തപ്സി പന്നു ബോളിവുഡിലെ ചുണക്കുട്ടി. വ്യക്‌തവും ശക്‌തവുമായ നിലപാടുള്ള സുന്ദരി. ഏത് കാര്യത്തിലും സ്വന്തം അഭിപ്രായം സത്യസന്ധമായി പറയാൻ ധൈര്യം കാട്ടുന്ന തപ്സിയ്ക്ക് വിവാദങ്ങളെ ലേശം പോലും ഭയമില്ല. തെലുഗു സിനിമയായ ജുമാണ്ടിനാദത്തിലൂടെ 2010ൽ സിനിമയിൽ തുടക്കം കുറിച്ച തപ്സിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒന്നിന് പിറകെ ഒന്നായി ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു.

ഹിന്ദിയിൽ പിങ്ക്, മന്‍മർസിയാം, ബദ്‍ല, ഗെയിം ഓവർ, മിഷൻ മംഗൾ, സാൻഡ് കി ആംഖ് തുടങ്ങിയ ചിത്രങ്ങളിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച തപ്സി ഡബിൾസ് എന്ന മലയാള സിനിമയിലും മുഖം കാട്ടി. തപ്സി പന്നുവുമായുള്ള അഭിമുഖത്തിൽ നിന്നും.

മിഷൻ മംഗളിന്‍റെ വിശേഷങ്ങളെക്കുറിച്ച് പറയാമോ?

മനോഹരമായ സിനിമയായിരുന്നു. അഞ്ച് നടിമാരും അക്ഷയ്കുമാറും ഒരേ ഫ്രെയ്മിൽ വരുന്ന സിനിമ. ഞാനേറെ ആസ്വദിച്ച ചിത്രമായിരുന്നുവത്.

മിഷൻ മംഗൾ റിലീസായപ്പോൾ അക്ഷയ്കുമാറിന്‍റെ മുഖത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടായിരുന്നു പോസ്റ്റർ. ബാക്കിയുള്ള നടിമാരെ ഒരുമിച്ചും പോസ്റ്ററിൽ കൊടുത്തിരുന്നു. അതൊരു സ്ത്രീസംബന്ധിയായ ചിത്രമല്ലെന്ന് പോസ്റ്ററിൽ നിന്നും വ്യക്‌തമാണ്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ഇത്തരമൊരു ചർച്ചയെ ഞാനും ശ്രദ്ധിച്ചിരുന്നു. ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് നല്ല കാര്യമാണ്. പക്ഷേ എനിക്ക് പ്രേക്ഷകരുടെ അഭിപ്രായമാണ് അറിയേണ്ടത്. നിങ്ങൾ അക്ഷയ്കുമാറിന്‍റെ പടം പണം മുടക്കി കാണുന്നതുപോലെ ഞങ്ങളുടെ സിനിമ കാണാൻ ആഗ്രഹിക്കുമോ? അതുമല്ലെങ്കിൽ ഞങ്ങളുടെ പടങ്ങൾ കാണാൻ വെബ് ചാനലുകളിൽ റിലീസാകുന്നത് കാത്തിരിക്കുമോ? അക്ഷയ്കുമാർ ചിത്രങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം ഞങ്ങൾ നായികമാർക്ക് നൽകുമോ? ഞങ്ങൾ 5 നടിമാരും എന്തായാലും അക്ഷയ്കുമാറിനോളം തുല്യമാകില്ലെന്ന് പറയാൻ എനിക്കൊരു മിടിയില്ല. ഞങ്ങൾ അഞ്ച് പേരും ആ ചിത്രത്തിൽ ഇല്ലെങ്കിൽ പോലും അത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ല. അത് അക്ഷയ്കുമാർ മൂവി തന്നെയാണ്. അതുകൊണ്ടാണ് ആളുകൾ ആകാംക്ഷയോടെ ആ ചിത്രം ഇപ്പോഴും കാണുന്നത്. അതാണ് യാഥാർത്ഥ്യം. പ്രേക്ഷകരാണ് മാറ്റം കൊണ്ടുവരേണ്ടത്. നടിമാർ അഭിനയിക്കുന്ന ചിത്രങ്ങളും കാണാൻ പ്രേക്ഷകർ തയ്യാറാകണം. എന്നാലേ മാറ്റമുണ്ടാകൂ. ഞങ്ങൾക്കും നായകനോളം പ്രാധാന്യമുണ്ടെന്ന കാഴ്ചപ്പാട് പ്രേക്ഷകരാണ് സൃഷ്ടിക്കേണ്ടത്. അങ്ങനെ സംഭവിച്ചാൽ മാത്രമേ പോസ്റ്റർ വിവാദത്തെ ചോദ്യം ചെയ്യാനാവൂ.

എങ്ങനെയാണ് ഗെയിം ഓവറിൽ എത്തിയത്?

ചിത്രം തുടങ്ങുന്നതിന് ഏകദേശം ഒന്നരവർഷം മുമ്പാണ് ഈ ചിത്രത്തെപ്പറ്റി പ്രൊഡ്യൂസർ ശശികാന്ത് എന്നോട് പറയുന്നത്. പിന്നീട് ഞാൻ മുഴുവൻ സ്ക്രിപ്റ്റും വായിച്ചു. അത്തരമൊരു സ്ക്രിപ്റ്റും കഥയും എന്‍റെ അറിവിൽ ഇന്ത്യൻ സനിമയിൽ ഞാൻ കണ്ടിട്ടില്ല. ഹിന്ദിയിൽ പോലും. പിന്നെയൊന്നും ആലോചിച്ചില്ല. സമ്മതിക്കുകയായിരുന്നു. ആ ചിത്രം ഒരേ സമയം തമിഴിലും തെലുഗുവിലും ചെയ്തു. ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി കണ്ടിട്ടിഷ്ടപ്പെട്ട് റിലയൻസ് എന്‍റടെയിൻമെന്‍റും അനുരാഗ് കശ്യപും അത് ഹിന്ദിയിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് ഭാഷകളിലായി ശാരീരിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ വിഷമം തോന്നിയിരുന്നോ?

അതെ എന്നെ സംബന്ധിച്ചാണെങ്കിൽ ഇന്നേ തീയതി വരെ ഒരു ചെറിയ പരിക്കുപോലും പറ്റിയിട്ടില്ല. വീൽചെയറിൽ കഴിച്ചുകൂട്ടുന്ന കഥാപാത്രമാകുകയെന്നത് വലിയ വെല്ലുവിളി ആയിരുന്നു.

എങ്ങനെയാണ് ഗെയിം ഓവറിലെ കഥാപാത്രത്തിൽ നിന്നും പുറത്തുകടന്നത്?

അയ്യോ… അതൊരു സംഭവമാണ്. സാധാരണ നിലയിലെത്താൻ ഞാൻ എല്ലാവർക്കുമൊപ്പം സമയം ചെലവഴിച്ചു. ഒറ്റയ്ക്ക് ഇരിക്കാറെയില്ലായിരുന്നു. മുംബൈയിൽ എന്‍റെ കൂട്ടുകാരുടെ വീട്ടിൽ പോയി താമസിച്ചു. ഏകയായ സ്ത്രീയെ സംബന്ധിച്ചുള്ള കഥയായതിനാൽ ബ്രേക്ക് കിട്ടുമ്പോഴൊക്കെ എല്ലാവർക്കുമൊപ്പം സമയം ചെലവഴിച്ചു. ഒറ്റ ഷെഡ്യൂളിൽ 35-36 ദിവസമെടുത്താണ് സിനിമ ഷൂട്ട് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം.

പിങ്കിന് ശേഷം ബച്ചനൊപ്പം രണ്ടാമതും ഒരു ചിത്രം ബദ്‍ല ചെയ്തല്ലോ?

ഗംഭീരമായിരുന്നു. എത്ര ചെറിയ ആളായാൽ പോലും അവരോട് ബഹുമാനത്തോടെ മാത്രമേ അദ്ദേഹം പെരുമാറാറുള്ളു. വലിയൊരു നടനാണെന്ന് മറ്റ് അഭിനേതാക്കൾ കരുതുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഒരു സഹപ്രവർത്തകൻ, അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹം സിനിമകളെക്കുറിച്ചും മറ്റും ധാരാളം കാര്യങ്ങൾ എന്നോട് സംസാരിക്കുമായിരുന്നു.

ഭൂമി പെഡ്നേക്കറുമായി ചേർന്ന് സാൻഡ് കി ആംഖ് എന്ന ചിത്രം ചെയ്യ്തല്ലോ. ഇരട്ടനായികമാരുള്ള ചിത്രം. അതൊരു രസകരമായ അനുഭവമല്ലേ?

തീർച്ചയായും. ഒരു അഭിനേതാവെന്ന നിലയിൽ എല്ലാവിധ സാധ്യതകളും കണ്ടെത്താനാണ് താൽപര്യം. പക്ഷേ സാൻഡ് കി ആംഖിലെ നായികമാർ വളരെ പ്രായമുള്ളവരാണ്. അക്കാര്യം എനിക്കറിയില്ലായിരുന്നു. അനുരാഗ് കശ്യപ് ഒരു സർപ്രൈസ് എന്നോണമാണ് ആ റോൾ എന്നെ ഏൽപ്പിക്കുന്നത്. 65 കാരിയായ ഒരു സ്ത്രീയെ അവതരിപ്പിക്കാൻ ഞാൻ തയ്യാറായത് അറിഞ്ഞ് നിർമ്മാതാക്കൾ അദ്ഭുതപ്പെടുകയായിരുന്നു. പക്ഷേ എനിക്ക് വെല്ലുവിളികൾ നിറഞ്ഞ റോളുകളാണ് ഇഷ്ടം.

ധാരാളം തെലുഗു സിനിമകളിലും മുഖം കാട്ടുന്നുണ്ടല്ലോ?

അതെ. വളരെ എന്‍റർടെയ്നിംഗ് സ്ക്രിപ്റ്റുകളാണ് തെലുഗുവിലുള്ളത്. എനിക്ക് നല്ല റോളുകൾ കിട്ടാറുണ്ട്. സ്റ്റീരിയോ ടൈപ്പ് റോളുകൾ ചെയ്യാൻ എനിക്കിഷ്ടമല്ല.

ക്രൈം ത്രില്ലറുകളാണ് അധികവും ചെയ്തിരിക്കുന്നത്. റൊമാന്‍റിക് സിനിമകൾ എന്തുകൊണ്ടാണ് ചെയ്യാത്തത്?

അങ്ങനെയല്ല. നാം ഷബാന, ബേബി, ബദ്‍ല എന്നിങ്ങനെ ത്രില്ലറുകൾ ചെയ്തിട്ടുണ്ട്. മന്‍മർസിയാം ഒരു റൊമാന്‍റിക് മൂവിയാണ്. തെലുഗു സിനിമയായ നീവേരെ ഒരു ക്രൈം ത്രല്ലറാണ്. എനിക്ക് റൊമാന്‍റിക് സിനിമകളും ചെയ്യാൻ പറ്റും. പക്ഷേ എന്നെ സംബന്ധിച്ച് ശക്‌തമായ കഥാപാത്രമാകണം അത്.

മിഷൻ മംഗളിൽ ഒരു ശാസ്ത്രജ്‌ഞയുടെ റോളാണല്ലോ ചെയ്തത്?

അതെ. നിത്യ എന്ന കഥാപാത്രത്തെ. വളരെയധികം സന്തോഷം തോന്നി അതിൽ. വളരെ മനോഹരമായ ചിത്രം. 5 നായികമാർ ഒപ്പം അക്ഷയ്കുമാർ.

ഒരിക്കല്‍ കങ്കണയുടെ സഹോദരി രംഗോലി കങ്കണയുടെ സസ്തികോപ്പി എന്ന്‌ വിശേഷിപ്പിച്ചതിൽ സങ്കടം തോന്നിയിരുന്നോ?

ഒട്ടുമേയില്ല. എന്‍റെ ചിന്തയിലോ കാര്യങ്ങളിലോ ഇല്ലാത്തവർ എന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കാറില്ല. പക്ഷേ ഞാൻ വില മതിക്കുന്നവർ എന്തെങ്കിലും പറയുകയാണെങ്കിൽ തീർച്ചയായും വിഷമം തോന്നും. ഇത്തരം വാഗ്വാദങ്ങളിൽ ഏർപ്പെടാനും സമയം പാഴാക്കാനും എനിക്ക് താൽപര്യമില്ല. വ്യക്‌തികളെന്ന നിലയിലും അഭിനേതാക്കളെന്ന നിലയിലും ഞങ്ങൾ രണ്ടുപേരും തീർത്തും വ്യത്യസ്തരാണെന്നാണ് എനിക്ക് തോന്നിയത്. ചുരുണ്ടമുടിക്കും സത്യസന്ധമായ നിലപാടുകൾക്കും എന്തെങ്കിലും പേറ്റന്‍റുണ്ടോയെന്നും എനിക്കറിയില്ല. അതെന്‍റെ തെറ്റ്. പിന്നെ എനിക്ക് എന്‍റെ രക്ഷിതാക്കളിൽ നിന്നാണ് ഈ സ്വഭാവം കിട്ടിയത്. അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനും എനിക്ക് കുറ്റബോധമൊന്നും ഇല്ല. ഇതെല്ലാം എന്നെ കങ്കണയുടെ കോപ്പിയടി തോന്നിപ്പിക്കുന്നുവെങ്കിൽ തീർച്ചയായും ഞാനത് അംഗീകാരമായി കാണുന്നു. കാരണം അവർ മികച്ചൊരു അഭിനേത്രിയാണ്. സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് എന്നെ കണ്ടാൽ പ്രീതി സിന്‍റയെ പോലെയുണ്ടെന്ന് ആളുകൾ പറയുമായിരുന്നു. ഞാനത് ആസ്വദിച്ചിരുന്നു.

ആക്ഷൻ പടവും ചെയ്തിരുന്നുവല്ലോ?

അതെ. നീരജ് പാണ്ഡെയോട് ഞാനെപ്പോഴും അത്തരത്തിൽ ഒരു പടവും കൂടി ചെയ്യണമെന്ന് പറയാറുണ്ട്.

എങ്ങനെയാണ് സിനിമയിലെ നായകാധിപത്യത്തെ മറികടന്നത്?

സിനിമയിലെ പുരുഷാധിപത്യത്തെ മറികടന്നു എന്നല്ല. ഞാനതിനെ ഇൻഡസ്ട്രിയിലെ ഒരു രീതിയായി കണ്ടു എന്നേയുള്ളൂ. നമുക്കതിനൊപ്പം കടന്നു പോകേണ്ടിയിരിക്കുന്നു. അതിനൊപ്പം ജീവിക്കേണ്ടിയും വരും. അത് അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും.

और कहानियां पढ़ने के लिए क्लिक करें...