പ്രഭാചന്ദ്രന്റെ അച്ഛൻ ഒന്ന് സംസാരിച്ചിട്ട്, ഒന്ന് ചിരിച്ചിട്ട് ഇന്നേയ്ക്ക് പതിമൂന്ന് ദിവസങ്ങൾ കഴിയുന്നു. അത്താഴം കഴിഞ്ഞ് കിടക്കയിലേക്ക് പ്രവേശിക്കും വരെ പൂമുഖ വരാന്തയിലെ ചൂരൽകസേരയിൽ ഒറ്റ ഇരിപ്പ്. ആഹാരം കഴിക്കാൻ വിളിച്ചാൽ വരും. എന്തേലും കഴിച്ചെന്ന് വരുത്തി പിൻവാങ്ങും. പ്രഭാചന്ദ്രനും ഭാര്യയും പരസ്പരം നോക്കും.
മനത്തിലൂടെ പിതാവിന്റെ മൗനത്തിന്റെ അർത്ഥ വ്യാപ്തിയിലേക്ക് ഊളിയിടും. പ്രഭാചന്ദ്രന്റെ അമ്മ മകൻ പണികഴിഞ്ഞ് മടങ്ങിയത്തുന്ന ഓരോ ത്രിസന്ധ്യയിലും അച്ഛനെ കുറിച്ച് പരിതപിക്കും. വിശ്രമ വിരോധിയായിരുന്നു പ്രഭാചന്ദ്രന്റെ അച്ഛൻ. പ്രഭാതം മുതൽ മണ്ണിനോടും മരങ്ങളോടും പുന്നാരം പറഞ്ഞു പറഞ്ഞ് കൃഷിയായുധങ്ങളുടെ മൂർച്ച മിനുക്കി മിനുക്കി പച്ചപ്പുകളുടെ ഇടയിലെ പുഴുക്കളേയും കീടങ്ങളേയും കലമ്പികലമ്പി കതിരോൻ മറയും വരെ അവരിലൊരാളായി ജീവിക്കും. ഏക മകൻ പ്രഭാചന്ദ്രന്റെയും അയാളുടെ കുഞ്ഞുങ്ങളുടേയും ഉദരത്തിൽ മായം കലർന്ന ചോറും കറിയും, പാലും പഴവും ഒന്നും പ്രവേശിക്കരുത്. അതൊരു നിർബന്ധമല്ല. വാശി തന്നെ ആയിരുന്നു അദ്ദേഹത്തിന്. വീട്ടിൽ പശുവിൻ പാൽ ലഭ്യമല്ലാത്ത നാളുകളിൽ കിലോമീറ്ററുകൾ നടന്നുചെന്ന് പരിശുദ്ധമായ പശുവിൻ പാൽ വാങ്ങി വരാൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ. പാടത്തുനിന്നും മടങ്ങുമ്പോൾ മെടഞ്ഞെടുത്ത ഓലക്കൂടിനുള്ളിൽ നിന്നും പുറത്തേക്ക് എത്തിനോക്കാറുള്ള പാവയ്ക്ക, പയർ, പടവലങ്ങാദികളെ കണ്ട് അത്ഭുതം കൂറുന്ന പരിചിതരുടെ മുന്നിലൂടെയുള്ള ആ വരവ് ഒന്ന് കണേണ്ടതു തന്നെ. എന്തെങ്കിലും ചില്ലറ സാധനം പുറത്ത് നിന്നും വാങ്ങേണ്ടി വന്നാൽ പലയിടങ്ങളിലും തെരഞ്ഞ് നടന്ന് ലാഭവും മേന്മയും ഉള്ളവ കണ്ടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യൻ. ഈ വിധ ലാളിത്യത്തിലൂടെ ലാഭക്കൊതിയിലൂടെ നേടിയ പണം കൊണ്ടാണ് ഏക മകൻ പ്രഭാചന്ദ്രനെ പഠിപ്പിച്ച് പഠിപ്പിച്ച് എൻജീനീയർ ആക്കിയത്.
മകൻ വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായിട്ടും ആ വീട്ടിലെ ജീവിതചര്യകൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. പ്രഭാചന്ദ്രന് കുടുംബവും കുട്ടികളും ഒക്കെ ആയിട്ടും അതിനകത്തൊരു മാറ്റം വരുത്താൻ ആരും ശ്രമിച്ചില്ല. കാലം അങ്ങനെ നിശ്ശബ്ദം നീങ്ങുകയാണ്. പ്രഭാചന്ദ്രന്റെ വീട്ടിൽ പ്രത്യേക താളമോ, താളപ്പിഴകളോ ഉണ്ടായില്ല. എങ്കിലും പ്രഭാചന്ദ്രന്റെ അച്ഛൻ പെട്ടെന്ന് ഒരുനാൾ മൗനിയായി ആർക്കും ഒന്നും പറയാനില്ല.
എന്നാൽ ആ യാത്ര വേണ്ടിയിരുന്നില്ലെന്ന് പ്രഭാചന്ദ്രന്റെ ഭാര്യ ശോഭറാണി ഇടയ്ക്കിടെ ഭർത്താവിനെ ഓർമ്മിപ്പിച്ചു. കാർ യാത്രയോ ദീർഘദൂര ബസ് യാത്രയോ ഒന്നും ശീലമില്ലാത്ത ആളല്ലെ, അതു വേണ്ടിയിരുന്നില്ല തന്നെ. അവർ ആവർത്തിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു ആ സംഭവം. ഒരുനാൾ അച്ഛൻ മകനോട് നാട്ടുവിശേഷങ്ങൾ പങ്കിടുകയായിരുന്നു.
“എന്താ മോനേ, നഗരത്തിൽ വല്ല പ്രദർശനമോ മറ്റോ നടക്കുന്നുണ്ടോ? ഈയിടെയായി ഇവിടൊക്കെ പലരും കുട്ടികളെയും ഒക്കെ കൂട്ടി സിറ്റീലോട്ട് വെച്ച് പിടിക്കുന്നുണ്ട്. ഏതോ മാളികയിലേക്കെന്നാ പറേണത്. കുട്ടികളുടെ നിർബന്ധമാണെന്നും കേൾക്കുന്നു.” പ്രഭാചന്ദ്രൻ ഒരു നിമിഷം ഓർത്തു. എവിടെ എന്ത് എക്സിബിഷൻ?
പെട്ടെന്ന് ഓർമ്മ വന്ന മാതിരി പറഞ്ഞു.
“അച്ഛാ മാളികയെന്നല്ല മാൾ എന്നാവും പറഞ്ഞത്. നഗരത്തിൽ ഈയിടെ ഒരു കച്ചവട ശൃംഖല വന്നെത്തിയിട്ടുണ്ട്. കുട്ടികളെ രസിപ്പിക്കുന്ന കാര്യങ്ങളൊക്കെ ഉണ്ടവിടെ. നമുക്ക് ആവശ്യമുള്ളതെന്തും ഓരോ വലിയ ശാലയ്ക്കുള്ളിൽ അവിടവിടെയായി പ്രദർശിപ്പിച്ചിട്ടുണ്ട്.”
കാര്യങ്ങൾ ചുരുക്കി പറഞ്ഞുവെങ്കിലും അച്ഛനെ ആ സ്വർഗ്ഗ മാളികയിൽ കൊണ്ടു ചെന്ന് കാണിക്കണമെന്ന് ആ പുത്രൻ ആഗ്രഹിച്ചു. വൈകിയില്ല. തൊട്ടടുത്ത അവധി ദിവസം പ്രഭാചന്ദ്രന്റെ കാർ കുടുംബത്തോടൊപ്പം നഗരത്തിലെ മാളിലേക്ക് പാഞ്ഞു. അച്ഛന് ആ മായാലോകം കണ്ടിട്ട് പ്രത്യേകിച്ച് സന്തോഷമൊന്നും ലഭിക്കുന്നില്ലെന്ന് ആ പുത്രൻ ഗ്രഹിച്ചു. നമ്മുടെ കൈയ്യിലും ബാങ്കിലും ഉള്ള സമ്പാദ്യം തന്ത്രപൂർവം തട്ടിയെടുക്കാനുള്ള കൺകെട്ടുവിദ്യകൾ എന്നേ ആ പച്ച പാവം മനുഷ്യനു തോന്നിയുള്ളൂ. സമയം ഉച്ചയോടടുക്കുന്നു. മകൻ ഭക്ഷണത്തിനു ഓർഡർ കൊടുത്തു.
ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരുന്ന അച്ഛൻ ഭക്ഷണത്തിന്റെ വില നിലവാരവും കിട്ടുന്ന അളവും ഒക്കെ സശ്രദ്ധം വീക്ഷിച്ചു. കൊച്ചുമക്കൾക്ക് ഇഷ്ടപ്പെട്ടവ പ്രത്യേകം അടുത്തെത്തി. അതുകൊണ്ട് ഉടനെ കുട്ടികൾ പറയുന്നുണ്ടായിരുന്നു.
“അങ്ങനെ വരട്ടെ അപ്പോ അച്ഛൻ എന്നും വൈകുന്നേരം ഇവിടെ വരുമല്ലേ… ഇവിടുത്തെ ഐറ്റങ്ങളാണ് എന്നും കൊണ്ടു വരുന്നത്… ല്ലേ?” അതുകേട്ട് പ്രഭാചന്ദ്രൻ ഒന്ന് ചിരിക്കുകമാത്രം ചെയ്തു. പ്രഭാചന്ദ്രന്റെ അച്ഛൻ വെറുതേ കണ്ണും മിഴിച്ചിരുന്നു. ചിന്തകൾ മറ്റെവിടയോ…
അദ്ദേഹം ഓർത്തുപോയി, തന്റെ രക്തത്തിൽ പിറന്നവൻ തന്നെ ആണോ ഇവൻ. ചില്ലറ ചില്ലറ നാണയങ്ങൾ കൂട്ടി വെച്ച് ജീവിതത്തിലെ വലിയ കാര്യങ്ങൾ നേടിയെടുത്ത തന്റെ മകൻ തന്നെ ആണോ ഒരു ധൂർത്ത് പുത്രനെ പോലെ ജീവിക്കുന്ന അവൻ.
പ്രഭാചന്ദ്രൻ ഓർഡർ കൊടുത്ത തീറ്റകൾ മുന്നിലെത്തി. ഭക്ഷണവൈവിധ്യങ്ങൾ, അതിന്റെ വില അളവ് ഒക്കെ മനസ്സിലാക്കിയ അദ്ദേഹത്തിന്റെ വിശപ്പും ദാഹവും പമ്പ കടന്നു. കണ്ണിൽ ഇരുട്ട് കയറി. കൃഷ്ണമണികൾ എങ്ങോ ഒളിച്ച മാതിരി. ഒന്നും കാണാനാകുന്നില്ല. ശീതികരിച്ച മുറിയിലിരുന്നിട്ടും ആ ശരീരം വിയർത്ത് കുളിച്ച മാതിരി. അച്ഛനിലെ അസ്വസ്ഥത മകൻ തിരിച്ചറിഞ്ഞു. എത്രയും വേഗം മടങ്ങേണ്ടത് ആവശ്യമായിരിക്കുന്നു.
പ്രഭാചന്ദ്രന്റെ കാർ അതിവേഗം നഗരത്തിൽ നിന്നും പുറത്തിറങ്ങി. വീട്ടിലെത്തി. വൈദ്യ പരിശോധനയിൽ പ്രത്യേക കുഴപ്പങ്ങൾ ഒന്നുമില്ല. പ്രഭാചന്ദ്രന്റെ അച്ഛൻ ഒന്നും പ്രതികരിച്ചില്ല ആരോടും. പൂമുഖത്തുനിന്നും പുറത്തേക്കിറങ്ങിയില്ല ഒന്നിനും. വീട്ടു മുറ്റവും പരിസരവും പറമ്പും ഒക്കെ അദ്ദേഹത്തിന്റെ ദുരവസ്ഥയിൽ പ്രതികരിച്ചു. പച്ചക്കറി തലപ്പുകൾ വാടിക്കരിയാൻ തുടങ്ങി. തൊഴുത്തിലെ കാലികൾ സദാ അമറി വിളിച്ചു. അപ്പോഴും ശോഭറാണി പറയുന്നുണ്ടായിരുന്നു. “ദീർഘ ദൂരയാത്രയിൽ ചെവിയിലൂടെ തണുപ്പ് കയറിയതു കൊണ്ടാണ്.”
പ്രഭാചന്ദ്രന്റെ അമ്മ പറഞ്ഞു. അവിടത്തെ എസി മുറിയിൽ ഇരുന്നതു കൊണ്ടാണ്. അച്ഛന് ഇതു വല്ലോം ശീലമുള്ളതാണോ? പ്രഭാചന്ദ്രന്റെ അച്ഛന് ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല….





