നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 4

ഏതോ ജാലകക്കാഴ്ചകളിലെന്ന പോലെ പത്തു നാൽപ്പതുവർഷം മുമ്പുള്ള ആ ജീവിതചിത്രങ്ങൾ ഹേമാംബിക ഒരിക്കൽ കൂടി നോക്കിക്കണ്ടു.

അന്ന് നന്ദൻ മാഷ് ആ പ്രദേശത്തെ പേരുകേട്ട ഹൈസ്കൂളിലെ യുപി വിഭാഗത്തിന്‍റെ ഹെഡ് മാസ്റ്ററായിരുന്നു. ആയിടെ ടി.ടി.സി കഴിഞ്ഞെത്തിയ ഹേമാംബിക അവിടത്തന്നെ സാമൂഹിക ശാസ്ത്രം അദ്ധ്യാപികയും.

പഴയതെങ്കിലും വൃത്തിയും വെടിപ്പുമുള്ള സ്കൂൾ അങ്കണം. ആ മലയോര ഗ്രാമത്തിലെ ഏക സർക്കാർ സ്ക്കൂളാണത്. അവിടത്തെ മലയാളം അധ്യാപകൻ കൂടിയാണ് നന്ദൻ മാഷ്. സുമുഖനും, മിതഭാഷിയുമെങ്കിലും കുട്ടികളോട് ഏറെ വാത്സല്യമുള്ള ചെറുപ്പക്കാരനായ അദ്ധ്യാപകൻ. അദ്ദേഹത്തിന്‍റെ ക്ലാസ്സുകൾ കുട്ടികൾ ഏറെ അച്ചടക്കത്തോടെ കേട്ടിരുന്നു.

“മലരണിക്കാടുകൾ തിങ്ങിവിങ്ങി

മരതകക്കാന്തിയിൽ മുങ്ങിമുങ്ങി.

കരളും മിഴിയും കവർന്നു മിന്നി

കറയറ്റൊരാലസ്യം ഗ്രാമഭംഗി.”

നന്ദൻമാഷ് കവിത ചൊല്ലുമ്പോൾ കുട്ടികൾ എല്ലാം മറന്ന് ഏറ്റുചൊല്ലി. അതൊരു കോറസ്സായി ആ വിദ്യാലയ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ പല അദ്ധ്യാപകരും അടുത്ത ക്ലാസ്സുകളിൽ നിന്ന് എത്തി നോക്കി, അതു കേട്ടിരിക്കും. അക്കൂട്ടത്തിൽ ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്രം അദ്ധ്യാപികയായ ഹേമാംബിക താൻ ക്ലാസ്സെടുക്കുന്നത് മറന്ന് നന്ദൻ മാഷിനെത്തന്നെ മതിമറന്നു നോക്കിനില്ക്കും.

മാതൃകാ അദ്ധ്യാപകനെന്ന് പേരുകേട്ട നന്ദൻമാഷിനെ അവർ ഒളിഞ്ഞും തെളിഞ്ഞും ആരാധിച്ചിരുന്നു. ഹേമാംബിക ടീച്ചറിന്‍റെ യൗവനത്തിന്‍റെ മണി മുറ്റത്ത് പ്രേമം പീലിവിടർത്തിയാടി… ചിലപ്പോൾ ഒരു മയക്കത്തിലെന്നോണം ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കുന്ന അവരെ കുട്ടികൾ ചെന്ന് തിരികെ വിളിക്കും.

“ടീച്ചറെ, അക്ബറിന്‍റെ പാഠം ടീച്ചർ മുഴുവനുമെടുത്തില്ല.” അതു കേൾക്കുമ്പോൾ സ്വബോധം വീണ്ടുകിട്ടിയ അവർ ലജ്ജയോടെ തല കുനിച്ച് സ്വയം പറയും. “അയ്യോ… ഞാനതു മറന്നു പോയല്ലോ.” എന്നിട്ട് തിരിഞ്ഞ് കുട്ടികളോടായി പറയും. “സോറി, കുഞ്ഞുങ്ങളെ. ടീച്ചർ ഇതാ വന്നു. ഞാൻ ഓഫീസ് റൂമിൽ നിന്നും ഒരു അത്യാവശ്യ കാര്യം എടുക്കാൻ വേണ്ടി പോയതാണ്. ങാ… ഇനി അത് പിന്നെയാകട്ടെ.”

കുട്ടികളുടെ മുന്നിൽ സ്വന്തം ജാള്യം മറച്ചുവച്ച് തിരിഞ്ഞു നടക്കുന്ന അവരെ നോക്കി കുട്ടികൾ അർത്ഥഗർഭമായി ചിരിക്കും. കാരണം നന്ദൻ മാഷിന്‍റെ കവിത കേൾക്കുമ്പോഴാണ് ടീച്ചർക്ക് ഈ സ്വയം മറന്നുള്ള നടത്തം ഉണ്ടാകാറുള്ളതെന്ന് കുട്ടികൾക്കറിയാം.

ഹേമാംബിക ടീച്ചറുടെ കരളും മിഴിയും നന്ദൻ മാഷിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏറെ നാളായി. അവർ ഈ സ്ക്കൂളിൽ വന്ന കാലം തൊട്ട് അവർ നന്ദൻ മാഷിൽ അനുരക്തയാണ്. എന്നാൽ മാഷിനോട് അതു തുറന്നു പറയാനുള്ള ധൈര്യം അവർക്കില്ല താനും. ടീച്ചറുടെ ആത്മമിത്രമായ രാജേശ്വരി ടീച്ചർ, ഹേമാംബികടീച്ചറുടെ ഉള്ളിൽ വിടർന്നു നില്ക്കുന്ന ഈ പ്രേമപുഷ്പത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ പ്രദേശത്ത് അയൽക്കാരികളായ അവർ പരസ്പരം പറയാത്ത കാര്യങ്ങളില്ല. ചിലപ്പോഴൊക്കെ രാജേശ്വരി ടീച്ചർ ഹേമാംബികയോട് ചോദിക്കാറുണ്ട്.

“തനിക്ക് നന്ദൻ മാഷിനോട് ഇത്ര പ്രേമമാണെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞു കൂടെ” എന്ന്. എന്നാൽ ഹേമാംബിക ടീച്ചർ കുനിഞ്ഞ ശിരസ്സോടെ പറയും. “മാഷിനെ മോഹിക്കാനുള്ള അർഹത എനിക്കുണ്ടെന്നു തോന്നുന്നില്ല രാജി. കാരണം ഞങ്ങൾ രണ്ടു ജാതിയിൽപ്പെട്ടവരാണ്. സാമ്പത്തികസ്ഥിതിയും വ്യത്യസഥം. മാഷാണെങ്കിൽ നല്ല സാമ്പത്തികവും കുല മഹിമയുമുള്ള തറവാട്ടിൽ നിന്നും വരുന്ന ആളാണ്. ഒറ്റമോൻ. ഞാനാണെങ്കിൽ പാവപ്പെട്ട ഒരു പ്യൂണിന്‍റെ മകൾ. പറയത്തക്ക കുലമഹിമയോ ധനശേഷിയോ ഒന്നും എനിക്കില്ല രാജി. പിന്നെ എനിക്കു താഴെ വേറെയും മൂന്ന് പേരുണ്ട്. ഒരു അനുജനും രണ്ട് അനുജത്തിമാരും. അവരെല്ലാം പഠിക്കുന്നതേ ഉള്ളു. ഇന്നിപ്പോൾ എന്‍റെ ശമ്പളം കൊണ്ടു വേണം കുടുംബം പുലരാൻ. ഞാൻ അദ്ദേഹത്തെ പ്രേമിക്കാൻ ചെന്നാൽ അദ്ദേഹത്തിന്‍റെ വീട്ടുകാർ അതു സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“എന്നാൽപ്പിന്നെ നീയിങ്ങനെ സ്വപ്നം മാത്രം കണ്ടു കൊണ്ട് നടന്നോ. അങ്ങേര് വേറെ വല്ലേരേം കല്യാണം കഴിച്ച് ജീവിച്ചോളും.”

ഹേമാംബിക ടീച്ചർ ഒരു നെടുവീർപ്പിട്ടുകൊണ്ട് നടന്നകലും. അവരുടെ വീട് ആ സ്ക്കൂളിനടുത്തായിട്ടാണ്. വീട്ടിലെത്തുമ്പോൾ തളർവാതം വന്ന് വയ്യാതെ കിടക്കുന്ന അമ്മയായിരിക്കും അവരെ ആദ്യം എതിരേൽക്കുന്നത്. സഹോദരങ്ങളെല്ലാം പഠിക്കാനും, അച്ഛൻ പുറത്തേക്കും പോയതിനാൽ ആരും തിരിഞ്ഞു നോക്കാനില്ലാത്ത പോലെ പകലെല്ലാം ഏകാന്തതയിൽ കഴിയുന്ന അമ്മയുടെ ശുശ്രൂഷ ഏറ്റെടുക്കുന്ന അവൾക്ക് ഒരു പൊട്ടിക്കരച്ചിലായിരിക്കും നേരിടേണ്ടിവരിക.

“ആരുമില്ലാതെ ഇങ്ങനെ ഒറ്റയ്ക്കു കിടന്നെനിക്ക് മതിയായി. എന്നെ എങ്ങനെയെങ്കിലും ദൈവം അങ്ങ് തിരിച്ചു വിളിച്ചാൽ മതിയായിരുന്നു.” തേങ്ങലുകൾക്കിടയിൽ അമ്മ പറഞ്ഞൊപ്പിക്കും. അപ്പോൾ അമ്മയെ തഴുകിക്കൊണ്ട് ഹേമാംബിക ചോദിക്കും. “അതിന് അച്ഛൻ അടുത്തില്ലായിരുന്നോ അമ്മേ.”

“ഓ… അങ്ങേര് പുറത്തോട്ട് പോയാപ്പിന്നെ ഒരു നേരത്താ വരവ്. കവലയിൽപ്പോയി നിന്ന് പഴയ കൂട്ടുകാരെയൊക്കെ കണ്ട് ചീട്ടുകളിച്ചു നില്ക്കുന്നുണ്ടാവും. എന്‍റെ കാര്യങ്ങള് നോക്കാൻ അങ്ങേർക്കെവിടെയാ നേരം.”

ഹേമാംബിക അതുകേട്ട് പ്രതിവചിക്കും, “ഇനീപ്പോ ഞാനെത്തീല്ലേ അമ്മേ അമ്മയ്ക്ക് എന്താവശ്യമുണ്ടേലും എന്നോട് പറഞ്ഞോളു.”

“ഓ… ദാഹിച്ചു ദാഹിച്ച് തൊണ്ടേലെ വെള്ളം വറ്റാറായി. ഒരിത്തിരി കട്ടൻവെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു ഹേമേ.”

ഹേമാംബിക ഉടൻ തന്നെ ആറ് ഗ്ലാസ്സ് ചായയ്ക്ക് വെള്ളം എടുത്തു. അടുപ്പു കത്തിച്ച് പഞ്ചസാരയും തേയിലയും ഇട്ട് അടച്ചുവച്ചു. പഞ്ചാസാരയും തേയിലയും എല്ലാം തീരാറായിരിക്കുന്നു. ഇനി ഈ മാസം തന്‍റെ ശമ്പളം കിട്ടിയിട്ടു വേണം എല്ലാം വാങ്ങിക്കാൻ. ആറേഴംഗങ്ങളുള്ള വീട്ടിൽ ഓരോ മാസവും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന പാട് തനിക്കു മാത്രമല്ലെ അറിയൂ.

ഹേമാംബിക ചിന്തയിൽ മുഴുകി അടുപ്പിനു സമീപം നിന്നു. അപ്പോൾ പകലത്തെ സംഭവങ്ങൾ വീണ്ടും മനസ്സിലേക്കോടിയെത്തി. ഇന്ന് നന്ദൻ മാഷിൽ മയങ്ങി താൻ സ്വപ്നാടനം നടത്തിയതിനെക്കുറിച്ച് ഓർത്തു. നാളെ കുട്ടികൾ പരസ്പരം അത്പറഞ്ഞ് ചിരിച്ചുവെന്ന് വരാം. അവരിൽ കൂടി ടീച്ചേഴ്സും അത് അറിഞ്ഞുവെന്നു വരാം. അല്ലെങ്കിൽത്തന്നെ സുഹൃത്തുക്കൾ പലരുമിപ്പോൾ തന്നെ കളിയാക്കിത്തുടങ്ങിയിരിക്കുന്നു.

