അമ്മ എപ്പോഴുമിങ്ങനെയാ... എന്തു പറഞ്ഞാലും മനസ്സിലാവില്ല.” പതിനാറുകാരിയായ മകൾ ഇങ്ങനെ കൂടെക്കൂടെ പറയുമ്പോൾ അമ്മയ്ക്കും ദേഷ്യം വരും... ഇന്നലെ വരെ തനിച്ച് കിടക്കാൻ പേടിയായിരുന്ന കൊച്ചുകുഞ്ഞല്ല ഇന്ന് അവൾ എന്ന് അംഗീകരിക്കാൻ അമ്മയ്ക്കും പ്രയാസം.
“അതേ... എനിക്കൊന്നും മനസ്സിലാവില്ല. പക്ഷേ അതു നിന്റെ കുഴപ്പമല്ല, നിന്റെ പ്രായത്തിന്റെയാ..." ഇത്രയെങ്കിലും പറഞ്ഞാലേ അമ്മയ്ക്കു സമാധാനമാവൂ. എന്നിട്ട് ചാടിത്തുള്ളി തലവെട്ടിച്ച് അടുക്കളയിലേക്ക് ഒരു നടത്തം. മകളാകട്ടെ അമ്മയുടെ കുറ്റപ്പെടുത്തൽ കേൾക്കുന്നതോടെ ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടയ്ക്കും. എന്നിട്ട് ചെവിയിലേക്ക് ഐപോഡിന്റെ ഹെഡ്സെറ്റ് തിരുകും...!
അമ്മയും മകളും തമ്മിലുള്ള യുദ്ധം പോലെ അച്ഛനും മകനും തമ്മിലുമുണ്ട് കലഹം. ഇത്രകാലം കൊച്ചു കുഞ്ഞെന്നു കരുതി എന്തിലും ഇടപെടാൻ മടിയില്ലായിരുന്നു അച്ഛനമ്മമാർക്ക്. ഇപ്പോൾ മകൾ/മകൻ കൗമാരത്തിനും യൗവനത്തിനുമിടയിലെ ദുർഘടവഴിയിൽ സഞ്ചരിക്കുമ്പോൾ രക്ഷിതാവിന് തോന്നിയേക്കാം... ഈ കുട്ടി വേറെ ഏതോ ഭാഷയാണ് സംസാരിക്കുന്നത്, വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് എന്ന്. തങ്ങളുടെ കൗമാരകാലവുമായി പോലും താരതമ്യപ്പെടുത്താൻ കഴിയാത്തത്ര മാറ്റം ഇവർക്കുണ്ട് എന്ന്.
പുതിയ തലമുറയുമായുള്ള ആശയവിനിമയം മുതിർന്നവരെ സംബന്ധിച്ച് ബാലികേറാമലയാണ് പലപ്പോഴും. എന്താണ് ഈ കുട്ടി ഇങ്ങനെ എന്ന് മുതിർന്നവർ ചിന്തിക്കുമ്പോൾ തന്നെ, മറുവശത്ത് അവരും ആലോചിക്കും. ഞങ്ങൾ പറയുന്നത് എന്താ ഇവർക്ക് മനസ്സിലാവാത്തത് എന്ന്!
ഞങ്ങളുടെ ഭാഷ, ചിന്ത മുതിർന്നവർക്ക് മനസ്സിലാവുകയില്ല എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം കൗമാരക്കാരും. ജനറേഷൻ ഗ്യാപ് എന്ന പേരിലാണ് ഈ ചിന്താവൈരുദ്ധ്യം അറിയപ്പെടുന്നത്. എന്നാൽ മുതിർന്നവർ മനസ്സിരുത്തി ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് ഈ വിടവുകൾ.
ചിന്താഗതികളുടെ കാര്യം വരുമ്പോൾ രണ്ടു പക്ഷത്തുമുണ്ടാകും ന്യായങ്ങളും അന്യായങ്ങളും. അതുകൊണ്ട് പക്വമായ ആശയവിനിമയത്തിലേക്ക് ഇരുകൂട്ടരും എത്തുക എന്നത് സ്വ ൽപം കുഴപ്പം പിടിച്ച സംഗതി തന്നെ.
കോളേജിൽ പോകേണ്ട സമയമായി. പക്ഷേ മകൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മാറുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും അവൾക്കു സമയമില്ല. അതു പറഞ്ഞാൽ പെട്ടെന്ന് കേൾക്കുന്ന മറുപടി "അമ്മ അറു പഴഞ്ചനാ... എന്തു ചെയ്താലും കുറ്റമേ പറയൂ...” എന്നായിരിക്കും.
ഇങ്ങനെ രണ്ടുകൂട്ടരും തലതിരിഞ്ഞു സംസാരിക്കുന്നതിനുപകരം, മസിലുപിടിക്കാതെ തുറന്നു സംസാരിക്കുക തന്നെയാണ് യുവത്വവുമായുള്ള ആശയവിനിമയത്തിനുള്ള പ്രധാന വഴി. നിസ്സാര കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ നിയന്ത്രണം വയ്ക്കേണ്ട. ഒരർത്ഥത്തിൽ ആത്മപരിശോധനയുടെ കാലഘട്ടമാണ് കൗമാരകാലം.
ഞാൻ എന്തൊക്കെയോ ആണെന്ന തോന്നൽ ശക്തമായി ഉണരുന്ന സമയം. പുതിയ സ്മാർട്ട് ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നതു മുതൽ കണ്ണാടിക്കു മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതുവരെ ഇത്തരം ആത്മപരിശോധനയുടെ പ്രതിഫലനമായിട്ടുവേണം കരുതാൻ. അതേസമയം ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ പക്വതയോടെ സമീപിക്കാനുള്ള കഴിവും അവർക്കുണ്ടാകണമെന്നില്ല. ഈ പ്രായത്തിൽ സ്വാതന്ത്ര്യം കൂടുതൽ വേണമെന്ന് തോന്നും. രക്ഷിതാക്കളിൽ നിന്ന് അകലം കൂടുന്ന സമയവും ആണിത്. സ്വകാര്യതയാണ് തന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് ഇവർ ചിന്തിക്കുന്നു. അച്ഛനമ്മമാർ തങ്ങൾക്കു നൽകുന്ന പിന്തുണ, സഹായം ഇതൊന്നും നന്ദിയോടെ ഓർമ്മിക്കാൻ പ്രായം അവരെ സമ്മതിക്കുകയില്ല.





