മിഡിൽ ഈസ്റ്റിലേക്കാണോ യാത്ര… എങ്കിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസ് അൽ ഖൈമ സന്ദർശിച്ചേ മടങ്ങാവൂ. ടൂറിസ്റ്റുകൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന എത്രയെത്ര മനോഹര കാഴ്ചകളാണ് ഇവിടെയുള്ളതെന്നോ? സ്വച്ഛസുന്ദരമായ ബീച്ചുകൾ, കടൽക്കരയോട് ചേർന്ന് ചെറു മണൽക്കൂനകൾ, വിശ്രമകേന്ദ്രങ്ങൾ, ഹജ്ജാർ പർവ്വതനിരകൾ, വന്യജീവിസങ്കേതം, കഴ്ചകളുടെ ഒരു വിസ്മയലോകം നമുക്ക് മുന്നിൽ തുറക്കപ്പെടുകയാണ്…

സഞ്ചാരപ്രിയനായ സുഹൃത്ത് റാസ് അൽ ഖൈമ യാത്രാനുഭവത്തെക്കുറിച്ച് പലവട്ടം പറഞ്ഞ് കൊതിപ്പിച്ചപ്പോഴാണ് അവിടം സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിൽ പൂവിട്ടത്. ആശിച്ചതുപോലെ അധികം വൈകാതെ മിഡിൽ ഈസ്റ്റ് യാത്രയ്ക്കൊരു അവസരം തരപ്പെട്ടു.

മുംബൈയിൽ നിന്നും എയർ അറേബിയ എയർലൈൻസിലാണ് യാത്ര തിരിച്ചത്. ഇന്ത്യൻ സമയം രാവിലെ 6 മണിയോടെ ഷാർജ എയർപോർട്ടിൽ എത്തിച്ചേർന്നു. ഷാർജയിലെ അംബരചുംബികളായ സൗധങ്ങളും വിശാലഭൂപ്രകൃതിയും ഞങ്ങളെ ശരിക്കും അത്ഭുതസ്തബ്ധരാക്കി. അവിടെ നിന്നും ഞങ്ങൾ ബസ് മാർഗ്ഗം യാത്ര ചെയ്ത് റാസ് അൽ ഖൈമയിലെത്തി.

ചുറ്റും കടൽ കാണാം

സമുദ്രത്താൽ ചുറ്റപ്പെട്ട മനോഹരമായ ഒരു ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ് റാസ് അൽ ഖൈമ. അറേബ്യൻ കടലിടുക്കിന്‍റെ വടക്കേ അറ്റത്തുള്ള തീരദേശം. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ റാസ് അൽ ഖൈമയ്ക്ക് പുറമേ അബുദാബി, ദുബായ്, ഉം അൽ, കുവൈറ്റ്, അജമൻ, ഫുജയിറ എന്നീ എമിറേറ്റുകളാണ് ഉള്ളത്. കിഴക്ക് ഹജ്ജാർ പർവ്വതനിരകളും പേർഷ്യൻ കടലിടുക്കും സുൽത്താൻ ഓഫ് ഒമാനുമാണ് റാസ് അൽ ഖൈമയുടെ അതിർത്തി പ്രദേശങ്ങൾ. 1700 സ്ക്വയർ കിലോമീറ്റർ വസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. ഇത് ഇന്ന് റാസ് അൽ ഖൈമ, നഖീൽ എന്നിങ്ങനെ രണ്ടു നഗരങ്ങളായാണ് അറിയപ്പെടുന്നത്. ഒട്ടനവധി ഷേയ്ക്ക് ഭരണാധികാരികൾ ഇവിടെ ഭരണം കാഴ്ച വെച്ചിട്ടുണ്ടെന്ന് ഇവിടുത്ത ചരിത്ര- പുരാവസ്തു അവശേഷിപ്പുകൾ പരിശോധിച്ചാൽ വ്യക്തമാകും. റാസ് അൽ ഖൈമയുടെ പഴയനാമം ജുൽഫർ എന്നായിരുന്നു. പിന്നീട് ഇവിടുത്തെ തദ്ദേശീയവാസികളും ജുൽഫർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. കാലക്രമേണ ഇവർ കടൽ കടന്ന് കുടിയേറി പാർക്കാനും തുടങ്ങിയത്രേ.

18ാം നൂറ്റാണ്ടിൽ കാസിം ആണ് റാസ് അൽ ഖൈമ രൂപീകരണത്തിന് മുൻകൈയെടുത്തത്. എന്നാൽ 19ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ബ്രട്ടീഷ് നാവികാക്രമണത്തിനുശേഷം കാസിമിനെ നാടുകടത്തുകയായിരുന്നു.

1869ഓടെ റാസ് അൽ ഖൈമ ഷാർജയുടെ അധീനതിയിൽ നിന്നും വിട്ടുമാറി ഒരു സ്വതന്ത്രരാജ്യമായിത്തീർന്നു. പിന്നീട് 11 ഫെബ്രുവരി 1972ൽ റാസ് അൽ ഖൈമ ഷേക്ക് ശക്ര ബിൻ മുഹമ്മദ് അൽ കാസിയുടെ നേതൃത്വത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനോട് ചേർക്കപ്പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണഖനി ഇവിടെയാണുള്ളത്. സാമ്പത്തികമായി മിഡിൽ ഈസ്റ്റിൽ വളർച്ച നേടിയ എമിറേറ്റസാണിത്. ഒരു ഉഷ്ണമേഖലാ മരുപ്രദേശമെന്നതിനാൽ പൊതുവേ മഴ ഇവിടെ കുറവാണ്. കറൻസി യുഎഇ ദിർഹം. സംസാരഭാഷ അറബിക്. എന്നാൽ വ്യാപാര വാണിജ്യ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമേ ഹിന്ദി, മലയാളം, തമിഴ്, ഉർദു, ബംഗള, പാഴ്സി ഭാഷകളും സംസാരിക്കുന്നവരുമുണ്ട്. ഇവിടെ നിന്നും ദുബായിലേക്ക് 87 കിലോമീറ്റർ ദൂരമുണ്ട്. ദുബായിൽ നിന്നും 45 മിനിറ്റ് യാത്ര ചെയ്താൽ റാസ് അൽ ഖൈമയിലെത്തി ചേരാനാകും.

നിറയെ ഷോപ്പിംഗ് മാളുകൾ

മനാർ മാൾ, ലുലു സെന്‍റർ, സഫീർ മാൾ, അൽ ഹമരാ മാൾ, സഫീർ മാർക്കറ്റ്, അൽ മനാമാ മർക്കറ്റ്, ഓൾഡ് സൂക്ക് എന്നിങ്ങനെ ഒട്ടനവധി ഷോപ്പിംഗ് മാളുകളുണ്ട്. ഇവിടെ എല്ലാത്തരം ഫാഷനബിൾ വസ്ത്രങ്ങളും ലഭിക്കും. ഒരു മാൾ നന്നായി കറങ്ങികാണാൻ 2-3 മണിക്കൂർ സമയമെടുക്കും.

ഈന്തപ്പഴത്തിന് പ്രശസ്തമായ ഇടമാണിത്. റോഡിനിരുവശത്തും ഈന്തപ്പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച കണ്ണിനിമ്പമേകുന്നതു തന്നെ. ഭംഗിയായി പായ്ക്ക് ചെയ്ത ഈന്തപ്പഴങ്ങൾ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഭക്ഷണം, ലേറ്റസ്റ്റ് വസ്ത്രങ്ങൾ, അത്തർ തുടങ്ങിയവയോട് ഇവിടുത്തുകാർക്ക് കമ്പമേറെയാണെന്നതിനാൽ മാളുകളിൽ ഇത്തരം സ്റ്റോളുകൾക്ക് ഒരു പഞ്ഞവുമില്ല.

മേക്കപ്പ് ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളെന്നതിനാൽ എല്ലാത്തരം പേരുകേട്ട ബ്രാന്‍റഡ് ഉൽപനന്നങ്ങളും മാളുകളിൽ ലഭിക്കും. ഇവിടെ സന്ദർശന യോഗ്യമായ ഒട്ടനവധി സ്ഥലങ്ങളുണ്ട്. നാഷണൽ മ്യൂസിയം, ശാമൽ, ഷീബ പാലസ് തുടങ്ങിയവ. താമസിക്കാൻ ത്രീസ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകളുമുണ്ട്. മാത്രമല്ല ഹോട്ടലാക്കി മാറ്റിയ കോട്ടേജുകളുമുണ്ട്. ഇതുകൂടാതെ ഐസ്‍ലാന്‍റ്, വാട്ടർപാർക്ക്, ശകർപാർക്ക്, ഗോൾഫ് കോഴ്സ് ഇവിടെയൊക്കെ സന്ദർശിച്ചേ മടങ്ങാവൂ.

വർഷത്തിൽ 12 മാസവും ഇവിടെ ടൂറിസ്റ്റുകളുടെ തിരക്കാണ്. പ്രത്യേകിച്ച് ബ്രിട്ടൻ, അമേരിക്ക, യൂറോപ്പ്, ഫ്രാൻസ്, അസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ എത്താറുണ്ട്. സമുദ്രം പൊതുവേ ശാന്തമാണ്. സമുദ്ര ജലത്തിൽ മണലിനു മീതെ ചിപ്പി കിടക്കുന്നത് വ്യക്തമായി കാണാനാകും. അത്രയ്ക്ക് തെളിമയുള്ള വെള്ളമാണ് ഇവിടുത്തേത്.

ദുബായ് ആയിരുന്നു ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ. കർക്കശ നിയമനടപടികളാണ് ഇവിടുത്തേത് എന്നതിനാൽ വാഹനം ഓടിക്കുന്നവർ റോഡ് നിയമങ്ങൾ ഭംഗിയായി പാലിക്കാറുണ്ട്. 1960കളിൽ ഇവിടെ എണ്ണ കണ്ടെത്തിയിരുന്നു. മണ്ണിനോടുള്ള ആദരവ് കൊണ്ടായിരിക്കണം റോഡിലൊന്നും ആരും തുപ്പാറുപോലുമില്ല.

ഇവിടുത്തെ ഏറ്റവും ആകർഷകമായ ഉയരമുള്ള കട്ടിടം ബുർജ് ദുബായ് ആണ്. തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടങ്ങളും ആധുനിക ജീവിതശൈലിയും കർശനനിയമങ്ങളും ഇവിടുത്തെ മറ്റ് പ്രത്യേകതകളാണ്. റെസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ചാൽ വെള്ളം ഫ്രീയായി കിട്ടുമെന്ന് കരുതണ്ട. കാരണം ആവശ്യാനുസരണം ഓരോ തവണയും വെള്ളം പണം നൽകി തന്നെ വാങ്ങേണ്ടി വരും. ഇതൊക്കെയായാലും ഇവിടുത്തെ ഭക്ഷണത്തിന്‍റെ രുചിയൊന്നു വേറെതന്നെയാണ്.

നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളിൽ അധികവും കാറുകൾ തന്നെ. യാത്രക്കാർ റോഡിന്‍റെ വലതുഭാഗത്തു കൂടിയാണ് സഞ്ചരിക്കുന്നത്. നഗരം കൺകുളിർക്കെ കണ്ട് ഞങ്ങൾ റാസ് അൽ ഖൈയിൽ തിരിച്ചെത്തി.

ഷീബ പാലസ്, വാദി ഹക്വിൽ ഷാം, വാദി ബിഹ്, ഫലായ് പോർട്ട് ഇനിയും ഒട്ടനവധി ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ കാണാനുണ്ട്. നഗരത്തിന്‍റെ മായികക്കാഴ്ചകൾ കാണാൻ മനസ്സ് വീണ്ടും വെമ്പുന്നതുപോലെ…

और कहानियां पढ़ने के लिए क्लिक करें...