മഴ സീസണിൽ സൗന്ദര്യ പരിചരണം

വേനലിന് വിട ചൊല്ലി കൊണ്ട് ഒരു മഴക്കാലം കൂടി… വേനൽക്കാലത്തെന്നപോലെ തന്നെ മഴക്കാലത്തും ചർമ്മസൗന്ദര്യത്തിന് മങ്ങലേൽക്കാറുണ്ട്. ഇതിന് പരമപ്രധാനമായ കാരണം മഴക്കാലത്ത് രോഗപ്രതിരോധശേഷി കുറയുന്നതാണ്. മഴക്കാലത്ത് ശരീരത്തിന് ഏൽക്കുന്ന ചെറുതും വലുതുമായ പല അസ്വസ്ഥതകൾക്കും ഇടവരുത്താം. ദഹനക്കേട്, വയറിളക്കം, പനി, ജലദോഷം, ശ്വാസ സംബന്ധമായ അസുഖങ്ങൾ, ആസ്തമ, എക്സിമ, ചൊറിഞ്ഞ് തടിക്കൽ, കുരുക്കൾ അങ്ങനെ ഒരുപിടി പ്രശ്നങ്ങൾ അതിൽ ഉൾപ്പെടും. അതുപോലെ അന്തരീക്ഷ മലനീകരണവും ജല മലനീകരണവും ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു.

പ്രകൃതിദത്തമായ തിളക്കവും മൃദുത്വവും വൃത്തിയുമുള്ള ചർമ്മത്തിന് ചില ടിപ്സുകളിതാ.

ക്ലൻസിംഗ്

കാലാവസ്ഥ ഏതുമായ്ക്കൊള്ളട്ടെ ചർമ്മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പരമപ്രധാനമാണ്. ക്ലൻസിംഗിന് വീര്യം കുറഞ്ഞ നാച്ചുറൽ ചേരുവകൾ അടങ്ങിയ ഫേസ്‍വാഷ് ഉപയോഗിക്കാം. അല്ലെങ്കിൽ ഹോം മെയ്ഡ് പായ്ക്കുകൾ ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യാം. തേനും കടലമാവും ചേർത്ത് ഫേസ്വാഷായി ഉപയോഗിക്കാം. കടലമാവും തൈരും ചേർത്ത് ഫേസ് ക്ലീൻ ചെയ്യാം. അതുപോലെ തൈരും തേനും ചേർത്ത് മുഖത്ത് പുരട്ടി അൽപ്പസമയം കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് വേണം ഫേസ്‍വാഷുകൾ തെരഞ്ഞെടുക്കാൻ. മഴക്കാലത്ത് ചർമ്മം കൂടുതൽ വരളുന്നത് തടയാൻ തേൻ നല്ലൊരു ഉപാധിയാണ്. ഓയിലി സ്കിൻ ക്ലീൻ ചെയ്യുന്നതിന് നാരങ്ങാനീര് ചെറിയ അളവിൽ ഹോം മെയ്ഡ് ഫേസ് വാഷിൽ ചേർത്ത് ഉപയോഗിക്കാം.

ടോണിംഗ്

ഈർപ്പം കലർന്ന അന്തരീക്ഷം ചർമ്മസുഷിരങ്ങളിൽ അഴുക്കും മെഴുക്കും നിറയാൻ കാരണമാകാം. അതിനാൽ ചർമ്മം ഹൈഡ്രേറ്റഡ് ആക്കി ചർമ്മത്തിന് ശ്വസിക്കാൻ സഹായിക്കുകയുമാണ് വേണ്ടത്. ഫ്രീ റാഡിക്കലുകൾ ചർമ്മത്തിനകത്ത് പ്രവേശിക്കുന്നത് ഇത് തടയും. മികച്ച ക്വാളിറ്റിയുള്ള ടോണറിൽ പഞ്ഞിമുക്കി മുഖത്ത് അപ്ലൈ ചെയ്യുക. ഒപ്പം കഴുത്തിലും അപ്ലൈ ചെയ്യാൻ മറക്കരുത്.

ധാരാളം വെള്ളം കുടിക്കുക

ചർമ്മം തിളക്കമുള്ളതാക്കാൻ ധാരാളം വെള്ളം കുടിക്കുകയെന്നുള്ളത പ്രധാനമാണ്. ചർമ്മം ഹൈഡ്രേറ്റഡാക്കാനും മൃദുത്വമുള്ളതാകാനും ഇത് സഹായിക്കും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്തും. വെള്ളം ചർമ്മത്തിന് ഹൈഡ്രേഷൻ പകർന്ന് നൽകുമെന്ന് മാത്രമല്ല ചർമ്മത്തിനാവശ്യമായ സ്നിഗ്ദ്ധത നൽകും. ഒപ്പം ടോക്സിനുകളെ പുറന്തള്ളും. ചർമ്മം മുഴുവൻ ദിവസവും ഫ്രഷായിരിക്കുകയും ചെയ്യും.

എക്സ്ഫോളിയേഷൻ

മഴക്കാലത്ത് അത്യാവശ്യമായും ചെയ്‌തിരിക്കേണ്ട ഒന്നാണ് എക്സ്ഫോളിയേഷൻ. ആഴ്ചയിൽ ഒരു തവണ ഉയർന്ന ഗുണനിലവാരമുള്ള എക്സ് ഫോളിയേറ്റിംഗ് സ്ക്രബ്ബ് ഉപയോഗിക്കാം.

ചർമ്മത്തിലെ എക്സസ് ഓയിലിനേയും മൃതചർമ്മത്തേയും അഴുക്കിനേയും ഇത് നീക്കം ചെയ്യും. ഹോം മെയ്ഡ് സ്ക്രബ്ബ് ഉപയോഗിച്ചും സ്കിൻ ക്ലീൻ ചെയ്യാം. ഒരു സ്പൂൺ കോഫി പൗഡറിൽ തൈര് ചേർത്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. അല്ലെങ്കിൽ കോഫി പൗഡറിൽ പഞ്ചസാര പൊടിച്ച് ചേർത്ത് പാൽ അല്ലെങ്കിൽ തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. തേനും പഞ്ചസാര പൊടിച്ചതും അൽപ്പം നാരങ്ങാനീരും ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം. അരിപ്പൊടിയിൽ അൽപ്പം തേൻ, പഞ്ചസാര പൗഡർ, പാൽ അല്ലെങ്കിൽ തൈര് ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം.

മേക്കപ്പ് ഒഴിവാക്കാം

മഴക്കാലത്ത് മേക്കപ്പ് ലൈറ്റായിട്ട് അപ്ലൈ ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാം. ലിപ്ഗ്ലോസ്, പൗഡർ എന്നിവയിൽ മേക്കപ്പ് ഒതുക്കാം. മുഖത്ത് അമിതമായി മേക്കപ്പിടുന്നത് ബാക്ടീരിയകളും മറ്റും കടന്നു കൂടി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.

സൺസ്ക്രീൻ

സൺസ്ക്രീൻ അപ്ലൈ ചെയ്യുകയെന്നുള്ളത് മഴക്കാലത്തും പ്രധാനം തന്നെ. എസ്പിഎഫ് 30 ഉള്ള സൺസ്ക്രീൻ തെരഞ്ഞെടുക്കാം.

ഡ്രൈ സ്കിന്നിന്

പോഷകക്കുറവിന്‍റെ ഫലമായാണ് ചർമ്മം വരണ്ടു പോകുന്നത്. മറ്റൊന്ന് വെള്ളം കുറഞ്ഞയളവിൽ കുടിക്കുന്നതും ഒരു പ്രധാന കാരണമാണ്. ഇക്കാരണങ്ങളെല്ലാം തന്നെ മഴക്കാലത്ത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നു.  ഇത്തരം ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ചില ടിപ്സുകൾ ഫോളോ ചെയ്യുക.

  • വെള്ളം ധാരാളം കുടിക്കുക.
  • മികച്ച ഗുണനിലവാരമുള്ള ക്ലൻസറുകൾ ഉപയോഗിക്കുക.
  • ചർമ്മം അടിക്കടി മോയിസ്ച്ചറൈസ് ചെയ്യുക. ചർമ്മോപരിതലം ശരിയായ രീതിയിൽ ഹൈഡ്രേറ്റഡായിരിക്കാൻ ഇത് സഹായിക്കും.
  • റോസ്‍വാട്ടർ, ഗ്ലിസറിൻ എന്നിവ ഉപയോഗിക്കാം.
  • ആൽക്കഹോൾ ബേസ്ഡ് ആയിട്ടുള്ള ടോണർ ഒഴിവാക്കുക.

ഓയിലി സ്കിൻ

ഹോർമോൺ വ്യവസ്‌ഥയിലുള്ള മാറ്റങ്ങളാണ് ചർമ്മം ഓയിലിയാക്കുന്നതിന് പ്രധാനമായും കാരണങ്ങളാകുക. അതുകൊണ്ട് പൂർണ്ണമായും സ്കിൻ കണ്ടീഷൻ മാറ്റുകയെന്നത് അസാധ്യമായ കാര്യമാണ്. എന്നാലും ചർമ്മ പരിപാലനത്തിലൂടെ ചെറിയ മാറ്റങ്ങൾ കൊണ്ടു വന്ന് ചർമ്മത്തിന് പരിപൂർണ്ണമായ സൗന്ദര്യം പകരാനാവും.

  • മുഖം ദിവസവും 3-4 തവണ കഴുകി എക്സസ് ഓയിൽ നീക്കം ചെയ്യുക. അമിതമായി കഴുകരുത്. മുഖം ഡ്രൈ ആകും.
  • സ്ക്രബ്ബ് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കാം. അടഞ്ഞ സുഷിരങ്ങൾ തുറന്ന് അഴുക്കും മൃതചർമ്മവും നീങ്ങി കിട്ടും. ഹോംമെയ്ഡ് അല്ലെങ്കിൽ നാച്ചുറൽ സ്ക്രബ്ബുകൾ ഉപയോഗിക്കാം.
  • വീര്യം കൂടിയ ക്ലൻസിംഗ് ഉത്പന്ന ങ്ങൾ ഒഴിവാക്കുക.

