നരേട്ടൻ പെട്ടെന്ന് അവന്‍റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“അരുൺ… ഇനി മുതൽ നീ ഞങ്ങൾക്ക് മകനാണ്. ഞങ്ങളുടെ രാഹുൽ മോന് പ്രിയപ്പെട്ടവൻ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ അവൻ മുകളിലിരുന്ന് സന്തോഷിക്കട്ടെ…”

അവർ അൽപം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയിൽ രാഹുൽ മോൻ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നിൽക്കുന്നതായി തോന്നി. ഒരു ഈറൻ കാറ്റ് ഞങ്ങളെ കടന്നു പോയി. ആരുടെയോ നേർത്ത സ്പന്ദനം പോലെ.

മമ്മീ… പപ്പാ… കരയരുത്. ഞാനിവിടെത്തന്നെയുണ്ട് എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി.

അൽപം കഴിഞ്ഞ് നരേട്ടനിൽ നിന്നും വേർപെട്ട് അരുൺ പറഞ്ഞു.

“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം സാർ… എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാൻ അടുത്തുണ്ടാകും.” ഒരു നിമിഷം നിർന്നിമേഷരായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. രാഹുലിന്‍റെ സ്‌ഥാനത്ത് ഒരു മകനെക്കിട്ടിയ നിർവൃതിയോടെ.

അകലങ്ങളിൽ അപ്പോൾ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു. വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി. താഴേയ്ക്കു ഗമനം തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളിൽപ്പറവകളും ആകാശത്തിൽ അഭൗമാന്തരീക്ഷമൊരുക്കി  ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി ആ ജഗന്നിയന്താവിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഓർത്തു. ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു നൽകി നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു. ഒരിക്കൽ കൂടി അരുണിന്‍റെ ശബ്ദം ഞങ്ങളെ ഉണർത്തി.

“ഞാൻ വരാം സർ… ഇപ്പോൾ ഞങ്ങൾ പോകട്ടെ.”

“അരുൺ തീർച്ചയായും വരണം. ഞങ്ങൾ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”

അവൻ കൈവീശി ബൈക്കിൽക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങൾ ഒരു നിമിഷം നിർന്നിമേഷരായി നിന്നു. പിന്നെ തിരികെ കൈവീശി അവനെ യാത്രയാക്കുമ്പോൾ രാഹുലിനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ ഞങ്ങളുടെ ഹൃദയം ആനന്ദതുന്ദിലമായിത്തീർന്നു.

ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുൽമോന്‍റെ ഓർമ്മകൾ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി. കൃഷ്ണമോൾ, രാഹുൽമോന്‍റെ ഫോട്ടോകൾ എടുത്തു നോക്കുന്നതും, അവന്‍റെ സ്വകാര്യ ആൽബത്തിലെ ഫോട്ടോകൾ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താൻ അതുവരെ കാണാത്ത രാഹുലിനെ ഉറ്റുനോക്കി പറയുന്നതു കേട്ടു.

“എത്ര നിഷ്ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീർച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”

“അതെ ദേവേട്ടാ… ചേട്ടൻ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നിഷ്ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിൻ പഠനം കഴിഞ്ഞ് അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാർവാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആൾക്കാരെ ദ്രോഹിക്കുന്ന ഒരു മാർവാഡിയുടെ മകൾ. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടൻ ഭയന്നിരുന്നു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിക്കുകയും, സ്നേഹിക്കുകയും ചെയ്‌ത അവർക്കു തമ്മിൽ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഏറെ സ്നേഹം വരുമ്പോൾ മാത്രം അവൾ രാഹുലിനെ സംബോധന ചെയ്യാറുള്ള ചേട്ടാ എന്ന വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. “ആ സംഗീത എന്നു പേരുള്ള പെൺകുട്ടി ഇന്നെവിടെയാണ്?” ദേവാനന്ദ് താൽപര്യപൂർവ്വം ചോദിക്കുന്നതു കേട്ടു.

“അവർ മെഡിസിനു പഠിക്കുകയാണ്. എംഡിയ്ക്ക്. ഇപ്പോൾ കൽക്കത്തയിലോ മറ്റോ ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുൽ ചേട്ടനെ ഓർത്ത് കാലം കഴിയ്ക്കാനാണ് അവർക്കിഷ്ടം.”

“ഓ ഗോഡ്… എ റിയൽ ലൗ…” ദേവാനന്ദ് അതിശയം കൂറുന്നതു കേട്ടു. ആ പ്രതിവചനം എന്‍റെ മനസ്സിലും മുഴങ്ങി. അറിയാതെ മനസ്സു കേണു. ഓ… മകനെ… നിന്‍റെ മനസ്സിന്‍റെ മൃദുല അറകളിൽ നീ നിന്‍റെ പ്രേമം ഒളിച്ചുവച്ചതെന്തിനാണ്? അതൊളിച്ചു വച്ച് ആ ആത്മസംഘർഷം മുഴുവൻ പേറിയതെന്തിനാണ്? നിന്നെ ഹൃദയത്തിലേറ്റിയ നിന്‍റെ പപ്പയും മമ്മിയും നിന്നെ എതിർക്കുമെന്നു വിചാരിച്ചോ?