“ഈയിടെയായി ഹേമാംബിക, നന്ദൻ മാഷിനെക്കാണുന്നത് ഉത്തരാസ്വയംവരം കഥകളി കാണുന്നതു പോലെയാണല്ലോ ആകെ ഒരു ചെണ്ട കൊട്ടും മേളവും തന്‍റെ ഉള്ളിൽ നടക്കുന്നുണ്ട് അല്ലേ?” അജിത ടീച്ചർ പലപ്പോഴും കളിയാക്കുമ്പോൾ ആ വാക്കുകളെല്ലാം ഹൃദയത്തിൽത്തട്ടി പൂത്തിരി കത്തിക്കുമ്പോലെ പൊട്ടിച്ചിതറാറാണ് പതിവ്. നന്ദൻ മാഷെന്ന മധുരസ്വപ്നക്കനി തന്‍റെ ഉള്ളിൽ പഴുത്തുപാകമായിത്തുടങ്ങിയിട്ട് നാളുകളേറെ ആയിരിക്കുന്നു.

തനിച്ചിരുന്ന് അതിന്‍റെ മധുരരസം ആവോളം നുണഞ്ഞിറക്കുകയാണ് പതിവ്… പക്ഷെ ചില നേരങ്ങളിൽ ആ സ്വപ്നം ഒരു ദുസ്വപ്നമായി തീരുമോ എന്നും ശങ്കിക്കാറുണ്ട്. തന്‍റെ നടക്കാത്ത അനേകം സ്വപ്നങ്ങളിൽ ഒന്നു മാത്രമായി ഇതും. അതേ… അതിനാണ് സാധ്യത ഏറെ. കാരണം ഇത്രനാളുകളായിട്ടും തന്‍റെ ഉള്ളിലുള്ളത് നന്ദൻ മാഷിനോട് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തന്നെ കാണുമ്പോൾ നിസംഗതയോടെ നോക്കുന്ന ആ കണ്ണുകളും ആഡ്യത്വവും അദ്ദേഹത്തോട് അടുക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നു.

പൂന്തോട്ടത്തിൽ പ്രത്യേക പരിലാളനമേറ്റു വളരുന്ന ഓർക്കിഡ് പുഷ്പവും, പരിചരണ മേല്ക്കാത്ത കാട്ടു പൂവും തമ്മിലുള്ള വ്യത്യാസം തങ്ങൾക്കിടയിലുണ്ട് എന്ന ഓർമ്മ തന്നെ പിന്നോട്ടു വലിക്കുന്നു. അറിയാതെ കണ്ണുകൾ നനഞ്ഞു വന്നു.

പെട്ടെന്ന് അകമുറിയിൽ നിന്ന് അമ്മയുടെ വിമ്മിഷ്ടത്തോടെയുള്ള വിളി കേട്ടു, “ചായ ആയില്ലെ ഹേമേ. ഒരു തുള്ളിയെങ്കിലും വെള്ളം അകത്തു ചെന്നില്ലെങ്കിൽ ഞാനിപ്പം ഇവിടെക്കിടന്നു ചത്തുപോകും.”

“ഇപ്പം കൊണ്ടുവരാം അമ്മേ…” അമ്മക്കുള്ള കട്ടൻചായയുടെ കാര്യം താൻ മറന്നതോർത്ത് കുറ്റബോധത്തോടെ വിളിച്ചു പറഞ്ഞു. പെട്ടെന്ന് ചായ ഒരു പാത്രത്തിലൊഴിച്ച് ആറ്റിയെടുത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയെ താങ്ങി ഇരുത്തി ചായ കുറേശ്ശെയായി വായിലേക്ക് ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു “ഒരു സമയമായാ വായില് വെള്ളം മുഴവൻ വറ്റിയതുപോലെ തോന്നും. അപ്പത്തന്നെ വെളളം കുടിച്ചില്ലേല് ചാകാൻ പോണ വെപ്രാളാ…”

“സ്കൂളി പോകുമ്പോ അമ്മേടടുത്ത് അച്ഛനുണ്ടല്ലോ അടുത്ത് എന്നു വിചാരിച്ചാ ഞാൻ നടക്കണെ. അച്ഛൻ ഇങ്ങനെ അമ്മയെ ഇട്ടിട്ടു പൊക്കളയും എന്ന് ഞങ്ങളറിഞ്ഞോ. എനിക്കാണെങ്കി സ്ക്കുളില് ഇന്നും മീറ്റിംഗ് ഉണ്ടായിരുന്നതാ. ഞാൻ പങ്കെടുക്കാതെ ഇങ്ങു പോരുകായിരുന്നു.”

“നിങ്ങക്കൊക്കെ സ്വന്തം കാര്യം നോക്കാനൊള്ള പ്രാപ്തിയുണ്ട്. അതില്ലാത്തതിപ്പോ എനിക്ക് മാത്രമല്ലെ? നിങ്ങടച്ഛനാണെങ്കി പണ്ടേ ഒരു ചുമതലാബോധം ഇല്ലാത്ത മനുഷ്യനാ. ജോലിയൊണ്ടാരുന്നപ്പോ കുറച്ചൊക്കെ ഒണ്ടായിരുന്നു. ഇപ്പം പിന്നെ പെൻഷൻ പറ്റിയില്ല്യോ. എല്ലാം നിന്‍റെ തലേ വച്ചേച്ച് അങ്ങേര് ഫ്രീയായിട്ടു നടക്കുകാ. മാത്രമല്ല ആ കവലയിലെ ചായക്കടയിൽ ചെന്നിരുന്ന് ചീട്ടുകളിയാ ഇപ്പോ അച്ഛനു ജോലി.കൂടെ കുറെ അലവലാതി ചങ്ങാതിമാരുമുണ്ട്.”

“ഓ… അച്ഛൻ പിന്നേം തൊടങ്ങിയോ ചീട്ടുകളി? എല്ലാം നിർത്തിയെന്നാണല്ലോ ഞാൻ കരുതിയത്?

“ഓ അങ്ങേര് അതൊന്നും നിർത്താൻ പോണില്ല… ചെറുപ്പം മുതൽ തൊടങ്ങിയ ശീലമല്ലേ. അതത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ അങ്ങേർക്കാവില്ലല്ലോ.”

“ശരി… ശരി… അച്ഛനിങ്ങു വരട്ടെ. ഞാനിന്ന് ചോദിക്കുന്നുണ്ട്. അമ്മയെ ഒറ്റയ്ക്കു കിടത്തിയിട്ട് പോയതെന്തിനാണെന്ന്.”

“ങ്ങാ… അതിനിനി അച്ഛൻ വരുമ്പോൾ ഒരു നേരമാകില്ലേ മോളെ. അപ്പോഴേക്കും നീ എല്ലാം മറന്നു പോകും.”

“ഇല്ല അമ്മേ… അച്ഛന് കഞ്ഞിവിളമ്പിക്കൊടുക്കുമ്പോ ഞാൻ ചോദിച്ചോളാം. അമ്മ ഇപ്പോ ഇത് കുടിക്ക്…” അമ്മ കട്ടൻചായ മുഴുവൻ കുടിച്ചു കഴിഞ്ഞ് ഹേമാംബിക ഒരു ടൗവ്വലെടുത്ത് അവരുടെ ചുണ്ടും മുഖവും തുടച്ചു കൊടുത്തു.

“ഹാവൂ… ഇപ്പഴാ ആശ്വാസമായത്. ഇനി നീ അടുക്കളയിലേക്ക് ചെന്നോ മോളെ.” ഹേമാംബിക ഒഴിഞ്ഞ ചായപ്പാത്രമെടുത്ത് അടുക്കളയിലേക്ക് നടന്നു. അപ്പോൾ പാടവരമ്പത്തുകൂടെ നീലാംബരിയും കിങ്ങിണി മോളും നടന്നുവരുന്നത് ഹേമാംബിക അടുക്കള ജനാലയിലൂടെ കണ്ടു.

നീലാംബരി പോസ്റ്റു ഗ്രാജ്വേഷന് അവസാന വർഷം, കിങ്ങിണി മോൾ എന്ന് ഓമനപ്പേരുള്ള കാദംബരി പത്താംക്ലാസ്സിൽ അവൾ പഠിക്കുന്ന സ്കൂളിൽ നിന്നുമാണ് മടങ്ങി വരുന്നത്. കിങ്ങിണി മോൾ നിറയെ വർത്തമാനം പറഞ്ഞ് ആഹ്ളാദവതിയായിട്ടാണ് വരുന്നത്. അവളുടെ കാലിലെ കൊലുസിന്‍റെ ശബ്ദം അന്തരീക്ഷത്തിൽ മണിനാദമുതിർക്കുന്നുണ്ട്. ഗേറ്റ് കടന്നെത്തിയ അവരെക്കണ്ട് അമ്മ വിളിച്ചു പറഞ്ഞു.

“ങാ… പിള്ളേര് വരുന്നുണ്ട് കേട്ടോ ഹേമേ പെട്ടെന്ന് ചായേം പലഹാരങ്ങളും എടുത്ത് മേശപ്പുറത്ത് വച്ചോ.” ഹേമാംബികയപ്പോൾ ദോശയ്ക്കുളള മാവ് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അവൾ അമ്മയോട് വിളിച്ചു പറഞ്ഞു “ഉവ്വ് അമ്മേ… ഞാൻ ദോശ ചുടാൻ തുടങ്ങുകയായിരുന്നു. അവരോട് കാലും മുഖവും കഴുകി അകത്തോട്ട് കേറിവരാൻ പറ.”

പാടത്തു കൂടി നടന്ന് കാലിൽ മുഴുവൻ ചേറിൽ പുതഞ്ഞായിരിക്കും അവർ വരുന്നത് എന്ന് ഹേമാംബികയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ കാൽ കഴുകിയിട്ടുമാത്രം അകത്തോട്ടു കേറിവന്നാൽ മതിയെന്ന് അവൾ പറഞ്ഞത്. കിങ്ങിണിയും നീലാംബരിയും ചവിട്ടുപടിയിൽ കാലുകുത്തുന്നതിനു മുമ്പേ ഭാനുമതിയമ്മ വിളിച്ചു പറഞ്ഞു.

“രണ്ടുപേരും കിണറ്റുകരേ ചെന്ന് കാലുകഴുകിയിട്ടു മാത്രം അകത്തോട്ടു കേറിയാ മതിയെന്ന് ഹേമ പറഞ്ഞിട്ടുണ്ട്.”

“ശരി അമ്മേ… ഞങ്ങളിതാ കാലുകഴുകാനായി കിണറ്റുകരയിലേക്കു പോവുകയാണ്.” അങ്ങനെ പറഞ്ഞ് നീലാംബരി അനുജത്തിയേയും കൂട്ടി കിണറ്റുകരയിലേക്ക് നടന്നു. കാലുകഴുകിയെത്തിയയുടനെ കിങ്ങിണി അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു “അമ്മേ ഇന്ന് പ്രസംഗ മത്സരത്തിനും സ്പോട്സിലും സ്ക്കൂളിൽ എനിക്കാണ് ഫസ്റ്റ്… സ്ക്കൂൾ വാർഷികത്തിന് എനിക്ക് ട്രോഫി കിട്ടും.”

“നീ തുള്ളിച്ചാടി വരുന്നതു കണ്ടപ്പഴെ എനിക്കു തോന്നി നിനക്കു പറയാൻ എന്തെങ്കിലും, സന്തോഷവർത്തമാനമുണ്ടാവുമെന്ന്. ഏതായാലും അമ്മയ്ക്ക് സന്തോഷായി. നിങ്ങളു രണ്ടുപേരും ഹേമയെപ്പോലെ പഠിച്ചുമിടുക്കരാകുമെന്ന് അമ്മക്കറിയാം. പക്ഷെ മണിക്കുട്ടന്‍റെ കാര്യത്തിലാ എനിക്ക് വിഷമം. അവന് പഠിക്കണമെന്ന വിചാരം തീരെക്കുറവാ. അച്ഛനെപ്പോലെ കൂട്ടുകൂടി നടക്കാനാ ഇഷ്ടം.” അതു പറയുമ്പോൾ ഭാനുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഈയിടെയായി അവന്‍റെ പെരുമാറ്റത്തിൽ ചില പ്രത്യേകതകൾ കാണുന്നുണ്ടമ്മേ, എപ്പോഴും മുറിക്കകത്തു തന്നെ കുത്തിയിരിപ്പാ. ഒന്നും ചോദിച്ചാ മിണ്ടുകില്ല.” നീലാംബരിയാണത് പറഞ്ഞത്.

അവളുടെ വാക്കുകൾ കേട്ട് ഭാനുമതിയമ്മ മനസ്സിടർച്ചയോടെ പറഞ്ഞു “ങാ… ആകെയുള്ള ഒരാൺതരിയാ… അവനിങ്ങനെ നിങ്ങടച്ഛനെപ്പോലെ ചുമതലാബോധമില്ലാതായാ മറ്റുള്ളവരെന്തു ചെയ്യും… എന്‍റെ കൃഷ്ണാ… എന്‍റെ കുഞ്ഞുങ്ങൾക്ക് നേർവഴി കാട്ടിക്കൊടുക്കണേ ഭഗവാനെ…” ഭാനുമതിയമ്മ മുകളിലേക്കു നോക്കി മനമുരുകി പ്രാർത്ഥിച്ചു.