കോമ്പിനേഷൻ സ്കിൻ

ഓയിലി ചർമ്മവും വരണ്ട ചർമ്മവും ഇടകലർന്നതാണിത്. ചിലർക്ക് മുഖത്ത് ടി ഷെയ്പിലായിട്ടായിരിക്കും ചർമ്മം ഓയിലിയായിരിക്കുക. അതായത് നെറ്റി തുടങ്ങി മൂക്കിന്‍റെ ഇരുവശത്തുമായി ഉള്ള ഭാഗം. അതുകൊണ്ട് ഡ്രൈ ഏരിയ മോയിസ്ച്ചുറൈസ് ചെയ്യേണ്ടത് ആവശ്യമാണ്. അതുപോലെ ഓയിലി പാർട്ട് നന്നായി ക്ലീൻ ചെയ്യുകയും സ്ക്രബ്ബ് ചെയ്യുകയും വേണം.

  • ധാരാളം വെള്ളം കുടിക്കുക. ആരോഗ്യവും അഴകും തിളക്കവുമുള്ള ചർമ്മം ലഭിക്കാനുള്ള ഏറ്റവും അനായാസകരമായ മാർഗ്ഗമാണിത്.
  • ആന്‍റി ബാക്ടീരിയൽ ഫേസ് വാഷ് ഉപയോഗിച്ച് 2 തവണ മുഖം കഴുകുക.
  • നിത്യവും ചർമ്മം മോയിസ്ച്ചുറൈസ് ചെയ്യുക.
  • ആഴ്ചയിൽ 2-3 തവണ സ്ക്രബ്ബ് ചെയ്യുക.
  • ചർമ്മ സ്വഭാവത്തിനിണങ്ങുന്ന ഫേസ് പായ്ക്കിടുക. ഹോം മെയ്ഡ് പായ്ക്കായാൽ നന്ന്. അല്ലെങ്കിൽ വിപണിയിൽ മികച്ച ഗുണനിലവാരമുള്ള പായ്ക്കുകൾ ലഭ്യമാണ്.

മഴക്കാല ചർമ്മ പരിപാലനം

  • സോപ്പ് ചേരാത്ത ക്ലൻസേഴ്സും സ്ക്രബ്ബും ഉപയോഗിക്കുക.
  • ആൽക്കഹോൾ ഫ്രീ ടോണർ ഉപയോഗിക്കാം.
  • മഴക്കാലത്ത് ഫേഷ്യലുകളും ബ്ലീച്ചിംഗും ചെയ്യാതിരിക്കുന്നതാണ് ഉചിതം. ആവശ്യമെങ്കിൽ വളരെ പരിമിതമായ രീതിയിൽ ചെയ്യാം.
  • ചുണ്ടുകൾ വരണ്ടു പൊട്ടുന്നത് തടയാൻ പതിവായി വെണ്ണയോ തേനോ പുരട്ടുക. ഇരുണ്ട നിറത്തിലുള്ള ലിപ്സ്റ്റിക് ഒഴിവാക്കാം.
  • ശരീരം മൊത്തം വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ കൃത്യമായി വെട്ടി വെടിപ്പാക്കുക. മാനിക്യൂർ, പെഡിക്യൂർ, വാക്സിംഗ് എന്നിവ ചെയ്യുക.

കേശസംരക്ഷണം

മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിൽക്കുന്നതിനാൽ സൃഷ്ടിക്കുന്നതാൽ ശിരോചർമ്മത്തിൽ ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. താരൻ ശല്യമുണ്ടെങ്കിൽ ഹോട്ട് ഓയിൽ മസാജ് ചെയ്ത് ആന്‍റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ചെമ്പരത്തി താളി, കുറുന്തോട്ടി താളി, ആര്യവേപ്പ് ഇലയും തുളസിയിലയും ഒരുമിച്ച് അരച്ച് എടുത്ത നീര് എന്നിവയിലേതെങ്കിലും തലയിൽ പുരട്ടി 15 മിനിറ്റിനു ശേഷം തല കഴുകാം. താരൻ ശല്യം അകലും. എന്നിട്ടും താരൻ മാറുന്നില്ലെങ്കിൽ ഒരു ചർമ്മരോഗവിദഗ്ദ്ധനെ കണ്ട് വേണ്ട പരിഹാരം തേടാം.

  • മഴ നനയേണ്ടി വരുന്ന സാഹചര്യത്തിൽ മുടി ഉണങ്ങും മുമ്പെ ഷാംപൂ ഉപയോഗിച്ച് കഴുകുക.
  • ഷാംപൂ ചെയ്യുമ്പോഴൊക്കെ കണ്ടീഷണറും ഉപയോഗിക്കാൻ മറക്കരുത്.
  • കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങളേക്കാൾ ഹെർബൽ ചേരുവകളടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാം.
  • മുടി നന്നായി ചീകി ഉടക്ക് മാറ്റുക. മുടി ചീകുന്നത് ശിരോ ചർമ്മത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
  • മുടി ഉണക്കാൻ ഡ്രയർ ഉപയോഗിക്കുന്നതിനുപകരമായി ടവ്വലു കൊണ്ട് മുടി തുവർത്തി ഉണക്കാൻ ശ്രമിക്കുക.

ആരോഗ്യം

ബാഹ്യമായ സൗന്ദര്യം തിളക്കമുള്ളതായി കാണപ്പെടുന്നതിന് ആന്തരീകമായ പരിചരണം ആവശ്യമാണ്. മികച്ച പോഷക സമ്പന്നമായ ഭക്ഷണം നിത്യവും കഴിക്കാൻ ശ്രദ്ധിക്കുക.

  • പ്രോട്ടീൻ റിച്ച് ഭക്ഷണം കഴിക്കുക.
  • സീസണൽ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവയെല്ലാം തന്നെ നല്ലവണ്ണം കഴുകി വൃത്തിയാക്കി വേണം കഴിക്കാൻ.
  • ഫ്രൂട്ട് ജ്യൂസ് കഴിക്കുക. തൈര്, മോര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • അതാത് ദിവസം പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. തലേ ദിവസത്തെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച് പിറ്റേ ദിവസം കഴിക്കുന്നത് ഒഴിവാക്കുക. കൃത്യമായ അളവിൽ ഭക്ഷണം പാകം ചെയ്‌ത് കഴിക്കുകയാണെങ്കിൽ ഭക്ഷണം മിച്ചം വരുന്നത് ഒഴിവാക്കാം.
  • മഴക്കാലത്ത് ജലജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വെള്ളം തിളപ്പിച്ചാറ്റിയോ ഫിൽറ്റർ ചെയ്തോ കുടിക്കുക.

ഇളം ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന പല അസ്വസ്ഥതകൾക്കുംപരിഹാരമാണ്.

  • മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മല്ലി, ജീരകം എന്നിവ ഭക്ഷണത്തിൽ നല്ലയളവിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനശേഷി മികച്ച രീതിയിലാക്കാനും സഹായിക്കും.
  • ഇടയ്ക്ക് ജീരകം, കരിങ്ങാലി, മല്ലി, തുളസിയില എന്നിവയിലെതെങ്കിലുമൊന്ന് ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ആരോഗ്യത്തിനും ദഹനത്തിനും ആന്തരിക ശുചിത്വത്തിനും ഉത്തമമാണിത്.
  • പതിവായി വ്യായാമം ചെയ്യുക. ശരീരവും മനസും ഫിറ്റായിരിക്കാൻ വ്യായാമം ഏറെ സഹായിക്കും. ഒപ്പം മാനസികാരോഗ്യവും വർദ്ധിക്കും.

മഴക്കാല പാദസംരക്ഷണം

ശരീര സംരക്ഷണത്തിൽ നാം ഏറ്റവും കുറവ് ശ്രദ്ധ നൽകുന്നത് പാദങ്ങൾക്ക് ആയിരിക്കും. ദിവസവും നാം പല പ്രാവശ്യം മുഖത്ത് ക്രീം തേക്കുമെങ്കിലും പാദങ്ങളുടെ കാര്യം തീരെ പരിഗണിക്കാറില്ല. പക്ഷേ ഈ ശീലം പല പ്രശ്നങ്ങൾക്കും ഇടവരുത്താം. ബാക്ടീരിയ, ഫഗൽ സംക്രമണം, കാൽപാദത്തിലെ തൊലിയിൽ ചൊറി, ദുർഗന്ധം, വളംകടി എന്നിവ ഉണ്ടാവും. പ്രത്യേകിച്ചും മഴക്കാലത്ത് പാദങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കാരണം ഈ സമയത്ത് മലിനമായ വെള്ളത്തിൽ കാൽപാദം നനയാൻ ഇടവരുമല്ലോ.

കാൽപാദത്തിൽ തടിപ്പ്, ചുവന്ന് തടിച്ച് ചൊറിയൽ, തൊലി പൊട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയ ഉടനെ ഡോക്‌ടറെ കാണുക. കാരണം ഇത് സ്കിൻ എലർജി ആവാം. അതിനു ഉടനടി ചികിത്സ ആവശ്യമാണ്.

പാദങ്ങൾ നന്നായി കഴുകുക

വളരെയധികം സംവേദന ക്ഷമതയുള്ളവയാണ് പാദത്തിന്‍റെ ചർമ്മങ്ങൾ. അതിനാൽ ബാക്ടീരിയൽ, ഫംഗൽ ബാധ വേഗത്തിൽ പിടിപ്പെടുന്നു. ദിവസത്തിൽ അധിക സമയവും ഷൂസും സോക്സും ഇട്ടിരിക്കുകയാണെങ്കിൽ പോലും ബാക്‌ടീരിയയുടെ ആക്രമണം ഉണ്ടാവും. കൂടാതെ പാദം നിലവുമായി സമ്പർക്കത്തിൽ ആവുന്നതും ഫംഗൽ ബാധയ്ക്ക് ഇടവരുത്താം.

പാദം ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ ബാക്‌ടീരികളുടെ സംക്രമണം വർദ്ധിക്കുന്നു. അതിനാൽ ദിവസത്തിൽ ഒരു നേരമെങ്കിലും പാദങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുക്കണം. സോപ്പുപയോഗിച്ച് കഴുക്കുമ്പോൾ ദുർഗന്ധവും വിയർപ്പും അകറ്റാൻ സാധിക്കുന്നു. ഫംഗൽ ബാധ അകറ്റാനും ഇതുവഴി സാധിക്കുന്നു.

