ബൈ, അമ്മേ ദേ ഞാൻ പോകുവാ… പിന്നെ അമ്മേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും മുമ്പ് മരുന്ന് കഴിക്കാൻ മറക്കരുതെ.” പല്ലവി ഓഫീസിലേക്ക് തിരക്കിട്ടിറങ്ങും മുമ്പ് അമ്മയെ ഓർമ്മിപ്പിച്ചു.

“ഈ ടിഫിൻ കൂടി എടുക്ക്. എന്നും മറന്നു വച്ചിട്ട് ഒറ്റപ്പോക്കാ… ഓഫീസിൽ എത്തിയിട്ട് വിളിക്കണേ” ലളിതാമ്മ പിറകെ വന്നു പറഞ്ഞു.

“ഞാൻ മറന്നാലെന്താ, എന്നെ ഓർമ്മിപ്പിക്കാൻ ഈ പുന്നാരയമ്മയില്ലേ?” പല്ലവി ടിഫിൻ വാങ്ങി കൊണ്ട് അമ്മയുടെ ചുമലിൽ സ്നേഹത്തോടെ പിടിച്ചു.

അമ്മയും വാത്സല്യത്തോടെ പല്ലവിയുടെ കവിളിൽ നുള്ളി. കാന്‍റീനിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് അമ്മ ഓർമ്മിപ്പിക്കാനും മറന്നില്ല.

“ഇല്ലമ്മേ, ഞാൻ കഴിക്കില്ല… പിന്നെ അമ്മേ വൈകിട്ട് 5 മണിക്ക് റെഡിയായിരിക്കണം. ഞാൻ വേഗം വരാൻ നോക്കാം.” പല്ലവി അമ്മയുടെ ചെവിയിൽ പിറുപിറുത്തു.

“എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം?” പല്ലവിയും അമ്മയും തമ്മിലുള്ള പതിഞ്ഞ സംസാരം കേട്ട് വിനീത് ചോദിച്ചു.

“അച്‌ഛാ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അമ്മായിയമ്മയും മരുമകളും തമ്മിൽ എന്തോ ഗൂഢാലോചന നടക്കുകയാ.”

വിനീത് ഉച്ചത്തിൽ പറയുന്നത് കേട്ട് സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുകയായിരുന്ന വാസുദേവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രശ്നം അങ്ങനെ വിടാൻ വിനീത് തയ്യാറായില്ല.

അയാൾ കാര്യമറിയാനായി അമ്മയുടെ പിന്നാലെ നടന്നു. സ്വകാര്യമെന്താണെന്ന് അറിയാൻ വിനീത് അമ്മയോട് ആവർത്തിച്ചാവർത്തിച്ച് അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ അമ്മ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.

“അത് ഞങ്ങൾ അമ്മയും മരുമകളും തമ്മിലുള്ള കാര്യമാണ്.” ലളിതാമ്മ കുസൃതിയോടെ വിനീതിന്‍റെ ചെവി പിടിച്ച് നുള്ളി.

അമ്മയുടെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞതോടെ വിനീത് ഓഫീസിലേക്ക് പുറപ്പെട്ടു. ഇരുവരും ഓഫീസിലേക്ക് പോയ ശേഷം ലളിതാമ്മ 2 കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് വാസുദേവനരികിൽ ചെന്നിരുന്നു. ലളിതാമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കെ ഭാര്യയെ നോക്കി വാസുദേവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

“എന്താ ഇങ്ങനെ ചിരിക്കുന്നത്? എന്തോ ഒന്ന് മനസിലൊളിപ്പിക്കുന്നുണ്ടല്ലോ…?” ലളിതാമ്മ പൊട്ടിച്ചിരിയോടെ വാസുദേവനെ നോക്കി.

“നിന്‍റെ കുട്ടിക്കളി ഇതുവരെ മാറിയില്ലല്ലോയെന്നോർത്ത് ചിരിച്ചതാ. നിങ്ങൾ തമ്മിൽ പറഞ്ഞ കാര്യം ആ പാവത്തിനോട് എന്താ പറയാതിരുന്നത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം… അപാരമാ… അത് കാണുന്നത് തന്നെ സന്തോഷമാണ്.” വാസുദേവൻ പറഞ്ഞത് കേട്ട് ലളിതാമ്മ ദീർഘമായി നിശ്വസിച്ചു.

“ശരിയാ, നമ്മുടെ സമൂഹത്തിലാണെങ്കിൽ പെണ്ണിനെ കെട്ടിച്ചയക്കുന്നതോടെ അവളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഭർത്താവിന്‍റെ വീട്ടിലായിരിക്കും. ഭർത്താവിന്‍റെ വീട്ടിൽ ആദ്യമായി കാലുകുത്തുന്നത് തന്നെ വലിയ പേടിയോടെയാവും. ഭർത്താവിന്‍റെ വീട്ടുകാർ തന്നെ അംഗീകരിക്കുമോ ഇല്ലയോ എന്നൊക്കെ ഓർത്ത് ആശങ്കപ്പെടും. പക്ഷേ മിക്ക വീടുകളിലും സംഭവിക്കുന്നതെന്താ, വന്ന് കയറുന്ന മരുമകളെ കൊണ്ട് അമ്മായിയമ്മ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യിക്കും. പോരാത്തതിന് കുറ്റപ്പെടുത്തലും കലഹവും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്തതു കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്. അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം. ഭാഗ്യത്തിന് ഞങ്ങൾ രണ്ടാൾക്കും അതുണ്ട്.”

“വീടിന്‍റെ നല്ലതിനു വേണ്ടി മരുമകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമില്ലേ? അവളുടെ അഭിപ്രായങ്ങളെ മാനിക്കേണ്ടതല്ലേ? തന്‍റെ മകനെ വീട്ടിൽ വന്ന് കയറുന്ന മരുമകൾ തട്ടിയെടുക്കുമെന്ന് എന്തു കൊണ്ടാ അമ്മായിയമ്മ ചിന്തിക്കുന്നത്? അങ്ങനെ തോന്നുവാണെങ്കിൽ മോനെ പിടിച്ച് പെണ്ണ് കെട്ടിക്കുന്നതെന്തിനാ? സാരി തുമ്പിൽ കെട്ടിയിട്ട് കൊണ്ട് നടന്നാൽ പോരെ. വിവാഹശേഷം മോൻ വല്ലതും എതിർത്ത് പറഞ്ഞാലോ… മരുമകളുടെ തലയിണ മന്ത്രമാണെന്നായിരിക്കും അമ്മായിയമ്മയുടെ കണ്ടുപിടുത്തം.” ലളിതാമ്മ വികാരധീനയായി പറഞ്ഞു കൊണ്ടിരുന്നു. അവരുടെ മുഖത്തെ ഭാവ മാറ്റം വാസുദേവൻ ശ്രദ്ധിച്ചു.

ലളിതാമ്മയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് ഊറി കൂടിയ സങ്കടങ്ങളാണ് പുറത്തേക്ക് വരുന്നതെന്ന് വാസുദേവന് മനസിലായി. തന്‍റെ അമ്മയിൽ നിന്നും എന്തുമാത്രം കഷ്ടതകളാണ് ലളിത സഹിച്ചത്.

ഒരിക്കലും അമ്മ അവളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചിരുന്നില്ല. നിസ്സാര കാര്യത്തിനുപോലും അമ്മ ലളിതയെ ക്രൂരമായി ശകാരിച്ചിരുന്നു. ദേഷ്യം വന്ന് അമ്മ അടിച്ച സംഭവം വരെയുണ്ടായി. അന്നൊക്കെ ലളിത നിശബ്ദയായി തേങ്ങിക്കരഞ്ഞ്, സങ്കടങ്ങളെയൊക്കെ ഉള്ളിലൊളിപ്പിച്ച് വീട്ടിലെ മുഴുവൻ ജോലിയും ഒരു യന്ത്രം കണക്കെ ചെയ്‌തു തീർക്കും.

പക്ഷേ ഒരു കാര്യത്തിൽ മാത്രം ലളിത അമ്മയോട് പ്രതികരിക്കുമായിരുന്നു. തന്‍റെ അമ്മയേയും അച്‌ഛനേയും അമ്മായിയമ്മ അനാവശ്യമായി കുറ്റപ്പെടുത്തുമ്പോൾ ലളിതയ്ക്ക് സഹിക്കില്ല. അപ്പോഴൊക്കെ ലളിതയെ വീട്ടിൽ കൊണ്ടു വിടുമെന്ന് പറഞ്ഞ് അമ്മ ഭീഷണി മുഴക്കും. തന്‍റെ മകന് പെൺകുട്ടികളെ കിട്ടാൻ വിഷമമൊന്നും ഇല്ലെന്നും അമ്മ പറഞ്ഞ് ലളിതയെ താക്കീതും ചെയ്‌തിരുന്നു. പാവം വാസുദേവനും ഇക്കാര്യത്തിൽ നിസ്സഹാനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ.

