സ്വന്തം കുഞ്ഞുങ്ങൾ നല്ല ചിട്ടയോടെയും അനുസരണയോടെയും മിടുക്കരായും വളരുകയെന്നത് ഏത് മാതാപിതാക്കളുടെയും വലിയ പ്രതീക്ഷയാണ്. അതിനുള്ള മികച്ച ചില പേരന്‍റിംഗ് രീതികൾ...
കുട്ടിയുടെ ആത്മാഭിമാനം ഉയർത്തുക
മാതാപിതാക്കൾ തങ്ങളെ എങ്ങനെ പരിഗണിക്കുന്നു എങ്ങനെ പരിപാലിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിഞ്ഞു തുടങ്ങുന്നതു മുതൽ അവരുടെ ആത്മാഭിമാനം വികസിച്ചു തുടങ്ങുന്നു. മാതാപിതാക്കളുടെ ശരീരഭാഷ, പദപ്രയോഗങ്ങൾ, ശാരീരിക ചലന രീതികൾ, സ്വരം എന്നിവയെല്ലാം തന്നെ കുട്ടികൾ തങ്ങളിലേക്ക് സ്വാംശീകരിക്കുന്നു. ഒരു രക്ഷാകർത്താവെന്ന നിലയിലുള്ള നിങ്ങളുടെ വാക്കുകളും പ്രവർത്തികളും മറ്റെന്തിനെക്കാളും അവരുടെ ആത്മാഭിമാനത്തെ വളർത്തിയെടുക്കുന്നു.
കുട്ടികളുടെ നേട്ടങ്ങളെ പ്രശംസിക്കുന്നത് അതെത്ര ചെറുതാണെങ്കിലും അവർക്ക് അഭിമാനം പകരും. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ അനുവദിക്കുന്നത് അവർക്ക് കഴിവും കരുത്തും നൽകും. ഇതിന് വിപരീതമായി അവരുടെ അഭിപ്രായങ്ങളെ മാനിക്കാതിരിക്കുകയോ സ്വന്തം കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുകയോ ചെയ്യുന്നത് അവരിലെ ആത്മവിശ്വാസത്തെ തകർക്കും. കുട്ടികളെ ശകാരിക്കാനായി കടുത്ത പദപ്രയോഗങ്ങൾ നടത്തുന്നത് തീർത്തും ഒഴിവാക്കാം. അതുപോലെ ശാരീരികമായി ശിക്ഷിക്കുന്നതുമൊക്കെ വിപരീതഫലമുളവാക്കും. വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് കുട്ടികളെ ഉപദേശിക്കാം. തെറ്റുകൾ എല്ലാവരും ചെയ്യാറുണ്ടെന്നും ആരും അത് ഇഷ്ടപ്പെടുകയില്ലെന്നും നിങ്ങൾ എത്രമാത്രം സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെന്നും അവരെ ബോധിപ്പിക്കുകയാണ് വേണ്ടത്.
കുട്ടികളുടെ മതിപ്പ്
ഒരു ദിവസത്തിൽ നിങ്ങൾ കുട്ടികളോട് എത്ര തവണ മോശമായി പ്രതികരിച്ചുവെന്ന് എന്നതിനെക്കുറിച്ച് ഓർത്തു നോക്കൂ. കുട്ടിയെ അഭിനന്ദിച്ചതിനെക്കാളിലും കൂടുതൽ തവണ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തായി കണ്ടെത്തിയേക്കാം. ലക്ഷ്യം നല്ലതിനാണെങ്കിലും തെരഞ്ഞെടുത്ത രീതി ചിലപ്പോൾ കൂടുതൽ കുഴപ്പത്തിലെത്തിക്കാം.
കുഞ്ഞുങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികളെ എടുത്ത് പറഞ്ഞ് അവരെ പ്രശംസിക്കുക. “ങ്ഹാ, മോൻ പുസ്തകങ്ങളും പേപ്പറുമൊക്കെ അടുക്കി വച്ചല്ലോ മിടുക്കൻ.”
“മോൻ, എത്ര ക്ഷമയോടെയാണ് കുഞ്ഞനുജത്തിയെ കളിപ്പിച്ചത്” എന്നിങ്ങനെയുള്ള അഭിനന്ദനങ്ങൾ കുട്ടികളെ ഭയപ്പെടുത്തി ശകാരിക്കുന്നതിനേക്കാൾ ദീർഘകാലാടിസ്‌ഥാനത്തിൽ നല്ല ഫലങ്ങൾ സൃഷ്ടിക്കും. അവനിൽ മികച്ചൊരു വ്യക്‌തിത്വത്തെ നിങ്ങൾ വളർത്തിയെടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്.
എല്ലാ ദിവസം കുട്ടികൾ ചെയ്യുന്ന നല്ല പ്രവർത്തികളെ കണ്ടെത്തി നിർലോഭം പ്രശംസിക്കുക. പ്രശംസാ നിർഭരമായ നിങ്ങളുടെ ആലിംഗനം, സ്നേഹം നിറഞ്ഞ ഒരു മുത്തം, അഭിനന്ദനങ്ങൾ എന്നിവയ്ക്ക് കുട്ടികളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവും.
പരിധി നിശ്ചയിക്കുക, അച്ചടക്കപാലനത്തിൽ ഉറച്ചു നിൽക്കുക
അച്ചടക്കം ഏറ്റവും ആവശ്യമായത് തന്നെയാണ്. സ്വീകാര്യമായ പെരുമാറ്റങ്ങൾ തെരഞ്ഞെടുക്കാനും ആത്മനിയന്ത്രണം ശീലിക്കാനും കുട്ടികളെ സഹായിക്കുകയെന്നതാണ് അച്ചടക്കത്തിന്‍റെ ലക്ഷ്യം. മാതാപിതാക്കൾ സെറ്റ് ചെയ്‌തിരിക്കുന്ന പരിധികൾ മനസിലാക്കാനും ഉൾക്കൊള്ളാനും അവർക്ക് അതോടെ കഴിയും. നല്ല ഉത്തരവാദിത്തമുള്ള വ്യക്‌തിയായി വളരാൻ അവർക്ക് മാതാപിതാക്കൾ നിശ്ചയിച്ചിരിക്കുന്ന പരിധികൾ ആവശ്യമാണ്.
വീട്ടു നിയമങ്ങൾ പാലിക്കുന്നതിലൂടെ മാതാപിതാക്കളുടെ പ്രതീക്ഷകൾ മനസിലാക്കാനും ആത്മനിയന്ത്രണം വികസിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കും. പഠനം കഴിഞ്ഞ് മാത്രമേ ടിവി കാണാവൂ, ഭക്ഷണം കൃത്യസമയത്ത് കഴിക്കുക, വൈകുന്നേരം കളി കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്തണം എന്നിങ്ങനെയുള്ള നിയമങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ഇത്തരം ചിട്ടകൾ പാലിച്ചു പോകാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. ആ സിസ്റ്റത്തിൽ സ്‌ഥിരത പുലർത്തുന്നതിൽ വീഴ്ചയുണ്ടാവരുത്.