നനവ് പാടില്ല

അത്‍‍ലറ്റിക് ഫൂട്ട് പാദങ്ങളുടെ സാധാരണ കണ്ടുവരുന്ന ഫംഗൽ പ്രശ്നമാണ്. ചൊറിച്ചിൽ, നീറ്റൽ, വീണ്ടുകീറൽ എന്നിവ കൂടാതെ പൊളിയുന്നതും സാധാരണമാണ്. അത്‍‍ലറ്റിക് ഫൂട്ട് പോലെയുള്ള ഫംഗൽ ബാധ അകറ്റാനായി പാദങ്ങൾ എപ്പോഴും ഈർപ്പരഹിതമായി നിലനിർത്തണം. അതിനാൽ പാദം കഴുകിയ ശേഷം നന്നായി തുടയ്ക്കണം. പ്രത്യേകിച്ചും വിരലുകൾക്കിടയിലുള്ള ഭാഗം ഉണങ്ങിയ ശേഷം മാത്രം ചെരിപ്പിടുക.

പാദങ്ങൾ മോയ്സ്ച്യുറൈസർ ചെയ്യാം

മുഖത്ത് മാത്രം മോയ്സ്ച്യുറൈസർ പുരട്ടിയാൽ പോരാ. പാദങ്ങൾക്കും ഈർപ്പം ആവശ്യമാണ്. ഈർപ്പം നഷ്‌ടപ്പെടുമ്പോൾ കാൽപാദങ്ങൾ വരളാനിടയാവും. വിണ്ടുകീറാത്തതും സ്കിൻ ഡ്രൈയാവാനും ഈർപ്പം നഷ്ടം ഇടയാക്കുന്നു. ചർമ്മം വരണ്ട് പൊട്ടുമ്പോൾ ദുർഗന്ധവും വമിക്കുന്നു. പാദങ്ങളുടെ സൗന്ദര്യവും ഇത് നഷ്‌ടപ്പെടുത്തുന്നു. വേദനയും ഉണ്ടാവും. അതിനാൽ കുളി കഴിഞ്ഞ ശേഷം പാദങ്ങൾ വൃത്തിയായി ഉണക്കിയ ശേഷം മോയ്സ്ച്യുറൈസർ പുരട്ടണം. കോക്കോ ബട്ടർ, പെട്രോളിയം ജെല്ലി എന്നിവ നല്ലതാണ്.

മൃതകോശം നീക്കം ചെയ്യുക

മൃതകോശത്തിൽ മോയ്സ്ച്യുറൈസർ ക്രീം പുരട്ടുന്നതു കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അതിനാൽ, മാസത്തിൽ ഒരു പ്രാവശ്യം എക്സ്ഫോളിയേഷൻ വഴി മൃതചർമ്മം നീക്കം ചെയ്യണം. ഫ്യൂമിംഗ് സ്റ്റോണ്‍ വച്ച് എക്സ്ഫോളിയേഷൻ ചെയ്യാം. ഇതുവഴി മൃതചർമ്മത്തോടൊപ്പം കാലിലെ ദുർഗന്ധവും അകലുന്നു. ശേഷം മോയ്സ്ച്യുറൈസർ ചെയ്‌ത് ഹൈഡ്രേറ്റ് ചെയ്യണം.

പഞ്ചസാരയും ഒലീവ് ഓയിലും മിക്സ് ചെയ്‌ത് അതിൽ ഏതാനും തുള്ളി ടിടി ഓയിൽ ചേർത്ത് സ്ക്രബ്ബ് ചെയ്യാം. ഇത് ബാക്‌ടീരിയ തടയാൻ ശേഷിയുള്ളതാണ്.

പാദങ്ങൾ പാപർ ചെയ്യാം

മാസത്തിൽ രണ്ട് തവണ പാദങ്ങൾ 10-15 മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കി വയ്ക്കാം. പാദചർമ്മം മൃതുവാക്കാൻ ഇത് സഹായിക്കും. ശേഷം നന്നായി തുടച്ച് വൃത്തിയാക്കി വിറ്റാമിൻ ഇ അടങ്ങിയ കോൾഡ് ക്രീം പുരട്ടണം. സവേദനക്ഷമത കൂടുതലുള്ള ചർമ്മമാണെങ്കിൽ ആന്‍റി ബാക്ടീരിയൽ ക്രീം ഉപയോഗിക്കാം.

ഹൈഡ്രേറ്റിംഗ് മാസ്ക്

കാല്‍ പാദങ്ങളില്‍ ഹൈഡ്രേറ്റിംഗ് മാസ്കും അപ്ലൈ ചെയ്യാവുന്നതാണ്. ഉടച്ച വാഴപ്പഴത്തിൽ നാരങ്ങാനീര് ചേർത്ത് പുരട്ടാം. കാൽപാദത്തിൽ മുഴുവനും പുരട്ടണം. കാലിലും ആവാം. 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. പുറത്തു പോകും മുമ്പോ ഉറങ്ങാൻ പോകുമുമ്പോ പാദങ്ങൾ ഫൂട്ട് ക്രീം അല്ലെങ്കിൽ പെട്രോളിയം ജെല്ലി പുരട്ടണം.

കാലിനിണങ്ങിയ പാദരക്ഷകൾ അണിയാം

കഫർട്ടബിളായ ചെരുപ്പുകളും ഷൂസും മാത്രം അണിയാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ലൈതർ ഷൂസും ചെരുപ്പും പാടില്ല. നല്ല ക്വാളിറ്റിയുള്ള റബർ, വാട്ടർ പ്രൂഫ് മെറ്റീരിയലിൽ ഉള്ളവ വാങ്ങാം. ഗുണനിലവാരം കുറഞ്ഞ മഴക്കാല പാദരക്ഷകൾ ചർമ്മത്തെ ബാധിക്കും. അലർജി ഉണ്ടാകും. കൃത്യമായ സൈസിലുള്ളത് മാത്രം തെരഞ്ഞെടുക്കുക. ഹൈ ഹീൽ ഉള്ളവ ഒഴിവാക്കാം.

സോക്സ് ഉപയോഗിക്കുക

പൊടിയിൽ നിന്നും ദുർഗന്ധത്തിൽ നിന്നും പാദങ്ങളെ സംരക്ഷിക്കുന്നു സോക്സ്. പക്ഷേ ദിവസവും മാറ്റണം. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പാദങ്ങളെ സോക്സ് സംരക്ഷിക്കുന്നു. മഴക്കാലത്ത് സോക്സ് ധരിക്കുമ്പോൾ നനയാതിരിക്കാൻ ശ്രദ്ധിക്കണം. നനഞ്ഞ സോക്സ് അധികനേരം ഇട്ടിരിക്കരുത്.

മൺസൂൺ ബ്യൂട്ടി

മനസ്സിൽ ഉള്ളത് മുഖത്തുണ്ടാവും എന്നാണ് പറയാറെങ്കിലും മുഖചർമ്മം സംരക്ഷിക്കാൻ വ്യായാമവും പരിചരണവും കൂടിയേ തീരൂ. മഴക്കാലത്ത് സൗന്ദര്യം കാത്തു സൂക്ഷിക്കാൻ വീട്ടിൽ തന്നെ നിർമ്മിക്കുന്ന സൗന്ദര്യ വർദ്ധക വസ്‌തുക്കൾ ഉപയോഗിക്കാവുന്നതാണ് നല്ലത്. എണ്ണതേച്ചുള്ള കുളി അതിൽ പ്രധാനമാണ്.

ഹെർബൽ ഫേഷ്യൽ

  • വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാവുന്നതാണ്.
  • ചെറുപയർ പൊടി, ചെറുനാരങ്ങാനീര്, തേൻ എന്നിവ സമം ചേർത്ത് മുഖത്ത് പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിൽ കഴുകാം. അതുപ്പോലെ പാലിൽ കടലമാവ് കലക്കി മുഖത്ത് പുരട്ടി അൽപ്പം കഴിഞ്ഞ് കഴുകിക്കളയാം. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.
  • അൽപം വെള്ളരിക്കാ നീരിൽ ചെറുനാരങ്ങാനീരും മഞ്ഞൾ പൊടിയും ചേർത്ത് മുഖത്ത് 5 മിനിറ്റ് തേച്ച് പിടിപ്പിക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകി കളയുക. രാവിലെ കുളിയ്ക്ക് മുമ്പ് ചെയ്യുന്നതാണ് ഉത്തമം.
  • രണ്ട് ടേബിൾ സ്പൂൺ കാരറ്റ്നീരും ഒരു ടേബിൾ സ്പൂൺ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിനു മിനുസവും ദൃഢതയും ലഭിക്കും.

എണ്ണ തേപ്പ്

കുളിക്കുന്നതിനു മുമ്പ് എന്നും എണ്ണ തേക്കുന്നത് ശീലമാക്കണം. എണ്ണ പുരട്ടി അരമണിക്കൂർ കഴിഞ്ഞശേഷമേ കുളിക്കാൻ പാടുള്ളൂ. വെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ, എളെണ്ണ, ഒലീവ് ഓയിൽ എന്നിവ തേച്ചു കുളിക്കാൻ ഉപയോഗിക്കാം. കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിക്കുക. കടലമാവ് ആയാലും നല്ലതാണ്. കുട്ടികൾക്ക് തേങ്ങാപാൽ ദേഹത്ത് ആഴ്ചയിൽ ഒരിക്കൽ പുരട്ടി കൊടുക്കാം. അരമണിക്കൂർ കഴിഞ്ഞ് കുളിപ്പിക്കുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.

