ഉച്ച ഊണിനു ശേഷം ഒരു മയക്കം പതിവാണ്. നിർത്താതെ മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ട് ഞാൻ ഞെട്ടിയുണർന്നു. “സുഭാഷ്, നീയൊന്നു വേഗം വരണം. ഗായത്രി ഉറക്ക ഗുളിക കഴിച്ചു.”
“ഞാനിപ്പോ നഴ്‌സിംഗ് ഹോമിലുണ്ട്. നീ....” പിന്നെയും ഇടറിയ ശബ്‌ദത്തിൽ നിതീഷ് ഫോണിൽ എന്തൊക്കെയോ പറഞ്ഞു. നിതീഷിനെ വർഷങ്ങളായി എനിക്ക് പരിചയമുണ്ട്. സ്‌ക്കൂൾ തലം മുതലുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ഒട്ടും വൈകാതെ ഞാൻ നഴ്‌സിംഗ് ഹോമിലെത്തിച്ചേർന്നു.
എന്നെ കണ്ടതും സീനിയർ ഡോക്‌ടർ ഗൗതം ഗായത്രിയുടെ റിപ്പോർട്ട് എനിക്കു കൈമാറി. “സർ, പേഷ്യന്‍റിനെ കൊണ്ട് വോമിറ്റ് ചെയ്യിച്ചിട്ടുണ്ട്. ഗുളിക ഒരു പിടി കഴിച്ചിട്ടുണ്ട്. തക്ക സമയത്ത് ഇവരുടെ ഹസ്‌ബന്‍റ് ഇവിടെയെത്തിച്ചതു ഭാഗ്യമായി. ഇല്ലെങ്കിൽ....”
ഞാൻ തിടുക്കത്തിൽ നടന്ന് ഐസിയുവിൽ ചെന്ന് ഗായത്രിയെ പരിശോധിച്ചു. ഗായത്രിയേടത്തി നല്ല ഉറക്കത്തിലാണ്. അപകടനില തരണം ചെയ്‌തിട്ടുണ്ട്. നഴ്‌സിനു വേണ്ട നിർദ്ദേശങ്ങൾ നൽകി ഞാൻ ഐസിയുവിൽ നിന്നും പുറത്തു കടന്നു. നിതീഷ് ആകാംക്ഷയോടെ എന്‍റെ മുഖത്തേക്ക് നോക്കി.
“ഏടത്തി ഇതു മൂന്നാം തവണയല്ലെ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത്. ഇത്തവണ സ്ലീപ്പിംഗ് പിൽസ് കുറേയധികം കഴിച്ച് ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ച മട്ടാണ്. നിതീഷ്, നിനക്കൊന്നും പറയാനില്ലെ? എന്താണിതിന്‍റെയൊക്കെ അർത്ഥം! ഗായത്രിയുടെ മുൻ ദേഷ്യം നിനക്ക് നന്നായറിയാവുന്നതല്ലെ. ഇത്തവണ എന്തായിരുന്നു വഴക്കിന്‍റെ കാരണം.” ഞാൻ ആകാംക്ഷയോടെ നിതീഷിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“സുഭാഷ്.. സത്യമായിട്ടും എനിക്കറിയില്ല. ആത്മഹത്യ ചെയ്യാനും മാത്രം വലിയ വഴക്കൊന്നുമുണ്ടായിട്ടില്ല.... നീ എന്നെ വിശ്വസിക്കണം....” നിതീഷിന്‍റെ ശബ്‌ദം ഇടറി.
“നുണ... ശുദ്ധ നുണ...” ഞാൻ ശബ്‌ദമല്‌പം കനപ്പിച്ചു.
നിതീഷ് കണ്ണുകൾ ഇറുകെ അടച്ചു. “ശരി, ഞാൻ പറയാം. മൂന്നു ദിവസം മുമ്പ് ഞങ്ങൾക്കിടയിൽ ചെറിയൊരു വാക്ക് തർക്കമുണ്ടായി. പക്ഷേ അതിനു ശേഷം... ഇന്നലെയോ ഇന്നു രാവിലെയോ ഞങ്ങൾ തമ്മിൽ യാതൊന്നും സംസാരിച്ചതേയില്ല.” നിതീഷിന്‍റെ മുഖം മ്ലാനമായി.
തീർത്തും നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന സംസാരവും പെരുമാറ്റവുമായിരുന്നു നിതീഷിന്‍റേത്. എങ്കിലും മനസ്സിൽ കുരുക്കഴിയാതെ കിടന്ന ചില സംശയങ്ങളുടെ ചുവടുപറ്റി ഞാൻ ചോദിച്ചു.
“എന്തിനെ ചൊല്ലിയായിരുന്നു അന്നത്തെ ആ വഴക്ക്?”
“ആ.... പഴയ വഴക്ക് തന്നെ....”
“ഓ, അച്‌ഛന്‍റെ കൈവശമുള്ള തറവാടും കടയും നിന്‍റെ പേരിലാക്കാൻ... ഇല്ലെ.”
“കഴിഞ്ഞ ആഴ്‌ച ഞങ്ങൾ തറവാട് വീട് വരെയൊന്നു പോയിരുന്നു. ഗായത്രി വീണ്ടും സ്വത്തുകാര്യങ്ങൾ എടുത്തിടാൻ ശ്രമിച്ചു. ഞങ്ങൾ ആരും തന്നെ ആ സംസാരം കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ പെട്ടെന്ന് നിശബ്‌ദയായി. അവൾക്ക് കാര്യങ്ങൾ മനസ്സിലായി കാണും.
പിന്നെ വീട്ടിലെത്തിയ ഉടനെ ഞാനുമായി പൊരിഞ്ഞ വാക്ക് തർക്കമുണ്ടായി. പക്ഷേ ആ തീപ്പൊരി അന്നു രാത്രി തന്നെ കെട്ടടങ്ങുകയും ചെയ്‌തു.
“അതിരിക്കട്ടെ, നീ ആ പേരിൽ ഏടത്തിയെ തല്ലിയോ?”
“സുഭാഷ്, ഞാനത്ര വിഡ്‌ഢിയൊന്നുമല്ല. ഇപ്പോൾ തന്നെ നാലഞ്ചു തവണ പോലീസുകാർ വീട്ടിൽ വന്നതാണ്. ഇതിപ്പോ എത്ര വലിയ പ്രശ്നമുണ്ടായാലും ഞാൻ പ്രതികരിക്കാറേയില്ല. അല്ല. മിണ്ടരുതെന്നാണല്ലോ നീ ഓർഡറിട്ടിരിക്കുന്നത്. എന്‍റെ ഓർമ്മയിൽ ഇതൊക്കെയെ സംഭവിച്ചിട്ടുള്ളൂ.”