പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു.

“അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.”

കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ  പറഞ്ഞു.

“തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ…”

“എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.”

ആ മാറിൽ വീണ് തേങ്ങിക്കരയുമ്പോൾ നരേട്ടൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“നിന്‍റെ മനോനില എനിക്കു മനസ്സിലാകുന്നുണ്ട് മീരാ… ഇക്കാര്യത്തിൽ നീ തെറ്റുകാരിയല്ല. നിന്‍റേതല്ലാത്ത തെറ്റുകൾക്കാണ് നീയി നാട്ടുകാരുടെ മുമ്പിൽ അപമാനിതയാകേണ്ടി വരുന്നതെന്നും എനിക്കു മനസ്സിലാകുന്നുണ്ട്.”

ഒരു ഭർത്താവെന്ന നിലയിൽ നരേട്ടന്‍റെ വിശാല മനഃസ്‌ഥിതി ഒരിക്കൽ കൂടി വെളിവായ നിമിഷം. മനസ്സിന്‍റെ ശ്രീകോവിലിൽ ഞാൻ പൂജിച്ചു നമസ്കരിക്കേണ്ട ഈശ്വരബിംബം, നരേട്ടൻ ഒരിക്കൽ കൂടി ദൈവത്തിന്‍റെ അവതാരമാണെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഇടറുന്ന കാൽ വെയ്പുകളോടെ അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“ഇവിടേയ്ക്കു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓർക്കാതിരുന്നതു കഷ്ടമായി പോയി. ഇനി ഇപ്പോൾ ദേവേട്ടനോട് ഞാൻ എന്തു പറയും? സത്യം അറിയുമ്പോൾ ദേവേട്ടൻ എന്തു പറയുമോ ആവോ? അമ്മയെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും നഷ്ടമാകും.” അവൾ അൽപം മുഖം വീർപ്പിച്ചാണ് അതു പറഞ്ഞത്. അവൾ തുടർന്നു.

“ഏതായാലും മോനേയും ഒരുക്കി ഡ്രസ്സൊക്കെ പായ്ക്കു ചെയ്‌തു വയ്ക്കട്ടെ. ഒരാഴ്ച താമസിക്കുമെന്നു കരുതിയാണ് ഡ്രസ്സൊക്കെ ഇത്രയും എടുത്തത്. ഇനി ഇപ്പോൾ വലിച്ചു വാരിയിട്ടതൊക്കെ അടുക്കി ബാഗിലാക്കണം. ഒരു നല്ല ജോലി തന്നെയാണ് അത്.”

സ്വന്തം മുറിയിലേയ്ക്കു നടക്കുന്നതിനിടയിൽ കൃഷ്ണമോൾ പറഞ്ഞു.

നിറമിഴികളുമായി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ പാതിമയക്കത്തിലായിരുന്നു. ആ കാൽക്കൽ തൊട്ട നിമിഷം അമ്മ ഞെട്ടി ഉണർന്നു. കണ്ണുനീർ വഴിയുന്ന മുഖമമർത്തി ആ കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മീര… എന്തിനാണ് മോളെ നീ കരയുന്നത്? നിനക്കിത്ര മനക്കട്ടിയില്ലാതെയായോ? ഒരു കാലത്ത് എന്തും സഹിക്കുന്നവളായിരുന്നല്ലോ നീ. ഫഹദ് സാറിനോടൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്ത നിന്‍റെ മനക്കട്ടി കണ്ട് ഞാനന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്‌ഛനെ എതിർക്കുവാനും പട്ടിണി കിടക്കാനുമൊക്കെ നിനക്ക് എത്ര ധൈര്യമായിരുന്നു. ഇന്നിപ്പോൾ ആ ധൈര്യമൊക്കെ എവിടെപ്പോയി?

