ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മലപ്പുറത്തെത്തുവാൻ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവൻ ഫഹദ് സാറായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയിരിക്കുമിത്. ഇന്നിപ്പോൾ അദ്ദേഹത്തിനും ജരാനരകൾ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവൻ ചോർന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്... ഒരിക്കലുമില്ല. ആ മനസ്സു മുഴുവൻ ഞാൻ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു.
നിമിഷങ്ങൾക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ അടക്കി നിർത്തുവാൻ പാടുപെട്ടു. കാർ ചിരപരിചിതമായ വഴികളിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ മനസ്സിനെ ഉദ്വേഗഭരിതമാക്കി കൊണ്ട് ഫഹദ് സാറിന്‍റെ ചെറിയ വീടു നിൽക്കുന്ന ഇടവഴികളിലൂടെ കാർ പാഞ്ഞു തുടങ്ങി.
അൽപം ദൂരെയായി കണ്മുന്നിൽ ആ വീടു തെളിഞ്ഞു വന്നു. അൽപ സ്വല്പം മാറ്റങ്ങളോടെ ആ ഗൃഹം അതേ പോലെ നിലനിൽക്കുന്നു. അതിനടുത്തായി മറ്റൊരു ഇരുനില വീടു കണ്ടു. ഒരു പക്ഷെ അത് അദ്ദേഹം പണിയിച്ചതായിരിക്കുമോ? അവിടെയായിരിക്കുമോ അദ്ദേഹമിപ്പോൾ താമസിക്കുന്നത്? മനസ്സ് ചോദ്യശരങ്ങളിൽപ്പെട്ട് വീർപ്പുമുട്ടി. ഹൃദയമിടിപ്പ് കൂടി. എന്നാൽ കുതിച്ചുയരുന്ന എന്‍റെ മനസ്സിനെ അദ്ഭുതപ്പെടുത്തി കൊണ്ട് കാർ വീണ്ടും മുന്നോട്ടു പാഞ്ഞു.
അപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ടാഞ്ഞു.
“നിർത്തൂ... ഇതാണ് ഫഹദ് സാറിന്‍റെ വീട്... ഇവിടെ നിർത്തൂ...” മഴക്കത്തിലാണ്ടിരുന്ന അരുൺ ഞെട്ടി ഉണർന്നു.
“മാഡം... എന്താണ് പറയുന്നത്? നമ്മൾ എവിടെയെത്തി?”
“അരുൺ... നമ്മൾ ഫഹദ് സാറിന്‍റെ വീടു പിന്നിട്ട് വളരെ മുമ്പിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വീട് അൽപം മുമ്പ് ഞാൻ കണ്ടിരുന്നു.”
അപ്പോഴേയ്ക്കും കാറിന്‍റെ സ്പീഡ് ഡ്രൈവർ വളരെ കുറച്ചിരുന്നു. കാർ അരികിലേയ്ക്ക് ഒതുക്കി നിർത്തി ഡ്രൈവർ ചോദിച്ചു.
“സർ, പറഞ്ഞു തന്ന വഴി ഇതു തന്നെയാണ്. വീട് എവിടെയാണെന്ന് സാർ പറഞ്ഞില്ല.”
“ഓ... സോറി... ഞാൻ ഒന്നുമയങ്ങിപ്പോയി. മാഡം എന്താണ് പറഞ്ഞത്? നമ്മൾ ആ വീട് പിന്നിട്ടുവെന്നോ?”
“അതെ അരുൺ... ഫഹദ് സാറിന്‍റെ വീട് ഏറെ പിന്നിലായി കഴിഞ്ഞു. നമ്മളിനി പുറകോട്ട് പോയാൽ മാത്രമേ അദ്ദേഹത്തിന്‍റെ വീട് കാണുകയുള്ളൂ.”
“ഓ... സോറി എനിക്കീ വഴി മാത്രമേ മാഡത്തിന്‍റെയും ഫഹദ് സാറിന്‍റെയും സുഹൃത്തുക്കൾ പറഞ്ഞറിയുകയുള്ളു. ഇവിടെയെത്തിയാൽ വീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നു കരുതി. മാഡത്തിന് അറിയാവുന്ന സ്‌ഥിതിക്ക് ഇനി അതുവേണ്ടല്ലോ...”
കാർ പുറകോട്ടെടുക്കുവാൻ അരുൺ പറഞ്ഞതു കേട്ട് ഡ്രൈവർ കാർ പുറകോട്ടെടുക്കുവാൻ തുടങ്ങി. അൽപം ദൂരം ചെന്ന് ഒരു വളവിൽ കാർ തിരിച്ചെടുത്ത് വീണ്ടും മുന്നോട്ടു പോയി. ഫഹദ് സാറിന്‍റെ വീടിനടുത്തെത്തിയപ്പോൾ വീടു ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.
“അതെ... ഇതു തന്നെയാണ് വീട്... ഫഹദ് സാറിന്‍റെ ഭാര്യയായി ഇവിടെ പണ്ടു വന്നത് എനിക്കൊരിക്കലും മറക്കാനാവുകയില്ല അരുൺ...”