും. പ്രായക്കുറവു തോന്നിക്കാനും വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് സാധിക്കും. മുഖത്തെ ബ്ലാക്ക് – വൈറ്റ് ഹെഡ്‌സ് മാറ്റാനും സ്‌ട്രെച്ച് മാർക്ക്‌സ് അകറ്റുന്നതിനും വെളുത്തുള്ളി ചതച്ച് ലേപനമാക്കി പുരട്ടാം.
ബാക്‌ടീരിയ ഫംഗസ്സിനെതിരെ പ്രവർത്തിക്കുന്ന ധാതുക്കൾ ഇതിലുണ്ട്. താരൻ പോലെ കേശ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനാവും. വെളുത്തുള്ളി നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നത് ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളെ തടയാൻ സഹായിക്കും. രക്‌തം ശുദ്ധീകരിക്കുമെന്നതിനാൽ കുരുക്കൾ ഉണ്ടാവുന്നത് ചെറുക്കുന്നു. ശരീരത്തിന്‍റെ ചില ഭാഗങ്ങളിലുണ്ടാവുന്ന പൂപ്പലുകളെ ഇല്ലാതാക്കുന്നു.
ആരോഗ്യ-സൗന്ദര്യ രഹസ്യങ്ങളുടെ ഒരു വലിയ കലവറയാണ് വെളുത്തുള്ളി. ഇനി ഗന്ധം ഭയന്നു മാറി നിൽക്കണ്ട… കറിയിലും സലാഡിലും അച്ചാറിലും മറ്റു ഭക്ഷ്യ വിഭവങ്ങളിലുമൊക്കെ ചേർത്ത് മുഖം ചുളിക്കാതെ കഴിക്കാം.