വേനലിന് വിട ചൊല്ലി കൊണ്ട് ഒരു മഴക്കാലം കൂടി... വേനൽക്കാലത്തെന്നപോലെ തന്നെ മഴക്കാലത്തും ചർമ്മസൗന്ദര്യത്തിന് മങ്ങലേൽക്കാറുണ്ട്. ഇതിന് പരമപ്രധാനമായ കാരണം മഴക്കാലത്ത് രോഗപ്രതിരോധശേഷി കുറയുന്നതാണ്. മഴക്കാലത്ത് ശരീരത്തിന് ഏൽക്കുന്ന ചെറുതും വലുതുമായ പല അസ്വസ്ഥതകൾക്കും ഇടവരുത്താം. ദഹനക്കേട്, വയറിളക്കം, പനി, ജലദോഷം, ശ്വാസ സംബന്ധമായ അസുഖങ്ങൾ, ആസ്തമ, എക്സിമ, ചൊറിഞ്ഞ് തടിക്കൽ, കുരുക്കൾ അങ്ങനെ ഒരുപിടി പ്രശ്നങ്ങൾ അതിൽ ഉൾപ്പെടും. അതുപോലെ അന്തരീക്ഷ മലനീകരണവും ജല മലനീകരണവും ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു.
പ്രകൃതിദത്തമായ തിളക്കവും മൃദുത്വവും വൃത്തിയുമുള്ള ചർമ്മത്തിന് ചില ടിപ്സുകളിതാ.
ക്ലൻസിംഗ്
കാലാവസ്ഥ ഏതുമായ്ക്കൊള്ളട്ടെ ചർമ്മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പരമപ്രധാനമാണ്. ക്ലൻസിംഗിന് വീര്യം കുറഞ്ഞ നാച്ചുറൽ ചേരുവകൾ അടങ്ങിയ ഫേസ്‍വാഷ് ഉപയോഗിക്കാം. അല്ലെങ്കിൽ ഹോം മെയ്ഡ് പായ്ക്കുകൾ ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യാം. തേനും കടലമാവും ചേർത്ത് ഫേസ്വാഷായി ഉപയോഗിക്കാം. കടലമാവും തൈരും ചേർത്ത് ഫേസ് ക്ലീൻ ചെയ്യാം. അതുപോലെ തൈരും തേനും ചേർത്ത് മുഖത്ത് പുരട്ടി അൽപ്പസമയം കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് വേണം ഫേസ്‍വാഷുകൾ തെരഞ്ഞെടുക്കാൻ. മഴക്കാലത്ത് ചർമ്മം കൂടുതൽ വരളുന്നത് തടയാൻ തേൻ നല്ലൊരു ഉപാധിയാണ്. ഓയിലി സ്കിൻ ക്ലീൻ ചെയ്യുന്നതിന് നാരങ്ങാനീര് ചെറിയ അളവിൽ ഹോം മെയ്ഡ് ഫേസ് വാഷിൽ ചേർത്ത് ഉപയോഗിക്കാം.
ടോണിംഗ്
ഈർപ്പം കലർന്ന അന്തരീക്ഷം ചർമ്മസുഷിരങ്ങളിൽ അഴുക്കും മെഴുക്കും നിറയാൻ കാരണമാകാം. അതിനാൽ ചർമ്മം ഹൈഡ്രേറ്റഡ് ആക്കി ചർമ്മത്തിന് ശ്വസിക്കാൻ സഹായിക്കുകയുമാണ് വേണ്ടത്. ഫ്രീ റാഡിക്കലുകൾ ചർമ്മത്തിനകത്ത് പ്രവേശിക്കുന്നത് ഇത് തടയും. മികച്ച ക്വാളിറ്റിയുള്ള ടോണറിൽ പഞ്ഞിമുക്കി മുഖത്ത് അപ്ലൈ ചെയ്യുക. ഒപ്പം കഴുത്തിലും അപ്ലൈ ചെയ്യാൻ മറക്കരുത്.
ധാരാളം വെള്ളം കുടിക്കുക
ചർമ്മം തിളക്കമുള്ളതാക്കാൻ ധാരാളം വെള്ളം കുടിക്കുകയെന്നുള്ളത പ്രധാനമാണ്. ചർമ്മം ഹൈഡ്രേറ്റഡാക്കാനും മൃദുത്വമുള്ളതാകാനും ഇത് സഹായിക്കും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്തും. വെള്ളം ചർമ്മത്തിന് ഹൈഡ്രേഷൻ പകർന്ന് നൽകുമെന്ന് മാത്രമല്ല ചർമ്മത്തിനാവശ്യമായ സ്നിഗ്ദ്ധത നൽകും. ഒപ്പം ടോക്സിനുകളെ പുറന്തള്ളും. ചർമ്മം മുഴുവൻ ദിവസവും ഫ്രഷായിരിക്കുകയും ചെയ്യും.
എക്സ്ഫോളിയേഷൻ
മഴക്കാലത്ത് അത്യാവശ്യമായും ചെയ്‌തിരിക്കേണ്ട ഒന്നാണ് എക്സ്ഫോളിയേഷൻ. ആഴ്ചയിൽ ഒരു തവണ ഉയർന്ന ഗുണനിലവാരമുള്ള എക്സ് ഫോളിയേറ്റിംഗ് സ്ക്രബ്ബ് ഉപയോഗിക്കാം.
ചർമ്മത്തിലെ എക്സസ് ഓയിലിനേയും മൃതചർമ്മത്തേയും അഴുക്കിനേയും ഇത് നീക്കം ചെയ്യും. ഹോം മെയ്ഡ് സ്ക്രബ്ബ് ഉപയോഗിച്ചും സ്കിൻ ക്ലീൻ ചെയ്യാം. ഒരു സ്പൂൺ കോഫി പൗഡറിൽ തൈര് ചേർത്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. അല്ലെങ്കിൽ കോഫി പൗഡറിൽ പഞ്ചസാര പൊടിച്ച് ചേർത്ത് പാൽ അല്ലെങ്കിൽ തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. തേനും പഞ്ചസാര പൊടിച്ചതും അൽപ്പം നാരങ്ങാനീരും ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം. അരിപ്പൊടിയിൽ അൽപ്പം തേൻ, പഞ്ചസാര പൗഡർ, പാൽ അല്ലെങ്കിൽ തൈര് ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം.