ചുവന്നു തുടുത്ത തക്കാളി… കാഴ്ചയ്ക്ക് മാത്രമല്ല നിറത്തിലും ഗുണത്തിലും രുചിയിലും മറ്റേതു പച്ചക്കറിയേക്കാൾ ഒരുപടി മുന്നിലാണ് തക്കാളി. വിറ്റാമിൻ എ, സി,ഇ, കെ,ബി1, ബി2, ബി3, ബി6 എന്നിവയ്ക്കു പുറമേ നാരുകൾ, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, കരോട്ടിൻ, മഗ്‌നീഷ്യം, ലൈക്കോപെനിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളിൽ ഏറ്റവും പവർഫുളാണ് ലൈക്കോപെനി. മറ്റു പഴങ്ങളിലും പച്ചക്കറികളിലുമുള്ളതിനേക്കാൾ ലൈക്കോപെനി തക്കാളിയിലേറെയുണ്ട്. സൊളാനം ലൈക്കോപെർസിക്കം എന്നാണ് തക്കാളിയുടെ ശാസ്ത്രീയ നാമം.

ഹെൽത്തി വെജിറ്റബിൾ

ഇരുമ്പിന്‍റെ അംശം കൂടുതലുള്ളതിനാൽ രക്തക്കുറവുള്ള രോഗികൾ തക്കാളി ജ്യൂസാക്കി കുടിക്കുന്നത് ഫലപ്രദമാണ്. ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഗാസ്ട്രിക് ജ്യൂസ് സ്രവിപ്പിക്കാനുള്ള കഴിവ് ഈ പച്ചക്കറിയിനത്തിനുണ്ട്. നേത്രരോഗം, കരൾരോഗം, ഹൃദ്‌രോഗം, മോണരോഗം എന്നിവയ്ക്കു പുറമേ ശരീരവളർച്ചയ്ക്കും തക്കാളി ഉത്തമമാണ്. പാകം ചെയ്തും അല്ലാതെയും സാലഡ്, പേസ്‌റ്റ്, സോസ്, ജ്യൂസ് ആയും തക്കാളി ഉപയോഗിച്ചു വരുന്നുണ്ട്.

തക്കാളി അഴകിനും

തക്കാളി നല്ലൊരു സൗന്ദര്യവർദ്ധക വസ്‌തു കൂടിയാണ്. കഴിക്കാൻ മാത്രമല്ല പുറമേയുള്ള അഴകിനും മിനുമിനുപ്പുള്ള ചർമ്മസൗന്ദര്യത്തിനും തക്കാളി അത്യുത്തമമാണ്. തക്കാളി ഒറ്റയ്ക്കോ മറ്റു നാച്വറൽ വിഭവങ്ങൾക്കൊപ്പമോ ഉപയോഗിച്ച് ചുളിവുകൾ, മുഖക്കുരു, ഡിസ്ക്‌ളറഷേൻ, പൊള്ളൽ എന്നുവേണ്ട ചർമ്മസംബന്ധമായ ഒട്ടനവധി പ്രശ്‌നങ്ങൾ ട്രീറ്റ് ചെയ്യാനാവും.

സുന്ദരിയാവാൻ വീട്ടിലിരുന്ന് എളുപ്പം ചെയ്യാവുന്ന ചെലവ് കുറഞ്ഞ തക്കാളി പ്രയോഗങ്ങൾ

കേശദുർഗന്ധം അകറ്റാൻ: മുടിയിലെ ദുർഗന്ധമകറ്റുന്നതിനു തക്കാളി ജ്യൂസ് പുരട്ടുന്നത് ഉത്തമാണ്. ദുർഗന്ധം രൂക്ഷമാണെങ്കിൽ തക്കാളി പേസ്റ്റിൽ വെള്ളം ചേർത്ത് നേർപ്പിക്കാതെ ചെയ്യാതെ തന്നെ മുടിയിൽ തേച്ചു പിടിപ്പിക്കുക. 10-15 മിനിറ്റിനു ശേഷം കഴുകി കളയുക.

കളേർഡ് ഹെയർ: സ്‌റ്റൈലാവാൻ വേണ്ടി മുടി കളർ ചെയ്തതാണ്. പക്ഷേ, ഇപ്പോൾ നിറം വല്ലാതെ കൂടിപ്പോയല്ലോ… വിഷമിക്കേണ്ട, തക്കാളി അരച്ച് മുടിയിൽ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. ഇനി ഷാംപൂവും കണ്ടീഷണറും പുരട്ടാം.

ടോണർ: തക്കാളി തൊലി കളഞ്ഞ് ഉടയ്ക്കുക. തക്കാളി പൾപ്പ് ഒരു പഞ്ഞിയിൽ മുക്കി മുഖത്ത് തുടയ്ക്കുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക. പ്രകൃതിദത്തമായ നല്ലൊരു സ്കിൻ ടോണർ കൂടിയാണ് തക്കാളി.

ഡിയോഡറന്‍റ്: കുളിക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് തക്കാളി ജ്യൂസ് ചേർക്കാം. ശരീരദുർഗന്ധം മാറിക്കിട്ടും.

കവിൾ തുടുക്കാൻ: ഒലീവ് എണ്ണ മുഖത്ത് നന്നായി പുരട്ടുക. ഇതിനു മുകളിൽ തക്കാളിയുടെ സത്ത് തേക്കുക. പത്തു മിനിറ്റിനു ശേഷം കഴുകി കളയുക. ഇതു നിത്യവും ചെയ്താൽ മുഖചർമ്മത്തിനു തിളക്കമേറും. കവിൾ തുടുക്കും.

മുഖക്കുരു മാറാൻ: മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയ തുടച്ചു നീക്കുന്നതിന് തക്കാളിനീര് ഫലവത്താണ്. കൂടാതെ സൂര്യാഘാതം, പൊള്ളൽ, അടഞ്ഞ ചർമ്മസുഷിരങ്ങൾ പാടുകൾ, ബ്ലാക് ഹെഡ്‌സ് തുടങ്ങിയ ചർമ്മസംബന്ധമായ എല്ലാ വിധപ്രശ്‌നങ്ങൾക്കും തക്കാളി മുഖത്ത് പുരട്ടുന്നത് ഗുണകരമാണ്.

തക്കാളി ഉടച്ച് മുഖത്തോ കഴുത്തിലോ പൊള്ളലേറ്റ ഭാഗത്തോ മുഖക്കുരുവിലോ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം ലേപനം തുടച്ചു കളഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകുക. മുഖകാന്തി വർദ്ധിക്കുമെന്നു മാത്രമല്ല മുഖക്കുരുവുണ്ടാകുന്നതു ഗണ്യമായി കുറയും.

ഒരു തക്കാളി അടിച്ച് ജ്യൂസ് തയ്യാറാക്കുക. ഇതിൽ രണ്ടു ടേബിൾ സ്‌പൂൺ തൈരും ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം കഴുകുക. മുഖക്കുരു അകറ്റാനുള്ള ബെസ്‌റ്റ് ട്രീറ്റ്‌മെന്‍റാണിത്.

മുഖകാന്തി വർദ്ധിക്കാൻ: അര സ്‌പൂൺ തക്കാളി നീര്, ഒരു സ്‌പൂൺ ഉരുളക്കിഴങ്ങ് ചാറും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ച് അഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് നിത്യവും ആവർത്തിച്ചാൽ ആഴ്‌ചകൾക്കകം മുഖസൗന്ദര്യം വർദ്ധിക്കും.

ഓയിലി സ്കിൻ ക്ലെൻസർ: നന്നായി പഴുത്ത തക്കാളി അരച്ച് പേസ്‌റ്റ് തയ്യാറാക്കുക. തക്കാളി പേസ്റ്റിനു തുല്യ അളവിൽ പാലുമെടുത്ത് യോജിപ്പിക്കുക. ഇത് ഒരു എയർടൈറ്റ് കുപ്പിയിൽ നിറച്ച് ഫ്രിഡ്‌ജിൽ വയ്ക്കുക. മിശ്രിതം പഞ്ഞി ഉപയോഗിച്ച് ദിവസവും ഒരു തവണ/രണ്ടു തവണ മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞ് മുഖം വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുക. എളുപ്പം ചെയ്യാവുന്ന ഒരു സ്‌കിൻ ട്രീറ്റ്മെന്‍റ് കൂടിയാണിത്. എണ്ണമയമുള്ള ചർ മ്മത്തിൽ മുഖക്കുരുവുണ്ടാകുന്നതിനുള്ള സാധ്യതയേറെയാണെന്നതിനാൽ ഇത്തരക്കാർ സ്ക്കിൻ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനു തക്കാളി പതിവായി ഉപയോഗിക്കുന്നതു ഫലപ്രദമാണ്.

മുഖക്കുരുവിനു കാരണമാവുന്ന പൊടിയും അഴുക്കും നീക്കാൻ തക്കാളി നേരിട്ടു മുഖത്ത് പുരട്ടുക. പ്രത്യേകിച്ച് കവിൾ, മൂക്ക്, നെറ്റി തുടങ്ങിയ എണ്ണമയം അധികമുള്ള ഭാഗങ്ങളിൽ. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

കോമ്പിനേഷൻ സ്‌കിന്നാണോ നിങ്ങളുടേത്? എങ്കിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും തക്കാളി ക്ലെൻസറായി ഉപയോഗിക്കാം. ഓയിലി സ്കിന്നാണെങ്കിൽ ഒന്നിലധികം തവണ ഉപയോഗിക്കാം.

സ്‌മൂത്ത് കൂളിങ് ഇഫക്റ്റ് ലഭിക്കുന്നതിന് തക്കാളിയും അവാക്കാഡോയും മിക്സ് ചെയ്തത് മുഖത്തു പുരട്ടുക. നല്ലൊരു ആസ്ട്രിജന്‍റ് ആണ് തക്കാളി അവാക്കാഡോ നല്ലൊരു ആന്‍റിസെപ്റ്റിക്കുമാണ്. 20-30 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക.

ചൂടുപൊങ്ങൽ (റാഷസ്): തൈരും തക്കാളിച്ചാറും സമമെടുത്ത് റാഷസുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ദിവസവും രണ്ടോ മൂന്നോ തവണ ആവർത്തിച്ചാൽ വ്യത്യാസമറിയാനാവും.

പൊള്ളൽ: സൂര്യാഘാതം മൂലം തൊലിപ്പുറത്ത് അസഹ്യമായ വേദനയും ചുവന്നു തടിച്ച പാടുകളുമുണ്ടാവും. പൊള്ളൽ മൂലമുണ്ടാവുന്ന വേദനയും നീരുമകറ്റുന്നതിനു തക്കാളി അത്യുത്തമമാണ്. തക്കാളിച്ചാറും മോരും യോജിപ്പിച്ച് മുഖത്തു പുരട്ടുക. ചർമ്മോപരിതലത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്‌ത് പൊള്ളൽ തീക്ഷ്ണത കുറയ്ക്കുന്നു.

2 സ്‌പൂൺ തക്കാളി ജ്യൂസും 4 സ്‌പൂൺ മോരും പൊള്ളലേറ്റ ഭാഗത്ത് ഒന്നര മണിക്കൂറോളം പുരട്ടിവച്ച് കഴുകിക്കളയുക. വേദനയും നീരും ചുവന്ന തടിപ്പും മാറുന്നതു വരെ ഇത് തുടരുക.

കറുത്തപാടുകൾ: കാരറ്റും കുക്കുംബറും പകുതി വീതമെടുത്ത് ഗ്രേറ്റ് ചെയ്യുക. പകുതി തക്കാളി കുനുകുനെ അരിയുക. ഇവയെല്ലാം ഒന്നിച്ച് യോജിപ്പിച്ച് ഒരു സ്‌പൂൺ തേനും ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടിവച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.

ഡൾസ്കിൻ: സ്കിന്നിനു പുതുജീവനും പുത്തൻ ഉണർവും പകരുന്നതിനു തക്കാളിയും തേനും സമമെടുത്ത് മുഖത്ത് ലേപനം ചെയ്യുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമ്മകാന്തി വർദ്ധിക്കും. തേൻ പ്രകൃതിദത്തമായ നല്ല ഒരു ആന്‍റിബാക്റ്റീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി ഇൻഫ്ളമേറ്ററി ആന്‍റി ഓക്സിഡന്‍റ് കൂടിയാണ്.

और कहानियां पढ़ने के लिए क्लिक करें...