എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്‍റെ സമീപമെത്തി അവനു മുത്തം നൽകുമ്പോൾ എന്‍റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുൽമോന്‍റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവൻ ഞങ്ങൾക്കു മകൻ തന്നെയായിരുന്നുവല്ലോ എന്നോർത്തു. ആ ഓർമ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുർബ്ബലയായാൽ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോൾ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാൽതൊട്ട് വന്ദിച്ചു. നരേട്ടൻ ഒരിക്കൽ കൂടി കൃഷ്ണമോളുടെ പക്കൽ നിന്ന് ടുട്ടുമോനെ വാങ്ങി അവനെ മുത്തങ്ങൾക്കൊണ്ടു മൂടി. വേദന കടിച്ചമർത്തി അവനെ തിരികെ ഏല്പിക്കുമ്പോൾ നരേട്ടൻ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.

“ഇനി നിങ്ങൾ വരുമ്പോൾ ഈ മുത്തശ്ശനിവിടുണ്ടാകുമെന്ന് തോന്നുന്നില്ല കുഞ്ഞെ… ഒരു നീണ്ട യാത്ര മുത്തശ്ശനു വേണ്ടി വന്നേക്കുമെന്ന് മനസ്സു പറയുന്നു. മടക്കമില്ലാത്ത ഒരു യാത്ര.”

“അരുത് പപ്പാ… ഇത്തരം വാക്കുകൾ ഇനി പപ്പ പറയരുത്. അത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തും.”

പപ്പായെ ജീവനായ ഒരു മകളുടെ വാക്കുകളായിരുന്നു അവ. അവൾ പപ്പയെ കെട്ടിപ്പിടിച്ചു. ആ കവിളിൽ ഉമ്മ വച്ചു. നരേട്ടനും മോളുടെ നെറ്റിയിൽ ഉമ്മ നൽകിക്കൊണ്ടു പറഞ്ഞു.

“പപ്പ വെറുതെ പറഞ്ഞതാണ് മോളെ… മോൾ അതോർത്ത് വിഷമിക്കണ്ട.”

“ഇനി ഞങ്ങൾ വരുമ്പോൾ പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണണം. അതിനു പറ്റിയില്ലെങ്കിൽ ഈ വീടു വിറ്റിട്ടു ഞങ്ങളുടെ അടുത്തേയ്ക്കു പോരണം. പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണാനാണ് ആഗ്രഹമെങ്കിൽ മമ്മി അതിനു സമ്മതിക്കും. ഇല്ലേ മമ്മീ…”

അവൾ ഒരിക്കൽ കൂടി അനുനയരൂപത്തിൽ എന്നെ നോക്കി. പക്ഷെ അവളുടെ ആഗ്രഹം നടക്കുകയില്ലെന്ന് എന്‍റെ മനസ്സു പറഞ്ഞു. പപ്പയിലൂടെ അവൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന ഗൂഡ ലക്ഷ്യത്തെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. വീടു വിറ്റു കിട്ടുന്ന പണത്തിൽ കുറെ ഭാഗം അവൾക്ക് സ്ത്രീധനക്കാശായി കൊടുക്കണം. ബാക്കി പണം അവൾക്ക് ധൂർത്തടിയ്ക്കാനും. അങ്ങനെ ഞങ്ങൾ ഭവനരഹിതരും ആലംബഹീനരുമായിത്തീരാനും. ഒരു ജീവിതകാലം മുഴുവൻ ഞങ്ങൾ അദ്ധ്വാനിച്ചു നേടിയ ആ വീട് ഇങ്ങനെ ദുരുപയോഗിക്കാനായി ആ മകൾക്ക് നൽകണോ എന്ന് ഞാൻ മനഃസാക്ഷിയോടു ചോദിച്ചു നോക്കി.

എന്നാൽ അതിനുത്തരം ഇല്ല എന്നായതിനാൽ അത്തരമൊരു ചിന്ത തന്നെ ഉപേക്ഷിക്കുവാൻ എനിക്ക് നരേട്ടനെ പ്രേരിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്തു.

ചിന്തകൾ കാടു കയറിയ മനസ്സുമായി നിൽക്കുമ്പോൾ കൃഷ്ണമോൾ വീണ്ടും പറഞ്ഞു.

“അപ്പോൾ അങ്ങിനെ തന്നെ. ഞാൻ അവിടെ ചെന്നിട്ട് പപ്പയേയും മമ്മിയേയും വിളിക്കാം. അപ്പോൾ തീരുമാനം അറിയിച്ചാൽ മതി.”

മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന മട്ടിലുള്ള കൃഷ്ണമോളുടെ ഉറച്ച നിലപാട് എനിക്ക് ഒട്ടും ബോധിക്കുന്നുണ്ടായിരുന്നില്ല. എന്‍റേയും ഇളക്കമില്ലാത്ത നിലപാട് കണ്ടിട്ടാവാം അവൾ പപ്പയോടു മാത്രം യാത്ര ചോദിച്ച് ഇറങ്ങി നടന്നു.

അവൾ വഞ്ചിക്കുന്നത് അവളുടെ പപ്പയുടെ നിർമ്മലമായ ഹൃദയത്തെക്കൂടിയാണെന്ന് അവൾ അറിയുന്നില്ലല്ലോ എന്ന് ഞാനപ്പോളോർത്തു.

സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടൻ അവളുടെ ആവശ്യങ്ങൾക്ക് വഴങ്ങി എന്നു വരാം. പക്ഷെ ഒടുവിൽ വീടും, കുടിയുമില്ലാത്ത അനാഥരെപ്പോലെ ഞങ്ങൾ അലഞ്ഞു നടക്കേണ്ടി വരും. അല്ലെങ്കിൽ മകളോടും അവളുടെ ഭർത്താവിന്‍റെ കുടുംബത്തോടുമൊപ്പം കഴിയേണ്ടി വരും. ഏറെനാൾ കഴിയുമ്പോൾ അടിമകളെപ്പോലെ അവരോടൊപ്പം അവരുടെ ആട്ടും തുപ്പുമേറ്റ്… അപ്പോൾ, അതിൽ കൂടുതൽ ആലോചിക്കുവാൻ എനിക്കായില്ല. നോക്കുമ്പോൾ കൃഷ്ണമോൾ പടിക്കലെത്തി കഴിഞ്ഞിരുന്നു. ദേവാനന്ദ് ഏറെ മുൻപേ പടി കടന്ന് പോയിക്കഴിഞ്ഞിരുന്നു. കൃഷ്ണമോൾ പടിയ്ക്കലെത്തി തിരിഞ്ഞു നിന്ന് പപ്പായുടെ നേർക്ക് കൈവീശുന്നതു കണ്ടു.

പല്ലില്ലാത്ത മോണകാട്ടി, കൃഷ്ണമോളുടെ കൈയ്യിലിരുന്ന് ടുട്ടുമോൻ ചിരിച്ചു, അവന്‍റെ മുത്തച്ഛനെ സന്തോഷിപ്പിക്കാനെന്നോണം.

ഒരു നിമിഷം രാഹുൽമോൻ ശൈശവ രൂപത്തിൽ ഞങ്ങളുടെ മുന്നിലിരുന്ന് ചിരിക്കുന്നതു പോലെ തോന്നി.

അവർ പടി കടന്നു പോകുന്നതു കാണുവാനാത്തതു കൊണ്ടോ എന്തോ നരേട്ടൻ കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

കൃഷ്ണമോൾ പടി കടന്നു പോയപ്പോൾ ഞാനാലോചിച്ചു. കൃഷ്ണമോളുടെ സ്‌ഥാനത്ത് രാഹുൽ മോനായിരുന്നെങ്കിലോ. അവനൊരിക്കലും ഇതുപോലെ സമ്മർദ്ദം ചെലുത്തുമായിരുന്നില്ല. ഇത്തരമൊരു കാര്യത്തിനു വേണ്ടി ഞങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. മറ്റുള്ളവർ വേദനിക്കുന്നതും, കഷ്ടപ്പെടുന്നതും കാണുവാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല കഴിയുന്നത്ര മറ്റുള്ള വരെ സഹായിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ വേദനകളുടെ ഒരു ശവകുടീരമായിരുന്നു അവന്‍റെ മനസ്സും ശരീരവും. പലപ്പോഴും ഞങ്ങളിൽ നിന്ന് അവനതു മറച്ചു പിടിച്ചു. സ്വയം വേദന കടിച്ചു പിടിച്ച് പുറമേ പുഞ്ചിരിച്ചു. പപ്പയേയും മമ്മിയേയും വേദനിപ്പിക്കാതിരിക്കാൻ സ്വന്തം വേദനകൾ മറ്റുള്ളവർ അറിയാതിരിക്കാൻ അവൻ ശ്രമിച്ചു. അവന്‍റെ വേദനകളും സ്വപ്നങ്ങളും അവൻ പങ്കുവച്ചത് ചിലരോടു മാത്രം.

അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരു സംഗീതയോടും, ആത്മസുഹൃത്ത് അരുണിനോടും…

സ്നേഹത്തിന്‍റെ പ്രേമത്തിന്‍റെ നനുത്ത നൂലിഴകൾ പാകി അവൻ ആ ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നു. എല്ലായ്പ്പോഴും സുഹൃത്തുക്കൾ അവന്‍റെ ദൗർബ്ബല്യമായിരുന്നു. അവനു ചുറ്റും എപ്പോഴും ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. അവർക്കു വേണ്ടി ജീവത്യാഗം ചെയ്യാൻ വരെ അവൻ ഒരുക്കമായിരുന്നു. ഒരിക്കൽ വെള്ളത്തിൽ മുങ്ങിത്താണ ഒരു സുഹൃത്തിനെ അവൻ രക്ഷിച്ച കഥ അരുൺ പറഞ്ഞതോർത്തു.

ഒരു ടൂർ പ്രോഗ്രാമിനിടയ്ക്കാണ് അത് സംഭവിച്ചത്. ആഹാരം കഴിച്ച ശേഷം കൈകഴുകാനായിട്ടാണ് അവനും, സുഹൃത്തുക്കളും ആ ചെറിയ വെള്ളച്ചാട്ടത്തിനരുകിലേയ്ക്ക് ചെന്നത്. മുകളിലെ പാറക്കല്ലിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം നുരപത ചിതറി താഴേയ്ക്കു പതിക്കുന്നതു കണ്ട് അവർ നോക്കി നിന്നു പെട്ടെന്നാരോ വഴുക്കുന്ന പാറക്കല്ലിൽ കയറി ഫോട്ടോ എടുക്കാൻ തുനിഞ്ഞു. പാറക്കല്ലിൽ കാൽ വഴുതി താഴേയ്ക്കു നിപതിച്ച ആ സുഹൃത്തിനെ കണ്ട് രാഹുലും മറ്റു സുഹൃത്തുക്കളും അമ്പരന്നു നിന്നു. പക്ഷെ ഒട്ടും അമാന്തിക്കാതെ രാഹുൽ ഒരു കയർ സംഘടിപ്പിച്ച് വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. എങ്ങിനെയോ നീന്തി ആ സുഹൃത്തിനടുത്തെത്തിയ അവൻ കയർ ആ സുഹൃത്തിനു നേർക്കിട്ടു കൊടുത്തു പിടിക്കാൻ പറഞ്ഞു. പക്ഷെ അവനതിനു കഴിയാതിരുന്നപ്പോൾ അവന്‍റെ അരക്കെട്ടിൽ കയർ ചുറ്റി വരിഞ്ഞു കെട്ടി അപ്പോഴേയ്ക്കും വെള്ളച്ചുഴിയിലകപ്പെട്ടുവെങ്കിലും രാഹുൽ കയറിലെ പിടിവിട്ടില്ല. ബോധം മറഞ്ഞു തുടങ്ങിയ ആ സുഹൃത്തിനെ എങ്ങിനെയോ ആഞ്ഞു നീന്തി അവൻ കരയ്ക്കെത്തിച്ചു. ഒടുവിൽ ബോധം വന്ന സുഹൃത്തിനു പകരം മരണാസന്നനായിക്കിടന്ന രാഹുലിനെ രക്ഷിച്ചത് സംഗീതയുടെ കരസ്പർശമായിരുന്നത്രെ. ആ മാന്ത്രിക വിരലുകൾ അവന്‍റെ ഹൃദയ താളമുയർത്തി. പക്ഷെ പിന്നീടൊരിക്കൽ കാൻസർ രോഗത്തിന്‍റെ പിടിയിൽ നിന്നും അവനെ രക്ഷിക്കുവാൻ ആ മാന്ത്രിക വിരലുകൾക്ക് കഴിഞ്ഞില്ലല്ലോ എന്നും ഞാനോർത്തു. എന്നാൽ മുമ്പൊരിക്കൽ മദ്യത്തിന്‍റേയും മയക്കു മരുന്നിന്‍റേയും പിടിയിലകപ്പെട്ട് നാശത്തിന്‍റെ പടുകുഴിയിലേയ്ക്ക് ചുവടു വച്ചു കൊണ്ടിരുന്ന അവനെ രക്ഷിച്ചത് സംഗീതയാണെന്നും അവന്‍റെ മരണ ശേഷം അരുൺ പറഞ്ഞറിഞ്ഞിട്ടുണ്ട്. പ്രേമത്തിന്‍റെ മാന്ത്രിക സ്പർശത്താൽ അവൾ അവന്‍റെ ഹൃദയ തന്ത്രികളെ തൊട്ടുണർത്തി. ആ ഹൃദയത്തിൽ പ്രേമത്തിന്‍റെ കുളിർമഴ പെയ്യിച്ചു. അനുരാഗത്തിന്‍റെ മാസ്മരിക സ്പർശം, അവനിലൊളിഞ്ഞു കിടന്ന നിർമ്മല ഹൃദയത്തെ, കൂടുതൽ പരിശുദ്ധിയുള്ളതാക്കി പരിണമിപ്പിച്ചു.

