പ്രണയകഥയിലെ കടത്തുതോണി

മഴ അതിരിടുന്ന കുഗ്രാമമാണ് കഥാ പശ്ചാത്തലം. അവിടുത്തെ കടത്തുകാരനാണ് കാമുകൻ. കാമുകി, കടത്തു തോണിയിലെ പതിവു യാത്രക്കാരിയും. അവരുടെ പ്രണയ സല്ലാപങ്ങൾക്ക് കാവലായി മറയായി ആ കടത്തു തോണി നിലകൊണ്ടു.. പഴയ ചെമ്മീൻ സിനിമയിലെ പരീക്കുട്ടിക്കും കറുത്തമ്മയ്ക്കും ഒരനുകരണം എന്നപോലെ ആ പുഴയോരത്ത്, കടവിന് അടുത്ത് കടത്തുകാരൻ കാമുകനും യാത്രക്കാരി കാമുകിയും എന്നും സംഗമിച്ചു. ഹൃദയ വികാരങ്ങൾ പരസ്‌പരം കൈമാറി. തുടർ ജീവിത്തിൽ ആ കമിതാക്കൾക്ക് എന്ത് സംഭവിച്ചു? അവർ ഒന്നിച്ചോ? സന്തോഷകരമായ കുടുംബ ജീവിതം നയിച്ചോ…? അഥവാ വീടും നാടും തടസ്സം നിന്നപ്പോൾ എങ്ങോട്ടെങ്കിലും ഒളിച്ചോടിയോ? ഇങ്ങനെ കുറേ ചോദ്യങ്ങൾ മാത്രം ബാക്കിയാക്കി അവർ രണ്ടുപേരും കഥയിൽ നിന്നും അപ്രത്യക്ഷരായി. പക്ഷേ കഥ അവസാനിക്കുന്നില്ല..

കാലചക്രം തിരിഞ്ഞപ്പോൾ… മഴയറിയാതെ, വെയിലറിയാതെ, മഞ്ഞു വർഷത്തിൽ മരവിക്കാതെ കടത്തുകാരനും കാമുകിയും അതേ കടത്തു തോണിയും നാട്ടുകാരുടെ ഓർമ്മകളിൽ, പൊന്തക്കാട്ടിൽ പാഴ്‌പുല്ലുകളാൽ മൂടി മറഞ്ഞു മാഞ്ഞുപോയി എന്നുമാത്രം. അപ്പോഴേക്കും ആ കടവ് നിന്നിരുന്ന സ്‌ഥലത്ത് ഇരു കരകളേയും ബന്ധിപ്പിച്ച് പുതിയ കോൺക്രീറ്റ് പാലം വന്നു കഴിഞ്ഞിരുന്നു.

പിന്നീടെപ്പോഴോ പഴയ കടത്തുകാരനും കാമുകിയും ആരോരുമറിയാതെ ആ പുഴക്കരയിൽ പുനർജനിച്ചു. രണ്ടു കാട്ടുപൂച്ചെടികളായി പിറവികൊണ്ടു. ഋതുഭേദങ്ങളുടെ നിയമ വ്യവസ്ഥകൾക്ക് അതീതമായി അവരവിടെ പൂത്തുലയുകയും എല്ലായ്‌പ്പോഴും പുഴയിൽ നിന്നുള്ള കുളിർകാറ്റേറ്റ് പൂ പൊഴിക്കുകയും ചെയ്തു.

കാലാന്തരത്തിൽ ശിലാരൂപം പൂണ്ട ആ പഴയ കടത്തുതോണി, പൊഴിഞ്ഞു വീഴുന്ന കാട്ടുപൂക്കളെ കയ്യേൽക്കുകയും അന്നത്തെ ആ പ്രണയകഥയെല്ലാം ഓർത്ത് രോമാഞ്ചമണിയുകയും ചെയ്തു.