കരിവാളിപ്പ് അകറ്റാൻ

രക്‌തചന്ദനവും, മഞ്ഞളും അരച്ച് പുരട്ടിയാൽ മുഖക്കുരു പാടുകൾ മാറിക്കിട്ടും. കരിവാളിപ്പ് മഴക്കാലത്ത് അധികം കാണാറില്ലെങ്കിലും അശട്രാവയലറ്റ് രശ്മികൾ അധികം ഏൽക്കുന്നവരിൽ ഇതുണ്ടാവാം. തേങ്ങാപാലിൽ മഞ്ഞൾ ചാലിച്ച് ദേഹത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കുളിക്കാം. കരുവാളിപ്പ് മാറും. മുഖത്തെ എണ്ണമയം മാറാനായി രാവിലെയും വൈകുന്നേരവും ചെറുപയർ പൊടി കൊണ്ട് മുഖം കഴുകുക.

മൺസൂൺ ഹെയർ ടിപ്സ്

മഴക്കാലത്ത് മുടി വരളുകയും പൊട്ടുകയും ചെയ്യുന്നത് സാധാരണമാണ്. ഇതിനൊരു പരിഹാരമാണ് ബനാന മാസ്ക്. രണ്ട് വാഴപ്പഴം പേസ്റ്റാക്കി അതിൽ തേനും ചേർത്ത് സ്കാൽപ്പിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിനു ശേഷം തല കഴുകാം.

ശിരോ ചർമ്മത്തിൽ അമിതമായി എണ്ണയുണ്ടെങ്കിൽ ലെമൺ ജ്യൂസ് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. ഉലുവ കുതിർത്തരച്ച് പുളിച്ച തൈരും ചേർത്ത് തലയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ, താരൻ, വരൾച്ച എന്നിവയെ തടയും.

അതുപോലെ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് കേശ വളർച്ചയെ ത്വരിതപ്പെടുത്തും ഒപ്പം ആരോഗ്യവും നൽകും. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചൂടാക്കി തലയിൽ അപ്ലൈ ചെയ്യാം. ഒരു മണിക്കൂറിനു ശേഷം കഴുകുക.

കേശാരോഗ്യത്തിനും അഴകിനും

ബാഹ്യപരിചരണം പോലെ ഏറ്റവും പ്രധാനമാണ് ആന്തരിക പരിചരണം. നല്ല വിടവുള്ള ചീപ്പു കൊണ്ട് മുടി ചീകുക. രക്‌തയോട്ടം വർദ്ധിക്കും. ഒപ്പം മുടിയുടെ കരുത്തും കൂടും. ധാരാളം വെള്ളം കുടിക്കുക. ജലം ഒരു അമൂല്യമായ ഔഷധമാണ്. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുക. കാരറ്റ്, മുട്ട, പാലുൽപന്നങ്ങൾ, ഇലവർഗ്ഗങ്ങൾ, ചെറുപയർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

മഴക്കാലത്ത് എന്തു കഴിക്കണം?

മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. അതിനാൽ മഴക്കാലത്ത് ആഹാര കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രതിരോധശേഷിയും ഊർജ്ജസ്വലതയും നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. മഴക്കാലത്ത് കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചറിയാം.

  • മഴക്കാലത്ത് നെല്ല് കുത്തിയരിയുടെ കഞ്ഞി ചൂടോടെ കഴിക്കാം. മഴക്കാലത്ത് ഉണ്ടാവുന്ന ഡീഹൈഡ്രേഷൻ തടയാനിത് സഹായിക്കും.
  • മഴക്കാലത്ത് പഴകിയ ഭക്ഷണം ഒരിക്കലും കഴിക്കരുത്. തലേ ദിവസത്തെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ചതായാലും കഴിക്കാതിരിക്കുന്നതാണ് നല്ലത്. അണുബാധയ്ക്ക് കാരണമാകാം.
  • വറുത്തതും പൊരിച്ചതുമായത് ഈ സീസണിൽ ഒഴിവാക്കുക.
  • നല്ലവണ്ണം വേവിക്കാത്ത ഭക്ഷണം മഴക്കാലത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. മഴക്കാലത്ത് 3 മണിക്കൂറിലധികം പഴക്കമുള്ള ഭക്ഷണം ഒഴിവാക്കിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.
  • മഴക്കാലത്ത് വയർ ഒരിക്കലും കാലിയാക്കിയിടരുത്. വിശന്നിരിക്കരുത്. പുറത്തു പോകുമ്പോൾ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടു പോവുക. ലഞ്ച് ബോക്സിൽ സലാഡ് കരുതുക. വെള്ളവും കരുതണം.
  • തിളപ്പിച്ചാറ്റിയ വെള്ളമാണ് മഴക്കാലത്ത് കുടിക്കാൻ അനുയോജ്യം. ശുദ്ധമല്ലാത്ത വെള്ളം മലേറിയ, മലമ്പനി എന്നിവയ്ക്ക് കാരണമാകും. മുറിച്ചു സൂക്ഷിച്ച പഴങ്ങൾ കഴിക്കരുത്.
  • ഫ്രഷ് പച്ചക്കറികൾ മാത്രം കഴിക്കുക.
  • മുട്ടയുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്.
  • പുദിന, മല്ലിയില, ചെറുള്ളി, സവാള, നെല്ലിക്ക എന്നിവയുടെ ചട്ട്നി വളരെ നല്ലതാണ്.
  • മഴക്കാലത്ത് വീട്ടിൽ പുദിനയിലയും മല്ലിയിലയും ഗ്ലൂക്കോസും സൂക്ഷിക്കുക. ഫുഡ് പോയ്സനിംഗ് പ്രശ്നം വന്നാൽ ഇവ കഴിച്ചാൽ ശമനം കിട്ടും.
  • മഴക്കാലത്തും കൃത്യമായി വ്യായാമം ചെയ്യുക.
  • മഴക്കാലത്ത് ദഹനശേഷി കുറയും. അതിനാൽ കട്ടിയാഹാരം ഒഴിവാക്കുക.
  • മഴക്കാല ഭക്ഷണത്തിൽ വെളുത്തുള്ളി, മഞ്ഞൾപൊടി, മല്ലിപൊടി, പുദിനയില, നെല്ലിക എന്നിവ കൂടുതൽ ചേർക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വേവിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം.
  • ചെറു ചൂടോടെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് കുറച്ച് ഉപ്പും പുളിയുമൊക്കെ ആവാം എന്നാണ് ആയുർവേദം പറയുന്നത്.
  • സൂപ്പ് ചുക്ക് മേമ്പൊടി ചേർത്തു സേവിക്കണം. ഉദാ: പരിപ്പ് ചാറ്, വെജിറ്റബിൾ സൂപ്പ്, മാംസ രസം.
  • ആഹാരത്തിൽ കുറച്ച് തേൻ ചേർത്ത് സേവിക്കുന്നതും നന്ന്.

ഒഴിവാക്കേണ്ടത്

  • മഴക്കാലത്ത് വാത കോപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആഹാരം നിയന്ത്രിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്.
  • ഒരു കാരണവശാലും തിളപ്പിക്കാത്തതും അശുദ്ധവുമായ വെള്ളം കുടിക്കരുത്.
  • ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവും കഴിക്കരുത്. പകൽ ഉറക്കവും പാടില്ല.
  • ഫ്രിഡ്ജിൽ വച്ചവ ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക. മഴക്കാലത്ത് ഫ്രീസറിൽ വച്ച ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം.
  • മദ്യപാനം മഴക്കാലത്ത് ഒട്ടും വേണ്ട.
  • മീനും ചെമ്മീനും പരമാവധി ഒഴിവാക്കുക.
  • മുളപ്പിച്ച പയറും കടലയുമൊക്കെ തൽക്കാലം മൺസൂൺ മെനുവിൽ നിന്നും ഒഴിവാക്കുക. ഇവ ദഹനക്കുറവും വായുവിന്‍റെ അസ്കിതയും ഉണ്ടാക്കും.

മൺസൂണിൽ ചില ആരോഗ്യ ചിന്തകൾ

കടുത്ത ചൂടിന് വിരാമമിട്ടു കൊണ്ടാണ് ഓരോ മഴക്കാലവും കടന്നു വരുന്നത്. ആരോഗ്യ പരിപാലന കാര്യത്തിൽ ഏറെ ശ്രദ്ധ വേണ്ടി വരുന്ന സമയം കൂടിയാണ് മഴക്കാലം.

പോഷക സമ്പന്നമായ ഡയറ്റ്

  • പൊതുവേ ജലജന്യ രോഗങ്ങൾ പിടിപ്പെടാൻ ഏറെ സാധ്യതയുള്ള കാലാവസ്‌ഥയാണിത്. അതുകൊണ്ട് പരിപൂർണ്ണമായും ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
  • അതുപോലെ ശരീരത്തിൽ അണുബാധയുണ്ടാകാൻ സാധ്യതയുള്ള സമയമായതിനാൽ ആരോഗ്യപ്രദവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കാം. സ്ട്രീറ്റ് ഫുഡ്സ് പാടെ ഒഴിവാക്കാം. പുറത്ത് നിന്നും ജ്യൂസ്, ചാട്ട്, പാനിപുരി, കുൽഫി എന്നിവ കഴിക്കുന്നത് തീർത്തും ഒഴിവാക്കുക. അതോടെ കുറേയേറെ രോഗങ്ങളെയും പടി കടത്താം.
  • പുറത്ത് നിന്നും ഫ്രഷ് പച്ചക്കറികളും സലാഡുകളും കഴിക്കുന്നത് ഒഴിവാക്കാം. വീട്ടിൽ തയ്യാറാക്കുന്നവ മാത്രം കഴിക്കുക.

വെള്ളം കുടിക്കുക

  • മഴക്കാലമല്ലെ ദാഹം കുറവാണെന്ന് കരുതി വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്. ഇഷ്‌ടം പോലെ വെള്ളം കുടിക്കുക. ശരീരം വരളുന്നത് തടയാൻ ഇത് ഫലവത്താണ്. വെള്ളത്തിന് പകരം കാർബണേറ്റഡ് ഡ്രിങ്ക്സ്, ചായ, കാപ്പി, കൂൾഡ്രിങ്ക്സ് എന്നിവ കുടിക്കുന്നത് ഒഴിവാക്കണം.
  • ഹെർബൽ ചായകൾ, ഹെൽത്ത് ഡ്രിങ്ക്സ് എന്നിവ നിത്യവും കുടിക്കുക. ആരോഗ്യവും അഴകും വർദ്ധിക്കും.

