പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു.

“അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.”

കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ  പറഞ്ഞു.

“തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ...”

“എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.”

ആ മാറിൽ വീണ് തേങ്ങിക്കരയുമ്പോൾ നരേട്ടൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“നിന്‍റെ മനോനില എനിക്കു മനസ്സിലാകുന്നുണ്ട് മീരാ... ഇക്കാര്യത്തിൽ നീ തെറ്റുകാരിയല്ല. നിന്‍റേതല്ലാത്ത തെറ്റുകൾക്കാണ് നീയി നാട്ടുകാരുടെ മുമ്പിൽ അപമാനിതയാകേണ്ടി വരുന്നതെന്നും എനിക്കു മനസ്സിലാകുന്നുണ്ട്.”

ഒരു ഭർത്താവെന്ന നിലയിൽ നരേട്ടന്‍റെ വിശാല മനഃസ്‌ഥിതി ഒരിക്കൽ കൂടി വെളിവായ നിമിഷം. മനസ്സിന്‍റെ ശ്രീകോവിലിൽ ഞാൻ പൂജിച്ചു നമസ്കരിക്കേണ്ട ഈശ്വരബിംബം, നരേട്ടൻ ഒരിക്കൽ കൂടി ദൈവത്തിന്‍റെ അവതാരമാണെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഇടറുന്ന കാൽ വെയ്പുകളോടെ അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“ഇവിടേയ്ക്കു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓർക്കാതിരുന്നതു കഷ്ടമായി പോയി. ഇനി ഇപ്പോൾ ദേവേട്ടനോട് ഞാൻ എന്തു പറയും? സത്യം അറിയുമ്പോൾ ദേവേട്ടൻ എന്തു പറയുമോ ആവോ? അമ്മയെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും നഷ്ടമാകും.” അവൾ അൽപം മുഖം വീർപ്പിച്ചാണ് അതു പറഞ്ഞത്. അവൾ തുടർന്നു.

“ഏതായാലും മോനേയും ഒരുക്കി ഡ്രസ്സൊക്കെ പായ്ക്കു ചെയ്‌തു വയ്ക്കട്ടെ. ഒരാഴ്ച താമസിക്കുമെന്നു കരുതിയാണ് ഡ്രസ്സൊക്കെ ഇത്രയും എടുത്തത്. ഇനി ഇപ്പോൾ വലിച്ചു വാരിയിട്ടതൊക്കെ അടുക്കി ബാഗിലാക്കണം. ഒരു നല്ല ജോലി തന്നെയാണ് അത്.”

സ്വന്തം മുറിയിലേയ്ക്കു നടക്കുന്നതിനിടയിൽ കൃഷ്ണമോൾ പറഞ്ഞു.

നിറമിഴികളുമായി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ പാതിമയക്കത്തിലായിരുന്നു. ആ കാൽക്കൽ തൊട്ട നിമിഷം അമ്മ ഞെട്ടി ഉണർന്നു. കണ്ണുനീർ വഴിയുന്ന മുഖമമർത്തി ആ കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മീര... എന്തിനാണ് മോളെ നീ കരയുന്നത്? നിനക്കിത്ര മനക്കട്ടിയില്ലാതെയായോ? ഒരു കാലത്ത് എന്തും സഹിക്കുന്നവളായിരുന്നല്ലോ നീ. ഫഹദ് സാറിനോടൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്ത നിന്‍റെ മനക്കട്ടി കണ്ട് ഞാനന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്‌ഛനെ എതിർക്കുവാനും പട്ടിണി കിടക്കാനുമൊക്കെ നിനക്ക് എത്ര ധൈര്യമായിരുന്നു. ഇന്നിപ്പോൾ ആ ധൈര്യമൊക്കെ എവിടെപ്പോയി?

“ശരിയാണമ്മേ... ഫഹദ്സാറിനോടുള്ള ഉള്ളിലുറഞ്ഞ സ്നേഹത്തിന്‍റെ ശക്തിയായിരുന്നു അന്ന് എന്നെ അതിനെല്ലാം പ്രാപ്തയാക്കിയത്. എന്നാലിന്ന് ഞാൻ എന്തും നേരിടാൻ അശക്‌തയായിരിക്കുന്നു. കാലത്തിന്‍റെ വിധിയുടെ ക്രൂരമായ പ്രഹരങ്ങളേറ്റ് ഞാൻ തളർന്നിരിക്കുന്നു. എന്നെ താങ്ങുവാൻ നരേട്ടന്‍റെ കൈകളുണ്ട്. എന്നിട്ടും എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല അമ്മേ...”

“നരനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് മോളെ. മറ്റുള്ളവരുടെ വാക്കുകൾക്ക് നീ വില കൊടുക്കേണ്ട. നീ വില കൊടുക്കേണ്ടത് നരന്‍റെ വാക്കുകൾക്കാണ്, സ്നേഹത്തിനാണ്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...