അവനിലെ നല്ല മാറ്റം ഞങ്ങളെ സന്തോഷിപ്പിച്ചപ്പോഴും ഒരിക്കൽ പോലും അവൻ തന്‍റെ പ്രേമഭാജനത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞില്ല. അതറിഞ്ഞാൽ ഞങ്ങൾ പൊട്ടിത്തെറിച്ചേക്കുമെന്ന് അവൻ കരുതിയതു പോലെ.

ഒടുവിൽ കൃഷ്ണമോളെ തന്‍റെ പ്രേമദൂതികയാക്കിയപ്പോഴേയ്ക്കും മരണം അവനെ കവർന്നെടുത്ത് പൊയ്ക്കഴിഞ്ഞിരുന്നു. ഒരിക്കലും അണയാത്ത ഒരു ചിത ഞങ്ങളുടെ മനസ്സിൽ കൊളുത്തി വച്ച് അവൻ വിദൂരതയിലേയ്ക്ക് യാത്രയായി. ഇന്നും കത്തിയുയരുന്ന ആ ചിതയുടെ നീറ്റലിൽ നരേട്ടൻ പിടഞ്ഞു കൊണ്ടിരിക്കുന്നു. ഒരിറ്റു കുളിർമഴയ്ക്കായി നീട്ടിയ ആ കൈകളിലേയ്ക്ക് വിധി പിന്നെയും പിന്നെയും കോരിയിടുന്നത് ചുട്ടുപൊള്ളുന്ന കനൽക്കട്ടകൾ മാത്രം. അകത്ത് പിടഞ്ഞു തീരുന്ന ആ മനുഷ്യനെക്കുറിച്ചോർത്തപ്പോൾ ഉള്ളിൽ കുറ്റബോധം തോന്നി. ഞാനിത്ര നേരവും നരേട്ടനെ മറന്നു പോയതോർത്ത്. ആ മനസ്സിന് ഒരിറ്റു ആശ്വാസം പകരാൻ ഇന്നു ഞാൻ മാത്രമേ ഉള്ളൂ. ടുട്ടുമോനെ വേർപിരിഞ്ഞതിലുള്ള വേദനയോടെ അകത്ത് കട്ടിലിൽ കിടക്കുന്ന, നരേട്ടന്‍റെ അടുത്തെത്തി ആ കരങ്ങളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“വിഷമിക്കാതെ നരേട്ടാ… ടുട്ടുമോനെക്കാണാൻ നമുക്കെപ്പോൾ വേണമെങ്കിലും അങ്ങോട്ടു പോകാമല്ലോ.”

“ശരിയാണു മീര. പക്ഷെ ഇത്തവണ അവൻ പോയപ്പോൾ എന്തോ കൈവിട്ടു പോയതു പോലെയുള്ള വേദന തോന്നുന്നു.”

“നരേട്ടൻ വെറുതെ അതുമിതും ആലോചിക്കുന്നതു കൊണ്ട് തോന്നുന്നതാണത്. നമുക്കൊരു കാര്യം ചെയ്യാം. ഇന്ന് പുറത്തുപോയി ഒരു സിനിമ കണ്ട്, പുറത്തു നിന്നും ആഹാരം കഴിച്ച് മടങ്ങി വരാം. നാളെ മുതൽ എനിക്ക് കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് ഇനിയുമിതു പോലെ ഒരവസരം കിട്ടുകയില്ല നരേട്ടാ…”

ഏറെ നേരത്തെ എന്‍റെ നിർബന്ധത്തിനു വഴങ്ങി നരേട്ടൻ യാത്ര പുറപ്പെടുവാൻ തയ്യാറായി. വേഗം കുളിച്ച്, ഭക്ഷണവും കഴിച്ച് ഞങ്ങൾ വീട് പൂട്ടിയിറങ്ങി. നരേട്ടൻ കാർ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ നിശബ്ദയായിരുന്നു. ഞങ്ങൾക്കിടയിൽ മൗനം കനത്തു നിന്നെങ്കിലും ഉള്ളിലെ പിടയ്ക്കുന്ന ഹൃദയം വാചാലമായി കലമ്പി ക്കൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെറിഞ്ഞ് അത് നിരന്തരം ഞങ്ങളെ കുത്തി മുറിവേൽപിച്ചു കൊണ്ടിരുന്നു.