ഒരിയ്ക്കലുമില്ല. കാരണം പ്രേമത്തിന്‍റെ ബലിപീഠത്തിൽ സ്വയം ബലി കഴിച്ചവളാണ് നിന്‍റെ മമ്മി. ആളുന്ന അഗ്നി കുണ്ഠത്തിൽ സ്വയം ചൂടേറ്റു തപിച്ചവളാണ്. ആ കനൽ തീയിൽ വെന്തു നീറുന്ന രണ്ടാത്മാക്കളുടെ തപിക്കുന്ന വേദന എന്തെന്ന് അറിഞ്ഞവളാണ്. ഒരിക്കലും നിന്നെ എതിർക്കുമായിരുന്നില്ല ഈ മമ്മി. നിന്‍റെ പപ്പയും പ്രേമത്തിന്‍റെ ആത്മസംഘർഷങ്ങൾ മാറി നിന്നെങ്കിലും കണ്ടറിഞ്ഞവനാണ്. അതൊന്നും നിന്നെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി എന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. പക്ഷെ നീ ചിലതെല്ലാം കാണുകയും അറിയുകയും ചെയ്തുവെന്ന് ഞാൻ കരുതി.

ഒരു കാലത്ത് ഞങ്ങൾ ഇരുവരുടേയും മനസ്സിൽ ഊറിക്കൂടിയ ആത്മസംഘർഷങ്ങൾ നിന്നെയും ബാധിച്ചിരുന്നല്ലൊ. എന്നിട്ടും നീയതെന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. നിന്‍റെ നിഷ്ക്കളങ്കമായ കൊച്ചുമനസ്സിന് അതിന്‍റെ കാരണങ്ങൾ ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ പപ്പയുടേയും മമ്മിയുടേയും അകൽച്ച നിന്‍റെ മനസ്സിനെ ഒരു കാലഘട്ടത്തിൽ വളരെയേറെ വേദനിപ്പിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരിക്കാം സംഗീതയോട് നിന്നെ അടുപ്പിച്ചത്. നിന്‍റെ വേദനകൾ പങ്കുവയ്ക്കാനുള്ള അത്താണിയായിരുന്നോ അവൾ.

നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾ വൈകിപ്പോയി. മനസ്സിലാക്കിയപ്പോഴേയ്ക്കും നിന്നെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലത്തിൽ നീ എത്തി. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്തത്ര അകലത്തിൽ…

ഊറി വന്ന കണ്ണീർക്കണങ്ങൾ കൈ കൊണ്ട് തുടച്ചു മാറ്റി എഴുന്നേറ്റു. എത്രനേരമായി ഞാനീ സെറ്റിയിൽ വന്നിരുന്നിട്ട്. നേരം സന്ധ്യയോടടുക്കുന്നു. നരേട്ടൻ അകത്തെവിടെയോ വിശ്രമിക്കുകയാണ്. കൃഷ്ണമോളും ദേവാനന്ദും മോനേയും കൂട്ടി പാർക്കിലോ മറ്റോ പോയിരിക്കുന്നു. അവർ തിരിച്ചെത്തും മുമ്പ് വൈകിട്ടത്തെ ആഹാരമുണ്ടാക്കണം.

രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിൽ പോയിത്തുടങ്ങണം. കുറെ നോട്ട്സ് പ്രിപ്പയർ ചെയ്യാനുണ്ട്. ധൃതിയിൽ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. നരേട്ടൻ ശബ്ദം താഴ്ത്തി വച്ച് ഏതോ ഹിന്ദി ഗാനം കേൾക്കുന്നു. ദുഃഖത്തിന്‍റെ ആഴത്തിൽ നിന്നും പൊന്തി വന്ന് ഹൃദയത്തെ വലയം ചെയ്യുന്ന ഒരു ഹിന്ദി ഗാനം. അതിന്‍റെ നേർത്ത കൈപ്പിടിയിൽ ഒതുങ്ങി. ആ വേദനയിൽ മുങ്ങിത്താഴ്ന്നെന്നപ്പോലെ നരേട്ടൻ കിടക്കുന്നു. ഒരിക്കലും മോചനമില്ലാത്ത ഒരു തടവറയിലെന്ന പോലെ.

അടുക്കളയിൽ ചപ്പാത്തിയും കറികളും ഉണ്ടാക്കുന്ന തിരക്കിൽ ഞാൻ മറ്റെല്ലാം മറന്നു. ആഹാരം ഉണ്ടാക്കി കാസ്സറോളിലാക്കി മേശപ്പുറത്തു വയ്ക്കുമ്പോളോർത്തു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങിലൊന്നായിരുന്നു ചപ്പാത്തിയും, ക്വാളിഫ്ളവർ കറിയും. അവനു വേണ്ടി ഒരു പ്ലേറ്റ് മാറ്റി വച്ചു.

ഒരുപക്ഷേ ആരും കാണാതെ ഏതോ അജ്ഞാത തീരത്തു നിന്ന് അവൻ അവന്‍റെ പ്രിയപ്പെട്ടവരെത്തേടി വന്നാലോ. ഈ മേശപ്പുറത്തു വന്നിരുന്ന് അവന്‍റെ പ്രിയപ്പെട്ട വിഭവം ആസ്വദിക്കാൻ ഒരിക്കൽ കൂടി, അവന്‍റെ പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും കൃഷ്ണമോളെയും കാണാൻ ആത്മാക്കളുടെ ലോകത്തു നിന്ന് അവൻ ഇറങ്ങി വന്നാലോ. അങ്ങനെ മനസ്സ് വെറുതെ വ്യാമോഹിച്ചു.