“ശരിയാണമ്മേ… ഫഹദ്സാറിനോടുള്ള ഉള്ളിലുറഞ്ഞ സ്നേഹത്തിന്‍റെ ശക്തിയായിരുന്നു അന്ന് എന്നെ അതിനെല്ലാം പ്രാപ്തയാക്കിയത്. എന്നാലിന്ന് ഞാൻ എന്തും നേരിടാൻ അശക്‌തയായിരിക്കുന്നു. കാലത്തിന്‍റെ വിധിയുടെ ക്രൂരമായ പ്രഹരങ്ങളേറ്റ് ഞാൻ തളർന്നിരിക്കുന്നു. എന്നെ താങ്ങുവാൻ നരേട്ടന്‍റെ കൈകളുണ്ട്. എന്നിട്ടും എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല അമ്മേ…”

“നരനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് മോളെ. മറ്റുള്ളവരുടെ വാക്കുകൾക്ക് നീ വില കൊടുക്കേണ്ട. നീ വില കൊടുക്കേണ്ടത് നരന്‍റെ വാക്കുകൾക്കാണ്, സ്നേഹത്തിനാണ്.”

“അതെനിക്കറിയാമമ്മേ… അതുകൊണ്ടാണ് എനിക്കിവിടെ നിന്നും ഓടിപ്പോകുവാൻ തോന്നുന്നത്. ഇനിയും ഇവിടെ നിന്നാൽ ഞാൻ ഒരു ഭ്രാന്തിയായി പോകും അമ്മേ. മാത്രമല്ല ഒരു പക്ഷെ എനിക്കു വേണ്ടി ജീവിച്ച നരേട്ടനെ എനിക്കു വേദനിപ്പിക്കേണ്ടി വരും. ഒരാത്മഹത്യ അല്ലെങ്കിൽ എല്ലാറ്റിൽ നിന്നും ഒരു ഒളിച്ചോടൽ അതു മാത്രമേ എന്‍റെ മുമ്പിൽ ഇനി പോംവഴിയായുള്ളൂ. എന്‍റെ മകൾ പോലും എന്നെ വെറുത്തു കഴിഞ്ഞു. ഇനി ദേവാനന്ദും കൂടി എല്ലാം അറിഞ്ഞാൽ പിന്നെ ഈ ഭൂമി പിളർന്ന് മറയുകയേ എനിക്കു നിവൃത്തിയുള്ളൂ. ഇവിടെ ഇനിയും തുടർന്നാൽ ഒരുപക്ഷെ അതൊക്കെ സംഭവിക്കും.”

“ഇവിടുത്തെ താമസം അത്രത്തോളം നിന്നെ വേദനിപ്പിക്കുന്നുവെങ്കിൽ നീയിനി ഇവിടെ നിൽക്കണ്ട മീര. മടങ്ങിക്കോളൂ. നിന്നോടും കുടുംബത്തോടുമൊപ്പം അൽപ ദിവസങ്ങൾ കൂടി കഴിയണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ നിങ്ങളെയെല്ലാവരേയും കുറച്ചു ദിവസമെങ്കിലും എനിക്കു കാണാൻ കഴിഞ്ഞുവല്ലോ, സന്തോഷമായി. ഇനി മഞ്‌ജുവും കൂടി എത്തിയാൽ ഈ അമ്മയ്ക്കു സമാധാനമായി മരിക്കാം.”

“അമ്മയും നരേട്ടനെപ്പോലെ മരണത്തെപ്പറ്റി പറയുന്നു. അരുതമ്മേ… മറ്റുള്ളവരുടെ മരണത്തെപ്പറ്റി കേൾക്കാൻ ഞാൻ അശക്തയാണ്. പ്രത്യേകിച്ച് എനിക്ക് പ്രിയപ്പെട്ടവരുടെ.” ഞാൻ അമ്മയെ വിലക്കിക്കൊണ്ടു പറഞ്ഞു. വീണ്ടുമൊരിക്കൽ കൂടി ആ കാലിൽ വീണു പൊട്ടിക്കരയുമ്പോൾ ഞാൻ അപേക്ഷിച്ചു.

“എന്നോടു ക്ഷമിക്കൂ അമ്മേ… ഒരു മകളുടെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കാൻ എനിക്കായില്ല.”

“സാരമില്ല മോളെ… ചിലരോടെങ്കിലും കാലം ഇത്തരത്തിൽ ക്രൂരനാവാറുണ്ട്. സ്വന്തം കടമകൾ പൂർണ്ണമായി നിർവ്വഹിക്കാനാവാതെയാണ് പലരും മണ്ണിനടിയിലേയ്ക്കു മടങ്ങിപ്പോകുന്നത്. പക്ഷെ അത്തരത്തിലൊരനുഭവം എന്‍റെ മക്കൾക്കൊന്നുമുണ്ടാകാതിരിക്കട്ടെ. നിങ്ങളെല്ലാവരും കുടുംബത്തോടൊപ്പം ദീർഘായുസ്സായി സന്തോഷത്തോടെ കഴിയുന്നതു കാണാനാണ് അമ്മയ്ക്കാഗ്രഹം. മരിച്ച് മുകളിൽ ചെല്ലുമ്പോഴും ഞാനതു തന്നെ കാണാൻ ആഗ്രഹിക്കുന്നു.”

“എന്താ മീര… ഇറങ്ങാറായില്ലെ. ഇന്ന് മൂന്നുമണിയ്ക്ക് ഒരു ഫ്ളൈറ്റ് ഉണ്ട്. അതിന് ഞാൻ ബുക്കു ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇറങ്ങിയാലെ എയർപോർട്ടിൽ രണ്ടുമണിക്കൂർ മുമ്പെങ്കിലും എത്തി ബോർഡിംഗ് പാസ്സ് എടുക്കാനാവുകയുള്ളൂ.”

തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ വാതിൽക്കലെത്തി ധൃതികൂട്ടുകയാണ്. അമ്മ പെട്ടെന്ന് എല്ലാവരേയും അടുത്തേയ്ക്കു വിളിച്ചു കൊണ്ടു പറഞ്ഞു.

“എല്ലാവരേയും ഞാൻ ഒരിക്കൽ കൂടി നല്ലോണം കണ്ടു കൊള്ളട്ടെ. ഇനി എനിക്ക് നിങ്ങളെയൊന്നും കാണുവാൻ ഭഗവാൻ ഇടതന്നില്ലെങ്കിലോ?”

നരേട്ടന്‍റെ പുറകിൽ നിന്നിരുന്ന കൃഷ്ണമോളും, ദേവാനന്ദും, ടുട്ടുമോനും കൂടി നരേട്ടനൊടൊപ്പം മുറിക്കകത്തേയ്ക്കു കടന്നു വന്നു. അവർ അമ്മയുടെ അടുത്തെത്തി. ആ മുഖത്തുറ്റു നോക്കി നിന്നു.

“ടുട്ടുമോനെ എന്‍റടുത്തേയ്ക്കു കൊണ്ടുവന്നേ കൃഷ്ണമോളെ… ഞാനവന് ഒരു ഉമ്മ കൊടുക്കട്ടെ.”

കൃഷ്ണമോൾ അൽപം മടിച്ചു മടിച്ചാണെങ്കിലും ടുട്ടുമോനെയും കൊണ്ട് അമ്മയുടെ അടുത്തെത്തി. സുഖമില്ലാത്ത അവസ്‌ഥയിൽ വലിയ വൃത്തിയൊന്നുമില്ലാതെ കിടക്കുന്ന അമ്മ അവനെ തൊടുന്നതിൽ അവൾക്ക് ഇഷ്ടക്കുറവുണ്ടെന്നു തോന്നി. അമ്മയിൽ നിന്നും രോഗാണുക്കൾ പകരുമോയെന്ന ഭയം.

“മുത്തശ്ശി അവനെ തൊടുകയൊന്നു വേണ്ട. അവൻ ചിലപ്പോൾ കരഞ്ഞെന്നു വരും. ഇപ്പോൾ അവൻ കരഞ്ഞാൽ യാത്രയെല്ലാം അലങ്കോലമാകും.” കൃഷ്ണമോൾ തന്‍റെ കൂർമ്മ ബുദ്ധി ഉപയോഗിച്ച് അത് തടഞ്ഞു കൊണ്ടു പറഞ്ഞു. അതുകേട്ടു നിന്ന എനിക്ക് സഹിച്ചില്ല. കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി അമ്മയുടെ അടുത്തെത്തിച്ച് ആ കവിളിനോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അമ്മ മുത്തം നൽകിക്കോളൂ അമ്മേ. അവൻ കരയുകയൊന്നുമില്ല.”

എന്‍റെ കൈകളിലിരുന്ന് ചിരിക്കുന്ന അവനെ അമ്മയുടെ ചുണ്ടോടു ചേർത്തമർത്തുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഗദ്ഗദത്തോടെ അമ്മ പറഞ്ഞു. “നിങ്ങൾ എല്ലാവരും നന്നായി വരും മക്കളെ. ഈ മുത്തശ്ശി നിങ്ങളുടെ നല്ല ജീവിതം സ്വർഗ്ഗത്തിലിരുന്നു കാണും.”

നരേട്ടൻ അമ്മയുടെ അടുത്തെത്തി ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പോയി വരാം അമ്മേ. അമ്മയ്ക്ക് വേഗം സുഖംപ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.” ആ കൈകളിൽ അൽപ നിമിഷം മുറുകെപ്പിടിച്ച അമ്മ എന്നേയും അടുത്തു വിളിച്ചു. കൃഷ്ണമോളുടെ പക്കൽ കൊച്ചുമോനെ തിരികെ ഏല്പിച്ച് അടുത്തെത്തുമ്പോൾ അമ്മ എന്‍റെ കൈകൾ നരേട്ടന്‍റെ കൈകളോട് ചേർത്തു വച്ചു പറഞ്ഞു.

“നിങ്ങൾ എന്നും ഇതുപോലെ സന്തോഷമായിരിക്കണം. മക്കളും കൊച്ചു മക്കളുമൊക്കെയായിട്ട് ദീർഘനാൾ ജീവിയ്ക്കാനിടവരട്ടെ.”

അമ്മയുടെ ആശീർവ്വാദം ഏറ്റുവാങ്ങി ഞങ്ങൾ നിറഞ്ഞ മനസ്സോടെ നിന്നു. അപ്പോൾ ദീർഘനേരം അമ്മ ഞങ്ങളുടെ കൈയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ കൈയ്യടർത്തി മാറ്റി അമ്മ പറഞ്ഞു.

പോയി വരൂ മക്കളെ.

തള്ളപ്പശുവിന്‍റെ മുന്നിൽ നിന്നും നിർബന്ധപൂർവ്വം പിടിച്ചു മാറ്റപ്പെട്ട പൈക്കിടാവിനെ പോലെ അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി, നരേട്ടന്‍റെ കൈകളുടെ മുറുകപ്പിടിത്തത്തിലമർന്ന് ഞാൻ മുറിയ്ക്കു പുറത്തു കടന്നു. പൂമുഖത്തെത്തുന്നതു വരെ നരേട്ടൻ എന്‍റെ കൈകളുടെ പിടുത്തം വിട്ടിരുന്നില്ല. ഒരുപക്ഷെ ഞാൻ അമ്മയുടെ അടുത്തു നിന്നും മടങ്ങിപ്പോരാൻ വിസമ്മതിച്ചാലോ എന്ന് അദ്ദേഹം കരുതുന്നതു പോലെ തോന്നി. അദ്ദേഹം പറയുകയും ചെയ്തു. “അൽപം മുമ്പ് ഈ വീട്ടിൽ നിന്നും മടങ്ങിപ്പോകാൻ നിർബന്ധം പിടിച്ച തന്നെയല്ലല്ലോ അമ്മയുടെ മുറിയിലെത്തിയപ്പോൾ കണ്ടത്.”

“അത് പിന്നെ അമ്മയെ വിട്ടു പോരാൻ” ഞാൻ അർദ്ധോക്തിയിൽ നിർത്തി നിറമിഴികളേടെ പുഞ്ചിരിച്ചു.

“അമ്മയെ വിട്ടു പോരാൻ ഒരു വിഷമം അല്ലെ…” നരേട്ടൻ പൂരിപ്പിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ വിഷാദമഗ്നമായി പുഞ്ചിരിച്ചു. അപ്പോൾ മായ ഞങ്ങളുടെ അടുത്തെത്തി.

“അല്ലാ, നിങ്ങൾ യാത്ര പുറപ്പെടാൻ തയ്യാറായോ? എങ്കിലും ചേച്ചി ഇത്ര പെട്ടെന്ന് ഒരു മടക്കം വേണ്ടായിരുന്നു. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി അമ്മയെ ശുശ്രൂഷിച്ച് ഇവിടെ കഴിയാമായിരുന്നു.”

“ആഗ്രഹമുണ്ടെങ്കിലും അതു ശരിയാവുകയില്ല മോളെ… ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലെ എല്ലാം.”

“അതു ശരിയാണ്. എങ്കിലും ധീരയായ എന്‍റെ പഴയ മീര ചേച്ചിയെ കാണുവാൻ ഞാൻ ആഗ്രഹിച്ചു പോയി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കുവാൻ ചേച്ചിയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഞങ്ങളെല്ലാം അതിനെ അസൂയയോടെ നോക്കി കണ്ടിട്ടുണ്ട്.”

“ശരിയാണ് മോളെ… ഒരു കാലത്ത് ചേച്ചി അങ്ങനെയായിരുന്നു. പെണ്ണുങ്ങൾ അധികം കരയുന്നതു പോലും തെറ്റാണെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ. കരച്ചിൽ കൊണ്ട് ഒന്നും നേടാനാവുകയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാലിന്ന് ആ ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു. ആണിനെക്കാൾ കഴിവും തന്‍റേടവുമുള്ളവളെന്ന് കോളേജിലെല്ലാവരും വാഴ്ത്തിയിരുന്നവൾ ഇന്ന് അധീരയായ ഒരു പെണ്ണാണ്. വിധിയുടെ നിരന്തരമായ പ്രഹരം എന്‍റെ ധൈര്യമെല്ലാം ചോർത്തിക്കളഞ്ഞിരിക്കുന്നു.

“ചേച്ചീ ഇനി എനിക്ക് ഒന്നും പറയാനില്ല. എല്ലാം ചേച്ചിയുടെ ഇഷ്ടം. ഒരു കാര്യം എനിക്കു പറയാനുണ്ട്. ചേച്ചിയെ ഇന്നലെ ഇവിടെ വച്ച് കുറ്റപ്പെടുത്തിയവർ ഒരുപക്ഷെ ചേച്ചി ഫഹദ് സാറിനൊപ്പം ജീവിച്ചാലും കുറ്റപ്പെടുത്തുമായിരുന്നു. ചേച്ചീ ഒരു മുസൽമാനെയാണ് വിവാഹം കഴിച്ചതെന്നു പറഞ്ഞ്. പരദൂഷണം പറഞ്ഞു രസിക്കുന്നവർക്ക് എന്തു കിട്ടിയാലും മതിയല്ലോ ചേച്ചീ. മറ്റുള്ളവരുടെ ജീവിതം തകരുന്നത് അവർക്ക് ഒരു പ്രശ്നമല്ല. അവരെയൊക്കെ പരിഗണിക്കാൻ പോയാൽ നമുക്ക് ഒരു ജീവിതമുണ്ടാവുകയില്ലചേച്ചീ.”

“മായമോളെ നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഇന്നിപ്പോൾ ഞാൻ പറഞ്ഞില്ലെ. എന്തും സഹിക്കാൻ മാത്രമുള്ള ത്രാണി ഇന്ന് എനിക്കില്ല. പോരെങ്കിൽ വയസ്സായിത്തുടങ്ങിയിരിക്കുന്നു. അതും ഒരു കാരണമായിരിക്കാം. ഞാൻ പോയി വരട്ടെ മോളെ…” മായയെ ആലിംഗനം ചെയ്‌ത് യാത്ര പറയുമ്പോൾ കൃഷ്ണമോൾ അടുത്തെത്തി.

“പോയി വരട്ടെ ഡോക്‌ടർ ആന്‍റി.” അവൾ മായയോട് യാത്ര ചോദിച്ചു. മായ അവളെ സ്നേഹപൂർവ്വം ആലിംഗനം ചെയ്‌തു. പിന്നെ ടുട്ടുമോനെ എടുത്ത് മുത്തം കൊടുത്തു.

“നിങ്ങൾ ബാംഗ്ലൂർക്ക് വരണം.” മായ കൃഷ്ണമോളെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“വരാം ആന്‍റീ…” അങ്ങനെ പറഞ്ഞ് ടുട്ടുമോനെയുമെടുത്ത് അവൾ മുന്നേ നടന്നു. അപ്പോൾ മായ അടുത്തു നിന്ന തന്നോടായി പറഞ്ഞു.

“ചേച്ചിയും, നരേട്ടനും ബാംഗ്ലൂർക്ക് വന്ന് അൽപ ദിവസം ഞങ്ങളോടൊപ്പം താമസിക്കണം. എന്‍റെ മക്കൾ അവരുടെ മീര വല്യമ്മയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ് ചേച്ചിയെക്കാണുവാൻ കാത്തിരിക്കുകയാണ്.”

അവൾ പറഞ്ഞതു കേട്ട് ഞാൻ നിശ്ചലം നിന്നു. സൗന്ദര്യം ചിലപ്പോൾ ചിലർക്കെങ്കിലും ഒരു ശാപമാണു കുഞ്ഞെ. അങ്ങിനെ പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞതിങ്ങനെയാണ്.

“ഞങ്ങൾ വരാം മോളെ…” ഇനിയും അവിടെ നിന്നാൽ വിങ്ങിപ്പൊട്ടിപ്പോകുമെന്നു തോന്നി. ജനിച്ച വീടിനോടുള്ള അവസാനത്തെ യാത്ര പറച്ചിൽ. ഇനിയും ഈ മണ്ണിലേയ്ക്ക് ഒരു വരവുണ്ടാവുകയില്ല. എനിക്ക് ശാപങ്ങൾ മാത്രം നൽകിയ ഈ മണ്ണ്. ഒരിക്കൽ ഈ വീടും പരിസരവും എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നോർത്തു. മായയും, മഞ്ജുവും ഞാനും സ്വപ്നങ്ങൾ പങ്കു വച്ച് കളിച്ചു ചിരിച്ച വീട്. ആ വീടിന് എനിക്കു നേരെ ഒരു ദുർഭൂതത്തെപ്പോലെ പല്ലിളിച്ചു ചിരിക്കുന്നു.

കൂടുതൽ അവിടെ നിൽക്കാനാവാതെ വേഗം പുറത്തു കടന്നു. നരേട്ടനും, കൃഷ്ണമോളും ടുട്ടുമോനും ദേവാനന്ദും അപ്പോൾ വിളിച്ചു വരുത്തിയ ടാക്സി കാറിനടുത്തു നിന്നിരുന്നു. അവരുടെ അടുത്തെത്താൻ ഞാനും വേഗത്തിൽ നടന്നു. പടിയ്ക്കു പുറഞ്ഞു കടന്ന ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മായമോൾ നിറകണ്ണുകളുമായി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. വാതിലിനിടയിൽ കൂടി കാണുന്ന പൂമുഖ ഭിത്തിയിലെ അച്‌ഛന്‍റെ ഫോട്ടോയും അപ്പോൾ മാത്രമാണ് ഞാൻ കണ്ടത്.

“മകളെ മാപ്പു തരൂ… എന്ന് ആ കണ്ണുകൾ നിശബ്ദം എന്നോട് യാചിക്കുകയാണോ ചെയ്യുന്നത്. ആ കണ്ണുകളിലെ വിഷാദഭാവം അങ്ങനെ വിളിച്ചു പറയുന്നതായി തോന്നി. ഒരിക്കൽ ഗാംഭീര്യം മാത്രമ നിറഞ്ഞു നിന്നിരുന്ന മുല്ലശേരിൽ മാധവ മോനോൻ എന്ന എന്‍റെ അച്‌ഛന്‍റെ വദനത്തിലേയ്ക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ച് നിശബ്ദം ഞാൻ കാറിൽ കയറി. കാർ ഞങ്ങളേയും കൊണ്ട് അതിവേഗം എയർപോർട്ടിലേയ്ക്ക് പാഞ്ഞു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...