മറന്നു പോയത്

ഞാൻ ഡ്രസ്സെടുക്കാനായി കുടുംബത്തോടൊപ്പം ഒരു തുണി കടയിലെത്തി. തുണി കടയുടെ മുന്നിൽ സാരി ഉടുപ്പിച്ച് സുന്ദരിയാക്കിയിരിക്കുന്ന പ്രതിമകൾക്ക് സമീപം, തുച്ഛമായ ശമ്പളത്തിൽ ജീവിക്കുവാൻ വേണ്ടി വേഷം കെട്ടി ജീവനുള്ള പ്രതിമകളായി നിൽക്കുന്ന സുന്ദരി പെൺകുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്‌തു. അവർ ഞങ്ങളെ ലൈറ്റുകളുടേയും വസ്ത്രങ്ങളുടേയും വർണ്ണാഭമായ ലോകത്തിലേക്ക് കൂട്ടികൊണ്ടുപോയി.

ഒന്നിരിക്കാൻ പോലും  ഇടവേള കിട്ടാതെ കാലുകുഴഞ്ഞിട്ടും മുഖത്ത് വന്ന തളർച്ചയെ പുഞ്ചിരി കൊണ്ട് മറച്ച് യൂണിഫോമിൽ നിൽക്കുന്ന തരുണികൾ തുണികൾ ഓരോന്നായി കാണിക്കുവാൻ തുടങ്ങി. ആണുങ്ങൾക്കുള്ളത് അര മണിക്കൂർകൊണ്ട് സെലക്ട് ചെയ്തു‌ കഴിഞ്ഞു.

സ്ത്രീകൾക്കുള്ളത് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും വിരാമത്തിലെത്താൻ കഴിഞ്ഞില്ല. എന്നിട്ടും ക്ഷമയുടെ പര്യായപദങ്ങളായി സെയിൽസ് ഗേൾസ് നിൽക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. ആണുങ്ങളെല്ലാം ബോറടി മാറ്റാൻ ഫോണിനെ ശരണം പ്രാപിച്ചു. ഒടുവിൽ പർച്ചേയ്സ് എല്ലാം കഴിഞ്ഞ് ശ്രദ്ധയോടെ കൃത്യമായി ഒത്തു നോക്കി.

ഒന്നും എടുക്കാൻ മറന്നില്ലെന്ന് ഉറപ്പു വരുത്തി തുണി കവറുകൾ എല്ലാമെടുത്ത് കാറിൽ കയറി യാത്രയായി. വീട്ടിലെത്തി സാധനങ്ങൾ ഇറക്കി ദീർഘശ്വാസം വിട്ട് വിശ്രമിക്കുവാൻ ശ്രമിക്കുമ്പോഴാണ് ഒരു കാര്യം മറന്നു പോയത് ശ്രദ്ധയിൽപ്പെട്ടത്. അതോടെ ആമോദതത്തിലായിരുന്നവർ എല്ലാം ആധിയിലായി. നിലവിളിക്കാൻ തുടങ്ങിയ ഭാര്യയെ സമാധാനിപ്പിച്ച് വളരെ വേഗത്തിൽ കാറോടിച്ച് തുണി കടയിലെത്തി. ഹാവു ആശ്വാസമായി. കൂടെക്കൂട്ടാൻ മറന്നു പോയ ഞങ്ങളുടെ ഇളയകുട്ടി കരഞ്ഞു തളർന്ന് പേടിച്ച് അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു.

ശംഖൊലി

വിവാഹം കഴിഞ്ഞ് മൂന്നാലുമാസമായപ്പോഴെയ്ക്കും അനിയത്തിയുടെ പെരുമാറ്റത്തിൽ തന്നോട് ഒരു അകല്‍ച്ച തോന്നിത്തുടങ്ങിയത് അമല തിരിച്ചറിഞ്ഞു. അവളുടെ ഭർത്താവിന്‍റെ സംസാരവും ഇടയക്കുള്ള തൊട്ടുരുമ്മലുമെല്ലാം ഭാര്യയുടെ ചേച്ചിയെന്ന രീതിയിൽ നിന്നും മാറിയായിരുന്നു. ഒരു ദിവസം തയ്യൽക്കടയിൽ നിന്നും വന്ന് വസ്ത്രം മാറുന്നതിനിടയിൽ തന്‍റെ മുറിയിലേയ്ക്ക് എത്തിയടുത്തു നിന്ന ഭർത്താവിനെ കണ്ടു കൊണ്ടാണ് അനിയത്തി അലറിയടുത്തത്. തന്‍റെ സമ്മതത്തോടെയാണ് അവളുടെ ഭർത്താവ് മുറിയിൽ കയറിതെന്ന ഭാവത്തിലായിരുന്നു അവളുടെ വാക്കുകൾ

“നിങ്ങൾക്ക് ഈ വീട്ടിൽ നിന്നും ഒന്നു പോയിത്തരാമോ. മതി  ഇനി ഇവിടെ നിങ്ങളുടെ വാസം.”

അനിയത്തിയുടെ ഉറഞ്ഞു തുള്ളൽ കണ്ട് അമല ഞെട്ടി. അച്ഛനും അമ്മയും മരിച്ചപ്പോൾ മുതൽ ഈ മുപ്പത്തഞ്ചു വയസ്സു വരെ കഷ്ടപ്പെട്ട് ജീവിച്ചത് അവൾക്കു വേണ്ടിയാണ്. അവളുടെ പഠിത്തവും വിവാഹവുമെല്ലാം നടത്തിയത് ഒരു പെണ്ണിന്‍റേതായ എല്ലാ മോഹങ്ങളും അടക്കി വച്ചിട്ടാണ്, എന്നിട്ടിപ്പോൾ..

ശരിയ്ക്കും അമല കരയുകയായിരുന്നു.

സന്ധ്യയ്ക്ക് ചേച്ചി പടിയിറങ്ങിപ്പോകുമ്പോൾ അനിയത്തിയും ഭർത്താവും കാഴ്ചക്കാരായി നിന്നതേയുള്ളു.

പിറ്റേ ദിവസം രാവിലെ ചേച്ചിയും കൂടെ ഒരു പുരുഷനും കൂടി വീട്ടിലേയ്ക്കു കടന്നു വരുന്നത് കണ്ടപ്പോൾ അനിയത്തിയും ഭർത്താവും ഒന്നമ്പരന്നു.

“നാളെ ഞങ്ങളുടെ വിവാഹമാണ്. പത്തു വർഷമായി ഇദ്ദേഹമെന്നെ സ്നേഹിക്കുന്നു. നിന്നെക്കുറിച്ചല്ലാതെ എന്‍റെ ജീവിതക്കുറിച്ച് ഞാൻ ഓർത്തിട്ടില്ല. എന്‍റെ വിരൽതുമ്പിൽ പോലും ഒന്നു തൊടാൻ ഇദ്ദേഹം ഒന്നു ശ്രമിച്ചിട്ടില്ല. സ്നേഹിക്കുന്നുവെന്നല്ലാതെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നെ കാണാൻ അകലെ മാത്രമേ നിന്നിട്ടൊള്ളു. ഒരു പുരുഷന്‍റെ ചൂട് ആഗ്രഹിച്ചിരുന്നെങ്കിൽ എനിക്ക് അതിനു കഴിയുമായിരുന്നു. അതിന് നിന്‍റെ ഭർത്താവിനെ തേടേണ്ട ആവശ്യമില്ലാ..”

ഇത്രയും ദേഷ്യത്തോടെ തന്‍റെ ചേച്ചി സംസാരിച്ച് ഇതുവരെ കേട്ടിട്ടില്ല. അവളുടെ ഭർത്താവും ചൂളി നില്ക്കുകയാണ്.

മുറ്റം കടന്നു പോകുമ്പോൾ കൂടെയുള്ള പുരുഷന്‍റെ കൈയ്യിൽ അമല മുറുകെ പിടിച്ചു.

और कहानियां पढ़ने के लिए क्लिक करें...