സാന്ദ്രാ ഫിലിപ്പിന് എപ്പോഴും തിരക്കാണ്. പക്ഷേ, കൂൾ ആണ് കക്ഷി. സദാ പ്രസന്നമായ മുഖത്തോടെ മാത്രമേ അവരെ കണ്ടിട്ടുള്ളൂ. ഈയിടെ പ്രൊമോഷനായി, കൂടുതൽ ഉത്തരവാദിത്വവുമായി. എന്നിട്ടും വീട്ടിലെ കാര്യങ്ങളും ഔദ്യോഗികമായ കാര്യങ്ങളും അവർ നന്നായി മാനേജ് ചെയ്തു കൊണ്ടു പോകുന്നു. അയൽക്കാരിയായ സ്‌മിതയ്‌ക്ക് അവരുടെ കാര്യം ഓർക്കുമ്പോൾ തന്നെ അദ്‌ഭുതമാണ്. വീട്ടമ്മയായ സ്‌മിതയ്‌ക്ക് തന്നെ ഒന്നിനും സമയം തികയുന്നില്ല. സ്‌മിതയുടെ ടൈം മാനേജ്‌മെന്‍റ് ശരിയല്ലെന്ന് ഭർത്താവ് എപ്പോഴും പറയുകയും ചെയ്യും. ഒരിക്കൽ സമയത്തിന് ഭക്ഷണം തയ്യാറാകാത്തതിനാൽ കുട്ടികളെ സ്‌കൂളിൽ അയയ്ക്കാൻ കഴിയാതെ വന്നിട്ടുമുണ്ട്.
സാന്ദ്രാ ഫിലിപ്പ്, ജോലിഭാരം കുറയ്‌ക്കാനും സമയം ലാഭിക്കാനുമുള്ള വഴികൾ സ്‌മിതയ്‌ക്ക് പറഞ്ഞുകൊടുക്കുന്നു. നിങ്ങളും അത് അപ്ലൈ ചെയ്‌തു നോക്കൂ. എന്നിട്ട് സാന്ദ്രാ ഫിലിപ്പിനെ പോലെ കൂൾ ആയി നടക്കൂ...
വീട്ടുവേലക്കാരി ഒരു സുഹൃത്ത്
വീട്ടുത്തരവാദിത്തവും ഔദ്യോഗികരംഗവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് ചില എളുപ്പവിദ്യകളുണ്ട്. അതിലൊന്നാണ് നല്ല കാര്യശേഷിയും ഉത്തരവാദിത്തബോധവുമുള്ള വീട്ടുവേലക്കാരി ഉണ്ടായിരിക്കുകയെന്നത്.
അത്തരത്തിലുള്ള ഒരു സഹായിയുടെ സാന്നിധ്യം വലിയൊരാശ്വാസം പകരാം.
- പച്ചക്കറി മുറിക്കുക
- ആട്ട കുഴയ്‌ക്കുക
- വെള്ളം നിറച്ചു വയ്‌ക്കുക
- വീടും പരിസരവും വൃത്തിയാക്കുക
- തുണിയലക്കുക
- അലക്കി ഉണക്കിയ തുണി മടക്കിവയ്‌ക്കുക
- പച്ചക്കറി കഴുകി വെള്ളം വാർത്ത് ഫ്രിഡ്‌ജിൽ കൃത്യമായി വയ്‌ക്കുക.
ഇതെല്ലാം തന്നെ ഒരു ഗൃഹനാഥയെ സംബന്ധിച്ച് സമയലാഭമുണ്ടാക്കുന്ന പ്രവൃത്തികളാണ്. ഒരു പക്ഷേ രാവിലെ ഒരു മണിക്കൂർ ഇതുവഴി ബോണസായി ലഭിക്കാം.
വീട്ടിൽ പാർട്ടി സംഘടിപ്പിക്കുകയോ അല്ലെങ്കിൽ അവിചാരിതമായി രാത്രി ഡിന്നറിന് അതിഥികൾ വരികയോ ചെയ്താൽ ടേബിൾ സെറ്റ് ചെയ്യാനും വീടൊരുക്കാനും പച്ചക്കറി മുറിക്കാനുമൊക്കെ പരിചാരികയുടെ സഹായമാവശ്യമായി വരാം. വേലക്കാരി സഹായിക്കാൻ സന്നദ്ധയാകുന്ന പക്ഷം അവരുടെ സഹായമനസ്‌കതയെ മാനിക്കുക. അത്തരം സന്ദർഭങ്ങളിലുള്ള സേവനങ്ങൾക്ക് അധിക ശമ്പളം നൽകുക. അധിക സമയം ജോലി ചെയ്‌തതിനുള്ള പാരിതോഷികമെന്ന നിലയിൽ ഇതവരിൽ സന്തോഷമുളവാക്കും.
ഓരോ ദിവസവും ഇത്തിരിനേരം
ഉദ്യോഗസ്‌ഥയാവുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാൻ കഴിയാതെ വരാം. എല്ലാ കാര്യത്തിനുമായി വേലക്കാരിയെ ആശ്രയിക്കുകയെന്നത് ശരിയാകണമെന്നില്ല. ഈ സാഹചര്യത്തിൽ ചില ജോലികൾ ആഴ്‌ചയവസാനത്തേക്ക് മാറ്റി വയ്‌ക്കുക സാധാരണമാണ്. ഇത് പലപ്പോഴും നമ്മുടെ ഒരവധി ദിവസത്തെയാവും നശിപ്പിച്ചു കളയുക. അതൊഴിവാക്കാനായി ദിവസവും ഇത്തിരി സമയം അത്തരം ജോലിക്കായി മാറ്റി വയ്‌ക്കുക. അങ്ങനെയായാൽ ഒരു അവധി ദിവസം മൊത്തമായി വിശ്രമദിവസമായി ലഭിക്കാം.
വസ്‌ത്രമലക്കൽ
രണ്ട് ദിവസം കൂടുമ്പോൾ വസ്‌ത്രമലക്കുക. വാഷിംഗ്‌മെഷീനിൽ അലക്കേണ്ടതും അല്ലാത്തതുമായ വസ്‌ത്രങ്ങൾ വേർതിരിച്ച് കഴുകിയിടുക. ഇത് ജോലി കൂടുതൽ എളുപ്പമുള്ളതാക്കും. ഒഴിവ്വേള വായനയ്‌ക്കോ ഔട്ടിങ്ങിനോ ആയി വിനിയോഗിക്കാം.
ഓരോ ദിവസത്തിന് ഓരോ ടാസ്‌ക്
സ്വന്തം വാർഡ്രോബ് അടുക്കി ഒതുക്കി വയ്‌ക്കണം. അല്ലെങ്കിൽ ന്യൂസ്‌പേപ്പറും പഴയ ബുക്കുമൊക്കെ മാറ്റി വയ്‌ക്കണം എന്ന തീരുമാനത്തിലാണോ? എങ്കിൽ ആ ജോലി ആഴ്‌ചയവസാനത്തേക്ക് മാറ്റിവയ്‌ക്കാം. ടിവി കണ്ടുകൊണ്ടോ, പാട്ടു കേട്ടുകൊണ്ടോ ആ ജോലി ഭംഗിയായി പൂർത്തീകരിക്കാം. ജോലിയുടെ മുഷിപ്പോ ബുദ്ധിമുട്ടോ അറിയുകയുമില്ല.