ഹരിത വിപ്ലവത്തിന്‍റെ ഭാഗമായ ജൈവ കൃഷിയുടെ വിളവെടുപ്പ് സമയത്താണ് ഹിത ഭർത്താവിനോടൊപ്പം വീട്ടിൽ വന്നത്. വിളവ് പ്രതീക്ഷയ്ക്കപ്പുറമായതിനാൽ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പറിച്ചു കൂട്ടിയ മഞ്ഞളിന്‍റെയും ഇഞ്ചിയുടെയും ചേനയുടെയും കൂമ്പാരങ്ങൾ കണ്ടു ഹിതയും ഭർത്താവും ആശ്ചര്യത്തോടെ നോക്കി നിന്നു.
ഈ വിഭവ സമൃദ്ധിയിൽ ഞങ്ങളെക്കാൾ കൂടുതൽ സന്തോഷം ഹിതക്കായിരുന്നു. കൃഷിയിലേക്കുള്ള ഞങ്ങളുടെ ഉത്തേജനം അവൾ തന്നെയായിരുന്നു. കൃഷിയുടെ ആവശ്യകതയെക്കുറിച്ചും മനുഷ്യനിലെ ഊർജ്ജസ്വലയ്ക്ക് കൃഷി നല്ലൊരു വളമാണെന്നും അവൾ ഞങ്ങളെ ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.
എന്‍റെ സഹോദരിയുടെ മകന്‍റെ ഭാര്യയാണ് ഹിത. ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്നു അവൾ. വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ വീട്ടിലെത്തിയതോടെ കൃഷിയിൽ നിന്നും അൽപം അകലം പാലിച്ചു നിൽക്കേണ്ടി വന്നു. ഭർത്താവ് ഗൾഫുകാരനായതിനാൽ അടുക്കളയും വീടും മാത്രമായി അവളുടെ ലോകം.
തുടർന്നുള്ള ജീവിത സംക്രമണത്തിൽ മക്കളുടെ പരിപാലനവും വിദ്യാഭ്യാസവും ഭാര്യയുടെ കടമയും മരുമകളുടെ കടപ്പാടും അവൾക്ക് ആത്മ നിർവൃതിയായി. മക്കളുടെയും അമ്മായിയമ്മയുടെയും കാര്യത്തിൽ അതീവ ജാഗ്രരൂകയായിരുന്നു അവൾ. അവരുടെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കി അർപ്പണ മനോഭാവത്തോടെ നിറവേറ്റി കൊടുക്കാനുള്ള കഴിവ് അവൾക്ക് സ്വതസിദ്ധമായിരുന്നു.
ഇതിനിടയിൽ വീണു കിട്ടുന്ന അൽപ സ്വല്പ സമയങ്ങളിൽ പൂന്തോട്ടം മോടി പിടിപ്പിക്കാനും അടുക്കളത്തോളം പരിപാലിച്ചെടുക്കാനും സമയത്തെ സ്വയം ചിട്ടപ്പെടുത്തിയ അപൂർവ്വയിനം പൂക്കളാലും വിവിധയിനം പച്ചക്കറിയിനങ്ങളാലും ഗൃഹാന്തരീക്ഷം ശുദ്ധവായു മുഖരിതമാക്കാൻ ഹിത സമയത്തെ മെരുക്കി കൊണ്ടിരുന്നു.
ഈക്കാലത്താണ് പ്രവാസ ജീവിതം മതിയാക്കി ഞാൻ നാട്ടിലെത്തപ്പെടുന്നത്. പ്രവാസ ജീവിതവും സഹവാസിത്വവും എന്നിലെ ഉൾക്കാഴ്ചയ്ക്ക് വികാസമേകുന്നതായിരുന്നു. നാട്ടിൻ പുറവുമായി പെട്ടെന്നു പൊരുത്തപ്പെടുവാനുള്ള മാനസികാവസ്ഥയിലല്ലാതിരുന്നതിനാൽ വീടിന്‍റെ അകത്തളത്തിൽ ഉണ്ടും ഉറങ്ങിയും ഞാൻ കഴിച്ചു കൂട്ടി.
അപ്പോഴെല്ലാം ഹിത എന്‍റെ സഹോദരിയെയും കൂട്ടി വീട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. വീട്ടിനുള്ളിൽ മുരടിച്ചു കൊണ്ടിരുന്ന എന്‍റെ ദിനങ്ങളെ തുറന്നു വിടാൻ ഒരു സൈക്കാട്രിസ്റ്റിന്‍റെ ഗമയിൽ പല ടിപ്പുകളും അവൾ ഓതുമായിരുന്നു. ഒന്നിലും താൽപര്യമില്ലാത്തെ അന്തർമുഖിയായി ഞാൻ ദിനങ്ങളെ മരവിപ്പിച്ചു കൊണ്ടേയിരുന്നു.
പ്രവാസകാലം നാട്ടിലെ സുഹൃത്തുക്കളിൽ നിന്നകന്നു പോയതിനാലും, പുതിയ ബന്ധങ്ങളെ സ്ഥാപിച്ചെടുത്തതിനാലും നാടുമായുള്ള എന്‍റെ ബന്ധത്തിന് വിള്ളലേറ്റിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കാനല്ലാതെ അവരുടെ സംഘടനകളെ പോഷിപ്പിക്കാനോ ഉദാരവൽക്കരിച്ച് കൂട്ടു ചേരാനോ എന്നെ കൊണ്ടായില്ല. ഞങ്ങളിലെ ആശയങ്ങൾ തമ്മിൽ പൊരുത്തക്കേടുള്ളതിനാൽ ഒത്തു കൂടാനും മനസ്സ് സമ്മതിച്ചില്ല. സ്വന്തം ബലഹീനതയെ സ്വയം ഏറ്റെടുത്ത് വീട്ടു തടങ്കൽ രൂപേണ ജീവിത സായാഹ്നത്തെ ഒതുക്കി എടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാനും.
മടിപിടിച്ച എന്‍റെ ദിനചര്യകളിൽ പ്രഷറും, ഷുഗറും, കൊളാസ്ട്രോളും എന്നെ മാറോടു ചേർത്ത് സുഹൃത്തുക്കളാക്കി. അവരിൽ നിന്ന് അകന്നു മാറാനായിട്ടാണ് ഞാൻ ഡോക്ടറെ സമീപിച്ചത്. കായിക ലോകത്തേയ്ക്ക് ഇറങ്ങി ചെല്ലാനായിരുന്നു മരുന്നുകൾക്കൊപ്പം ലഭിച്ച പ്രിസ്ക്രിസ്പഷൻ.
ഇതിനിടയിൽ ഹിത പലപ്പോഴും എന്‍റെ ഭാര്യയ്ക്ക് (അവളുടെ അമ്മായി) ചട്ടിയിൽ പിടിപ്പിച്ച ചെടികളും പച്ചക്കറി വിത്തുകളും സമ്മാനിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു. സോപ്പിടാൻ അവൾ പണ്ടു മുതലെ കൗശലക്കാരിയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതവൾ സംയോജിതമായി പ്രാവർത്തികമാക്കി.