സമൃദ്ധിയുടെ ഉത്സവമായ ഓണം കാർഷിക കേരളത്തിന് വിളവെടുപ്പുത്സവം കൂടിയാണ്. പ്രജാ ക്ഷേമ തല്പരനായ മഹാബലി ചക്രവർത്തിയുടെ കഥയുമായി ഓണം ബന്ധപ്പെട്ടു കിടക്കുന്നു. വാമനനാൽ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി തമ്പുരാൻ തിരുവോണനാളിൽ നമ്മെ കാണാൻ വരുന്നു എന്നാണ് ഓണത്തിന്‍റെ ഐതിഹ്യം. അത്തം മുതൽ പത്തു നാൾ വരെ നീളുന്ന ആഘോഷം.

പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും ഓണ സദ്യയൊരുക്കിയും ഓണക്കളികളിലേർപ്പെട്ടും മലയാളി ആണ്ടിലൊരിക്കൽ വരുന്ന ഓണം കെങ്കേമമായി കൊണ്ടാടുന്നു. ഗൃഹാതുരത്വത്തിന്‍റെ ദീപ്ത സ്മരണകളാണ് ഓണമെന്നു കേൾക്കുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ തെളിയുന്നത്. പഞ്ഞമാസമായ കർക്കിടകം കഴിഞ്ഞ് മലയാളികളുടെ നവവത്സരമായ പൊന്നിൻ ചിങ്ങമാസത്തിൽ വിരുന്നെത്തുന്ന പൊന്നോണത്തെ വരവേല്ക്കാൻ പ്രകൃതിയും ഒരുങ്ങുന്നു.

വെളുക്കെ ചിരിച്ച് തുമ്പയും കാക്കപ്പൂവുമൊക്കെ നാട്ടിടവഴികളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഗുണ്ടൽപേട്ടിലേയും തമിഴ്നാട്ടിലേയും ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ പൂക്കളത്തിൽ ഇടം പിടിച്ചപ്പോൾ മലയാളി എന്നോ മറന്ന നാട്ടുപൂക്കൾ പൂക്കളങ്ങളിൽ ഇടം നേടാനായില്ലെങ്കിലും സമൃദ്ധിയും നന്മയും നിറഞ്ഞ ആ നല്ല നാളുകളെ ഓർമ്മിപ്പിച്ചു കൊണ്ട് കാലം തെറ്റാതെ ഇന്നും പൂക്കുന്നുണ്ട്.

കോവിഡ് എന്ന മഹാമാരി ഉയർത്തിയ ആശങ്കൾക്കിടയിലാണ് ഒരുവട്ടം കൂടി ഓണം വിരുന്നെത്തുന്നത് ആഘോഷങ്ങൾ മാറ്റി വച്ച് നന്മയുടെ സന്ദേശം പകർന്ന മുൻപത്തെ മൂന്ന് ഓണക്കാലങ്ങളും മലയാളിക്ക് അതിജീവനത്തിന്‍റെ നാളുകൾ കൂടിയായിരുന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടു പ്രളയവും താണ്ടി നന്മ വറ്റാത്ത മലയാളി മനസ്സുകളുടെ കാരുണ്യത്താൽ കൊച്ചു കേരളം ദുരിതക്കയത്തിൽ നിന്നും കരകയറി അതിജീവനത്തിന്‍റെ മഹത്തായ മാതൃകയായി. പിന്നീട് കോവിഡ് എന്ന മഹാമാരിയുടെ രൂപത്തിൽ പ്രകൃതി താണ്ഡവമാടിയപ്പോൾ പകച്ചു നിൽക്കാതെ പോരാടി. അത് പ്രിയപ്പെട്ടവർക്കരിലേക്ക് ഓടിയെത്തിക്കൊണ്ടല്ല അവരിൽ നിന്നും അകലം പാലിച്ചുകൊണ്ടായിരുന്നു എന്ന് മാത്രം. മലയാളി ഇതുവരെ ശീലിച്ചതിൽ നിന്നും തികച്ചും വിഭിന്നമായൊരു ശൈലി.

ഓണാവധി പൊതുവെ മലയാളികൾക്ക് യാത്രകളുടേയും ഷോപ്പിങ്ങിന്‍റെയും ബന്ധുവീടു സന്ദർശനങ്ങളുടേതുമാണല്ലോ. പതിവിന് വിപരീതമായി പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ട് സർക്കാർ മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ച് സ്വഭവനങ്ങളിൽ കരുതലോടെയാണ് കഴിഞ്ഞ ഓണക്കാലം കടന്നുപോയത്.

കോവിഡ് അതിജീവനം കൂടിയാണ് ഈ ഓണക്കാലവും. നവ മാധ്യമ സാധ്യതകളെ ഉപയോഗപ്പെടുത്തി നിമിഷ നേരം കൊണ്ട് പ്രിയപ്പെട്ടവരിലേക്ക് നിറഞ്ഞ സ്നേഹത്തോടെ നമുക്ക് എത്താനും അവരുടെ വിശേഷങ്ങൾ അറിയാനും കഴിയും. മനസ്സുകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കി അകലങ്ങളിലിരുന്നും ഇപ്രാവശ്യവും കുടുംബബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും ഊട്ടിയുറപ്പിക്കാം. ഈ ഓണക്കാലവും ജാഗ്രതയോടെ നമുക്ക് മുന്നോട്ടു പോകാം. പ്രകൃതി പതിയെ പതിയെ രൗദ്രഭാവം വെടിയുമെന്ന് പ്രത്യാശിക്കാം. സമൃദ്ധിയുടെ സന്തോഷത്തിന്‍റെ നല്ല നാളുകൾ തിരികെ വരിക തന്നെ ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...