ജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ ശ്രീമതിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ട്. അതെനിക്കൊരു സൂചനയാണ്. താമസിയാതെ ഒരു പേമാരി പെയ്യും. അസുഖകരമായ എന്തോ ഒന്ന് ശ്രവിക്കേണ്ടി വരുമെന്നു സാരം. ഇത്തവണയും ആ ധാരണ തെറ്റിയില്ല.
“മമ്മി വന്നിട്ടുണ്ട്.” പാൽപായസം കുടിച്ച തൃപ്തിയോടെ അവൾ പറഞ്ഞു. ഇടിത്തീ വീണ പോലെ ഞാനതു കേട്ടു നിന്നു.
ഒഹ്! അപ്പോ അതാണ് കാര്യം. അവളുടെ മമ്മി, എന്‍റെ അമ്മിയഅമ്മ സ്ഥലത്ത് ലാന്‍റ് ചെയ്തിട്ടുണ്ട്. യുദ്ധം മുന്നിൽ കണ്ട സൈനികന്‍റേതു പോലെ ഞാൻ മനസ്സിനെ ദൃഢപ്പെടുത്തി.
“പിന്നെ.... ആരൊക്കെ വന്നിട്ടുണ്ട്.” മുഖത്ത് കൃത്രിമ പുഞ്ചിരി വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“മമ്മി മാത്രമേ വന്നിട്ടുള്ളൂ” ശ്രീമതി മുമ്പെങ്ങും ചിണുങ്ങി കണ്ടിട്ടില്ല.
“പക്ഷേ ലഗ്ഗേജ് ഒരുപാടു കാണുന്നുണ്ടല്ലോ. സത്യം പറയ്, കൂടെ വേറെ ആരാ ഉള്ളത്.” മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ലഗ്ഗേജിലേക്ക് ഞാൻ അലക്ഷ്യമായൊന്നു നോക്കി.
“നിങ്ങളാണെ സത്യം. മമ്മി ഒറ്റയ്ക്കേയുള്ളൂ.” നിന്നെ സമ്മതിക്കണം. സത്യമിടുമ്പോഴും എന്നെ തന്നെ ബലിയാടാക്കി വേണം ഇല്ലേ. നുണയാണ് പറയുന്നതെങ്കിൽ എന്‍റെ തലയല്ലേ തെറിക്കൂ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ഞങ്ങളുടെ സംസാരം കേട്ടാവണം മുറിയിൽ നിന്നാരോ ഇറങ്ങി വന്നു. വീണ്ടും മുറിയിലേക്ക് മടങ്ങി പോവുന്നതു കണ്ട് ഞാൻ തൊല്ലൊരു പരിഭവത്തോടെ ശ്രീമതിയെ നോക്കി.
“ഓഹോ, നിന്‍റെ മമ്മി മാത്രമേ വന്നിട്ടുള്ളുവെന്ന് എന്നോടു നുണ പറഞ്ഞതാണല്ലേ.”
“അല്ല ഞാൻ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്.” ശ്രീമതി എന്നെ തുറിച്ചു നോക്കി. ഞങ്ങളുടെ ഈ തർക്കത്തിനിടയിൽ പെട്ടെന്ന് അമ്മായിഅമ്മ ഒരു പൊതിയുമായി പുറത്തേക്കു വന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് അവരെനിക്ക് നൽകി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവർ പണ്ടത്തേതിലും ചെറുപ്പമായിരിക്കുന്നുവെന്നു മാത്രമല്ല വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെ വല്ലാത്ത മാറ്റം വന്നിരിക്കുന്നു.
“അല്ല, എനിക്ക് മനസ്സിലായില്ല. ക്ഷമിക്കണം.” ഇതുതന്നെയാണ് താനും പ്രതീക്ഷിച്ചത് എന്ന മട്ടിൽ അമ്മായിഅമ്മയും വെളുക്കെ ചിരിച്ചു.
എന്തു സംസാരിക്കണമെന്നറിയാതെ പരുങ്ങി നിൽക്കുന്ന എന്നെ കണ്ട് ശ്രീമതി പെട്ടെന്ന് തന്നെ ടേബിളിൽ പ്രാതൽ വിഭവങ്ങൾ നിരത്തി.
“നോ... നോ... ഇതൊന്നും വേണ്ട. ഞാൻ ഇപ്പോൾ കലോറി കോൺഷ്യസ്സാണ്. ഈ എണ്ണ വിഭവങ്ങളൊന്നും എനിക്ക് വേണ്ട. എനിക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും മാത്രം മതി.”
“അല്ല, എന്താ ഇതിന്‍റെയൊക്കെ അർത്ഥം?” ശ്രീമതിയോടു തനിച്ചു സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ചോദിക്കാനൊരുങ്ങിയതാണ്. എന്‍റെ മുഖഭാവം വായിച്ചറിഞ്ഞാവണം ശ്രീമതി എന്നോടു ചോദിച്ചു.
“അല്ല. നിങ്ങൾക്കെന്തൊക്കെയാണ് അറിയേണ്ടത്?”
“നിന്‍റെ മമ്മിയെ കണ്ടിട്ട് ഒട്ടും മനസ്സിലായില്ല. ഇത്രയ്ക്കങ്ങ് മാറാൻ...” എന്‍റെ ചോദ്യങ്ങളും ആശങ്ക നിറഞ്ഞ മുഖവും കണ്ട് അവൾ പൊട്ടിച്ചിരിച്ചു.
“എന്‍റെ പപ്പ എത്ര കണിശസ്വഭാവക്കാരനായിരുന്നുവെന്ന കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ. അടങ്ങിയൊതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു മമ്മിയുടേത്. വീട്ടുജോലികൾ ചെയ്യുക. ഭക്ഷണമുണ്ടാക്കുക, അമ്മായിഅച്ഛനേയും അമ്മായിഅമ്മയേയും ശുശ്രൂഷിക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക എല്ലാവരും ഉറങ്ങിയ ശേഷം ഉറങ്ങാൻ പോവുക എന്നു വേണ്ട എന്തെല്ലാം ചിട്ടവട്ടങ്ങളായിരുന്നു വീട്ടിൽ.