പകൽക്കിനാവ്

കുറ്റം ചെയ്‌തവനെപ്പോലെ മോനായി പൂജയുടെ മുന്നിൽ പരുങ്ങി. “നീ എന്നും ചെയ്യുന്ന തെറ്റ് ഇന്നും ആവർത്തിച്ചു. എന്നു നന്നാവും ഇനി!”

പൂജ അവനെ കണക്കിന് ശകാരിച്ചു.

“അത്….” മോനായി എന്തോ പറയാനാഞ്ഞു.

“നാവടക്ക്, എനിക്കെല്ലാം മനസ്സിലായി. നീ ആ കറവക്കാരന്‍റെ അടുത്തു നിന്നല്ലേ വരുന്നത്? നിന്‍റെ കണ്മുന്നിൽ വച്ച് അവൻ പാലിൽ വെള്ളം ചേർക്കുന്നത് ഇന്നും നീ മിണ്ടാതെ കണ്ടു നിന്നു.”

“പക്ഷേ ഞാനിന്ന് പാൽ വാങ്ങാൻ പോയില്ല. കറവക്കാരൻ നേരിട്ട് പാലെത്തിക്കുകയായിരുന്നു. ചേച്ചി വെറുതെ ദേഷ്യപ്പെടുന്നതെന്തിനാ?” മോനായി തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു.

“വാചകമടിക്കാതെ പോയി ജോലി നോക്ക്.” പൂജ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ വേലക്കാരി പ്രസരിപ്പോടെ ജോലി ചെയ്യുന്നുണ്ട്. പൂജ അവളെ ചുഴിഞ്ഞൊന്നു നോക്കി.

“നീ ഇന്നലെ എല്ലാ വീട്ടിലും പോയി ഇങ്ങോട്ടു മാത്രം വന്നില്ല. എന്താ കാരണം.”

“അയ്യോ ചേച്ചി, ഇന്നലെ എനിക്ക് സുഖമില്ലായിരുന്നു. ഞാനൊരു വീട്ടിലും ജോലിയ്‌ക്കു പോയില്ല.” അവൾ പരിഭ്രമത്തോടെ പറഞ്ഞു.

“നുണ പറയല്ലേ നാരായണി, നീ ഇന്നലെ സർദാർജിയുടെയും ബംഗാളി ബാബുവിന്‍റെയും വീട്ടിൽ പോയെന്ന് എനിക്കറിയാം. എന്‍റെ വീട്ടിൽ മാത്രം വരാതിരുന്നതെന്താണെന്നാണ് ചോദിച്ചത്.” പൂജയ്‌ക്ക് ദേഷ്യം അടക്കാനായില്ല.

നാരായണിക്ക് ചിലത് പറയണമെന്നുണ്ടായിരുന്നു. എന്നാൽ പൂജയ്‌ക്ക് മുന്നിൽ ധൈര്യം നഷ്‌ടപ്പെട്ടു.

രാവിലെ ഭക്ഷണത്തിനിരിക്കുമ്പോൾ രാജൻ പൂജയെ ഉപദേശിക്കാൻ ശ്രമിച്ചു.

“നോക്കൂ പൂജ, നീ മനസ്സിലൊരു കാര്യം ഉറപ്പിക്കും. പിന്നെ അതു സത്യമാണെന്ന് കരുതി ബഹളം വയ്‌ക്കാൻ തുടങ്ങും. മോനായി പാലിൽ വെള്ളം ചേർത്തു, നാരായണി പറയാതെ അവധിയെടുത്തു ഇങ്ങനെ പോകും… ഇതൊക്കെ എന്നുമുള്ള കാര്യങ്ങളല്ലേ. നീ അൽപം പോസിറ്റീവായി ചിന്തിക്കൂ.”

“പറഞ്ഞു കഴിഞ്ഞോ?” വൈകിട്ട് സമയത്തെത്തുമോ അതോ സെക്രട്ടറിയുടെ അടുത്ത് സൊറ പറഞ്ഞിരിക്കുമോ? രാഹുലിന്‍റെ ജന്മദിനം അടുത്തു. അവന് സമ്മാനമെന്തെങ്കിലും വാങ്ങണം.” പൂജ ഓർമ്മിപ്പിച്ചു.  “ഹാ, പറഞ്ഞപോലെ എവിടെ നിന്‍റെ പുന്നാര അനുജൻ? ഒരു ഉത്തരവാദിത്തമില്ലാത്തവൻ, ജീവിതത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ല. അവന്‍റെ ഭാവി എന്താകുമോ?”

“നിങ്ങൾ കൂടുതലൊന്നും പറയണ്ട. രാഹുൽ നന്നായി പരിശ്രമിക്കുന്നുണ്ട്. അവന് നല്ലൊരു ഭാവി ഉണ്ടാകും. അവനെ ഞാൻ അത്രയേറെ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ കാര്യത്തിൽ എനിക്കൊട്ടും സംശയമില്ല.” ഭർത്താവിന്‍റെ വാക്കുകൾക്ക് വിരാമമിട്ട് പൂജ പറഞ്ഞു.

“രാഹുൽ വല്ല പ്രേമത്തിലും പെട്ട് സമയം കളയുകയാണോയെന്ന് എനിക്ക് സംശയമില്ലാതില്ല.” രാജൻ സന്ദേഹിച്ചു.

“ഒരിക്കലുമില്ല, ഞാൻ പറഞ്ഞില്ലേ അവന്‍റെ കാര്യമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ടെങ്കിൽ എനിക്കതു മനസ്സിലാകും. ഈ വക കാര്യങ്ങൾ എനിക്ക് പെട്ടെന്ന് പിടികിട്ടും” പൂജ ഉറപ്പിച്ചു പറഞ്ഞു.

“അതെ അതിനെന്താ സംശയം?” ചേച്ചിയുടെ മുത്തച്‌ഛന്‍റെ മുത്തച്‌ഛനല്ലേ ഇന്നാട്ടിൽ ആദ്യം ബി.എ. ബിരുദം നേടിയ മഹാൻ. ആ പരമ്പരയിലെ

കണ്ണിയല്ലേ ചേച്ചി.” രാഹുൽ ചിരിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു സമീപമിരുന്നു.

“അതിലൊരു സംശയവും വേണ്ട. എന്‍റെ തോന്നൽ ഒരിക്കലും തെറ്റാറില്ല. നീ എനിക്ക് കോംപ്ലിമെന്‍റ് തന്നതോ, പരിഹസിച്ചതോ”? പൂജ പുരികമുയർത്തി.

“ഇല്ല ചേച്ചി, ഞാനെന്തിനാ ചേച്ചിയെ കളിയാക്കുന്നത്. ആ തോന്നലുകളൊന്നും തെറ്റാറില്ലെന്ന് എനിക്കറിയാം. ഇവിടെ ഇരുന്നാലും ചേച്ചിയ്‌ക്ക് എല്ലാം മനസ്സിലാകും. ചേട്ടൻ വൈകിട്ട് ഓഫീസ് കഴിഞ്ഞാൽ…”

“എടാ രാഹുൽ…..!” രാജൻ ഇടയ്‌ക്കു കയറി പറഞ്ഞു.

“നീ എന്‍റെ ഈ ദിവസം കുളമാക്കാനുള്ള ശ്രമത്തിലാണോ?”

“നിങ്ങളുടെ കള്ളത്തരങ്ങൾ രാഹുലും വെളിപ്പെടുത്തും” പൂജ മേശ വൃത്തിയാക്കിക്കൊണ്ട് പറഞ്ഞു.

അഞ്‌ജലി, നീ ചേട്ടന്‍റെ സെക്രട്ടറിയാണ്. പക്ഷേ നിങ്ങളിരുവരും മുഴുവൻ സമയവും കളി ചിരിയിലാണെന്നാ ഏടത്തിയമ്മയുടെ വിചാരം.” രാഹുൽ അഞ്‌ജലിയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.

“ഹൊ! നിങ്ങളുടെ ഏടത്തിയമ്മ…” അഞ്‌ജലി എന്തോ പറയാൻ വെമ്പി.

“ചേച്ചിയുടെ മനസ്സ് ശുദ്ധമാണ്. എത്ര സ്‌നേഹത്തോടെയാണ് ചേച്ചി എന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്നോ? പക്ഷേ അവർക്ക് എല്ലാറ്റിനേയും സംശയമാണ്. താൻ വളരെ ബുദ്ധമതിയാണെന്നും തന്‍റെ കണ്ണുകളെ വെട്ടിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ചേച്ചിയുടെ വിചാരം. ആ സ്വഭാവം ഞങ്ങൾക്ക് വളരെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്” രാഹുൽ പറഞ്ഞു.

“കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ അടുപ്പത്തിലായിട്ട്. അവരുടെ കണ്ണുകൾ ഇത് കണ്ടുപിടിച്ചില്ലല്ലോ?” അഞ്‌ജലി രാഹുലിനെ കള്ളക്കണ്ണിട്ടു നോക്കി ചിരിച്ചു.

“നമ്മുടെ കല്യാണത്തിന്‍റെ ഗതിയെന്താകുമോ? ചേച്ചി സമ്മതിക്കാൻ വഴിയില്ല. അവരുടെ സമ്മതമില്ലാതെ രാഹുൽ എന്നെ വിവാഹം കഴിക്കുകയുമില്ല.”

“ചേച്ചിയുടെ സമ്മതം നേടിയെടുക്കാൻ ഞാനൊരു തന്ത്രം കണ്ടു വച്ചിട്ടുണ്ട്. ചേച്ചിയുടെ സംശയരോഗവും മാറ്റിയെടുക്കണം. ചേച്ചിയുടെ മനസ്സ് മെഴുകു പോലെയാണ്. നീ അൽപം അഭിനയിച്ചാൽ ആ മെഴുക് ഉരുകും. കാര്യങ്ങളൊക്കെ ഞാൻ വിശദമായി പറയാം…..”

“എനിക്കൊന്നും മനസ്സിലാവുന്നില്ല. രാഹുൽ, വളച്ചുകെട്ടില്ലാതെ നീ കാര്യം പറയൂ…” പൂജ അക്ഷമയായി.

“എനിക്ക്  പറയാൻ മടിയുണ്ട്. ചേച്ചി, ചേട്ടന്‍റെ സെക്രട്ടറിയുണ്ടല്ലേ, എന്താ അവളുടെ പേര്….” രാഹുൽ ഉരുണ്ടു കളിച്ചു.

“അഞ്‌ജലി …” പൂജ വേഗം പറഞ്ഞു.

“അഞ്‌ജലി കാണാനെങ്ങനെ? സുന്ദരിയാണോ?”രാഹുൽ നിഷ്കളങ്കനെപ്പോലെ ചോദിച്ചു.

“ഹാ കൊള്ളാം, പത്തൊമ്പതു വയസ്സുണ്ടായിരിക്കും. ഒരു പാർട്ടിയിൽ വച്ച് ഒരിക്കൽ ഞാനവളെ കണ്ടിട്ടുണ്ട്.”

“പത്തൊമ്പതല്ല, ഇനി പതിനാറുകാരിയായാലും പറയാതിരിക്കാൻ പറ്റ്വേ… ചേട്ടനെന്തിനാ അവളുടെ കൂടെ ലൗ സ്‌റ്റോറി കാണാൻ പോകുന്നേ?”

ചേച്ചിയെ ശുണ്ഠിപിടിക്കാൻ  ഇത്രയും മതി.

”എന്താ? നീ എന്താ പറയുന്നത്?”

“പാരഡൈസ് തിയേറ്ററിൽ ഇന്ന് വൈകിട്ട് രണ്ടു പേരും….” രാഹുൽ പകുതിയിൽ നിർത്തി.

“അങ്ങനെയൊന്നുമുണ്ടാകില്ല” പൂജ ശബ്‌ദമുയർത്തി.

“ചേട്ടൻ അവളുടെ പിന്നാലെയാണോ അതോ അവൾ ചേട്ടന്‍റെ പിന്നാലെയോ?” രാഹുൽ പൂജയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.

“നീ കാര്യമറിയാതെ അസംബന്ധം വിളമ്പണ്ട.” പൂജ അസ്വസ്‌ഥയായി. ചേച്ചിയുടെ മുഖഭാവം രാഹുൽ ശ്രദ്ധിച്ചു. ആ മുഖം കറുത്തിരുണ്ടിരിക്കുന്നു.

“ഞാനെന്തു ചെയ്യും, രാത്രി ഏതോ സെമിനാറിനു പോകണമെന്നാ പറഞ്ഞത്. വരാൻ വൈകുമത്രേ…”

“സെമിനാർ, ഡെലിഗേഷൻ, മീറ്റിംഗ് എന്നൊക്കെ പറഞ്ഞ് വൈകിട്ട് ഭർത്താവ് വരാൻ വൈകുന്നത് പതിവായാൽ ഭാര്യ മനസ്സിലാക്കണം. ഭർത്താവ് കൈവിട്ടുപോവുകയാണെന്ന്.”

“ഒരു പക്ഷേ നീ പറഞ്ഞത് ശരിയായിരിക്കും. എന്നാലെന്തു ചെയ്യുമെന്നു കൂടി പറയ്.”

“ഒരു വഴിയുണ്ട്. ചേട്ടനും അഞ്‌ജലിയെക്കുറിച്ച് കമ്പനിയുടെ എംഡിയോട് പറഞ്ഞാലോ? ജീവിതത്തിൽ എന്‍റെ കൂടെയല്ലാതെ മറ്റാർക്കുമൊപ്പം അവൾ സിനിമയ്‌ക്ക് പോകരുതെന്ന് താക്കീതും കൊടുക്കണം. എന്‍റെ എന്നു വച്ചാൽ സ്വന്തം ഭർത്താവിന്‍റെ.” രാഹുൽ പെട്ടെന്ന് തിരുത്തി.

“ശരി, ഇന്നു തന്നെ അവളെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്” പൂജ പറഞ്ഞു.

“എന്തിനാ നീട്ടി വയ്‌ക്കുന്നത്? ഇപ്പോൾ തന്നെ വിളിക്കൂ ചേച്ചി.” രാഹുൽ നമ്പർ ഡയൽ ചെയ്‌ത് പൂജയ്‌ക്ക് കൊടുത്തു.

പൂജ കോപത്തോടെ സംസാരിക്കാൻ തുടങ്ങി. അങ്ങേത്തലയ്‌ക്കൽ പ്യൂൺ മണിയാണ്. ഡയറക്‌ടർ എന്ന വ്യാജേന മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടാണ് മണി സംസാരിക്കുന്നത്. എല്ലാം രാഹുലിന്‍റെ തന്ത്രം.

“താങ്കളുടെ ഓഫീസിലെ സ്‌റ്റാഫ് അഞ്‌ജലി എന്‍റെ ഭർത്താവിന്‍റെ പിന്നാലെയാണ്. അവരിരുവരും ഇന്ന് പാരഡൈസിൽ ലവ് സ്‌റ്റോറി കാണാൻ പോകുകയാണത്രേ. താങ്കൾ ഇത് തടയണം. അല്ലെങ്കിൽ ഞാൻ കടുംകൈ ചെയ്യാനും മടിക്കില്ല.” പൂജ എന്തൊക്കെയോ പറയാൻ തുടങ്ങി.

മറുവശത്ത് മണി കൃത്രിമ ഗൗരവത്തോടെ പൂജയോട് പറയാൻ തുടങ്ങി.

“അപ്പോൾ അങ്ങനെയാണ് കാര്യം. മാഡം ടെൻഷനടിക്കേണ്ട. ഇന്നു തന്നെ ഞാനത് ചെയ്യുന്നുണ്ട്. അതെന്നു വച്ചാൽ..” മണിക്ക് പെട്ടെന്ന് വാക്ക് ഓർമ്മ വന്നില്ല.

“ഹാ ഡിസ്‌മിസ്. ഡിസ്‌മിസ് ചെയ്യും. ഞാൻ ഇന്നു തന്നെ വൈകിട്ട് ചായ കൊടുത്തതിനു ശേഷമാകട്ടെ.”

പൂജയ്‌ക്ക് സന്തോഷമായി.

“എന്തായാലും കാര്യമേറ്റിട്ടുണ്ട്. പക്ഷേ ആ കമ്പനിയുടെ ഉടമസ്‌ഥൻ എനിക്ക് ഭ്രാന്താണെന്നു കരുതുമോ?”

“ചേച്ചി പറഞ്ഞതും നേരാ, എല്ലാവർക്കും ഭ്രാന്ത് തന്നെ. ചേട്ടന് അഞ്‌ജലിയോടുള്ള സ്‌നേഹത്തിൽ ഭ്രാന്ത്, അഞ്‌ജലി ചേട്ടന്‍റെ പിന്നാലെ.” രാഹുൽ തത്വചിന്തകനെപ്പോലെ സംസാരിച്ചു.

രാത്രിയിൽ രാജൻ ഓഫീസ് വിട്ടു വീട്ടിലെത്തി. വന്നയുടൻ സോഫയിൽ ചിന്താമഗ്നനായി കിടപ്പായി. കാര്യം അവതരിപ്പിക്കാൻ പറ്റിയ അവസരമിതാണെന്ന് പൂജയ്‌ക്ക് തോന്നി.

“എന്തു സംഭവിച്ചു? കാര്യമായ പ്രശ്നത്തിലാണെന്നു തോന്നുന്നു?” പൂജ രാജനോട് ചോദിച്ചു.

“കുറച്ച് പ്രശ്നമുണ്ട്. എന്‍റെ സെക്രട്ടറി ആത്മഹത്യ….” രാജൻ അർദ്ധോക്‌തിയിൽ നിർത്തി.

“എന്ത്?” പൂജ ഞെട്ടി.

”ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അവൾക്കെതിരെ ആരോ കമ്പനി  ഡയറക്‌ടർക്ക് പരാതി നൽകി. അവൾ ഏറ്റവും ബഹുമാനിക്കുന്ന ആളുമായി ബന്ധപ്പെടുത്തിയാണ് പരാതി. എനിക്കതേക്കുറിച്ച് ആലോചിക്കുമ്പോഴേ അറപ്പ് തോന്നുന്നു. എന്നെ ചേർത്താണ് അവൾക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്…”

“പക്ഷേ, നിങ്ങൾ അവളുടെ കൂടെ….” പൂജയ്‌ക്ക് മുഴുമിപ്പിക്കാനായില്ല.

“ഒരു സുഹൃത്തിനെപ്പോലെ ഞാനവളോട് സംസാരിക്കാറുണ്ട്. അവൾക്ക് എന്നോട് വലിയ ആദരവാണ്. അഞ്‌ജലിയോട് എനിക്ക് സ്‌നേഹമുണ്ട്. രാഹുലിന്‍റെ ഭാര്യയായി വരുന്ന പെൺകുട്ടിയെ സ്‌നേഹിക്കുന്നതു പോലെ. എന്‍റെ അനുജത്തിയെപ്പോലെ… പക്ഷേ ലോകത്തിന്‍റെ അഴുക്കു നിറഞ്ഞ കണ്ണുകളിൽ ഞങ്ങൾ… എന്തിനേറെ, നിന്‍റെ ദൃഷ്‌ടിയിലും അങ്ങനെയേ തോന്നൂ. ചീത്ത പെൺകുട്ടിയാണെന്ന് സമൂഹം കരുതും. അവളില്ലാതായാലെങ്കിലും നിങ്ങളുടെയൊക്കെ സംശയം അകലുമല്ലോ…” രാജൻ പറഞ്ഞുകൊണ്ടിരുന്നു.

പിറ്റേന്നായപ്പോഴേയ്‌ക്കും പൂജയ്‌ക്ക് മനസ്സിലെ സംഘർഷം നിയന്ത്രിക്കാനായില്ല. രാഹുലിനെ കാണുന്നുമില്ല. അവളുടെ കണ്ണുകൾ ഉമ്മറപ്പടിയിൽ തന്നെയായിരുന്നു. രാഹുലിനെ ഇനി പ്രതീക്ഷിച്ചിട്ടും കാര്യമില്ല, അവൾ രാജന്‍റെ ഡയറി പരിശോധിച്ചു. ഭാഗ്യം, അഞ്‌ജലിയുടെ വിലാസമുണ്ട്. പൂജ ഉടനെ ടാക്‌സി വിളിച്ച് അഞ്‌ജലിയുടെ വീട്ടിലെത്തി.

“നീയെന്തിനാ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്?” അഞ്‌ജലിയെ കണ്ടയുടൻ പൂജ ആകാംക്ഷാഭരിതയായി.

“ചേച്ചി, ഞാൻ അങ്ങനെതന്നെ വിളിക്കട്ടെ.” അഞ്‌ജലി മടിച്ച് മടിച്ച് സംസാരിക്കാൻ തുടങ്ങി.

“എനിക്ക് രാജൻ സാറിനെ എത്ര ബഹുമാനമാണെന്നറിയാമോ! പക്ഷേ, ആരോ എന്നെക്കുറിച്ച് അപവാദം പറഞ്ഞിരിക്കുന്നു. അതും അദ്ദേഹത്തെ ചേർത്ത്.” അഞ്‌ജലി വിതുമ്പിക്കരഞ്ഞു.

“അതൊക്കെ മറന്നേക്കൂ അഞ്‌ജലി” പൂജ അവളെ സാന്ത്വനിപ്പിച്ചു.

“ഞാനെങ്ങനെ മറക്കും, ചേച്ചി. ഞാനിനി എങ്ങനെ ജീവിക്കും? എല്ലാം നഷ്‌ടപ്പെട്ടു. ഡോക്‌ടർമാർ എന്നെ എന്തിനാണ് രക്ഷിച്ചത്. എന്‍റെ ജോലി…” അഞ്‌ജലി വീണ്ടും കരയാൻ തുടങ്ങി.

“അഞ്‌ജലി, നിനക്ക് മറ്റൊരു ജോലി കിട്ടും. എല്ലാം ഞാൻ ശരിയാക്കിത്തരാം. രാജന് നല്ല പിടിപാടുണ്ട്. ഒന്നുമല്ലെങ്കിൽ കമ്പനി എംഡിയോട് സംസാരിക്കാൻ അദ്ദേഹത്തോടു പറയാം.”

“ഇല്ല ചേച്ചി, ഓഫീസിൽ ഞാൻ ഒത്തിരി അപമാനിക്കപ്പെട്ടിരിക്കുന്നു. ജോലി ചിലപ്പോൾ ചേച്ചിക്ക് ശരിയാക്കിത്തരാനാകും. പക്ഷേ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണകൾ തിരുത്തപ്പെടുമോ? അപമാനത്തിന്‍റെ കരിനിഴലിൽ ഏകാകിയായി ഞാനീ ജീവിതം തള്ളിനീക്കേണ്ടി വരും.” അഞ്‌ജലി സങ്കടത്തോടെ പറഞ്ഞു.

“അഞ്‌ജലി, നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.”

“എന്‍റെ വിവാഹ നിശ്ചയം മുടങ്ങി. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവർ ഈ ബന്ധം വേണ്ടെന്നു വച്ചു.”

“അഞ്‌ജലിയെന്തിനാ വിഷമിക്കുന്നത്. നീ ചെറുപ്പമാണ്. സുന്ദരിയാണ്. ആർക്കും നിന്നെ ഇഷ്‌ടമാകും. മറ്റൊരു വിവാഹത്തിന് ഇതൊന്നും തടസ്സമാകില്ല.” പൂജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ചേച്ചിയുടെ കാഴ്‌ചപ്പാട് അതാകാം, പക്ഷേ എന്‍റെ കൈ പിടിക്കാൻ ആരു വരും? ഒരിക്കൽ വിവാഹം മുടങ്ങിയാൽ അതിന്‍റെ അപകീർത്തി ജീവിതം മുഴുവനുണ്ടാകും.”

“അങ്ങനെയൊന്നുമില്ല അഞ്‌ജലി.”

“അതേ ചേച്ചി, ഞാനൊന്നു ചോദിക്കട്ടെ, ചേച്ചിക്കൊരു സഹോദരനോ, ഭർതൃസഹോദരനോ ഉണ്ടെങ്കിൽ എന്നെപ്പോലൊരു പെൺകുട്ടിയുമായുള്ള ബന്ധത്തിനു സമ്മതിക്കുമോ? ഒരിക്കലുമില്ല. പറയാനെളുപ്പമാണ്.”

“എല്ലാം ശരിയാവും.” പൂജ എന്തോ നിശ്ചയിച്ച പോലെ പറഞ്ഞു.

ചേച്ചി എന്തൊക്കെയാ പറയുന്നത്? ഞാൻ അഞ്‌ജലിയെ വിവാഹം കഴിക്കണമെന്നോ? ഞാനിപ്പോൾ വിവാഹത്തിന് തയ്യാറല്ല.” രാഹുൽ വിവാഹത്തിന് പരിഭവം കാണിച്ചു.

“അഞ്‌ജലി നല്ല കുട്ടിയാണ് രാഹുൽ, നീയെന്നും ആഹ്ലാദത്തോടെ ജീവിക്കും.”

“ചേച്ചി, എനിക്ക് മറ്റു കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ. വിവാഹത്തിന് സമയമാകുമ്പോൾ ഞാൻ പെൺകുട്ടിയെ കണ്ടുപിടിച്ചോളാം. എനിക്കിഷ്‌ടപ്പെട്ട പെൺകുട്ടിക്കൊപ്പം ജീവിതമാരംഭിക്കാമല്ലോ?” രാഹുൽ പറഞ്ഞു.

“ശരി, പക്ഷേ അഞ്‌ജലിയെപ്പോലെ നല്ല പെൺകുട്ടിയെ നിനക്ക് വേറെ കിട്ടില്ല.”

“ഇന്നലെ വരെ ചേച്ചി ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്. പെട്ടെന്ന് എന്താ സംഭവിച്ചത്?” ഒന്നുമറിയാത്തവനെപ്പോലെ രാഹുൽ പെരുമാറി.

“ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്. തീർത്തും  ആകസ്‌മികമാകും. നീ ഞാൻ  പറയുന്നത് അനുസരിക്കണം.” പൂജ തന്‍റെ തീരുമാനത്തിലുറച്ചു നിന്നു.

“ശരി, ഞാനൊന്നാലോചിക്കട്ടെ,

നാളെ രാവിലെ ഞാൻ മറുപടി നൽകാം. ചേച്ചി അഞ്‌ജലിയോട് വീട്ടിൽ വരാൻ പറയണം.” രാഹുൽ അറിയിച്ചു.

പിറ്റേന്നു രാവിലെ ഓഫീസിലെ പ്യൂൺ മണിയെ അവിചാരിതമായി വീട്ടിൽ കണ്ടപ്പോൾ രാഹുൽ പകച്ചു പോയി.

“നീയെന്താ ഇവിടെ? ചേട്ടൻ ഓഫീസിൽ പോയല്ലോ?”

“അറിയാം സാർ, രാജൻ സാർ മറന്നു പോയ ചില പേപ്പറുകൾ എടുക്കാൻ എന്നെ അയച്ചതാണ്” മണി പറഞ്ഞു.

“നീ കുഴപ്പമൊന്നുമുണ്ടാക്കരുത് കേട്ടോ?” രാഹുൽ ആശങ്കയോടെ ഓർമ്മിപ്പിച്ചു.

“ഇല്ല, അഭിനയിക്കാൻ എനിക്കു നല്ല വശമാണ്.” മണി രാഹുലിനെ സമാശ്വസിപ്പിച്ചു. മുൻ നിശ്ചയമനുസരിച്ച് അഞ്‌ജലി പിറ്റേദിവസം രാഹുലിന്‍റെ വീട്ടിലെത്തി. അവൻ രാവിലെ മുതൽ അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പൂജ ഇരുവരേയും ഡൈനിംഗ് ടേബിളിനു സമീപത്തേക്ക് വിളിച്ചിരുത്തി.

“എന്താ ചേച്ചി? എന്തോ വിഷമം പോലെ” അഞ്‌ജലി പരിഭ്രമത്തോടെ ചോദിച്ചു.

“കാര്യങ്ങളൊക്കെ അങ്ങനെയാണ് അഞ്‌ജലി, നീ എന്നോട് ക്ഷമിക്കണം. നിന്നെ ഞാൻ തെറ്റിദ്ധരിച്ചു. കമ്പനിയുടെ എംഡിയോട് നിന്നെക്കുറിച്ച് അപവാദം പറഞ്ഞത് ഞാനാണ്” പൂജ പറഞ്ഞു.

“എന്ത്?” അഞ്‌ജലി ഞെട്ടൽ അഭിനയിച്ചു.

“സാരമില്ല ചേച്ചി, പ്രശ്നം പരിഹരിക്കാമെന്ന് ചേച്ചി പറഞ്ഞല്ലോ.”

“എനിക്ക് അതിനും കഴിയുന്നില്ല, രാഹുലിന് ഇഷ്‌ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുന്നത് വലിയ തെറ്റല്ലേ? ഇന്ന് ഞാൻ അഞ്‌ജലിയുടെ ജീവിതം നശിപ്പിച്ചു. ഇനി രാഹുലിന്‍റെ ഭാവി കൂടി ഇല്ലാതാക്കണോ?” പൂജ പറഞ്ഞു.

“അങ്ങനെ കരുതേണ്ട ചേച്ചി!” രാഹുലിന് എന്തൊക്കെയൊ പറയണമെന്ന് തോന്നി.

“അതേ, നീ എന്‍റെ ആവശ്യം അംഗീകരിക്കേണ്ട, ഞാൻ എന്‍റെ വാക്ക് പിൻവലിക്കുകയാണ്. രാഹുൽ, നിനക്ക് വലിയ ഭാവിയുണ്ട്. എന്‍റെ ഇടപെടലിൽ അതിന് തടസ്സമുണ്ടാകേണ്ട. അഞ്‌ജലി എന്നോട് ക്ഷമിക്കുക. നിനക്ക് ഒരു നല്ല ഭർത്താവിനെ താമസിയാതെ കിട്ടും. നീ ഇപ്പോൾ നാട്ടിലേക്കു പോകൂ” പൂജ പറഞ്ഞു.

“പക്ഷേ ചേച്ചി, സത്യമതാണ്…” കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞുവെന്ന് രാഹുലിന് ബോധ്യമായി. അവന് തുടർന്നു ഒന്നും പറയാനായില്ല.

“എന്തു പറ്റി അനിയാ, നിനക്ക് ഇഷ്‌ടമുള്ള കാര്യമല്ലേ ഞാൻ ചെയ്‌തത്? അതോ…”

“ചേച്ചി ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഞാൻ ഏറെ ആലോചിച്ചു. ചേച്ചിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ഉറപ്പിക്കുകയും ചെയ്‌തു. അഞ്‌ജലിയുമായുള്ള വിവാഹത്തിന് ഞാൻ ഒരുക്കമാണ്. അവളുടെ ജീവിതം തകർന്നാൽ ചേച്ചിയാവും അതിനുത്തരവാദി. ആ വിഷമം ചേച്ചിക്കെന്നുമുണ്ടാകും.” രാഹുൽ വെപ്രാളമൊതുക്കിക്കൊണ്ട് പറഞ്ഞു.

“മിണ്ടാതിരിക്ക്, നിങ്ങളെല്ലാവരും കൂടി എന്നെ വിഡ്‌ഢിയാക്കാൻ ശ്രമിച്ചു. രണ്ടു വർഷമായി തുടങ്ങിയിട്ട്. എനിക്കൊരു സൂചനയും തരാതെ” പൂജ രാഹുലിനെ പരിഹസിച്ചു.

രാഹുൽ ശരിക്കും വിളറി.

“അപ്പോൾ ചേച്ചിയെല്ലാം അറിഞ്ഞു.”

“അതേ, മണി എന്നോട് എല്ലാം പറഞ്ഞു. ചേച്ചിയുടെ അരുമ അനിയനായി വളർന്നു. എന്നിട്ടാണിതെല്ലാം. ചേട്ടനിങ്ങ് വരട്ടെ.”

“പക്ഷേ ചേച്ചി, ആ സിക്‌ത് സെൻസ് എവിടെപ്പോയി? ഇവിടെയിരുന്ന് എല്ലാം മനസ്സിലാക്കുന്ന ആൾക്ക് ഇപ്രാവശ്യമെന്തു പറ്റി? ഒന്നുമില്ലെങ്കിൽ ചേച്ചിയുടെ മുത്തച്‌ഛന്‍റെ മുത്തച്‌ഛൻ ബി.എ. നേടിയ ആദ്യ ഇന്ത്യാക്കാരനായിരുന്നില്ലേ?” രാഹുലും തിരിച്ചടിച്ചു.

“നാവടക്കൂ, കെട്ടാൻ പോകുന്ന പെണ്ണിന്‍റെ മുമ്പിൽ വീട്ടിലെ കാര്യങ്ങൾ വിളമ്പാൻ നാണമില്ലേ? കല്യാണം കഴിയട്ടെ. രണ്ടിനേയും ഞാൻ നേർവഴിയ്‌ക്കു നടത്താം. ആർക്കും ഒരമളിയൊക്കെ പറ്റും. എങ്കിലും എന്‍റെ തോന്നലും സിക്‌ത് സെൻസും മറ്റുള്ളവരേക്കാൾ ഭേദമാണ്.”

അപ്പോഴാണ് പച്ചക്കറി കിറ്റുമായി മോനായിയുടെ വരവ്. “150 രൂപയ്‌ക്കും വാങ്ങി. കുറവുമില്ല, കൂടുതലുമില്ല” മോനായി പറഞ്ഞു.

“കൂടുതലും കുറവുമൊക്കെ അവിടെയിരിക്കട്ടെ, ഈ പച്ചക്കറി വാടിയതാണ്. രാത്രി മടങ്ങുമ്പോൾ ആ കടക്കാരൻ ബാക്കി വന്ന പച്ചക്കറി നിനക്കു തന്നിട്ടുണ്ടാകും. നീ വിചാരിക്കുന്നത്ര മണ്ടിയല്ല ഞാൻ. സത്യം പറഞ്ഞോ. നീ എത്ര രൂപ വെട്ടിച്ചു?” പൂജ ശകാരം തുടങ്ങി.

“പച്ചക്കറി ഞാനല്ല വാങ്ങിയത്. മാർക്കറ്റിനു പുറത്ത് സാറിനെ കണ്ടു. അദ്ദേഹമാണ് ഈ കിറ്റു തന്നു വിട്ടത്.” മോനായി പറഞ്ഞു.

”ചേച്ചി, പച്ചക്കറി മാർക്കറ്റിൽ ചേട്ടൻ പോയിട്ടുണ്ടെങ്കിൽ എന്തെങ്കിലും കാര്യമുണ്ടാകും. ആരാ കൂടെയുണ്ടായിരുന്നതെന്ന് ചോദിക്ക്.” രാഹുൽ

പെട്ടെന്ന് പറഞ്ഞു.

ഇതു കേട്ടതും പൂജയുടെ മുഖം മാറി.

“മോനായി, ഉള്ളതു പറഞ്ഞോ, സാറിന്‍റെ കൂടെ ആരാ ഉണ്ടായിരുന്നത്? മാർക്കറ്റിൽ സാറിനെന്താ കാര്യം.

പാവം മോനായി. അവൻ നിന്നു വിയർക്കാൻ തുടങ്ങി… രാഹുലും അഞ്‌ജലിയും പൊട്ടിവന്ന ചിരി ശ്രമപ്പെട്ട് ഒതുക്കി.

സ്‌നേഹഭയം

കല്യാണത്തിനു പോകാനായി അണിഞ്ഞൊരുങ്ങിയ ശേഷം ഞാൻ  രോഹനോട് ചോദിച്ചു. “എന്നെ കാണാൻ ഇപ്പോൾ എങ്ങനെയുണ്ട്?”

“വളരെ നന്നായിട്ടുണ്ട്” എന്നെ ശ്രദ്ധിക്കാതെ ഇത്രയും പറഞ്ഞ് രോഹൻ ടൈ കെട്ടുന്നതിൽ മുഴുകി.

“ഒന്നു നന്നായി നോക്കാതെ എങ്ങനെയാണ് ഒരാൾക്ക് അഭിനന്ദിക്കാനാവുക. അത് ശരിക്കും ബോറായി പോയി” ഞാൻ നീരസം പ്രകടിപ്പിച്ചു.

“പിണങ്ങാതെ സുന്ദരി, നിന്നെ കാണാൻ ഏതു വേഷത്തിലും മനോഹരമാണ്” അദ്ദേഹം എന്നെ കയ്യിലെടുക്കാൻ ശ്രമിച്ചു.

“ഒരാൾ സുന്ദരിയാണെങ്കിലും നോക്കാതെയാണോ അഭിപ്രായം പറയേണ്ടത്. അത് ശരിക്കും അപമാനിക്കലാണ്.”

“ചങ്ങാതി, നീ പിണങ്ങാതെ”

“കല്ലുകൊണ്ടുണ്ടാക്കിയ ഹൃദയമൊന്നുമല്ല എന്‍റേത്. ഭർത്താവ് മുറിവേൽപ്പിച്ചാൽ എനിക്കും വേദനിക്കും.”

“എന്നോട് ക്ഷമിക്കൂ ഭാര്യേ.”

“പ്ലീസ്, ഇങ്ങനെ ആത്മാർഥതയില്ലാതെ എന്നോട് ക്ഷമ ചോദിക്കുകയൊന്നും വേണ്ട.”

“നീ എന്തിനാണിങ്ങനെ ചെറിയ കാര്യത്തിനു വേണ്ടി വെറുതെ ദേഷ്യം പിടിക്കുന്നത്.”

“ചെറിയ കാര്യമാണോ ഇത്? എനിക്ക് അധിക ബുദ്ധിയൊന്നുമില്ലായിരിക്കാം. പക്ഷേ വെറുതെ ദേഷ്യം പിടിക്കുന്ന സ്വഭാവം എനിക്കില്ല.”

“അനു, നിന്നെ പറഞ്ഞ് മനസ്സിലാക്കാൻ വലിയ പാടാണ്.” രോഹൻ ശരിക്കും വിയർത്തു.

“നിങ്ങൾ എന്നെ മനസ്സിലാക്കാത്തത് എന്‍റെ കുറ്റമല്ലല്ലോ, അതിനു നിങ്ങൾ ഇതുവരെ ശ്രമിച്ചിട്ടുമില്ല.”

“അയ്യോ… എന്നോട് ക്ഷമിക്ക്…” അദ്ദേഹം എന്‍റെ നേരെ കൈകൂപ്പി ശാന്തസ്വരത്തിൽ പറഞ്ഞു.

“ഇല്ല” ഞാൻ ഉറക്കെ സ്‌റ്റൈലായി ഡയലോഗ് കാച്ചി. എന്നിട്ട് വളരെ നാടകീയമായി ഞാൻ മുറി വിട്ടുപോന്നു.

കല്യാണ ഹാളിലെത്തുന്നതുവരെ ഞാൻ കാറിൽ മിണ്ടാതെ ഇരുന്ന് പുറം കാഴ്‌ചകളിൽ ലയിച്ചു. അറിയാതെ കണ്ണുകൾ ഉടക്കിയപ്പോൾ അദ്ദേഹം നെറ്റിചുളിച്ച് എന്നെ നോക്കുന്നതാണ് കണ്ടത്.

ഇപ്പോൾ ഞാൻ അദ്ദേഹത്തോട് പിണങ്ങിയിരിക്കുകയാണോ അല്ലയോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. എന്‍റെ മൂഡ് നല്ലതായിരുന്നു. പക്ഷേ കളിചിരി പറയാനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു മാത്രം. എന്‍റെ നീക്കങ്ങൾ അദ്ദേഹത്തെ ശരിക്കും വെട്ടിലാക്കിയിരുന്നു.

കല്യാണഹാളിൽ വച്ച് ഞാൻ കൈ മെല്ലെ പിടിച്ചപ്പോൾ ആശ്ചര്യത്തോടെയാണ് രോഹൻ എന്നെ നോക്കിയത്. ഞാൻ സ്‌നേഹത്തോടെ അദ്ദേഹത്തിന്‍റെ കണ്ണുകളിലേയ്‌ക്ക് നോക്കിയപ്പോൾ രോഹൻ നന്നായി ശ്വാസമെടുത്തു കൊണ്ട് പറഞ്ഞു.

“നിന്നെ എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ, അനു.”

“ഐ ലൗ യൂ” ആൾക്കൂട്ടത്തെ ശ്രദ്ധിക്കാതെ തന്നെ ഞാൻ അദ്ദേഹത്തിന്‍റെ കൈ കടന്നു പിടിച്ച് ചുംബിച്ചു.

“പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഞാനൊരു വട്ട് കേസ്സുള്ള പെണ്ണിനെയാണ് കല്യാണം കഴിച്ചതെന്ന്” രോഹൻ കളിയാക്കി.

“താങ്ക്‌യൂ സർ” എന്‍റെ ചേഷ്‌ടകൾ രോഹനെ വല്ലാതെ ആഹ്ലാദിപ്പിച്ചതായി എനിക്ക് തോന്നി.

ഞങ്ങൾ രോഹന്‍റെ സഹപ്രവർത്തക റീമയുടെ കല്യാണ ചടങ്ങിനു വന്നതാണ്. റീമ അദ്ദേഹത്തിനൊപ്പം കോളേജിലും ഉണ്ടായിരുന്നു. ഒരു പാട് വർഷത്തെ പരിചയമുണ്ട് ഇരുവർക്കും. അതുകൊണ്ട് തന്നെ പാർട്ടിയിലും അറിയുന്ന ഒരുപാട് പേർ ഉണ്ടായിരുന്നു. കോമൺ ഫ്രെണ്ട്‌സ്, ബന്ധുക്കൾ, സഹപ്രവർത്തകർ, അധ്യാപകർ…

അവിടെ വച്ച് ഞാൻ രോഹന്‍റെ പഴയതും പുതിയതുമായ സുഹൃത്തുക്കളെ പരിചയപ്പെട്ടു. പ്രത്യേകിച്ചും സ്‌ത്രീ സുഹൃത്തുക്കളെ. സ്‌നേഹബഹുമാനമുള്ളവരും സുന്ദരികളുമായിരുന്നു അവരെല്ലാം.

“അനു, ഇന്ന് എനിക്ക് നിന്നോട് ഒരു കാര്യം പറഞ്ഞേ മതിയാവൂ” രോഹന്‍റെ സഹപ്രവർത്തകയായ നേഹ പറഞ്ഞു.

“ഇതിനു മുമ്പത്തെ പാർട്ടിയിൽ വച്ചു കണ്ടപ്പോൾ നീ വിമുഖത കാണിച്ചിരുന്നു. അന്ന് ആരോടും തല ഉയർത്തി സംസാരിക്കാൻ തന്നെ നിനക്ക് മടിയായിരുന്നു. പക്ഷേ ഇന്ന് എത്ര സ്‌മാർട്ടായാണ് നീ കാണപ്പെടുന്നത്. എല്ലാവരോടും വളരെ അടുത്ത് ഇടപഴകുന്നു.”

“ഇന്ന് ഭർത്താവിന്‍റെ മൂഡ് നല്ലതാണ്. അതിനാൽ ഞാനും സന്തോഷവതിയാണ്. ഇനി അദ്ദേഹം ശുണ്ഠി കാണിച്ചാൽ ചിലപ്പോൾ കരഞ്ഞെന്നും വരാം. നേഹ.. കല്യാണത്തിനു ശേഷം നമ്മൾ പെൺകുട്ടികളുടെ മൂഡ് ഭർത്താവിന്‍റെ വികാരപ്രകടനങ്ങൾക്കും മൂഡിനും അനുസരിച്ചായിരിക്കും.” ഞാൻ കളിയും കാര്യവും ചേർത്ത് മറുപടി പറഞ്ഞു.

“അനു എന്തിനാണ് എന്നെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നത്.” രോഹന് ഞാൻ പറഞ്ഞത് തീരെ ഇഷ്‌ടപ്പെട്ടില്ല.

“കല്യാണം കഴിഞ്ഞ് മൂന്നു മാസം ആയിട്ടും എെൻ ഭാര്യയുടെ സ്വഭാവം എനിക്ക് പിടികിട്ടിയിട്ടില്ല.” രോഹൻ മുഖം വീർപ്പിച്ചു.

“എന്നെ മനസ്സിലാക്കാൻ ഇത്ര ധൃതി വയ്‌ക്കുന്നത് എന്തിനാണ്. അല്ലെങ്കിൽ തന്നെ, നീ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?” വളരെ റൊമാന്‍റിക്കായാണ് ഞാനിതു പറഞ്ഞത്.

“നീയിതെന്തെല്ലാമാണ് പറയുന്നത്. ഞാൻ നിന്‍റെ വലിയ ഫാനല്ലെ.”

അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്നിട്ട് നേഹയെ നോക്കി ചിരിച്ചു.

“ഇത്രയും സുന്ദരിയായ പെൺകുട്ടികൾ ഇവിടെയുള്ളപ്പോൾ എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുമോ?”

എന്‍റെ ചിരിയിൽ നേഹയും പങ്കു ചേർന്നു. “അല്ലാ ഈ പാർട്ടിയിൽ വരുന്നവരോട് മുഴുവൻ എന്നെപ്പറ്റി പരദൂഷണം വിളമ്പിയിരുന്നാൽ മതിയോ? നമുക്ക് വല്ലതും കഴിക്കണ്ടേ?”

ഇതു കൂടി കേട്ടതോടെ നേഹ തന്‍റെ ഒരു സുഹൃത്തിന്‍റെ അടുത്തേയ്‌ക്ക് നീങ്ങി.

“എനിക്ക് ആദ്യം കുറച്ച് നാരങ്ങാവെള്ളം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.” ഞാൻ എന്‍റെ ആഗ്രഹം പറഞ്ഞതും രോഹൻ വെള്ളം സംഘടിപ്പിച്ചു കൊണ്ടു വന്നു. ഭക്ഷണത്തിന് അവിടെ നല്ല തിരക്കായിരുന്നു.

ആൾക്കൂട്ടത്തിൽ ഞങ്ങൾ നടക്കുമ്പോൾ ഞാൻ രോഹനെ ആരും അറിയാതെ ഒന്നു നുള്ളി!

കല്യാണപാർട്ടിയിൽ വച്ച് രോഹൻ സ്‌ത്രീകളുമായി അടുത്തിട പഴകുന്നതു കണ്ടപ്പോൾ, വിവാഹത്തിനു മുമ്പ് രോഹൻ ഇവരുടെ ഇടയിൽ വലിയ പുള്ളി ആയിരുന്നു എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പല സ്‌ത്രീകളും ഇപ്പോഴും രോഹന്‍റെ വലിയ ആരാധകരായിരുന്നു. മുമ്പ് നടന്ന പാർട്ടികളിലൊന്നും ഞാൻ രോഹന്‍റെ സുഹൃത്തുക്കളോട് ഇത്ര അടുത്ത് ഇടപഴകിയിരുന്നില്ല. പക്ഷേ ഇന്ന് ആരെങ്കിലും രോഹനെ പ്രശംസിക്കാൻ തുടങ്ങിയാൻ നാല് വർത്തമാനം പറയാൻ ഞാൻ പഠിച്ചിരിക്കുന്നു.

“നിങ്ങളുടെ ജോഡി എത്ര മനോഹരമാണ്. രോഹൻ ഭൂമിയിൽ അവതരിച്ചതു തന്നെ അനുവിനെ കെട്ടാനാണെന്ന് തോന്നും.” സിബി തട്ടിവിട്ടു.

ഞാനും മോശമാക്കിയില്ല. “അത്… രോഹൻ സൂര്യനും ഞാൻ ചന്ദ്രനുമാണ്. സൂര്യനിൽ നിന്ന് വെളിച്ചം സ്വീകരിച്ചാണ് ചന്ദ്രൻ തിളങ്ങുന്നത്…” ഞാൻ ക്രെഡിറ്റെല്ലാം രോഹന് നൽകി.

ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരു സുഹൃത്തായ ധ്വനി എന്നോട് ചോദിച്ചു. “അനു, രോഹൻ ഒരു നല്ല ഭർത്താവ് ആണോ?”

“എന്‍റെ സ്വപ്‌നത്തിലെ പുരുഷനാണ് അദ്ദേഹം. സുന്ദരൻ, മിടുക്കൻ, സൽസ്വഭാവി ഇത്രയും നല്ലവനായ ഒരാളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.”

ഇത്രയും പറഞ്ഞപ്പോഴേക്കും ധ്വനിയുടെ മുഖം വാടി. ചിലർ അങ്ങനെയാണ് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്‌ടപ്പെടില്ല, മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആഹ്ലാദിക്കുന്നവരാണിവർ.

ഇങ്ങനെ പരസ്‌പര വിരുദ്ധമായി ഞാൻ പലരോടും സംസാരിക്കുന്നതു കണ്ടപ്പോൾ രോഹന് ആകെ കൺഫ്യൂഷനായി. “ചിലരോട് എന്നെ പുകഴ്‌ത്തി പറയുന്നു. ചിലരോട് എന്‍റെ കുറ്റങ്ങൾ പറയുന്നു. നിനക്ക് തലയ്‌ക്ക് വല്ലതും പറ്റിയോ അനു” രോഹൻ ചോദിക്കാതിരുന്നില്ല.

“ഞാൻ നിന്‍റെ ഹൃദയത്തിൽ കുടികൊള്ളുന്നവളാണ്” ഞാൻ ഒരു കവിയെപ്പോലെ രോഹനോട് സംസാരിക്കാൻ തുടങ്ങി. എന്‍റെ കാവ്യം കേട്ടു തീർന്നതും രോഹൻ സ്‌ത്രീകളെപ്പോലെ നാണം കുണുങ്ങുന്നത് ഞാൻ ആദ്യമായി കണ്ടു, ആ സമയത്ത് അദ്ദേഹത്തിന്‍റെ മുഖം എത്ര നിഷ്‌കളങ്കവും ചുവന്നതും ആയിരുന്നു!

കാറിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന സ്‌നേഹപ്രകടനമാണ് ഞാൻ നടത്തിയത്. അതിനാൽ തന്നെ വീട്ടിലെത്തിയിട്ടും എന്നിൽ നിന്ന് അകന്നു നിൽക്കാൻ അദ്ദേഹത്തിനു തോന്നിയില്ല.

“ഈ വീട്ടിലെ പിടക്കോഴിയെ പിടിയ്‌ക്കാൻ എളുപ്പമാണെന്ന് കരുതേണ്ട. അതിന് ഒരുപാട് പാട് പെടേണ്ടി വരും.” ഞാൻ രോഹന്‍റെ കരവലയത്തിൽ നിന്ന് കുതറി മാറി.

ഞങ്ങളുടെ രണ്ടാളുടെയും മൂഡ് നല്ലതായിരുന്നു. രോഹൻ എന്നെ പിടിക്കാനായി ആഞ്ഞു. ഞാൻ ഓടി ബാത്ത്‌റൂമിൽ ഒളിച്ചു. എന്നെ പുറത്തേയ്‌ക്ക് ഇറക്കാനായി രോഹൻ എന്‍റെ നേരെ കൈ നീട്ടി.

“ഹേ മനുഷ്യാ.. നിങ്ങൾ എന്നെ ടീച്ചറായി പരിഗണിക്കുന്നുവെങ്കിൽ ഞാൻ നിങ്ങൾക്ക് സ്‌നേഹത്തിന്‍റെ പാഠങ്ങൾ പഠിപ്പിയ്‌ക്കാം” മാദക ഭാവത്തോടെയാണ് ഇത്രയും പറഞ്ഞൊപ്പിച്ചത്. അതിനിടയിൽ ഞാൻ അദ്ദേഹത്തെ കുളിമുറിയിലേക്ക് വലിച്ചിടുകയും ചെയ്‌തു!

“ശെ! നീ എന്താണീ കാണിക്കുന്നത്.” രോഹന്‍റെ ശബ്‌ദം ഉയർന്നു വന്നു.

“ഈ ചെറിയ കാര്യം പോലും മനസ്സിലാവില്ലെന്നുണ്ടോ, എനിക്ക് നിന്നൊടൊപ്പം കുളിക്കണം” എന്‍റെ ആവേശം കണ്ടിട്ടാവണം അദ്ദേഹത്തിന്‍റെ കണ്ണുകളിലും കുസൃതി നിറഞ്ഞു.

പതിനഞ്ച് മിനിറ്റ് ഒന്നിച്ച് നനഞ്ഞ ശേഷം എന്നെ ജീവിതകാലം മുഴുവൻ സ്‌നേഹിച്ചോളാമെന്ന് അദ്ദേഹം എന്‍റെ കാതിൽ മന്ത്രിച്ചു.

“അനങ്ങി പോകരുത് സാർ” ബെഡ്‌റൂമിൽ അദ്ദേഹം എന്നെ കീഴടക്കുന്നതിനു തൊട്ട് മുമ്പ് ഞാൻ ഒന്നു കൂടി ഞെട്ടിക്കാൻ ശ്രമിച്ചിരുന്നു.

“ഇന്ന് നിന്നെ സ്‌നേഹിച്ച് കൊന്നിട്ട് തന്നെ ബാക്കി കാര്യം.”

“പ്രിയതമന്‍റെ കൈകൊണ്ട് ചാവാൻ ഞാനും റെഡി.”

“അനു എനിക്ക് നിന്നെ ഇനിയും പിടികിട്ടുന്നില്ലല്ലോ?”

“അപ്പോൾ രോഹന്‍റെ കരവലയത്തിൽ ഉള്ളത് ആരാണ്?” അദ്ദേഹത്തെ പ്രകോപിപ്പിച്ച് സ്‌നേഹിക്കാൻ ശ്രമിച്ച് ഫലം കണ്ടതിന്‍റെ സന്തോഷം അടുത്ത ദിവസവും എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു.

രോഹൻ എന്‍റെ പുരുഷനാണ് എന്‍റെ നല്ല ഭർത്താവ്.

അടുത്ത ദിവസങ്ങളിലും രോഹനെ ഞാൻ വിട്ടില്ല. എനിക്ക് സ്‌നേഹം വേണമായിരുന്നു.

“നീ എന്‍റേതു മാത്രമാണ്… ഇനി മറ്റേതെങ്കിലും പെണ്ണുങ്ങളെ വളയ്‌ക്കാൻ നോക്കിയാലുണ്ടല്ലോ ഞാൻ നിന്‍റെ കഥ കഴിക്കും നോക്കിക്കോ…”

“ചങ്ങാതി എന്‍റെ മുടി വിടൂ.”

“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലെ…”

ഞാൻ മുടിയിൽ നിന്ന് പിടിവിട്ട് രോഹനെ തലോടി.

“ഇത്രയും ഇമോഷണലായ ഒരാൾ തന്നെയാവണം എന്‍റെ ഭാര്യ. നിന്‍റെ പൊസസീവ്‌നെസ്സ് എന്‍റെ ഭാഗ്യമാണ്” രോഹനും പറഞ്ഞു.

ഒരിക്കൽ ഞാൻ കണ്ണടച്ച് ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്തിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കരവലയത്തിൽ, അപ്പോൾ ഓർത്തു. എന്‍റെ അമ്മ എന്നെ വിട്ട് പോയത്. അച്‌ഛൻ എത്ര കഷ്‌ടപ്പെട്ടാണ് പിന്നെ വളർത്തി വലുതാക്കിയത്. അമ്മ പോയതിന് കാരണങ്ങൾ പലതു കാണും. എങ്കിലും സ്‌നേഹം മോഹിച്ച് വീടുവിട്ടതാണ്. ആ നടുക്കുന്ന ഓർമ്മ എന്നോടൊപ്പം വളർന്നു. അതു കൊണ്ടാവുമോ രോഹനെ എപ്പോഴും എന്നെ സ്‌നേഹിക്കാൻ ബോധപൂർവ്വം പ്രേരിപ്പിക്കുന്നത്. ആ സ്‌നേഹം നഷ്‌ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനിയും സ്‌നേഹം കിട്ടാതെ അനാഥമാകാൻ വയ്യ. എന്‍റെ ഉള്ളിലിരുന്ന് പോയകാലത്തെ അനു എന്ന അഞ്ചു വയസ്സുകാരി തേങ്ങി.

“എന്തിനാണ് നീ കരയുന്നത്?” എന്‍റെ മുഖത്തെ നനവിൽ തൊട്ട് രോഹൻ ചോദിച്ചു.

“ഒന്നുമില്ല, സ്‌നേഹം കൊണ്ടാ.”

“അനു നിന്നെ എനിക്ക് പിടികിട്ടുന്നില്ലല്ലോ” പതിവു പോലെ സ്‌നേഹിക്കുമ്പോഴും വഴക്കടിക്കുമ്പോഴും രോഹൻ ചോദിക്കാറുള്ള ചോദ്യം ആവർത്തിച്ചു. ഇപ്രാവശ്യം അതിന് പക്ഷേ ഞാൻ മുമ്പൊരിക്കലും അനുഭവിക്കാത്ത സ്‌നേഹത്തിന്‍റെ കരുതലുണ്ടായിരുന്നു.

സാഗരസംഗമം ഭാഗം- 27

ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മലപ്പുറത്തെത്തുവാൻ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവൻ ഫഹദ് സാറായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയിരിക്കുമിത്. ഇന്നിപ്പോൾ അദ്ദേഹത്തിനും ജരാനരകൾ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവൻ ചോർന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്… ഒരിക്കലുമില്ല. ആ മനസ്സു മുഴുവൻ ഞാൻ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു.

നിമിഷങ്ങൾക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ അടക്കി നിർത്തുവാൻ പാടുപെട്ടു. കാർ ചിരപരിചിതമായ വഴികളിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ മനസ്സിനെ ഉദ്വേഗഭരിതമാക്കി കൊണ്ട് ഫഹദ് സാറിന്‍റെ ചെറിയ വീടു നിൽക്കുന്ന ഇടവഴികളിലൂടെ കാർ പാഞ്ഞു തുടങ്ങി.

അൽപം ദൂരെയായി കണ്മുന്നിൽ ആ വീടു തെളിഞ്ഞു വന്നു. അൽപ സ്വല്പം മാറ്റങ്ങളോടെ ആ ഗൃഹം അതേ പോലെ നിലനിൽക്കുന്നു. അതിനടുത്തായി മറ്റൊരു ഇരുനില വീടു കണ്ടു. ഒരു പക്ഷെ അത് അദ്ദേഹം പണിയിച്ചതായിരിക്കുമോ? അവിടെയായിരിക്കുമോ അദ്ദേഹമിപ്പോൾ താമസിക്കുന്നത്? മനസ്സ് ചോദ്യശരങ്ങളിൽപ്പെട്ട് വീർപ്പുമുട്ടി. ഹൃദയമിടിപ്പ് കൂടി. എന്നാൽ കുതിച്ചുയരുന്ന എന്‍റെ മനസ്സിനെ അദ്ഭുതപ്പെടുത്തി കൊണ്ട് കാർ വീണ്ടും മുന്നോട്ടു പാഞ്ഞു.

അപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ടാഞ്ഞു.

“നിർത്തൂ… ഇതാണ് ഫഹദ് സാറിന്‍റെ വീട്… ഇവിടെ നിർത്തൂ…” മഴക്കത്തിലാണ്ടിരുന്ന അരുൺ ഞെട്ടി ഉണർന്നു.

“മാഡം… എന്താണ് പറയുന്നത്? നമ്മൾ എവിടെയെത്തി?”

“അരുൺ… നമ്മൾ ഫഹദ് സാറിന്‍റെ വീടു പിന്നിട്ട് വളരെ മുമ്പിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വീട് അൽപം മുമ്പ് ഞാൻ കണ്ടിരുന്നു.”

അപ്പോഴേയ്ക്കും കാറിന്‍റെ സ്പീഡ് ഡ്രൈവർ വളരെ കുറച്ചിരുന്നു. കാർ അരികിലേയ്ക്ക് ഒതുക്കി നിർത്തി ഡ്രൈവർ ചോദിച്ചു.

“സർ, പറഞ്ഞു തന്ന വഴി ഇതു തന്നെയാണ്. വീട് എവിടെയാണെന്ന് സാർ പറഞ്ഞില്ല.”

“ഓ… സോറി… ഞാൻ ഒന്നുമയങ്ങിപ്പോയി. മാഡം എന്താണ് പറഞ്ഞത്? നമ്മൾ ആ വീട് പിന്നിട്ടുവെന്നോ?”

“അതെ അരുൺ… ഫഹദ് സാറിന്‍റെ വീട് ഏറെ പിന്നിലായി കഴിഞ്ഞു. നമ്മളിനി പുറകോട്ട് പോയാൽ മാത്രമേ അദ്ദേഹത്തിന്‍റെ വീട് കാണുകയുള്ളൂ.”

“ഓ… സോറി എനിക്കീ വഴി മാത്രമേ മാഡത്തിന്‍റെയും ഫഹദ് സാറിന്‍റെയും സുഹൃത്തുക്കൾ പറഞ്ഞറിയുകയുള്ളു. ഇവിടെയെത്തിയാൽ വീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നു കരുതി. മാഡത്തിന് അറിയാവുന്ന സ്‌ഥിതിക്ക് ഇനി അതുവേണ്ടല്ലോ…”

കാർ പുറകോട്ടെടുക്കുവാൻ അരുൺ പറഞ്ഞതു കേട്ട് ഡ്രൈവർ കാർ പുറകോട്ടെടുക്കുവാൻ തുടങ്ങി. അൽപം ദൂരം ചെന്ന് ഒരു വളവിൽ കാർ തിരിച്ചെടുത്ത് വീണ്ടും മുന്നോട്ടു പോയി. ഫഹദ് സാറിന്‍റെ വീടിനടുത്തെത്തിയപ്പോൾ വീടു ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.

“അതെ… ഇതു തന്നെയാണ് വീട്… ഫഹദ് സാറിന്‍റെ ഭാര്യയായി ഇവിടെ പണ്ടു വന്നത് എനിക്കൊരിക്കലും മറക്കാനാവുകയില്ല അരുൺ…”

ഒരു മന്ത്രധ്വനി പോലെ പതുക്കെ ഞാൻ പറഞ്ഞു. വികാരഭരിതമായിരുന്നു എന്‍റെ വാക്കുകൾ. നിർത്തിയ കാറിൽ നിന്നുമിറങ്ങുമ്പോൾ അറിയാതെ കാലുകൾ വിറപൂണ്ടു. വികാര വിക്ഷോഭത്താൽ ഹൃദയത്തെ അടക്കി നിർത്താൻ പാടുപെട്ടു.

ഏതോ മുജജ്ന്മത്തിലെന്ന പോലെ ഓർമ്മകൾ ഉണരുന്ന ഈ മണ്ണിൽ ഞാനിതാ വീണ്ടും വന്നെത്തിയിരിയ്ക്കുന്നു.

ഇവിടെപ്പതിഞ്ഞ എന്‍റെ കാലടിപ്പാടുകൾ ഇന്നും മായാതെ നിലനിൽക്കുന്നുവോ? കാലങ്ങളോളം സ്മരണകൾ പുഷ്പാർച്ചന നടത്തിയ ഒരു വിഗ്രഹം ആ പൂമുഖത്ത് ഇന്നും എന്നെക്കാത്ത് നിൽപൂണ്ടാവുമോ? ഹൃദയത്തിൽ തേൻ മഴപെയ്യിച്ച ആ സ്നേഹ- വചസ്സുകൾ ഇന്നും എന്‍റെ കാതിനെ കുളിരണിയിക്കുന്നുവോ? എവിടെ? എവിടെ? മനസ്സിനുള്ളിൽ ആരാധനാ മലരുകൾ കൊരുത്തു വച്ച് ഞാൻ പൂജിച്ചിരുന്ന ആ ആരാധനാ വിഗ്രഹം ഇന്നെവിടെ?

അനുഭവങ്ങളുടെ കൊടുങ്കാറ്റാൽ കാലം മനസ്സിനുള്ളിൽ പൊടിപടലങ്ങളുയർത്തിയപ്പോഴും മങ്ങാതെ, മായാതെ ആ വിഗ്രഹം മാത്രം ഹൃദയത്തിനുള്ളിൽ ഇത്രകാലവും പൊടിയണിയാതെ കിടന്നു.

എന്‍റെ കണ്മുന്നിൽ ആ വിഗ്രഹം കാണിച്ചു തരൂ ഭഗവാനെ… ഒരു നോക്ക്… ഒരു നോക്ക് മാത്രം… ഞാനാ കാലടികളിൽ കണ്ണുനീർ കൊണ്ട് പുഷ്പാർച്ചന നടത്തട്ടെ. മനസ്സറിയാതെയെങ്കിലും പാപക്കറവീണ ഈ കരങ്ങൾ കൂപ്പി ഞാനദ്ദേഹത്തോട് മാപ്പിരക്കട്ടെ.

ഒരു ജന്മം മുഴുവൻ എനിക്കായൊഴുക്കിയ കണ്ണുനീരലകളെ ഈ കരങ്ങളാൽ തുടച്ചു നീക്കട്ടെ. എവിടെ ഭഗവാനെ? എന്‍റെ കണ്മുന്നിൽ അദ്ദേഹത്തെ കാണുച്ചു തരൂ. മനസ്സ് പ്രാർത്ഥനാ നിർഭരമായി കേണു. എന്നാൽ പൂമുഖത്തെത്തിയിട്ടും, ഒച്ചയും ആളനക്കവുമില്ലാതെ അടഞ്ഞു കിടന്ന ആ വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റമൊന്നും തോന്നിയില്ല. ഭഗവാൻ എന്നെ കൈവിട്ടുവോ? വീടിനു മുന്നിൽ മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന കരിയിലകൾ. അതുകണ്ടാൽ മാസങ്ങളായി അവിടം അടിച്ചു വാരിയിട്ടെന്നു തോന്നും.

അരുൺ പതുക്കെ വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ അകത്തു നിന്നും മറുപടിയൊന്നും കേൾക്കാത്തതിനാൽ അരുൺ പതുക്കെ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“മാഡം… അകത്ത് ആളുള്ളതായി തോന്നുന്നില്ല. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിച്ചാലോ?”

“ഇല്ല… അങ്ങിനെ വരികയില്ല… അദ്ദേഹം എവിടെപ്പോകാനാണ്?”

ഒരായിരം കാതങ്ങൾക്കപ്പുറത്തു നിന്ന് അദ്ദേഹത്തെത്തേടി, ഹൃദയമിടിപ്പോടെ കടന്നു വന്ന എന്നെക്കാത്ത് അദ്ദേഹം അകത്തെവിടെയോ ഇരിപ്പുണ്ടാവും.

ഹൃദയാഴങ്ങളിൽ എനിക്കായി കൊരുത്തു വച്ച പ്രണയ മലരുകൾ കൈമാറാൻ… കാലങ്ങളോളം വീർപ്പുമുട്ടിപ്പിടഞ്ഞ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരുക്കി വച്ച പ്രേമാമൃതം എനിക്കു പകർന്നു നൽകാൻ.

അദ്ദേഹമിപ്പോഴെത്തും, കൂടെ സ്നേഹനിധിയായ ആ ഉമ്മയും. ആ കാലടികളുടെ മൃദു സ്പർശം എനിക്കു കേൾക്കാം. എന്‍റെ ഹൃദയത്തിനുള്ളിൽ അവ മുഴങ്ങി കേൾക്കാം. പക്ഷെ കാതോർത്തു നിന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അരുൺ വീണ്ടും പറഞ്ഞു.

“ഇല്ല മാഡം… ഈ വീട്ടിൽ ആരുമില്ല. ആരെങ്കിലുമുണ്ടായിരുന്നുവെങ്കിൽ ഇതിനോടകം വന്നെത്തുമായിരുന്നു. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിക്കാം. ചിലപ്പോൾ അദ്ദേഹം അവിടെയാണ് താമസിക്കുന്നതെങ്കിലോ?”

മുന്നോട്ടു നടന്നു തുടങ്ങിയ അരുണിനെ പിന്തുടരുകയല്ലാതെ മറ്റു ഗത്യന്തരമില്ലായിരുന്നു. അരുണിന്‍റെ കാലടികളെ പിന്തുടർന്ന് ഒരു മന്ദബുദ്ധിയെപ്പോലെ ഞാനും നടന്നു. ഒടുവിൽ ആ രണ്ടുനില കെട്ടിടത്തിനു മുന്നിലെത്തി അരുൺ നിന്നു. പെട്ടെന്ന് പൂമുഖ വാതിക്കൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞു നീണ്ട് സുമുഖനായ ഒരാൾ. പ്രായം അമ്പതിനോടടുത്ത് കാണും. അദ്ദേഹം ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു കൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചു.

“വരൂ… നിങ്ങൾ എവിടെ നിന്നാണ് വരുന്നത്? ഈ ദിക്കിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു.”

അപരിചിതരെങ്കിലും ഞങ്ങളെക്കണ്ടിട്ട് മാന്യന്മാരാണെന്നു തോന്നിയതു കൊണ്ടാകും അദ്ദേഹം ഭയലേശമന്യേ ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു. അദ്ദേഹത്തിന്‍റെ ചോദ്യത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“ഞങ്ങൾ എറണാകുളത്തു നിന്ന് വരികയാണ്. ഇവിടെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന  ഫഹദ് സാറിനെ അന്വേഷിച്ചെത്തിയതാണ്.”

“ഞാൻ കണ്ടു. നിങ്ങൾ അങ്ങോട്ടു പോകുന്നത്. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ ആൾക്കാരാണെന്നും മനസ്സിലായി. ആട്ടെ നിങ്ങൾ അദ്ദേഹത്തിന്‍റെ ആരാണ്?”

“ഞങ്ങൾ അദ്ദേഹത്തിന്‍റെ ആരുമല്ല. മഹാരാജാസ് കോളേജിൽ മാഡം അദ്ദേഹത്തിന്‍റെ ശിഷ്യയായിരുന്നു. വളരെക്കാലം മുമ്പ്… ഇപ്പോൾ മാഡം ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി വർക്കു ചെയ്യുന്നു. ഞാൻ മാഡത്തിന്‍റെ സ്റ്റുഡൻറാണ്.

“ഓഹോ… അപ്പോൾ നിങ്ങൾ ഡൽഹിയിൽ നിന്നു വരുന്നവരാണല്ലേ?” അങ്ങനെ പറഞ്ഞ് അയാൾ അർത്ഥഗർഭമായി എന്നെ നോക്കി. പിന്നെ അൽപനേരം എന്തോ ഓർത്തിരുന്നു. അൽപം കഴിഞ്ഞ് അയാൾ അരുണിനെ നോക്കിപ്പറഞ്ഞു.

ഫഹദ് സാർ ഇവിടുന്നു പോയിട്ട് കുറച്ചു വർഷങ്ങളായി. അഞ്ചാറു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്‍റെ ഉമ്മ മരിച്ചു. അതിൽപ്പിന്നെ അദ്ദേഹം ആ വീടു വിറ്റ് കണ്ണൂർക്ക് പോയി. കണ്ണൂര് എവിടെയാണ് താമസം എന്നറിയില്ല. എന്തു ചെയ്യുന്നു എന്നും അറിയില്ല. ഞാനാണ് ഈ വീടും സ്ഥലവും വാങ്ങിച്ചത്. അപ്പോൾ അദ്ദേഹം ഒരഭ്യർത്ഥന വച്ചിരുന്നു.

അദ്ദേഹത്തിന്‍റെ മരണം വരെ ആ വീടു മാത്രം ഇടിച്ചു കളയരുതെന്ന്. അദ്ദേഹത്തിന്‍റെ ഉമ്മ ഉറങ്ങുന്ന വീടാണിതെന്ന്. ഇവിടെ അദ്ദേഹത്തിന് വല്ലപ്പോഴും വന്ന് താമസിക്കണമെന്ന്. അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നറിയാം. അദ്ദേഹത്തോടുള്ള ബഹുമാനത്താൽ ഞാനാ അഭ്യർത്ഥന കൈ കൊണ്ടതു കൊണ്ട് അന്ന് നിലവിലിരുന്നതിലും വളരെ താഴ്ന്ന വിലയ്ക്കാണ് അദ്ദേഹം ഈ സ്‌ഥലം എനിക്കു കൈമാറിയത്.

ഞാനിവിടെ വീടു വച്ച് താമസമാക്കിയിട്ടിപ്പോൾ നാലഞ്ചു കൊല്ലമാകുന്നു. അതിൽപ്പിന്നെ അദ്ദേഹം ഒന്നു രണ്ടു തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. പക്ഷെ അപ്പോളദ്ദേഹം എന്തെങ്കിലും സംസാരിക്കാൻ വിമുഖനായിരുന്നു. എന്തോ കടുത്ത ദുഃഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നതായി തോന്നി.

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലതും ചോദിച്ചാൽ ഒരു വേദാന്തിയെപ്പോലെ അദ്ദേഹം ഉത്തരം പറയും. അദ്ദേഹത്തിന്‍റെ മനോനില ശരിയല്ലെന്നു തോന്നി ഞാൻ മടങ്ങിപ്പോന്നു. നിങ്ങളിപ്പോൾ ഈ വീടെങ്ങിനെ കണ്ടുപിടിച്ചു?

പെട്ടെന്ന് ഞാൻ വികാരഭരിതയായി പറഞ്ഞു.

“വർഷങ്ങൾക്കു മുമ്പ് ഞാനിവിടെ വന്നിട്ടുണ്ട്. അൽപ ദിവസങ്ങൾ ഉമ്മയോടും അദ്ദേഹത്തോടുമൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.”

ഞാനതു പറയുമ്പോൾ ആ മനുഷ്യൻ എന്നെ ഉറ്റുനോക്കി എന്തോ ആലോചിച്ചിരുന്നു. അദ്ദേഹം കൂടുതലായി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവിടെ നിന്നും പോരുകയാണ് നല്ലതെന്നു തോന്നി. ഞാൻ എഴുന്നേൽക്കുമ്പോൾ അരുണും കൂടെ എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഇറങ്ങട്ടെ… എക്സ്ക്യൂസ്മി താങ്കളുടെ പേരെന്താണെന്നും എന്തു ചെയ്യുന്നുവെന്നും ഇതുവരെ ചോദിച്ചില്ല.”

“എന്‍റെ പേര് ബാലചന്ദ്രൻ. ഞാൻ ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറായി വർക്കു ചെയ്യുന്നു. എന്‍റെ ഭാര്യയ്ക്കും ജോലിയുണ്ട്. അവൾ കളക്ട്രേറ്റിൽ വർക്കു ചെയ്യുന്നു. ഞങ്ങൾക്ക് രണ്ടു കുട്ടികൾ മോൾ ഡിഗ്രിയ്ക്കും മോൻ പത്താംക്ലാസ്സിലും പഠിക്കുന്നു.”

“വളരെ നന്ദിയുണ്ട്. താങ്കൾ ഫഹദ് സാറിനെപ്പറ്റി ഇത്രയും വിവരങ്ങൾ ഞങ്ങൾക്ക് നൽകിയതിന്. ഇനി ഞങ്ങൾ ഇറങ്ങട്ടെ. പറ്റുമെങ്കിൽ കണ്ണൂരു കൂടി ഒന്നു പോകണം. അവിടെ ആരോടെങ്കിലും തിരക്കിയാൽ അദ്ദേഹത്തെ കണ്ടുപിടിക്കാൻ കഴിയുമായിരിക്കും.”

പെട്ടെന്ന് ഞാൻ പറഞ്ഞു. “വേണ്ട അരുൺ അദ്ദേഹം എവിടെയാണെന്നു വച്ച് അന്വേഷിക്കാനാണ്. നമുക്ക് തിരിച്ചു പോകാം.”

ഞാൻ അൽപം നിരാശയോടെ പറഞ്ഞു. അപ്പോൾ ബാലചന്ദ്രൻ വീണ്ടും പറഞ്ഞു.

“അദ്ദേഹം മഹാരാജാസിലെ പ്രൊഫസർ ആയിരുന്നു എന്നറിയാം. വർഷങ്ങൾക്കു മുമ്പ് മാനസിക വിഭ്രാന്തിയ്ക്കടിപ്പെട്ട് സസ്പെൻഷനിലായ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. വീണ്ടുമെങ്ങിനെയൊക്കെയോ ആ ജോലു തിരിച്ചു കിട്ടി. എന്നാൽ ഉമ്മ മരിച്ചതോടെ വീണ്ടും വിഷാദ രോഗത്തിനടിപ്പെട്ട് മാനസിക നിലതെറ്റി വിരമിക്കേണ്ടി വന്നു. അങ്ങിനെയാണ് അദ്ദേഹം കണ്ണൂർക്ക് പോയത്. അവിടെ അദ്ദേഹം എന്തു ചെയ്യുന്നു എന്നറിയില്ല.”

ബാലചന്ദ്രനിൽ നിന്നും അദ്ദേഹത്തെപ്പറ്റി ഞങ്ങൾക്കു കിട്ടിയ വിവരങ്ങൾ വളരെയേറെ നിരാശപ്പെടുത്തുന്നതായിരുന്നു. അൽപം മുമ്പ് മോഹനസ്വപ്നങ്ങളുടെ ഉത്തുംഗശ്യംഗത്തിലെത്തിയ മനസ്സ് പിടിവിട്ട് താഴേയ്ക്കു നിപതിച്ചത് വളരെ പെട്ടെന്നാണ്. സ്വപ്നങ്ങളുടെ ഉയരങ്ങളിൽ നിന്നും താഴേയ്ക്കുള്ള ആ പതനം അത്യഗാധമായിരുന്നു. ഹൃദയം പല നുറുങ്ങുകളായി കീറി മുറിഞ്ഞു. പൊട്ടിക്കരയാതിരിക്കാൻ ഞാൻ പാടുപെട്ടു.

ആർത്തലയ്ക്കുന്ന ഹൃദയവുമായി പടിക്കെട്ടു കടക്കുമ്പോൾ ഞാനൊരിക്കൽ കൂടി തിരിഞ്ഞു നോക്കി “മോളേ, ജ്ജ് പൂവ്വാണോ” എന്ന് ചോദിച്ച് സ്നേഹമസൃണമായ മുഖത്തോടെ പൂമുഖവാതിൽക്കൽ നിൽക്കുന്ന ഉമ്മ… ഉമ്മയ്ക്കരുകിൽ പ്രേമ-മഗ്നമായ കണ്ണുകളോടെ അനുരാഗപരവശനായി എന്നെ നോക്കി നിൽക്കുന്ന അദ്ദേഹം. കണ്മുന്നിൽ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ… എല്ലാം ഒരു സ്വപ്നമായിരുന്നോ? അല്ലെങ്കിൽ അദ്ദേഹവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കു പോലും വിധിയ്ക്കാത്ത ദൈവം, അദ്ദേഹവുമായുള്ള ഒരു ഒത്തുചേരലിന് ഇടം നൽകുമോ?

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുവാൻ മിനക്കെടാതെ മുഖം തിരിച്ച് പടിയിറങ്ങുമ്പോൾ പുറകിൽ നിന്നും ആ ചോദ്യം കേട്ടു.

(തുടരും)

കമ്പോണ്ടർ കുട്ടപ്പനും ശ്രീ പാർവതി ഡോക്ടറും

കോരു മാഷിന്‍റെയും നാണി അമ്മയുടെയും മകനാണ് കുട്ടപ്പൻ. കോര മാഷ് വിദ്യാലയത്തിൽ പോയിട്ടില്ല. സർക്കാർ ജോലി ചെയ്തിട്ടില്ല. പക്ഷേ ആദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ അറിവ് ഉപയോഗിച്ച് പൊതുപ്രവർത്തനം നടത്തിയപ്പോൾ നാട്ടിലെ സാധാരണക്കാരൻ അനുഗ്രഹിച്ചു കൊടുത്ത പേരാണ് കോരു മാഷ്.

പകൽ മുഴുവൻ നാട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ച് നടക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും കൊടുക്കും. അതുകൊണ്ടാണ് നിത്യജീവിതം കഷ്ടിച്ച് തള്ളി നീക്കിയിരുന്നത്. അച്‌ഛന്‍റെ പാതയിൽ മകൻ പോകരുത് എന്ന് കരുതി നാണിയമ്മ കുട്ടപ്പനെ വിദ്യാലയത്തിൽ ചേർത്തു പഠിപ്പിച്ചു.

വലിയ അറിവും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞില്ലെങ്കിലും കുട്ടപ്പൻ പൊതു രംഗത്ത് തിളങ്ങി. കുട്ടപ്പന്‍റെ നർമ്മ രസത്തിൽ ചാലിച്ച സംസാരം പൊതുജനം എല്ലാവരും സ്വീകരിച്ചു.

ഏഴാം ക്ലാസ് പാസായ കുട്ടപ്പൻ പഠിപ്പു നിർത്തിയിരുന്നു. മുഴുവൻ സമയവും പൊതു പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ കുട്ടപ്പൻ വിവാഹം കഴിച്ചു. രണ്ട് മക്കളുമായി.

കോര മാഷിനും നാണി അമ്മയ്ക്കും വരുമാനമൊന്നും ഇല്ലാതെയായി. നാണിയമ്മ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു, “ഈശ്വരാ എന്‍റെ മകന് ഒരു അടിച്ചു വാരുന്ന പണി കിട്ടണമേ” എന്ന്.

ആ കുടുംബത്തിന്‍റെ നന്മനിറഞ്ഞ പ്രവർത്തനം കൊണ്ടാകാം കുട്ടപ്പന് സർക്കാർ ആശുപത്രിയിൽ ഒരു ജോലി കിട്ടി. അമ്മ പ്രാർത്ഥിച്ച അടിച്ചുവാരുന്ന ജോലി തന്നെ. ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞു. കുട്ടപ്പന് പ്രമോഷനായി. കംമ്പോണ്ടർ, എന്നുവച്ചാൽ രോഗികളുടെ മുറിവ് കെട്ടുക, പ്ലാസ്റ്റർ ഇടുക തുന്നൽ ഇടാൻ വേണ്ടി എല്ലാ സാധനങ്ങളും സെറ്റ് ചെയ്യുക എന്നുവേണ്ട ഒരുവിധ എല്ലാ പണികളും കുട്ടപ്പൻ വളരെ ആത്മാർത്ഥതയോടെ ചെയ്‌തു.

പക്ഷേ ഈ വക കാര്യങ്ങളെല്ലാം നന്നായി ചെയ്യുമെങ്കിലും കുട്ടപ്പൻ ദുഃഖിതനാണ്. കാരണം അദ്ദേഹത്തിന്‍റെ പാർട്ടിയുടെ ഭരണം നഷ്ടപ്പെട്ടു. അതിനാൽ തന്നെ കുട്ടപ്പനെ വളരെ ദൂരേക്ക് സ്‌ഥലം മാറ്റി. സർക്കാർ ജോലിയുടെ മഹത്വം അറിയാവുന്നതു കൊണ്ട് കുട്ടപ്പൻ ജോലിയിൽ വളരെ ഭംഗിയായി പ്രവർത്തിച്ചു.

ശ്രീ പാർവതി ഡോക്ടറോട് ഇടയ്ക്ക് സൂചിപ്പിക്കും എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് മാറ്റിത്തരണം എന്ന്. അതും വളരെ താഴ്മയോടെ. പക്ഷേ കുട്ടപ്പന്‍റെ ആത്മാർത്ഥത നിറഞ്ഞ പണികൾ കണ്ട് പല കാരണങ്ങൾ പറഞ്ഞ് കുട്ടപ്പനെ അവർ അവിടെ നിലനിർത്തി.

ഓണക്കാലം ആയി സർക്കാർ പലവിധ പദ്ധതികൾ പുറത്തിറക്കി. സർക്കാരിന്‍റെ ഓണം ബംമ്പറും പുറത്തിറങ്ങി. നൈറ്റ് ഡ്യൂട്ടിയിൽ പാർവതി ഡോക്ടറും കുട്ടപ്പനും ഓരോ നേരമ്പോക്കുകൾ പറഞ്ഞിരുന്നു. അപ്പോൾ ഡോക്ടർ വെറുതെ പറഞ്ഞു ഈ വർഷത്തെ ഓണം ബംബർ കുട്ടപ്പന് അടിച്ചാൽ എന്താ ചെയ്യാ എന്ന് ഒരു മടിയുമില്ലാതെ കുട്ടപ്പൻ മറുപടി പറഞ്ഞു.

ഓണം ബംബർ എനിക്ക് ലഭിച്ചാൽ ഇനിയുള്ള കാലം സർക്കാർ വേദനം ഇല്ലാതെ ഞാനെന്‍റെ ജീവിതാവസാനം വരെ ഈ ആശുപത്രിയിൽ തന്നെ ജോലി ചെയ്യും. ആശുപത്രി ജോലി ഇത്ര ഇഷ്ടമായോ? ഡോക്ടർ ചോദിച്ചു. അദ്ദേഹം പറഞ്ഞു സമൂഹത്തിന്‍റെ സമ്പത്ത് എന്ന് പറഞ്ഞാൽ മനുഷ്യന്‍റെ ആരോഗ്യമാണ് ആരോഗ്യമുള്ള ഒരു ജനത ഉണ്ടെങ്കിൽ നല്ലൊരു സമൂഹം കെട്ടിപ്പടുത്തുയർത്തുവാൻ സാധിക്കുകയുള്ളൂ എന്നു പറയുമ്പോൾ കുട്ടപ്പന്‍റെ മുഖത്ത് വരുന്ന പ്രകാശം ഡോക്ടർ പാർവതിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല.

അടുത്ത ദിവസം ബംബർ എടുക്കുന്ന ദിവസം വന്നു. പതിവു പോലെ കുട്ടപ്പനും ഡോക്ടറും ജോലിയിൽ പ്രവേശിച്ചു. വൈകുന്നേരം കുട്ടപ്പൻ ഭാര്യയോടും മക്കളോടും ആശുപത്രിയിൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.

ഒരു ദിവസം കുട്ടപ്പൻ പകൽ ഡ്യൂട്ടി മുഴുവൻ എടുത്ത് വൈകീട്ട് പോകാൻ നേരത്ത് അന്നത്തെ നൈറ്റ് ഡ്യൂട്ടിക്കാരന് ചെറിയൊരു ആക്സിഡന്‍റ് സംഭവിക്കുകയും കുട്ടപ്പനോട് അന്നത്തെ നൈറ്റ് ഡ്യൂട്ടി എടുത്ത് അഡ്ജസ്റ്റ് ചെയ്യാൻ ശ്രീ പാർവതി ഡോക്ടർ പറയുകയും ചെയ്‌തു.

വളരെ ക്ഷീണിതനാണ് കുട്ടപ്പൻ. അപ്പോഴാണ് ഒരു പതിനേഴുകാരി സുന്ദരിക്കുട്ടിയെ തലയിൽ പൊട്ടലുമായി കൊണ്ടു വന്നത്. ആ മുറിവിൽ മൂന്ന് നാല് സ്റ്റിച്ച് ഇട്ടു നിൽക്കുമ്പോഴാണ് വാർഡ് മെമ്പറുടെ വരവ്. അദ്ദേഹത്തിന്‍റെ ആരോ ആണത്രേ ഈ കുട്ടി. വന്ന ഉടനെ മെമ്പർ കുട്ടപ്പനോട് ചോദിച്ചു.

“എത്ര മുറിയാ ഉള്ളത്?” കുട്ടപ്പൻ ക്ഷീണമെല്ലാം മറന്ന് പറഞ്ഞു. “രണ്ട് മുറി, ഒരു സിറ്റ്ഔട്ട്, ഒരു അടുക്കള, ചെറിയൊരു വർക്ക് ഏരിയ, ഒരു ബാത്ത് റൂമും.” വാർഡ് മെമ്പർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുട്ടപ്പന്‍റെ വീടിന്‍റെ കാര്യമല്ല ഞാൻ ചോദിച്ചത്.” അപ്പോ കുട്ടപ്പൻ പറഞ്ഞു.

“അല്ലാ വീടുപണി എന്തായി എന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോ മെമ്പർ ചോദിച്ചതല്ലേ… അപ്പൊ എന്‍റെ വീടിന്‍റെ മുറിയുടെ കാര്യമാകും ചോദിച്ചതെന്ന് ഞാൻ കരുതി.” തലയിൽ സ്റ്റിച്ചിട്ട് വേദനയോടെ ഇരിക്കുന്ന സുന്ദരി പതിനേഴുകാരി വരെ പൊട്ടിച്ചിരിച്ചു പോയി.

വേറൊരിക്കൽ, അന്ന് മഴക്കാലമായിരുന്നു. ഈ പ്രായമായ ആൾക്കാരെ അധികവും മഴക്കാലത്താണ് അസുഖബാധിതരായി ആശുപത്രിയിലേക്ക് കൊണ്ടു വരുന്നത്. അതും മിക്കവാറും സന്ധ്യ കഴിഞ്ഞാവും കൊണ്ടു വരുന്നത്. അങ്ങനെ ഒരു ദിവസം ഒരു തൊണ്ണൂറു വയസ്സായ സ്ത്രീയെ കുട്ടപ്പന്‍റെ ഭാഷയിൽ പറഞ്ഞാൽ ഒരു അമ്മായിയെ ബന്ധുക്കൾ കൊണ്ടു വന്നു. ശ്വാസം മുട്ടായിരുന്നു ആ അമ്മായിക്ക്. ഉടൻ തന്നെ ഓക്സിജൻ കൊടുക്കുകയും മറ്റുകാര്യങ്ങൾ ഒക്കെ ചെയ്‌തുവെങ്കിലും അമ്മായി മരിച്ചു പോയി. ബന്ധുക്കളിൽ രണ്ടുപേർ കുട്ടപ്പനോട് ചോദിച്ചു. “ആശുപത്രിയിൽ കിടന്ന് മരിച്ചെങ്കിൽ എന്താ സാധാരണ ചെയ്യാ…?”

കുട്ടപ്പൻ പറഞ്ഞു “ആശുപത്രിയിൽ കിടന്ന് ഒരാൾ മരിച്ചാൽ സാധാരണ ഡെത്ത് കെയർ ചെയ്യും. പിന്നെ ബോഡിയും നിങ്ങൾക്ക് തന്നെ തിരിച്ചു തരും. ഇവിടെ ആരുമിത് എടുക്കില്ല. ഞങ്ങൾക്ക് അതിന്‍റെ ആവശ്യമില്ല.”

“എന്താ ഈ ഡെത്ത് കെയർ എന്ന് പറഞ്ഞാൽ?” കൂട്ടത്തിലൊരുത്തൻ ചോദിച്ചു. വല്ല പൈസയോ മറ്റോ കിട്ടുന്ന പരിപാടിയാണെന്ന് പുള്ളി കരുതിയിട്ടുണ്ടാകും. ചോദ്യത്തിലെ ആകാംക്ഷ അതാണ് സൂചിപ്പിക്കുന്നത്.

അപ്പൊ കുട്ടപ്പൻ പറഞ്ഞു “ഡെത്ത് കെയർ എന്ന് പറഞ്ഞാൽ, ബോഡിയുടെ മൂക്കിൽ പഞ്ഞി വച്ച് കാല് കൂട്ടി കെട്ടുക. തലയും കെട്ടുക. ഇത്രേയുള്ളൂ…” ഇതൊക്കെ കുട്ടപ്പൻ പറയുന്നത് അത്രയും നർമ്മം കലർന്നിട്ടാണ് എന്നാൽ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയുമാണ്. പക്ഷേ കേട്ടു നിൽക്കുന്നവരാകട്ടെ ചിരിച്ചു മരിക്കുകയും ചെയ്യും. ഈ അമ്മായിയുടെ ബന്ധുക്കളുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.

ഇങ്ങനെ നർമ്മബോധം ഉള്ളതു കൊണ്ട് തന്നെ ആശുപത്രിയിൽ എത്ര തന്നെ പ്രകോപനപരമായ പ്രശ്നങ്ങൾ ഉണ്ടായാലും പ്രത്യേകിച്ച് കാഷ്വാലിറ്റിയിൽ അവിടെ കുട്ടപ്പേട്ടൻ ഉണ്ടെങ്കിൽ ഞങ്ങൾക്കൊക്കെ വലിയ സമാധാനമാണെന്ന് ശ്രീ പാർവതി ഡോക്ടറും മറ്റ് സ്റ്റാഫുകളും പറയുന്നത്.

അങ്ങനെ ആശുപത്രി കഥകൾ ഭാര്യയോടും മക്കളോടും പറഞ്ഞു ചിരിക്കുന്നതിനിടയിൽ ആരൊക്കെയോ വീട്ടിലേക്ക് വരുന്ന കാൽപ്പെരുമാറ്റം കുട്ടപ്പേട്ടൻ കേട്ടു. ചെന്നു നോക്കിയപ്പോൾ പൗരസമിതിയും ആ പ്രദേശത്തെ ബാങ്ക് മാനേജറും.

ഏറ്റവും മുന്നിൽ കുട്ടപ്പൻ ദൈവത്തെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഡോക്ടറും. അവർ ഓടിവന്ന് കുട്ടപ്പനെ ആലിംഗനം ചെയ്‌തു പറഞ്ഞു. “താനാണ് യഥാർത്ഥ ദൈവം. കുട്ടപ്പാ താങ്കളുടെ ഹൃദയശുദ്ധി സാക്ഷാൽ ഈശ്വരൻ അറിഞ്ഞു. ഈ വർഷത്തെ ഓണം ബംബർ കുട്ടപ്പന് കിട്ടിയിരിക്കുന്നു.” ഇതുകേട്ട് കുട്ടപ്പനും ഭാര്യയും മക്കളും സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു.

എല്ലാം കേട്ട് കിടന്നിരുന്ന കോരു മാഷും നാണിയമ്മയും പരസ്പരം നോക്കി പറഞ്ഞു. ജീവിതത്തിൽ അവസരങ്ങൾക്കും സമ്പത്തിനും വേണ്ടി പ്രവർത്തിക്കരുത്. വൃത്തിയുള്ള പാത്രത്തിലേ ഈശ്വരൻ ഭിക്ഷ തരൂ.

അമ്മായിഅമ്മാ കീ… ജയ്…

ജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ ശ്രീമതിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ട്. അതെനിക്കൊരു സൂചനയാണ്. താമസിയാതെ ഒരു പേമാരി പെയ്യും. അസുഖകരമായ എന്തോ ഒന്ന് ശ്രവിക്കേണ്ടി വരുമെന്നു സാരം. ഇത്തവണയും ആ ധാരണ തെറ്റിയില്ല.

“മമ്മി വന്നിട്ടുണ്ട്.” പാൽപായസം കുടിച്ച തൃപ്തിയോടെ അവൾ പറഞ്ഞു. ഇടിത്തീ വീണ പോലെ ഞാനതു കേട്ടു നിന്നു.

ഒഹ്! അപ്പോ അതാണ് കാര്യം. അവളുടെ മമ്മി, എന്‍റെ അമ്മിയഅമ്മ സ്ഥലത്ത് ലാന്‍റ് ചെയ്തിട്ടുണ്ട്. യുദ്ധം മുന്നിൽ കണ്ട സൈനികന്‍റേതു പോലെ ഞാൻ മനസ്സിനെ ദൃഢപ്പെടുത്തി.

“പിന്നെ…. ആരൊക്കെ വന്നിട്ടുണ്ട്.” മുഖത്ത് കൃത്രിമ പുഞ്ചിരി വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

“മമ്മി മാത്രമേ വന്നിട്ടുള്ളൂ” ശ്രീമതി മുമ്പെങ്ങും ചിണുങ്ങി കണ്ടിട്ടില്ല.

“പക്ഷേ ലഗ്ഗേജ് ഒരുപാടു കാണുന്നുണ്ടല്ലോ. സത്യം പറയ്, കൂടെ വേറെ ആരാ ഉള്ളത്.” മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ലഗ്ഗേജിലേക്ക് ഞാൻ അലക്ഷ്യമായൊന്നു നോക്കി.

“നിങ്ങളാണെ സത്യം. മമ്മി ഒറ്റയ്ക്കേയുള്ളൂ.” നിന്നെ സമ്മതിക്കണം. സത്യമിടുമ്പോഴും എന്നെ തന്നെ ബലിയാടാക്കി വേണം ഇല്ലേ. നുണയാണ് പറയുന്നതെങ്കിൽ എന്‍റെ തലയല്ലേ തെറിക്കൂ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

ഞങ്ങളുടെ സംസാരം കേട്ടാവണം മുറിയിൽ നിന്നാരോ ഇറങ്ങി വന്നു. വീണ്ടും മുറിയിലേക്ക് മടങ്ങി പോവുന്നതു കണ്ട് ഞാൻ തൊല്ലൊരു പരിഭവത്തോടെ ശ്രീമതിയെ നോക്കി.

“ഓഹോ, നിന്‍റെ മമ്മി മാത്രമേ വന്നിട്ടുള്ളുവെന്ന് എന്നോടു നുണ പറഞ്ഞതാണല്ലേ.”

“അല്ല ഞാൻ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്.” ശ്രീമതി എന്നെ തുറിച്ചു നോക്കി. ഞങ്ങളുടെ ഈ തർക്കത്തിനിടയിൽ പെട്ടെന്ന് അമ്മായിഅമ്മ ഒരു പൊതിയുമായി പുറത്തേക്കു വന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ്  അവരെനിക്ക് നൽകി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവർ പണ്ടത്തേതിലും ചെറുപ്പമായിരിക്കുന്നുവെന്നു മാത്രമല്ല വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെ വല്ലാത്ത മാറ്റം വന്നിരിക്കുന്നു.

“അല്ല, എനിക്ക് മനസ്സിലായില്ല. ക്ഷമിക്കണം.” ഇതുതന്നെയാണ് താനും പ്രതീക്ഷിച്ചത് എന്ന മട്ടിൽ അമ്മായിഅമ്മയും വെളുക്കെ ചിരിച്ചു.

എന്തു സംസാരിക്കണമെന്നറിയാതെ പരുങ്ങി നിൽക്കുന്ന എന്നെ കണ്ട് ശ്രീമതി പെട്ടെന്ന് തന്നെ ടേബിളിൽ പ്രാതൽ വിഭവങ്ങൾ നിരത്തി.

“നോ… നോ… ഇതൊന്നും വേണ്ട. ഞാൻ ഇപ്പോൾ കലോറി കോൺഷ്യസ്സാണ്. ഈ എണ്ണ വിഭവങ്ങളൊന്നും എനിക്ക് വേണ്ട. എനിക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും മാത്രം മതി.”

“അല്ല, എന്താ ഇതിന്‍റെയൊക്കെ അർത്ഥം?” ശ്രീമതിയോടു തനിച്ചു സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ചോദിക്കാനൊരുങ്ങിയതാണ്. എന്‍റെ മുഖഭാവം വായിച്ചറിഞ്ഞാവണം ശ്രീമതി എന്നോടു ചോദിച്ചു.

“അല്ല. നിങ്ങൾക്കെന്തൊക്കെയാണ് അറിയേണ്ടത്?”

“നിന്‍റെ മമ്മിയെ കണ്ടിട്ട് ഒട്ടും മനസ്സിലായില്ല. ഇത്രയ്ക്കങ്ങ് മാറാൻ…” എന്‍റെ ചോദ്യങ്ങളും ആശങ്ക നിറഞ്ഞ മുഖവും കണ്ട് അവൾ പൊട്ടിച്ചിരിച്ചു.

“എന്‍റെ പപ്പ എത്ര കണിശസ്വഭാവക്കാരനായിരുന്നുവെന്ന കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ. അടങ്ങിയൊതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു മമ്മിയുടേത്. വീട്ടുജോലികൾ ചെയ്യുക. ഭക്ഷണമുണ്ടാക്കുക, അമ്മായിഅച്ഛനേയും അമ്മായിഅമ്മയേയും ശുശ്രൂഷിക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക എല്ലാവരും ഉറങ്ങിയ ശേഷം ഉറങ്ങാൻ പോവുക എന്നു വേണ്ട എന്തെല്ലാം ചിട്ടവട്ടങ്ങളായിരുന്നു വീട്ടിൽ.

“എന്നാൽ അമ്മയുടെ വീട്ടുകാർ ശരിക്കും മോഡേണാണ്. കലാപരമായ അഭിരുചികളുള്ളവർ. അമ്മയ്ക്കും നൃത്തത്തിൽ നല്ല ക്രേസ്സാണ്. പക്ഷേ പപ്പയുടെ വീട്ടിൽ വന്നതോടെ ഇതിനും ഒരു ഫുൾസ്റ്റോപ്പ് വീണു. മമ്മി കേവലമൊരു മൺപ്രതിമ പോലെയായി തീർന്നു. മനസ്സിനിഷ്ടമില്ലാത്തത് എന്തൊക്കെയോ സഹിച്ച് ഇങ്ങനെ ജീവിക്കുന്നു.”

“പപ്പയുടെ മരണശേഷമാണ് മമ്മിയൊന്നു ഫ്രീയായതു തന്നെ. പിന്നീട് മമ്മിയെ തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിർത്താൻ പപ്പയുടെ വീട്ടുകാർ നടത്തിയ ശ്രമവും വിജയിച്ചില്ല.

“ഞങ്ങളെയൊക്കെ വിവാഹം കഴിപ്പിച്ചയച്ചു. അപ്പോഴേക്കും മമ്മിയ്ക്ക് പ്രായമൊരുപാടായി.”

“ഇത്രയും നാൾ ഞാൻ മറ്റുളള്ളവർക്കുവേണ്ടി ജീവിച്ചു. ഇനിയുള്ള ദിവസങ്ങളെങ്കിലും എനിക്കുവേണ്ടി ജീവിക്കണം. അതിപ്പോ മറ്റുള്ളവരെ സംബന്ധിച്ച് നല്ലതോ മോശമോ അവട്ടെ.” ഒരു ദിവസം മമ്മി ഇതേപ്പറ്റി അഭിപ്രായം ചോദിച്ചു.

“അതിനെന്താ മമ്മി. മമ്മിയ്ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമല്ലോ.” ഞാനും പറഞ്ഞു.

ഞാൻ പറഞ്ഞതു തെറ്റാണോ ചേട്ടാ? ഉത്തരം മുട്ടിക്കുന്ന ചോദ്യശരം അവൾ എനിക്ക് നേരെ തൊടുത്തുവിട്ടു.

“ഇല്ലേയില്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അധികാരം എല്ലാവർക്കുമുണ്ട്.”

എന്‍റെ മറുപടി നന്നേ ബോധിച്ചതു കൊണ്ടാവണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാരറ്റ് ഹൽവ ഉണ്ടാക്കാൻ അവൾ അടുക്കളയിലേക്കോടി.

കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതം കേട്ടുകൊണ്ടാണ് ഞാൻ പിറ്റേന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. അമ്മായി അമ്മ സംഗീതത്തിന്‍റെ താളത്തിനൊപ്പം വ്യായാമം ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പതറി നിൽക്കുമ്പോൾ ശ്രീമതി എന്‍റെ അടുത്തെത്തി ചെവിയിൽ മന്ത്രിച്ചു.

“മമ്മിയെക്കണ്ടോ? ശരിക്കും ക്യൂട്ടാ ഇല്ലേ?”

“നിനക്കും അതുപോലെ എക്സർസൈസ് ചെയ്തുകൂടെ?”

“ഷട്ട് അപ്പ്?”

“എന്താ?”

“അത് എക്സർസൈസല്ല ഏയ്റോബിക്സാണ്.”

ഒരു പിറുപിറുപ്പോടെ അവൾ അകത്തേക്കു പോയി. അമ്മായിഅമ്മ വന്നതിൽ പിന്നെ ഡൈനിംഗ് ടേബിളിൽ എന്നും വിവിധതരം ഡ്രൈ ഫ്രൂട്ട്സും കാണാൻ തുടങ്ങി. ഇവളുടെ മമ്മി ഇവിടെ എത്ര ദിവസം കാണുമോ എന്തോ?

ഒരാഴ്ച നിന്നാൽ എന്‍റെ ബജറ്റ് അവതാളത്തിലായതുതന്നെ.

വെറും 10 ദിവസം കൊണ്ട് ഒരു മാസത്തെ ബജറ്റാണ് തകിടം മറിഞ്ഞത്. ഒരു ഗ്യാസ് സിലണ്ടറിന്‍റെ സ്ഥാനത്ത് രണ്ടെണ്ണം വേണ്ടി വന്നു. ദിവസം ചെല്ലുന്തോറും എന്‍റെ മുഖം അളിഞ്ഞ ഓറഞ്ച് മാതിരി ചുളുങ്ങി വന്നു. അമ്മായിഅമ്മയുടേതാകട്ടെ വിടർന്ന റോസാപ്പൂ മാതിരിയും!

ഒരു ദിവസം പത്രത്താളുകൾ മറിയ്ക്കുന്നതിനിടയ്ക്ക് ഞാനൊന്നു ഞെട്ടി. ഒരു നിലവിളിയോടെ ഞാൻ അമ്മായി അമ്മയുടെ മുറി ലക്ഷ്യമാക്കി ഓടി ഭ്രാന്തുപിടിച്ചുള്ള എന്‍റെ ഓട്ടവും നിലവിളിയും കേട്ട് യുദ്ധക്കളത്തിലെ സൈനികനെ പോലെ ശ്രീമതിയും എനിക്കു പിന്നാലെ പാഞ്ഞെത്തി.

അമ്മായിഅമ്മ കണ്ണുകൾ അടച്ച് ധ്യാനമഗ്നയായിരിക്കുകയാണ്. “മമ്മിച്ചി” അമ്മായിഅമ്മയെ സംബോധന ചെയ്യണ്ടേ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നതിനാൽ എന്താണ് വിളിക്കേണ്ടതെന്ന വെപ്രാളത്തിൽ വിളിച്ചുപോയതാണ്.

അവർ സാവകാശം കണ്ണ് തുറന്നു. ബുദ്ധഭഗവാന്‍റെ മുഖത്തെ ചെറുപുഞ്ചിരി നിറഞ്ഞ മുഖഭാവം.

“എന്താ..മോനെ”

ആശ്ചര്യവും സന്തോഷവും അടക്കാനാവാതെ ഞാൻ കൈവശമുണ്ടായിരുന്ന പത്രം അവർക്ക് നൽകി. ആദ്യപേജിൽ അമ്മായി അമ്മ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന ചിത്രം. ഒരു ചെറിയ അഭിമുഖവും.

“മമ്മി എന്താത്” ശ്രീമതിയ്ക്കും ആശ്ചര്യം.

“മോളെ, നീയൊന്നടങ്ങ്. സുഖവും ദു:ഖവും ഒരുപോലെ സ്വീകരിക്കണം.”

“പക്ഷേ മമ്മി ഈ സമ്മാനം?”

“ങും… ഒരു മത്സരമുണ്ടായിരുന്നു.”

“പ്രായമായ സ്ത്രീകൾ ഏയ്റോബിക്സ്, വ്യായാമം, നൃത്തം, യോഗ എന്നിവയിലൂടെ പ്രായത്തെ എങ്ങനെ കടിഞ്ഞാണിടുന്നു എന്നു തെളിയിക്കാനുള്ള ഒരു കോംപറ്റീഷൻ. സെലക്ഷൻ കിട്ടിയില്ലെങ്കിൽ നിങ്ങൾ എന്നെ പരിഹസിക്കുമല്ലോ എന്നു കരുതി പറയാതിരുന്നതാണ്. രഹസ്യമായാണ് ഞാൻ ഫോം പൂരിപ്പിച്ചത്. ഈ പട്ടണത്തിൽ വച്ചായിരുന്നു മത്സരം. അതുകൊണ്ട് വന്നതാണ്.”

“കൂട്ടത്തിൽ എനിക്കായിരുന്നു പ്രായക്കൂടുതൽ എന്നിരുന്നാലും മത്സരത്തിൽ ഫസ്റ്റാവാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ട്.” അമ്മായിഅമ്മ ഒരു ലക്ഷത്തിന്‍റെ ചെക്ക് എന്‍റെ നേരെ നീട്ടി.

“ഈ പണം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ എനിക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തു തന്നിട്ടുണ്ട്. അതിനുള്ള ചെറിയ സമ്മാനമാണിതെന്നു കൂട്ടിയാൽ മതി.”

അമ്മായിഅമ്മ സ്നേഹത്തോടെ ഞങ്ങളെ ആശിർവദിച്ചു. “വേണ്ട മമ്മി ഇതു മമ്മി തന്നെ കയ്യിൽ വച്ചോ. മമ്മിയ്ക്കെന്തെങ്കിലും ഉപകരിക്കും.” ശ്രീമതി പണം തിരികെ നൽകാനൊരുങ്ങി.

“ഇത്രയും നല്ല മരുമകനും മകളുമൊക്കെയുള്ള എനിക്കെന്തിനാ ഇത്രയധികം പണം. നിങ്ങളാണെന്‍റെ ധനം. ഞാനിന്നു വൈകിട്ടു തന്നെ മടങ്ങും. എനിക്കുള്ള ടിക്കറ്റും കൺഫേം ആയിട്ടുണ്ട്.” അമ്മായിഅമ്മ പറഞ്ഞു.

സത്യം പറയാമല്ലോ. അമ്മായിഅമ്മ മടങ്ങി പോവുന്നുവെന്നു കേട്ട് ഇത് ആദ്യമായിട്ടാണ് എന്‍റെ മനസ്സ് വേദനിച്ചത്. അമ്മായിഅമ്മയാണെങ്കിൽ ഇതുപോലെയാവണം.

കൊച്ചു കൊച്ചു പരീക്ഷണങ്ങൾ

ഇന്ന് ഓഫീസിൽ പോകണ്ട, ഒരിടം വരെ പോകാനുണ്ട്.” അമ്മയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഉത്സാഹം.

ഞാൻ ആകാംക്ഷയോടെ അമ്മയെ നോക്കി.

“ബ്യൂട്ടീഷ്യൻ കോഴ്‌സ് ചെയ്‌തിട്ടുണ്ടെന്നാണ് ഭവാനിയേടത്തി പറഞ്ഞത്. നീ വേഗം തയ്യാറാവാൻ നോക്ക്.”

ഇത്രയും പറഞ്ഞ് അമ്മ തിടുക്കത്തിൽ മുറി വിട്ടിറങ്ങി.

ഒഹ്! അപ്പോ അതാണ് കാര്യം. അടുത്ത പെണ്ണുകാണൽ ചടങ്ങിനുള്ള സമയമായി. പറഞ്ഞ സമയത്തു തന്നെ ഞങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തി.

“സുന്ദരിക്കുട്ടി” അമ്മ എന്‍റെ കാതിൽ പിറുപിറുത്തു. എനിക്കും വീട്ടുകാർക്കും പെൺകുട്ടിയെ നന്നേ ബോധിച്ചു.

പിറ്റേന്നു കോളനിക്കാരും ഒന്നു രണ്ടു പരിചയക്കാരും പെണ്ണു കാണൽ ചടങ്ങിന്‍റെ വിശേഷങ്ങളറിയാൻ വീട്ടിലെത്തി. ഭാവി മരുമകളുടെ സൗന്ദര്യത്തെക്കുറിച്ച് അമ്മ വാതോരാതെ സംസാരിച്ചു.

“കാര്യമൊക്കെ ശരിയായിരിക്കാം. സൗന്ദര്യം കൂടിയാലും പ്രശ്നമാണേ, മകനെ അവൾ ചൊൽപ്പടിയ്‌ക്ക് നിർത്താതെ നോക്കണം.”

അമ്മയുടെ പുകഴ്‌ത്തൽ പൊങ്ങച്ചത്തിലേയ്‌ക്ക് വഴി മാറുന്നതു കണ്ട് കൂട്ടത്തിൽ ഒരുത്തി വിലക്കി. പറഞ്ഞതു സത്യമാണെന്ന് തെളിയിക്കാൻ നടന്ന ചില സംഭവങ്ങളും നിരത്തി.

ഇതൊക്കെ കേട്ട് ഞാൻ ചെറുതായൊന്നു പതറി. പാറക്കല്ലു പോലെ അമ്മയ്‌ക്കൊരു കുലുക്കവുമില്ല. അസൂയക്കാർ പലതും പറയും. അതു ഒരു ചെവി കൊണ്ട് കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് കളയണം. ഏഷണിക്കാരുടെ അഭിപ്രായമൊക്കെ അമ്മ അപ്പോഴെ ചിരിച്ചു തള്ളി.

അധികം താമസിയാതെ അമ്മയും അയൽക്കാരും തമ്മിലുള്ള വാഗ്‌വാദവും അവസാനിച്ചു. അമ്മയുടെ ബ്യൂട്ടീഷ്യൻ മരുമകൾ അതായത് എന്‍റെ ഭാര്യ ഐശ്വര്യത്തോടെ വീട്ടിൽ കാലെടുത്തു വച്ചു.

ഭാര്യയുടെ സൗന്ദര്യം കണ്ട് ലോകം കീഴടക്കിയ സന്തോഷമായിരുന്നു അന്നെനിക്ക്. ബന്ധുഗൃഹ സന്ദർശനവും ഹണിമൂണുമൊക്കെയായി ഒരാഴ്‌ചയങ്ങ് കടന്നു പോയി.

“ദേ ഒന്ന് പറഞ്ഞാട്ടെ” ഓഫീസിലേയ്‌ക്ക് പോകാനായി സ്‌ക്കൂട്ടർ സ്‌റ്റാർട്ട് ചെയ്യുന്നതിനിടയ്‌ക്ക് പിന്നിൽ നിന്നും ശ്രീമതിയുടെ കുയിൽ നാദം.

സ്‌ക്കൂട്ടർ കിക്ക് ചെയ്യുന്നതു നിർത്തി ആകാംക്ഷയോടെ ഞാൻ ശ്രീമതിയെ  നോക്കി.

“വേണ്ട പിന്നീടാവട്ടെ, വൈകിട്ട് ഓഫീസിൽ നിന്നും വന്നിട്ട് വിശദമായി പറയാം.” ആകാംക്ഷയ്‌ക്ക് വിരാമമിട്ടു കൊണ്ട് അവൾ പറഞ്ഞു.

സത്യത്തിൽ ഒരു ദിവസം മുഴുവനും മനസ്സിൽ കൊണ്ടു നടക്കാവുന്ന ചോദ്യത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് ശ്രീമതിയുണ്ടോ അറിയുന്നു. അന്ന് സ്വസ്‌ഥമായി ഓഫീസ് ജോലികൾ ചെയ്യാൻ സാധിച്ചില്ല.

അല്ലാ, അവൾ പറയാൻ വന്നതെന്താവും? എന്നു മാത്രമായിരുന്നു ആലോചന. പകൽ 2-3 തവണ ശ്രീമതി എന്‍റെ മൊബൈലിൽ വിളിച്ച് സംസാരിക്കുകയും ചെയ്‌തു. അപ്പോഴൊന്നും കാര്യം പറഞ്ഞില്ല. ചോദിച്ചപ്പോൾ മടങ്ങി വന്നിട്ടു പറയാം എന്നു മാത്രം പറഞ്ഞു.

വിവാഹത്തിന്‍റെ പുതുമോടി വിട്ടിട്ടില്ല. ഭാര്യ എന്താവും പറയാൻ വന്നിട്ടുണ്ടാവുക. വൈകിട്ട് ചായ കുടിക്കുന്നതിനിടയ്‌ക്ക് മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. ഭാര്യയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കിട്ടാതായപ്പോൾ ഗതികെട്ട് ഞാൻ തന്നെ ചോദ്യമെടുത്തിട്ടു.

“അല്ല, രാവിലെ എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട്…” തെല്ലൊരു ജാള്യതയോടെയാണ് ചോദിച്ചത്.

“ഒഹ്! അതോ?” അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.

“ചേട്ടന് ഈ മീശ ഒട്ടും ചേർച്ചയില്ല. ഇതില്ലെങ്കിൽ ചേട്ടനു ഒരു വയസ്സ് ഇളപ്പമേ തോന്നിക്കൂ. ക്ലീൻ ഷേവ് ചെയ്‌താൽ സ്‌മാർട്ട് ഹാൻസം ലുക്ക് കിട്ടും.” ശ്രീമതിയുടെ നിസ്സാര മട്ടിലുള്ള മറുപടി കേട്ട് പർവ്വതത്തിനു മുകളിൽ നിന്നു വീണയാളെ പോലെ ഞാൻ  നിലവിളിച്ചു.

“അയ്യോ.. വേണ്ട.. വേണ്ട!”

“അതുമാത്രം പറയരുത്, വർഷങ്ങളായി കൂടപ്പിറപ്പിനെ പോലെ കൊണ്ടു നടക്കുന്നതാ… വേണ്ട…” ഞാൻ ഒഴിയാൻ നോക്കി.

എന്‍റെ പ്രതികരണം കണ്ട് ശ്രീമതിയുടെ മുഖം ചുവന്നു.

ശ്രീമതിയെ പിണക്കരുതല്ലോ, ഞാൻ പലതും പറഞ്ഞ് രക്ഷപ്പെടാൻ നോക്കി.

“മീശ പുരുഷനു ഭൂഷണമല്ലേ, നല്ല പേഴ്സണാലിറ്റിയുള്ള ആളുകളെ കണ്ടിട്ടില്ലേ. മീശയാണവരുടെ ലക്ഷണം. സുന്ദരൻമാരായ സിനിമാ നടന്മാരെ മീശയില്ലാതെ ഒന്നാലോചിച്ചു നോക്കിക്കേ.” ഞാൻ പുച്‌ഛവും പരിഹാസവും മുഖത്ത് പ്രകടമാക്കി.

“അതൊക്കെ ശരിയായിരിക്കാം, പക്ഷേ ചേട്ടനു മീശയില്ലാത്തതാ ഭംഗി. ഞാൻ ഒരു ബ്യൂട്ടീഷ്യനല്ലേ. ഞാൻ സങ്കൽപ്പിച്ചു നോക്കി.” അവൾ വാശി പിടിച്ചു.

“നീയെന്തിനാ എന്നെക്കുറിച്ച് വേണ്ടാ ത്തതൊക്കെ സങ്കൽപ്പിക്കുന്നതെന്ന് ചോദിക്കാൻ തോന്നിയതാണ്. പക്ഷേ വേണ്ട.”

പുതുമോടി വിട്ടു മാറാത്ത ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താക്കന്മാർക്ക് ഇങ്ങനെയും ചില കോപ്രായങ്ങൾ കാട്ടേണ്ടി വരുമല്ലേ. ഒടുക്കം ജീവനു തുല്യം പരിപാലിച്ചിരുന്ന മീശ വടിച്ചു.

എന്നാൽ ശ്രീമതിയുടെ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠന പരീക്ഷണങ്ങളുടെ തുടക്കം മാത്രമായിരുന്നു ഇതെന്ന് വരും ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി.

ഒരാഴ്‌ച കടന്നു പോയി. അന്ന് ഓഫീസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ശ്രീമതി അണിഞ്ഞൊരുങ്ങി നിൽക്കുന്നു.

“ഇതെങ്ങോട്ടാ?” നെറ്റി തുടച്ചു കൊണ്ടു ഞാൻ ചോദിച്ചു.

“ങും… കാര്യമുണ്ട്, ഒരു ഷോപ്പിംഗ് പ്ലാൻ ചെയ്‌തിട്ടുണ്ട്.” അവൾ കുലുങ്ങി ച്ചിരിച്ചു.

“പേടിക്കണ്ടാ, നിങ്ങൾക്കു വേണ്ടി തന്നെയാ” ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലുള്ള എന്‍റെ നിൽപ്പു കണ്ട് അവളെന്നെ സമാധാനിപ്പിച്ചു.

അൽപസമയത്തിനുള്ളിൽ ഞങ്ങൾ നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളിലെത്തിച്ചേർന്നു. ശ്രീമതി എനിക്കു വേണ്ടി കുറെ ടീ ഷർട്ട്‌സും ജീൻസും സെലക്‌ട് ചെയ്‌തു.

“ഈ ചെക്ക് വരയൻ അയഞ്ഞു തൂങ്ങിയ ഷർട്ടുകളും പഴയ മോഡൽ പാന്‍റ്സും പണ്ടേ തൂക്കിയെറിയേണ്ടതാ. ദാ, ഇതൊന്നു ട്രൈ ചെയ്‌തു നോക്ക്.” അവൾ സെലക്‌ട് ചെയ്‌ത വസ്‌ത്രങ്ങൾ എന്നെ ഏൽപ്പിച്ചു.

ഇനിയെന്തൊക്കെ പരിഷ്‌കാരങ്ങളാണവോ ഇവൾ എന്നിൽ പരീക്ഷിക്കാൻ പോവുക. ട്രെയ്‌ൽ റൂമിലെ കണ്ണാടിയ്‌ക്കു മുന്നിൽ നിന്ന് ഞാൻ വിയർത്തു. പിന്നീട് ഫേഷ്യൽ, മുടി കറുപ്പിക്കൽ തുടങ്ങി പല മാറ്റങ്ങൾക്കും വശംവദനാകേണ്ടി വന്നു.

വിവാഹത്തിനു മുമ്പ് കണ്ട ആ ഞാനാണോ ഇത്. ഇടയ്‌ക്കിടയ്‌ക്ക് ഞാൻ എന്നോടു ചോദിച്ചു. ഇനി ആലോചിച്ചിട്ടും തല പുകച്ചിട്ടും കാര്യമില്ല. ശാസ്‌ത്രഞ്‌ജന്‍റെ മുന്നിൽ വന്നുപെട്ട എലിയെപ്പോലെയായി എന്‍റെ അവസ്‌ഥ. പരീക്ഷണങ്ങൾക്ക് മുന്നിൽ നിന്നു കൊടുക്കുക തന്നെ.

പക്ഷേ ഇതൊക്കെ എന്നിൽ മാത്രം ഒതുങ്ങി നിന്നിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇവൾ ഞങ്ങളെ സകുടുംബം സുന്ദന്മാരും സുന്ദരിമാരുമാക്കി മാറ്റുമെന്ന് പ്രതിജ്‌ഞയെടുത്തിട്ടുണ്ടാവും.

ഒരു ദിവസം ഓഫീസിൽ നിന്നും അൽപം നേരത്തെ വീട്ടിലെത്തി. ഡ്രോയിംഗ് റൂമിൽ ജീൻസ് ടോപ്പ് വേഷധാരിയായ ഒരു സ്‌ത്രീ. മുഖത്ത് ഫെയ്‌സ് പായ്‌ക്ക് ഇട്ടിട്ടുണ്ട്. കണ്ണുകൾക്ക് മീതെ വട്ടത്തിൽ അരിഞ്ഞ വെള്ളരിക്ക കഷണങ്ങൾ. പക്ഷേ അപരിചിതയല്ല, എനിക്കറിയാം. മുഖം തുടച്ച് വെള്ളരിക്കകഷണങ്ങൾ മാറ്റിയപ്പോൾ ആളെ ഞാൻ തിരിച്ചറിഞ്ഞു. അ… അയ്യോ .. അമ്മാ.. മുതലയെ പോലെ ഞാൻ വാ പിളർന്നു നിന്നു. പെറ്റതള്ളയെ പോലും തിരിച്ചറിയാൻ പറ്റാതെയുള്ള എന്‍റെ നിൽപ്പു കണ്ട് ശ്രീമതി കുലുങ്ങിച്ചിരിച്ചു.

“മമ്മി, ഞാൻ പറഞ്ഞില്ലേ… ഇനി ഹെൽത്ത് കൂടി ശ്രദ്ധിക്കണം.” ശ്രീമതി ഉപദേശിച്ചു.

“മമ്മിയ്‌ക്കിപ്പോൾ ഒരു പത്തു വയസ്സു കുറഞ്ഞതു പോലുണ്ട്. ഇനി മമ്മിയ്‌ക്ക് അപ്പുറത്തെ ചേച്ചിമാരെ ആന്‍റി എന്നു ധൈര്യമായി വിളിക്കാം.” ശ്രീമതി വീണ്ടും ചിരിച്ചു.

“ഒഹ്! എന്‍റെ കഴിഞ്ഞു, ഇപ്പോൾ അമ്മയുടേതാണ് ഊഴം അല്ലേ” ഞാൻ നെടുവീർപ്പിട്ടു.

ഞാൻ ചിന്തിച്ചതു ശരിയായി. അമ്മയുടെ ഊഴം കഴിഞ്ഞപ്പോൾ ബഹുമാന്യനായ അച്‌ഛനായി അവസരം. നെറുകും തല വരെ കഷണ്ടി കയറിയ അച്‌ഛനെ ഇപ്രായത്തിൽ ഇവളെങ്ങനെ മാറ്റുമെന്ന് ഞാൻ തലപുകഞ്ഞാലോചിച്ചു. ശ്രമിച്ചാൽ നടക്കാത്തതായെന്തുണ്ട്. ശ്രീമതി അതും തെളിയിച്ചു.

അയഞ്ഞ ജുബാ വസ്‌ത്രങ്ങൾ ഉപേക്ഷിച്ച് അച്‌ഛനും ജീൻസിലും ടീഷർട്ടിലും കയറിക്കൂടി. ചെരിപ്പിനു പകരം സ്‌പോർട്‌സ് ഷൂ. തലയിൽ അവശേഷിക്കുന്ന മുടിയിൽ കറുപ്പ് പടർന്നു പന്തലിച്ചു. ഒടുക്കം അമ്മേ… അച്‌ഛാ എന്നു വിളിച്ചിരുന്ന എനിക്ക് മമ്മി പപ്പാ എന്നു മാറ്റി വിളിക്കേണ്ടിയും വന്നു.

വയസ്സുകാലത്ത് ഒരിടത്ത് ഒതുങ്ങിയിരിക്കേണ്ടവരെ സ്‌ഥിരമായി കണ്ണാടിയ്‌ക്ക് മുന്നിൽ കൊണ്ട് പ്രതിഷ്‌ഠിച്ചു കളഞ്ഞു ഇവൾ.

ശ്രീമതിയുടെ സൗന്ദര്യ പരീക്ഷണങ്ങളുടെ കാറ്റ് പതിയെ കോളനിയിലും വീശാൻ തുടങ്ങി. കോളനിക്കാരിലും സൗന്ദര്യബോധം ഉണർന്നു. സ്‌ത്രീകൾ, പുരുഷന്മാർ, വൃദ്ധന്മാർ, യുവാക്കൾ എല്ലാവരും ചെറുപ്പം പിടിച്ചു കെട്ടാൻ ശ്രമം തുടങ്ങി. ശ്രീമതിയുടെ കൈകളിലെ ഏതു പരീക്ഷണത്തിനും അവർ തയ്യാറായി. എങ്ങനെയെങ്കിലും ചെറുപ്പമായാൽ മതി.

സുന്ദരന്മാരേയും സുന്ദരിമാരേയും മുട്ടാതെ കോളനിയിലൂടെ നടക്കാൻ വയ്യ എന്ന അവസ്‌ഥ.

ഫേഷ്യൽ, കട്ടിംഗ്, ത്രെഡിംഗ്, ബ്ലീച്ചിംഗ്, ബോഡി മസാജ്.. വീട് ഒരു ബ്യൂട്ടി പാർലറായി മാറുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ചുരുങ്ങിയത് രണ്ടു കസ്‌റ്റമേഴ്‌സെങ്കിലും കസേരയിൽ ഇടം പിടിച്ചിട്ടുണ്ടാവും.

ഒരു ചായ കിട്ടുമോ? ദയനീയമായ എന്‍റെ ചോദ്യം കേട്ട് ശ്രീമതി കുലുങ്ങിച്ചിരിച്ചു. ഈ വർക്ക് തീർക്കാൻ രണ്ടു കൈ പോരാ നാലു കൈയെങ്കിലും വേണം. ഒന്നു സഹായിക്ക് മനുഷ്യാ. അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.

സൈറയുടെ അമ്മ

വേണ്ട അമ്മി, ഞാനത് സമ്മതിക്കില്ല. എന്‍റെ കല്യാണത്തിന് സൗത്ത് ഹോളിലെ കടയിലെ വസ്‌ത്രമണിയണമെന്ന് അമ്മി സ്വപ്‌നത്തിൽ പോലും വിചാരിക്കരുത്. അമ്മിക്കറിയുമോ, ജെഫിന്‍റെ വീട്ടുകാർ എത്ര ധനികരാണെന്ന്? അവരുടേത് ഒരു കൂറ്റൻ ബംഗ്ലാവാണ്.” സൈറ സ്വരം അല്‌പം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“അറിയാം മോളേ, നീ ആഗ്രഹിക്കും പോലെയെ ഞാൻ ചെയ്യൂ.” സോയ ശബ്‌ദം താഴ്‌ത്തിക്കൊണ്ട് പറഞ്ഞു.

“ങ്‌ഹാ, ഒരു കാര്യവും കൂടിയുണ്ട്. അമ്മി ഒരു തുക്കട കട നടത്തുകയാണെന്ന് അവരോട് പറയരുത്. അമ്മി ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുകയാണെന്നാ ഞാനവരോട് പറഞ്ഞിരിക്കുന്നത്.”

സൈറ പറയുന്നതു കേട്ട് സോയ ദീർഘ നിശ്വാസമുതിർത്തു. 20 വർഷം

മുമ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തിയ തന്‍റെ കുടുംബത്തെ താങ്ങി നിർത്തിയത് ഈ കടയാണ്. ഇന്നത് മക്കൾക്ക് ഒരു നാണക്കേടാണ്. ഇന്നും അതെല്ലാം ഓർക്കുമ്പോൾ സോയയുടെ ഉള്ളിൽ ഒരു ഉൾക്കിടിലം അനുഭവപ്പെടും.

ഇർഫാനുമായുള്ള വിവാഹം നടന്നതും തുടർന്നുള്ള ജീവിതവും സോയയ്‌ക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. സഹാരൻപൂരിലെ ഒരു പെൺകുട്ടിയെ ലണ്ടനിൽ ഉദ്യോഗമുള്ള ഒരു യുവാവ് വിവാഹം ചെയ്യുകയെന്നത് ആ ഗ്രാമത്തെ സംബന്ധിച്ച് അഭിമാനകരമായിരുന്നു. വലിയ ആർഭാടത്തോടെയായിരുന്നു വിവാഹം.

ഇർഫാൻ 15 ദിവസം സോയയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങി. അതിനു ശേഷം സോയയുടെ അബ്ബ സോയയുടെ പാസ്‌പോർട്ടും വിസയും മറ്റും തയ്യാറാക്കാനായി നെട്ടോട്ടം പാഞ്ഞു നടന്നു. സോയയ്‌ക്ക് കൈ വന്ന ഭാഗ്യത്തിൽ അയൽപക്കത്തുള്ള അവളുടെ സമപ്രായ പെൺകുട്ടികൾക്ക് അവളോട് ചില്ലറ അസൂയയൊന്നുമല്ല തോന്നിയത്.

ലണ്ടനിൽ എത്തിയ ശേഷം സോയ അവിടുത്തെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കാൻ ഏറെ പണിപ്പെട്ടു. എബർഡീനിലുള്ള ചെറിയൊരു വീട്ടിലായിരുന്നു സോയയുടെയും ഇർഫാന്‍റെയും താമസം. ഇർഫാന് ലഭിച്ചിരുന്ന തുച്‌ഛമായ ശമ്പളം കൊണ്ട് ലണ്ടനിലെ ചെലവേറിയ ജീവിതം നയിക്കുക കഠിനമായിരുന്നു. പലപ്പോഴും പണമൊരു വലിയ പ്രശ്നമായി തീർന്നു. എങ്കിലും സോയയുടെ ബുദ്ധിയും കഴിവും മൂലം കുടുംബ ജീവിതം വലിയ അല്ലലും അലച്ചിലുമില്ലാതെ കടന്നു പോയിരുന്നു.

പരിമിതമായ ആ ജീവിത സാഹചര്യത്തിൽ രണ്ട് പേർക്ക് കഴിഞ്ഞു പോകാമായിരുന്നുവെങ്കിലും മൂന്നാമൊതൊരാളെ കൂടി ഉൾക്കൊള്ളാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. സൈറയുടെ വരവോടെ ഇർഫാൻ ഏറെക്കുറെ ഉദാസീനനായി. സന്തോഷത്തിന് പകരം അയാളുടെ മുഖത്ത് ദേഷ്യവും അസ്വസ്‌ഥതയും നിറഞ്ഞു. ഇർഫാന്‍റെ ശമ്പളം വീട്ടിലെ ആവശ്യങ്ങൾക്ക് തികഞ്ഞിരുന്നില്ലെങ്കിലും അവളെ പുറത്ത് ജോലിക്ക് അയയ്‌ക്കാൻ അയാൾ ഒട്ടും താൽപര്യപ്പെട്ടില്ല.

സൈറയ്‌ക്ക് മൂന്ന് വയസ്സും ഒമറിന് ഏട്ട് മാസവും പ്രായമുള്ളപ്പോഴാണ് കുടുംബ ഉത്തരവാദിത്തങ്ങൾ വഹിക്കാനാവില്ലെന്ന് പറഞ്ഞ് ഒരു ദിവസം ഇർഫാൻ വീട്ടിൽ നിന്നിറങ്ങി പോകുന്നത്. പിന്നീടൊരിക്കലും അയാൾ മടങ്ങി വന്നില്ല.

അന്നൊക്കെ വീട്ടിലുള്ള ഓരോ സാധനങ്ങൾ വിറ്റു പെറുക്കിയാണ് സോയ വീട്ടുചെലവ് കഴിച്ചിരുന്നത്. അത് കഴിഞ്ഞ് കടകളിൽ സെയിൽസ് ഗേളായി നിന്നും സോയ കുടുംബം പോറ്റാൻ പാടുപെട്ടു. കുട്ടികളെ സംരക്ഷിക്കാൻ കഴിയും വിധത്തിൽ സൗകര്യപ്രദമായ രീതിയിലാണ് സോയ ഓരോ ജോലിയും ചെയ്‌തിരുന്നത്. അതല്ലാതെ മറ്റെന്തെങ്കിലും ജോലിയ്‌ക്ക് പോയാൽ കുട്ടികളുടെ സംരക്ഷണം ഒരു പ്രശ്നമായി തീരും. അതുണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമായിരുന്നു.

“ജെഫിന്‍റെ അമ്മ ഡെറിഫോർഡ് റോഡിലുള്ള ഒരു കമ്പ്യൂട്ടർ കമ്പനിയിലാണ് ജോലി ചെയ്യുന്നത് അവന്‍റെ പപ്പ ഒരു എം.എൻ.സി. കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥനാണ്.” സൈറ പറഞ്ഞു.

സോയ ഒന്നും പറയാതെ കുറച്ചു നേരം അവളെ നോക്കി നിന്നു. സൗത്ത് ഹോളിലുള്ള കടയില്ലായിരുന്നുവെങ്കിൽ സൈറ എന്നെങ്കിലും ജെഫിനെ കണ്ടുമുട്ടുമായിരുന്നോ? സോയ ഓർത്തു.

ആറുമാസം മുമ്പ് ഒരു ദിവസം അവിചാരിതമായി സൈറ കടയിൽ വന്നപ്പോഴാണ് ജെഫിനെ കാണാനിടയായത്. ജെഫ് തൊട്ടടുത്ത് പൂട്ടിക്കിടക്കുന്ന കടയെക്കുറിച്ച് അന്വേഷിച്ച് വന്നപ്പോഴായിരുന്നുവത്.

“ഈ കട നിങ്ങളുടേയാണോ? ജെഫ് വളരെ വിനയപൂർവ്വം ചോദിച്ചു.

“അല്ല അല്ല.. ഞാനിവിടെ വെറുതെ വന്നതാ…” സൈറ വളരെ സങ്കോചത്തോടെയാണ് മറുപടി പറഞ്ഞത്.

കടയിൽ നിന്നും മടങ്ങി പോകുമ്പോൾ സൈറയെ വഴിയിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞ് ജെഫ് സൈറയെ ക്ഷണിക്കുകയും സൈറ ആ ക്ഷണം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അതായിരുന്നു ആ ബന്ധത്തിന്‍റെ തുടക്കം.

“ജെഫിന്‍റെ മുത്തച്‌ഛൻ ആന്‍റിക്ക് ഷോപ്പ് നടത്തുകയാണ്” സൈറ തെല്ലൊരു ആഹ്ലാദത്തോടെ പറഞ്ഞു.

“പഴയ വസ്‌തുക്കൾ വിൽക്കുന്ന കട ഞാനും നടത്തുന്നുണ്ടല്ലോ.” സോയ പൊടുന്നനെ പറഞ്ഞു.

“എന്ത് പഴയ സാധനം… പഴയ തുണിയല്ലേ.” തെല്ല് പരിഹാസത്തോടെയാണ് സൈറ അത് പറഞ്ഞതെങ്കിലും സോയയുടെ മനസിലത് വല്ലാത്ത വേദനയുണ്ടാക്കി.

വർഷങ്ങൾക്കു മുമ്പ് എങ്ങനെ ജീവിതം നയിക്കുമെന്നറിയാതെ പകച്ചിരുന്ന ആ നാളുകളെക്കുറിച്ച് സോയ വേദനയോടെ ഓർത്തു. ഒരു ദിവസം പാതിമനസ്സോടെ കൂട്ടികാരിക്കൊപ്പം ഫാഗൺ മാർക്കറ്റിൽ പോയതായിരുന്നു വഴിത്തിരിവായത്. കൂട്ടുകാരിക്ക് ഒരു ഈവനിംഗ് ഗൗൺ വാങ്ങാൻ പോയതായിരുന്നു അന്ന്. അവിടെ ചെന്ന് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സെക്കന്‍റ് സെയിൽ മാർക്കറ്റിൽ എന്തെല്ലാമാണ് വിൽക്കുന്നത് അതും കുറഞ്ഞ വിലയ്‌ക്ക്! ഉപയോഗിക്കാത്ത സമ്മാനങ്ങൾ, ഉപയോഗിച്ച വസ്‌ത്രങ്ങളും ചെരുപ്പുകളും സ്വറ്ററും അങ്ങനെ പലതും.

പിന്നെയൊട്ടും ആലോചിച്ചില്ല. സോയ സൗത്ത് ഹോളിൽ ഒരു കടയങ്ങ് വാടകയ്‌ക്ക് എടുത്തു. എല്ലാ വൈകുന്നേരങ്ങളിലും അവൾ ഫാഗൺ മാർക്കറ്റിൽ പോയി വസ്‌ത്രങ്ങൾ വാങ്ങി വന്നു. പിന്നെ അവ ഓരോന്നും കഴുകി ഉണക്കി ഇസ്‌തരിയിട്ടു പുതുപുത്തനാക്കി വിറ്റു. സോയയുടെ ബിസിനസ് വലിയ വിജയമായി. തുച്‌ഛമായ വിലയിലുള്ള വസ്‌ത്രങ്ങൾ പതിന്മടങ്ങ് വിലയിൽ വിറ്റു.

“അമ്മി, അമ്മി അവരുടെ വീട് കാണണം. നമ്മുടെ വീട് അവരുടെ വീടിന്‍റെ നാലിലൊന്നു പോലും വരില്ല.” സൈറ വലിയ ആവേശത്തിൽ പറഞ്ഞു.

മകളുടെ വാക്കുകളിലെ കടുത്ത നിന്ദ സോയയെ വല്ലാതെ വേദനിപ്പിച്ചു. സൈറയ്‌ക്കും ഓമറിനും സ്വന്തം കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാൻ യാതൊരു സങ്കോചവുമുണ്ടാകരുതെന്ന് വിചാരിച്ചാണ് ആയിരക്കണക്കിന് തുണി വാങ്ങി വിറ്റു കൊണ്ടിരുന്നത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്താണ് ഒരു ക്രിസ്‌ത്യാനിയെ വിവാഹം കഴിക്കുന്നതിനെ എതിർക്കാതിരുന്നതു പോലും.

ക്രിസ്‌ത്യൻ ആചാരമനുരിച്ചാണ് വിവാഹം നടത്താനിരിക്കുന്നതും, തുടർന്നുള്ള വിവാഹസൽക്കാരം ജെഫിന്‍റെ വീട്ടിൽ വെച്ചുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് ജെഫിന്‍റെ അമ്മ മുൻകൂട്ടി തന്നെസോയയോട് ചോദിച്ചിരുന്നു. വിവാഹ സൽക്കാരം ജെഫിന്‍റെ വീട്ടിൽ വെച്ച് നടത്തിയാലും അതിന്‍റെ ചെലവ് മുഴുവനും തങ്ങൾ വഹിക്കുമെന്ന് സോയ മറുപടിയും നൽകി.

“ഇനി നിനക്ക് ഈ കൊച്ചുവീട്ടിൽ അധികനാൾ കഴിയേണ്ടി വരില്ല.” സോയ സൈറയോട് പറഞ്ഞു.

“ഇല്ല അമ്മി, അമ്മി എനിക്കു വേണ്ടി എന്തെല്ലാമാണ് ചെയ്‌തത്” സൈറ തെല്ലൊരു സങ്കടത്തോടെ പറഞ്ഞു.

“പക്ഷേ ഞാൻ നിന്‍റെ സ്വന്തം അമ്മയാണെന്ന് പറയുന്നതിൽ നിനക്ക് നാണക്കേടുണ്ട് അല്ലേ.” സോയ ഇടയ്‌ക്കു കയറി പറഞ്ഞു.

“അമ്മി അങ്ങനെയല്ല.” എന്നു പറഞ്ഞു കൊണ്ട് സൈറ സോയയെ കെട്ടിപ്പിടിച്ചു. എല്ലാ അമ്മമാരേക്കാളിലും ഗ്രേറ്റാണ് എന്‍റെ? അമ്മ. ജെഫിന്‍റെ അമ്മയേക്കാളിലും സുന്ദരിയാണ് പക്ഷേ ആ കട.”

“കടയ്‌ക്കെന്താ കുഴപ്പം?”

“ങ്‌ഹും.” എന്നു മൂളിക്കൊണ്ട് സൈറ ചിരിക്കാൻ തുടങ്ങി.

മധ്യവർഗ്ഗ കുടുംബത്തിൽപ്പെട്ട ധാരാളം സ്‌ത്രീകൾ സോയയുടെ കടയിൽ വസ്‌ത്രങ്ങൾ വാങ്ങാനെത്തിയിരുന്നു. മാഡം ഗ്രാച്ചാകട്ടെ കടയിൽ നെറ്റഡ് ആയ ഡ്രസ്സുകൾ എപ്പോൾ കണ്ടാലും ഉടനടി അത് വാങ്ങിയിരുന്നു. കട തുടങ്ങിയിട്ട് വർഷങ്ങളായതിനാൽ ഓരോ കസ്‌റ്റമർമാരുടെയും നിറങ്ങളും അളവും ഇഷ്‌ടങ്ങളുമൊക്കെ സോയയ്‌ക്ക് മനഃപാഠമായിരുന്നു. അവർക്കെല്ലാം അതനുസരിച്ചുള്ള വസ്‌ത്രങ്ങൾ കൊണ്ടു വരാൻ അതിനാൽ അവരെപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരിൽ പലരും വിശേഷാവസരങ്ങൾ എത്തും മുമ്പ് തന്നെ തങ്ങൾക്കിണങ്ങുന്ന വസ്‌ത്രങ്ങൾ കൊണ്ടു വരാൻ സോയയെ മുൻക്കൂട്ടി വിളിച്ചറിയിക്കും. ഒരിക്കൽ ഒരു പത്രത്തിൽ മേയറിന്‍റെ വീട്ടിൽ നടന്ന പാർട്ടിയുടെ ചിത്രം അച്ചടിച്ചു വന്നു. അതിൽ സോയയുടെ കടയിൽ നിന്നുംവാങ്ങിയ വസ്‌ത്രം  ധരിച്ച് നിൽക്കുന്ന ഒരു കസ്‌റ്റമറിന്‍റെ ചിത്രവുമുണ്ടായിരുന്നു. കേവലം 15 പെൻസിന് വാങ്ങിയ ആ വസ്‌ത്രം ചില മോടിപ്പെടുത്ത ലുക്കൾക്കു ശേഷം 10 പൗണ്ടിനാണ് അന്ന് സോയ വിറ്റത്.

പണ്ട് സഹാറൻപൂരിൽ ആരുടെ വിവാഹം നടന്നാലും കൂട്ടുകാരികളുടെ വസ്‌ത്രങ്ങളും മറ്റും അലങ്കരിച്ചിരുന്നത് സോയയായിരുന്നു. സറാറയും കുർത്തിയിലുമൊക്കെ കസവു മുത്തുകളും വെച്ച് അലങ്കരിക്കുന്നതിൽ മിടുക്കിയായിരുന്നു സോയ. അതുകൊണ്ട് വിവാഹ വസ്‌ത്രങ്ങളും മറ്റും മോടിപ്പിടിപ്പിക്കാൻ ദൂര സ്‌ഥലങ്ങളിൽ നിന്നുവരെ സ്‌ത്രീകൾ സോയയെ തേടിയെത്തിയിരുന്നു.

“ക്രിസ്‌ത്യൻ രീതിയിലാവും വിവാഹം നടക്കുക. അമ്മിക്കറിയാമല്ലോ, അതുകൊണ്ട്? അമ്മി നല്ലൊരു ഈവനിംഗ് ഗൗൺ വാങ്ങണം. അവിടെ വരുന്ന സ്‌ത്രീകളെല്ലാവരും നല്ല വേഷങ്ങൾ അണിഞ്ഞാവും വരിക? അവർ ധനികരാണല്ലൊ. സൽവാറും സറാറയുമൊക്കെ അണിയുന്നത് മോശമാണ്.” സൈറ തെല്ലൊരുവിഷമത്തോടെ പറഞ്ഞു.

സൈറ പറഞ്ഞതനുസരിച്ച് സോയ തനിക്കണിയാനായി ഒരു ഗൗൺ തയ്യാറാക്കാൻ തീരുമാനിച്ചു. സൈറയെ അറിയിക്കാതെ അവൾ സ്വന്തം കടയിൽ നിന്നും ഒരു ഗൗൺ തെരഞ്ഞെടുത്തു. സ്വന്തം കടയിലെ വസ്‌ത്രങ്ങൾ പ്രത്യേകിച്ചും അവളുടെ വിവാഹത്തിന് അണിയാൻ സമ്മതിക്കുകയില്ലെന്ന് സോയയ്‌ക്ക് നന്നായി അറിയാമായിരുന്നു.

എന്നാൽ ഒരു നേരത്തെ ഉപയോഗത്തിന് പണം വെറുതെ കളയാൻ സോയ ഒട്ടും ഒരുക്കമല്ലായിരുന്നു. മാത്രവുമല്ല സമ്പന്ന ഗൃഹങ്ങളിലെ സ്‌ത്രീകൾ വരെ വിശേഷാവസരങ്ങൾക്ക് അണിയാൻ സോയയുടെ കടയിൽ നിന്നാണ് വസ്‌ത്രങ്ങൾ വാങ്ങിയിരുന്നത്. ആ നിലയ്‌ക്ക് മറ്റൊരു കടയിൽ നിന്നും വിലപിടിപ്പുള്ള വസ്‌ത്രം വാങ്ങി ധരിക്കുന്നതിനോട് സോയയ്‌ക്ക് യോജിക്കാനാവുമായിരുന്നില്ല.

ഏറെ നേരത്തെ ആലോചനകൾക്കൊടുവിൽ സോയ തനിക്കുവേണ്ടി ഒരു നീല നിറത്തിലുള്ള വസ്‌ത്രം തെരഞ്ഞെടുത്തു. കുറച്ചു ദിവസം മുമ്പ് ഫാഗൺ മാർക്കറ്റിൽ നിന്നും വാങ്ങിയതായിരുന്നുവത്. ധാരാളം നെറ്റുള്ളതും സങ്കീർണ്ണങ്ങളായ ഫാഷൻ ഡിസൈനുകളുള്ളതിനാൽ ആരും അത് വാങ്ങിയിരുന്നില്ല. സോയ അത് മുറിച്ച് തന്‍റെ അളവിന് അനുസരിച്ചുള്ളതാക്കി. ഡിസൈനുകളിൽ ചില്ലറ മാറ്റവും വരുത്തി. മുറിച്ചുമാറ്റിയ തുണിക്കഷണം കൊണ്ട് വെളുത്ത തൊപ്പിക്ക് ചുറ്റിലും മനോഹരങ്ങളായ തൊങ്ങലുകൾ തുന്നിച്ചേർത്തു.

വിവാഹശേഷം സൽക്കാരത്തിൽ പങ്കെടുക്കാനായി സോയ ജെഫിന്‍റെ വീട്ടിലെത്തി. അവിടുത്തെ പകിട്ടും മോടിയും കണ്ട് സോയ അദ്‌ഭുതം കൂറി. കൂറ്റൻ ബംഗ്ലാവിന് ചുറ്റിനും നിരനിരയായി വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു അതിൽ ചാർത്തിയിരുന്ന അലങ്കാര വിളക്കുകളുടെ ദീപപ്രഭയിൽ ബംഗ്ലാവും പരിസരവുമൊക്കെ സ്വർഗ്ഗഭൂമിയായി മാറിയതുപോലെ സോയയ്‌ക്ക് തോന്നി. മകൾക്ക് കൈവന്ന ഭാഗ്യത്തിൽ സോയ ഉള്ളാലെ സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തു. അപ്പോഴേക്കും ജെഫിന്‍റെ മമ്മ മെറിൻ സോയയ്‌ക്ക് അരികിലെത്തി.

“സോയ, കല്യാണം ഗംഭീരമായിരുന്നുവല്ലേ. സൈറ വിവാഹ വേഷത്തിൽ എത്ര സുന്ദരിയായിരുന്നുവെന്നോ! സ്വന്തം കുട്ടികളെയോർത്ത് നിങ്ങൾക്ക് അഭിമാനിക്കാം. കുട്ടികളെ തനിയെ വളർത്തി വലുതാക്കിക്കൊണ്ടു വരികയെന്നത് ചില്ലറ കാര്യമല്ല. സൈറ പറഞ്ഞ് അറിഞ്ഞിരുന്നു, നിങ്ങളുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ്… എനിക്ക് വിഷമമുണ്ട്.”

മെറീന്‍റെ വർത്തമാനത്തിൽ നിന്നും അവർ മാന്യയായ സ്‌ത്രീയാണെന്ന് തോന്നിച്ചു.

“എനിക്കത് സങ്കല്‌പിക്കാൻ പോലുമാവില്ല. വിദേശരാജ്യത്ത് ഭർത്താവിന്‍റെ അസാന്നിധ്യത്തിൽ കുട്ടികളെ തനിച്ച് വളർത്തിക്കൊണ്ടുവരിക… ഓർക്കാൻ കൂടി കഴിയില്ല. നിങ്ങൾ ബഹുമാന്യ തന്നെ. ഇതെല്ലാം എങ്ങനെ ചെയ്‌തു?

“വളരെ നന്ദി, മെറീൻ.” സോയ

വളരെ സന്തോഷവതിയായിരുന്നുവെങ്കിലും ഉള്ളിലെവിടെയോ ഒരു വേദനയും പടർന്നിരുന്നു. തന്‍റെ കസ്‌റ്റമർമാരിൽ ആരെങ്കിലും ജെഫിന്‍റെ ബന്ധുവായി ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു സോയ. പക്ഷേ ഭാഗ്യവശാൽ അങ്ങനെ സംഭവിച്ചില്ല.

പൊടുന്നനെ മെറീൻ സോയയുടെ കൈകോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

“സൈറ പറഞ്ഞിരുന്നു. നിങ്ങൾ ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുയാണെന്ന്. നല്ലൊരു പ്രൊഫഷനാണത്. നിങ്ങൾ അണിഞ്ഞിരിക്കുന്ന ഈ വേഷമുണ്ടല്ലോ എത്ര മനോഹരമാണെന്നോ. ഹിലയർ ബെല്ലിയിൽ നിന്നും വാങ്ങിയതായിരിക്കുമല്ലേ?”

സോയ നിശബ്‌ദയായി ശിരസ്സാട്ടി നിന്നു. “ഭയങ്കരം തന്നെ. നിങ്ങൾക്കിത് നന്നായി ഇണങ്ങുന്നുണ്ട്. നെറ്റ് ഡിസൈനിന് പുറമെ ഇത്ര കൃത്യമായി അളവിൽ ഡ്രസ്സുകൾ കിട്ടുമെന്നോ അതിനൊപ്പം ഹാറ്റ് കിട്ടുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. നിങ്ങൾക്കറിയാമോ.. എന്‍റെ കയ്യിലും ധാരാളം നെറ്റുള്ള ഒരു ഡ്രസ്സുണ്ടായിരുന്നു. ഇതേ നിറത്തിൽ പക്ഷേ നിറയെ നെറ്റായിരുന്നു. ഇപ്പോഴത്തെ ലേറ്റസ്‌റ്റ് ഫാഷനെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമല്ലോ.”