മഴയത്ത് നടക്കാൻ കൊതിയാണെങ്കിൽ

മഴ സമയത്ത് പുറത്തിറങ്ങി നടക്കാൻ കൊതിക്കുന്നവരാണ് മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. ലെപ്റ്റോസ്പിറോസിസ് പോലെയുള്ള വൈറൽ അസുഖങ്ങളും ഫംഗൽ ഇൻഫക്ഷനും ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് ഓർക്കുക. അങ്ങനെ മഴയത്ത് നടക്കേണ്ടി വന്നാൽ തന്നെ വീട്ടിലെത്തിയാലുടൻ പാദങ്ങൾ സോപ്പുപയോഗിച്ച് കഴുകി തുടച്ച് വൃത്തിയാക്കാം. ദീർഘസമയം നനഞ്ഞ സോക്സും ഷൂസും ധരിച്ച് നിൽക്കരുത്. പാദങ്ങൾക്ക് അനുയോജ്യമായ മൺസൂൺ ചെരിപ്പുകൾ ധരിക്കുക.

  • പ്രമേഹ രോഗികൾ പാദപരിചരണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ചെരിപ്പിടാതെ പുറത്ത് പോകുന്നത് പല അസുഖങ്ങളേയും ക്ഷണിച്ചു വരുത്തും.
  • നനഞ്ഞ വസ്ത്രത്തോടെ ഏസി മുറിയിൽ ഇരിക്കരുത്. ഉടനടി മാറ്റുക. ഓഫീസിൽ ധരിക്കാനായി എക്സ്ട്രാ വസ്‌ത്രങ്ങൾ കയ്യിൽ കരുതാം.
  • ഈർപ്പ രഹിതമാകണം വീടിനകത്തളം.
  • ഈർപ്പമുള്ള ചുവരുകൾ ഫംഗസ് വളർച്ചയ്ക്ക് സഹായകരമായ അന്തരീക്ഷമൊരുക്കും. ഇത് ആസ്തമാ രോഗികൾക്കും മറ്റ് ശ്വാസ സംബന്ധമായ അസുഖമുള്ളവർക്കും ദോഷകരമാണ്. അതുകൊണ്ട് വീടിനകവശം ഈർപ്പരഹിതവും അണുവിമുക്തവുമായിരിക്കാൻ ശ്രദ്ധിക്കുക.

കൊതുകു നിവാരണം

  • കൊതുകുകൾ പെറ്റു പെരുകുന്നത് അസുഖങ്ങൾ ഉണ്ടാകാൻ ഏറ്റവും വലിയ കാരണമാണ്. വീടിന് ചുറ്റും വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുകയെന്നതാണ് പ്രഥമമായി ചെയ്യേണ്ടത്.
  • കൊതുകുകളെ പ്രതിരോധിക്കാൻ മോസ്കിറ്റോ റെപ്പലൻറ് ഉപയോഗിക്കുക. ചുറ്റുപാടും ഇലകൾ വീണ് ചീഞ്ഞളിയുന്നത് ഒഴിവാക്കിയാൽ അവയെ ഫലപ്രദമായി നിർമ്മാജ്ജനം ചെയ്യാം.
  • മഴക്കാലത്ത് പ്രതിരോധശേഷി കുറഞ്ഞവർ പ്രതിരോധ മരുന്നുകൾ കഴിക്കുക.

രണ്ട് നേരം കുളി

  • വീട്ടിൽ മടങ്ങിയെത്തിയാലുടൻ കുളിക്കുക. വിയർപ്പും അഴുക്കും മൂലമുള്ള അണുബാധ തടയാൻ ഏറ്റവും ഫലവത്തായ മാർഗ്ഗമാണിത്.
  • വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ടാബ്‍ലറ്റ് കഴിക്കുക.

കണ്ണുകൾ സ്പർശിക്കരുത്

  • ചെങ്കണ്ണ്, കൺകുരു, കണ്ണുകൾ വരളുക തുടങ്ങിയവ മഴക്കാലത്തുണ്ടാകുന്ന നേത്ര സംബന്ധമായ അസുഖങ്ങളാണ്.
  • ശരിയായ പരിചരണവും ശുചിത്വവും അവലംബിക്കുന്നതിലൂടെ ഇത്തരം അസുഖങ്ങളെ ഫലവത്തായി ചെറുക്കാം. ഒപ്പം മരുന്നുകളും ഒഴിവാക്കാം. അഴുക്ക് പുരണ്ട കൈകൾ കൊണ്ട് കൂടെക്കൂടെ കണ്ണുകൾ സ്പർശിക്കുന്നതും തീരുമ്മുന്നതും പാടെ ഒഴിവാക്കുക. കൈകൾ ശുചിയാക്കിയ ശേഷം മാത്രമേ കണ്ണുകൾ സ്പർശിക്കാവൂ. കണ്ണുകൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ ശുദ്ധവെള്ളം കൊണ്ട് കണ്ണുകൾ കഴുകുക. ആവശ്യമെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടാം.

സ്കിൻകെയർ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോള്‍

മഴക്കാലം സുന്ദരമായ കാലാവസ്ഥയാണെങ്കിലും ചർമ്മത്തെ സംബന്ധിച്ച് പലപ്പോഴുമത് വെല്ലുവിളിയാകാറുണ്ട്. ഉദാ: മുഖക്കുരു, അണുബാധ, അലർജി, ഓയിലി സ്കിൻ എന്നിങ്ങനെയുള്ള ധാരാളം പ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാകാം. അതിനാൽ മഴക്കാല ചർമ്മപരിചരണം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.ഏത് ഉൽപ്പന്നവും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് അതെക്കുറിച്ച് പൂർണ്ണമായ അറിവ് നേടിയിരിക്കുകയെന്നത് പ്രധാനമാണ്.

സ്കിൻ കെയർ ഉൽപ്പന്നങ്ങൾ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില മുൻകരുതലുകളെക്കുറിച്ച് ഭാരതി തനേജ പറയുന്നു.

സ്കിൻ ടൈപ്പ് അനുസരിച്ച് പരിചരണം

ഓയിലി സ്കിൻ: മഴക്കാലം ഓയിലി സ്കിൻക്കാരെ സംബന്ധിച്ച് വളരെ പ്രശ്നമുള്ള സമയമാണ്. കാരണം കാറ്റുള്ളപ്പോഴും ചർമ്മം എക്സ്ട്രാ ഓയിലി ആയിരിക്കും. അതുപോലെ അഴുക്ക് ചർമ്മത്തിനകത്ത് വരെ പ്രവേശിക്കും. അതോടെ ചർമ്മ സുഷിരങ്ങൾ അടയും. ഇക്കാരണം കൊണ്ട് മുഖക്കുരു, കറുത്തകാര തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും. ഓയിലി, ഡ്രൈ സ്കിൻക്കാർക്ക് എളുപ്പത്തിൽ വിയർപ്പ് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രശ്നം. അതുകൊണ്ട് ദിവസം മുഴുവനും 3 തവണ ക്ലൻസിംഗ് ആവശ്യമായി വരും.

മുഖം ക്ലീൻ ചെയ്യുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക. ചൂട് വെള്ളം ഉപയോഗിക്കുന്നതിനാൽ ഓയിലിനെ അനായാസം നീക്കി ക്ലീൻ ചെയ്യാൻ പറ്റും. ദിവസവും സ്ക്രബ്ബർ ഉപയോഗിക്കുകയെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നാൽ ഇക്കാര്യത്തിലും കരുതൽ വേണം. വൈൽഡ് സ്ക്രബ്ബിംഗ് മാത്രമേ ചെയ്യാവൂ. ആപ്രിക്കോട്ടോ ഹോംമെയ്ഡ് സ്ക്രബ്ബോ ഉപയോഗിക്കുകയാണെങ്കിൽ വളരെ മൃദുവായി സ്ക്രബ്ബ് ചെയ്യുക. എന്നാൽ ഏറെ നേരം മുഖത്ത് അപ്ലൈ ചെയ്തിരിക്കരുത്.

ഡ്രൈ സ്കിൻ: ഡ്രൈ സ്കിൻക്കാർക്കും മഴക്കാലം വില്ലനാകാറുണ്ട്. ഡ്രൈ സ്കിൻക്കാർക്ക് മഴക്കാലത്ത് മുഖത്ത് പാച്ച് പോലെയോ വരണ്ടോ കാണപ്പെടാറുണ്ട്. അതിനാൽ മോയിസ്ച്ച്റൈസർ തീർച്ചയായും അപ്ലൈ ചെയ്യാം. എന്നാൽ ഒരിക്കലും ഓയിൽ ബേസ്ഡ് ആയിട്ടുള്ള ക്രീം ഉപയോഗിക്കാൻ പാടില്ല. ഓയിലി സ്കിൻക്കാരും ലൈറ്റ് മോയിസ്ച്ച്റൈസർ അല്ലെങ്കിൽ വാട്ടർ ബേസ്ഡ് മോയിസ്ച്ച്റൈസർ ഉപയോഗിക്കാം.

നോർമൽ സ്കിൻ: നോർമൽ സ്കിൻകാർ ദിവസവും രാവിലെയും രാത്രിയും ക്ലൻസിംഗ് ചെയ്യേണ്ടതാവശ്യമാണ്. ചർമ്മ സുഷിരം അടഞ്ഞ് മുഖക്കുരു, ഇൻഫക്ഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നോർമൽ സ്കിൻകാർ എപ്പോഴും ജെൽ ബേസ്ഡ് മോയിസ്ച്ചുറൈസർ അല്ലെങ്കിൽ ക്രീം ഉപയോഗിക്കാം.