സങ്കടവും നിസ്സഹായവസ്‌ഥയും ഉള്ളിൽ കടിച്ചമർത്തുകയല്ലാതെ അമ്മയെ എതിർത്ത് ഒരക്ഷരവും പറയാൻ അദ്ദേഹത്തിനായില്ല. അഥവാ ചെറുതായി പോലും എന്തെങ്കിലും അമ്മയെ കുറ്റപ്പെടുത്തിയാൽ പെൺകോന്തൻ, നാണമില്ലാത്തവൻ എന്നിങ്ങനെയുള്ള ആക്ഷേപ പദങ്ങൾ കൊണ്ട് അമ്മ വാസുദേവന്‍റെ നാവടപ്പിച്ചിരുന്നു. അതിനും കുറ്റം മുഴുവനും ലളിതാമ്മയ്ക്കായിരുന്നു. ആ കയ്പ്പുനിറഞ്ഞ ഓർമ്മകൾ ഇന്നലെയെന്നോണം ഇരുവരുടേയും മനസ്സിലേക്ക് ഓടി വന്നു.

“നമ്മുടെ വീട്ടിൽ ഒരു മരുമകൾ കടന്നുവരികയാണെങ്കിൽ ഞാനൊരിക്കലും അമ്മായിയമ്മ ആകില്ലെന്നും വീട്ടിലെ മുഴുവൻ ഭാരങ്ങളും മരുമകളുടെ തലയിൽ കെട്ടി വച്ച് ബുദ്ധിമുട്ടിക്കില്ലെന്നും ഞാനന്നേ വിചാരിച്ചതാ. കാരണം ആ പെൺകുട്ടിയും ഏറെ പ്രതീക്ഷയോടെയായിരിക്കുമല്ലോ ഈ വീടിന്‍റെ പടി ചവിട്ടുക.”

“പക്ഷേ, നിന്‍റെ മരുമകൾ നല്ലവളല്ലായിരുന്നെങ്കിലോ? അപ്പോൾ എന്ത് ചെയ്തേനെ” വാസുദേവൻ ചെറുചിരിയോടെയാണ് ലളിതാമ്മയോട് ചോദിച്ചു.

ഭർത്താവിന്‍റെ ചോദ്യം കേട്ട് ലളി താമ്മ പൊട്ടിച്ചിരിച്ചു. “എന്‍റെ ആഗ്രഹമനുസരിച്ചുള്ള മരുമകൾ വരാതിരിക്കട്ടെയെന്നും ഞാൻ ചിന്തിച്ചിരുന്നു. എന്നാലും ഞാൻ നല്ല അമ്മയാവുമായിരുന്നു. എല്ലാ പെൺകുട്ടികളും നല്ല മരുമകളാകണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ അതിനായി അമ്മായിയമ്മമാരും സ്വന്തം ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധമുള്ളവരാകണം. അയ്യോ സംസാരിച്ച് സമയം പോയതറിഞ്ഞില്ല.” ക്ലോക്കിലേക്ക് നോക്കിയ ലളിതാമ്മ സോഫയിൽ നിന്നും ചാടിയെണീറ്റു.

“ഇന്ന് ഷോപ്പിലേക്ക് പോകുന്നില്ലേ?” ലളിതാമ്മ വാസുദേവനെ ഓർമ്മിപ്പിച്ചു.

“ഇന്ന് അവധിയെടുത്താലോ എന്ന് ആലോചിക്കുകയാണ്. തന്നെയുമല്ല ലേറ്റ് ആവുകയും ചെയ്‌തു. പൊതുവെ കസ്റ്റമേഴ്സും കുറവായിരിക്കും. ഇന്ന് സ്റ്റാഫ് കാര്യങ്ങൾ നോക്കട്ടെ” വാസുദേവൻ പറഞ്ഞു.

വാസുദേവന് സിറ്റിയിൽ സ്വന്തമായി ഒരു ടെക്സ്റ്റെയിൽ ഷോറൂം ഉണ്ട്. പണ്ടു തുടങ്ങിയുള്ള ബിസിനസ്സാണ്. അതുകൊണ്ടാണ് കുടുംബം ഈ നിലയിലായത്.