ഒരു പക്ഷേ നഷ്ടപ്പെട്ടതിനെ തിരികെക്കിട്ടുവാനുള്ള മനസ്സിന്‍റെ തീവ്രമായ ആഗ്രഹം. അതിനു വേണ്ടിയുള്ള മനസ്സിന്‍റെ മൂഢ പ്രേരണയായിരിക്കാം അത്. എങ്കിലും അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിക്കുവാൻ ഹൃദയം കൊതിച്ചു.

രാഹുൽ മോൻ കടന്നു പോയ ദിനങ്ങളൊന്നിൽ എവിടെ നിന്നോ പറന്നെത്തിയ ഒരു കൊച്ചു കുരുവി എന്നിലെ ശ്രദ്ധയെ പിടിച്ചു നിർത്തിയതോർത്തു. സിറ്റൗട്ടിന്‍റെ കൈവരികളിലും ചവിട്ടു പടിയിലും പിന്നെ വാതിൽപ്പടിയിലും വന്നിരുന്ന് പ്രിയപ്പെട്ട ആരേയോ പ്രതീക്ഷിച്ചെന്നപ്പോലെ പറന്നു കളിച്ചിരുന്ന ഈ കുഞ്ഞിക്കുരുവി.

ഞാനടുത്തു ചെന്നിട്ടും ഭയമേതുമില്ലാതെ എന്നെ ഉറ്റുനോക്കിയിരുന്ന ആ കുഞ്ഞിക്കിളിക്ക് രാഹുൽമോന്‍റെ ഛായയുണ്ടെന്നു തോന്നി. ഒരു പക്ഷേ രാഹുൽ മോന്‍റെ ആത്മാവ് കിളിയായി വന്നതായിരിക്കുമോ? ഞാനടുത്ത് ചെന്നിരുന്ന് അതിനെ കൈകളിലെടുത്തപ്പോൾ എന്‍റെ വാത്സല്യം പ്രതീക്ഷിച്ചെന്ന പോലെ അത് എന്‍റെ കൈകളിലൊതുങ്ങി ഇരുന്നത്.

ഒടുവിൽ വേദന സ്ഫുരിക്കുന്ന ചിലമ്പിച്ച സ്വരത്തിൽ ചിലച്ചു കൊണ്ട് അത് പറന്നകന്നത് ആത്മാക്കളുടെ ലോകത്തു നിന്നും അവൻ എന്നെ തേടിയെത്തിയതാണെന്നു തോന്നി. ഒരു നിമിഷനേരത്തേയ്ക്കെങ്കിലും എന്‍റെ വാത്സല്യം നുകരാനുള്ള അത്യുൽക്കടമായ ദാഹത്തോടെ അതിൽപ്പിന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവനുള്ള ആഹാരവും വിളമ്പി വയ്ക്കുക പതിവായി.

കോളിംഗ് ബെല്ലിൽ ശക്തിയായി വിരലമർത്തുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്. എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോൾ ദേവാനന്ദും, കൃഷ്ണമോളും, ടുട്ടുമോനുമായിരുന്നു.

കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി. അവനെ കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു “മമ്മീ… നാളെ രാവിലെ ഞങ്ങൾ ബാംഗ്ലൂർക്ക് തിരികെപ്പോവുകയാണ്.”

“ഇത്ര പെട്ടെന്നോ… കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു പോയാൽ പ്പോരേ… മോനെക്കണ്ട് ഞങ്ങളുടെ കൊതി തീർന്നില്ല…” ഞാൻ ദുഃഖത്തോടെ പറഞ്ഞു.

“അത് മമ്മീ… ഞങ്ങളുടെ ലീവ് തീർന്നു. മറ്റന്നാൾ ഞങ്ങൾക്ക് രണ്ടുപേർക്കും കമ്പനിയിൽ ജോയിൻ ചെയ്യണം.”

ഇതറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനോർത്തു നോക്കി. രാഹുൽ മോന്‍റെ സഹപാഠിയായിരുന്നു അരുണുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ വീണ്ടും തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇന്നിപ്പോൾ ടുട്ടുമോനായിരിക്കും ആ മനസ്സിന് അൽപം ആശ്വാസം നൽകുന്നത്. അവനും കൂടി തന്നെ വിട്ടു പോവുകയാണെന്നറിയുമ്പോൾ ദുർബ്ബല ഹൃദയനായ നരേട്ടന് അത് താങ്ങാനാവുമോ? ആശങ്കകൾ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോയിക്കൊണ്ടിരുന്നു. ടുട്ടുമോനെയും കൊണ്ട് നരേട്ടന്‍റെ മുറിയിലേയ്ക്കു നടക്കുമ്പോൾ പറഞ്ഞു.

“രണ്ടുപേരും വസ്ത്രം മാറി വന്ന് ആഹാരം കഴിച്ചോളൂ… ഞാൻ മൂടി വച്ചിട്ടുണ്ട്.”

“മമ്മീ ഞങ്ങൾ പുറത്തു നിന്നും ആഹാരം കഴിച്ചു. ദേവേട്ടന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമാണിഷ്ടം. പിന്നെ മമ്മിയെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു വിചാരിച്ചു.” അവർക്കു വേണ്ടി ഞാൻ പാടുപ്പെട്ടുണ്ടാക്കിയതെല്ലാം വെറുതെയായല്ലോ എന്ന് മനസ്സിലോർത്തു. പിന്നെപ്പറഞ്ഞു.

