പ്രണയത്തിലാവുന്നതിനേക്കാൾ വളരെ പ്രയാസമുള്ള കാര്യമാണ് അത് നിലനിർത്താൻ കമിതാക്കൾ എടുക്കുന്ന റിസ്ക്കുകൾ. പരസ്പരം സ്വസ്ഥമായ ഒരിടത്ത് വച്ച് കാണാനോ ഒന്നിത്തിരി നേരം മിണ്ടാനോ പലർക്കും വെല്ലുവിളിയായിരിക്കും. കോളേജ് ക്യാംപസിലോ ജോലി സ്ഥലത്തോ ഒന്ന് രണ്ട് തവണ പരസ്പരമൊന്ന് കണ്ട് മിണ്ടിയാലോ പിന്നെ പറയുകയും വേണ്ട. നിരന്തരം കണ്ണുകൾ അവർക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. അഥവാ ഏതെങ്കിലും പൊതുസ്ഥലത്ത് അൽപമൊന്ന് റൊമാൻറിക്കായാലോ പിന്നാലെ ചാരന്മാർ പിന്തുടരും. ഇന്നാണെങ്കിൽ പ്രണയികൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ ഷോപ്പിംഗ് മാളുകൾ സേഫാണെങ്കിലും ഏതെങ്കിലും പരിചയക്കാർ തങ്ങളെ കാണുമെന്ന ഭയം പിന്തുടരും. ഒപ്പം സിസിടിവി ക്യാമറയുടെ പരിധിയിലായിരിക്കുമെന്ന ഭയവും. പ്രണയിക്കാൻ പാർക്കിലെ മനോഹരമായ പശ്ചാത്തലം സ്വീകരിക്കാൻ അവർ തീരുമാനിച്ചാലും അവിടെയും പ്രവേശിക്കാനുള്ള ഫീസും പ്രൈവസിയുടെ പ്രശ്നവും തലയുയർത്തും. വല്ല കഫേകളിൽ പോയാൽ ചെലവ് വർദ്ധിക്കുമെന്ന പേടിയും വേറെ. പാർക്കിലാകട്ടെ വായ്നോട്ടക്കാരുടേയും പരിചയക്കാരുടേയും ശല്യപ്പെടുത്തലുകൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.

പണ്ട്, കാമുകീകാമുകന്മാർ പരസ്പരമൊന്ന് കാണാൻ ഏറെ കൊതിക്കുമായിരുന്നു. അവർ വളരെ രഹസ്യമായി വല്ല അമ്പലപ്പരിസരങ്ങളിലോ വഴിവക്കിലോ ഒന്ന് കണ്ടശേഷം പരസ്പരം വിടചൊല്ലി പിരിയുമായിരുന്നു. ഇന്നാണെങ്കിലോ ഈ സ്ഥിതി മാറി, പ്രണയികൾ പൊതുയിടങ്ങളിൽ പരസ്പരം കൈകോർത്തുപിടിച്ച് കൂസലില്ലാതെ നടക്കുന്നത് സർവ്വസാധാരണമായിരിക്കുന്നു.  ചില ജോഡികൾ പാർക്കിലാണെങ്കിൽ മറ്റ് ചിലർ ഏതെങ്കിലും കോഫി ഷോപ്പിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് പ്രണയം പങ്ക് വയ്ക്കുന്നു. എന്നാൽ പ്രണയികളെ ചൂഷണം ചെയ്യാൻ ചിലർ തക്കം പാർത്ത് അവർക്ക് അരികിലായി ചുറ്റി നടക്കും. ഇത്തരം ചൂഷകർ ആരുമാകാം. പോലീസോ ശല്യക്കാരായ ഗുണ്ടകളോ അങ്ങനെ ആരും ആകാം. ഇവരെ തിരിച്ചറിയുകയെന്നത് പ്രയാസകരമായിരിക്കും.

ഇത്തരത്തിൽ മോറൽ പോലീസിംഗിന് വിധേയരായിട്ടുള്ള ധാരാളം കാമുകീകാമുകന്മാർ നമ്മുടെ നാട്ടിലുണ്ട്. ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലും കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് അക്രമിസംഘങ്ങൾ കയ്യേറ്റം ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിൽ ചിലർ ബ്ലാക്ക്മെയിലിംഗിനോ പണം തട്ടാനോ വേണ്ടിയാവും കാമുകീകാമുകന്മാരെ ആക്രമിക്കുക. അതുകൊണ്ട് പ്രണയികൾ പാർക്കിലോ മറ്റോ പോകുമ്പോൾ ഇത്തരക്കാരുടെ ആക്രമങ്ങൾക്ക് വിധേയരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:

        • നിശ്ചിത സമയത്തിനുള്ളിൽ പ്രത്യേകയിടങ്ങളിൽ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക.
        • ഇത്തരമിടങ്ങളിൽ പോകുമ്പോൾ ആവശ്യത്തിലധികം പണം കരുതുന്നതും സ്വർണ്ണാഭരണം അണിയുന്നതും ഒഴിവാക്കുക.
        • കയ്യിൽ പെപ്പർ സ്പ്രേ കരുതുക.
        • വിജനമായ പ്രദേശത്ത് വൈകുന്നേരം ഏറെ സമയം വരെ ഇരിക്കരുത്.
        • നിങ്ങൾ ഒരേയിടത്ത് അടിക്കടി സന്ദർശിക്കുകയാണെങ്കിൽ വളരെ സിമ്പിളായി പെരുമാറുക.
        • വുമൺ ഹെൽപ്ലൈൻ നമ്പർ മൊബൈലിൽ സേവ് ചെയ്ത് വയ്ക്കുക.
        • ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്ത് വയ്ക്കാം.
        • മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കും വിധമുള്ള പ്രവൃത്തികൾ പാടില്ല.

മോഷണമെന്നത് ഒരു ബിസിനസ്സായിരിക്കുന്ന കാലത്ത് മറ്റുള്ളവരെ തക്കത്തിന് ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങളുണ്ടെന്ന കാര്യം ഓർക്കുക. തട്ടിപ്പ് നടത്താൻ പലവിധ വഴികൾ പരീക്ഷിക്കുന്നവരായിരിക്കും. ഇത്തരം തട്ടിപ്പുസംഘങ്ങൾക്ക് പ്രണയികൾ ഇരയാകുന്ന സംഭവങ്ങൾ ഏറെയാണ്. ഇത്തരക്കാരെ ആൾക്കൂട്ടത്തിൽ നിന്നും തിരിച്ചറിയുകയെന്നത് അത്രയെളുപ്പമായിരിക്കില്ല. അതിനാൽ അപകടം പിടിച്ച സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കി സുരക്ഷിതമായ സ്ഥാനങ്ങൾ സന്ദർശിക്കുക. പൊതുസ്ഥലത്ത് അൽപസ്വൽപം അകലം പാലിച്ച് പെരുമാറുന്നത് ബ്ലാക്ക്മെയിലിംഗിന് ഇരയാകുന്നത് ഒഴിവാക്കും.

और कहानियां पढ़ने के लिए क्लिक करें...