കുട്ടികളെ ഒപ്പം ഇരുത്തി കാർ ഡ്രൈവ് ചെയ്ത് പോകുന്നത് രസകരമാണെങ്കിലും അൽപം റിസ്കുമുണ്ട്. വീട്ടിലോ സ്കൂളിലോ മൈതാനത്തോ ആയാൽ പോലും നാം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വ കാര്യങ്ങളിൽ ജാഗ്രത പുലർത്താറുണ്ടല്ലോ. എന്നാൽ അതേ ജാഗ്രത കുട്ടികൾ കാറിലിരിക്കുമ്പോഴും ആവശ്യമാണെന്ന കാര്യം മറക്കരുതേ...
സ്പീഡിൽ വരുന്ന വാഹനങ്ങൾ പരസ്പരം ഇടിക്കുകയോ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുകയോ ചെയ്യുമ്പോൾ യാത്രക്കാർ ഡാഷ്ബോർഡിലേക്ക് തെറിച്ച് വീഴുകയോ ഇടിക്കുകയോ ചെയ്യാം. ഈ സാഹചര്യത്തിൽ ചെറിയ കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ സാദ്ധ്യത കൂടുതലാണ്. വിൻഡ് സ്ക്രീൻ തകർന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്യാം. സീറ്റ് ബെൽറ്റ് ധരിച്ച് യാത്ര ചെയ്യുക എന്നതാണ് ഇത്തരം അപകടങ്ങളിൽ നിന്നും മോചനം നേടാനുള്ള പോംവഴി. കാർ യാത്രക്കാർ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് 1989ലെ മോട്ടർ വാഹനനിയമം അനുശാസിക്കുന്നത്. എന്നാൽ പലരും അത് പാലിക്കാറില്ല. കാറിൽ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നതിന്‍റെ ഒരു കാരണം ഇതാണ്. മുന്നിലേയും പിന്നിലേയും യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നത് മിക്ക രാജ്യങ്ങളിലും നിർബന്ധിതമാക്കിയിട്ടുണ്ട്.
മണിക്കൂറിൽ 25കി. മീ സ്പീഡിൽ ഓടുന്ന കാർ അപകടത്തിൽ പെടുകയാണെങ്കിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത കുട്ടി മുൻവശത്തേക്ക് ശക്തിയോടെ തെറിച്ചു വീഴാം. രണ്ടാം നിലയിലെ ജനാലയിലൂടെ കുട്ടി താഴോട്ട് വീഴുന്നതിന് തുല്യമായിരിക്കുമിതെന്ന് ദി പാർലിമെന്‍ററി അഡ്വൈസറി കമ്മിറ്റി അന്‍റ് ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫ് ബ്രിട്ടൻ നടത്തിയ പഠനത്തിൽ പറയുന്നത്.
പിന്നിലെ സീറ്റിൽ ബെൽറ്റ് ധരിച്ചിരിക്കുന്ന വ്യക്തി കുട്ടിയെ മുറുക്കി പിടിച്ചിരുത്തിയാലും സുരക്ഷിതമല്ല. കാരണം വാഹനങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഫോഴ്സിൽ കുട്ടിയുടെ ശരീരഭാരം മുപ്പതിരട്ടിയായി വർദ്ധിക്കുന്നു. അതുകൊണ്ട് കുട്ടിയെ ആ സമയത്ത് സുരക്ഷിതനാക്കുകയെന്നത് അസാധ്യമാണ്.
സുരക്ഷിതമായ ഇടം
ഒരാൾ തനിക്കും മടിയിലിരിക്കുന്ന കുട്ടിക്കും ഗുണം ലഭിക്കും പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കുന്നതും റിസ്കാണ്. അപകടമുണ്ടാകുന്ന സാഹചര്യത്തിൽ കുട്ടി മടിയിൽ ഞെരിഞ്ഞിരിക്കാൻ ഇത് കാരണമാകും. ബെൽറ്റ് ധരിപ്പിക്കാതെ കുട്ടിയെ തൊട്ടടുത്ത സീറ്റിൽ ഇരുത്തുന്നതും അപകടകരമാണ്. പിന്നിലെ സീറ്റിൽ ബെൽറ്റ് ഇല്ലെങ്കിൽ ഡ്രൈവിംഗ് സീറ്റിന് തൊട്ടടുത്ത സീറ്റിൽ കുട്ടിയെ ബെൽറ്റ് ധരിപ്പിച്ചിരുത്താം. കുട്ടി ബെൽറ്റ് ധരിച്ചിരിക്കുന്നതുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ആൾക്ക് അനായാസം വണ്ടി ഓടിക്കുകയും ചെയ്യാം.
അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ഡാഷ്ബോർഡിൽ കുട്ടിയുടെ തലയിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനം മിനിമം സ്പീഡിലാണെങ്കിലും പെട്ടെന്നുണ്ടാകുന്ന ഉലച്ചിലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാം. കുഞ്ഞുങ്ങൾ പൊതുവേ എവിടേയും അടങ്ങിയിരിക്കാത്ത പ്രകൃതക്കാരാണ്. എങ്കിലും വാഹനത്തിനുള്ളിൽ കുട്ടികൾ കളിതമാശകൾ കാട്ടുന്നത് കർശനമായി വിലക്കുക തന്നെ വേണം. ജനാലയിലൂടെ തല പുറത്തേക്കിട്ട് നോക്കുക. കൈ പുറത്തേക്കിടുക, നിരത്തിലൂടെ ഓടുന്ന മറ്റ് വാഹനങ്ങളെ നോക്കി ആംഗ്യം കാട്ടുക എന്നിങ്ങനെയുള്ള പ്രവൃത്തികൾ തടയണം. വാഹനം ഓടുമ്പോൾ സീറ്റിൽ എഴുന്നേറ്റ് നിൽക്കുക, തുള്ളിക്കളിക്കുക എന്നിവയൊന്നും പാടില്ല. കാരണം പെട്ടെന്ന് ബ്രേക്കിടുമ്പോൾ വീണ് പരിക്കുപറ്റാം.