ബിഎ പഠിക്കാനായി കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ ഊർമിളയ്ക്ക് മുംബൈയിലെ ജീവിതശൈലി ഏറെ കൗതുകമുണർത്തുന്നതായിരുന്നു. ഭക്ഷണം, തിരക്കുപിടിച്ച നഗര വീഥികൾ തുടങ്ങി ചുറ്റുമുള്ള ആളുകളുടെ സൗഹ്യദ സ്വഭാവംവരെ അവളിൽ വളരെയധികം മതിപ്പുളവാക്കി. ഇതിനിടെ അവൾ തന്‍റെ പഴയ സഹപാഠിയായ സുനിലിനെ കണ്ടുമുട്ടി. ക്രമേണ അവരുടെ സൗഹൃദം ശക്തിപ്പെട്ടു. സമയം കിട്ടുമ്പോഴൊക്കെ ഇരുവരും പുറത്തുപോകുന്നത് പതിവായി. ഒരിക്കൽ സംഭാഷണമദ്ധ്യേ തങ്ങളുടെ സൗഹൃദത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന ഊർമിളയുടെ ചോദ്യത്തിന് സുനിലിന്‍റെ മറുപടി ഫ്ളീറ്റിംഗ് എന്നായിരുന്നു. ആ വാക്കിന്‍റെ അർത്ഥം എന്താണെന്ന് ഊർമിളയ്ക്ക് അന്ന് മനസിലായില്ല. അവളതുകേട്ട് ചി രിച്ചു. ഡേറ്റിംഗ് എന്നാണ് സുനിൽ ഉദ്ദേശിച്ചതെന്ന് ഊർമിള കരുതി. പക്ഷേ സുനിലിന്‍റെ വിചിത്രമായ മറുപടി അവളെ ആശയക്കുഴപ്പത്തിലാക്കി. വാക്കിന്‍റെ അർത്ഥം കണ്ടെത്താനായി ഊർമിള ഗൂഗിളിൽ സെർച്ച് ചെയ്‌തു. എന്നാൽ സുനിലിന് ആ ബന്ധം മറ്റൊന്നായിരുന്നു. അവിടെ ആരും ആരുടേയും ഇഷ്ടമുള്ളിടത്തോളം നിയന്ത്രണത്തിലല്ല. അവർക്ക് ഒരുമിച്ച് സമയം ചെലവഴിക്കാം. ഇഷ്ടമുള്ളപ്പോഴെല്ലാം പുറത്തു പോകാം. ഒരു ബന്ധത്തിന്‍റെ നിയന്ത്രണങ്ങളിൽ അകപ്പെടാൻ സുനിൽ ആഗ്രഹിക്കുന്നില്ലെന്ന വസ്തുത ഉർമിളയെ തീർത്തും ഞെട്ടിച്ചു. കാരണം അവനൊപ്പമുള്ള ജീവിതം അവൾ എപ്പോഴും സ്വപ്നം കണ്ടിരുന്നു. അതോടെ ഊർമിള അവനിൽ നിന്ന് അകന്നുമാറി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
ജെൻസി ബന്ധങ്ങളിൽ സാങ്കേതിക വിദ്യയുടെ സ്വാധീനം
അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും മാറിക്കൊണ്ടിരിക്കുന്ന സംസ്കാരങ്ങളും യഥാർത്ഥത്തിൽ ഡേറ്റിംഗ് ലോകത്തെ ഗണ്യമായി മാറ്റിമറിച്ചിട്ടുണ്ട്. മുമ്പ് ആളുകൾക്ക് യഥാർത്ഥ പ്രണയത്തിനോടായിരുന്നു താൽപര്യം. അതാണ് അവർ തേടിയിരുന്നതും. ജീവിതകാലം മുഴുവനും തന്‍റെ പ്രണയഭാജനത്തിനൊപ്പം ജീവിതം പങ്കിടാൻ അവർ ആഗ്രഹിച്ചിരുന്നു. ചില സാഹചര്യങ്ങളിൽ സാമൂഹികവും കുടുംബപരവുമായ കാരണങ്ങളാൽ പ്രണയങ്ങൾ തകർന്നു പോകുന്നതും സാധാരണമായിരുന്നു. എന്നിരുന്നാലും പരസ്‌പരമുണ്ടായിരുന്ന ഇഷ്ടത്തെ ഹൃദയത്തിൽ എന്നെന്നേക്കുമായി അവർ നിലനിർത്തിയിരുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പ്രണയത്തിന്‍റെ നിറത്തിലും രൂപത്തിലുമൊക്കെ മാറ്റമുണ്ടായിരിക്കുന്നു. ആരോടെങ്കിലും പ്രണയം തോന്നിയാൽ അത് തൽക്ഷണം തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്യും.
പ്രണയ സാഫല്യത്തിനു ഡേറ്റിംഗ് ആപ്പുകളും രംഗത്ത് എത്തിയിരിക്കുന്നു. ആണിനും പെണ്ണിനുമിടയിലെ പ്രണയം ഡേറ്റിംഗ് എന്ന ഓമന പേരിലാണ് അറിയപ്പെടുന്നത്. പക്ഷേ ഡേറ്റിംഗിലുമുണ്ട് ചില വൈവിധ്യങ്ങൾ. സാഹചര്യമനുസരിച്ച് ആണിനും പെണ്ണിനുമിടയിൽ ഉരുത്തിരിയുന്ന ബന്ധങ്ങളെ ജെൻസി പുതിയ പദങ്ങളിലൂടെയാണ് പരിചയപ്പെടുത്തുന്നത്.
ഇന്നത്തെ ഡേറ്റിംഗ് ജീവിതം മുൻകാല ഡേറ്റിംഗ് ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അത്തരം ഡേറ്റിംഗിന് ജെൻസി ലോകം നൽകുന്ന പേരുകളിലുമുണ്ട് ചില പ്രത്യേകതകൾ. ബന്ധം ഏത് തന്നെയായാലും പിന്നീട് ഒരിറ്റ് സങ്കടമുണ്ടാകാതെ അവസാനിപ്പിക്കുക അതാണ് ഇത്തരം ബന്ധങ്ങളിലെ ഹൈലൈറ്റ്.
സിറ്റുവേഷൻഷിപ്പ്
സൗഹൃദത്തിനും പ്രതിബദ്ധതയുള്ള പ്രണയത്തിനും ഇടയിലായി ഗ്രേ ഏരിയയിൽ നിലനിൽക്കുന്ന ഒരു പ്രത്യേകതരം ബന്ധമാണിത്. വികാരങ്ങളില്ലാത്ത ശാരീരിക അടുപ്പം ഇതിൽ ഉൾപ്പെടാം. സിറ്റുവേഷൻഷിപ്പിൽ വ്യക്തികൾ ഒരുതരത്തിലുമുള്ള ബന്ധത്തിലോ ഡേറ്റിംഗിലോ അകപ്പെടുകയില്ല. മിക്കപ്പോഴും ഒരുമിച്ച് സമയം ചിലവഴിക്കുക, സംസാരിക്കുക, ശാരീരിക ബന്ധം പുലർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വളരെ സിമ്പിളായി പറഞ്ഞാൽ പങ്കാളികൾക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ നിന്നും പുറത്തു കടക്കുകയും ചെയ്യാം.





