അന്ന് മകൾ നേഹയുടെ ഇരുപത്തിമൂന്നാം ജന്മദിനം ആയിരുന്നു. ഇങ്ങനെയൊരു സന്തോഷവസരത്തിൽ ഓഫീസിൽ പോകേണ്ടെന്ന് മീനാക്ഷി തീരുമാനിച്ചു. അല്പസമയം മകൾക്കൊപ്പം ചെലവഴിക്കാൻ ആ മാതൃഹൃദയം വെമ്പൽ കൊണ്ടു.
ബ്രേക്ഫാസ്റ്റിന് ശേഷം മകളെയും കൂട്ടി തൊട്ടടുത്തുള്ള പാർക്കിൽ അല്പസമയം ചെലവഴിക്കണം. എത്ര നാളായി സ്വസ്ഥമായി മനസ്സുതുറന്ന് അവളോട് സംസാരിച്ചിട്ട്. മീനാക്ഷിയുടെ മനസ്സ് മന്ത്രിച്ചു.
നേഹ, കമ്പനി ട്രെയിനിയായി നീ അമേരിക്കയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്നാണത്? മനസ്സിനെ കീഴടക്കി കൊണ്ടിരുന്ന വിഷാദം മുഖത്ത് പ്രകടമാകാതിരിക്കാൻ മീനാക്ഷി ആവുന്നതും ശ്രമിച്ചു.
ഒരുപക്ഷേ, അടുത്ത മാസം എങ്ങാനും ആയിരിക്കും. പക്ഷേ ഞാൻ ട്രെയിനിങ്ങിന് ഒന്നും പോകുന്നില്ല. നേഹ ദൃഢമായി പറഞ്ഞു.
നീ വെറുതെ അങ്ങനെയൊന്നും ചിന്തിക്കേണ്ട. ട്രെയിനിങ് ഒക്കെ കഴിഞ്ഞാൽ അല്ലേ പ്രമോഷൻ ശരിയാവൂ.
അതല്ല. ഞാൻ ജോലി രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.
നിനക്ക് മറ്റെവിടെയെങ്കിലും ജോബ് ഓഫർ വന്നിട്ടുണ്ടോ?
അങ്ങനെ ഉറപ്പിച്ചു പറയാറായിട്ടില്ല. പക്ഷേ കിട്ടും. പക്ഷേ….
എന്താ നിർത്തി കളഞ്ഞത്? പറയ്…
പുതിയ കമ്പനിയിൽ കൂടുതൽ സാലറി കാണും. പ്രമോഷനുള്ള അവസരങ്ങളും ഉണ്ട്. പക്ഷേ ഇവിടം വിട്ട് ബാംഗ്ലൂരിലേക്ക് പോകേണ്ടിവരും.
ആഹ്… അതൊന്നും വേണ്ട.
മീനാക്ഷി ഒരു ദീർഘനിശ്വാസം എടുത്തു. ബാംഗ്ലൂരിൽ… അതും നിന്നെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ. അവർ പിറുപിറുത്തു കൊണ്ടിരുന്നു.
മമ്മി, പ്ലീസ് നേഹ കൊഞ്ചി. ഐടി ക്യാപിറ്റൽ ആണ് ബാംഗ്ലൂർ. എന്നെപ്പോലുള്ളവർക്ക് ശരിക്കും ഷൈൻ ചെയ്യാൻ പറ്റിയ ഫീൽഡും കൾച്ചറുമാണ് അവിടത്തേത്.
നീ ആദ്യം ഒരു കല്യാണം കഴിക്ക്. എന്നിട്ട് ഭർത്താവിനെയും കൂട്ടി എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ. നിന്നെ ഒറ്റയ്ക്ക് ബാംഗ്ലൂർക്ക് പറഞ്ഞയക്കാൻ ഈ വിധവയ്ക്ക് ധൈര്യം പോരെന്നു കൂട്ടിക്കോ. മീനാക്ഷിയുടെ കനത്ത ശബ്ദം ദൃഢ തീരുമാനം അറിയിക്കുന്നതായിരുന്നു.
ഹായ് രാജീവ്…
അപ്രതീക്ഷിതമായി മകൾ ഒരു അപരിചിതന്‍റെ പേര് പറയുന്നത് കേട്ട് മീനാക്ഷിക്ക് ആശ്ചര്യമായി. മകൾ ആരെയോ സൂക്ഷിച്ചു നോക്കുന്നത് കണ്ട് മീനാക്ഷിയും അങ്ങോട്ട് തിരിഞ്ഞു.
ഒറ്റനോട്ടത്തിൽ ഗൗരവക്കാരൻ ആണെന്ന് തോന്നിക്കുന്ന ഒരു യുവാവ്. ഒപ്പം ഒരു മധ്യവയസ്കനുമുണ്ട്. യുവാവ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു എങ്കിലും മുഖത്ത് ചെറിയൊരു ചമ്മൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
അവർ പതുക്കെ നടന്ന് അടുത്തെത്തി. നേഹയും രാജീവും അമ്മയെയും അച്ഛനെയും പരസ്പരം പരിചയപ്പെടുത്തി. സഹപ്രവർത്തകനായിരുന്നു രാജീവ്. അച്ഛനോടൊപ്പം പാർക്കിൽ സവാരിക്കെത്തിയതാണ്.
നേഹയും രാജീവും ഓഫീസ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ രാജീവിന്‍റെ പപ്പ രഞ്ജനും മീനാക്ഷിയും വാർദ്ധക്യസഹജമായ രോഗങ്ങളെയും യോഗയെയും കുറിച്ചായിരുന്നു സംസാരം.
ഏറെ നാളത്തെ പരിചിതരെ പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ ഇവർക്കിടയിൽ പ്രണയം നാമ്പിടുമോ എന്ന് രാജീവിനും നേഹയ്ക്കും തോന്നാതിരുന്നില്ല.
എന്നാൽ മക്കൾ തെരഞ്ഞെടുക്കാൻ പോകുന്ന പങ്കാളിയുടെ ശരിതെറ്റുകളും ഗുണദോഷങ്ങളും നോക്കി കാണുകയായിരുന്നു രഞ്ജനും മീനാക്ഷിയും.
രാജീവ് ആരോഗ്യ ദൃഢഗാത്രനും കാഴ്ചയ്ക്ക് സുമുഖനും ആണ്. കണ്ണട ആ മുഖത്തിന് ഏറെ യോജിക്കുന്നു. രാജീവിനെ ഭാവി മരുമകനാക്കുന്നതിൽ വലിയ തെറ്റില്ലെന്ന് മീനാക്ഷിക്ക് തോന്നി.