“നീയും മരുമകളും എന്താ പ്ലാൻ ചെയ്‌തിരിക്കുന്നതെന്ന് പറ?” വാസുദേവൻ ആകാംക്ഷയോടെ ലളിതാമ്മയെ നോക്കി.

വാസുദേവന്‍റെ ചോദ്യത്തിന് മുന്നിൽ ലളിതാമ്മ ആദ്യമൊന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും അയാളുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ലളിതാമ്മയ്ക്ക് ആ രഹസ്യം പറയേണ്ടി വന്നു. “ഇന്ന് ഞങ്ങൾ രണ്ടുപേരും കൂടി ഒരു സിനിമ കാണാൻ പോകുവാ.”

“ഏത് സിനിമ?” വാസുദേവന്‍റെ കണ്ണുകൾ തിളങ്ങി.

“അതൊക്കെയുണ്ട്. ഇന്ന് നിങ്ങൾ ഇവിടെയുള്ള സ്‌ഥിതിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കേണ്ട ചുമതല നിങ്ങൾക്കാണ്.” ലളിതാമ്മ ഗൂഢമായി പുഞ്ചിരിച്ചു.

“ഓഹോ, നിങ്ങൾ അമ്മയും മോളും കൂടി സിനിമ കാണുമ്പോൾ ഞങ്ങൾ അച്ഛനും മോനും കൂടി വീട്ടിലെ കാര്യങ്ങൾ നോക്കണമല്ലേ ഇതല്ലേ പറയാൻ ആഗ്രഹിക്കുന്നത്.”

“അതെ, അങ്ങനെ തന്നെയാണ്” എന്ന് ചിരിച്ചു കൊണ്ട് ലളിതാമ്മ അടുക്കളയിലേക്ക് പോയി.

“എങ്കിൽ ശരി, ഞങ്ങൾ ഫുഡ് ഉണ്ടാക്കിക്കോളാം. പക്ഷേ ഇപ്പോ ഒരു കപ്പ് ചായ ഉണ്ടാക്കി തരാമോ” ലളിതാമ്മ പരിഭവം നടിച്ചുകൊണ്ട് ചായ തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.

എന്തൊക്കെയായാലും ലളിതാമ്മയും വാസുദേവനും മാതൃകാദമ്പതികളായിരുന്നു. അവർ സ്വന്തം ജീവിതത്തിൽ ഏറെ സന്തുഷ്ടരായിരുന്നു. അവരുടെ ലോകത്തേക്ക് കടന്നു വന്ന പല്ലവിയാകട്ടെ മരുമകളായിരുന്നില്ല. മകൾ തന്നെയായിരുന്നു. താനൊരു മരുമകളാണെന്ന ചിന്ത പല്ലവിയിൽ ഉണ്ടാകാത്ത വിധമായിരുന്നു അവരുടെ പെരുമാറ്റവും.

അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പല്ലവിയും ലളിതാമ്മയും തമ്മിലുള്ള ബന്ധം അദ്ഭുതമായിരുന്നു. അമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തെയും അടുപ്പത്തേയും കുറിച്ച് അവരെല്ലാവരും അസൂയ കലർന്ന അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ഒരുമിച്ച് സന്തോഷത്തോടെ ഇങ്ങനെ കഴിയാൻ പറ്റുമോയെന്നായിരുന്നു അവർക്ക് സംശയം. അവർ അമ്മായിയമ്മയും മരുമകളുമാണെന്ന് പെരുമാറ്റത്തിൽ നിന്നും തിരിച്ചറിയുക പോലുമില്ലായിരുന്നു.

ഒരു മൾട്ടി നാഷണൽ കമ്പനിയിലായിരുന്നു പല്ലവിയ്ക്ക് ജോലി. അവിടെ വച്ച് വിനീതുമായി പരിചയത്തിലാവുകയായിരുന്നു. ആ പരിചയം പ്രണയമായി മാറി. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ അവർ വിവാഹിതരുമായി.

കുട്ടിക്കാലം മുതൽക്കേ, പല്ലവിയ്ക്ക് അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിങ്ങനെയുള്ള വ്യക്തികൾ പേടിയുളവാക്കുന്ന കാര്യങ്ങളായിരുന്നു. അമ്മായിയമ്മയ്ക്കും മരുമകൾക്കും തമ്മിൽ ഒരിക്കലും സ്നേഹപൂർവ്വം ഇടപഴകാൻ കഴിയില്ലെന്ന ധാരണ അവളുടെ മനസിൽ പണ്ടുതൊട്ടെ അടിയുറച്ചിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്.

തന്‍റെ അമ്മയും അച്‌ഛമ്മയും പരസ്പരം കലഹിക്കുന്നതിന് അവൾ കുട്ടിക്കാലം മുതൽക്കേ സാക്ഷിയായിരുന്നു. അവർ ഒരിക്കലും പരസ്പരം സ്നേഹത്തോടെ ഇടപഴകുന്നത് അവൾ കണ്ടിരുന്നില്ല. അതുപോലെയായിരുന്നു അവൾക്കടുപ്പമുണ്ടായിരുന്ന ബന്ധുവീടുകളിലെല്ലാം. പരിസരത്തുള്ള വീടുകളിലും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ.

പല്ലവിയുടെ വീട്ടിൽ അച്‌ഛമ്മയും മോശമായിരുന്നില്ല. അച്ഛമ്മ ഒരു കാര്യം പറയുമ്പോൾ അമ്മ ആയിരം തവണ അതിനെ എതിർത്തു പറയും. പിന്നെ അടുത്ത നിമിഷം എന്താ ഉണ്ടാകുന്നതെന്ന് പറയേണ്ടതുണ്ടോ…

അങ്ങനെയിരിക്കെ പല്ലവിയുടെ അച്‌ഛമ്മ എന്നന്നേക്കുമായി വിട പറഞ്ഞു. അച്‌ഛമ്മയുടെ മരണാനന്തരച്ചടങ്ങിൽ തന്‍റെയമ്മ എല്ലാവരുടെയും മുന്നിൽ കള്ളക്കണ്ണീർ ഒഴുക്കുന്നത് കണ്ട് പല്ലവിയ്ക്ക് ആശ്ചര്യം തോന്നി. തന്‍റെ അമ്മായിയമ്മയല്ല, തന്‍റെ സ്വന്തം അമ്മയാണ് മരിച്ചതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മയെ കണ്ടപ്പോൾ പല്ലവി അമ്പരന്നു. ആ സമയത്ത് സത്യാവസ്ഥ എല്ലാവരോടും തുറന്ന് പറയാൻ തോന്നിയിരുന്നുവെങ്കിലും അവൾ നിശബ്ദത പാലിക്കുകയായിരുന്നു.

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കലഹം കണ്ടും കേട്ടും വളർന്ന പല്ലവിയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. വിവാഹത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അവൾക്ക് ഞെട്ടലായിരുന്നു. തന്‍റെ വരനാകാൻ പോകുന്നയാളുടെ വീട് എങ്ങനെയായിരിക്കും. ഭാവി ഭർത്താവിന്‍റെ അമ്മ തന്നോട് കലഹിക്കുമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു അവളുടെ മനസ്സിൽ. അവളുടെ മനസ്സിൽ വിവാഹത്തെ ക്കുറിച്ച് കേൾക്കുമ്പോഴൊക്കെ ആധികൾ കടന്നുവന്നു.

തന്‍റെ മനസിലുള്ള ഈ ആശങ്കയെ പറ്റി അവൾ വിനീതിനോടും പറഞ്ഞിരുന്നു. അത് കേട്ട് വിനീത് അന്ന് കുറേനേരം ചിരിക്കുകയും ചെയ്‌തു.

“അയ്യോ ആകെ കുഴപ്പാമാ, എന്‍റെ അമ്മ ശരിക്കും ഒരു ഭീകര ജീവിയാ. ഹൊ എന്‍റെ കാര്യമൊക്കെ വീട്ടിൽ മഹാ കഷ്ടമാ… അപ്പോ ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന്‍റെ കാര്യം പറയാനുണ്ടോ? നീ ഒന്നു കൂടി ആലോചിച്ചിട്ട് മതി കല്യാണം. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്.” പല്ലവി മിഴിച്ചിരുന്നു.

“ഒന്നു പോ പെണ്ണേ, എന്‍റെയമ്മ പഴയകാലത്തെ അമ്മായിയമ്മയൊന്നുമല്ല. നിനക്ക് അമ്മയെ കണ്ട് കഴിയുമ്പോൾ മനസിലാവും.”

വിനീതിന്‍റെ മറുപടി അവളുടെ ഭയത്തെ അകറ്റിയെങ്കിലും അത് പൂർണ്ണമായും മാറിയിരുന്നില്ല. എന്നാലും അമ്മായിയമ്മയെ ചൊല്ലി ഉള്ളിലെവിടെയോ ഒരു വെറുപ്പ് ഉണ്ടായിരുന്നു. വിനീതിന്‍റെ വീട്ടിൽ കാലുകുത്തും വരെ അവളുടെ മനസ്സിൽ അമ്മായിയമ്മയ്ക്ക് ഒരിക്കലും ഒരമ്മയാകാൻ പറ്റില്ലായെന്ന ആശങ്ക മാത്രമായിരുന്നു.