അപ്പോഴേക്കും നീലാബരിയും കിങ്ങിണി മോളും അടുക്കളയിലെത്തിയിരുന്നു.

“എന്താ ചേച്ചീ… വിശന്നിട്ടു കണ്ണു കാണാൻ വയ്യ… എന്തെങ്കിലും തിന്നാനൊണ്ടെങ്കി താ ചേച്ചീ…” നീലാബരി ഹേമയുടെ തോളിൽ തൊട്ടുകൊണ്ടു പറഞ്ഞു.

“അതെ ചേച്ചീ… വിശന്ന് അറം പറ്റി. ബസ്സില് നല്ല തിരക്കായിരുന്നു. ഒള്ള ആമ്പിള്ളേര് മുഴുവൻ ഇടിച്ചു കേറിയിട്ടുണ്ടായിരുന്നു.” കിങ്ങിണി മോൾ പറഞ്ഞു.

പട്ടണത്തിലെ പേരുകേട്ട കോളേജിലാണ് നീലാംബരി പഠിക്കുന്നത്. കോളേജിൽ എത്തിയതിൽപ്പിന്നെ ആമ്പിള്ളേരോടു മിണ്ടാനുള്ള തന്‍റെ മടിയൊക്കെ മാറിയെന്ന് അവൾ പറഞ്ഞു. അതുകേട്ട് കിങ്ങിണി മോളും ഹേമാംബികയും അമ്പരന്നു

“അപ്പ ചേച്ചീ, ആമ്പിള്ളേരുമായിട്ട് കൂടിക്കുഴയാനാണല്ലേ കോളേജിൽ പോകുന്നത്.” കിങ്ങിണി മോൾ നീലാംബരിയെ കളിയാക്കി.

“ഏയ്… ഞാനങ്ങനെയൊന്നും പോകത്തില്ലെടീ. ഈ നാട്ടുമ്പുറത്തു ജനിച്ചുവളർന്നതു കൊണ്ടായിരിക്കാം എനിക്കതിനൊക്കെ മടിയാ. പിന്നെ ഞാൻ എല്ലാരോടും മിണ്ടുകേം വർത്തമാനം പറയുകേം ഒക്കെ ചെയ്യും.” അനുജത്തിമാരുടെ വർത്തമാനം കേട്ടു നിന്ന ഹേമാംബികയുടെ മനസ്സിലപ്പോൾ നന്ദൻ മാഷായിരുന്നു. തന്‍റെ മനസ്സിൽ കൂലം കുത്തിയൊഴുകുന്ന അനുരാഗ നദിയെപ്പറ്റി നന്ദൻ മാഷിന് ഒരു സൂചന നൽകാൻ പോലും കഴിഞ്ഞിട്ടില്ലല്ലോ എന്നവളോർത്തു.

നന്ദൻമാഷിനെക്കാണുമ്പോൾ ആഹ്ളാദത്തോടൊപ്പം മനസ്സിൽ വന്നു നിറയുന്ന വിറയലാണതിനു കാരണം. ഓരോ ദിനവും താൻ ധൈര്യം സംഭരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും നന്ദൻ മാഷിന്‍റെ സാമിപ്യത്തിൽ അതെല്ലാം പാഴിലായിപ്പോകാറാണ് പതിവ്.

“എന്താ ചേച്ചീ സ്വപ്നം കണ്ടു നില്ക്കുന്നത്. വിശക്കുന്നു ചേച്ചീ…” കിങ്ങിണി മോൾ ഒച്ചയുയർത്തി നിലവിളി പോലെ പറഞ്ഞു.

“ഓ… ഞാനതു മറന്നുപോയി. നീലു, നീയാ പ്ലേറ്റുകളെടുത്ത് മേശപ്പുറത്ത് വക്ക്. ഈ പാത്രത്തിലുള്ള ദോശയും ചമ്മന്തിയും എടുത്തു കൊണ്ടു പൊയ്ക്കോ.എന്നിട്ട് കിങ്ങിണി മോൾക്കും കൊടുക്ക്.”

ചുട്ടു വച്ചിരുന്ന ദോശകൾ അതിരുന്ന പാത്രത്തോടെ എടുത്തു കൊണ്ട് നീലാംബരി ഊണുമുറിയിലേക്കു നടന്നു പിറകേ കിങ്ങിണി മോളും. അവർ ദോശ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഹേമാംബിക ബാക്കിയുളളവർക്കും കൂടി ദോശ ചുട്ട് ആകെയുള്ള ഒരു കാസ്സറോളിലാക്കി അടച്ചുവെച്ചു. മണിക്കുട്ടൻ അല്പം കഴിഞ്ഞാലെത്തും. അവന് ചൂടാറാതെ ദോശകൊടുത്തില്ലെങ്കിൽ അവൻ വഴക്കിട്ട് ഒന്നും കഴിക്കാതെ എണീറ്റു പൊയ്ക്കളയും. ഹേമാംബിക മനസ്സിൽ വിചാരിച്ചു. രാത്രിയിലത്തെ കഞ്ഞിയും കലത്തിൽ വച്ച് അടുപ്പുകത്തിച്ചു. പിന്നീട് രണ്ടു ദോശയുമെടുത്ത് അമ്മ കിടക്കുന്ന കട്ടിലിനടുത്തെത്തി.

Novel: സമുദ്രമുഖം ഭാഗം- 33

പോർച്ചുഗീസ് കഫേയിൽ അധികം ആൾത്തിരക്കില്ല. നേർത്ത പാശ്ചാത്യ സംഗീതം പിന്നാമ്പുറങ്ങളിൽ നിന്നെങ്ങോ അലയടിക്കുന്നു. ബിഫാന സാൻവിച്ച് ഓർഡർ ചെയ്ത് ഒരു മസാല ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഞാൻ പരിസരമാകെ വീക്ഷിച്ചു കൊണ്ടിരുന്നു. ടേബിളിൽ പലതരം ഫാഷൻ മാഗസീനുകളും പേപ്പറുകളും ചിതറി കിടന്നിരുന്നു.

അലസമായി അവ പരിശോധിക്കുമ്പോൾ അതിൽ അന്നത്തെ സായാഹ്ന പത്രവും കണ്ടു. അതിൽ മുൻ പേജിൽത്തന്നെ വാർത്ത വന്നിട്ടുണ്ട്. പലയാവർത്തി വായിച്ചു.  എല്ലാം എനിക്കറിയാവുന്ന വിവരങ്ങൾ തന്നെ. ആ വാർത്തയിൽ നിന്നും പുതുതായി ഒന്നും തന്നെ മനസ്സിലാക്കാനില്ല. വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പ്രതികൾ ഉടനെത്തന്നെ പിടിയിലാകുമെന്നും എഴുതിച്ചേർത്തിരിക്കുന്നു.

കൊലപാതകമെന്ന് സംശയിച്ചേക്കാവുന്ന ദുരൂഹമരണങ്ങൾ വർത്തയാകുമ്പോൾ പ്രതികൾ ഉടൻ പിടിയിലാകുമെന്നതരത്തിലുള്ള റിപോർട്ടുകൾ പതിവാണ്. എന്നാൽ ആ വാർത്തയിൽ അവസാനം എഴുതിച്ചേർത്ത ഒരു വാചകം എന്‍റെ ശ്രദ്ധയാകർഷിച്ചു. അതിന്‍റെ നിജസ്ഥിതി നേരിട്ടറിയാൻ പത്രമാപ്പീസു വരെ ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു.

നഗരഹൃദയത്തിൽ നിന്നും ഏറെ മാറി ജനം പെരുകിത്തടിച്ച വഴിയോരങ്ങൾ. വഴിയുടെ ഇരുവശത്തും പലതരം കച്ചവടങ്ങൾ അരങ്ങു തകർക്കുന്നു, മുഷിഞ്ഞ ചുവരുകൾ പേറുന്ന പഴയകെട്ടിടങ്ങൾ. ഓടകളിൽ നിന്നെത്തി നോക്കി എവിടേക്കോ പാഞ്ഞുപോകുന്ന തടിച്ച എലികൾ. അസുഖകരമായ ഗന്ധം ഈച്ചക്കൂട്ടത്തെപ്പോലെ ഇരമ്പിയാർത്തു. ലോറികളിൽ നിന്നും അരിച്ചാക്കുകൾ ഇറക്കുന്ന യൂണിയൻകാരുടെ ദൈന്യ മുഖങ്ങൾ. അവരോട് ഇറക്കുകൂലിയുടെ പേരിൽ തർക്കിക്കുന്ന കടയുടമകൾ. ആ തിരക്കു പിടിച്ച വഴി അവസാനിക്കുന്നിടത്താണ് പത്രമാപ്പീസ്.

തുരുമ്പുപിടിച്ച ഒരു ഇരുമ്പു ബോർഡ് തുരങ്കത്തിലേക്കുള്ള ചൂണ്ടുപലക പോലെ പത്രമാപ്പീസിന്‍റെ മുന്നിൽ ദ്രവിച്ചു കിടന്നു. ഇടുങ്ങിയ ഇടനാഴി താണ്ടി ചെന്നെത്തിയത് സാമാന്യം ഭേദപ്പെട്ട ഒരു ഹാളിൽ. ഹാൾ പല മുറികളായി തിരിച്ചിട്ടുണ്ട്. എന്നെക്കണ്ട് ഒരു മെലിഞ്ഞ മധ്യവയസ്ക്കൻ എവിടെ നിന്നൊ ഓടി വന്ന് ചോദിച്ചു.

“പരസ്യം കൊടുക്കാനാണോ?”

“ആ… ഒരു പരസ്യം വേണം.” അയാളുടെ ഉത്കണ്ഠയാർന്ന മുഖം തെളിഞ്ഞു.

“വരൂ.“  എന്നെ ആനയിച്ചു കൊണ്ട് ഒരു മുറിക്കകത്തേക്കു കൂട്ടിക്കൊണ്ടുപോയി. പുരാതനമായ പത്രക്കെട്ടുകൾ ഫയൽ ചെയ്തു വച്ച ആ മുറിയിൽ രണ്ടു മരകസേരകൾ അതിഥികളെ കാത്ത് കിടന്നിരുന്നു. ആ മുറിയിൽ ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി നിന്നിരുന്നു. പൊടി തട്ടി എനിക്കിരിക്കാൻ കസേര നല്കി അയാൾ ഉപചാരപൂർവ്വം ചോദിച്ചു.

“കുടിക്കാൻ ചായയോ…”

എന്‍റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു. എന്‍റെ മനസ്സിന്‍റെ ആഗ്രഹം മുഖത്തു നോക്കി ഊഹിച്ചെടുത്ത അയാൾ സമീപത്തിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചായ ഗ്ലാസ്സിലേക്കു പകർന്നു. ഏറെ നേരം ഫ്ലാസ്കിലിരുന്നതിന്‍റെ ഗന്ധം വമിക്കുന്ന ചായ ഒരിറക്കു കുടിച്ചപ്പോൾ അയാൾ പരിചയപ്പെടുത്തി. പേര് ജോസ് മാനേജരാണ്. തുടർന്ന് അയാൾ ഒരു ഡയറിയെടുത്തു. അതു കണ്ട് ഞാൻ പറഞ്ഞു.

“ഞാൻ ഒരു ചെറിയ സ്ഥാപനം നടത്തുന്നുണ്ട്. അതിലേക്ക് ഒരു പരസ്യം വേണം. സായാഹ്ന പത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ളത് നിങ്ങളുടെ പത്രത്തിനാണല്ലോ?”

“എന്താ സംശയം… ഏറ്റവും കൂടുതൽ സർക്കുലേഷൻ ഞങ്ങൾക്കു തന്നെയാണ് പരസ്യച്ചെലവ് ഏറ്റവും കുറവും ഞങ്ങൾക്കാണ്.”