ഷോ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് എത്തിയെങ്കിലും ടിക്കറ്റു വിൽക്കുന്നിടത്തെ നീണ്ട ക്യൂ കണ്ട് ഞങ്ങൾ അമ്പരന്നു നിന്നു. ഇന്നിനി സിനിമ കാണാനാവുമോ എന്ന് സംശയിച്ചു നില്ക്കുമ്പോഴാണ് എന്‍റെ സ്റ്റുഡന്‍റായ സഞ്ജയിനെ കണ്ടു മുട്ടുന്നത്.

“ഹലോ മാഡം… താങ്കൾ ടിക്കറ്റു കിട്ടാതെ വിഷമിച്ചു നിൽക്കുകയാണോ? എനിക്കിവിടെ സുഹൃത്തുക്കളുണ്ട്. ഞാൻ ടിക്കറ്റു സംഘടിപ്പിച്ചു തരാം. അങ്ങിനെ ഹിന്ദിയിൽ പറഞ്ഞു കൊണ്ട് സഞ്ജയ് ഞങ്ങളുടെ അടുത്തെത്തി.

“വളരെ ഉപകാരം സഞ്ജയ്. ഞങ്ങൾക്കു രണ്ടുപേർക്കും രണ്ടു ടിക്കറ്റു സംഘടിപ്പിച്ചു. തന്നാൽ വളരെ ഉപകാരമായിരുന്നു.” ഞാൻ പ്രതിവചിച്ചു.

പെട്ടെന്നു തന്നെ സഞ്ജയ് ടിക്കറ്റ് കൗണ്ടറിനകത്തു ചെന്ന് ഞങ്ങൾക്കും കൂടി രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടു വന്നു.

“ബഹുത് ശുക്രിയ സഞ്ജയ്…”

ഞാൻ നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. അപ്പോൾ നരേട്ടൻ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ചോദിച്ചു.

“എവിടെ ചെല്ലുമ്പോഴും തന്നെ സഹായിക്കാൻ ആളുണ്ടല്ലോ?”

“ഒരു അദ്ധ്യാപികയായതിന്‍റെ ഗുണം. ഞാൻ പറയാതെ തന്നെ നരേട്ടനും അതറിയാമല്ലോ?”

“ശരിയാണെടോ… നമുക്കു കിട്ടിയ അപൂർവ്വം ചില ഭാഗ്യങ്ങളിലൊന്നാണിത്. ഈ ശിഷ്യഗണങ്ങൾ ഇവരും കൂടി ഇല്ലായിരുന്നുവെങ്കിൽ ജീവിതം ആകെ ബോറാകുമായിരുന്നു അല്ലേടോ?”

“ശരിയാണ് നരേട്ടാ… കുറെപ്പേരുടെ കണ്ണു തെളിയിച്ചു കൊടുക്കുന്നതിന് ദൈവം നമുക്കു നൽകുന്ന പ്രതിഫലമായി ഇതിനെ കരുതാം. നമ്മുടെ മക്കളെപ്പോലെയുള്ള ഈ ശിഷ്യഗണങ്ങൾ.”

“അതെ മീര… എത്ര കൊള്ളരുതാത്തവനും സ്വന്തം അദ്ധ്യാപകരോട് ഒരു ബഹുമാനമൊക്കെ ഉണ്ടാകും. ഏതു വിഷമ സന്ധിയിലും നമ്മെ സഹായിക്കാനും ഇവരുണ്ടാകും.”

നരേട്ടൻ ഇത്രയും തുറന്നു സംസാരിച്ചതിൽ എനിക്ക് സന്തോഷം തോന്നി. ഏറെ നേരമായി ഞങ്ങൾക്കിടയിൽ കനത്തു നിന്ന വീർപ്പുമുട്ടലകന്നു. മനസ്സിനയവു വന്നതു പോലെ നരേട്ടനൽപം ഉത്സാഹഭരിതനായി. അൽപ നേരത്തെക്കെങ്കിലും നരേട്ടനിൽ നിന്ന് വിഷാദ ചിന്തകളെ ആട്ടിയോടിക്കാൻ കഴിഞ്ഞതിൽ ഞാൻ സംതൃപ്തയായി.

എങ്കിലും തീയേറ്ററിനകത്ത് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ നരേട്ടൻ വീണ്ടും വിഷാദമൂകനായതു പോലെ തോന്നി. ഞാൻ വിചാരിച്ചതു പോലെയല്ല, മറിച്ച് തമാശയെക്കാളേറെ ദുഃഖനിമഗ്നമായ പ്രമേയം ഉൾക്കൊള്ളുന്ന ആ കഥ നരേട്ടനെ വീണ്ടും വിഷാദ ചിന്തകളിലേയ്ക്ക് നയിച്ചു. അൽപം മാറി നിന്ന വേദനകൾ ആ ഹൃദയത്തെ വീണ്ടും ഗ്രസിക്കുന്നതു പോലെ ആ സിനിമ പൂർത്തിയാകുന്നതിനു മുമ്പു തന്നെ നരേട്ടൻ പറഞ്ഞു തുടങ്ങി. വരൂ… മീരാ… നമുക്കു പോകാം. ഈ സിനിമ ഇങ്ങിനെ കണ്ടു കൊണ്ടിരിക്കാൻ എനിക്കാവുകയില്ല.”

“അൽപം കൂടി അല്ലേ ഉള്ളൂ നരേട്ടാ നമുക്കിതു മുഴവൻ കാണാം.”

അങ്ങിനെ പറഞ്ഞു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചിരുത്തി. പക്ഷെ ആ കഥയും അവസാനിച്ചത് അതിലെ ദമ്പതികളുടെ മകൻ പെട്ടെന്നു മരിക്കുന്നതും അതിനെത്തുടർന്ന് അവരനുഭവിക്കുന്ന ദുഃഖവുമായിട്ടാണ്. അതുകണ്ട് നരേട്ടൻ വീണ്ടും അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സിനിമ കാണുമ്പോൾ ദുഃഖം വഴിയുന്ന സീനുകൾ മുമ്പും നരേട്ടന്‍റെ കണ്ണുനിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ദുഃഖം അദ്ദേഹം അനുഭവിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.

മനസ്സിൽ കുറ്റബോധം തോന്നി. ഏതെങ്കിലും തമാശ നിറഞ്ഞ സിനിമ കണ്ടാൽ മതിയായിരുന്നു. ഈ സിനിമയെക്കുറിച്ച് ഒന്നുമറിയാതെയാണ് ഞാൻ നരേട്ടനെ കൂട്ടി വന്നത്. അദ്ദേഹത്തിന്‍റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനു പകരം കൂടുതൽ അസ്വസ്ഥമാക്കുന്നതിനു മാത്രമേ സിനിമ ഉപകരിച്ചുള്ളൂ. സിനിമ മുഴുവൻ പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങൾ തീയേറ്ററിൽ നിന്നും പുറത്തു കടന്നു.

മനസ്സിന്‍റെ അസ്വാസ്‌ഥ്യം ശരീരത്തിനെ ബാധിച്ച പോലെ നരേട്ടൻ വളരെ പതുക്കെയാണ് നടന്നത്. ഉള്ളിൽ തിങ്ങിവിങ്ങുന്ന വേദന ആ മുഖത്തു പ്രകടമായിരുന്നു. ബൈപ്പാസ് ഓപ്പറേഷൻ നരേട്ടനെ കൂടുതൽ ദുർബ്ബലനാക്കാനെ ഉപകരിച്ചുള്ളൂ എന്നു തോന്നി ഏതായാലും ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു ഹൃദയാഘാതം അദ്ദേഹത്തിന് ഉണ്ടായിക്കൂടെന്നില്ല.

“കൂടുതൽ ദുഃഖപൂർണ്ണമായ അനുഭവങ്ങൾ ആ ഹൃദയത്തിനിനിയും താങ്ങാനാവുകയില്ല.” ഡോക്ടറുടെ വാക്കുകൾ ഓർത്തു.

അന്ന് ഹോട്ടലിൽ നിന്നു ആഹാരവും കഴിച്ച് ഞങ്ങൾ മടങ്ങി. പോരുന്ന വഴിയ്ക്ക് അൽപം സമയം പാർക്കിൽ ചെലവിടാൻ ഞാൻ നിർബന്ധിച്ചു. നരേട്ടന് അൽപം റിലാക്സേഷൻ കിട്ടിക്കോട്ടെ എന്നു കരുതിയാണ് അങ്ങിനെ പറഞ്ഞത്. എന്നാൽ നരേട്ടൻ “ആകെ ക്ഷീണം തോന്നുന്നു. ഒന്നു കിടക്കണം.” എന്നു പറഞ്ഞ് എന്‍റെ അഭ്യർത്ഥനയെ നിരസിച്ചു.

വീട്ടിൽ മടങ്ങിയെത്തിയ ഉടനെ നരേട്ടൻ കട്ടിലിൽ കയറിക്കിടന്നു. പിറ്റേന്ന് കോളേജിൽ പോകേണ്ടതുണ്ടായിരുന്നതു കൊണ്ട് ഞാൻ നോട്ടുകൾ പ്രിപ്പയർ ചെയ്യുന്ന തിരക്കിലേക്കു തിരിഞ്ഞു. ഏറെ ദിവസത്തെ ലീവിനു ശേഷമാണ് കോളേജിൽ മടങ്ങിയെത്തുന്നത് എന്നതിനാൽ ധാരാളം പോർഷൻസ് എടുത്തു തീർക്കാനുണ്ടായിരുന്നു. പിന്നെ റിസർച്ച് സ്ക്കോളേഴ്സിനു വേണ്ടി കുറെ ഗൈഡൻസ് വർക്കുകളും കോളേജിലെ കാര്യങ്ങളിൽ മുഴുകിയതിനാൽ ഞാൻ സമയം ഏറെ കടന്നു പോയതറിഞ്ഞില്ല.

നരേട്ടനുള്ള മരുന്നുകൾ കൊടുക്കേണ്ട സമയമായിയെന്ന് മനസ്സിലിരുന്ന് ആരോ ഓർമ്മിപ്പിച്ചു. പെട്ടെന്ന് ഞാനെഴുന്നേറ്റ് ഞങ്ങളുടെ ബെഡ്റൂമിലെത്തി. അവിടെ നരേട്ടൻ സുഖ സുഷുപ്തിയിലാണ്ടു കിടക്കുന്നതു കണ്ടു.

രാത്രിയിൽ കാര്യമായിട്ടൊന്നും കഴിക്കുന്ന പതിവ് നരേട്ടനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിനും എനിക്കും വേണ്ടി ഓട്സുണ്ടാക്കി രണ്ടു പാത്രങ്ങളിലാക്കി ഞാനദ്ദേഹത്തിന്‍റെ സമീപം ചെന്നു.

“നരേട്ടാ… എണീക്ക് ഈ ഓട്സു കഴിച്ചിട്ട് കിടന്നുറങ്ങിക്കോളൂ.”

ഞാനദ്ദേഹത്തെ കുലുക്കി വിളിച്ചു. പക്ഷെ ഉറക്കത്തിന്‍റെ അഗാധതയിൽ ആണ്ടു മുങ്ങിയതു പോലെ അദ്ദേഹം കിടന്നു.

ഏറെ നേരം കുലുക്കി വിളിച്ചപ്പോൾ അദ്ദേഹം കണ്ണു തുറന്നു എന്നെ നോക്കി.

“എന്തൊരുറക്കമാ നരേട്ടാ ഇത്. ഉച്ചയ്ക്കു ശേഷം ആഹാരമൊന്നും ഇതുവരെ കഴിച്ചിട്ടില്ല. പിന്നെ മരുന്നും.

ഞാൻ ഉൽക്കണ്ഠയോടെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി.

“എനിക്കൊന്നും വേണമെന്നില്ല മീര. വല്ലാത്ത ക്ഷീണം ഞാനൊന്നുറങ്ങിക്കൊള്ളട്ടെ.”