പോരാത്തതിന് വിവാഹം അടുത്ത സമയങ്ങളിലൊക്കെ അമ്മായിയമ്മയോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് അമ്മ അവൾക്ക് ഉപദേശവും നൽകിയിരുന്നു.

“നോക്ക് മോളെ, അമ്മായിയമ്മയെ അമ്മയായി കരുതരുത്. അങ്ങനെയൊരു മണ്ടത്തരം നീ കാട്ടരുത്. അമ്മായിയമ്മ ഒരു ഭദ്രകാളിയായിരിക്കും. അമ്മേ അമ്മേന്ന് വിളിച്ചിട്ട് അവരെ തലയിൽ കയറ്റിയിരുത്തരുത്. ചെന്നപാടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യരുത്. പരമാവധി ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താൽ അവർ നിന്‍റെ തലയിൽ കയറില്ല. മറ്റൊന്ന് ഭർത്താവിനെ കയ്യിലൊതുക്കുകയെന്നതാ. നിന്‍റെ അറിവോടെ മാത്രമേ വിനീത് ഏത് കാര്യവും ചെയ്യാൻ പാടുള്ളൂ. ഞാൻ പറഞ്ഞതൊക്കെ മനസിലാവുന്നുണ്ടല്ലോ?”

അമ്മ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിലും മറ്റ് ചില കാര്യങ്ങൾ അവൾ തള്ളിക്കളഞ്ഞു.

ഭർതൃവീട്ടിൽ ആദ്യമായി വലത് കാൽ വച്ച് കയറിയപ്പോൾ അവൾ ലളിതാമ്മയുടെ മുഖത്തേക്ക് ആദ്യമായി സൂക്ഷിച്ച് നോക്കി. അവരുടെ തടിച്ചുരുണ്ട മുഖവും തടിച്ച ശരീര പ്രകൃതവുമൊക്കെ കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഭയം തോന്നി.

നിറഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അവരുടെ സംസാരം കേൾക്കുമ്പോഴൊക്കെ പല്ലവിയ്ക്ക് വിറയൽ അനുഭവപ്പെട്ടു. അപ്പോഴെ അവളുടെ മനസിൽ ഒരു വിചാരം കടന്നു കൂടി. ഇനിയുള്ള തന്‍റെ ജീവിതത്തിൽ ഒരു പാവം മരുമകൾ സഹിക്കേണ്ട എല്ലാ യാതനകളും സഹിക്കേണ്ടി വരുമെന്ന വിചാരം.

ഒരു ദിവസം തന്‍റെ അമ്മയെക്കുറിച്ചോർത്ത് പല്ലവി കരയുന്നത് കണ്ട് ലളിതാമ്മ നെഞ്ചോട് ചേർത്തു പിടിച്ച് അവളെ ആശ്വസിപ്പിച്ചു. തന്നെ സ്വന്തം അമ്മയെപ്പോലെ കരുതുകയെന്നവരുടെ സ്നേഹപൂർവ്വമായ നിർദ്ദേശം അവളുടെ മനസിന് ആശ്വാസം പകർന്നു.

“ഇവിടെ ഒരു കാര്യത്തിനും ഒരു തടസ്സവും നിയന്ത്രണവുമുണ്ടാകില്ല. ഇത് നിന്‍റെയും കൂടി വീടാണ് മോളെ. മോള് എന്‍റെ സ്വന്തം മകൾ തന്നെയാ.” ലളിതാമ്മയുടെ സ്നേഹ നിർഭരമായ വാക്കുകൾ അവളുടെ മനസിലെ സകല ആശങ്കകളേയും തൂത്തെറിഞ്ഞു. ആ വീടുമായി ഇണങ്ങിച്ചേരാനും ബന്ധുക്കളെ പരിചയപ്പെടാനും ലളിതാമ്മ അവൾക്ക് വേണ്ട അവസരങ്ങൾ ഒരുക്കി കൊടുത്തു. അവർ മരുമകളേയും കൂടി ബന്ധുവീടുകളിലും അമ്പലങ്ങളിലും പോയി.

പല്ലവിയിൽ നിന്നും എന്തെങ്കിലും തെറ്റ് പിണഞ്ഞാൽ തന്നെ ഒരമ്മയുടെ സ്നേഹ വാത്സല്യത്തോടെ അവരത് തിരുത്തിയിരുന്നു. ലളിതാമ്മ തന്നെ അവളെ പാചകകല പരിശീലിപ്പിച്ചു. അതുവരെ പല്ലവിയ്ക്ക് ഓംലറ്റ് ഉണ്ടാക്കാനും മാഗി തയ്യാറാക്കാനും കഷ്ടിച്ച് ചായയുണ്ടാക്കാനും മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷേ അതിന്‍റെ പേരിൽ ലളിതാമ്മ അവളെ ഒരിക്കലും ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തിരുന്നില്ല. ആരെങ്കിലും കുറ്റപ്പെടുത്താൻ മുതിർന്നാൽ തന്നെ ലളിതാമ്മ അവരുടെ വായടപ്പിക്കുകയും ചെയ്‌തിരുന്നു.

ലളിതാമ്മയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും കരുതലും പല്ലവിയുടെ മനസിൽ പുതിയ ചിന്തകൾ ഉണർത്തി. ഇനി മുതൽ താൻ വിനീതിന്‍റെ അമ്മയെ സ്വന്തം അമ്മയായി മാത്രമേ കരുതുകയുള്ളൂവെന്ന് അവൾ മനസു കൊണ്ട് തീരുമാനിച്ചു.

വിനീത് തന്‍റെ മകനാണ് അതുകൊണ്ട് മകനിലുള്ള തന്‍റെ അധികാരവും അവകാശവും കഴിഞ്ഞിട്ടെയുള്ളൂ ഭാര്യയ്ക്കുള്ള അവകാശമെന്ന വിചാരം അവരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ല. ഭർത്താവിൽ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന ചിന്തയോ പല്ലവിയിലുമുണ്ടായില്ല. എപ്പോഴെങ്കിലും മകനും മരുമകളും തമ്മിൽ കലഹമുണ്ടായാലും ലളിതാമ്മ മരുമകളുടെ പക്ഷം പിടിച്ചേ സംസാരിച്ചിരുന്നുള്ളൂ. അതിനാൽ ലളിതാമ്മയോടുള്ള സ്നേഹവും ബഹുമാനവും അവളുടെ മനസിൽ വർദ്ധിച്ചതേയുള്ളൂ. അടുക്കളയിൽ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ തന്നെ പല്ലവി അമ്മയോട് ചോദിച്ച് മനസ്സിലാക്കി അത് പൂർത്തിയാക്കും.

താൻ നല്ലൊരു മകളാണെങ്കിൽ തനിക്കെന്തുകൊണ്ട് നല്ലൊരു മരുമകളായി കൂടാ?

അമ്മയും അച്‌ഛമ്മയും എന്നും പരസ്പരം കലഹിച്ചിരുന്നു. പക്ഷേ അതിൽ അച്‌ഛമ്മ മാത്രമാണ് കുറ്റക്കാരിയെന്ന് പറയാനാവുമോ? അമ്മ വിചാരിച്ചിരുന്നുവെങ്കിൽ അമ്മായിയമ്മ മരുമകൾ ബന്ധം ഊഷ്മളമായ ഒന്നാക്കാമായിരുന്നു. പക്ഷേ അമ്മയുടെ തെറ്റായ സമീപനം ബന്ധത്തെ വഷളാക്കിയതേയുള്ളൂ. പക്ഷേ അമ്മ പറഞ്ഞ് തന്നതും കാട്ടി തന്നതുമായ യാതൊന്നും താൻ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തില്ല.

എന്‍റെ സീനിയറായ അമ്മ ജൂനിയറായ എനിക്ക് നൽകുന്ന പാഠം എന്തായിരിക്കുമെന്ന് കൃത്യമായി അറിയാമായിരുന്നു. ഭർത്താവിന്‍റെ വീട്ടിലുള്ള അംഗങ്ങളുമായും ഹൃദ്യമായതും ആഴത്തിലുള്ളതുമായ ബന്ധം സ്‌ഥാപിക്കാനാവുമെന്ന് എന്തുകൊണ്ട് പെൺകുട്ടികൾ തിരിച്ചറിയുന്നില്ല. പല്ലവിയുടെ മനസിൽ ഓരോരോ ചിന്തകൾ കടന്നു പോയികൊണ്ടിരുന്നു.