“പരസ്യത്തിന്‍റെ ജോലിയാണോ നിങ്ങൾക്ക്? നല്ല ലേഖനങ്ങളും വാർത്തകളും കാണാറുണ്ടല്ലോ അതിലും നിങ്ങൾക്ക് റോളുണ്ടോ?“

“ഞാനിവടുത്തെ ആൾറൗണ്ടർ ആണ്. കഥയെഴുതും, ലേഖനമെഴുതും, പരസ്യം, വാർത്തകൾ അങ്ങിനെ ഒരുപാടു ഉത്തരവാദിത്തങ്ങൾ ഇതിനൊക്കെ പുറമെ.  എന്തിനേറെ എനിക്ക് പത്രത്തിന്‍റെ ഏജൻസിയുമുണ്ട്.” ജോസ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

മാനേജർ ജോസിന്‍റെ പ്രകൃതം അല്പസ്വല്പം പിടികിട്ടിയ ഞാൻ കാര്യത്തിലേക്കു കടന്നു. “ഞാൻ എല്ലാം വായിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വാർത്ത ഒന്നാന്തരമായിരുന്നു. ഒരു ക്രൈം സ്റ്റോറി വായിക്കുന്ന പ്രതീതി. നല്ല നിലവാരമുള്ള എഴുത്ത്. ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ അതെല്ലാം വായിച്ചുതീർത്തത്! “

“ഓ അതോ പുഴയിൽ കെട്ടിത്താഴ്ത്തിയ ചാക്കുകെട്ട്. അതിലെ തലയില്ലാത്ത മൃതദേഹം, സുഹൃത്തേ ആ വാർത്ത കൊണ്ടുവന്നത് ഞാനല്ല. എന്നാൽ ആ വാർത്തയുടെ പ്രൂഫിൽ ഞാൻ കുറെ തിരുത്തുകൾ വരുത്തിയിരുന്നു.  പല കോണുകളിൽ നിന്നും ആളുകൾ വിളിച്ചിരുന്നു. പൊതുവെ ഗംഭീരമായി എന്നാണ് അഭിപ്രായം.”

തുടർന്ന് അയാൾ പത്രപ്പരസ്യങ്ങളുടെ നിരക്ക് രേഖപ്പെടുത്തിയ ലാമിനേറ്റു ചെയ്ത ഒരു ഷീറ്റെടുത്ത് എന്‍റെ നേരെ നീട്ടി. തുടർന്നതിനെക്കുറിച്ച് വിശദീകരിക്കാനൊരുങ്ങി.

ഞാനതു കേട്ട് ഇടക്കു കയറിപ്പറഞ്ഞു. “അതെ ഗംഭീരം തന്നെ ആയിരുന്നു. ഒരു സംശയവുമില്ല ആരാ പിന്നെ ആ വാർത്ത കൊണ്ടുവന്നു തന്നത്?”

“അത് ലോനപ്പേട്ടൻ ഇവിടുത്തെ സ്ഥിരം ജോലിക്കാരനല്ല. എഴുതുന്ന കോളത്തിനനുസരിച്ച് പ്രതിഫലം കൊടുക്കും. പക്ഷേ പുള്ളി കണ്ടുപിടിച്ച് കൊണ്ടുവരുന്നത് മിക്കതും പത്രത്തിൽ കൊടുക്കാൻ പറ്റാത്തവയാണ്. അങ്ങനെ കുറെ ആളുകൾ നമുക്കുണ്ട്. നാള്‌ഫലം എഴുതാനും രാമായണമാസകാലത്തു രാമകഥ എഴുതാനും സിനിമകഥകൾ എഴുതാനും ആളുണ്ട്. പരസ്യം നമുക്ക് കളറ് കൊടുത്താലോ? പെട്ടന്ന് എല്ലാരുടേയും കണ്ണിൽ പെടും.”

“ശരി കളറുമതി. അധികം സ്പേസിൽ വേണ്ട.  ഏതായാലും നല്ല ചില സാമ്പിളുകൾ തരൂ. ഞാൻ നോക്കി തെരഞ്ഞെടുത്ത് ഉടനെത്തന്നെ അറിയിക്കാം.”

അയാൾ പലതരം പരസ്യസാമ്പിളുകൾ അടുക്കി വച്ച ഫയലെടുത്ത് എനിക്കു നേരെ നീട്ടി. അതു വാങ്ങുന്നതിനിടയിൽ ഞാൻ നിരുന്മേഷത്തോടെ ചോദിച്ചു, “ഈ ലോനപ്പേട്ടൻ ഇപ്പോൾ എവിടെ കാണും?”

”ആ ഇപ്പോ ആരാധനേൽ കാണും. കൊറച്ചു മുന്നേ ഇവിടെ വന്നു കാശ് മേടിച്ച് പോയതല്ലേ?”

ഏതായാലും ഇവിടെ വന്നതിന്‍റെ ഉദ്ദേശം വേറെ ആണെങ്കിലും ഈ പത്രത്തിൽ ചെറിയ ഒരു പരസ്യം കൊടുത്തു നോക്കാം. പരസ്യം മൂലം ഏതെങ്കിലും പദ്ധതികൾ ഒത്തു വന്നെങ്കിലോ? ജോസ് നീട്ടിയ ഫയലിൽ നിന്നും ഒരു സാമ്പിൾ തിരഞ്ഞെടുത്ത് ഫയൽ തിരിച്ചു കൊടുത്തു. എന്‍റെ സ്ഥാപന വിവരങ്ങൾ ഡയറിയിൽ എഴുതിച്ചേർക്കുന്നതിനിടെ അയാൾ പലവട്ടം എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജോസിനോട് യാത്ര പറഞ്ഞ് ഒരു ചെറിയ തുക അഡ്വാൻസ് നല്കി പുറത്തിറങ്ങി.

എത്രയും വേഗം ലോനപ്പേട്ടനെ കണ്ടു പിടിക്കണം. ആരാധനയിലുണ്ടാകുമെന്നാണ് ജോസ് പറഞ്ഞത്. അല്ല ഈ ആരാധന എന്ന് പറയുന്നത് എന്ത് സേവനം നൽകുന്ന സ്ഥാപനമാണാവോ? ജോസിന്‍റെ സംസാരത്തിൽ നിന്നും എല്ലാവർക്കും പരിചിതമായ ഒരു പ്രശസ്തസ്ഥാപനം ആണ് ആരാധന. ഏതായാലൂം ഞാനിതുവരെ ആരാധനയെക്കുറിച്ചു കേട്ടിട്ടില്ല.

വഴിത്താരയിലെ തിരക്കുകൾ ശമനമില്ലാതെ തുടർന്നു. ദീനമായ പരിക്ഷീണമായ മനുഷ്യമുഖങ്ങൾ ഞൊടിയിടയിൽ കൺമുമ്പിലൂടെ വന്നു പോയ്കൊണ്ടിരുന്നു. അല്പദൂരം നടന്നശേഷം ഒരോട്ടോയിൽ കയറ്റി ആരാധനയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓട്ടോക്കാരന്‍റെ മുഖത്തിന്‍റെ കോണിൽ ഒരു ചിരി വിടർന്നു. മദ്യപൻമാരെ കാണുമ്പോൾ വിരിയുന്ന പരിഹാസച്ചിരി. ആരാധനയിലെ സേവനമെന്തെന് എനിക്ക് വ്യക്തമായി. ആരാധനയിലെത്താൻ അധികം സമയമെടുത്തില്ല.

ഒരിടത്തരം ബാർ കം റസ്റ്റോറന്‍റ്.  ബാറിൽ കയറി ഞാൻ പരിസരം വീക്ഷിച്ചു കൊണ്ടിരുന്നു. സ്ഥിരം ഉപഭോക്താക്കളെ ബാർ മാൻമാർക്ക് നിശ്ചയമായും അറിയുമായിരിക്കും. ഒരു ഗ്ലാസ്സ് ബിയർ എനിക്കായി പകരുന്നതിനിടെ ലോനപ്പേട്ടനെക്കുറിച്ച് ഞാൻ ആരാഞ്ഞു. ചിരപരിചിതനായ ഒരാളുടെ പേരുകേട്ട മുഖഭാവത്തോടെ ബാർമേൻ പറഞ്ഞു.

“ലോനപ്പേട്ടൻ ഇവടെ വന്നിരുന്നു. പെട്ടെന്നെന്തോ കാര്യത്തിന് പുറത്തു പോയി.  പുള്ളി വരും ക്വോട്ട തികച്ചില്ല. ക്വോട്ട തികക്കുന്നതു വരെ ഇവിടെത്തന്നെ ഉണ്ടാകും.“

ബിയർ നിറച്ച സ്ഥടികവുമായി ഞാൻ ഒരൊഴിഞ്ഞ മൂലയിൽ ചെന്നിരുന്നു. ചെറു കുമിളകൾ വലിയ രൂപം പ്രാപിച്ച് ഗ്ലാസ്സിനു മുകളിൽ പാറിക്കിടന്നു. ഒരിറക്ക് ബിയർ കുടിച്ചശേഷം ഗ്ലാസിന് മുകളിൽ മേലാപ്പ് പോലെ പതയുന്ന ബിയറു നോക്കി ഞാൻ അൽപനേരം ഇരുന്നു, പതുക്കെ പത ശമിക്കുകയാണ്, മേലാപ്പ് അപ്രത്യക്ഷമാകുകയാണ്‌. ഒരെത്തും പിടിയും കിട്ടാത്ത ആധുനിക ചിത്രം പോലെ പ്രശ്നം കെട്ടുപിണഞ്ഞ് കിടക്കുന്നു.

ഫ്രാൻസിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊക്കാർഡ് പറഞ്ഞിട്ടുള്ളത്‌, ഒരു കുറ്റവാളി സംഭവസ്ഥലത്തേക്ക് എന്തെങ്കിലും കൊണ്ടുവരും എന്തെങ്കിലും അവശേഷിപ്പിക്കുകയും ചെയ്യും എന്ന വസ്തുതയാണ്. ഒപ്പം ഏതെങ്കിലും രണ്ട് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ, ഓരോ വസ്തുവിനും ഇടയിൽ പദാർത്ഥത്തിന്‍റെ കൈമാറ്റം എപ്പോഴും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു വക്കുന്നു. സത്യത്തിൽ അതാണല്ലോ ഫോറൻസിക് സയൻസിന്‍റെ അടിസ്ഥാന ശില.

ഇവിടെ കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്താണ്? അവശേഷിപ്പിച്ചതെന്താണ്? അതു തന്നെയാണ് കുറ്റവാളിയിലേക്കുള്ള ദിശാ സൂചകം. സംഭവസ്ഥലത്തേക്ക് കൊണ്ടു വന്നത് ചൂടിക്കയർ കൊണ്ട് വരിഞ്ഞു കെട്ടിയ ചാക്കുകെട്ട്. ചാക്കുകെട്ടിൽ ഒരു പുരുഷന്‍റെ ശരീരാവശിഷ്ടങ്ങൾ. തീർത്തും തിരിച്ചറിയാനാകാത്ത വിധം വികലമാക്കിയ ശരീരാവശിഷ്ടങ്ങൾ. ഇവിടെ കൊണ്ടുവന്നതും അവശേഷിച്ചതും ചാക്കുകെട്ടു തന്നെ. ആ ചാക്കു തന്നെ ദിശാ സൂചകം. ആ ചാക്കുകെട്ടിനെ പിൻതുടർന്നാൽ കുറ്റവാളിയിലേക്കെത്തും എന്ന് മനസ്സു പറയുന്നു.

ചാക്കുകെട്ടു ഞാൻ കണ്ടതാണ്. പുറമെ വിശേഷ വിധിയായി ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടുമില്ല. പിന്നീടുള്ളത് പദാർത്ഥങ്ങളുടെ കൈമാറ്റം. കുറ്റവാളിക്കും ചാക്കുകെട്ടിനുമിടയിൽ പദാർത്ഥത്തിന്‍റെ വിനിമയം നടന്നിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ മേൽത്തരം ശാസ്ത്രസാങ്കേതികവിദ്യ അനിവാര്യമാണ്. ചാക്കുകെട്ടിന്‍റെ വിദഗ്ധപരിശോധനയിലൂടെയേ അത് വ്യക്തമാകു. അത്തരം പരിശോധന എന്‍റെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല.

കയ്പ് പടർന്നു തുടങ്ങിയ തണുത്ത ബിയർ അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ ബാർ മാൻ വന്ന് പറഞ്ഞു. “ദാ അതാണ് നിങ്ങൾ അന്വേഷിച്ച കക്ഷി. ലോനേട്ടൻ.”

ഞാൻ ആകാംക്ഷാപൂർവ്വം ബാർ മാൻ കണ്ണുകൊണ്ടാംഗ്യം കാണിച്ചിടത്തേക്ക് നോക്കി. വെളുത്ത ജുബ ധരിച്ച് ഒരാൾ തൊട്ടടുത്ത ടേബിളിലിരുന്ന് വിശാലമായ മദ്യപാനത്തിന് വട്ടം കൂട്ടുന്നു. സമയം നഷ്ടപ്പെടുത്താതെ ഉടൻ തന്നെ ലോനപ്പേട്ടനോട് മൗനാനുവാദം വാങ്ങി അയാൾക്കു എതിർവശത്തെ കസേരയിൽ ചെന്നിരുന്നു. അപരിചിതത്വത്തിന്‍റെ മിഴിമുന അയാളിൽ നിന്നും എന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്കനുഭവപ്പെട്ടു.

ഞാനുടനെ പരിചയപ്പെടലിന്‍റെ ഘട്ടത്തിലേക്ക് നീങ്ങി. സായാഹ്ന പത്രത്തിൽ പരസ്യം നല്കുന്നതിനായി പോയ കാര്യവും ജോസേട്ടനെ പരിചയപ്പെട്ട കാര്യവുമെല്ലാം പറഞ്ഞിട്ടും ഒരടുപ്പം അയാൾ കാണിക്കുന്നില്ല. ജോസേട്ടനെപ്പറ്റി പറഞ്ഞപ്പോൾ അയാളുടെ മുഖം ചുവന്നു ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബാർമേന്‍റെ അടുക്കൽ ചെന്ന് ഒരു ബോട്ടിൽ സിഗ്നേച്ചർ പറഞ്ഞു ഇരിപ്പിടത്തിലേക്ക് നീങ്ങി.

ബോട്ടിൽ കൊണ്ടു വച്ചതും ലോനപ്പേട്ടന്‍റെ ചടച്ച മുഖം തിളങ്ങി. നിമിഷങ്ങൾക്കുള്ളിൽ അയാൽ പരിചിതനായി. വാചാലനായി. കഥകൾ പ്രവഹിച്ചു തുടങ്ങി. പഴയ കാല നക്സൽ അനുഭാവിയാണ് ലോനപ്പേട്ടൻ എന്ന് എനിക്ക് തോന്നി. ഒരു പെഗ് മദ്യം ഒറ്റവലിക്ക് വലിച്ചു കുടിച്ചശേഷം നടപ്പുവ്യവസ്ഥിതിയിൽ സാമൂഹികമാറ്റം സായുധ വിപ്ലവത്തിലൂടെ മാത്രമേ കൈവരുകയുള്ളു എന്നയാൾ ഉറപ്പിച്ചുപറഞ്ഞു.

രക്തം ചിന്താതെ സമൂഹത്തിലെ സാമ്പത്തികസന്തുലനം ഒരു മരീചികയായിത്തന്നെ തുടരുമെന്ന് അയാൾ ഉദാഹരണങ്ങളിലൂടെ സമർത്ഥിച്ചു. അയാൾ പറയുന്നതിനോടൊക്കെ യോജിച്ചു കൊണ്ടും തലകുലുക്കി സമ്മതിച്ചും ഞാൻ മദ്യം പകർന്നു കൊടുത്തുകൊണ്ടിരുന്നു.

വസന്തത്തിന്‍റെ ഇടിമുഴക്കം വന്നു ഭവിക്കാത്തതും സായുധ വിപ്ളവങ്ങൾ അപ്രായോഗികമായതിന്‍റെ ഇച്ഛാഭംഗവും അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു. പരിമിതികളേറെയുണ്ടെങ്കിലും ഇന്നും ചൂഷക വ്യവസ്ഥിതികളോടുള്ള പോരാട്ടം എഴുത്തുകളിലൂടെയും പ്രവൃത്തികളിലൂടെയും ലോനപ്പേട്ടൻ തുടരുന്നു.

ചില മനുഷ്യർ അങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ചു തുടങ്ങാനാണ് പ്രയാസം. സംസാരം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പെട്ടന്നൊന്നും അവസാനിപ്പിക്കുകയില്ല. ജോസേട്ടൻ എന്ന ബുർഷ്വാ മാനേജരെപ്പറ്റി കടുത്തവാക്കുകൾ പറയുവാൻ തുടങ്ങി തൊഴിലാളികളുടെ ചോരകുടിച്ചു ജീവിക്കുന്ന ഒരട്ടയാണ്‌ ജോസ് എന്നും ലോനപ്പേട്ടൻ പറഞ്ഞു വച്ചു.

ലോനപ്പേട്ടന്‍റെ വീരഗാഥകൾ കാടുകയറിത്തുടങ്ങി. അതു കൊണ്ട് എനിക്ക് വിശേഷിച്ചൊരു ഗുണമില്ലെന്ന് ബോധ്യം വന്നതിനാൽ ഞാൻ സാവകാശം അയാൾ സായാഹ്നപ്പത്രത്തിൽ നല്കിയ വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മികവുറ്റ സിഗ്നേച്ചർ മദ്യം സ്ഫടിക ഗ്ലാസ്റ്റിലേക്ക് ചിതറി വീണു. അതിന്‍റെ ലഹരിയുൾക്കൊണ്ട് ലോനപ്പേട്ടൻ കളം നിറഞ്ഞു. ഏറെ നിർബന്ധിച്ചപ്പോൾ ആ വാർത്തയും വിശദാംശങ്ങളും കൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ലോനപ്പേട്ടൻ പറഞ്ഞു തുടങ്ങി.

റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ബൈക്കുകൾ തുടർച്ചയായി മോഷണം പോകുന്നതു സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു ലോനപ്പേട്ടൻ. അവിടെ പരിചയമുള്ള പോലീസുകാരുണ്ട്. സായാഹ്ന പത്രത്തിൽ കൊടുക്കാൻ പറ്റിയ വാർത്തകൾ അവിടെ നിന്നും പലപ്പോഴും ലഭിക്കാറുണ്ട്. അത്തരം വാർത്തകൾ അല്പം പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.

അന്നൊരു ദിവസം കാര്യമായ വാർത്തകൾ ഒന്നും തടയാതെ പോലീസ് സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരഞ്ഞു നടക്കുമ്പോഴാണ് കായൽ പരിസരത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ട മനുഷ്യ ശരീരഭാഗങ്ങൾ ചാക്കുകെട്ടിൽ നിന്നും ലഭിച്ചതായുള്ള വാർത്ത പരന്നത്. സമയം കളയാതെ ഉദ്യോഗജനകമായ ഒരു വാർത്ത തടഞ്ഞ ജിജ്ഞാസയിൽ സംഭവ സ്ഥലത്തെത്തി.

സംഭവം അടുത്തു നിന്നും കാണാൻ പറ്റി. അർത്ഥശങ്കക്കിടയില്ലാത്ത ഭീകരമായ ഒരു കൊലപാതകം. കൊലപാതകിക്ക് ഇരയോടുള്ള തികഞ്ഞ പകയും പ്രതികാരവും ഒറ്റ നോട്ടത്തിൽ പകൽ പോലെ വ്യക്തം. കൊലപാതക വാർത്തകൾ റിപ്പോർട്ടു ചെയ്തുള്ള അനുഭവസമ്പത്തും അല്പസ്വല്പം ഭാവനാ ചാതുര്യവും സമാസമം ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി. വായനക്കാർ അത് സ്വീകരിച്ചു. അതു കൊണ്ടാണല്ലോ ആ വാർത്ത വന്ന ദിവസം രണ്ടായിരം കോപ്പിയിലേറെ പത്രം വിറ്റുപോയത്.

ലോനപ്പേട്ടന്‍റെ ശുഷ്ക്കിച്ച മുഖത്ത് നേരിയ ചിരി പടർന്നു. സിഗ്‌നേച്ചർ ബോട്ടിലിലെ നിരപ്പ് താണു. ലോനപ്പേട്ടൻ തീർത്തും ഉല്ലാസവാനായി. ബെയററെ വിളിച്ച് മസാലക്കപ്പലണ്ടി ഓർഡർ ചെയ്തു വരുത്തി. ലോനപ്പേട്ടൻ വിഷയം വിട്ട് വീണ്ടും കാടുകയറാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.

“വാർത്തയുടെ അവസാനം ബേക്കറിയുമായി ബന്ധപ്പെടുത്തി ഏതാനും വരികൾ കണ്ടിരുന്നല്ലോ? അതെനിക്ക് വ്യക്തമായില്ല! ഒരിറക്ക് മദ്യം കഴിച്ച് ലോനപ്പേട്ടൻ പൊട്ടിച്ചിരിച്ചു.

“അതെന്താ സംഭവമെന്ന് അവിടം പരിശോധിച്ച പോലീസുകാർക്കും മനസ്സിലായിട്ടില്ല. ഇപ്പോൾ അവർ മനസ്സിലാക്കിയിട്ടുണ്ടാവും. അത്തരം കാര്യങ്ങളൊക്കെ തിരിച്ചറിയാൻ നിരീക്ഷണബുദ്ധി വേണം അതിനുപരിയായി ജീവിതാനുഭവങ്ങൾ വേണം. ”

ഏറെ മദ്യം അകത്തു ചെന്നിട്ടും ലോനപ്പേട്ടന്‍റെ നാവു കുഴയുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. വ്യക്തമായി സ്ഫുടതയോടെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. “നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലേ ഇന്നുവരെയുള്ള ജീവിതത്തിൽ ചെയ്തിട്ടുള്ളൂ?” ഞാൻ തലകുലുക്കി സമ്മതിച്ചു.

“ഞാൻ പത്താം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ആളാണ്. കൂലിപ്പണി, സോഡാ കമ്പനി, ഹോട്ടൽ, ബേക്കറി ആ പട്ടിക ഏറെയുണ്ട്. ആ അനുഭവപരിചയം കൊണ്ടാണ് ഞാൻ അങ്ങനെയൊരു നിഗമനത്തിലെത്തി വാർത്ത കൊടുത്തത്. മഹാരാഷ്ട്രയിൽ നിന്നൊക്കെ ഇറക്കുമതി ഉണ്ടെങ്കിലും കേരളത്തിലേക്ക് പഞ്ചസാര പ്രധാനമായും എത്തുന്നത് കർണാടകയിൽ നിന്നാണ്. അത്തരം ചാക്കുകൾ ഞാൻ ഏറെ ചുമന്നിട്ടുണ്ട്. വല്ലാത്ത ഭാരമാണ് അവയ്ക്ക്.  അത്തരം ചാക്കുകൾ തിരിച്ചറിയാൻ എനിക്കേറെ സമയം വേണ്ട. ആ മനുഷ്യ ഭാഗങ്ങൾ പഞ്ചസാരച്ചാക്കിലാക്കിയാണ് പുഴയിൽ തള്ളിയതെന്നതിന് സംശയം വേണ്ട. പിന്നെ ചാക്കു കണക്കിന് പഞ്ചസാര ഉപയോഗിക്കാറുള്ളത് വൻകിട ബേക്കറികളിലാണ്. അതു കൊണ്ടാണ് സംശയ നിഴൽ ബേക്കറി ഉടമയിലേക്ക്‌ എന്നൊരു കാച്ചു കാച്ചിയത്.”

“പോലീസ് ലോനപ്പേട്ടനോട് ഇക്കാര്യം ആരാഞ്ഞിരുന്നോ?“

“ഇല്ല. ഇതവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പിന്നെ എന്‍റെ വാർത്തകൾ അവർ കാര്യമായിട്ടെടുക്കാറുമില്ല. ചില മുന്നനുഭവങ്ങൾ ഉണ്ടെന്ന് വച്ചോ. അവരു കണ്ടു പിടിക്കട്ടെന്നെ ടെക്നോളജിയും മാൻ പവ്വറും ഉണ്ടല്ലോ.“

ഞാൻ അത് ശരിവച്ചു. ടെക്നോളജി നൽകുന്ന പിൻബലത്തിനു പകരം വക്കാൻ മറ്റൊന്നില്ല. സിഗ്‌നേച്ചർ നിരപ്പ് താഴെ തൊട്ടു, അതുകണ്ടിട്ടാവണം അല്പം തിരക്കുഭാവിച്ചു അയാൾ എഴുന്നേൽക്കാനാഞ്ഞു, ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ തന്നു. മദ്യത്തിന്‍റെ പണം താൻ തന്നെ കൊടുക്കാമെന്ന ഭംഗിവാക്ക് പറഞ്ഞ് ലോനപ്പേട്ടൻ എഴുന്നേറ്റ് പോകാനൊരുങ്ങി. യാത്ര ചോദിച്ചു.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു മദ്യം കഴിച്ചവന്‍റെ യാതൊരു ശരീരഭാഷയും ദൃശ്യമാക്കാതെ തോളത്തു ഒരു തുണിസഞ്ചിയും തൂക്കി ലോനപ്പേട്ടൻ നടന്നുപോകുന്നത് ഞാൻ നോക്കി നിന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 3

“എങ്ങും പോകല്ലേ സൗദാമിനി… ഞാൻ ഉറങ്ങിഉണരുമ്പോഴും നീയിവിടെ ത്തന്നെയുണ്ടാകണം… എനിക്ക് പേടിയാ സൗദാമിനി… ഇപ്പോൾ എല്ലാറ്റിനേം പേടിയാ… സുമേഷിനെ… അവന്‍റെ ഭാര്യയെ… അങ്ങനെ എല്ലാറ്റിനേം എനിക്കു പേടിയാ… ”

നന്ദൻ മാഷ് ഹേമാംബികയുടെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു. ഹേമാംബികയുടെ കൈകൾ അപ്പോൾ അയാളെ ചേർത്തു പിടിച്ചിരുന്നു. അറിയാതെ ഒരു മയക്കത്തിലേക്ക് വഴുതിവീണത് നന്ദൻ മാഷ് അറിഞ്ഞില്ല.

ഹേമാംബികയാവട്ടെ നന്ദൻ മാഷ് ഉറങ്ങിയിട്ടും അവിടന്ന് മാറാതിരുന്നു. ഒരു പക്ഷെ ഉണരുമ്പോൾ അദ്ദേഹം ഭാര്യയെന്ന് കരുതുന്ന തന്നെ കാണാതെ വിഷമിച്ചാലോ? ഇനിയും നന്ദൻ മാഷിനെ വിഭ്രാന്തിയിലേക്ക് തള്ളിവിടാൻ താനായിട്ട് ഇടയുണ്ടാക്കരുത്. ഹേമാംബിക കരുതി

ഇതിനിടയിൽ നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ എത്തിച്ച പാൽക്കാരൻ പയ്യൻ മുരുകൻ, സുമേഷിന്‍റെ വീട്ടിലും പാലും കൊണ്ടെത്തി. നന്ദൻ മാഷിനെക്കാണാതെ പലയിടത്തും അന്വേഷിച്ചുകൊണ്ടിരുന്ന അവരോട് അവൻ താൻ നന്ദൻ മാഷിനെ രാവിലെ കണ്ട വിവരം പറഞ്ഞു.

“അപ്പൂപ്പനെ ഞാൻ കണ്ടല്ലോ. അപ്പൂപ്പനെ ഞാനാ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കിയത്.” അവൻ സുമേഷിനോടു പറഞ്ഞു.

“വൃദ്ധമന്ദിരത്തിലൊ അതെന്തിനാ അച്ഛൻ അങ്ങോട്ടു പോയത്?”

“അവിടെ അമ്മൂമ്മ കാത്തു നില്ക്കും എന്നു പറഞ്ഞു.”

“ഈ അച്ഛനു തനി വട്ടായെന്നാ തോന്നുന്നേ. അമ്മ കാത്തു നില്ക്കും പോലും…”

സുമേഷിന്‍റെ ഭാര്യ താരയാണ് പല്ലിറുമ്മിക്കൊണ്ട് അതു പറഞ്ഞത്. അവൾ പുതിയ ചുരിദാർ ധരിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ ഒന്നര വയസ്സായ ഇളയ മകനെ ഒക്കത്തെടുത്ത് ജോലിക്കാരി ശാന്തിയും അടുത്തു നില്പുണ്ട്.

“അതു ശരിയാ. ഈയിടെയായി അച്ഛന് മാനസികമായി എന്തോ നല്ല കുഴപ്പമുണ്ട്. യഥാർത്ഥത്തിലുള്ളതൊന്നുമല്ല കാണുന്നതും പറയുന്നതും. എപ്പോഴും അമ്മയെപ്പറ്റിയുള്ള ചിന്തയാ. അമ്മ ജീവിച്ചിരുപ്പുണ്ടെന്നാ അച്ഛനിപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഇപ്പഴത്തെ കാര്യങ്ങൾ പലതും ഓർമ്മയില്ല താനും. അച്ഛൻ പലതും ചെയ്യുന്നതും പറയുന്നതും ഒരോർമ്മയും ഇല്ലാതെയാ…” താര ഈർഷ്യയോടെ സുമേഷിനെ ഓർമ്മപ്പെടുത്തി.

“എന്തായാലും ഞാനവിടം വരെ ഒന്നു പോയി നോക്കി വരട്ടെ. നീ അപ്പഴേക്കും എനിക്ക് ഓഫീസിൽ പോകാനുള്ളതൊക്കെ ഒരുക്കിവക്ക്.” അല്പം കഴിഞ്ഞ് കാർഷെഡിൽ നിന്ന് കാർ ഇറക്കിക്കൊണ്ട് അയാൾ പറഞ്ഞു.”

“കാലത്തെ ഓരോരോ മാരണങ്ങളെ… നീ ആ ഗേറ്റൊന്ന് തുറക്ക്… ങാ അല്ല ഗേറ്റ് പകുതി തുറന്നു കിടക്കുകയാണല്ലോ… അച്ഛൻ തുറന്നിട്ടതായിരിക്കും… നീ അതൊന്ന് മുഴുവനും തുറക്ക്…” സുമേഷ് പറഞ്ഞതു കേട്ട് താര ഗേറ്റിനടുത്തേക്ക് നടന്നു. ഗേറ്റ് തുറന്ന ശേഷം താര സുമേഷിനടുത്തെത്തി പറഞ്ഞു.

“അതേയ് നിങ്ങളുടെ അച്ഛന് അവിടത്തെന്നെ നില്ക്കുവാനാണ് ഇഷ്ടമെങ്കിൽ അവിടെത്തന്നെ നിർത്തിയിട്ടു പോര്. ഇനിയും ഇവിടെ നിർത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?”

“അങ്ങനെ കൈയ്യൊഴിയാനൊക്കുമോ? അതിന് ചില ക്രമങ്ങളൊക്കെ ഇല്ലേ? മാത്രമല്ല അതേക്കുറിച്ച് എനിക്കല്പം ആലോചിക്കാനുണ്ട്. അച്ഛന്‍റെ കൈയ്യിലുള്ളതെല്ലാം നേടിയിട്ടു വേണം അതേക്കുറിച്ചു ചിന്തിക്കാൻ. ഇല്ലെങ്കിൽ അച്ഛനെ കൈയ്യൊഴിഞ്ഞതിന്‍റെ പേരുദോഷം മാത്രം ബാക്കിയാകും.”

“അതും ശരിയാ. എങ്കിൽ ഞാൻ പറഞ്ഞതിനെക്കുറിച്ച് നിങ്ങളിപ്പം മറന്നേക്ക്.”

“ശരി. എന്നാൽ ഞാൻ പോയിട്ടു വരാം. നീ മോന് പാലു കൊടുത്ത് വേഗം ഓഫീസിൽ പോകാൻ നോക്ക്.”

“ശരി സുമേഷേട്ടാ… ഹോ എന്തെല്ലാം പണികൾ കാലത്തു തന്നെ തീർത്തിട്ടു വേണം ഓഫീസിൽ പോകാൻ. ചിന്നു മോളെ ഒരുക്കി സ്ക്കുളിലേക്കു വിട്ടതേയുള്ളു. അതിനിടക്കാ നിങ്ങളുടെ അച്ഛനെന്ന മാരണം. അങ്ങേരെ ഇവിടെ കൊണ്ടു വന്നു നിർത്തുമ്പോ വീട്ടിലൊരാളായല്ലോ എന്നാ കരുതിയത്… അങ്ങേരിപ്പോ ഒന്നും ഓർമ്മയില്ലാതെ ഏതു നേരവും ശാന്തിയെ വിളിച്ചോണ്ടിരിക്കുമത്രെ, അതു കണ്ടോ ഇതു കണ്ടോ എന്നു ചോദിച്ച് അവൾക്കാകെ മടുത്തു തുടങ്ങി. ഇനി എപ്പഴാ ഇവിടുത്തെ ജോലി മതിയാക്കി അവള് പോകുന്നതെന്നറിയില്ല.”

“ങാ… ശരി… ശരി… നീയിപ്പോളകത്തോട്ട് ചെല്ല്. ശാന്തിയെ പറഞ്ഞ് എല്ലാം ഏല്പിക്ക് അച്ഛന്‍റെ കാര്യങ്ങൾ നമുക്ക് പിന്നീടാലോചിക്കാം.” താര ഗേറ്റടച്ച് അകത്തേക്ക് പോയപ്പോൾ സുമേഷ് കാറോടിച്ച് പുറത്തേക്കുപോയി. സുമേഷ് നേരെ വൃദ്ധമന്ദിരത്തിലേക്ക് കാർ ഓടിച്ചു ചെന്നു. അവിടെ അപ്പോൾ ഏതാനും പേർ കൂടിനിന്ന് പുതിയ അതിഥിയെപ്പറ്റി സംസാരിക്കുകയായിരുന്നു.

നന്ദൻമാഷിനെ നേരിട്ടറിയാത്തപലരും അയാൾ അവിടെ താമസിക്കാൻ ചെന്നതാണെന്നു വിചാരിച്ചു. ഹേമാംബിക ടീച്ചർ നന്ദൻ മാഷിനെ കാര്യമായി ശുശ്രൂഷിക്കുന്നതു കണ്ടപ്പോൾ അവർ തമ്മിൽ നേരത്തെ പരിചിതരാണെന്ന് പലരും ഊഹിച്ചു. അവർ ചുറ്റും കൂടി നിന്ന് ഹേമാംബികടീച്ചറിനോട് നന്ദൻ മാഷിനെപ്പറ്റിപലതും ചോദിച്ചു തുടങ്ങി.

“ടീച്ചർക്കിയാളെ നേരത്തെ അറിയാവോ?” ആന്‍റണി എന്ന വൃദ്ധനാണ് അതു ചോദിച്ചത്. കോട്ടയംകാരനായ അയാൾ അവിടെ വന്നിട്ട് നാലു മാസമേ ആയിട്ടുള്ളു.

ഹേമാംബിക ടീച്ചർ ആന്‍റണിയുടെ ചോദ്യം കേട്ട് പുഞ്ചിരിയോടെ പറഞ്ഞു. “അറിയാമായിരുന്നു. ഞങ്ങൾ ഇരുവരും ഒരു സ്ക്കൂളിൽ ജോലി ചെയ്തിരുന്നവരാ…”

“ഓഹോ… അപ്പോൾ നല്ലവണ്ണം അറിയാമെന്നു പറ. ഇയാൾക്ക് മക്കളും ഭാര്യയുമൊന്നുമില്ലേ? തനിച്ചാണല്ലോ വരുന്നത് കണ്ടത്?” മൂവാറ്റുപുഴ സ്വദേശിയായ മുകുന്ദന്‍റെ ചോദ്യം കേട്ട് ദാസൻ എന്നു പേരുളളയാൾ പ്രതികരിച്ചു.

“ആരൊക്കെയുണ്ടായിട്ട് എന്താ കാര്യം? മുകുന്ദാ… ഇന്നത്തെക്കാലത്ത് ആർക്കും നമ്മളെപ്പോലുളളവരെ വേണ്ടാ. അത് മക്കളായാലും ഭാര്യയായാലും ശരി.”

“അതും ശരിയാ… അവർക്കൊക്കെ കാശു മതി. അതു കിട്ടിക്കഴിഞ്ഞാ നമ്മളൊക്കെ ഇന്നവർക്ക് അധികപ്പറ്റാ…” ആന്‍റണിയുടെ വാക്കുകളിൽ. ഇടർച്ചയുണ്ടായിരുന്നു.

“അതുകൊണ്ടാണല്ലോ നമ്മളെയൊക്കെ അവര് ഇവിടെക്കൊണ്ടുവന്നാക്കിയത്. ങാ… അവസാന കാലത്ത് ഒരു തുള്ളി വെള്ളം തരാൻ മക്കളോ ഭാര്യയോ അടുത്തില്ലാതെ മരിക്കാനാ നമ്മുടെ വിധി.” അതു പറയുമ്പോൾ മുകുന്ദന്‍റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.

“ങാ… അതൊക്കെ പോകട്ടെ… നമ്മള് വന്നത് ഇയാളെക്കുറിച്ചന്വേഷിക്കാനല്ലേ? എന്നിട്ട് നമ്മള് നമ്മുടെ കാര്യം പറഞ്ഞോണ്ടിരിക്കുവാണല്ലോ. പെങ്ങളെ, ഇയാളെക്കുറിച്ച് കൂടുതലറിയാനാ ഞങ്ങള് വന്നത്. ഇയാളാരാ? എവിടുന്നാന്നൊക്കെ പെങ്ങള് ഒന്നു പറഞ്ഞാട്ടെ. കണ്ടിട്ട് ബുദ്ധിക്ക് ലേശം കൊഴപ്പമൊള്ള വ്യക്തിയാണെന്ന് തോന്നുന്നു. വല്ല പ്രാന്താശുപത്രീന്നും ചാടിപ്പോന്നതാണോ?”

“ഏയ് അല്ല ആന്‍റണിച്ചേട്ടാ. നന്ദൻ മാഷ് ഇവിടെ അടുത്ത ഹൈസ്ക്കൂളിലെ സാർ ആയിരുന്നെന്നു പറഞ്ഞില്ലേ? ഇദ്ദേഹം പണികഴിപ്പിച്ച വീടാ ഇത്. ഇവിടെയാണ് ഇദ്ദേഹവും ഭാര്യയും രണ്ടുമക്കളോടൊത്ത് പത്തുനാല്പതുകൊല്ലക്കാലം താമസിച്ചത്. പിന്നീട് മക്കൾക്ക് പ്രായമായപ്പോ അവര് തങ്ങളുടെ കുടുംബവുമായി ഓരോരോ ഇടത്തേക്ക് മാറിത്താമസിച്ചു. ഒരാള് ഇവിടെ അടുത്തും, മറ്റൊരാള് ഏതോ വിദേശരാജ്യത്തും. മക്കള് അച്ഛനെയും അമ്മയെയും വേർപെടുത്തി തങ്ങള് താമസിക്കുന്നിടത്തേക്ക് കൊണ്ടുപോയി.”

ഹേമലത ടീച്ചർ പറയുന്നതിനിടക്ക് രാഘവൻ മാഷ് അവിടെയെത്തി. അദ്ദേഹം നല്ല സുഖം തോന്നാത്തതിനാൽ മുറിയ്ക്കകത്ത് അത്രയും നേരം കിടക്കുകയായിരുന്നു. കട്ടിലിലുറങ്ങുന്ന നന്ദൻ മാഷിനെ കണ്ട് രാഘവൻ മാഷ് അതിശയോക്തിയോടെ പറഞ്ഞു. “ഇത് നമ്മുടെ നന്ദൻ മാഷല്ലെ? ഇദ്ദേഹത്തിന് എന്തു പറ്റി?”

“ഒന്നും പറ്റിയില്ല മാഷേ. സ്വന്തം വീട്ടിൽ നിന്ന് ഇവിടം വരെ അദ്ദേഹം നടന്നാണ് വന്നത്. അതിന്‍റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്.” ആന്‍റണി വിവരിച്ചു.

“സ്ക്കൂളിൽ വച്ച് നന്ദൻ മാഷും ഞാനും നല്ല ചങ്ങാതികളായിരുന്നു. എത്രനല്ല മനുഷ്യനാണെന്നോ ഇദ്ദേഹം ങാ… ഹേമാംബിക ടീച്ചറിനറിയില്ലേ ഇദ്ദേഹത്തിനെ. നമ്മളെല്ലാം ഒരുമിച്ചാണല്ലോ അന്ന് സ്ക്കൂളിലുണ്ടായിരുന്നത്.”

“പിന്നെ എനിക്കറിയാം. ഞങ്ങൾ ഒരുമിച്ച് കുറെ വർഷങ്ങൾ ഉണ്ടായിരുന്നു. ങാ… ഞാൻ നന്ദൻ മാഷിന് കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവരാം. പാവം ഉണരുമ്പോൾ നല്ല ദാഹം കാണും. വെയിലത്തു നടന്നു തളർന്നല്ലെ ഇവിടം വരെയെത്തിയത്.”

“അപ്പോൾ മാഷിന് ഇതുവരെ കുടിക്കാൻ ഒന്നും കൊടുത്തില്ലെ? അതു കഷ്ടമായല്ലോ” രാഘവൻ മാഷിന്‍റെ ചോദ്യം കേട്ട് ഹേമാംബിക പറഞ്ഞു.

“ഇല്ല രാഘവേട്ടാ… ഇദ്ദേഹം ഭാര്യയാണെന്ന് വിചാരിച്ച് എന്നെ എങ്ങും വിടാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം ഉണരുന്നതു വരെ ഞാൻ എങ്ങും പോകരുതെന്നും പറഞ്ഞു.”

“പാവം, മനുഷ്യന്‍റെ ഓരോരോ അവസ്ഥയെ” അങ്ങനെ പറഞ്ഞ് രാഘവൻ മാഷ് നെടുവീർപ്പിട്ടു.

ഇതിനിടയിൽ ഹേമാംബിക “ഞാൻ നന്ദൻ മാഷിനു കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവരാം. നിങ്ങൾ എല്ലാവരും നന്ദൻ മാഷിനെ ശ്രദ്ധിച്ചോളു” എന്നു പറഞ്ഞ് അകത്തേക്കു പോയി. അവർ സംസാരിച്ചു കൊണ്ടിരിക്കെ മുറ്റത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ട് എല്ലാവരും എത്തിനോക്കി.

“ആരോ വന്നിട്ടുണ്ട്. പുതിയതായി ആരെ യെങ്കിലും ഇവിടെ കൊണ്ടു വന്ന് നടതള്ളാനായിരിക്കും.” ആന്‍റണി പറഞ്ഞതു കേട്ട് മറ്റുളളവരും ആകാംക്ഷാഭരിതരായി നോക്കി നിന്നു.

അപ്പോൾ സുമേഷ് കാറിൽ നിന്നിറങ്ങി ഓഫീസിനടുത്തേക്ക് നടന്നു. മാനേജർ രാജീവൻ സുമേഷിനെക്കണ്ട് എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.

“ഹലോ… സുമേഷ്സാറൊ? കണ്ടിട്ട് നാള് കുറെ ആയല്ലോ.”

“ങാ… കഴിഞ്ഞ മാസം വാടക വാങ്ങാൻ വന്നപ്പോൾ നമ്മൾ തമ്മിൽ കണ്ടതാണല്ലോ. ഇന്നിപ്പോൾ ഇവിടംവരെ വരേണ്ട ആവശ്യമുണ്ടായി.”

“ഓ… സാറിന്‍റെ അച്ഛൻ ഇവിടെ വന്ന കാര്യം അറിഞ്ഞു കാണുമല്ലേ? ഞാൻ സാറിനെ വിളിച്ചു പറയാനിരിക്കുകയായിരുന്നു. അദ്ദേഹം അത്രയും ദൂരം നടന്നു തളർന്ന് ഇവിടെ എത്തിയതല്ലെ? അല്പം വിശ്രമിച്ചിട്ട് വിളിച്ചു പറയാമെന്നു കരുതി.”

“ങാ… എന്നോട് പാൽക്കാരൻ പയ്യനാണ് വന്നു പറഞ്ഞത് അച്ഛൻ ഇവിടെ ഉണ്ടെന്നുള്ള കാര്യം. ഞങ്ങൾ ഇന്നു രാവിലെ മുതൽ അദ്ദേഹത്തെ കാണാഞ്ഞ് അന്വേഷിക്കുകയായിരുന്നു.”

“സാർ എത്തിയതു നന്നായി. അദ്ദേഹം ഭാര്യയെ അന്വേഷിച്ചാണ് ഇവിടം വരെയെത്തിയത്. അദ്ദേഹത്തിന് ചെറിയ ഓർമ്മത്തകരാർ ഉണ്ടല്ലേ?”

“ങാ… അച്ഛന് അമ്മ മരിച്ച കാര്യമൊന്നും ഇപ്പോൾ ഓർമ്മയില്ല. അച്ഛന്‍റെ ബുദ്ധിക്ക് കാര്യമായെന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങളെ വിഷമിപ്പിക്കുന്നതും അതാണ്. ഇടയ്ക്ക് ആരും കാണാതെ എങ്ങോട്ടേയ്ക്കെങ്കിലും ഇറങ്ങി പോകുവാനും തുടങ്ങിയിരിക്കുന്നു…”

“എനിക്കും തോന്നി അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന്. അദ്ദേഹത്തിന് നല്ല ട്രീറ്റ്മെന്‍റ് നൽകണം. നേരത്തേ ചികിത്സിച്ചാൽ ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ഓർമ്മ തിരിച്ചു കിട്ടിയേക്കും. എന്നാൽ സാർ വരൂ. നമുക്ക് അദ്ദേഹത്തിന്‍റെടുത്തേക്ക് പോകാം.” രാജീവ് സുമേഷിനെ നന്ദൻ മാഷിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

നന്ദൻ മാഷപ്പോൾ കണ്ണടച്ചു കിടക്കുകയായിരുന്നു. അടുത്തിരുന്ന ഹേമാംബികയാവട്ടെ നന്ദൻ മാഷിനെ ശ്രദ്ധിക്കുവാൻ അവിടെ കൂടിനിന്നവരോട് പറഞ്ഞിട്ട് എന്തോ അത്യാവശ്യത്തിന്. അകത്തേക്കു പോയി. ആ സമയത്താണ് സുമേഷ് രാജീവിനോടൊപ്പം അങ്ങോട്ടു വരുന്നത് കണ്ടത്… അയാളെക്കണ്ട് കൂടിനിന്നവർ ഒഴിഞ്ഞുനിന്നു. അപ്പോൾ രാജീവ് പറഞ്ഞു. “ഇതാണ് നന്ദൻ മാഷിന്‍റെ മകൻ. പേര് സുമേഷ്. ഇദ്ദേഹം നന്ദൻ മാഷിനെ അന്വേഷിച്ച് എത്തിയതാണ്.”

”നന്ദൻ മാഷിന് ഈ ബുദ്ധിഭ്രമം തുടങ്ങിയിട്ട് എത്രനാളായി? ഞാൻ അറിയുന്ന നന്ദൻ മാഷ് ഇങ്ങനെയായിരുന്നില്ലല്ലോ?” രാഘവൻ മാഷ് ചോദിച്ചു.

“ബുദ്ധി ഭ്രമമോ, മറവിരോഗമോ എന്ന് അറിയില്ല. അച്ഛൻ കുറെ നാളുകളായി ഇങ്ങനെയാണ്. അമ്മയുടെ മരണശേഷമാണ് കൂടുതലും. അമ്മയുടെ മരണം അച്ഛന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും അമ്മ അടുത്തുണ്ടെന്ന തോന്നലാണ് അച്ഛന്.”

“എന്നിട്ടിതേവരെ ഡോക്ടറെ കാണിച്ചില്ലേ?”

“ഒന്നുരണ്ടു പേരെ കാണിച്ചു. ചില മരുന്നുകളെല്ലാം നൽകുന്നുണ്ട്.” അതു പറയുമ്പോൾ അച്ഛനെ ചികിത്സിച്ച് പണച്ചെലവുണ്ടാക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന യാഥാർത്ഥ്യം അയാൾ ഒളിച്ചു വക്കുകയായിരുന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം രാഘവൻ മാഷ് പറഞ്ഞു

“ഏതായാലും വലിയ കഷ്ടം തോന്നുന്നു നന്ദൻ മാഷിനെ ഇപ്പോൾ കാണുമ്പോൾ. ഇദ്ദേഹം എത്ര നല്ല അദ്ധ്യാപകനായിരുന്നു. മറ്റുള്ള അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം ജീവനായിരുന്നു. ഒരു പ്രാവശ്യം മാതൃകാ അദ്ധ്യാപകനുള്ള അവാർഡും വാങ്ങിയിട്ടുണ്ട്.”

“ശരിയാണ്. നന്ദൻ മാഷ് എന്നെയും പഠിപ്പിച്ചിട്ടുണ്ട്. എനിക്കറിയാം അദ്ദേഹത്തിന്‍റെ ഗുണഗണങ്ങൾ. അദ്ദേഹത്തിന്‍റെ വാത്സല്യം ഞാനും കുറെ അറിഞ്ഞിട്ടുണ്ട്.” രാജീവ് പറഞ്ഞു.

അല്പനേരംകഴിഞ്ഞ് നന്ദൻ മാഷ് കണ്ണു തുറന്നു. ചുറ്റിനു കൂടി നില്ക്കുന്നവരെക്കണ്ട് അമ്പരന്ന് ചുറ്റും നോക്കി. അപ്പോഴേക്കും മുന്നിൽ വന്ന മകൻ സുമേഷിനെക്കണ്ട് ചോദിച്ചു.

“ഞാനെവിടെയാണ്? എന്നെ ആരാണ്. ഇവിടെ കൊണ്ടുവന്നത്?”

“ഹും… അച്ഛനെക്കൊണ്ട് തോറ്റിരിക്കുകയാണ്. ഓർമ്മയും ബുദ്ധിയും നശിച്ചു തുടങ്ങി എന്നതോ പോകട്ടെ. എത്ര പറഞ്ഞാലും കേൾക്കുകയില്ല. എന്തെങ്കിലുമൊരു തരം കിട്ടിയാൽ ഇങ്ങോട്ട് ഓടിപ്പോരും.”

അതു കേട്ട്മാനേജർ രാജീവൻപറഞ്ഞു. “അതു പിന്നെ ഈ വീട് മാഷിന്‍റേതായിരുന്നുവല്ലോ. പഴയ ഓർമ്മകൾ കൂട്ടിനെത്തുന്നുണ്ടാവും. ചില ഓർമ്മകൾ മരിച്ചാലും ചിലതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് മാഞ്ഞു പോവുകയില്ല. പിന്നെ ഈ വീട്ടിലിപ്പോൾ ധാരാളം വൃദ്ധജനങ്ങളുമുണ്ടല്ലോ. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഒരു തുക തന്ന് അദ്ദേഹത്തെ ഇവിടെ നിർത്തിക്കോളൂ. ഒരു കഷ്ടതയും വരാതെ ഞങ്ങൾ നോക്കിക്കോളാം.”

ആ വാക്കുകൾ മകന്‍റെ മനസ്സിനെ വളരെയധികം സന്തോഷിപ്പിച്ചു. കാരണം അച്ഛനെ നോക്കുന്നതിന്‍റെ പേരിലുള്ള ഭാര്യയുടെ കുത്തുവാക്കുകളും പരിഭവവും ഇനി കേൾക്കണ്ടല്ലോ എന്നയാൾ ചിന്തിച്ചു. എന്നാൽ അച്ഛന്‍റെ പേരിലുള്ള ബാങ്ക്. അക്കൗണ്ട്, കണ്ണായ സ്ഥലങ്ങൾ ഇവയെല്ലാം വിദേശവാസിയായ സഹോദരനു നൽകാതെ തനിക്കു മാത്രം സ്വന്തമാക്കുകയാണ് ലക്ഷ്യം. അതിനായി അച്ഛനെ കൊണ്ടുപോയി ആധാരം രജിസ്റ്റർ ആക്കാൻ ഇരിക്കുകയാണ്. ഈ വീടു നേരത്തെ തന്നെ അച്ഛനിൽ നിന്ന് സ്വന്തമാക്കാൻ കഴിഞ്ഞു. ഇനി ബാക്കി കൂടി… അതുവരെ സാമാന്യം സ്വത്തുകാരനായ അച്ഛനെ സംരക്ഷിക്കാൻ താൻ തയ്യാറാണ്. സുമേഷ് മനസ്സിൽ വിചാരിച്ചു.

മാനേജരുടെ വാക്കുകൾക്ക് മറുപടിയായി സുമേഷ് പറഞ്ഞു. “ഓ… അതു വേണ്ടാ. ചിലർ ചെയ്യുമ്പോലെ അച്ഛനെ അങ്ങിനെ നടതള്ളുവാൻ ഞങ്ങൾക്കുദ്ദേശമില്ല. അദ്ദേഹത്തിന്‍റെ മരണം വരെ അദ്ദേഹത്തെ ഞങ്ങൾ നോക്കും. അത് മക്കളായ ഞങ്ങളുടെ കടമയാണ്.” ആ വാക്കുകൾ കേട്ട് മാനേജർ ഹർഷപുളകിതനായി. ഇന്നത്തെ കാലത്ത് ഇങ്ങനെയും മക്കളുണ്ടായതിൽ അദ്ദേഹം സന്തോഷിച്ചു. “ഇങ്ങനത്തെ ഒരു മകനുണ്ടായ നന്ദൻ മാഷ് ഭാഗ്യവാനാണ്.”

നേജർ പുഞ്ചിരിയോടെ സുമേഷിനോട് പറഞ്ഞു. സുമേഷ് അതു കേട്ട് അഭിമാനപൂർവ്വം നന്ദൻമാഷിന്‍റെ കൈ പിടിച്ചു. “വരൂ അച്ഛാ… നമുക്കു പോകാം… അമ്മ വീട്ടിലുണ്ട്.അച്ഛനെ കാത്തിരിക്കുകയാണ്.”

നന്ദൻ മാഷ് മകന്‍റെ വാക്കുകൾ വിശ്വസിക്കാതെ ഉറക്കെ പറഞ്ഞു. “ആരു പറഞ്ഞു. അവളിപ്പോൾ എന്‍റെ അടുത്തുണ്ടായിരുന്നല്ലോ… സൗദാമിനി… മിനി… നീ എവിടെപ്പോയിക്കിടക്കുകയാണ്. വാ… നമുക്ക് സുമേഷിന്‍റെ വീട്ടിലേക്കു പോകാം…”

മറുപടി ഇല്ലാതായപ്പോൾ അടുത്തിരുന്ന സുമേഷ് പറഞ്ഞു “ഞാൻ പറഞ്ഞില്ലെ അമ്മ വീട്ടിലുണ്ടെന്ന്. അച്ഛൻ ഇവിടെക്കിടന്ന് ഉറങ്ങിയപ്പോൾ അമ്മ എന്‍റെ വീട്ടിലേക്കു പോയി. വരൂ… നമുക്കും അങ്ങോട്ടു പോകാം…”

ഭാര്യ മകന്‍റെ വീട്ടിലാണെന്നറിഞ്ഞ നന്ദൻ മാഷ് അനുസരണയോടെ സുമേഷിന്‍റെ കൂടെ നടന്നു, അയാളുടെ കാറിൽ കയറി ഇരുന്നു. അല്പം കഴിഞ്ഞ് അയാൾവണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

ഇതിനിടയിൽ ഹേമാംബികയാകട്ടെ വേപഥു പൂണ്ട് ഓടി വന്നു. നന്ദൻ മാഷ് മകന്‍റെ കൂടെ യാത്രയായി എന്നറിഞ്ഞ അവർ വേദനയോടെ അയാൾ പോയ വഴിയിലേക്ക് കണ്ണു നട്ടു നിന്നു.

വർഷങ്ങൾക്കു മുമ്പ് ഇതുപോലെ താനനുഭവിച്ച നെടുവീർപ്പും വേദനയും ഒരിക്കൽകൂടി അവരുടെ മനസ്സിലേക്കോടിയെത്തി.

Novel: സമുദ്രമുഖം ഭാഗം- 32

ഒരാഴ്ചക്കുള്ളിൽ പലപ്പോഴായി ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ലക്ഷ്യം കണ്ടില്ല ഒടുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സുഹൃത്ത് സോളമൻ എങ്ങനെയോ ഒരു സ്ലീപ്പർ ടിക്കറ്റ് സംഘടിപ്പിച്ചു തന്നു. സോളമന്‍റെ ട്രാവൽ ഏജൻസിയിൽ നിന്നുമിറങ്ങി നീട്ടിയടിച്ച ഒരു ചായ കുടിച്ച് ഫ്ലാറ്റിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ തെല്ലകലെ ഒരു പോലീസ് ജീപ്പ് കിടക്കുന്നതു കണ്ടു. അതു കണ്ടതും എന്‍റെ മനസ്സൊന്നു പിടച്ചു.

എന്‍റെ ഊഹം യഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതിന്‍റെ ഒരു സൂചകമായി ഞാനാ കാഴ്ചയെ കണക്കാക്കി. മിടിക്കുന്ന ഹൃദയത്തോടെ ഞാനാ ജീപ്പിനരികിലേക്ക് നടന്നു. രണ്ടു പോലീസുകാർ അവിടെ നിന്നു സംസാരിക്കുന്നു. ജീപ്പിനിടതുവശത്തെ മുൾപ്പടർപ്പുകൾ വലിയതോതിൽ വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. ഒരു നടപ്പാതയായി അവിടം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനകം ഒട്ടേറെ ആളുകൾ ആ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തം.

ആകാംക്ഷ അടക്കാനാവാതെ, പോലീസുകാരന്‍റെ എങ്ങോട്ടെന്ന ചോദ്യചിഹ്നം പോലുള്ള നോട്ടം അവഗണിച്ച് വകഞ്ഞു മാറ്റപ്പെട്ട മുൾതുറവിലൂടെ ഞാൻ നടന്നു. പൊടുന്നനെ കായലിൽ നിന്നുള്ള അസുഖകരമായുള്ള ഗന്ധം പേറിയുള്ള കായൽകാറ്റ് എന്നെ വട്ടം ചുറ്റി.

മുൻപോട്ട് നടക്കുന്തോറും ആ ഗന്ധത്തിന്‍റെ സാന്ദ്രത ഏറി വന്നു. മുന്നോട്ട് കൺപായ്ചപ്പോൾ അല്പം ദൂരെ കായൽത്തീരത്ത് ചെറിയൊരാൾക്കൂട്ടവും കുറച്ചു പോലീസുകാരും നിൽക്കുന്നതു കണ്ടു. . വേപഥുവോടെ ചെന്നു നോക്കിയപ്പോൾ എന്‍റെ ഊഹങ്ങളെ ശരിവക്കും വിധമുള്ള കാഴ്ചയായിരുന്നു കണ്ടത്! ഒരു ചാക്കുകെട്ട് തുറന്നുള്ള പരിശോധന!

മങ്ങിയ പായൽപ്പടർപ്പുകൾ അവിടെങ്ങും ചിതറിക്കിടക്കുന്നു. കറുത്ത ദുർഗന്ധമുള്ള വെള്ളം അവിടവിടെ തളം കെട്ടി കിടന്നു. പുറന്തൊലിയിലെ രോമങ്ങൾ നഷ്ടപെട്ട വലിയൊരു പെരുച്ചാഴി അവിടെ ചത്തുമലച്ചു കിടക്കുന്നതു കണ്ടു. അസുഖകരമായ മനം മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ച് തല മന്ദീഭവിച്ച പോലെ എനിക്കനുഭവപ്പെട്ടു. മൂക്കുപൊത്തിയിട്ടും ജീർണഗന്ധം അവിടെങ്ങും തിരതള്ളി. ഞാൻ ആൾക്കൂട്ടത്തിനിടയിൽ കയറി സൗമ്യനെന്നു തോന്നിച്ച ഒരുവനെ നോക്കി ചിരിച്ച് കാര്യം തിരക്കി. അയാൾ പറഞ്ഞു തന്നു.

“ദാ ആ കായലിലോട്ട് കയറി നിൽക്കുന്ന ഹോട്ടലു കണ്ടോ? കുടുംബശ്രീ നടത്തണതാ. അവിടെ ഉള്ളോര് വല്ലാത്ത സ്മൽ വരുന്നെന്നു പറഞ്ഞ് ഇവിടെ സ്ഥിരം മീൻ പിടിക്കാൻ വരുന്ന പിള്ളേരെക്കൊണ്ട് അന്വേഷിപ്പിച്ചു. അവര് അങ്ങനെ അന്വോഷിക്കുമ്പോഴാണ് കട്ടപായലിന്‍റെ എടക്ക് ചാക്കുകെട്ട് കണ്ടത്. വല്ല അറവുശാലക്കാര് കൊണ്ട് തള്ളിയതാണെന്ന് കരുതി കുഴിച്ചിടാമെന്നു കരുതി അവൻമാര് ചാക്കുകെട്ട് തീരത്തടുപ്പിച്ച്. പിന്നെന്തോ പന്തികേട് തോന്നി. എന്തിന് പറയുന്നു. ഇപ്പം പോലീസെത്തി നോക്കിയപ്പോ സംഭവം പ്രശ്നമാ!

“എന്ത് പ്രശ്നം?”

കണ്ടാലറിഞ്ഞൂടെ ? മനുഷ്യനെ ഓടിച്ചു മടക്കി പാക്കു ചെയ്തിരിക്കാ. ബോഡീല് വസ്ത്രോല്യ പിന്നെ തലേം ഇല്ലാന്ന ഇവിടുള്ളോര് പറേണെ. കൊറച്ചു നേരായി പരിശോധന തൊടങ്ങീട്ട്. എനിക്കൊന്ന് നേരെ കാണണമെന്നുണ്ട്, അങ്ങോട്ട് അടുപ്പിക്കുന്നില്ല. അല്ലോ അങ്ങോട്ട് അടുക്കാനും പറ്റിയ പരുവമല്ല.

“എന്‍റെ കാലിന്‍റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മേലോട്ട് കയറി വന്നു. ഒരേ ഒരു ദൃക്സാക്ഷിയായ ഞാൻ ! ഉത്തരവാദിത്വപ്പെട്ട പോലീസ് അധികാരിയോട് ഈ ജീർണിച്ച മൃതദേഹവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട കാഴ്ചയും പത്രത്തിൽ കണ്ട വാർത്താക്കുറിപ്പിനെക്കുറിച്ചും സംസാരിക്കുവാൻ മനസ്സുതുടിച്ചെങ്കിലും ഉപബോധമനസ്സിൽ നിന്നുള്ള വിവേകത്തിന്‍റെയും യാഥാർത്ഥ്യബോധത്തിന്‍റെയും കരുത്തുറ്റ നിർദേശം മനസ്സിന്‍റെ തുടിപ്പിനെ ശമിപ്പിച്ചു.

ഞാൻ അടങ്ങി പ്രഥമദൃഷ്ടിയിൽ കൊലപാതകമെന്ന് ഉറപ്പെങ്കിലും ഇൻക്വിസ്റ്റ് നടപടിക്രമങ്ങൾ പൂർത്തികരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൊലപാതകം ആണോ അല്ലയോ എന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരണം തരികയുള്ളു. കൊലപാതകമല്ലെങ്കിൽ എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ മറ്റവകാശികളൊന്നുമില്ലെങ്കിