പുതിയ വൈസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വങ്ങൾ കുറയ്ക്കാനാണ്. അത് നിങ്ങളുടെ സ്ഥാനലബ്ധിയേയോ പ്രമോഷനേയോ ഒരുതരത്തിലും ബാധിക്കില്ല. ചെയർമാന്‍റെ പ്രസ്താവന കേട്ടിട്ടും ഗൗരവിന്‍റെ മുഖത്ത് ആശങ്കയുടെ കരിനിഴൽ പടർന്നു. ചെയർമാനോടൊപ്പം ഹെഡ് ഓഫീസിലാണെന്നതിനാൽ ഫാക്ടറിയുടെ ഉന്നതാധികാരം, അതായത് ജനറൽ മാനേജർ സ്ഥാനം ഗൗരവ് വർമ്മയ്ക്കായിരുന്നു. ഇനിയിപ്പോൾ വൈസ് പ്രസിഡന്‍റിന് തന്നെ മുറിയിൽ വിളിച്ചു വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ആവാം.
അതിന് തെറ്റ് ചെയ്താൽ അല്ലേ നിങ്ങളെ വിളിപ്പിക്കൂ. ഭാര്യ ആരതി തമാശ മട്ടിൽ പറഞ്ഞു. എന്താണ് ശരി എന്നും എന്താണ് തെറ്റ് എന്നും ഇനി വൈസ് പ്രസിഡന്‍റ് ആവും തീരുമാനിക്കുക.
എന്നാൽ വൈസ് പ്രസിഡന്‍റിനെ പരിചയപ്പെട്ടതോടെ ഗൗരവിന്‍റെ മുൻ ധാരണയൊക്കെ മാറി.
അയാളുടെ സ്വഭാവം ഒരു എത്തും പിടിയും കിട്ടുന്നില്ല. ടോട്ടലി കൺഫ്യൂസ്ഡ് ക്യാരക്ടർ, ആരതി നീ അയാളെ അറിയും. നിന്‍റെ കോളേജ് മേറ്റ് മിസ്റ്റർ വിജയനാഥ്. ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി. നിന്‍റെ കയ്യിലുള്ള യൂണിവേഴ്സിറ്റി ഫോട്ടോകളിൽ അയാളെ കണ്ടിട്ടുണ്ട്.
നിങ്ങൾ എന്നെ കുറിച്ച് സൂചിപ്പിച്ചോ? ആരതിയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു.
ഇല്ല, നാളെയാണ് വെൽക്കം പാർട്ടി. അവിടെവച്ച് നിന്നെ നേരിട്ട് കാണട്ടെ, സർപ്രൈസ് ആവും. ഗൗരവ് ചിരിച്ചുകൊണ്ട് സംസാരം തുടർന്നു. പക്ഷേ വിജയനാഥിനെ പോലൊരു സുന്ദരനു കണ്ണ് കിട്ടാതിരിക്കാനായി ഒരു വിരൂപയായ ഭാര്യയും.
അസാധ്യം തന്നെ. ഒന്നുകിൽ നിങ്ങൾ കണ്ട ആൾ വിജയനാഥ് ആയിരിക്കില്ല. അല്ലെങ്കിൽ ആ വിരൂപ അയാളുടെ ഭാര്യ ആയിരിക്കില്ല. വർഷങ്ങൾക്കു മുമ്പ് വിജയനാഥിന് ഒരു പ്രണയവും കാമുകിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് ഇരുണ്ട നിറമാണെന്ന ഒറ്റ കാരണത്താലാണ് അവളെ അയാൾ വിവാഹം കഴിക്കാതിരുന്നത്.
അഭംഗിയും സൗന്ദര്യവും ഒക്കെ പണത്തിന്‍റെയും ആഢ്യതയുടേയും ത്രാസിൽ കിഴ്ക്കാംതൂക്കം മറിഞ്ഞു കാണും. ഗൗരവ് സമർത്ഥിച്ചു. അയാളുടെ ഭാര്യ രീഷ്മ, ഓർമ്മ വന്നു. അതാണ് അവരുടെ പേര്. ഒരു പ്രമുഖ രാഷ്ട്രീയകാരന്‍റെ മകളും അറിയപ്പെടുന്ന ഫാഷൻ ഡിസൈനറും ആണ്.
അതിന് സുവർണ്ണയും അത്ര മോശക്കാരി ഒന്നും ആയിരുന്നില്ല. വലിയൊരു ബിസിനസുകാരന്‍റെ മകളാണ്. നിറം അല്പം കുറവാണെന്ന് ഒഴികെ എന്തൊരു ഐശ്വര്യമാ അവളുടെ മുഖത്ത്. ആരതി പറഞ്ഞു.
ദയവായി വിജയനാഥിനോട് സംസാരിക്കാൻ മാത്രം എന്നോട് പറയരുത്, പ്ലീസ്.
എന്തായാലും നാളത്തെ വെൽക്കം പാർട്ടിക്ക് നീ വന്നേ തീരൂ. കാരണം നമ്മുടെ രണ്ടുപേരുടെയും പേരിലാണ് ക്ഷണക്കത്ത്. മാത്രമല്ല, രീഷ്മയെ വിവാഹം കഴിച്ച് വിജയ് തന്‍റെ തെറ്റിനുള്ള പ്രായശ്ചിത്തവും ചെയ്തു കഴിഞ്ഞു. ഗൗരവ് വിശദീകരിച്ചു.
പക്ഷേ, അതെങ്ങനെ സുവർണ്ണയോടുള്ള തെറ്റിനു പ്രായശ്ചിത്തം ആവും. അവൾ ഇന്നും അവിവാഹിതയായി കഴിയുകയല്ലേ. ആ പാവമിന്നും വിജയനാഥിനെ പ്രണയിച്ചതിനുള്ള ശിക്ഷ അനുഭവിക്കുകയല്ലേ. ഞാൻ എന്തായാലും നാളത്തെ പാർട്ടിക്ക് വരാം. പക്ഷേ വിജയിനോട് അത്ര ഫ്രണ്ട്‍ലിയായി ആയി സംസാരിക്കാൻ ഞാനില്ല.