കുറച്ചു നേരത്തെ മൗനത്തെതുടർന്ന് മെറീൻ വീണ്ടും പറഞ്ഞു. “ങ്‌ഹാ ആ ഡ്രസ് ഞാനാർക്കോ കൊടുത്തെന്നാ തോന്നുന്നത്… കൃത്യമായി ഓർക്കുന്നില്ല.”

അതെ ഓർക്കുകയില്ല. സോയ നിഷ്‌കളങ്കമായ കണ്ണുകൾ ചിമ്മിക്കൊണ്ട് തന്‍റെ ഫാഷൻ വർക്കിനെയോർത്ത് പുഞ്ചിരി തൂകി നിന്നു അലങ്കാര വിളക്കുകളുടെ ദീപപ്രഭയിൽ അവർ ഏറെ സുന്ദരിയായി കാണപ്പെട്ടു.

സാഗരസംഗമം ഭാഗം- 26

അങ്ങിനെ അദ്ദേഹത്തിന്‍റെ ജോലി പോയി. കെമിസ്ട്രിയിൽ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ. അദ്ദേഹം തെരുവിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ട് ഉറ്റ സുഹൃത്തുക്കൾ പോലും എന്നെ കുറ്റപ്പെടുത്തി. എന്‍റെ നിസ്സഹായത അവരാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹം തെരുവിൽ അലയുമ്പോൾ ഞാൻ ജീവിതം ആഘോഷിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി അങ്ങനെയാണ് ഞാൻ അവരുടെ ശത്രുപക്ഷത്തായത്.

ഒരിക്കൽ ഡൽഹിയിലെ കോണാട്ട് പ്ലേസിൽ വച്ച് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തെക്കണ്ട് എന്‍റെ സമനില തെറ്റിയിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ച് ഒരു ഫക്കീറിന്‍റെ വേഷത്തിൽ അവിടെ എത്തിയതാണ്. അതു മനസ്സിലായപ്പോൾ ഞാനും ചിത്തഭ്രമം ബാധിച്ചവളെ പോലെയായിത്തീർന്നു. നരേട്ടനേയും, മക്കളേയും ജോലിയിലും ശ്രദ്ധിക്കാതെ കുറ്റബോധത്താൽ ഞാൻ ഉഴറി നടന്നു. അതുകണ്ട് സഹിക്കവയ്യാതെ നരേട്ടനും ഒരു മദ്യപാനിയായിത്തീർന്നു.

നിത്യവുമുള്ള ഞങ്ങളുടെ ശണ്ഠ കൂടൽ കണ്ട് മക്കൾ വഴിതെറ്റി. ഒടുവിൽ അവരെ നേർവഴിയ്ക്ക് കൊണ്ടു വരാനായി ഞങ്ങൾ ഒന്നു ചേർന്നു. മക്കളോടുള്ള ഞങ്ങളുടെ കടമകൾ ഞങ്ങളെ ഒന്നാക്കിത്തീർത്തു എന്നുവേണം പറയുവാൻ. അങ്ങിനെ ഫഹദ്സാറിനെ മനസ്സിൽ നിന്നും നിർബന്ധപൂർവ്വം എനിക്ക് പടിയിറക്കിവിടേണ്ടി വന്നു. എന്‍റെ മനസ്സിൽ നരേട്ടനു മാത്രം സ്‌ഥാനം നൽകി. പിന്നീടുള്ള ഞങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു. എന്നാൽ ഫഹദ്സാറിന്‍റെ ആത്മ – നൊമ്പരങ്ങൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അത് ഒന്നൊന്നായി ഞങ്ങളുടെ കുടുംബ – ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കി

ആദ്യം രാഹുലിനേയും പിന്നെ നരേട്ടനെയും എനിക്ക് നഷ്ടപ്പെട്ടു. ആർക്കു വേണ്ടിയാണോ ഞാൻ ഫഹദ്സാറിനെ മറന്നത് അവരെല്ലാം എന്നെ ഉപേക്ഷിച്ചു പോയി. ഭർത്താവ്… മക്കൾ ഇന്ന് ആരുമില്ലാതെ ഞാൻ ഏകയായിത്തീർന്നിരിക്കുന്നു. എല്ലാം ഫഹദ്സാറിനെ വേദനിപ്പിച്ചതിന്‍റെ പരിണതഫലമാകാം. എന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല അല്ലേ അരുൺ…

“ജീവിതം ഒരു വലിയ പാഠപുസ്തകമാണ് അല്ലേ മാഡം. ഗുണപാഠങ്ങൾ മാത്രം നിറഞ്ഞ ഒരു പുസ്തകം. തിക്തമായ ഓരോ അനുഭവവും ഓരോ ഗുണപാഠമാണ്. അത് കണ്ടറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവനെ ജീവിതം പൂർണ്ണമാകുന്നുള്ളൂ…” ആ വാക്കുകൾ ഹൃദയത്തിൽ എവിടെയോ ചെന്ന് തറച്ചു.

അരുൺ പറഞ്ഞത് എത്ര ശരിയാണ്. പലപ്പോഴും നമ്മൾ ഇരുട്ടിൽ തപ്പുകയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയാതെ… തെറ്റിൽ നിന്നും ശരിയെ വേർതിരിച്ചെടുക്കുന്നവനു മാത്രമേ ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കാനാവുകയുള്ളൂ. ഇന്നിപ്പോൾ ആ ശരി കണ്ടുപിടിക്കേണ്ടത് എന്‍റെ കർത്തവ്യമായിത്തീർന്നിരിക്കുന്നു. അതോർത്തപ്പോൾ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം മുമ്പിൽ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു പുതിയ പാത മുന്നിൽ നീണ്ടു കിടക്കുന്നതായും…

പിറ്റേന്ന് പുലരുമ്പോൾ ഒരു പുനഃജനിയ്ക്കായുള്ള പ്രേരണ മനസ്സിലുണർന്നിരുന്നു. നിറമുള്ള സ്വപ്നങ്ങൾ മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി. ആർക്കോവേണ്ടി കാത്തിരിക്കാൻ… എന്‍റെ മുഖത്തെ പ്രസന്നത കണ്ട് അരുൺ ചോദിച്ചു.

“എന്താ മാഡം?… ഇപ്പോൾ മാഡത്തിൽ ചില മാറ്റങ്ങൾ ഞാൻ കാണുന്നു…”

“അതെ അരുൺ… ഞാനിന്ന് സന്തോഷവതിയാണ്. ഒരു പുതിയ പ്രഭാതം ഞാൻ സ്വപ്നം കാണുന്നു. ചെയ്തുപോയ തെറ്റുകൾ തിരുത്തുവാൻ. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ എനിക്കാവുമെന്നു തോന്നുന്നു.” അൽപം നിർത്തി തുടർന്നു.

“ഈ ശ്രമത്തിൽ ഒരു മകനെപ്പോലെ അരുൺ എന്നെ പിന്തുണയ്ക്കുമെന്നു ഞാൻ വിശ്വസിയ്ക്കട്ടെ…”

അൽപം അവിശ്വസനീയതയോടെ അരുൺ ചോദിച്ചു. “എന്താ മാഡം? മാഡം എന്താണ് ഉദ്ദേശിക്കുന്നത്? മാഡം ശുഭസൂചകമായ എന്തോ ഒന്ന് പ്രതീക്ഷിക്കുന്നതു പോലെ…”

“ഞാൻ… ഞാൻ ഫഹദ്സാറിനെ തേടിപ്പിടിക്കുവാൻ പോകുന്നു അരുൺ, ആ കാലുകളിൽ വീണ് മാപ്പപേക്ഷിക്കുവാൻ… കഴിയുമെങ്കിൽ ഈ ജീവിതം ഒരുമിച്ച് പങ്കുവയ്ക്കുവാൻ… അങ്ങിനെ അദ്ദേഹത്തോടു ചെയ്‌തു പോയ കഠിനമായ അപരാധം തിരുത്തുവാൻ… എന്‍റെ മനസ്സു പറയുന്നു നമ്മൾ അദ്ദേഹത്തെ കണ്ടെത്തുമെന്ന്. എന്നാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം എനിക്കു സ്വസ്ഥത ലഭിക്കുകയില്ല അരുൺ. ഒരവസരം എനിക്കു വേണം അരുൺ… “നീ എന്‍റെ കൂടെ നിൽക്കുകയില്ലെ?…” ഒടുവിലത്തെ വാക്കുകൾ പറയുമ്പോൾ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി.

“മാഡം… വിഷമിക്കരുത്… ഏതു വിഷമ സന്ധിയിലും ഞാൻ മാഡത്തിന്‍റെ കൂടെ ഉണ്ടാകും. നമുക്ക് അദ്ദേഹത്തെ തേടി കണ്ടുപിടിക്കാം. ഒരു പക്ഷെ അദ്ദേഹം വിവാഹിതനല്ലെങ്കിൽ മാഡത്തിനെ അദ്ദേഹം സ്വീകരിക്കുക തന്നെ ചെയ്യും…”

“തീർച്ചയായും എന്നെ അദ്ദേഹം സ്വീകരിക്കും അരുൺ. എനിക്കുറപ്പുണ്ട്… അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് കേട്ടത്. ഇന്നും അദ്ദേഹം വിഭാര്യനായി കഴിയുന്നുവെങ്കിൽ അത് എന്നെ ഓർത്തു മാത്രമായിരിക്കും. ഞാനല്ലാതെ മറ്റൊരു ഭാര്യയെ അദ്ദേഹത്തിനു സങ്കൽപിക്കാൻ പോലുമാവുകയില്ല. അതദ്ദേഹം മുമ്പും പലപ്പോഴും പറഞ്ഞിട്ടുണ്ട്.” എന്‍റെ വാക്കുകൾ ഉറച്ചതായിരുന്നു അപ്പോൾ. പ്രതീക്ഷയുടെ നറും തിരിവെട്ടം എന്‍റെ മിഴികളിൽ തിളങ്ങി നിന്നു. ഒടുവിൽ എന്തോ ഓർത്ത് പറഞ്ഞു.

“ഒരു പക്ഷെ അദ്ദേഹം എന്നെ സ്വീകരിച്ചില്ലെങ്കിലും സാരമില്ല. ഒരുവട്ടം ആ കാലുകളിൽ വീണ് മാപ്പു ചോദിച്ചില്ലെങ്കിൽ പശ്ചാത്താപത്തിന്‍റെ കണ്ണുനീർ പുഷ്പങ്ങൾ കൊണ്ട് ആ കാലടികളെ അഭിഷേകം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയില്ല അരുൺ…”

“മാഡം… ഇങ്ങിനെയൊന്നും ചിന്തിയ്ക്കരുത്. നമുക്ക് ഇന്നു തന്നെ പോകാം. അദ്ദേഹത്തിന്‍റെ വീട് തെരഞ്ഞു കണ്ടുപിടിക്കാം. മാഡം തയ്യാറായിരുന്നോളൂ. ഞാൻ അങ്ങോട്ടു പോകുവാൻ ഒരു വണ്ടി കിട്ടുമോന്നു നോക്കട്ടെ…”

“ശരി അരുൺ… ഞാൻ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യട്ടെ. അതിനു മുമ്പ് മഞ്ജുവിനോടും മായയോടും എനിക്ക് യാത്ര പറയണം…”

ഞാൻ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു. മുറിയിലെത്തി ഹ്രസ്വമായ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു. അൽപം കഴിഞ്ഞ് തിരികെ ഡ്രോയിംഗ് റൂമിലെ ഹാളിലെത്തി. അവിടെ മായയും മഞ്ജുവും അവരുടെ മക്കളുമുണ്ടായിരുന്നു. എന്നെക്കണ്ടയുടനെ മായയുടെ മകൾ ആര്യ ഓടിയെത്തി എന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“വല്യമ്മ എങ്ങോട്ടോ യാത്ര പോവുകയാണെന്നു തോന്നുന്നു. ഈ വേഷത്തിൽ വല്യമ്മ ഏറെ സുന്ദരിയായിരിക്കുന്നു.” അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. വല്യമ്മ കോളേജിൽ വച്ച് പഠനമുൾപ്പെടെയുള്ള എല്ലാറ്റിനും മിടുക്കിയായിരുന്നുവെന്നും, ട്രോഫികൾ വാരിക്കൂട്ടിയിട്ടുണ്ടെന്നും അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്. സുന്ദരിയായ ഈ വല്യമ്മയെ കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ? എന്നാൽ ഇപ്പോൾ മാത്രമാണ് അതിനുള്ള അവസരം കൈവന്നത്… ഇത്രനാളും വല്യമ്മ എവിടെയായിരുന്നു?”

ആര്യമോളുടെ നിഷ്ക്കളങ്കമായ ചോദ്യത്തിനുത്തരം നൽകുവാൻ എനിക്കാകുമായിരുന്നില്ല. ഇത്രനാളും വിധിയുടെ കൈയ്യിലെ കളിപ്പാവയായി. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വല്യമ്മ, എന്നിക്കവളോടു പറഞ്ഞാലോ എന്നോർത്തു. എന്നാൽ അതിനു മുമ്പു തന്നെ മായ പറഞ്ഞു. “ശരിയാണ്… മീരചേച്ചി നമ്മൾ ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തു നോക്കി ഇവൾ പറയും മീര വല്യമ്മയെ കാണാൻ എത്ര സുന്ദരിയാണെന്ന്. മീര വല്യമ്മയുടെ ഛായ തനിക്കുമുണ്ടെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യും…” ആര്യയുടെ നിഷ്ക്കളങ്കമായ പ്രകടനങ്ങളും മായയുടെ വാക്കുകളും എന്നെ ഒട്ടൊന്ന് ഉത്സാഹഭരിതയാക്കി.

പെട്ടെന്ന് ആര്യ ഉത്സാഹത്തോടെ ചോദിച്ചു “മീര വല്യമ്മയുടെ ഛായ എനിക്കുമില്ലേ? മീര വല്യമ്മ തന്നെ പറയൂ… മീര വല്യമ്മയെപ്പോലെ, പഠനമുൾപ്പെടെ എല്ലാ ആക്റ്റിവിറ്റീസിലും ഞാനും കഴിവു തെളിയിച്ചിട്ടുണ്ട്…” ആര്യ അഭിമാനത്തോടെ പറഞ്ഞു.

അവളുടെ താടിപിടിച്ചുയർത്തി ഞാൻ പറഞ്ഞു. “ആര്യമോൾ എന്നെക്കാളും സുന്ദരിയും മിടുക്കിയുമാണല്ലോ…”

എന്‍റെ വാക്കുകൾ അവളെ ആഹ്ലാദഭരിതയാക്കി. അതുകേട്ടപ്പോൾ മഞ്ജുവിന്‍റെ മക്കളായ നിമിഷയ്ക്കും ശ്വേതയ്ക്കും സഹിച്ചില്ല. ഡിഗ്രിക്കാരികളായ അവർ ഇരുവരും പ്ലസ്ടുക്കാരിയായ ആര്യയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“ഉം… ഉം… പിന്നെ ഒരു സുന്ദരിക്കോത….ഞങ്ങൾക്കും കിട്ടിയിട്ടുണ്ട് വല്യമ്മയുടെ സൗന്ദര്യവും മിടുക്കും നിനക്കുമാത്രമല്ല… ഇല്ലേ വല്യമ്മേ…” അസൂയാലുക്കളായ അവരും എന്‍റെ അടുത്തെത്തി. അവരെ ഇരുവശവും ചേർത്തു പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും എന്‍റെ ഛായ കിട്ടിയിട്ടുണ്ട്. എന്‍റെ മാത്രമല്ല നിങ്ങളുടെ സുന്ദരികളായ അമ്മമാരുടേയും…”

“ഓ… വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാർക്കില്ല…” അവർ മൂവരും ചേർന്നു പറഞ്ഞു.

“എന്താ എല്ലാവരും ചേർന്ന് ഒരു വിവാദം. മീര വല്യമ്മയെ നിങ്ങളെന്താ തടഞ്ഞു നിർത്തിയിരിക്കുകയാണോ?” മായയുടെ ഭർത്താവ് ഡോ.മോഹനനായിരുന്നു അത്. അയാൾ ബാംഗ്ലൂരിൽ മായയോടൊപ്പം സ്വന്തം പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്കു ചെയ്യുന്നു.

“ഞങ്ങൾ മീര വല്യമ്മയുടെ സൗന്ദര്യത്തെപ്പറ്റിയും കഴിവുകളെപ്പറ്റിയും പറയുകയായിരുന്നു. ഞങ്ങൾ പറഞ്ഞതു ശരിയല്ലെ ഇളയച്ഛാ… മീര വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാർക്കില്ലല്ലോ?” നിമിഷയും ശ്വേതയും ചോദ്യഭാവത്തിൽ നോക്കി. “ഓ… ഇതാണോ വിഷയം… ഇത്തരമൊരു കാര്യത്തിൽ മറുപടി പറയാൻ ഞാനളല്ല… എന്തിനാ വീടിനു പുറത്താകുന്നത്?”

കുസൃതിച്ചിരിയോടെ മോഹൻ മായയെ നോക്കിപ്പറഞ്ഞു. മായ അൽപം പരിഭവത്തിൽ മുഖം വീർപ്പിച്ച് മോഹനനെ നോക്കി. പിന്നെ പറഞ്ഞു.

“അല്ലെങ്കിലും ഈ ആണുങ്ങൾക്ക് സ്വന്തം ഭാര്യയിൽ അത്ര സൗന്ദര്യവും കഴിവുമൊന്നും കാണാനാവുകയില്ല. മറ്റുള്ള പെണ്ണുങ്ങളെ തുറിച്ചു നോക്കി സൗന്ദര്യം ആസ്വദിക്കാനല്ലെ അവർക്കിഷ്ടം…”

“ഞാൻ പറഞ്ഞില്ലേ ചേച്ചീ… ഞാൻ അഭിപ്രായം പറഞ്ഞാൽ കുഴപ്പമാകുമെന്ന്. ഇപ്പോൾ നോക്കൂ ചേച്ചിയുടെ പ്രിയപ്പെട്ട അനുജത്തിയുടെ പരിഭവം പറച്ചിൽ…”

ആഹ്ലാദകരമായ ആ അന്തരീക്ഷം അൽപനേരത്തെയ്ക്കെങ്കിലും എന്‍റെ ദുഃഖങ്ങളെ അകറ്റി നിർത്തി. ഞാൻ പറയുവാൻ വന്ന കാര്യം തന്നെ മറന്നു പോയ മട്ടായി. ഇതിനിടയിൽ മായ എന്‍റെ അടുത്തെത്തി.

“സോറി ചേച്ചീ ഞാൻ മോഹനെ ഒന്ന് ഇരുത്തുവാൻ വേണ്ടി പറഞ്ഞതല്ലെ? അല്ലെങ്കിൽ നാളെ എന്‍റെ തലയിൽ കേറി ഭർത്താവു കളിക്കാൻ തുടങ്ങും. അതൊഴിവാക്കാൻ വേണ്ടി…”

അവിടെ കൂട്ടച്ചിരി മുഴങ്ങി. ഏതാനും ദിവസങ്ങൾ ദുഃഖം മാത്രം തളംകെട്ടി നിന്ന ഒരു ഗൃഹമായിരുന്നില്ല അപ്പോൾ അത്. ഒരു വീടിന്‍റെ നെടുംതൂണായ അമ്മ യാത്ര പറഞ്ഞു പോയ ഒരു മരണ വീടുമായിരുന്നില്ല. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു ചേരുമ്പോൾ സ്വാഭാവികമായി ഉളവാകുന്ന ആഹ്ലാദാന്തരീക്ഷം ആ വീട്ടിലും നിറഞ്ഞു നിന്നു. അൽപ നേരത്തേയ്ക്ക് അവരോടൊത്ത് ഉല്ലസിക്കുമ്പോൾ മറ്റെല്ലാം മറന്നു, ഞാൻ പറയുവാൻ വന്ന കാര്യം പോലും. പെട്ടെന്ന് മഞ്ജു ഗൗരവപൂർവ്വം പറഞ്ഞു. “മീര ചേച്ചി ഇവിടെ ഇരിക്കൂ. ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“എന്താ മഞ്ജു… എന്താണെങ്കിലും പറഞ്ഞോളൂ” ഒരു മുഖവുരയ്ക്കായി തപ്പുന്ന മഞ്ജുവിനോട് ഞാൻ പറഞ്ഞു. അടുത്ത നിമിഷം മായയും ഞങ്ങളുടെ സമീപമെത്തി.

“ചേച്ചിയ്ക്കറിയാമല്ലോ അമ്മ നമുക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു. ഇന്നിപ്പോൾ അമ്മ കടന്നു പോയിട്ട് ഇരുപതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അമ്മയുടെ ചിതാഭസ്മം കാശിയിൽ കൊണ്ടു പോയി ഗംഗയിലോ മറ്റോ ഒഴുക്കണം. അതിന് ആരാണ് പോകുന്നതെന്ന് തീർച്ചപ്പെടുത്തണം എനിക്കാണെങ്കിൽ തീരെ ലീവില്ല. ഞാൻ മറ്റന്നാൾ തിരിച്ചു പോവുകയാണ്. ഇപ്പോൾ തന്നെ ലീവ് വളരെയധികം എടുത്തിരിക്കുന്നു. ദിവാകരേട്ടന്‍റേയും ലീവ് തീർന്നിരിക്കുന്നു. പിന്നെ കുട്ടികൾ രണ്ടുപേരും എഞ്ചിനിയറിംഗിന് പഠിക്കുന്നതു കൊണ്ട് അവരുടേയും ക്ലാസ്സുകൾ നഷ്ടപ്പെടുത്താനാവില്ല. മഞ്‌ജു പറഞ്ഞു നിർത്തി. ഉദ്വേഗത്തോടെ എന്നെ നോക്കി. അപ്പോൾ ഞാൻ പറഞ്ഞു.

“ശരി മഞ്ജു… നീ മടങ്ങിപ്പോയ്ക്കോളൂ. എനിക്ക് കുറച്ചു ദിവസം കൂടി ലീവുണ്ട്. ഇതിനിടയിൽ ഞാൻ കാശിയിൽ പോയി വരാം. അമ്മയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കുകയും ചെയ്യാം. അല്ലെങ്കിലും നരേട്ടനും രാഹുലിനും വേണ്ടി ബലി കർമ്മങ്ങൾ നടത്താൻ അവിടം വരെ പോകുവാൻ ഞാൻ ആലോചിച്ചിരുന്നതാണ്. മായ മോളെന്തു പറയുന്നു?”

“ചേച്ചി ഇഷ്ടം പോലെ ചെയ്തോളൂ… എനിക്ക് പ്രത്യേകിച്ച് ധൃതിയൊന്നുമില്ല. ഹോസ്പിറ്റൽ ഞങ്ങളുടെ സ്വന്തമായതു കൊണ്ട് എപ്പോൾ പോയാലും മതി. എങ്കിലും ചേച്ചീ നമ്മുടെ അമ്മ പോയില്ലെ.”

അവൾ അൽപം നിർത്തി ഏതോ ഓർമ്മകളിൽ മുഴുകിയെന്നോണം പറഞ്ഞു. “വളരെക്കാലമായി അമ്മ എന്‍റെ കൂടെയുണ്ട്. വിപിനെയും ആര്യയെയും നോക്കി വളർത്തിയത് അമ്മയാണ്. അതുകൊണ്ടു തന്നെ അവർക്കിപ്പോഴും അമ്മയെന്നു വച്ചാൽ ജീവനാണ്.”

അമ്മ മരിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചതും അവരാണല്ലോ എന്ന് ഞാനോർത്തു. പെട്ടെന്ന് അടുത്തു നിന്ന ആര്യ പൊട്ടിക്കരയാൻ തുടങ്ങി.

“മുത്തശ്ശിയെ മറക്കാൻ എനിക്കാവില്ല വല്യമ്മെ… മുത്തശ്ശി എന്തെല്ലാം നല്ല കാര്യങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നെന്നോ? മുത്തശ്ശിയുടെ പഴയകാലമെല്ലാം ഞങ്ങളോടു പറയുമായിരുന്നു. കൂടാതെ കൊച്ചു കുട്ടിയായിരുന്നപ്പോൾ എത്ര പുരാണ കഥകളും പാട്ടുകളും പറഞ്ഞു തന്നിരിക്കുന്നു. പക്ഷെ ഇന്നിപ്പോൾ കഥ പറഞ്ഞു തരാൻ മുത്തശ്ശിയില്ലല്ലോ.” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അകത്തേയ്ക്കോടി.

അതുകണ്ടപ്പോൾ പുതുതലമുറയിലും ഇത്തരക്കാരുണ്ടല്ലോ എന്ന് ഞാനോർത്തു. പഴമയുടെ ഗന്ധവും, നന്മകളും നെഞ്ചോടു ചേർക്കുന്നവർ. ഒരു പക്ഷെ എന്‍റെ മകൾക്ക് അമ്മയുടെ സാമീപ്യവും, സ്നേഹവും നഷ്ടപ്പെട്ടതാകാം അവൾക്ക് അമ്മയോട് അടുപ്പമില്ലാതെയാകാൻ കാരണം. എങ്കിൽ അത് എന്‍റെ തെറ്റാണല്ലോ എന്നും ഓർത്തു. അപ്പോൾ മായ അടുത്തെത്തിപ്പറഞ്ഞു.

“ശരിയാണ് ചേച്ചീ… അമ്മയായിരുന്നു അവർക്കെല്ലാം. അതുകൊണ്ടു തന്നെ എന്നെക്കാൾ കൂടുതൽ അവർ അമ്മയെ സ്നേഹിച്ചു. ഇന്നിപ്പോൾ അമ്മയില്ലാതെ അനാഥമായി പോകുന്ന ഈ വീടിനെക്കുറിച്ചോർക്കുമ്പോഴും ദുഃഖം തോന്നുന്നു. അതുകൊണ്ട് കുറച്ചു ദിവസം കൂടി ഇവിടെ നിന്നിട്ട് ഞാനും മടങ്ങിപ്പോകും ചേച്ചീ…” മായ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ചിരുന്ന മഞ്ജു പറഞ്ഞു.

“ചേച്ചീ… ഇനി ഇതു പോലെയുള്ള നമ്മുടെ കൂടിക്കാഴ്ചകൾ കുറയും. ഈ വീടും അനാഥമായതു പോലെ പൂട്ടിക്കിടക്കും. എനിക്കൊരു ഐഡിയ തോന്നുന്നു. നമുക്ക് ഈ വീട് വിറ്റാലോ ചേച്ചീ… അല്ലെങ്കിൽ ആരെങ്കിലും ഒരാൾ, ഈ വീട് ഏറ്റെടുത്ത് മറ്റുള്ളവർക്ക് ഷെയർ കൊടുത്താലും മതി.” മഞ്ജു അതുപറഞ്ഞ് ഞങ്ങളിരുവരേയും നോക്കി എന്നിട്ട് തുടർന്നു പറഞ്ഞു.

“ഈയൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു കാര്യം സംസാരിക്കുന്നത് അനുചിതമാണെന്നറിയാം. എങ്കിലും ഞാൻ നേരത്തെ പറഞ്ഞതു പോലെ നമ്മൾ തമ്മിൽ ഇനിയും ഇതുപോലെ കണ്ടുമുട്ടിയില്ലെന്നു വരാം. എല്ലാവർക്കും തിരക്കാണല്ലോ. അതുകൊണ്ട് ഇപ്പോൾത്തന്നെ ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.”

എൻജിനീയറായ മഞ്ജു പണ്ടേ അൽപം പ്രാക്ടിക്കലാണ്. അതുകൊണ്ട് അവൾ ചിന്തിക്കുന്നതും അത്തരത്തിലാണ്. എങ്കിലും അമ്മ മരിച്ച് ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൾ ഇതവതരിപ്പിച്ചതിൽ അൽപം ദേഷ്യം തോന്നാതിരുന്നില്ല. എങ്കിലും ഞാനും മായയും ഒന്നും പ്രകടിപ്പിച്ചില്ല. ഞങ്ങൾ വെറുതെ ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കിയിരുന്നു. അപ്പോൾ മഞ്ജു പറഞ്ഞു. “നിങ്ങൾക്കു രണ്ടുപേർക്കും ഇക്കാര്യത്തിൽ താൽപര്യമില്ലെങ്കിൽ വേണ്ട. ഞാൻ ഒന്നും പറഞ്ഞില്ലെന്നു വിചാരിച്ചാൽ മതി.”

പെട്ടെന്ന് മായ പറഞ്ഞു.

“അതല്ല ചേച്ചീ… അമ്മ പോയിട്ട് ഇത്രയും കുറച്ചു ദിവസങ്ങളല്ലെ ആയുള്ളൂ. അതിനുള്ളിൽ നമ്മൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചെന്നറിഞ്ഞാൽ നാട്ടുകാരെന്തു പറയും? അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ അമ്മയുടെ ആത്മാവ് നമ്മളോടു ക്ഷമിക്കുമോ?”

“അമ്മയ്ക്ക് വിരോധമൊന്നുമുണ്ടാവുകയില്ല മായേ. അമ്മ മുമ്പൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട് ഞാൻ മരിച്ചാലുടൻ നിങ്ങളീ വീടു വിറ്റോളൂ, എന്നിട്ട് തുല്യമായിട്ട് ഷെയർ ചെയ്യണം എന്ന്. എനിക്കായിട്ട് നിങ്ങൾക്കു തരാൻ ഇനി ഇതേ ഉള്ളൂവെന്ന്…” അതുപറയുമ്പോൾ മഞ്ജുവിന്‍റെ ശബ്ദം ഇടറിയിരുന്നു. ഇതിനിടയിൽ എല്ലാം കേട്ടുകൊണ്ടു നിന്ന ദിവാകരൻ ഇടപെട്ടു കൊണ്ടു പറഞ്ഞു.

ഇതിപ്പോൾ വിറ്റാൽ പത്തു പന്ത്രണ്ടു കോടിയെങ്കിലും കിട്ടും. പത്തു നാൽപതു സെന്‍റ് സ്ഥലമില്ലേ. സെന്‍റിന് പത്തു മുപ്പതു ലക്ഷം ഇവിടെ ഇപ്പോൾ വിലയുണ്ടാകും. ഓരോരുത്തർക്കും നാലു കോടി വീതം കിട്ടും…” ദിവാകരനും ഉത്സാഹത്തിലായിരുന്നു. അയാളാണ് മഞ്ജുവിനെ പറഞ്ഞ് പ്രേരിപ്പിക്കുന്നതെന്നു തോന്നി.

ഏതായാലും ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് മനസ്സു പറഞ്ഞു. എനിക്കും, മായയ്ക്കും ആ വീടിനോടുള്ള വൈകാരിക ബന്ധം ഏറെയായിരുന്നു. അച്ഛനമ്മമാരോടൊത്ത് സന്തോഷം മാത്രം പങ്കിട്ടു ജീവിച്ചിരുന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കുട്ടിക്കാലം. എന്നും വസന്തം വിരുന്നിനെത്തിയിരുന്ന ആ കാലഘട്ടം. ഓർമ്മയുടെ ചെപ്പിൽ ഒരു മധുര സ്മരണയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

അടുത്തുള്ള ദേവീക്ഷേത്രത്തിലെ ഉത്സവകാലം, അച്‌ഛന്‍റെ നാട്ടിലേയ്ക്ക് ഇടയ്ക്കിടയ്ക്കുള്ള യാത്രകൾ… ഓണവും, വിഷുവും വിരുന്നിനെത്തിയിരുന്ന ദിനരാത്രങ്ങൾ, കാർത്തിക മാസത്തിലെ ഉത്സവാഘോഷങ്ങൾ… എല്ലാമെല്ലാം മനസ്സിനെ കുളിരണിയിക്കുന്ന ഓർമ്മകളാണ്.

പൂത്തുമ്പികളെപ്പോലെ പാറി നടന്ന മൂന്നു പെൺകിടാങ്ങൾ അപ്പോൾ മനസ്സിലോടിയെത്തി. അവരുടെ ജന്മദിനാഘോഷങ്ങൾ അച്‌ഛന്‍റേയും അമ്മയുടേയും മാര്യേജ് ആനിവേഴ്സറികൾ ഇവയെല്ലാം ഞങ്ങൾ അടിച്ചു പൊളിച്ചാഘോഷിച്ചിരുന്നു. പണത്തിന് ഒരു കുറവുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ വിചാരിക്കുന്നതെന്തും നേടിത്തരുന്ന മാതാപിതാക്കൾ…

അച്‌ഛനും അമ്മയും കാലം അവരുടെ മധുര പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചുവെങ്കിലും, ജരാനരകൾ നൽകി കറുത്ത തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയിയെങ്കിലും, ഇന്നും അവരുടെ ഉച്ഛ്വാസ നിശ്വാസങ്ങൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്. അവർ അവസാനമായി പൊഴിച്ച ശ്വാസഛ്വാസം പോലും അവിടത്തെ അന്തരീക്ഷത്തിൽ തങ്ങി നില്പുണ്ട്.

ഞങ്ങൾക്ക് ഇന്നും ആ വീടിനോടുള്ള വൈകാരിക അടുപ്പത്തിന് കാരണങ്ങൾ ഇവയാകാം. എന്തായാലും ഇപ്പോൾ ഒന്നും പ്രതികരിക്കേണ്ടെന്നു മനസ്സു പറഞ്ഞു.

“നമുക്ക് അതിനെപ്പറ്റി ആലോചിയ്ക്കാം മഞ്ജു… ഇപ്പോഴല്ല… പിന്നീടെപ്പോഴെങ്കിലും…” ഞാൻ പറഞ്ഞൊഴിഞ്ഞു. പിന്നീട് മഞ്ജുവും അതിനെപ്പറ്റി കൂടുതലൊന്നും സംസാരിച്ചില്ല.

അൽപ സമയത്തിനുള്ളിൽ അരുൺ വന്നെത്തി. “മാഡം, ഞാൻ കാർ കൊണ്ടുവന്നിട്ടുണ്ട്. നമുക്കിറങ്ങാം…”

അപ്പോൾ മാത്രമാണ് ഞാനെങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് മായ അന്വേഷിച്ചത്. ഒരു സുഹൃത്തിനെ കാണുവാനാണ് ഈ യാത്ര എന്നു മാത്രം പറഞ്ഞു. ഞാൻ കാറിൽ കയറി. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അറിയിച്ചു.

കാർ ഞങ്ങളേയും കൊണ്ട് അതിവേഗത്തിൽ പാഞ്ഞു. ഒരിക്കൽ മണവാട്ടിയുടെ മധുര പ്രതീക്ഷകളോടെ ഞാൻ ചെന്നെത്തിയ ആ നാട്ടിലേയ്ക്ക്… ഒടുവിൽ കണ്ണീർപ്പൂക്കൾ മാത്രം സമ്മാനിച്ച് എന്നെ യാത്രയാക്കിയ ആ വിദൂര മണ്ണിലേയ്ക്ക്…

(തുടരും)

ചതി

ഉച്ച ഊണിനു ശേഷം ഒരു മയക്കം പതിവാണ്. നിർത്താതെ മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ട് ഞാൻ ഞെട്ടിയുണർന്നു. “സുഭാഷ്, നീയൊന്നു വേഗം വരണം. ഗായത്രി ഉറക്ക ഗുളിക കഴിച്ചു.”

“ഞാനിപ്പോ നഴ്‌സിംഗ് ഹോമിലുണ്ട്. നീ….” പിന്നെയും ഇടറിയ ശബ്‌ദത്തിൽ നിതീഷ് ഫോണിൽ എന്തൊക്കെയോ പറഞ്ഞു. നിതീഷിനെ വർഷങ്ങളായി എനിക്ക് പരിചയമുണ്ട്. സ്‌ക്കൂൾ തലം മുതലുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ഒട്ടും വൈകാതെ ഞാൻ നഴ്‌സിംഗ് ഹോമിലെത്തിച്ചേർന്നു.

എന്നെ കണ്ടതും സീനിയർ ഡോക്‌ടർ ഗൗതം ഗായത്രിയുടെ റിപ്പോർട്ട് എനിക്കു കൈമാറി. “സർ, പേഷ്യന്‍റിനെ കൊണ്ട് വോമിറ്റ് ചെയ്യിച്ചിട്ടുണ്ട്. ഗുളിക ഒരു പിടി കഴിച്ചിട്ടുണ്ട്. തക്ക സമയത്ത് ഇവരുടെ ഹസ്‌ബന്‍റ് ഇവിടെയെത്തിച്ചതു ഭാഗ്യമായി. ഇല്ലെങ്കിൽ….”

ഞാൻ തിടുക്കത്തിൽ നടന്ന് ഐസിയുവിൽ ചെന്ന് ഗായത്രിയെ പരിശോധിച്ചു. ഗായത്രിയേടത്തി നല്ല ഉറക്കത്തിലാണ്. അപകടനില തരണം ചെയ്‌തിട്ടുണ്ട്. നഴ്‌സിനു വേണ്ട നിർദ്ദേശങ്ങൾ നൽകി ഞാൻ ഐസിയുവിൽ നിന്നും പുറത്തു കടന്നു. നിതീഷ് ആകാംക്ഷയോടെ എന്‍റെ മുഖത്തേക്ക് നോക്കി.

“ഏടത്തി ഇതു മൂന്നാം തവണയല്ലെ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത്. ഇത്തവണ സ്ലീപ്പിംഗ് പിൽസ് കുറേയധികം കഴിച്ച് ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ച മട്ടാണ്. നിതീഷ്, നിനക്കൊന്നും പറയാനില്ലെ? എന്താണിതിന്‍റെയൊക്കെ അർത്ഥം! ഗായത്രിയുടെ മുൻ ദേഷ്യം നിനക്ക് നന്നായറിയാവുന്നതല്ലെ. ഇത്തവണ എന്തായിരുന്നു വഴക്കിന്‍റെ കാരണം.” ഞാൻ ആകാംക്ഷയോടെ നിതീഷിന്‍റെ കണ്ണുകളിലേക്ക് നോക്കി.

“സുഭാഷ്.. സത്യമായിട്ടും എനിക്കറിയില്ല. ആത്മഹത്യ ചെയ്യാനും മാത്രം വലിയ വഴക്കൊന്നുമുണ്ടായിട്ടില്ല…. നീ എന്നെ വിശ്വസിക്കണം….” നിതീഷിന്‍റെ ശബ്‌ദം ഇടറി.

“നുണ… ശുദ്ധ നുണ…” ഞാൻ ശബ്‌ദമല്‌പം കനപ്പിച്ചു.

നിതീഷ് കണ്ണുകൾ ഇറുകെ അടച്ചു. “ശരി, ഞാൻ പറയാം. മൂന്നു ദിവസം മുമ്പ് ഞങ്ങൾക്കിടയിൽ ചെറിയൊരു വാക്ക് തർക്കമുണ്ടായി. പക്ഷേ അതിനു ശേഷം… ഇന്നലെയോ ഇന്നു രാവിലെയോ ഞങ്ങൾ തമ്മിൽ യാതൊന്നും സംസാരിച്ചതേയില്ല.” നിതീഷിന്‍റെ മുഖം മ്ലാനമായി.

തീർത്തും നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന സംസാരവും പെരുമാറ്റവുമായിരുന്നു നിതീഷിന്‍റേത്. എങ്കിലും മനസ്സിൽ കുരുക്കഴിയാതെ കിടന്ന ചില സംശയങ്ങളുടെ ചുവടുപറ്റി ഞാൻ ചോദിച്ചു.

“എന്തിനെ ചൊല്ലിയായിരുന്നു അന്നത്തെ ആ വഴക്ക്?”

“ആ…. പഴയ വഴക്ക് തന്നെ….”

“ഓ, അച്‌ഛന്‍റെ കൈവശമുള്ള തറവാടും കടയും നിന്‍റെ പേരിലാക്കാൻ… ഇല്ലെ.”

“കഴിഞ്ഞ ആഴ്‌ച ഞങ്ങൾ തറവാട് വീട് വരെയൊന്നു പോയിരുന്നു. ഗായത്രി വീണ്ടും സ്വത്തുകാര്യങ്ങൾ എടുത്തിടാൻ ശ്രമിച്ചു. ഞങ്ങൾ ആരും തന്നെ ആ സംസാരം കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ പെട്ടെന്ന് നിശബ്‌ദയായി. അവൾക്ക് കാര്യങ്ങൾ മനസ്സിലായി കാണും.

പിന്നെ വീട്ടിലെത്തിയ ഉടനെ ഞാനുമായി പൊരിഞ്ഞ വാക്ക് തർക്കമുണ്ടായി. പക്ഷേ ആ തീപ്പൊരി അന്നു രാത്രി തന്നെ കെട്ടടങ്ങുകയും ചെയ്‌തു.

“അതിരിക്കട്ടെ, നീ ആ പേരിൽ ഏടത്തിയെ തല്ലിയോ?”

“സുഭാഷ്, ഞാനത്ര വിഡ്‌ഢിയൊന്നുമല്ല. ഇപ്പോൾ തന്നെ നാലഞ്ചു തവണ പോലീസുകാർ വീട്ടിൽ വന്നതാണ്. ഇതിപ്പോ എത്ര വലിയ പ്രശ്നമുണ്ടായാലും ഞാൻ പ്രതികരിക്കാറേയില്ല. അല്ല. മിണ്ടരുതെന്നാണല്ലോ നീ ഓർഡറിട്ടിരിക്കുന്നത്. എന്‍റെ ഓർമ്മയിൽ ഇതൊക്കെയെ സംഭവിച്ചിട്ടുള്ളൂ.”

“ഏടത്തി മുമ്പും ഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണ്. അത് വെറുതെ നിന്നെ ഭയപ്പെടുത്താനും മാത്രമായിരുന്നു. പക്ഷേ ഇതിപ്പോ ആത്മഹത്യ തന്നെയാ ലക്ഷ്യം. നന്നായൊന്ന് ആലോചിച്ചു നോക്ക്. മറ്റെന്തെങ്കിലും….” സുഭാഷിന് സത്യാവസ്‌ഥ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.

“കൂടുതൽ ആലോചിക്കാനൊന്നുമില്ല. എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.” നിതീഷിന്‍റെ മുഖത്ത് ദൈന്യത നിറഞ്ഞു.

“മക്കൾ ഇതൊക്കെ അറിഞ്ഞോ. മനുവും.. മേഘയും.” 23 വയസ്സുള്ള മകന്‍റെയും 19 വയസ്സുള്ള മകളുടെയും കാര്യമെടുത്തിട്ട് ഞാൻ സംസാരത്തിന്‍റെ ഗതി മാറ്റാൻ ശ്രമിച്ചു.

“രാവിലെ ഓഫീസിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ അവരും പുറത്തേങ്ങോട്ടൊ പോവാൻ ഒരുങ്ങുന്നുണ്ടായിരുന്നു. പക്ഷേ അവർ…..”

“എന്താ? എന്താ നിതീഷ്?”

“അവർക്കെന്തൊക്കെയോ പറയണമെന്നുള്ളതു പോലെ, പക്ഷേ അതെന്നോടല്ല. ഗായത്രിയോട്”

“അതെന്തായിരിക്കും….”

“എനിക്കൊന്നും മനസ്സിലാവുന്നില്ല. ഈയിടെയായി അവർ ഒരു പേഴ്‌സണൽ കാര്യവും എന്നോടു പറയാറില്ല. എന്നിൽ നിന്നും വലിയൊരു ദൂരം പാലിക്കുന്നുണ്ടവർ..” നിതീഷ് നിരാശയോടെ പറഞ്ഞു.

അല്‌പസമയത്തേക്കെങ്കിലും മൗനം അവലംബിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഉയരങ്ങളും താഴ്‌ചകളും തൊട്ടറിഞ്ഞ ജീവിതമായിരുന്നു അവരുടേത്. കാൽ നൂറ്റാണ്ടു വരുന്ന അവരുടെ വൈവാഹിക ജീവിതം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

അപ്‌സരസ്സ് എന്നൊക്കെ വിശേഷിപ്പിച്ചില്ലെങ്കിലും കാഴ്‌ചയ്‌ക്ക് സുന്ദരിയായിരുന്നു ഗായത്രിയേടത്തി. പക്ഷേ സൗമ്യത തൊട്ടു തീണ്ടാത്ത പെരുമാറ്റം. വിവാ ത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ ദാമ്പത്യത്തിന്‍റെ ചെറിയ താളപ്പിഴകൾ അവർക്കിടയിൽ നാമ്പിട്ടിരുന്നു.

വലിയ തുകയും സ്വർണ്ണവും സ്‌ത്രീധനമായി കൊണ്ടു വന്നതിന്‍റെ ഗർവ്വും ഗായത്രിയേടത്തിക്കുണ്ടായിരുന്നു. ഭർത്താവിനോടും ഭർതൃവീട്ടുകാരോടും അനാദരവിനു ഇതൊരു കാരണവുമായി.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുമ്പ് തന്നെ അവർ ഭർതൃവീട്ടിൽ നിന്നും മാറി വാടക വീട്ടിൽ താമസം തുടങ്ങിയിരുന്നു. തറവാട്ടിൽ നിന്നും മാറാൻ നിതീഷിനു ഒട്ടും താത്പര്യമില്ലായിരുന്നു. ഇതേച്ചൊല്ലി അവർക്കിടയിൽ കലഹവും പതിവായിരുന്നു.

പൊങ്ങച്ചവും ആർഭാടവും ഒക്കെയായിരുന്നു ഗായത്രിയേടത്തിയുടെ രീതി. എന്നാൽ നിതീഷിന്‍റെ വരുമാനം ഇതിനൊന്നും തികയുമായിരുന്നില്ല. മാത്രവുമല്ല ലളിത ജീവിതം നയിക്കാനായിരുന്നു നിതീഷിനു താത്പര്യം. ഇതൊക്കെ മനസ്സിലാക്കി ഗായത്രിയുടെ അച്‌ഛൻ മരുമകന് പാർട്ട്‌ടൈം ബിസിനസ് തുടങ്ങുന്നതിനുള്ള ധനസഹായം ചെയ്‌തു കൊടുത്തു.

ബിസിനസിലെ ഒത്തുകളികളും രീതികളും നിതീഷിനു അത്ര വശമില്ലായിരുന്നു. പാർട്ട്‌നറുടെ ചില നീക്കങ്ങളും നിതീഷിനു ബിസിനസിൽ 4-5 ലക്ഷത്തിന്‍റെ നഷ്‌ടമുണ്ടാക്കി.

നിതീഷിന്‍റെ കഴിവുകുറവു കാരണമാണ് ബിസിനസിൽ തകർച്ചയുണ്ടായതെന്ന് ഗായത്രി ഏടത്തി പലവട്ടം കുറ്റപ്പെടുത്തി.

നിതീഷ് പൊതുവെ മൗനം പാലിക്കാറാണ് പതിവെങ്കിലും പരിഹാസം അതിരു കടന്നപ്പോൾ ഗായത്രിയേടത്തിയെ ഒന്നു രണ്ടു വട്ടം തല്ലുകയും ചെയ്‌തു. പിന്നെ ഒന്നും രണ്ടും പറഞ്ഞു നാട്ടുകാർ കേൾക്കും വിധം അവർക്കിടയിൽ വഴക്ക് പതിവായി.

വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനുള്ളിൽ അവർക്ക് രണ്ടു മക്കളുണ്ടായി. മനുവും മേഘയും. ഗായത്രി മരുമകളായി വന്ന ശേഷം നിതീഷിന്‍റെ രണ്ടു സഹോദരിമാരുടെ വിവാഹത്തിനു തീരുമാനമായി.

നല്ല സാമ്പത്തിക ശേഷിയും പ്രശ്നരഹിതമായ കുടുംബാന്തരീക്ഷവുമായിരുന്നു അവരുടേത്. അല്ലലില്ലാത്ത അവരുടെ ജീവിതം കണ്ട് ഗായത്രിയേടത്തിയുടെ ഈർഷ്യ ഇരട്ടിച്ചു. അവരുടെ ജീവിതവുമായി താരതമ്യം ചെയ്‌ത് സ്വന്തം ജീവിതം കൂടുതൽ നരകതുല്യമാക്കി.

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നതായിരുന്നു നിതീഷിന്‍റെ കാഴ്‌ചപ്പാട്. എന്നാൽ ആർഭാടം വിട്ടൊരു കളിയില്ലെന്ന് ഗായത്രിയേടത്തി ചട്ടം കെട്ടി. കുട്ടികളുടെ ഭാവി ഭദ്രമാക്കുകയെന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു ഗായത്രിയേടത്തിയ്‌ക്ക്. തന്‍റെ രീതികൾ മാത്രമായിരുന്നു അവർക്ക് ശരി.

ഡോ.സുഭാഷ് മനസ്സിലെ പഴയ ഏടുകൾ വീണ്ടുമൊന്നു മറിച്ചു നോക്കി.

“തറവാടും കടയും നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ സഹോദരിമാർക്ക് ഇതിൽ ഒരവകാശവും ഇല്ല. അവരുടെ വിവാഹത്തിനു പണം വാരിക്കോരി ചെലവഴിച്ചതല്ലേ. നിങ്ങളുടെ അമ്മ ആഭരണങ്ങൾ അവർ രണ്ടാൾക്കുമായി വീതിച്ചു കൊടുക്കുമായിരിക്കും. എനിക്കറിയാം, പക്ഷേ എനിക്കും എന്‍റെ മക്കൾ വലുതാണ്. അവരുടെ ഭാവി, ജീവിതം എനിക്കും ആശങ്കയുണ്ട്. നിങ്ങൾ തറവാടും കടയും നിങ്ങളുടെ പേരിലാക്കണം. എന്താ സുഭാഷ്, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ?” ഗായത്രിയേടത്തിയുടെ ദേഷ്യവും ബഹളവുമൊക്കെ താനും നേരിൽ കണ്ടതാണ്. സുഭാഷ് ഓർത്തെടുക്കുകയായിരുന്നു. അവരുടെ വീട്ടിൽ അതിഥിയായെത്തിയ ദിവസം. അതും 13 വർഷങ്ങൾക്കു മുമ്പ്.

ഗായത്രിയുടെ ആവശ്യം കേട്ടയുടനെ നിതീഷ് കോപം കൊണ്ട് തുള്ളി. “നീ അധികം മണ്ടത്തരമൊന്നും വച്ചു വിളമ്പണ്ട. അച്‌ഛന്‍റെ ചിലവിലായിരുന്നു എന്‍റെ വിവാഹവും നടന്നത്. അമ്മയെ നീ വന്ന ദിവസം തൊട്ടെ വെറുപ്പിച്ചു വച്ചിരിക്കുകയാണല്ലോ. അങ്ങനെ അമ്മയുടെ പക്കൽ നിന്നും സ്വർണ്ണം കിട്ടേണ്ട സാഹചര്യം നീ തന്നെ ഇല്ലാതാക്കി. അച്‌ഛൻ പറയുന്നതാണ് എന്‍റെ ശരി. അദ്ദേഹത്തിന്‍റെ മുന്നിൽ നിന്‍റെ ഈ തരം താഴ്‌ന്ന ആവശ്യം കാട്ടി സ്വയം താഴാൻ ഞാനൊരുക്കമല്ല.”

താൻ പറഞ്ഞതാണ് അവസാന വാക്ക് എന്ന വാശി ഉണ്ടായിരുന്നു ഏടത്തിയ്ക്ക്. ഒരു പടി പോലും താഴ്‌ന്നു കൊടുക്കുവാൻ നിതീഷും ഒരുക്കമല്ലായിരുന്നു.

തന്‍റെ ആവശ്യങ്ങൾ നടക്കാതെ വന്നപ്പോൾ ഗായത്രിയേടത്തിയ്‌ക്ക് ഭ്രാന്തുപിടിക്കുമെന്ന അവസ്‌ഥയായി. തറവാടും കടയും സ്വന്തമാക്കണമെന്ന ദുശാഠ്യം മാത്രമായിരുന്നു മനസ്സു നിറയെ. പലവട്ടം ഉറക്കഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതും ഇതിന്‍റെ പേരിലായിരുന്നു. എന്നാൽ ഇതൊന്നും കണ്ട് നിതീഷിന്‍റെ മനസ്സ് മാറിയില്ല.

ഞങ്ങളുടെ സുഹൃത്ത് വിവേകിനു ഇതൊക്കെ അറിയാമായിരുന്നു. സുപ്രീംകോടതി അഭിഭാഷകനായിരുന്നു വിവേക്. അതിനാൽ നിതീഷിനോടു വിവാഹമോചനത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചതും വിവേകാണ്. അതും 10 വർഷം മുമ്പ്.

ഗായത്രിയേടത്തിയ്‌ക്ക് ഒപ്പമുള്ള ജീവിതം നിതീഷിനു നരക തുല്യമായിരുന്നു. പക്ഷേ ഡിവേഴ്‌സിനെക്കുറിച്ച് നിതീഷ് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. മക്കളുടെ സന്തോഷവും രക്ഷിതാക്കളുടെ ഒപ്പമുള്ള സുരക്ഷിത ജീവിതവും ഒന്നു കൊണ്ട് മാത്രമാണ് നിതീഷ് ഈ ഉദ്യമത്തിനു മുതിരാതിരുന്നത്. മക്കളുടെ കാര്യങ്ങൾ നല്ലരീതിയിൽ ഒറ്റയ്‌ക്ക് നോക്കി നടത്താനും മാത്രം സാമർത്ഥ്യം ഗായത്രിക്കില്ലെന്ന് നിതീഷിനു നന്നായറിയാമായിരുന്നു. തന്‍റെ ശ്രദ്ധ കിട്ടിയില്ലെങ്കിൽ മക്കളുടെ ഭാവി അവതാളത്തിലാവുമെന്നു നിതീഷ് ഭയന്നു.

ആവനാഴിയിൽ നിന്നും തുരുതുരെ തൊടുത്ത അമ്പുകൾ ജീവിതം സംഘർഷഭരിതമാക്കിയെങ്കിലും നിതീഷ് ഡിവേഴ്‌സിനെക്കുറിച്ച് ചിന്തിച്ചതേയില്ല.

ഗായത്രിയുടെ രക്ഷിതാക്കളുടെ നിലവിളിയും ശകാരവും കേട്ട് പഴയ ഓർമ്മകളിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു.

ഗായത്രി അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഞാൻ പറഞ്ഞതു കേട്ട് ആശ്വസിക്കുന്നതിനു പകരം അവർ നിതീഷിനെ കണക്കെ ശകാരിക്കുകയായിരുന്നു.

“ശരിക്കും അബദ്ധം പറ്റിയെന്നു പറഞ്ഞാൽ മതിയല്ലോ. എന്‍റെ മകൾക്ക് ഒട്ടും അനുയോജ്യനായ ഭർത്താവല്ല അയാൾ. ഒരു ദിവസം പോലും അവളൊന്ന് സ്വസ്‌ഥമായി ഉറങ്ങിയിട്ടില്ല. കണ്ടില്ലേ ഇപ്പോ തന്നെ അവളുടെ ഈ അവസ്‌ഥ, അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അയാൾ ജയിലഴികൾ എണ്ണും.” ഗായത്രിയുടെ അമ്മ ആക്രോശിച്ചു.

“ചേച്ചി, നിതീഷിനെ വെറുതെ തെറ്റിദ്ധരിക്കുകയാണ്. അവർക്കിടയിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെങ്കിലും ഇന്നതല്ല കാരണം. ഗായത്രി ഏടത്തിയോടു നേരിട്ടു ചോദിക്കാം.” ഞാൻ ഒരു കണക്കിന് അവരെ ശാന്തരാക്കാൻ ശ്രമിച്ചു.

മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ ഗായത്രിയേടത്തിയുണർന്നു. എല്ലാവരും അവർക്ക് ചുറ്റും കൂടി നിന്നു. ഗായത്രിയേടത്തി എന്താണ് പറയുന്നതെന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടായിരുന്നു.

ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്നറിയാൻ ഞങ്ങൾ കൂടി നിന്നവർ അവരവരുടേതായ രീതിയിൽ ചോദ്യം ചെയ്‌തു നോക്കി. പക്ഷേ ഗായത്രി ഏടത്തി മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല കണ്ണടച്ചു കിടന്നു. മനസ്സിൽ അടക്കിയ ദുഃഖം കണ്ണിലൂടെ തുരെതുരെ കവിളിലേക്കൊഴുകി.

ഗായത്രിയുടെ വിചിത്രമായ പെരുമാറ്റം കണ്ട് മനുവും മേഘയും അവർക്കരികിൽ വന്നു നിന്നു. അയൽക്കാരാരോയൊക്കെ പറഞ്ഞറിഞ്ഞാണ് അവരവിടെ എത്തിയത്.

“എന്താ മമ്മി… ഇപ്പോ എങ്ങനെയുണ്ട്?” മേഘ സ്‌നേഹത്തോടെ ഗായത്രിയുടെ തോളിൽ കൈവച്ചു. ഗായത്രി മകളുടെ കൈതട്ടി മാറ്റി തിരിഞ്ഞു കിടന്നു.

“എന്താ, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം? ഏടത്തി ഉറക്കഗുളിക കഴിക്കാനും മാത്രം.. നിങ്ങൾക്ക് കാരണമറിയാമായിരിക്കും..” ഡോ.സുഭാഷ് മേഘയേയും മനുവിനേയും മാറി മാറി നോക്കി.

നിഗൂഡമായ എന്തോ രഹസ്യം ഒളിപ്പിക്കുന്നുവെന്ന് അവരുടെ പരസ്‌പര നോട്ടത്തിൽ നിന്നും എനിക്ക് പെട്ടെന്നു മനസ്സിലായി. മേഘ പെട്ടെന്ന് വിതുമ്പി.

ദേഷ്യമടക്കാനാവാതെ മനുവിന്‍റെ മുഖം വലിഞ്ഞുമുറുകി. “ഇവിടൊന്നും സംഭവിച്ചിട്ടില്ല.”

“നടന്നതെന്തായാലും നിങ്ങളൊന്നു തുറന്നു പറയൂ” നിതീഷ് മനുവിനോടു ശകാര സ്വരത്തിൽ പറഞ്ഞു.

മേഘയെ സംരക്ഷിക്കുന്നുവെന്ന വിധത്തിൽ മനു മേഘയുടെ കൈകൾ കൂട്ടിപ്പിടിച്ചു.

“ഇന്ന് മേഘയും എന്‍റെ സുഹൃത്ത് കിരണുമായുള്ള വിവാഹം രജിസ്‌റ്റർ ഓഫീസിൽ വച്ചു നടന്നു. “വാട്ട്?” നിതീഷ് നിലവിളി ശബ്‌ദത്തോടെ ചോദിച്ചു.

“കിരൺ നല്ല പയ്യനാ പപ്പ. എനിക്കവനെ നന്നായിട്ടറിയാം. അവൻ എംടെക് ചെയ്യുന്നതിന് വിദേശത്തേക്ക് പോവുകയാണ്. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്നും അവന് സ്‌കോളർഷിപ്പും അനുവദിച്ചിട്ടുണ്ട്.”

“നിനക്കും സെലക്ഷൻ കിട്ടിയിട്ടുണ്ടല്ലോ, നീയും പോവുമോ?” നിതീഷ് ചോദിച്ചു.

“പപ്പ, ശാന്തനായി ആദ്യം ഞാൻ പറയുന്നതൊന്ന് കേൾക്ക്. കിരണിനു മേഘയെ ഇഷ്‌ടമാണ്. എന്‍റെ കരിയർ… അതിനെനിക്ക് അമേരിക്കയിൽ പോയേ തീരൂ.”

“ഞങ്ങൾ മുതിർന്നവരോട് ചോദിക്കാതെ നിങ്ങൾ ഇത്ര വലിയൊരു തീരുമാനമെടുത്തത് തെറ്റായി പോയി. കല്യാണമെന്നൊക്കെ വച്ചാൽ എന്താ കുട്ടിക്കളിയാണെന്നു കരുതിയോ? പഠനം പാതി വഴിയ്‌ക്കിട്ട് ഈ ചെറിയ പ്രായത്തിൽ വിവാഹത്തിനു തിടുക്കം കൂട്ടേണ്ട കാര്യമുണ്ടായിരുന്നോ?” നിതീഷ് മേഘയെ ശകാരിച്ചു. ഇവിടെന്താ എംടെക് ഉള്ള യൂണിവേഴ്‌സിറ്റിയൊന്നുമില്ലെ, ഇതൊക്കെ എന്നിൽ നിന്നും മറയ്‌ക്കാൻ ഞാനെന്താ നിങ്ങളുടെ ശത്രുവാണോ. നിതീഷ് ഗദ്‌ഗദത്തോടെ മനുവിനേയും മേഘയേയും മാറി മാറി നോക്കി.

“അപ്പോ എന്താ ഞങ്ങൾക്ക് ഞങ്ങളുടേതായ ഇഷ്‌ടങ്ങളില്ലേ? ആഗ്രഹങ്ങളില്ലേ? മനു ഉച്ചത്തിൽ സംസാരിച്ചു തുടങ്ങി. മമ്മിയ്‌ക്ക് മമ്മി പറഞ്ഞതാ അവസാന വാക്ക്. ഇന്ന് രാവിലെ ഇക്കാര്യം മമ്മിയോട് പറഞ്ഞതു കൊണ്ടാ മമ്മി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത്. പപ്പയോടു പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ വളർത്തിയ കണക്കു പറഞ്ഞു ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്‌തേനെ. രണ്ടായാലും ഇതൊരിക്കലും നടക്കില്ലായിരുന്നു.” മകൻ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നു മനസ്സിലാക്കിയ നിതീഷ് എന്തു പറയണമെന്നറിയാതെ എന്നെ നോക്കി.

നിതീഷിന്‍റെ ഈ നിസ്സഹായാവസ്‌ഥ കണ്ട് ഞാനവനെ സാന്ത്വനിപ്പിക്കാനായി എന്‍റെ കൈ കൊണ്ടവനെയൊന്നു താങ്ങി. നിതീഷ് ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ തോളിൽ മുഖം ചേർത്തു ഏങ്ങി.

“സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതു നടപ്പാക്കാനുമുള്ള പ്രാപ്‌തിയും നിങ്ങൾ രണ്ടാൾക്കും ആയില്ലേ? എനിക്കിനി നിങ്ങളുടെ മുഖം കാണണ്ട. നിങ്ങളുടെ ഭാവിയെ കരുതി ഞാനെന്‍റെ ബന്ധുക്കളുമായി പിണങ്ങി അവരെയൊക്കെ വെറുപ്പിച്ചു. അതിനുള്ള ശിക്ഷ ഇപ്പോൾ എനിക്കു കിട്ടി. നീ അമേരിക്കയിലോ എവിടെയെങ്കിലും പോയി തുലയ്. നീ ഭർത്താവിന്‍റെ വീട്ടിൽ കിടന്ന് നരകിയ്‌ക്ക്. ഇന്നു മുതൽ ഇങ്ങനെ രണ്ടു മക്കൾ എനിക്കില്ല.” ഗായത്രിയുടെ മുഖത്ത് വെറുപ്പ് മാത്രമായിരുന്നു.

ഗായത്രിയുടെ രക്ഷിതാക്കൾ മകളെ സാന്ത്വനിപ്പിക്കാൻ ആവതും ശ്രമിച്ചു. മനുവും മേഘയും എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പതറി നിന്നു. പക്ഷേ കണ്ണുകളിൽ നിഷേധഭാവം പ്രകടമാക്കുന്നുണ്ടായിരുന്നു.

ഡോ. സുഭാഷ് നിതീഷിനെ പതിയെ താങ്ങി തന്‍റെ റൂമിൽ കൊണ്ടിരുത്തി.

“സുഭാഷ്! എന്‍റെ വിധി നോക്ക്, എത്ര വലിയ ചതിയാണ് കാലം എനിക്ക് സമ്മാനിച്ചത്” നിതീഷ് ഏങ്ങി.

“മക്കളെ നല്ല നിലയിലെത്തിക്കണമെന്ന ചിന്ത കാരണം ഞാൻ ഗായത്രിയോട് പലപ്പോഴും വളരെ ക്രൂരമായി പെരുമാറിയിട്ടുണ്ട്. അവൾ എന്തെല്ലാം സഹിച്ചിട്ടുണ്ട്.” നിതീഷ് കുറ്റബോധത്തോടെ തല താഴ്‌ത്തി.

“ഇന്ന് ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനമെടുക്കുമ്പോൾ അവരെന്‍റെ അഭിപ്രായം ചോദിച്ചതു പോലുമില്ല. പാലിൽ വീണ ഈച്ചയെ പോലെ എത്ര നിസാരമായാണ് അവർ ഞങ്ങളെ എടുത്ത് ഒഴിവാക്കിയത്, അവഗണിച്ചത്.” എന്‍റെ മക്കൾ എന്നോട് എത്ര വലിയ ചതിയാണ് കാണിച്ചത്.. ഇതിലും ഭേദം മരണമായിരുന്നു. നിതീഷ് വിതുമ്പിക്കരഞ്ഞു.

മരുന്ന് ഗന്ധം നിറഞ്ഞുനിൽക്കുന്ന ആശുപത്രി മുറികളിൽ ആ പുരുഷവിലാപം സാവധാനം മരവിച്ച് ഇല്ലാതായി. അന്നേരം ഒരു വൃദ്ധപിതാവിനെ സ്നേഹനിധിയായ ഒരു മകൻ വീൽചെയറിലിരുത്തി നിതീഷിന്‍റെ മുമ്പിലൂടെ കടന്നുപോയി.

ഭൂമി കറങ്ങുന്നുണ്ട് തലയും!

ഗ്രാന്‍റ് ഹോസ്‌പിറ്റലിന്‍റെ  പാർക്കിംഗ് ഏരിയയിൽ കാർ കൊണ്ടു വന്ന് പാർക്ക് ചെയ്‌ത ശേഷം ഞാൻ നാഷണൽ ഇൻഷുറൻസ് ഹെൽത്ത് പോളിസി കാർഡെടുത്ത് പോക്കറ്റിൽ തിരുകി. തലയുയർത്തി പിടിച്ച് ഗമയോടെ ഗ്രാന്‍റ് ഹോസ്‌പിറ്റലിന്‍റെ വശങ്ങളിലേയ്‌ക്ക് തുറക്കുന്ന പ്രവേശന കവാടം ലക്ഷ്യമാക്കി നടന്നു.

നഗരത്തിലെ പ്രശസ്‌തമായ കോർപ്പറേറ്റ് ആശുപത്രികളിൽ ഒന്നാണ് ഗ്രാന്‍റ് ഹോസ്‌പിറ്റൽ. ചെറിയൊരു താഴ്‌വരയിൽ ഏതാണ്ട് 20 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയ്‌ക്ക് ചുറ്റും മനോഹരമായ ഉദ്യാനവുമുണ്ട്. ശരിക്കും ഒരു ഫൈവ് സ്‌റ്റാർ ഹോസ്‌പിറ്റൽ ലുക്ക്.

വീർപ്പുമുട്ടിക്കുന്ന ഡെറ്റോൾ- ഫിനോയിൽ ഗന്ധത്തിനു പകരം മനം മയക്കുന്ന പെർഫ്യൂമിന്‍റെ സുഗന്ധം. ഇന്‍റീരിയർ കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഒരു നിമിഷം പകച്ചു നിന്നു. പോക്കറ്റിൽ തിരുകിയ ഇൻഷുറൻസ് കാർഡെടുത്ത് രണ്ടു വട്ടം കണ്ണോടിച്ച് ആത്മവിശ്വാസത്തോടെ റിസപ്‌ഷൻ റൂമിൽ പ്രവേശിച്ചു. ചുവരിൽ വലിയ അക്ഷരത്തിൽ സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരുടെ പേരും ഒപ്പം കനം തോന്നിക്കുന്ന ഒരു പിടി ഡിഗ്രികളും. ഗ്രാന്‍റ് ഹോസ്‌പിറ്റൽ കൊള്ളാം. പേരു പോലെ തന്നെ എല്ലാം ഗ്രാന്‍റ്. ഞാൻ സന്തോഷം ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി.

റിസപ്‌ഷണിൽ ഇരിക്കുന്ന സുന്ദരിയായ യുവതി കമ്പ്യൂട്ടറിൽ തിടുക്കത്തിൽ എന്തെല്ലാമോ അടിച്ചു കൂട്ടുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ കമ്പ്യൂട്ടറിൽ നിന്നും തലയുയർത്തി എന്‍റെ നേരെ നോക്കി.

“സർ. താങ്കളുടെ പേര്?”

“ഫൽഗുണൻ പിള്ള”

“നൈസ് നെയിം.”

ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇതാദ്യമായാണ് (ആത്മഗതം).

“ഏയ്‌ജ്”

“45 വയസ്സ്”

“പ്രൊഫഷൻ?”

“കോളേജ് ലക്‌ചറർ”

“ഇൻഷുറൻസ് ക്ലെയിം ഒക്കെയുള്ളതല്ലെ?”

“അതെയതെ.” ഞാൻ ആത്മവിശ്വാസത്തോടെ തലയാട്ടി.

“ഹെൽത്ത് പ്രോബ്ലം?”

“ഒരു തലക്കറക്കം..”

“ഇവിടെ വരുന്നവരിൽ ഭൂരിഭാഗവും തലക്കറക്കത്തിന്‍റെ പേരും പറഞ്ഞു വരുന്നവരാണ്.” ഒരു പിറുപിറുപ്പ് മാത്രമാണ് കേട്ടതെങ്കിലും ഇതാവും പറഞ്ഞിട്ടുണ്ടാവുകയെന്ന് ഞാൻ ഊഹിച്ചു.

“ജനറൽ ഫിസിഷ്യൻ, ഡയബറ്റിസ് സ്‌പെഷ്യലിസ്‌റ്റ്, ഹാർട്ട് സ്‌പെഷ്യലിസ്‌റ്റ് ഇവരിൽ ആരെയാണ് കാണേണ്ടത്?” യുവതി കമ്പ്യൂട്ടറിൽ നിന്നും തലയെടുക്കാതെ ചോദിച്ചു.

“ജനറൽ ഫിസിഷ്യൻ” ഒരു ദീർഘ നിശ്വാസമുതിർത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ഓ.കെ. സർ.”

“ഇടതു ഭാഗത്തെ കോറിഡോർ കടന്നാലുടൻ രണ്ടാമത്തെ മുറി. ഡോ.നിത്യാനന്ദ് എന്ന് ബോർഡുണ്ട്.”

സംസാരത്തിനിടയ്‌ക്ക് യുവതി ഒരു റെസീപ്‌റ്റ് എന്‍റെ കൈയിൽ ഏൽപ്പിച്ചു.

ബില്ലിൽ രേഖപ്പെടുത്തിയ 500 രൂപ അടച്ച് ഞാൻ ഡോക്‌ടറുടെ റൂമിനു പുറത്തിട്ടിരിക്കുന്ന കസേരകളിൽ ഒന്നിൽ ഇടം പിടിച്ചു. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ ഡോ. നിത്യാനന്ദുമായുള്ള കൂടിക്കാഴ്‌ച നടന്നു. ഏതാണ്ട് 50തിനോടടുത്ത പ്രായം. പേരിനൊപ്പം കൂട്ടായി 4-5 മെഡിക്കൽ ഡിഗ്രികളുമുണ്ട്.

“എന്താ പ്രോബ്ലം?” ഡോക്‌ടർ മുഖം താഴ്‌ത്തി കണ്ണടയ്‌ക്ക് മുകളിലൂടെ നോക്കി.

“അ.. അതോ തലകറങ്ങുന്നുണ്ട്. ഒരു പക്ഷേ ബ്ലഡ് പ്രഷർ കൊണ്ടായിരിക്കും. പിന്നെ ഒരു ജനറൽ ചെക്കപ്പൊക്കെ ചെയ്യുന്നതു നല്ലതല്ലെ. ഇൻഷുറൻസ് കാർഡൊക്കെയുണ്ട്.”

“ഓ. ഐസി. (ഒരു നിമിഷം മൗനത്തിനു ശേഷം) താങ്കൾ അഡ്‌മിറ്റാവേണ്ടി വരും.”

“സർ, ഞാൻ രണ്ടു ദിവസത്തേക്കു ലീവ് പറഞ്ഞിട്ടുണ്ട്. എന്തൊക്കെ ടെസ്‌റ്റ് വേണ്ടി വരും?” ഡോക്‌ടർ മൂക്കിൻ തുമ്പിൽ വച്ചിരുന്ന കണ്ണടയെടുത്ത് മാറ്റി മുഖമൊന്നു തുടച്ചു.

“ആശുപത്രിയിൽ അഡ്‌മിറ്റാവാനല്ലെ. സീരിയസ്സ് പ്രോബ്ലം എഴുതേണ്ടി വരും.” ഊം.. താങ്കൾ എത്ര തവണ ടോയ്‌ലറ്റിൽ പോകാറുണ്ട്.”

“രണ്ടോ- മൂന്നോ തവണ.”

“ശരി. എങ്കിൽ ക്രോണിക് ലൂസ് ബോൾ സിൻഡ്രോം എന്നെഴുതാം. ഇനി ബാക്കി ടെസ്‌റ്റുകൾ ഗ്യാസ്‌ട്രോളജിസ്‌റ്റും ഹൃദ്‌രോഗവിദഗ്‌ദ്ധനും നടത്തും. ഒബ്‌സർവേഷനും ചെക്കപ്പ് എല്ലാം കൂടി എത്ര ദിവസം അഡ്‌മിറ്റാവണം എന്നെഴുതണം? 2-3 ദിവസം ആശുപത്രിയിൽ തങ്ങേണ്ടി വരും. തയ്യാറാണോ?” ഡോക്‌ടർ ചോദിച്ചു.

“രണ്ടു ദിവസം, അതിൽ കൂടുതൽ ലീവ് പറഞ്ഞിട്ടില്ല.” ഞാൻ നിസ്സഹായത പ്രകടിപ്പിച്ചു.

“ഓ.കെ. എങ്കിൽ താങ്കൾ അഡ്‌മിറ്റായി കൊള്ളൂ.”

അഡ്‌മിഷൻ കൗണ്ടറിൽ ഇൻഷുറൻസ് കാർഡ് ഏൽപ്പിച്ച് ഫൽഗുണൻ പിള്ള എന്ന ഞാൻ ആ ഫൈവ് സ്‌റ്റാർ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റായി. റൂം കാണിച്ചു തന്ന ശേഷം നഴ്‌സ് പുറത്തേക്കിറങ്ങി. ഗ്രാന്‍റ് ബെഡ്, സീലിംഗ് ലൈറ്റ്‌സ്, നല്ല വൃത്തിയും പോഷ് ലുക്കുമുള്ള ടോയ്‌ലറ്റ്.. രണ്ടോ മൂന്നോ തവണ ഒഫീഷ്യൽ കോൺഫറൻസിനു പോയപ്പോൾ ഷെയർ ചെയ്‌ത് ഇതു പോലെയൊരു റൂമിൽ തങ്ങിയിട്ടുണ്ട്. എന്തായാലും ഇൻഷുറൻസ് എടുത്തത് എത്ര നന്നായി. (ആത്മഗതം)

ഒട്ടും വൈകിക്കാതെ ഞാൻ മൊബൈൽ ഫോണെടുത്ത് ഭാര്യയെ വിളിച്ചു. “എടിയേയ്! ഞാൻ ഇവിടെ ഗ്രാന്‍റ് ആശുപത്രിയിൽ അഡ്‌മിറ്റായിട്ടുണ്ട്. നീ നിമ്മി മോളേം കൂട്ടി ഇങ്ങു പോരെ. ആഹ് പിന്നെ കുറഞ്ഞതു ഒരു രണ്ടു ദിവസമെങ്കിലും ഇവിടെ തങ്ങേണ്ടി വരുമെന്നാ ഡോക്‌ടർ പറഞ്ഞത്.”

അതിനിടയ്‌ക്ക് ഗ്യാസ്‌ട്രോളജിസ്‌റ്റ് ചെക്കപ്പിനായി റൂമിലെത്തി. “ഇന്നെത്ര വട്ടം ടോയ്‌ലറ്റിൽ പോയി.” കേസ് ഷീറ്റിലുടെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

“ഒരു… അല്ല രണ്ടു തവണ.” എന്തു പറയണമെന്നറിയാതെ ഞാൻ കുഴഞ്ഞു.

“ഈ അസ്വസ്‌ഥത തുടങ്ങിയിട്ടെത്ര നാളായി.”

“ഒ… ഒരു ആറു മാസമായി കാണും. പിന്നെ ഡോക്‌ടറെ എന്‍റെ പ്രശ്നം അതല്ല. എനിക്ക് തലകറങ്ങുന്നുണ്ട്. ”

“എപ്പോ?”

“അത്.. അങ്ങനെ കൃത്യസമയമൊന്നും പറയാനാവില്ല.”

“എനിക്ക് തോന്നുന്നത്. താങ്കൾക്ക് എന്തോ ന്യൂറോളജിക്കൽ പ്രോബ്ലമുണ്ടെന്നാണ്, വിഷമിക്കണ്ട. ഞാൻ നല്ലൊരു ന്യൂറോളജിസ്‌റ്റിന്‍റെ പക്കൽ റെഫർ ചെയ്യാം.” ഡോക്‌ടർ പറഞ്ഞു.

“ശരി ഡോക്‌ടർ. പക്ഷേ നാളെ സന്ധ്യയ്‌ക്കകം ചികിത്സയൊക്കെ കഴിയണം. ലീവ് അധികമില്ല.”

“അഹ്! പിന്നെ നിങ്ങളുടെ റെക്‌റ്റത്തിൽ മുഴയുണ്ടോയെന്നറിയണം. അതിനുള്ള ടെസ്‌റ്റ് എഴുതി തരാം. ഒന്നു രണ്ടു മണിക്കൂർ ഒന്നും കഴിക്കരുത്. 4 മണിക്കൂറിനു ശേഷം ടെസ്‌റ്റുണ്ടാവും.” ഇത്രയും പറഞ്ഞ് ഡോക്‌ടർ റൂം വിട്ടിറങ്ങി.

അതിനിടയ്‌ക്ക് ഒരു നഴ്‌സ് മുറിയിലേയ്‌ക്ക് കടന്നു വന്നു. താങ്കളുടെ ബ്ലഡ് വേണ്ടി വരും. ഓരോ ആറ് മണിക്കൂർ ഇട വിട്ടും ടെസ്‌റ്റ് നടത്തേണ്ടി വരും.

“ഹന്‍റെമ്മോ, ഇതെന്തു തരം ടെസ്‌റ്റ്?” ഞാൻ നെടുവീർപ്പിട്ടു.

“പേടിക്കണ്ട, നിങ്ങളുടെ ബ്ലഡ്‌ഡിൽ ബേസിക്ക് സോൾട്ടിന്‍റെ സ്‌ഥിതി മാറുന്നുണ്ടോ എന്നറിയാനാണ് ഈ ടെസ്‌റ്റ്. ലൂസ് മോഷനോ മറ്റു ഉദരപ്രശ്നങ്ങളോ ഉണ്ടോ എന്നുമറിയണം”

“രാത്രി 8 മണിയ്‌ക്ക് തന്നെ അത്താഴം കഴിക്കണം. രാവിലെ ഭക്ഷണമൊന്നും കഴിക്കരുത്. ബ്ലഡ് സാംപിൾ എടുക്കാനുണ്ട്. 12 മണിക്കൂർ മുമ്പ് ഒന്നും കഴിക്കരുത്.” റൂമിനു പുറത്തിറങ്ങുന്നതിനു മുമ്പായി നഴ്‌സ് പറഞ്ഞു.

“പ.. പക്ഷേ എനിക്ക് അസിഡിറ്റിയുണ്ട്. രാത്രി ഏകദേശം 3 മണിയ്‌ക്ക് ഞാൻ എഴുന്നേൽക്കും. രണ്ടു ബിസ്‌ക്കറ്റ് കഴിക്കും. ഒരു കപ്പ് പാലും. എന്നിട്ടും ഉറക്കം വരാറില്ല.”

“ഈ അവസ്‌ഥയിൽ ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്” നഴ്‌സ് പറഞ്ഞു.

അപ്പോഴെക്കും ഹാർട്ട് സ്‌പെഷ്യലിസ്‌റ്റ് അവിടെയെത്തി. “താങ്കളുടെ പൾസ് റെയ്‌റ്റും ബി.പി.യും നോർമ്മലാണ്. തല കറക്കമുണ്ടാവുന്നത് ബി.പി. കാരണമായിരിക്കില്ല. എങ്കിലും ഇ.സി.ജി.യും ഇക്കോ ടെസ്‌റ്റും ചെയ്‌തു നോക്കാം. ചെക്കപ്പ് ചെയ്യുന്നതാണ് നല്ലത്.”

“ശരി സർ, ഞാനും അതു തന്നെയാണ് പറഞ്ഞു വന്നത്”

“നാളെ രാവിലെ എല്ലാ ടെസ്‌റ്റും ചെയ്യേണ്ടി വരും.” ഡോക്‌ടർ മുറിവിട്ടിറങ്ങി.

ഡോക്‌ടർ പോയ ഉടനെ ഞാൻ  കട്ടിലിൽ കയറിയിരുന്ന് ടി.വി. ഓൺ ചെയ്‌ത് റിമോട്ടെടുത്ത് ചാനലുകൾ ഓരോന്നായി മാറ്റാൻ തുടങ്ങി. ഇടയ്‌ക്ക് നഴ്‌സ് വന്ന് കൈയിൽ നിന്നും ബ്ലഡ് എടുക്കുന്നുണ്ടായിരുന്നു.

“ഹൗ.. എന്തൊരു വേദന.” പിന്നെ അര മണിക്കൂർ കൂടുമ്പോൾ കാപ്പി, ചായ, ടിഫിൻ ഓർഡർ എടുക്കുന്നതിനായി സുന്ദരികളായ യുവതികൾ ഹംസം മാതിരി ഒഴുകിയെത്തിയിരുന്നു.

ഇടയ്‌ക്ക് സിൽക്ക് സാരി ഉടുത്ത ഒരു യുവതി എത്തി. “സർ, താങ്കൾ ഇവിടെ കംഫർട്ടെബിൾ അല്ലെ?”

“അതെയതെ” ഞാൻ തലയാട്ടി.

“താങ്കൾക്ക് ന്യൂറോളജിക്കൽ ഡിസോർഡർ ഉണ്ടോ ഇല്ലയോ എന്നറിയുന്നതിനു ന്യൂറോഗ്രാഫ് ടെസ്‌റ്റ് എടുക്കേണ്ടി വരും.” ന്യൂറോളജിസ്‌റ്റ് പറഞ്ഞു.

“സർ, വേദനയുണ്ടാവുന്ന ടെസ്‌റ്റാണോയിത്.” എനിക്ക് ഉള്ളിൽ ഭയമുണ്ടായിരുന്നു.

“ഇല്ലില്ല. ഒട്ടും വേദന കാണില്ല.” ന്യൂറോളജിസ്‌റ്റ് പറഞ്ഞു.

“ഒഹ്! വേദനയില്ലെങ്കിൽ കുഴപ്പമില്ല.” എനിക്ക് ആശ്വാസമായി. സന്ധ്യയോടെ ഭാര്യയും മകളും ആശുപത്രിയിലെത്തി.

ഭാര്യയ്‌ക്കും മകൾക്കും മുന്നിൽ പത്രാസ് പ്രകടിപ്പിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ഞാൻ. “മീനാക്ഷി, കണ്ടോ ഇത്രയും വലിയ ആശുപത്രിയിൽ സൗജന്യമായി ചികിത്സ കിട്ടുകയെന്നു വച്ചാൽ ഹോ! ഭാഗ്യം എന്നല്ലാതെ എന്താ പറയുക.” അവരുടെ കണ്ണുകളിൽ ആശ്ചര്യം നിറയുന്നതു കണ്ട് എനിക്ക് അഭിമാനം തോന്നി. ടി.വി. കണ്ടും ഭക്ഷണം കഴിച്ചും കുശലം പറഞ്ഞും ഞാൻ അന്നു രാത്രി ചെലവഴിച്ചു. അടുത്ത ദിവസം രാവിലെ ടെസ്‌റ്റ് കഴിഞ്ഞു. ഉച്ചയ്‌ക്കകം റിപ്പോർട്ടുമെത്തി.

“താങ്കൾക്ക് ഒരു കുഴപ്പവുമില്ല. ടെൻഷൻ കൂടുന്നതു കൊണ്ടാണ് താങ്കൾക്ക് തലകറക്കവും ലൂസ് മോഷനും ഉണ്ടാവുന്നത്.” റിപ്പോർട്ട് നോക്കി ഡോക്‌ടർ പറഞ്ഞു. ഉടൻ ഡിസ്‌ചാർജ് ഷീറ്റും എഴുതി നൽകി.

“സർ , അപ്പോ ഞാനിനി എന്തു ചെയ്യണം?” ഇനിയും തലകറക്കം വന്നാലോ എന്ന ആശങ്ക കാരണം ഞാൻ ചോദിച്ചു.

“താങ്കൾ മനസ്സിരുത്തി ജോലി ചെയ്യൂ. ടെൻഷനൊക്കെ താനെ പമ്പ കടക്കും.” ഡോക്‌ടർ സമാധാനിപ്പിച്ചു.

“ബിൽ സെക്ഷനിൽ പോയി റെസീപ്‌റ്റ് വാങ്ങിക്കൊള്ളൂ.” ഡോക്‌ടർ മീനാക്ഷിയെ നോക്കി പറഞ്ഞു.

അല്‌പസമയത്തിനകം ഭാര്യ ബില്ലിംഗ് സെക്ഷനിൽ നിന്നും മടങ്ങി വന്നു. “ചേട്ടാ, കൗണ്ടറിൽ ചെന്നപ്പോൾ അവരു പറയുവാ ഇൻഷുറൻസുകാരുമായി സംസാരിച്ചിട്ടുണ്ടെന്ന്. പേഷ്യന്‍റ് ആദ്യം ബില്ലാക്കണമെന്ന്. കമ്പനി കോംപൻസേഷൻ പിന്നാലെ ലഭിക്കുമെന്ന്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഈ ഫോൺ നമ്പറിൽ വിളിച്ച് സംസാരിക്കാനും പറഞ്ഞു.”

ഞാൻ ബില്ല് വാങ്ങി നോക്കി. “50,000 രൂപ” ബില്ലിലെ തുക ശരിക്കും കൂടുതലാണല്ലോ. (ആത്മഗതം) ഞാൻ ഓരോ ചെക്കപ്പ് തുകയും സസൂക്ഷ്‌മം പരിശോധിച്ചു. ഓരോ സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടറും 5,000 രൂപ ഫീസ് ഈടാക്കിയിട്ടുണ്ട്. പിന്നെ റൂമിനും ഭക്ഷണത്തിനും കൂടി 20,000 രൂപ.തൊട്ടടുത്ത പേജിൽ ടെസ്‌റ്റ് ചെലവും കാര്യങ്ങളുമുണ്ട്. ഇനി ബില്ല് അടയ്‌ക്കാനുള്ള തുകയെടുക്കാൻ ബാങ്കിൽ പോവാതെ പറ്റില്ലല്ലോ. പക്ഷേ എനിക്ക് നാളെയെ ഡിസ്‌ചാർജ് ആവാൻ പറ്റൂ.

പെട്ടെന്ന് എനിക്കൊരുപായം തോന്നി. ഞാൻ തിടുക്കത്തിൽ ബ്രീഫ്‌കെയ്‌സ് തുറന്ന് എ.ടി.എം കാർഡെടുത്ത് ഭാര്യയ്‌ക്ക് കൊടുത്തു. ഇതിൽ നിന്നും അറുപതിനായിരം രൂപ എടുത്തു കൊണ്ടു വരാൻ ആവശ്യപ്പെട്ടു.

“അല്ല. ഈ കാശൊക്കെ നമ്മൾ തന്നെ അടയ്‌ക്കണമെന്നുണ്ടോ? ഇൻഷുറൻസ് ലഭിക്കില്ലേ?” അവൾ ചോദിച്ചതു കേട്ടപ്പോൾ എനിക്കും ചെറിയൊരു ആശങ്ക തോന്നി.

എന്‍റെ മുഖഭാവം കണ്ട് അധികം ചോദ്യങ്ങൾ ചോദിക്കാതെ അവൾ ഒരു മണിക്കൂറിനുള്ളിൽ എ.ടി.എമ്മിൽ നിന്നും 60,000 രൂപ എടുത്തു കൊണ്ടു വന്നു.

പണം കിട്ടുമോ? കിട്ടേണ്ടതല്ലേ? കിട്ടുമായിരിക്കും. ആലോചിച്ചാലോചിച്ച് ഞാൻ വിയർത്തു കുളിച്ചു.

ബില്ല് അടയ്‌ക്കുമ്പോൾ എനിക്ക് ചെറിയൊരു ശ്വാസതടസ്സം നേരിട്ടു.

ജീവനോടെ തിരിച്ചു പോകാൻ പറ്റുന്നതു തന്നെ വലിയ കാര്യം. ഞങ്ങൾ ആശുപത്രിയിൽ നിന്നിറങ്ങി കാറിൽ കയറിയിരുന്നു. പുറത്ത് ഗ്രാന്‍റ് ഹോസ്‌പിറ്റൽ ബോർഡിലേക്ക് ഞാൻ വെറുതെയൊന്നു കണ്ണോടിച്ചു. സേവനം ഞങ്ങളുടെ ലക്ഷ്യം എന്നെഴുതിയിട്ടുണ്ട്.

തൊട്ടടുത്ത ദിവസം തന്നെ ഞാൻ ആശുപത്രിയുടെ ബിൽ ഇൻഷുറൻസ് കമ്പനിക്കാർക്ക് അയച്ചു കൊടുത്തു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇൻഷുറൻസ് കമ്പനിക്കാരുടെ മറുപടി കത്തും വന്നു. ഞാൻ സസന്തോഷം കത്തു തുറന്നു.

“ഏ…! ഇതെന്താ ചെക്കിനു പകരം മറ്റൊരു കത്തോ?” ഞാൻ കത്തു തുറന്നു വായിച്ചു.

“താങ്കൾ ടെസ്‌റ്റ്, ചികിത്സ എന്നീ ആവശ്യങ്ങൾക്കായി കുറഞ്ഞതു മൂന്നു ദിവസമെങ്കിലും ആശുപത്രിയിൽ തങ്ങേണ്ടിയിരുന്നു. എന്നാൽ രണ്ടു ദിവസം മാത്രമേ തങ്ങിയിരുന്നുള്ളൂ എന്നതിനാൽ ഈ ക്ലെയിം അസാധുവാക്കപ്പെടുന്നു.

ഞാൻ വിറയ്‌ക്കുന്ന കൈകളിൽ ഇൻഷുറൻസ് ഡോക്യുമെന്‍റ് എടുത്തു നോക്കി. ഡോക്യുമെൻറിൽ ഏറ്റവും താഴെയായി ഉറുമ്പു നിരപോലെ ആശുപത്രിയിൽ കുറഞ്ഞതു മൂന്നു ദിവസമെങ്കിലും നിർബന്ധമായി താമസിക്കണം എന്നെഴുതിയിട്ടുണ്ട്.

ഭൂമി പിളർന്ന് പാതാളത്തേക്കു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു പോയി. ഇൻഷുറൻസ് കിട്ടുമെന്നു കരുതി 50,000 രൂപ കളഞ്ഞു കുളിച്ചതു മിച്ചം. ഇനി ഇത് പുറത്തറിയിച്ച് കൂടുതൽ ചമ്മാതെ നോക്കണം. മാനം കാക്കണം. അയ്യോ! ഇപ്പോ ശരിക്കും തല കറങ്ങുന്നുണ്ടേ?

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें