ഭൂരിഭാഗം കുട്ടികളും രാവിലെ ഉണരാൻ മടി കാണിക്കുന്നവരാണ്. “മമ്മീ.. പ്ലീസ്... ഒരു അഞ്ചു മിനിറ്റു കൂടി ഉറങ്ങിക്കോട്ടേ...” എന്ന് കൊഞ്ചി പറഞ്ഞ് വീണ്ടും പുതച്ച് മൂടി കിടക്കും. കുറഞ്ഞത് നാലഞ്ചു വട്ടമെങ്കിലും വിളിച്ചാലേ കുഞ്ഞ് ഉണരൂ എന്നതാണ് അവസ്ഥ. കുലുക്കി ഉണർത്തിയാലും ഉണരാത്ത കുട്ടി കുംഭകർണ്ണന്മാരും കാണും. ഉണർത്തി വിട്ടാലും അമ്മ കൺവെട്ടത്തു നിന്നും മാറി കഴിഞ്ഞാൽ ഉടൻ കട്ടിലിൽ ശരണം പ്രാപിക്കുന്ന ഉറക്കപ്രിയരെ വിളിച്ചുണർത്തുക അത്ര എളുപ്പമാവില്ല.
ചെറുപ്രായത്തിൽ തന്നെ മടി, അലസത, വൈകി ഉണരുന്ന പോലുള്ള കുട്ടിയുടെ ദുശ്ശീലങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. ഈ ഒരു അഞ്ചു മിനിറ്റ് ഉറക്കം കുട്ടിയെ സ്കുളിലെ ലേറ്റ് കമർ ആക്കുന്നുണ്ടോ എങ്കിൽ...
രാവേറെ വരെയുള്ള കമ്പ്യൂട്ടർ ഗെയിമും ടിവി കാണലും ഒക്കെ ആണ് വൈകി ഉണലരിനു കാരണം ആകുന്നത് എങ്കിൽ ഈ ശീലങ്ങൾ പാടേ ഒഴിവാക്കുക. രാത്രി ഉറങ്ങുന്ന പതിവ് സമയത്തിന് ഒരു മണിക്കൂർ മുമ്പ് എങ്കിലും കുട്ടിയെ ഉറങ്ങാൻ ശീലിപ്പിക്കുക. അലാറാം ക്ലോക്ക് സെറ്റ് ചെയ്ത് വെച്ച് രാവിലെ സ്വയം ഉണരാൻ കുട്ടിക്ക് അവസരം ഒരുക്കുക. എന്നുമെന്നും ഇങ്ങനെ വൈകിയെത്തി അധ്യാപകനും സഹപാഠികൾക്കും മുന്നിൽ മോശക്കാരൻ ആകേണ്ടതുണ്ടോ എന്ന് കുട്ടിയോട് ചോദിക്കാം. അടുക്കും ചിട്ടയും ഇല്ലെങ്കിൽ ജീവിതത്തിൽ വിജയിക്കില്ലെന്നും മനസ്സിലാക്കി കൊടുക്കുക.
പലപ്പോഴും രക്ഷിതാക്കളുടെ അമിത ലാളനയാണ് കുട്ടിയെ വഷളാക്കുന്നത്. വൈകി ഉണരുന്ന കാര്യത്തിൽ അച്ഛനെ അപേക്ഷിച്ച് അമ്മമാരാകും കുട്ടിയെ കൂടുതൽ ശകാരിക്കുക.
എന്തിനാ അവനെ ശകാരിക്കുന്നത്, അവൻ കുഞ്ഞല്ലേ, ഞാനവനെ സ്കൂളിൽ കാണ്ടാക്കിക്കൊള്ളാം എന്ന് അച്ഛൻ പറയുന്നത് കേട്ട് ലോകത്തിൽ വച്ച് ഏറ്റവും നല്ലത് അച്ഛനാണ് എന്ന് ആ കുരുന്ന് മനസ്സ് കരുതും. പിന്നെ വൈകി ഉണരൽ ശീലമാക്കിയാലും അച്ഛൻ സ്കൂട്ടറിലോ ഓട്ടോയിലോ കൊണ്ടു വിടുമല്ലോ എന്ന് കുട്ടി സ്വയം സമാധാനിക്കും. ദിവസങ്ങൾ പിന്നിടുന്നതോടെ വൈകി ഉണരൽ ശീലമായി മാറും. വലിയൊരു ഭാഗം രക്ഷിതാക്കളും കുട്ടിയുടെ ഈ ദുഃശീലം അത്ര കാര്യമാക്കി കരുതാറില്ല. കുട്ടികളുടെ മനസ്സും ചിന്തകളും അപക്വമാണ്. ചെറുപ്പത്തിലെ ശീലച്ചത് പിന്നീട് മാറ്റിയെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാകും. മടി, അലസത, വൈകി ഉണരൽ ശീലങ്ങൾ മുളിയിലേ നുള്ളി കളയണം.
നല്ല ശീലങ്ങൾ വളർത്തുക
- നേരത്തെ ഉറങ്ങാനും രാവിലെ നേരത്തേ ഉണരാനും കുട്ടിയെ ശീലപ്പിക്കാം.
- വൈകി ഉണർന്നു എന്നതിന്‍റെ പേരിൽ ശിക്ഷ നൽകുന്നതിന് പകരം ടൈം മാനേജ്/ സമയ നിഷ്ഠയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുക. ഏൽക്കുന്ന ജോലികൾ ഭംഗിയായും ചിട്ടയോടെയും ചെയ്യാൻ ശീലിപ്പിക്കുക.
- ഓരോ തവണ വൈകി എത്തുമ്പോഴും ടീച്ചറുടെ ശകാരം കേൾക്കേണ്ടി വരുമ്പോഴും സങ്കടവും കുറ്റബോധവും തോന്നാറുണ്ടോ? എന്ന് നേരിട്ടല്ലാതെ കുട്ടിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാം. വിചാരിച്ചാൽ ഈ ദുഃശീലങ്ങൾ മാറ്റവുന്നതാണ് എന്ന് ഉപദേശവും നൽകാം.
- വൈകി ഉണരുന്നതിന്‍റെ പേരിൽ കുത്തുവാക്കുകൾ പറഞ്ഞ് കുട്ടിയെ നിരുത്സാഹപ്പെടുത്താൻ ഒരിക്കലും മുതിരരുത്. ചിലപ്പോഴൊക്കെ സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം പല കുട്ടികൾക്കും ഇതുപോലെ വൈകി എത്തേണ്ടി വരാറുണ്ട് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാം. ഇനി ശ്രമിച്ചാലും ഈ ശീലം മാറ്റി എടുക്കാൻ കഴിയും എന്ന് ഉപദേശിക്കാം.
- കുട്ടിയുടെ വൈകി ഉണരുന്ന ശീലം ഒറ്റയടിക്ക് മാറ്റി എടുക്കാം എന്ന ധാരണ വേണ്ട. സാവകാശം കാര്യങ്ങൾ പറഞ്ഞ് കുട്ടിയിൽ നല്ല ശീലങ്ങൾ വളർത്തുക. നേരത്തേ ഉണരുന്ന ദിവസങ്ങളിൽ മിടുക്കൻ, സ്മാർട്ട് എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കാനും മറക്കരുത്.