നല്ല തണുപ്പ്...
ആകെ മരവിച്ച അവസ്ഥ! രാവാണോ പകലാണോ…. കണ്ണ് തുറന്നു നോക്കി. നല്ല ഇരുട്ടാണ്. തണുപ്പിൽ പുതച്ചുമൂടി കിടക്കുന്നതൊരു ഹരമാണ്. എന്നിട്ടും പതിയെ എഴുന്നേറ്റിരുന്നു പുതപ്പു മാറ്റി.. എവിടെയൊക്കെയോ നിന്ന് സംസാര ശകലങ്ങൾ ഒഴുകിവരുന്നതു പോലെ. ഒന്നും കാണാൻ പറ്റുന്നില്ല. കഴുത്തിൽ വല്ലാത്ത മുറുക്കം. എന്താ എനിക്ക് ഞാനെവിടെയാ...
ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. തേഞ്ഞുതീർന്ന ചിന്താശകലങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു. പിഴച്ച ചുവടുകൾ നിലം പതിക്കുന്ന ചിന്തകളുടെ അലക്ഷ്യമായ സഞ്ചാരം പോലെ തപ്പിതടഞ്ഞു ഇരുട്ടിലൂടെ നടന്നു.
പെട്ടന്നാരോ വാതിൽ തുറന്നു… വെളിച്ചം കണ്ണിന്‍റെ തെളിച്ചത്തിലേക്ക് കത്തിക്കു കുത്തുന്നതുപോലെ .
വേഗം പുറത്തിറങ്ങി... ഓ ഇത് ആശുപത്രിയിലാണല്ലോ ഞാനനെന്തിനാ ഇവിടെ വന്നത്.
ആശുപത്രിക്കു പുറത്തേക്കു നോക്കിയപ്പോൾ തണൽ മരത്തിനടുത്ത് അടുത്ത വീടുകളിലെ ചേട്ടന്മാര് നിൽപ്പുണ്ട്… അവിടെയ്ക്കു ചെന്നു.
ഞാനടുത്തു ചെന്നിട്ടും അവരാരും ശ്രദ്ധിക്കുന്നില്ല.. എന്തോ സങ്കടഭാവത്തിലാണ് അവർ. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും മിണ്ടുന്നില്ല.
ഒന്നും മനസ്സിലാവാതെ നോക്കുമ്പോൾ കുഞ്ഞുമോൻ ദൂരെ മാമന്‍റെ അടുത്ത് നിൽക്കുന്നു. അവനെ മാമൻ ചേർത്തുപിടിച്ചുണ്ട്. മാമനും അവനും തന്നെ നോക്കുന്നില്ല. അവരുടെ മുഖത്ത് മനസ്സും ചിന്തകളും നഷ്ടപ്പെട്ടു ഉഴലുന്ന ഭ്രാന്താന്മകമായ നിർവ്വികാരത.
അടുത്ത വീട്ടിലെ സന്തോഷ് ചേട്ടനും ശിവൻ ചേട്ടനും ദൂരെ കാറിനടുത്ത് നിൽപ്പുണ്ട്.
അവരുടെ അടുത്തേക്ക് നടന്നു. നടക്കുമ്പോൾ ശരിക്കും ഒഴുകി നടക്കുന്നതു പോലെ. ചിറകുകൾ ഇല്ലാതെ പാറിപ്പറക്കുന്ന പോലെ. പെട്ടന്നവർ ആശുപത്രിയുടെ അടുത്തേക്ക് നടക്കുന്നു. നേരെ മുമ്പിൽ കണ്ടിട്ടും അവരെന്താ മിണ്ടാതെ നോക്കാതെ പോവുന്നത്.
എവിടേയ്ക്കാ സന്തോഷേട്ടാ …
ഇവർക്കെന്താ പറ്റിയത് മിണ്ടുന്നുമില്ലല്ലോ…ഡോക്ടറുടെ റൂമിലേക്കാണ് പോകുന്നത്.. പുറകെ ചെന്നു.
"ബോഡിയിൽ നിന്ന് കോവിഡ് ടെസ്റ്റിനുള്ള സിറം എടുക്കണം. അതും കൊണ്ട് ജില്ലാ ആശുപത്രിയിൽ പോയി കൊടുത്ത് റിസൽറ്റ് കൊണ്ടുവന്ന് അതു കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ പോയി പറയണം അവർ വന്നു മഹസർ തയ്യാറക്കിയിട്ടു വേണം പോസ്റ്റുമാർട്ടം നടത്താൻ"
ഇവർ ആരുടെ കാര്യമാ പറയുന്നെ…
ഡോക്ടർ നഴ്സിനെയും അറ്റന്‍ററിനെയും വിളിച്ചു എന്തൊക്കെയോ പറഞ്ഞു.
ആ നഴ്സിന്‍റെയും അറ്റന്‍ററുടെയും പുറകെ പോയി ഒരു മുറിയുടെ മുന്നിൽ ചെന്നു. മോർച്ചറി പേര് വായിച്ചു. ഇവിടെ നിന്നല്ലെ ഞാനിപ്പോ പോയത്. അപ്പോ…..
അകത്ത് നിരത്തിയിരിക്കുന്ന മേശകളിലായി മൂന്നു പേരെ മൂടി കിടത്തിയിരിക്കുന്നു.
സിസ്റ്റർ അവർ കൊണ്ടു വന്ന മെഡിക്കൽ കിറ്റിൽ നിന്ന് ഓരോന്ന് എടുക്കുമ്പോൾ അറ്റന്‍റർ മുഖത്തെ മൂടിയിരുന്ന തുണി മാറ്റി. നിശ്ചലനായി കിടക്കുന്നത് താൻ തന്നെയല്ലെ ….
"പോകേണ്ടവർക്ക് ഒരു തോന്നലിൽ അങ്ങു പോകാം അവർക്കെന്താ അവര് രക്ഷപ്പെട്ടു അവർ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത് എന്ന് അവര് ചിന്തിക്കുന്നുണ്ടോ ….
എന്തു മിടുക്കൻ പയ്യൻ ഇവനെന്തിനാ ഇങ്ങിനെ ചെയ്തത്" അറ്റന്‍റർ പറയുമ്പോൾ അതു തന്നെയാണ് താനും ഓർത്തു നിന്നത്
എന്തിനാ താനിങ്ങിനെ ചെയ്തത്….