“നരേട്ടാ ഈ ഓട്സ് അൽപം കഴിക്കൂ. പിന്നെ ഈ മരുന്നും.”

ബൈപ്പാസ് കഴിഞ്ഞതിൽപ്പിന്നെ നരേട്ടൻ കഴിച്ചിരുന്ന ഗുളികകൾ ഇപ്പോഴും തുടരുന്നുണ്ട്. എന്തെങ്കിലും ആഹാരം കഴിക്കാതെ ഗുളികകൾ കഴിക്കാനാവുകയില്ല. എന്‍റെ നിർബന്ധം മൂലം നരേട്ടൻ എഴുന്നേറ്റിരുന്ന് അൽപം ആഹാരം കഴിച്ചു. പിന്നെ ഞാൻ നൽകിയ മരുന്നും കഴിച്ച് അദ്ദേഹം ക്ഷീണത്തോടെ ഉറക്കമായി. പാവം! നരേട്ടൻ…

ആ മനസ്സ് വല്ലാതെ തളർന്നിരിക്കുന്നു. അതാണ് ഈ ക്ഷീണം. അങ്ങനെ മനസ്സിലോർത്തു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോന്നു.

അടുക്കള ജോലികളെല്ലാം ഒതുക്കി രാത്രിയിൽ ഞാൻ കിടക്കാനൊരുങ്ങുമ്പോൾ കൃഷ്ണമോളുടെ ഫോൺ വന്നു.

“പപ്പാ ഉറക്കമായോ? ഫോൺ പപ്പയ്ക്കൊന്നു കൊടുക്കുമോ?” എന്നോട് സംസാരിക്കാൻ അവൾക്ക് ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് സാരം.

“പപ്പ നല്ല ഉറക്കമായല്ലോ കൃഷ്ണമോളെ. പപ്പയ്ക്കു നല്ല ക്ഷീണമുണ്ടെന്നു തോന്നുന്നു.” ഞാൻ അവളുടെ പരിഭവം കണ്ടില്ലെന്ന് നടിച്ചു പറഞ്ഞു.

“എങ്കിൽ ഞാൻ നാളെ വിളിക്കാം.”

അങ്ങിനെ പറഞ്ഞ് അവൾ ഫോൺ ഓഫ് ചെയ്‌തു. അതോടെ എന്നോടുള്ള അവളുടെ പരിഭവം മാറിയിട്ടില്ലെന്ന് എനിക്ക് പൂർണ്ണബോദ്ധ്യമായി. അവൾ വാശിയിൽ ത്തന്നെയാണ്. ആ വാശിയ്ക്ക് ഞാൻ വഴങ്ങുകയില്ലെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. എങ്ങിനെയെങ്കിലും പപ്പയെ സോപ്പിട്ട് കാര്യം സാധിക്കാനാണ് അവളുടെ നീക്കമെന്ന് മനസ്സിലായി. സ്വന്തം സ്വാർത്ഥലാഭത്തിനു മുന്നിൽ മറ്റാരുടെ ബുദ്ധിമുട്ടുകളും അവൾക്കു പ്രശ്നമല്ലെന്ന് ഒരിക്കൽ കൂടി അവൾ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാനോർത്തു.

അവൾ വേഗം ഫോൺ ഓഫ് ചെയ്‌തതിനാൽ ടുട്ടുമോന്‍റെ കാര്യങ്ങളും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല. അവൻ പിന്നീടെപ്പോഴെങ്കിലും കരഞ്ഞോ?. ആഹാരം കഴിച്ചോ? അങ്ങനെ നൂറു ചോദ്യങ്ങൾ മനസ്സിൽ പൊന്തി വന്നു. ഇനി എന്നാണ് അവനെ കാണാനാവുക? ആ പിഞ്ചിളം മേനി മാറോടു ചേർത്ത് പുണരാനാവുക?

നരേട്ടനെപ്പോലെ എന്‍റെ മനസ്സും വിങ്ങിക്കൊണ്ടിരുന്നു. ആ വിങ്ങലോടെയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയിൽ നരേട്ടൻ ഞരങ്ങുകയും, മൂളുകയും ചെയ്‌തു കൊണ്ടിരുന്നു. ഇടയ്ക്ക് തേങ്ങിക്കരയുന്നതും കേൾക്കാമായിരുന്നു. അദ്ദേഹം എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ കാണുന്നുണ്ടാവുമെന്ന് എനിക്കു തോന്നി. ദുഃഖകരമായ എന്തൊക്കെയോ സ്വപ്നങ്ങൾ.

പിറ്റേന്ന് അതിരാവിലെ ഉണർന്നെണീറ്റ ഞാൻ നരേട്ടനെ ഉണർത്താതെ തന്നെ പതിഞ്ഞ കാൽ വയ്പുകളോടെ അടുത്ത മുറിയിലേയ്ക്കു നടന്നു, ഒരു പുതിയ പ്രഭാതത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മനസ്സിൽ ഉൻമേഷം നിറയ്ക്കാൻ ശ്രമിച്ചെങ്കിലും ഏതോ വിങ്ങൽ മനസ്സിന്‍റെ കോണിൽ ഒളിഞ്ഞു കിടന്നു. ഒരു പക്ഷെ നരേട്ടനായിരിക്കാം. അതിനു കാരണം ആ മനസ്സിന്‍റെ വിങ്ങലുകൾ എന്നിലേയ്ക്കും പടരുകയായിരുന്നു.

രണ്ടാഴ്ചത്തെ ഇടവേളയിൽ വീണ്ടും കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ സാധാരണയായി മനസ്സിൽ എന്തെന്നില്ലാത്ത ഉൻമേഷം നിറയുമായിരുന്നു. അതിനു പകരം അസ്വാസ്ഥ്യത്തിന്‍റെ വേരുകൾ എന്നിലേയ്ക്കും പടർന്നു തുടങ്ങിയിരിക്കുന്നു. അസ്വാഭാവികമായി എന്തോ ഒന്ന് സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു.

രാവിലെ എനിക്കും നരേട്ടനും പ്രഭാത ഭക്ഷണം ഒരുക്കുമ്പോഴും മനസ്സിൽ നിന്നും ആ ഭീതി വിട്ടുമാറിയിരുന്നില്ല. തിരക്കിട്ട ജോലികളിൽ മുഴുകി ആ അസ്വാസ്ഥ്യത്തെ തുടച്ചു നീക്കുവാനുള്ള ശ്രമമായിരുന്നു പിന്നീട്. എങ്ങിനെയോ അടുക്കള ജോലികൾ തീർത്ത് നരേട്ടനുള്ള പ്രഭാത ഭക്ഷണം ഊണു മുറിയിൽ വിളമ്പി വച്ച് ഞാൻ അദ്ദേഹത്തെ ഉണർത്താനായി കിടക്ക മുറിയിലെത്തി. അപ്പോഴേയ്ക്കും നരേട്ടൻ ഉണർന്നു കഴിഞ്ഞിരുന്നു. ബാത്ത്റൂമിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന്‍റെ മുഖത്ത് തലേ ദിവസത്തെ ക്ഷീണത്തിന്‍റെ അടയാളങ്ങൾ തെളിഞ്ഞു കിടന്നു. എങ്കിലും അദ്ദേഹം ഉൻമേഷവാനാണെന്നു തോന്നി.

“എന്താ മീര… ഇന്നെനിക്ക് ബെഡ്കോഫി കൊണ്ടുവരാൻ താൻ മറന്നു പോയോ?”

നരേട്ടന്‍റെ അന്വേഷണം കേട്ട് ഞാൻ ഒന്നു പതറിയെങ്കിലും ചിരിച്ചു കൊണ്ട് ഉത്തരം നൽകി.

“നരേട്ടൻ നല്ല ഉറക്കമായിരുന്നല്ലോ. അതുകൊണ്ട് ഉണർത്തേണ്ടെന്നു കരുതി. മാത്രമല്ല ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നുവല്ലൊ. നല്ലവണ്ണം ഉറങ്ങി ആ ക്ഷീണമൊക്കെ മാറിക്കോട്ടെ എന്നും കരുതി.”

“ശരിയാണു മീര… ഇന്നലെ ആ ഉറക്കത്തിൽ നിന്നും ഞാൻ ഉണരാതിരുന്നെങ്കിൽ എന്ന് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി. ഒരിക്കലും ഉണരാത്ത ഒരുറക്കം. അതെന്നെ തേടി വന്നിരുന്നെങ്കിൽ ഈ വേദനകളിൽ നിന്നും ഒരു മുക്തി ലഭിക്കുമായിരുന്നുവല്ലോ എന്നും ഓർത്തു പോയി.”

“അരുത് നരേട്ടാ… ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ വേദനിപ്പിക്കരുത്. ഞാനും ഒന്നും ചെയ്യാനാവാതെ ആ വേദനയുടെ പിടിയിലമർന്നു പോവും.”

“ഇല്ല മീരാ നിന്നെ ഇനി ഞാൻ വേദനിപ്പിക്കുകയില്ല. നീ എല്ലായ്പ്പോഴും സന്തോഷമായിരിക്കണം. അതുകാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“സന്തോഷം… അതൊരു കിട്ടാക്കനിയായിത്തീർന്നില്ലെ നരേട്ടാ നമ്മുടെ ജീവിതത്തിൽ, രാഹുൽ മോൻ പോയതോടെ എല്ലാം തീർന്നില്ലെ? എന്നിട്ടും മനസ്സിന് കടിഞ്ഞാണിട്ട് നമ്മൾ ജീവിക്കാൻ ശ്രമിക്കുന്നു. മറ്റാരെയോ ഒക്കെ കണ്ട് സന്തോഷിക്കാൻ ശ്രമിക്കുന്നു. ടുട്ടുമോൻ നമ്മുടെ ജീവിതത്തിന്‍റെ വെളിച്ചമല്ലേ നരേട്ടാ. അവനെക്കാണുമ്പോൾ നരേട്ടനും എല്ലാം മറന്ന് സന്തോഷിക്കുന്നില്ലെ?”

“ശരിയാണു മീരാ… അവനെ ക്കാണുമ്പോൾ ഞാൻ എല്ലാം മറന്നു പോകുന്നു. ഹൃദയത്തിൽ സന്തോഷം വന്നു നിറയുന്നു. പ്രത്യേകിച്ചും അവന് രാഹുൽമോന്‍റെ ഛായയുള്ളതു കൊണ്ടു കൂടിയാവാം അത്. പക്ഷെ അതുകൊണ്ടു തന്നെ അവൻ പോയപ്പോൾ ഞാൻ ആകെ തകർന്നു പോകുന്നതു പോലെ. പിടിച്ചു നിൽക്കാൻ എനിക്കു കിട്ടിയ ഒരു പിടി വള്ളിയായിരുന്നു അവൻ. അവനില്ലാത്തപ്പോൾ ആഴമേറിയ ഏതോ ജലാശയത്തിൽ ഞാൻ ആഴ്ന്നു പോകുന്നതു പോലെ. ഏതോ ദുഃഖ കൂപത്തിൽ ഞാൻ ആഴ്ന്നു മുങ്ങുന്നു. വയ്യ മീരാ… ഈ വേദന എന്നെ കാർന്നു തിന്നുകയേ ഉള്ളൂ. ഞാൻ മരിച്ചു പോകും… മീരാ ഞാൻ മരിച്ചു പോകും…”

നരേട്ടൻ എന്‍റെ മടിയിൽ കിടന്ന് പൊട്ടിക്കരയുവാൻ തുടങ്ങി. അദ്ദേഹത്തെ എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ അദ്ദേഹത്തെ തലോടി കൊണ്ട് ഞാൻ പറഞ്ഞു.

“നരേട്ടനിങ്ങനെ അതുമിതും ആലോചിച്ച് ഒറ്റയ്ക്കിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. ഈ മുറിയിൽ ചടഞ്ഞു കൂടാതെ വെളിയിലേയ്ക്കിറങ്ങണം. പുറത്തെ ശുദ്ധവായു കൊള്ളുമ്പോൾ ഈ വേദനയ്ക്ക് കുറെയൊക്കെ ശമനം കിട്ടും.”

എന്‍റെ മടിയിൽ കിടന്ന് കുറെ കരഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടന് കുറെയൊക്കെ ആശ്വാസം ലഭിച്ചുവെന്നു തോന്നി. അറിയാതെ നിറഞ്ഞു വന്ന കണ്ണുനീർ നരേട്ടൻ കാണാതെ തുടച്ചു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോൾ മനസ്സു പറഞ്ഞു.

“ഈ സന്ദർഭത്തിൽ നീ അധീരയാകരുത്. നരേട്ടന് ആത്മബലം നൽകേണ്ടത് നീയാണ്…” പെട്ടെന്ന് നരേട്ടൻ മനസ്സിലെ ഭാരം ഒഴിഞ്ഞതു പോലെ എഴുന്നേറ്റിരുന്നു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“സോറി… മീരാ… ഞാൻ പെട്ടെന്ന് വല്ലാതെ അപ്സെറ്റായിപ്പോയി. സാരമില്ല… നിന്‍റെ മടിയിൽ തലവച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ എന്‍റെ വേദനകൾ മുക്കാലും പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി നീ കോളേജിൽ പൊയ്ക്കോളൂ. ഞാൻ സമാധാനമായിട്ടിരുന്നോളാം.”

“അല്ല… നരേട്ടനു വിഷമാണെങ്കിൽ ഞാനിന്നു പോകുന്നില്ല. അല്ലെങ്കിലും നരേട്ടനെ ഈ സ്‌ഥിതിയിൽ കണ്ടിട്ട് എനിക്കു മനഃസമാധാനമായിട്ട് അവിടെച്ചെന്നിരിക്കാനാവില്ല. ഞാൻ ഇന്നത്തേയ്ക്കു കൂടി ലീവെഴുതിക്കൊടുക്കാൻ തീരുമാനിച്ചു.

“വേണ്ട മീരാ… താൻ വെറുതെ ഒരു ലീവു കൂടി എടുത്ത് കളയണ്ട. എന്‍റെ വിഷമമൊക്കെ മാറി. താൻ നോക്കിക്കോളൂ… അൽപ സമയത്തിനുള്ളിൽ ഞാൻ ഒരു മിടുക്കനാകും.”

അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം അവശതയൊക്കെ മറന്ന് എന്നെ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ടു ബാത്ത്റൂമിൽ കൊണ്ടുപോയാക്കിയിട്ടു പറഞ്ഞു.

“താൻ വേഗം കുളിച്ചു റെഡിയായി കോളേജിൽ പോകുവാൻ നോക്ക്. ഞാനും എന്‍റെ പ്രഭാത കൃത്യങ്ങൾ എല്ലാം നടത്തി ഒന്നു കുളിക്കട്ടെ. അപ്പോൾ ഈ ക്ഷീണമെല്ലാം മാറി ഒന്നു ഫ്രഷാകും. അല്ല ഇനി ഞാൻ കുളിപ്പിച്ചു തരണം എന്നുണ്ടോ. വേണമെങ്കിൽ അതുമാവാം…” അദ്ദേഹം പൊട്ടിച്ചിരിച്ചു.

അപ്പോൾ അൽപം മുമ്പു കണ്ട നരേട്ടനല്ല അതെന്നു തോന്നി. അദ്ദേഹം ഉൻമേഷവാനായിരിക്കുന്നു. എനിക്ക് മനഃസമാധാനമായി.

വേഗം കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ നരേട്ടനും കുളിച്ചുക്കഴിഞ്ഞിരുന്നു. അദ്ദേഹം പഴയ ഉൻമേഷം വീണ്ടെടുത്തതു പോലെ തോന്നി. മാത്രമല്ല ചെറുപ്പകാലത്തെ ഊർജ്ജസ്വലതയോടെ അദ്ദേഹം എന്‍റെ അടുത്തെത്തി. കണ്ണാടിയ്ക്കു മുന്നിൽ അണിഞ്ഞൊരുങ്ങിക്കൊണ്ടിരുന്ന എന്‍റെ അടുത്തെത്തി. മുഖം പിടിച്ചുയർത്തി ആവേശത്തോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു.

“കാലമിത്രയായിട്ടും തന്‍റെ പഴയ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല മീരാ… താനിപ്പോഴും എന്‍റെ പഴയ മീര തന്നെയാണ്. ഒരുപാടു സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവൾ…”

ശരിയാണു നരേട്ടാ… ഇന്നിപ്പോൾ അങ്ങനെ ആവേശത്തോടെ സ്നേഹിക്കാൻ ഞാനും കൊതിക്കുന്നു. പക്ഷെ അങ്ങ് എനിക്കു നൽകുന്ന സ്നേഹത്തിന് പകരം നൽകാൻ ഈ ജന്മത്ത് ഞാനെത്ര ശ്രമിച്ചാലും എനിക്കാവുമെന്ന് തോന്നുന്നില്ല. കാരണം അളവറ്റ ആ സ്നേഹം, നിറഞ്ഞു തുളുമ്പുന്ന ഒരു പാനപാത്രം പോലെയാണ്. അതിൽ മുങ്ങിത്താണ് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സ്നേഹം അതേ അളവിൽ തിരിച്ചു നൽകാൻ എനിക്കൊരിക്കലുമാവില്ല നരേട്ടാ… എന്നോടു ക്ഷമിക്കൂ.

ആത്മഗതം പോലെ എന്‍റെ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടെന്ന് അടക്കിപ്പിടിച്ച എന്‍റെ നിശ്വാസങ്ങളെ ചുണ്ടു കൊണ്ടമർത്തി അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി. എന്നിട്ട് ആവേശത്തോടെ പറഞ്ഞു.

“നിന്നെ എപ്പോഴുമിങ്ങനെ കണ്ടു കൊണ്ട് എനിക്കു മരിക്കണം മീരാ… നിന്‍റെ മടിയിൽ തലവച്ച്. അവസാന ശ്വാസം എടുത്തു കൊണ്ട്.”

(തുടരും)

और कहानियां पढ़ने के लिए क्लिक करें...