അതിനാൽ താൻ വേറിട്ട തരത്തി ലുള്ള ബന്ധം സൃഷ്ടിച്ചെടുക്കുമെന്ന് അവൾ ദൃഢനിശ്ചയമെടുത്തു. ഇനിയെന്ത് കാര്യം ചെയ്താലും വിനീതിന്‍റെ അമ്മയേയും ഒപ്പം കൂട്ടും.

പല്ലവി പതിയെ വിനീതിന്‍റെ അമ്മയെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രീതി പഠിപ്പിച്ചു കൊടുത്തു. എന്തിന് കാർ ഡ്രൈവിംഗ് വരെ പല്ലവി അമ്മയെ പഠിപ്പിച്ചു. എല്ലാവരും ജോലിക്കായി പുറത്തു പോയി കഴിഞ്ഞാൽ വീട്ടിലിരുന്ന് അമ്മ ബോറടിക്കാൻ പാടില്ലെന്ന് പല്ലവിയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് പല്ലവി അമ്മയെ നിർബന്ധിച്ച് കൂട്ടുകാരികൾക്കൊപ്പം ഷോപ്പിംഗിനും പാർട്ടിയ്ക്കും മറ്റും അയച്ചു.

ആദ്യമൊക്കെ ലളിതാമ്മയ്ക്ക് ഇത്തരം കാര്യങ്ങൾ വിചിത്രമായി അനുഭവപ്പെട്ടെങ്കിലും പിന്നീടത് രസകരമായി തോന്നി. ലളിതാമ്മ സ്വന്തം വേഷവിതാനങ്ങളിലും ശ്രദ്ധിച്ചു തുടങ്ങി. പുതിയ സ്റ്റൈലിലുള്ള സാരി വാങ്ങി ധരിച്ചു. ഇടയ്ക്ക് സൽവാറും ചുരിദാറും ധരിച്ച് ഔട്ടിംഗിന് പോയി. നടന്ന് ശരീരഭാരം കുറച്ചു.

അമ്മയും മരുമകളും എന്നും രാവിലെ ഒരുമിച്ച് നടക്കാൻ പോകുന്നത് മറ്റുള്ളവർക്ക് പതിവുള്ള കാഴ്ചയായി. തന്‍റെ ശരീരഭാരം കുറഞ്ഞതിൽ ലളിതാമ്മയ്ക്ക് അഭിമാനവും മതിപ്പും തോന്നി. എല്ലാം പല്ലവിയുടെ ശ്രമഫലമായിരുന്നു. അതോർത്തപ്പോൾ ലളിതാമ്മയ്ക്ക് പല്ലവിയോട് വാത്സല്യം കൂടി. അല്ലായിരുന്നുവെങ്കിൽ ഈ തടിയും വച്ച് താൻ വെറുതെ ജീവിച്ചു പോകുമായിരുന്നില്ലേ..?

ലളിതാമ്മയിലുണ്ടായ മാറ്റം കണ്ട് വാസുദേവൻ ഒരിക്കൽ ചിരിയോടെ പറയുകയും ചെയ്‌തു.“ നീ കരീന കപൂറിനെ പോലെ സീറോ സൈസ് ആകുവാണോ ലളിതെ… ഇങ്ങനെ പോയാൽ നീ ചെറുപ്പക്കാരിയും ഞാൻ വയസ്സനുമാകും.”

“ഹാ സീറോ സൈസ് ആകാനാ എന്‍റെ പ്ലാൻ എന്നോട് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.” ലളിത തമാശ പറഞ്ഞു.

“ഞാനെന്തിന് അസൂയപ്പെടണം. നല്ല കാര്യമല്ലേ. നീ ആരോഗ്യത്തോടെയിരുന്നാൽ എനിക്ക് നല്ല ഭക്ഷണം കിട്ടുമല്ലോ.” വാസുദേവൻ പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ട് പല്ലവിയും വിനീതും പൊട്ടിച്ചിരിച്ചു. തന്‍റെ ഈ വീട് ഒരു കൊച്ച് വലിയ സ്വർഗ്ഗമായതു പോലെ അവൾക്ക് തോന്നി. ചില ശരിയായ ചിന്തകൾ എത്ര വലിയ ശരികളിലേക്കും സമാധാനത്തിലേക്കുമാണ് നയിക്കുന്നത്. പല്ലവി അമ്മയെ കെട്ടിപ്പിടിച്ചു.

और कहानियां पढ़ने के लिए क्लिक करें...