സ്കിൻ ടോണർ: റോസ്‍വാട്ടർ, അലോവേര, കുക്കുംബർ, ടീട്രീ ഓയിൽ എന്നിങ്ങനെയുള്ളവ ആയിരിക്കണം സ്കിൻ ടോണർ. റോസ്‍വാട്ടറിൽ ഉള്ള ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് ചർമ്മത്തെ പരിരക്ഷിക്കും പോലെ അലോവേര ചർമ്മത്തിന് തണുപ്പേകുന്നു. ഒപ്പം മോയിസ്ച്ച്റൈസും ചെയ്യുന്നു. അതോടൊപ്പം ചർമ്മത്തിന്‍റെ ഡാർക്ക്നസ്സിനെ കുറയ്ക്കുന്നതിന് ഇത് ഫലപ്രദമാണ്. കുക്കുംബറിലുള്ള വിറ്റാമിൻ സി സ്കിന്നിനെ ഹൈഡ്രേറ്റ് ചെയ്യുന്നതിനൊപ്പം സൺബേണിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. ടീട്രി ഏത് തരത്തിലുള്ള സ്കിൻ അലർജിയേയും പരിഹരിക്കുന്നു.

ടോണറിൽ എന്ത് ഉണ്ടാകാൻ പാടില്ല

വിപണിയിൽ ലഭ്യമായ ഒട്ടുമുക്കാൽ ടോണറുകളിലും ആൽക്കഹോൾ അടങ്ങിയിരിക്കും. ചർമ്മത്തിന്‍റെ മോയിസ്ച്ചർ പതിയെ ഇല്ലാതാക്കാനേ ഇത് ഇടവരുത്തൂ. അതുകൊണ്ട് ആൽക്കഹോൾ അടങ്ങിയ ടോണർ വാങ്ങരുത്. പ്രത്യേകിച്ചും ഇഥൈൽ ആൽക്കഹോൾ, മീഥൈൽ ആൽക്കഹോൾ എന്നിവ ചേർന്നത്.

ഫാറ്റി ആസിഡുകളിൽ നിന്നും ആൽക്കഹോൾ തയ്യാറാക്കാറുണ്ട്. അവ വിലയേറിയതാണെങ്കിലും ചർമ്മത്തിന് യാതൊരുവിധ ദോഷമുണ്ടാക്കുകയില്ല. ചർമ്മത്തെ നറിഷും മോയിസ്ച്ച്റൈസും ചെയ്യും. അതിനാൽ ടോണർ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

സ്ക്രബ്ബ് : സ്ക്രബ്ബിൽ ആപ്രിക്കോട്ട്, ഗ്രീൻ ടീ, ഗ്ലിസറിൻ എന്നിവ ചേർന്നിട്ടുണ്ടെങ്കിൽ അത് ചർമ്മത്തിന് ബെസ്‌റ്റാണ്. ഗ്രീൻ ടീ ചർമ്മത്തിന് ഗ്ലോ പകരും. ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടീസ് ഉള്ളതിനാൽ ബാക്ടീരിയയെ നശിപ്പിക്കുന്നതിന് ഇത് ഫലവത്താണ്. ഒപ്പം ഗ്രീൻ ടീ സ്കിന്നിനെ നറിഷ് ചെയ്യുന്നതിനൊപ്പം ആന്‍റി ഏജിംഗ് എന്ന രീതിയിലും പ്രവർത്തിക്കും.

സ്ക്രബ്ബിൽ എന്ത് ഉണ്ടാകാൻ പാടില്ല

മീഥൈൽ പാരബെൻ, ഇഥൈൽ പാരബെൻ, പ്രോപ്പിൾ പാരബെൻ, ലെഡ് എന്നിവയുള്ള സ്ക്രബ്ബ് വാങ്ങരുത്.

സൺസ്ക്രീൻ: മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ടോ എന്ന സംശയമുള്ളവരാണ് മിക്കവരും. എന്നാൽ സൺസ്ക്രീൻ ഏത് കാലാവസ്ഥയിലും ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഓക്സൈഡ് എന്നിവയുള്ള സൺസ്ക്രീൻ വാങ്ങാം. കാരണം ഇവയൊന്നും ചർമ്മത്തിന് ദോഷം പകരുന്നവയല്ല.

സൺസ്ക്രീനിൽ എന്ത് ഉണ്ടാകാൻ പാടില്ല

ഓക്സി ബെൻസോൺ, ഹോമോസൊലേറ്റ് എന്നിവ സൺസ്ക്രീനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുക. കാരണം ഇവ ചർമ്മത്തിന് നല്ലതല്ല. കാൻസറിന് കാരണമാകാം.

ഫേസ് വാഷ്:  മുഖം കഴുകുന്നതിന് സോപ്പിന് പകരമായി ഫേസ് വാഷ് തന്നെ ഉപയോഗിക്കാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. ഏറെ സുഗന്ധമുള്ള ഫേസ് വാഷ് ഉപയോഗിക്കരുത്. മറിച്ച് മൈൽഡ് നാച്ചുറൽ ചേരുവകൾ അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കാം. ഇത്തരം ഫേസ് വാഷുകൾ മുഖത്ത് ഗ്ലോ പകരുന്നതിനൊപ്പം യാതൊരുവിധ ദോഷം പകരുകയില്ല.

ഫേസ് വാഷിൽ എന്ത് ഉണ്ടാകാൻ പാടില്ല

ഭൂരിഭാഗം ഫേസ് വാഷിലും ആന്‍റിബാക്ടീരിയൽ പ്രോപ്പർട്ടീസ് കൂടിയ അളവിൽ ഉണ്ടായിരിക്കും. അവയിൽ ടിസിഎസ്, ടിസിസി, ടെൽക്കോസൺ എന്നിവയുണ്ടാവും. ഇത് പ്രൊഡക്റ്റിന്‍റെ സെൽഫ് ലൈഫ് വർദധിപ്പിക്കുകയുള്ളൂ. എന്നാൽ ചർമ്മത്തിന് അത് നല്ലതല്ല. ഒപ്പം ഫേസ് വാഷിൽ സോഡിയം ലോറെൽ സൾഫേറ്റ് ഉണ്ടായിരിക്കും. അതും ചർമ്മത്തിന് ദോഷകരമാണ്. അതിനാൽ ഇവയെല്ലാം ശ്രദ്ധിച്ചു വേണം ഫേസ് വാഷ് വാങ്ങാൻ.

ക്രീം അഥവാ മോയിസ്ച്ച്റൈസർ: പലരും സുഗന്ധമേറിയ ക്രീമുകളാണ് വാങ്ങുക. എന്നാൽ എത്രമാത്രം സുഗന്ധമുണ്ടോ അത്രയുമധികം കെമിക്കലുകളും അത്തരം ഉൽപ്പന്നങ്ങളിൽ ഉണ്ടായിരിക്കും. അത് ചർമ്മത്തിന് ഉചിതമായിരിക്കണമെന്നില്ല. ഹൈഡ്രോണിക്ക് ആസിഡ് ഉള്ള ക്രീം ചർമ്മത്തിന് നല്ലതാണ് കാരണം കാറ്റിലുള്ള മോയിസ്ച്ച്റൈസിനെ ചർമ്മത്തിനകത്ത് അത് എത്തിക്കും. അതോടെ ചർമ്മം ഹൈഡ്രേറ്റ് ആകും. ഒപ്പം ചുളിവുകൾ അകലും.

മോയിസ്ച്ച്റൈസിൽ എന്ത് ഉണ്ടാകാൻ പാടില്ല

ഭൂരിഭാഗം ക്രീമുകളിൽ ഓക്സിബെൻസോൺ അടങ്ങിയിരിക്കും. ക്രീമിന്‍റെ സുഗന്ധത്തേയും കളറിനേയും ദീർഘകാലം നിലനിർത്താൻ വേണ്ടിയാണത്. ഇത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കും. എന്നാൽ ദീർഘകാലമായുള്ള ഇതിന്‍റെ ഉപയോഗം ഹോർമോൺ അസന്തുലിതാവസ്‌ഥയ്ക്ക് കാരണമാകും.

അക്നെ ക്രീം എങ്ങനെയാവണം

അക്നെ ക്രീം അല്ലെങ്കിൽ മോയിസ്ച്ചർ വാങ്ങുമ്പോൾ സാലിസിലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കാരണം ഇതൊരു തരം ബീറ്റാ ഹൈഡ്രോക്സി ആസിഡാണ്. ചർമ്മ സുഷിരത്തെ തുറന്ന് അക്നെ പോലെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത് ഉത്തമമാണ്. അക്നെ ട്രീറ്റ്മെന്‍റിന് റെറ്റിനോൾ ആസിഡും ഏറ്റവും ഫലവത്താണ്. വിറ്റാമിൻ ഇ യുടെ മറ്റൊരു രൂപമാണിത്. ചർമ്മത്തിന് ഏറ്റവും ഫലവത്തായ ഒന്നായാണ് അതിനെ പരിഗണിക്കുന്നത്. ഡാർക്ക് സർക്കിൾസിനെ കുറച്ച് ചർമ്മത്തിന് വേണ്ട തിളക്കവും കാന്തിയും പകരുന്നതിന് ഇത് നല്ലതാണ്. അതുപോലെ ഇറിറ്റേഷനെ കുറയ്ക്കുകയും ചെയ്യും.

ടിപ് ടിപ് മൺസൂൺ ഫാഷൻ!

മഴക്കാലമല്ലേ, പഴയതൊക്കെ പൊടിതട്ടി എടുക്കാം എന്നല്ലെ ഇപ്പോൾ ആലോചിക്കുന്നത്. ആ ആലോചനയൊക്കെ കൊള്ളാം. മഴയിൽ നനഞ്ഞുകുതിർന്ന് നിറമിളകിയ വസ്ത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ ചെരിപ്പുകളും ചെളിയും വെള്ളവുമൊക്കെ ആർക്കും അത്ര സുഖകരമായ അനുഭവമല്ലല്ലോ. പക്ഷേ അതിന്‍റെ പേരിൽ എന്തെങ്കിലുമൊക്കെ ധരിച്ച് പോകാൻ ഇന്നത്തെ തലമുറ തയ്യാറല്ല. മഴ സീസണും ഫാഷനബിൾ ആക്കാൻ എന്തൊക്കെ വഴികളുണ്ട്. മൺസൂൺ സീസണിൽ കംഫർട്ട്ഫീലും സ്മാർട്ട് ലുക്കും നൽകുന്ന ചില ഫാഷൻ വിയറുകൾ പരിചയപ്പെടാം.