“ഞാനും ചപ്പാത്തിയും കോളിഫ്ളവർ കറിയുമാണുണ്ടാക്കിയത്. ദേവാനന്ദിനിഷ്ടം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പെട്ടെന്ന് എന്‍റെ മലയാളം മനസ്സിലാക്കിയിട്ടെന്ന പോലെ ദേവാനന്ദ് ഹിന്ദിയിൽ പറഞ്ഞു.

“സോറി മമ്മീ… മമ്മീ പാടുപെട്ട് ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതല്ലെ. ഞാനൽപം കഴിക്കാം…” അയാൾ അങ്ങനെ പറഞ്ഞ് മേശയുടെ സമീപമിരുന്ന് പ്ലേറ്റ് തുറന്നു വച്ചു. എന്നിട്ട് മണം പിടിച്ച് കൊണ്ട് പറഞ്ഞു.

“അരേ വാഹ് കോളിഫ്ളവർ. ഇതിന്‍റെ മണം കേൾക്കുന്നതു  തന്നെ എനിക്ക് എന്തിഷ്ടമാണെന്നോ…”

ദേവാനന്ദ് വാഷ് ബേസിന്‍റെ അടുത്തു പോയി കൈകൾ കഴുകി തിരിച്ചു വന്നു. എന്നിട്ട് ചപ്പാത്തി ഒന്നു രണ്ടെണ്ണമെടുത്ത് കോളിഫ്ളവർ  കറി കൂട്ടി കഴിക്കാൻ തുടങ്ങി. അയാൾ സ്വാദോടെ കഴിക്കുന്നതു കണ്ട് സംതൃപ്തിയോടെ ഞാൻ തിരിഞ്ഞു നടന്നു.

നരേട്ടന്‍റെ മുറിയിലെത്തി ടുട്ടുമോനെ ആ കൈകളിൽ നൽകി. നരേട്ടന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ശോകഛവി ആ കൺതടങ്ങൾക്കു താഴെ കറുപ്പു പടർത്തിയിരുന്നു. ഹൃദയത്തിൽ തിങ്ങി വിങ്ങുന്ന വേദന നെറ്റിയിലും മുഖത്തും ചുളിവു പടർത്തിയിരിക്കുന്നു. അടക്കാനാവാത്ത വൃഥയുടെ നിഴൽപ്പാടുകൾ അദ്ദേഹത്തെ കൂടുതൽ വയസ്സനാക്കിയിരിക്കുന്നു. പക്ഷേ ടുട്ടുമോനെ കൈകളിൽ വാങ്ങുമ്പോൾ ആ മുഖം അൽപ നേരത്തേയ്ക്കെങ്കിലും പ്രകാശമാനമായി. അതിന്‍റെ സ്ഫുരണങ്ങൾ ആ ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു.

“മുത്തച്ഛന്‍റെ പൊന്നു മോനെ… നീയും മുത്തച്ഛനെ വിട്ട് നിന്‍റെ അമ്മയുടെയും അച്‌ഛന്‍റെയും കൂടെ പോകുമോടാ… നീയാണ് മുത്തച്ഛനിപ്പോൾ ഏക ആശ്വാസം. നീയും കൂടി പോയാൽ മുത്തച്ഛൻ തകർന്നു പോകുമെടാ…” ആ വാക്കുകൾ ഹൃദയത്തിലെവിടെയോ തറഞ്ഞു നിന്ന് വേദനയുളവാക്കി.

നാളെ അവൻ അച്‌ഛനമ്മമാരോടൊപ്പം മടങ്ങിപ്പോവുകയാണ് എന്നറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണമെന്തായിരിക്കും. അതിന്‍റെ ഉത്തരം തേടി നിമിഷനേരത്തേയ്ക്ക് ഞാനാ കട്ടിലിൽ ചലനമറ്റിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിയുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നതോർത്തു.

“കൂടുതൽ ആഘാതമൊന്നും ആ ഹൃദയത്തിനിനി താങ്ങാനാവുകയില്ല. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ ഒഴിവാക്കാൻ ശ്രമിക്കണം.”

നരേട്ടനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? ടുട്ടുമോനെ പിരിയാതിരിക്കാൻ അദ്ദേഹത്തിനു മുമ്പിൽ എന്തു പോംവഴിയാണ് എനിക്കു നിർദ്ദേശിക്കാനുള്ളത്?

ഒരുത്തരം തേടി ഞാൻ മുകളിലേയ്ക്കു മിഴി പായിച്ചു. അവിടെ വലകൾ നെയ്തു കൊണ്ടിരുന്ന ഒരെട്ടുകാലിയെ കണ്ടു. അതുപോലെ എന്‍റെ ഹൃദയത്തിലും വേദനയുടെ നനുത്ത വലകൾ പടർന്നു തുടങ്ങിയിരുന്നു. എട്ടുകാലിയുടെ കരങ്ങളിൽ ഇരയെ എന്നപോലെ ആ വേദനയ്ക്കിടയിലും എന്‍റെ മനസ്സ് ഒരുത്തരത്തിനായി പിടഞ്ഞു കൊണ്ടിരുന്നു നരേട്ടനെ എന്തുപറഞ്ഞു സമാധാനിപ്പിക്കും?

അന്ന് ടുട്ടുമോനെ അദ്ദേഹം കളിപ്പിക്കുന്നതും നോക്കി വേവലാതിയോടെ ഏറെ നേരം ഞാൻ കട്ടിലിലിരുന്നു.

പിന്നീടവനെ നരേട്ടന്‍റെ കൈകളിൽ നിന്നും അടർത്തി മാറ്റി, കൃഷ്ണമോളുടെ അടുത്തേയ്ക്കു കൊണ്ടു പോകുവാൻ തുടങ്ങുമ്പോൾ നരേട്ടൻ ചോദിച്ചു.

“ഇന്നവനെ എന്‍റെയടുത്ത് കിടത്തിക്കൂടെ… അവനെ കൊഞ്ചിച്ച്, കളിപ്പിച്ചിരിക്കുമ്പോൾ വലിയ മനഃസമാധാനം തോന്നുന്നു.”

“അത് നരേട്ടാ…” ഞാൻ അർദ്ധോക്തിയിൽ നിർത്തി മൂകയായി നിന്നു.

ഉം… എന്താ… തനിയ്ക്കെന്തോ പറയാനുണ്ടല്ലോ? എന്താണെങ്കിലും പറഞ്ഞോളൂ.

“നരേട്ടൻ വിഷമിക്കരുത്. നാളെ കാലത്ത് അവർ ബാംഗ്ലൂർക്ക് മടങ്ങിപ്പോവുകയാണ്. കൃഷ്ണമോളുടേയും ദേവാനന്ദിന്‍റെയും ലീവ് തീർന്നത്രെ.”

എന്‍റെ വാക്കുകൾ കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചെന്നു തോന്നി.

“ഇത്ര പെട്ടെന്നോ? കുറച്ചു ദിവസം കൂടി അവർക്കിവിടെ കഴിഞ്ഞാലെന്താ? അവരുടേയും കൂടി വീടല്ലെ ഇത്? മാത്രമല്ല ടുട്ടുമോനെ കണ്ട് കൊതി തീർന്നിട്ടില്ല. അതിനു മുമ്പ്.”

നരേട്ടൻ പൊട്ടിത്തെറിക്കുന്ന പോലെ പറഞ്ഞു. അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോഴുള്ള വേദന ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

“നീ അവരോട് പറയ് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം എന്ന്. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം.”

നരേട്ടൻ അങ്ങനെ പറഞ്ഞ് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നരേട്ടനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട നരേട്ടാ… കൃഷ്ണമോൾ നമ്മൾ പറയുന്നതൊന്നും കേട്ടുവെന്ന് വരികയില്ല. മാത്രമല്ല ചില കമ്പനികൾ അത്ര നീണ്ട അവധിയൊന്നും ആർക്കും നൽകുകയില്ല. തിരിച്ചു ചെല്ലുമ്പോൾ അവരുടെ ജോലി നഷ്ടമായാൽ നാമായിരിക്കും അതിന്‍റെ പഴി കേൾക്കേണ്ടി വരിക.”

“ഓ… അങ്ങിനെയെങ്കിൽ വേണ്ട. ഞാനായിട്ട് അവരുടെ ഭാവി നശിപ്പിക്കുന്നില്ല. അവർ മോനെ കൊണ്ടുപോയിക്കൊള്ളട്ടെ.”

നരേട്ടൻ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിലും മോനെ വിട്ടു പിരിയാനുള്ള വേദന അദ്ദേഹത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹം അവനെ കൈകളിലെടുത്ത് ആ ഓമന മുഖം മുത്തങ്ങൾ കൊണ്ടു മൂടി. തന്‍റെ കണ്ണുനീരാൽ അദ്ദേഹം ആ കുഞ്ഞു മുഖത്തെ അഭിഷേകം ചെയ്‌തു. അപരീഹാര്യമായ നഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ മഞ്ഞുതുള്ളിയായിരുന്നു നരേട്ടനാ കുഞ്ഞ്.

രാഹുൽമോന്‍റെ ദർശനം സാദ്ധ്യമാക്കിയ കുരുന്നു പൈതൽ. എന്നാൽ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് ഈ കുരുന്നും അദ്ദേഹത്തെ വിട്ടുപിരിയാൻ തുടങ്ങുന്നു.

പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.“മീരാ… ഇന്നൊരു രാത്രിയിൽ ഈ ഒരു രാത്രിയിലേയ്ക്ക് മാത്രം ടുട്ടുമോനെ എന്‍റടുത്തു കിടത്താൻ മോളാടൊന്നു പറയുമോ. അവനെ ഈ രാത്രി മുഴുവൻ ഞാൻ കണ്ടു കൊള്ളട്ടെ.”

നരേട്ടന്‍റെ ആ ആഗ്രഹം എന്‍റെ മനസ്സിലും ചലനങ്ങളുളവാക്കി. ഒരു രാത്രി കൂടി തന്‍റെ രാഹുൽ മോന്‍റെ ഛായയുള്ള പേരക്കുഞ്ഞിനെ അടുത്തു കിടത്തി ലാളിക്കുവാനുള്ള അദ്ദേഹത്തിന്‍റെ അന്ത്യമമായ മോഹം. ആ മോഹത്തെ അംഗീകരിക്കുവാൻ ഞങ്ങളുടെ മകൾക്കാവുകയില്ലെ? അവളെ കൈകളിലെടുത്തുലാളിച്ചതും ആ കൈകൾ തന്നെയല്ലെ.

ഞാൻ കൃഷ്ണമോളുടെ മുറിയിലെത്തി അവളോടുള്ള വാത്സല്യം മുഴുവൻ വാക്കുകളിലൂടെ പുറത്തെടുത്തു. എന്നിട്ട് സ്നേഹപൂർവ്വം ചോദിച്ചു.

“കൃഷ്ണമോളെ…. പപ്പ ചോദിക്കുന്നു ഇന്ന് ഒരു രാത്രിയിൽ അവനെ അദ്ദേഹത്തിന്‍റെ അടുത്ത് കിടത്തിക്കോട്ടെ എന്ന്. നാളെ നിങ്ങൾ മടങ്ങിപ്പോവുകയല്ലെ…”

ബെഡ്റൂമിലെ ടിവിയിൽ ദേവാനന്ദിനോടൊപ്പം മിഴിനട്ടിരുന്ന കൃഷ്ണമോൾ പെട്ടെന്ന് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ജിജ്‌ഞാസയോടെ ചോദിച്ചു.

“പപ്പാ ഇനി അവനെ ഞങ്ങൾക്കു വിട്ടു തരികയില്ലെന്നു വരുമോ മമ്മി. പപ്പായ്ക്ക് അവനെ വിട്ടുപിരിയാൻ വലിയ വിഷമമാണല്ലോ.”

“ശരിയാണ് മോളെ. രാഹുൽ മോൻ പോയതിൽ പിന്നെ പപ്പാ ആകെ അപ്സെറ്റാണ്. അതിൽ നിന്നും ഒരു ചെറിയ മോചനം കിട്ടിയത് ടുട്ടുമോനെ കണ്ടപ്പോഴാണ്. അവനെയും ഇത്ര പെട്ടെന്ന് പിരിയുകയെന്നു വച്ചാൽ അതദ്ദേഹത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വല്ലതും വന്നു പോകുമോ എന്നാണ് എന്‍റെ പേടി.

“എങ്കിൽ മമ്മിയും, പപ്പയും കൂടി ഈ വീടുവിറ്റ് ഞങ്ങളുടെ കൂടെപ്പോരൂ… അപ്പോൾ എപ്പോഴും ടുട്ടുമോനെ കാണാമല്ലോ…”

കൃഷ്ണമോൾ പലപ്പോഴുമെന്നതു പോലെ ആ വാക്കുകൾ വീണ്ടും ആവർത്തിച്ചത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഈ വീടുവിറ്റു പോവുകയെന്നാൽ അതു പലതരത്തിൽ ഞങ്ങളെ ബാധിക്കും. ഈ വീടും പരിസരവുമാണ് രാഹുൽമോന്‍റെ സാന്നിദ്ധ്യം എല്ലായ്പ്പോഴും ഞങ്ങളെ അനുഭവിപ്പിക്കുന്നത്. ആ ഓർമ്മകൾ നിലനിർത്തുന്നതും ഈ വീടു തന്നെ. ഇവിടം വിട്ടുപോവുകയെന്നാൽ അതു ഞങ്ങളുടെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കും. ഒരു പക്ഷേ ഞങ്ങളുടെ മനോനില തന്നെ തെറ്റിയെന്നു വരും. അതിലുപരിയായി എന്‍റെ ജോലി. അതുപേക്ഷിച്ചു പോകുന്നതെങ്ങിനെ?

റിട്ടയർ ചെയ്യുവാൻ ഇനിയും രണ്ടു മൂന്നു കൊല്ലം കൂടി ബാക്കിയുണ്ട്. മാത്രമല്ല ഇപ്പോൾ ഈ ജോലിയാണ് എന്‍റെ ഏക ആശ്വാസം. ഇതെല്ലാം ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.

“കൃഷ്ണമോൾ ഇപ്പോൾ പറഞ്ഞത് ഒട്ടും പ്രാവർത്തികമല്ല. ഇവിടുന്ന് ഞങ്ങൾ ബാംഗ്ലൂർക്ക് വരികയെന്നു വച്ചാൽ അതിന് പല തടസ്സങ്ങളുണ്ട്. ഒന്നാമത് എന്‍റെ ജോലി ഞാൻ ഉപേക്ഷിക്കേണ്ടി വരും. റിട്ടയർ ചെയ്യാൻ ഇനി ഏതാനും കൊല്ലം കൂടിയേ ഉള്ളൂ. അതുകഴിഞ്ഞ് പോരേ അതേപ്പറ്റിയൊക്കെ ആലോചിക്കാൻ.

“പക്ഷെ മമ്മി ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം മമ്മിയുടേയും, പപ്പയുടേയും ഇഷ്ടം.” അവൾ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ ഉള്ളിൽ ആ ആഗ്രഹം കനത്തു കിടക്കുന്നുണ്ടെന്ന് അന്ന് എനിക്കു മനസ്സിലായി.

ഒരു കനൽക്കട്ട പോലെ ഉള്ളിൽ എരിയുന്ന ആ ആഗ്രഹത്തിനു പുറകേയാണ് അവളെന്ന് മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. ഈ വീടു വിറ്റ് ഒരു നല്ല തുക നേടുകയാണ് അവളുടെ ലക്ഷ്യം. അതിനെപ്പറ്റി അവളിപ്പോൾ തുറന്നു സംസാരിക്കാതിരുന്നത് ദേവാനന്ദ് അടുത്തുള്ളത് കൊണ്ടായിരിക്കാം. പക്ഷെ അവൾ മുഖം വീർപ്പിച്ച് മിണ്ടാതിരുന്നപ്പോൾ എനിക്കു മനസ്സിലായി. അവൾ കോപത്തിലാണെന്ന്. അതുകണ്ട് അവളെ അനുനയിപ്പിക്കാനായി ഞാൻ പറഞ്ഞു.

“നമുക്കതെപ്പറ്റിയൊക്കെ സാവധാനം ആലോചിക്കാം കൃഷ്ണമോളെ. ഇപ്പോൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ. ടുട്ടുമോനെ ഈ രാത്രി കൂടി പപ്പയുടെ അടുത്ത് കിടത്തിക്കോട്ടെ…”

അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ദേവാനന്ദ് ഇടപെട്ടു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

“ഹാം മാംജി. നിങ്ങൾ ഈ രാത്രി കൂടി മോനെ അടുത്തു കിടത്തിക്കോളൂ. നാളെ രാവിലെ ആറുമണിയാകുമ്പോൾ ഞങ്ങളുടെ അടുത്ത് എത്തിച്ചാൽ മതി. രാവിലെ എട്ടുമണിയ്ക്കുള്ള ട്രെയിനിന് ഞങ്ങൾക്ക് ബാംഗ്ലൂർക്ക് മടങ്ങിപ്പോകണം.”

ദേവാനന്ദ് എല്ലാം മനസ്സിലാക്കി എന്ന് എനിക്കു മനസ്സിലായി. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്‌തു. കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്ന് ഒരിക്കൽ കൂടി എനിക്കുറപ്പായി. ഇങ്ങനെ ഒരു മരുമകനെ ആണല്ലോ ഞങ്ങൾ ആഗ്രഹിച്ചത് എന്ന് ഓർത്തു പോയി. പക്ഷെ കൃഷ്ണമോൾ ശാഠ്യക്കാരിയാണ് അവളുടെ പിടിവാശിയ്ക്കു മുന്നിൽ ദേവാനന്ദ് കീഴ്വഴങ്ങിപ്പോവുകയേ ഉള്ളൂ എന്നും ഓർത്തു.

ദേവാനന്ദ് സമ്മതം അറിയിച്ചതനുസരിച്ച് ഞാൻ തിരികെ മുറിയിലേയ്ക്കു നടന്നു. നരേട്ടനെ വിവരം അറിയിച്ചപ്പോൾ ആ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“മീരാ… ഈ ഒരു രാത്രി… ഈ ഒരു രാത്രി കൂടി എനിക്ക് എന്‍റെ പേരക്കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു. അവനു വേണ്ടി എന്‍റെ ഓരോ നിമിഷവും മണിക്കൂറുകളും മാറ്റിവയ്ക്കപ്പെടുമ്പോൾ എന്‍റെ ഹൃദയത്തിൽ നിറയുന്നത് സന്തോഷത്തിന്‍റെ ഒരു അലകടലാണ്.”

നരേട്ടന്‍റെ ചുണ്ടുകൾ അങ്ങിനെ എന്നോട് മന്ത്രിക്കും പോലെ തോന്നി.

അന്ന് രാത്രിയിൽ അവൻ ഉറങ്ങുന്നതു വരെ അവനെ കളിപ്പിച്ച്, കൊഞ്ചിച്ച് നരേട്ടനിരുന്നു. പിന്നെ അവൻ ഉറങ്ങിത്തുടങ്ങിയപ്പോൾ അവനെ അരികിൽ ചേർത്തു കിടത്തി ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു. പിന്നെ ഏതോ ഹിന്ദി മൂവിയിൽ കമലഹാസൻ ശ്രീദേവിയെ ഉറക്കുന്ന താരാട്ടു മൂളി അവനെ ഉറക്കി. നരേട്ടന്‍റെ നാദമധുരിമയിൽ ഞാനും ആ താരാട്ടു കേട്ട് മെല്ലെ കണ്ണുകൾ പൂട്ടി, നരേട്ടന്‍റെ അരികിൽ ചേർന്നു കിടന്നു. സുഖ സുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കാലത്ത് വാതിൽക്കൽ മുട്ടു കേട്ടാണ് ഞങ്ങൾ ഉണർന്നത്. വാതിൽ തുറന്നു നോക്കുമ്പോൾ ദേവാനന്ദും, കൃഷ്ണമോളും പുഞ്ചിരിയോടെ നിൽക്കുന്നു.

“ഞങ്ങൾക്ക് യാത്ര പുറപ്പെടാൻ സമയമായി മമ്മീ… മോനെ ഇങ്ങു തരൂ…”

കൃഷ്ണമോൾ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ മോനെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. ആ സുഖ സുഷുപ്തിയിൽ നിന്ന് അവരെ ഉണർത്തുവാൻ മടി തോന്നി. എങ്കിലും ഇനിയും താമസിച്ചാൽ കൃഷ്ണമോൾക്ക് ബാംഗ്ലൂർക്കുള്ള ട്രെയിൻ ലഭിക്കാതെ വന്നാലോ എന്നാലോചിച്ച് നരേട്ടനെ കുലുക്കി വിളിച്ച് പറഞ്ഞു.

“നരേട്ടാ… ഇതാ കൃഷ്ണമോളും, ദേവാനന്ദും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. നരേട്ടൻ മോനെ അവർക്കു കൊടുക്കൂ.”

അപ്പോഴേയ്ക്കും കൃഷ്ണമോൾ നരേട്ടന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“പപ്പാ… ബാംഗ്ലൂർക്കുള്ള ട്രെയിൻ എട്ടു മണിയ്ക്കു തന്നെ വന്നെത്തും. ഞങ്ങൾ താമസിച്ചാൽ ആ ട്രെയിൻ കിട്ടുകയില്ല.”

നരേട്ടൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഓ… ഞാനോർത്തില്ല നിങ്ങൾക്കിന്ന് ബാംഗ്ലൂർക്ക് പോകേണ്ടതാണെന്ന് വൈകിക്കിടന്നതു കാരണം അറിയാതെ ഉറങ്ങിപ്പോയി. മോനെ കളിപ്പിച്ചു കൊണ്ട് കിടന്നതു കാരണം രാത്രിയിൽ അൽപം വൈകിയാണ് ഞാനുറങ്ങിയത്.”

“അതു സാരമില്ല പപ്പാ… മോനെ ചൂടുവെള്ളത്തിൽ ഒന്നു മേൽക്കഴുകിച്ചെടുക്കണം. നല്ല തണുപ്പായത് കൊണ്ട് കുളിപ്പിക്കുന്നില്ല. വേഗം തരൂ പപ്പാ…”

അവൾ വല്ലാതെ ധൃതി കൂട്ടിക്കൊണ്ട് നരേട്ടന്‍റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ തുനിഞ്ഞു. ഒരു കമ്പിളിത്തൊപ്പിയും കമ്പിളി ഉടുപ്പും ധരിച്ച് നരേട്ടന്‍റെ തോളിൽക്കിടന്നുറങ്ങിയിരുന്ന അവനെ കൃഷ്ണമോൾ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവനെ നൽകുമ്പോൾ നരേട്ടന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം ഉണർന്നെണീറ്റ കുഞ്ഞും ഉറക്കെ കരയാൻ തുടങ്ങി. മുത്തച്ഛന്‍റെ ഇളം ചൂടുള്ള സ്നേഹ സ്പർശത്തിൽ നിന്ന് അവനെ അടർത്തിയെടുത്തതിലുള്ള വിദ്വേഷത്തോടെ അവൻ ഉറക്കെക്കരഞ്ഞു. അപ്പോൾ കൃഷ്ണമോൾ പറഞ്ഞു.

“കണ്ടില്ലേ പപ്പയ്ക്കും, കൊച്ചുമോനും തമ്മിൽപ്പിരിയാൻ ഇപ്പോൾത്തന്നെ വലിയ വിഷമം. ഇത്ര കുറച്ചു ദിവസങ്ങൾ കൊണ്ട് നിങ്ങൾ തമ്മിൽ ഇത്രയേറെ അടുത്തു. അപ്പോൾപ്പിന്നെ കൂടുതൽ ദിവസങ്ങൾ ഞങ്ങൾ ഇവിടെ തങ്ങിയിരുന്നുവെങ്കിൽ പപ്പ പിന്നെ മോനെ ഞങ്ങൾക്ക് തന്നു വിടുകയേ ഇല്ലായിരുന്നല്ലോ…” കൃഷ്ണമോൾ അങ്ങിനെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി ചിരിച്ചു. അപ്പോൾ അവർ ഇത്ര പെട്ടെന്ന് തിരികെപ്പോകാനുള്ള ഒരു കാര്യം അതാണെന്നു തോന്നി. അതുകേട്ട് തൊണ്ടയിടറി കൊണ്ട് നരേട്ടൻ പറഞ്ഞു.

“ശരിയാണ് കൃഷ്ണമോളെ… ഇവനെപ്പിരിയേണ്ടി വരുമ്പോൾ എനിക്കു വലിയ വിഷമം തോന്നുന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം.”

“പപ്പയും, മമ്മിയും എങ്കിൽ പിന്നെ ഞങ്ങളടെ കൂടെപ്പോരൂ… അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ പപ്പാ…”

കൃഷ്ണമോൾ അതു തന്നെ വീണ്ടും ആവർത്തിക്കുന്നതു കേട്ടപ്പോൾ ഞാനിടയിൽക്കയറി പറഞ്ഞു.

“അതിനീ വീടു വിൽക്കുകയും എന്‍റെ ജോലി ഉപേക്ഷിക്കുകയും ഒക്കെ വേണ്ടെ… അതുടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല.”

എന്‍റെ വാക്കുകൾ കൃഷ്ണമോളെ ചൊടിപ്പിച്ചുവെന്നു തോന്നി. “എങ്കിൽ മമ്മി ഈ വീടും ജോലിയും ഉപേക്ഷിക്കാതെ കെട്ടിപ്പിടിച്ചിരുന്നോ. പപ്പായ്ക്ക് വിഷമം മൂത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ മമ്മിയ്ക്കു സമാധാനവുമല്ലോ…”

അങ്ങനെ പറഞ്ഞ് അവൾ ടുട്ടുമോനെയുമെടുത്ത് വേഗത്തിൽ അവിടെ നിന്നും നടന്നു മറഞ്ഞു. കൃഷ്ണമോൾ ഒടുവിൽ പറഞ്ഞ വാക്കുകൾ അറം പറ്റുകയായിരുന്നു വെന്ന് പിന്നീട് ഞാനറിഞ്ഞു.

അന്ന് കാലത്ത് എട്ടുമണിയോടെ മോനെയുമെടുത്ത് യാത്രയാകുമ്പോൾ നൊമ്പരം കടിച്ചിറക്കി വാതിൽക്കൽ നിന്നിരുന്ന നരേട്ടനോടു മാത്രം അവൾ യാത്ര പറഞ്ഞു. എന്നെ മനഃപൂർവ്വം അവഗണിക്കുകയാണെന്ന് മനസ്സിലായി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...