തകർത്തു പെയ്ത മഴയുടെ ശേഷിപ്പുകൾ മരച്ചില്ലകളിൽ നിന്ന് ഉതിർന്നു വീണു കൊണ്ടിരുന്നു. റോഡിൽ കിടന്ന ചെളി വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ കടന്നു പോയി. ഇതൊന്നുമറിയാതെ ജോസഫ് റോഡരുകിലിരുന്ന് കല്ലുകൾ പെറുക്കി സഞ്ചിയിലാക്കി കൊണ്ടിരുന്നു. ഒന്നിനു പുറകേ ഒന്നായി അവ സഞ്ചിയിലേയ്ക്ക് വീണു.

ചുണ്ടിലിരുന്ന ബീഡി ആവുന്നത്ര ആഞ്ഞു വലിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ മഴത്തുള്ളികൾ അത് കെടുത്തിക്കളഞ്ഞു. എങ്കിലും അറിയാതെ അയാൾ ആഞ്ഞുവലി തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം കല്ലു പെറുക്കുന്നതും.

ശിരസ്സിൽ വീണ ഒരു വലിയ മഴത്തുള്ളി മുതുകിലൂടെ ഒഴുകിയിറങ്ങി താഴേക്ക് പതിച്ചു. അയാളുടെ മുഴുവൻ പാപക്കറയും താൻ ഒഴുക്കിക്കളഞ്ഞതായി ആ മഴത്തുള്ളി അഹങ്കരിച്ചു.

അടുത്ത ബസ്സറ്റോപ്പിൽ പലവിധ നിറങ്ങൾ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്‌തു. പലജാതിയിൽപ്പെട്ട പല പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അതും ജോസഫ് അറിഞ്ഞില്ല.

അയൽ സംസ്ഥാനത്ത് നിലവിലിരുന്ന പാർട്ടിയുടെ ഭരണം പോയതും എതിർകക്ഷികൾ ഭരണം തുടങ്ങിയതും അയാൾ അറിഞ്ഞില്ല. ആണവക്കരാറിലും ആസിയാൻ കരാറിലും കേന്ദ്രം ഒപ്പു വച്ചതും ജോസഫ് അറിഞ്ഞില്ല.

കാലം കണക്കുകൂട്ടി വച്ച കല്ലുകൾ തെറ്റാതെ അയാൾ സഞ്ചിയിലാക്കുമ്പോഴും തന്‍റെ ജീവിതത്തിലെ കണക്കുകൾ തെറ്റിയതും അയാൾ അറിഞ്ഞില്ല.

അയാളുടെ മനസ്സ് നിറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ എഴുന്നേറ്റ് നിന്ന് നിറഞ്ഞ സഞ്ചി ആകാശത്തിലേയ്ക്കുയർത്തി പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ ഭൂമിയിലേയ്ക്ക് കുടഞ്ഞിടുമ്പോഴും താൻ ചെയ്യുന്നതെന്തെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ഒന്നിനു പിറകേ ഒന്നായി കല്ലുകൾ താഴേയ്ക്ക് പതിച്ചു. അവ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം ഒരാർത്തനാദം പോലെ അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾ ചിരിച്ചു. ചിരി അട്ടഹാസമായി മാറി. അതിൽ വെറുപ്പും ദൈഷ്യവും സങ്കടവും എല്ലാം അടങ്ങിയിരുന്നു.

ഇരുകൈകളും ആകാശത്തിലേയ്ക്കുയർത്തി അയാൾ നിൽക്കവേ, മഴത്തുള്ളികൾ അയാളുടെ കണ്ണുകളിൽ പതിച്ചു. അത് ചാലുകളായി താഴേയ്ക്ക് ഒഴുകിയൊഴുകി ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു. പെട്ടെന്ന് എല്ലാം ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു.

പെട്ടെന്ന് എല്ലാം നിലച്ചു. അയാൾ താഴേയ്ക്ക് ഇരുന്നു. വീണ്ടും കല്ലുകൾ പെറുക്കി സഞ്ചിയിലേയ്ക്ക് ഇടാൻ തുടങ്ങി. അത് നിറയുകയും ഒഴിയുകയും ചെയ്‌തു കൊണ്ടിരുന്നു.

നേരം വൈകിയപ്പോൾ, അവസാന കല്ലും കുടഞ്ഞിട്ട് സഞ്ചിമടക്കി കക്ഷത്തിൽ വച്ച് ഒരു ബീഡി എടുത്ത് തീ കൊളുത്തി ആഞ്ഞാഞ്ഞ് വലിച്ച് പുകയൂതി വിട്ട് അയാൾ ധൃതിയിൽ കിഴക്കോട്ട് നടന്നു. പുന്നമടക്കായലായിരുന്നു ലക്ഷ്യം. കായലിൽ മുങ്ങി നിവർന്ന് മുഷിഞ്ഞു കീറിത്തുടങ്ങിയ ഷർട്ടും മുണ്ടും ധരിച്ച് വടക്കോട്ട് നടന്നു തുടങ്ങി. പൂന്തോപ്പ് പള്ളിക്കു മുന്നിലെത്തി റോഡ് മുറിച്ച് കടന്ന് കുഞ്ഞുമോന്‍റെ കടയിലെത്തി, മിഠായി ഭരണിയുടെ അടപ്പിൽ തട്ടി അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു. “ചായ…ചായ…” ചായ കുടിക്കുന്നതിനിടയിൽ അടുത്ത ചോദ്യം:

“ബീഡി തരുവോ?” അതാണ് പതിവ്. പരിചയക്കാരല്ലാത്തവരോട് ജോസ്ഫ് ഒന്നും ചോദിക്കാറില്ലായിരുന്നു.

ബീഡി ആഞ്ഞു വലിച്ച് ആരോ ഏൽപ്പിച്ചതു പോലുള്ള ജോലി മുഴുവൻ ചെയ്‌തു തീർത്ത സംതൃപ്തിയിൽ അയാൾ നടന്നു.

ആ കാലടിപ്പാടുകൾ ചെറുതായി ചെറുതായി വന്നു. തെളിഞ്ഞ ആകാശത്തിനു കീഴെ തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾ, അവയിൽ കിളികൾ കൂടു കൂട്ടിയിരുന്നു. ഒരു തുമ്പിയെ പിടിക്കാൻ ജോസഫും റോസ്മേരിയും മരങ്ങൾക്കിടയിലൂടെ പതുങ്ങി പതുങ്ങി നടന്നു. രണ്ടുപേരെയും കബളിപ്പിച്ച് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് തുമ്പി പറന്നു നടന്നു.

കറുത്ത കൺപീലികളോടു കൂടിയ വലിയ കണ്ണുകളായിരുന്നു അവളുടേത്. പേരു പോലെ നിറമുള്ള ചുണ്ടുകളും. സ്കൂളിലും പള്ളിയിലും പോകുന്നത് ജോസഫും റോസ്മേരിയും ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകാൻ അവൾ വരുമ്പോൾ മുറ്റത്തു നിൽക്കുന്ന ചാമ്പമരത്തിൽ നിന്നും റോസ് നിറത്തിലുള്ള ചാമ്പയ്ക്കാ പറിച്ച് അവൻ അവൾക്ക് കൊടുക്കുമായിരുന്നു.

ഒരു ദിവസം ചാമ്പയ്ക്കാ കിട്ടിയില്ലെങ്കിൽ അവൾ പിണങ്ങും. ചെറിയ കാര്യം മതിയായിരുന്നു അവൾക്ക് പിണങ്ങാൻ. ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും കടന്നു പോയ്ക്കൊണ്ടിരുന്നു.

നക്ഷത്രങ്ങളില്ലാത്ത ആകാശം. ഇരുട്ടിന് കട്ടി കൂടി കൂടി വന്നു. തണുത്ത കാറ്റ് ആഞ്ഞുവീശി. മരത്തിനു മുകളിലിരുന്ന കൂമൻ ചിറകടിച്ച് പറന്നു പോയി. നായ്ക്കളുടെ ഓരിയിടൽ മാത്രമായിരുന്നു ആ ഭീകര രാത്രിക്ക് കൂട്ടായിരുന്നത്.

ഇരുട്ടിന്‍റെ കരിമ്പടം മാറ്റി സൂര്യൻ പതിയെപ്പതിയെ പുറത്തേയ്ക്ക് വന്നു. എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ആൾക്കാർ ഓടിപ്പോകുന്ന ശബ്ദം കേട്ടു കൊണ്ടാണ് കണ്ണും തിരുമ്മി ജോസഫ് വീടിനു പുറത്തേയ്ക്ക് വന്നത്. റോസ്മേരിയുടെ വീടിനെ ലക്ഷ്യം വച്ച് ഓടിയവരുടെ കൂടെ ജോസഫും കൂടി.

അവളുടെ വീടിന് തൊട്ടടുത്ത പറമ്പിൽ ആൾക്കാർ വട്ടം കൂടി നിൽക്കുന്നു. അവരുടെ ഇടയിലൂടെ തിക്കിത്തിരക്കി എത്തിയ ജോസഫിന് ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ.

ദേഹം മുഴുവൻ ചോരയിൽ കുളിച്ച്, ഏതോ കാമദ്രോഹി കടിച്ചു തുപ്പിയ കരിമ്പിൻ ചണ്ടിയായി റോസ്മേരി കിടക്കുന്നു. ആ വലിയ കണ്ണുകൾ അടഞ്ഞിരുന്നില്ല. ചുണ്ടുകളിലെ നിറം മാഞ്ഞു പോയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് അവൻ പിൻതിരിഞ്ഞോടി.

ഒരുപാട് കൈകൾ തന്നെപ്പിടിക്കാൻ വരുന്നതായി ജോസഫിന് തോന്നി. പെട്ടെന്ന് കല്ലുകളെടുത്ത് അവൻ തലങ്ങും വിലങ്ങും എറിയാൻ തുടങ്ങി. ഒടുവിൽ കുറേ കല്ലുകൾ വാരി നെഞ്ചോട് അടുക്കിപ്പിടിച്ചു. പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകളായിരുന്നു അതെല്ലാം. ദിവസങ്ങൾ ഏൽപ്പിക്കുന്ന മുറിവുകളുടെ ബാക്കി ഏറ്റെടുത്തു കൊണ്ട് മാസങ്ങളും വർഷങ്ങളും കടന്നു പോയി.

കാലം തെറ്റാതെ. എല്ലാം സംഹരിക്കാനുള്ള ആഗ്രഹത്തോടെ മഴ തകർത്തു പെയ്തു.

“ജില്ലാക്കോടതി പാലത്തിനരുകിലിരുന്ന് കല്ല് പെറുക്കി സഞ്ചിയിലാക്കുന്ന ആ വട്ടനുണ്ടല്ലോ- ജോസഫ് അയാൾ മരിച്ചു.”

ആരോ പറഞ്ഞതു കേട്ട് കുഞ്ഞുമോൻ ഒഴിഞ്ഞ ചായ ഗ്ലാസിലേയ്ക്കും ബീഡി പാത്രത്തിലേയ്ക്കും മാറി മാറി നോക്കി. തോരാതെ പെയ്യുന്ന മഴയിൽ പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ അപ്പോഴും കോടതിപ്പാലത്തിന് സമീപം കൂടിക്കിടക്കുന്നുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...