ബെൽ സ്ലീവ് ഡ്രസ്: ഫെമിനിൻ, സെക്സി ലുക്ക് നൽകുന്നതാണ് ഇത്തരം സ്റ്റൈൽ. ഷോർട്സ്, റഫ്ഡ് ജീൻസ് എന്നിവയുടെ കൂടെ നന്നായി ഇണങ്ങും. മൺസൂൺ സീസണിൽ സിൽഹൗട്ടുകൾ ഏറ്റവും സുഖകരമായ ക്ലോത്തിംഗ് ആണ്.

ബോഡി കോൺ ഡ്രസ്: ഇത്തരം വസ്ത്രങ്ങൾ പാർട്ടികൾക്കോ രാത്രി വേളകളിലോ ഒക്കെയാണ് സ്ത്രീകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇത്തരം ഔട്ട്ഫിറ്റ് ധരിച്ചിട്ട് ഷർട്ട് അരയിൽ കെട്ടാം. 90 കളിലെ സ്റ്റൈലായി പ്രസന്‍റ് ചെയ്യാം. ഒപ്പം സ്നിക്കേഴ്സ് കൂടി ഉപയോഗിച്ചാൽ മറ്റൊന്നും കൂട്ടിച്ചേർക്കാനില്ല. ഗ്രാഫിക് ബോഡി കോണിനു മുകളിലായി ടീ ഷർട്ടും ധരിക്കാം. ടീ ഷർട്ടിന്‍റെ ഒരു വശം കെട്ടിയിടുന്നതും വ്യത്യസ്തമായ സ്റ്റൈൽ നൽകും.

വൺപീസ് ഷർട്ട് ഡ്രസ്: ഓവർ സൈസ് ഡ്രസ് മൺസൂൺ സമയത്ത് പറ്റുമോ? പലർക്കും തോന്നുന്ന സംശയമാണ്. എന്നാൽ അയഞ്ഞ ഷർട്ട് ഡ്രസുകൾ ആകർഷകത്വവും ഫങ്കി ലുക്കും നൽകും. കോട്ടൺ ഷർട്ടിനൊപ്പം വെള്ള സ്നിക്കേഴ്സ് ധരിക്കാം.

കുലോട്സ്: ഇന്നത്തെ ട്രെന്‍ഡ് ആണ് കുലോട്സ്. കംഫർട്ടബിൾ ആണെന്നു മാത്രമല്ല, പ്രൊഫഷണൽ ലുക്ക് നൽകുകയും ചെയ്യും. ഇത് ധരിച്ച് വളരെ സ്വസ്ഥമായി മീറ്റിംഗുകളിൽ പോലും പോകാം. കുലോട്സിൽ ഒരുപാട് വെറൈറ്റികൾ ലഭ്യമാണ്. ലിനൻ ക്രോപ് ടോപ്പ് ഡെനിം ജാക്കറ്റ് ഇവയ്ക്കൊപ്പം ധരിക്കാം.

ഫ്രിൽഡ്രസ്: 60 കളിൽ ഫ്രിൽ ഡ്രസ്സുകൾ വളരെ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ഈ ഡ്രസ് പാറ്റേൺ ചെറിയ മാറ്റങ്ങളോടെ ഫാഷൻ വിപണിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. പാർട്ടികൾക്കു പോലും അനുയോജ്യമാണ് ഇത്. മഴക്കാലത്ത് നീ ഇൻ ബൂട്ടുകൾക്കൊപ്പം ഈ വസ്‌ത്രം നല്ല കോമ്പിനേഷനായിരിക്കും.

ഗോൾഡ് ഫോയിൽ പ്രിന്‍റ്: മഴ സീസണിൽ കനം കുറഞ്ഞ മെറ്റീരിയലുകൾ ആണ് നല്ലത്. പെസ്റ്റൽ കളറുകളും ആളുകൾക്ക് പ്രിയമായി തോന്നും. പെസ്റ്റൽ കുർത്തിക്കൊപ്പം ഗോൾഡ് ഫോയിൽ പ്രിന്‍റ് ഡ്രസ് നന്നായിട്ടിണങ്ങും. മുഖത്ത് അൽപം ഷിമർ ടച്ച് ചെയ്താൽ സൗന്ദര്യം പതിന്മടങ്ങാവും. മൺസൂൺ സീസണിൽ സുന്ദരിയാവാൻ ഏറ്റവും അനുയോജ്യമായ ഒരു ഔട്ട് ഫിറ്റാണിത്. ചന്ദേരി കോട്ടൻ മെറ്റീരിയലിൽ ഗോൾഡ് ഫോയൽ പ്രിന്‍റ് വളരെ ഭംഗിയായിരിക്കും. ടർക്വായിസ്, ഡസ്റ്റ് പിങ്ക്, ടീൽ ബ്ലൂ, ബ്രൈറ്റ് പിങ്ക് ഈ നിറങ്ങളും തെരഞ്ഞെടുക്കാം.

തിളക്കമുള്ള നിറങ്ങൾ: വാഡ്രോബിൽ ബേസിക് ബ്ലാക്ക് പോലുള്ള നിറങ്ങളാണ് കൂടുതലെങ്കിൽ മഴക്കാലത്ത് ഡ്രസ്സിംഗ് ഡൾ ആയി തോന്നും. മഴക്കാലത്തേക്കായി ഏതാനും കടുംനിറങ്ങൾ സൂക്ഷിച്ചു വയ്‌ക്കാം.

ലെയറിംഗ്: മൺസൂണിലും മഞ്ഞു കാലത്തുമാണ് ലെയേഴ്സ് ധരിക്കാൻ സൗകര്യം. ശരീരത്തിന് ആവശ്യത്തിന് ചൂട് ലഭിക്കും. ലെയേർസ് ഡ്രസിൽ തന്നെ നല്ലൊരു രീതിയാണ് എത്നിക്ക് ക്വിൽറ്റഡ് ജാക്കറ്റ്. ഇതിന്‍റെ നിരവധി മാതൃകകൾ വിപണിയിൽ ലഭിക്കും.

മിക്സ് ആന്‍റ് മാച്ച് പ്രിന്‍റ്: മിക്സ് ആന്‍റ് മാച്ച്, ഒരു വ്യക്‌തിയുടെ ലുക്കിനെ ഹൈലൈറ്റ് ചെയ്യാൻ നല്ല രീതിയാണ്. പല നിറങ്ങളും പ്രിന്‍റുകളും മിക്‌സ് മാച്ച് ചെയ്‌തു ധരിക്കാം. സ്ലീം പാന്‍റ്, ഇൻഡി ടോപ്പിനൊപ്പം ധരിച്ച് കൂടെ എത്നിക്ക് പ്രിന്‍റ് ജാക്കറ്റ് ധരിച്ചു നോക്കൂ.

ഫുട്‍വിയർ: മഴക്കാലത്ത് നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ട ആക്സസറി ഏതെന്ന് ചോദിച്ചാൽ സംശയമില്ല അത് ചെരുപ്പ് തന്നെയാണ്.

ബൂട്ട്: ഫാഷനബിൾ, കംഫർട്ടബിൾ.. മഴക്കാലത്ത് ഇടുന്ന ഫുട്‍വിയറുകളിൽ ബൂട്ടിന്‍റെ പ്രത്യേകത മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളാണ്. മാത്രമല്ല പാദത്തിനു ഫുൾ കവറേജും ലഭിക്കുന്നു.

ഫ്ളിപ് ഫ്ലോപ്പ്: മഴക്കാലത്ത് പുറത്തേക്കിറങ്ങിയാൽ ചെളിയും വെള്ളവും എപ്പോഴും പ്രതീക്ഷിക്കാം. ഈ അവസ്‌ഥയിലുള്ള യാത്രയിൽ ഫ്ളിപ് ഫ്ലോപ്പുകൾ വളരെ അനുയോജ്യമാണ്. കാലുകൾക്ക് ആശ്വാസകരവുമായിരിക്കും. എല്ലാ നിറത്തിലുമുള്ള ഫ്ളിപ് ഫ്ലോപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഡെനിമിനൊപ്പം ഇത് നല്ല സ്റ്റൈലായിരിക്കും.

ഫ്ളോട്ടർ സാൻഡൽ: മഴക്കാലത്ത് വളരെ ഉപകാരപ്രദമാണ് ഫ്ളോട്ടർ സാൻഡൽ. ജീൻസ് സെമിഫോർമൽ വസ്ത്രങ്ങൾക്കൊപ്പം ഇത്തരം സാൻഡൽ മാച്ച് ചെയ്യും.

ക്ലോഗ്: ഈ മൺസൂണിൽ സ്വന്തം പാദങ്ങൾക്ക് ക്ലോഗിന്‍റെ മൃദുത്വം നൽകാം. ഈ സീസണിലെ ഏറ്റവും കൂൾ ഫുട്‍വിയർ ആണ് ക്ലോഗ്. നനവു സംഭവിച്ചാലും അതിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയില്ല.

ലോഫേഴ്സ്: ഈ കാലാവസ്‌ഥയിൽ ഷർട്ടും ഷോർട്സുമാണ് ഏറ്റവും നല്ല കാഷ്വൽ വിയർ. ഇതിനൊപ്പം മാച്ച് ചെയ്യുന്നത് ലോഫേഴ്സ് ആണ്.

ഹീൽ: മഴക്കാലത്തും ഹീൽ ധരിക്കാം. സൂക്ഷിച്ചു നടക്കണം എന്നു മാത്രം. കാലിൽ അഴുക്കാവാതിരിക്കാൻ ഹീൽ ഉപയോഗിക്കുന്നതു നല്ലതാണ്. പിവിസി സോൾ, ജെല്ലി സ്ട്രാപ്സ് ഉള്ള ഹീലുകൾ മഴക്കാലത്ത് പാർട്ടികളിൽ ഉപയോഗിക്കാം.

ഗം ബൂട്ട്: പുറത്തേക്കിറങ്ങുമ്പോൾ നിറയെ വെള്ളം ആണെന്നിരിക്കട്ടെ, ഈ വേളയിൽ ഗം ബൂട്ടുകൾ കാലുകൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം നൽകും. അകത്തേക്ക് വെള്ളം കയറില്ല. അഴുക്ക് തുടച്ചു കളയാനും എളുപ്പമാണ്.

നിന്നെ എന്തു ഞാൻ വിളിക്കൂം, കുടയെന്നോ കൂട്ടെന്നോ

ഇന്നു മഴ പെയ്യുമോ? കുട എടുക്കും മുമ്പ് ഈ ചോദ്യം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തോട് ചോദിക്കേണ്ട കുടയോട് ചോദിച്ചാൽ മതി! കാലാവസ്‌ഥ പ്രവചനം നടത്തുന്ന ഹൈടെക്ക് കുട വരെ എത്തി നിൽക്കുകയാണ് കേരളത്തിലെ കുട വിപണി.

നനഞ്ഞു കുതിർന്ന മഴക്കാലത്തും ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മലയാളിക്ക് കുട ഇല്ലാതെ പറ്റില്ല. മൊബൈൽ ഫോൺ ചങ്ങാതിയാവും മുമ്പേ വന്ന ചങ്ങാതിയാണ് കുട.

പരമ്പരാഗതമായ കറുത്ത നിറമുള്ള കാലൻ കുടയും, ടൂഫോൾഡ് കുടയും കടന്ന്, ബ്ലുടൂത്ത്, വൈഫൈ, സെൽഫിസ്റ്റിക്ക് കുടകളിലേക്ക് കേരളത്തിന്‍റെ കുടക്കമ്പോളം വളർന്നു. മൺസൂൺ കാലത്ത് മാറ്റങ്ങളുടെ പെരുമഴയുമായിട്ടാണ് പല കുടക്കമ്പനികളും എത്തുന്നത്. കയ്യിൽ മൊബൈൽ ഫോൺ അനിവാര്യമായതിനാൽ, മഴക്കാലത്ത് അത് നനയുമെന്ന പേടിയും വേണ്ട. ഫോണുമായി കണക്ട് ആവുന്ന കുട കയ്യിലുണ്ടെങ്കിൽ കുട ചൂടി നടന്ന് ഏതു മഴയേയും വെല്ലുവിളിച്ച് ഇഷ്‌ടം പോലെ ഫോണിൽ സംസാരിക്കാം.

ബ്ലുടൂത്ത്, വൈഫൈ സംവിധാനം ഉള്ള ഫോണുകളാണെങ്കിൽ അത് പോക്കറ്റിലോ ബാഗിലോ കിടക്കട്ടെ കുട നിവർത്തി പാട്ടും കേൾക്കാം, കോൾ അറ്റന്‍റ് ചെയ്യുകയുമാവാം. മൺസൂൺ സീസണിൽ ഇത്തരം കുടയ്ക്കു വേണ്ടി ധാരാളം പേർ വരുന്നുണ്ടെന്നാണ് കുട പുറത്തിറക്കിയ കമ്പനിക്കാർ പറയുന്നത്. രണ്ടു വർഷത്തെ റിസർച്ചിനു ശേഷമാണ് ഇങ്ങനെയൊരു കുട മാർക്കറ്റിൽ കുടക്കമ്പനി അവതരിപ്പിച്ചത്. കൈ നനയാതെ മീൻ പിടിക്കാം എന്നു പറയുമ്പോലെ മഴയാണല്ലോ ഫോൺ നനയുമല്ലോ എന്നൊന്നും ചിന്തിക്കേണ്ട കുടയുണ്ടല്ലോ കൂടെ!

മൂന്ന് യുവതികൾ സെൽഫി എടുക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അവർക്ക് കൃത്യമായ പൊസിഷൻ കിട്ടുന്നില്ല. അടുത്തു കണ്ട യുവാവിനോട് സെൽഫി സ്റ്റിക്ക് ചോദിക്കുമ്പോൾ അയാൾ ഓഫർ ചെയ്തത് ഒരു കുട! കാണുന്നവർക്ക് തോന്നാം, അയാൾക്ക് വട്ടാണെന്ന്. പക്ഷേ ആ കുട കൊണ്ട് പടവും പിടിക്കാം! സാങ്കേതികതയുടെ കാര്യത്തിൽ ഇതു മാത്രമല്ല ഇനിയുമുണ്ട് പലതും കുട വിപണിയിൽ.

അൾട്രാവയലറ്റ് – സിൽവർ കോട്ടിംഗ് ഉള്ള കുടകളാണ് അതിലൊന്ന്. ഇതു ചൂടി ധൈര്യമായി പുറത്തു പോകാം. സൺപ്രൊട്ടക്ഷൻ ക്രീം ഒന്നും വേണ്ട! വാട്ടർ പ്രൂഫ് റിപ്പല്ലന്‍റ്, വിന്‍റ് പ്രൂഫ്, യൂണികോം ഗോൾഡ് പ്ലേറ്റിംഗ്, ഹൈ കാർബൺ സ്റ്റീൽ ഇങ്ങനെ സാങ്കേതികതയുടെ ഏതു പേര് ചൊല്ലി വിളിച്ചാലും കുട ഹാജർ!

കടുത്ത കാറ്റിൽ നടന്നു പോകുമ്പോൾ കുട പണിതരാത്ത വരുണ്ടാകുമോ. അതിങ്ങനെ മേലോട്ട് പൊങ്ങി വളഞ്ഞ് ഒരു ചേമ്പില ചൂടിയ മട്ട്, തിരക്കിനിടയിൽ മനുഷ്യനെ നാണം കെടുത്തിക്കളയും. പക്ഷേ എയ്റോഡൈനാമിക് ടെക്നോളജി കൊണ്ടുണ്ടാക്കിയ കുട ചൂടിയാൽ കൊടുങ്കാറ്റിലും ധൈര്യമായി പോകാം. കാറ്റിൽ പൊങ്ങി പോയാൽ ആളെയും കൂടി ചേർത്ത് ഉയർന്ന് പറന്നാലും കുട മടങ്ങി നനയ്ക്കില്ല.

പണ്ടൊക്കെ മഴക്കാലം എത്തീന്ന് നാട്ടിമ്പുറങ്ങളെ അറിയിച്ചിരുന്നത് തവളകളടെ പേക്രോം ശബ്ദമായിരുന്നു. ഇപ്പോൾ മൺസൂൺ തുടങ്ങും മുമ്പേ ടിവിയിൽ വന്നു തുടങ്ങുന്ന കുടകളുടെ കിടിലൻ പരസ്യങ്ങൾ തന്നെയാണ് മഴക്കാലം ഇങ്ങെത്തി എന്ന് എല്ലാരെയും അറിയിക്കുന്നത്. മഴ എത്തിക്കഴിഞ്ഞാൽ പിന്നെ നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം നിറങ്ങളുടെ കൂടിക്കാഴ്ചകൾ നിറഞ്ഞു നിൽക്കും. ഒരു സ്ക്കൂൾ പരിസരത്തേക്കു ചെന്നാൽ ആ കാഴ്ചയ്ക്ക് പൂർണ്ണത കിട്ടും. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ ഇറങ്ങുന്നത് കുട്ടികളെ ലക്ഷ്യം വച്ചുള്ള കുടകളിലാണ്. അവരെ ലക്ഷ്യം വച്ചാണ് പരസ്യങ്ങളും ഇറങ്ങുന്നത്. ഇവിടെ സ്ക്കൂൾ തുറക്കുന്നത് മഴയിലേക്കാണെന്നതും പ്രത്യേകതയാണ്. അതിനാൽ സ്ക്കൂൾ തുറക്കുമ്പോൾ ഒരു വീട്ടിൽ രണ്ടു കുടയെങ്കിലും വാങ്ങുമെന്നുറപ്പാണ്. ഇങ്ങനെ ചെല്ലുമ്പോൾ വെറുതെ ഒരു കുട ചെന്നു ചോദിച്ചു വാങ്ങുന്ന ശീലമൊക്കെ എന്നേ പോയി. ഇപ്പോൾ ബ്രാന്‍റുകളുടെ പേരു പറഞ്ഞു തന്നെയാണ് ഓരോരുത്തരും വാങ്ങുന്നത്. പത്തോളം പ്രിയ ബ്രാന്‍റുകൾ കേരള മാർക്കറ്റിലുണ്ട്. ഒന്നര കോടിയിലേറെ കുടകളാണ് ഒരു വർഷം കേരളത്തിൽ വിറ്റു പോകുന്ന കുടകളുടെ എണ്ണം.

കുടകൾ ഫാഷൻ സ്റ്റേറ്റ്മെന്‍റായും ഹൈടെക് ഗാഡ്ജെറ്റ് ആയും, വാക്കിംഗ് സ്റ്റിക്കായും കളിപ്പാട്ടമായുമൊക്കെ രൂപാന്തരം സംഭവിച്ചിരിക്കുന്നു. ബാഗും ചെരിപ്പും, വളയുമൊക്കെ വാങ്ങുന്ന അതേ സ്റ്റൈൽ സെൻസാണ് കുടയുടെ നേരെയും ഉള്ളത്. ജനറേഷൻ അനുസരിച്ച് ട്രെന്‍റ് മാറും എന്നു മാത്രമേ വ്യത്യാസമുള്ളൂ. തിരക്കുള്ള ബസിലൊക്കെ മഴയിൽ കയറാനും ഇറങ്ങാനും നിൽക്കുമ്പോൾ പെട്ടെന്ന് നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട തന്നെ വേണം. പ്രശ്നം പരിഗണിച്ചപ്പോൾ ഉടലെടുത്തതാണ് ഒരു ബട്ടൻ അമർത്തിയാൽ നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട. നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട അതിനപ്പുറത്തേക്ക് ഒരുപാട് മാറ്റം കുടകൾ കൊണ്ടു വന്നു. കുട്ടികൾക്ക് കളിപ്പാട്ടം പോലെ ഉപയോഗിക്കാൻ കഴിയുന്ന കുടകൾക്ക് വലിയ വിപണിയുണ്ട്. ഇപ്പോൾ ബ്ലുടൂത്തും വൈഫൈയും സെൽഫി സ്റ്റിക്കും ഒക്കെ ആയതോടെ കുട്ടികൾ സ്ക്കൂളിൽ വരുമ്പോൾ കുട പിടിച്ചു വയ്ക്കേണ്ടി വരുമോ എന്ന പേടി അദ്ധ്യാപകർക്കുണ്ട്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें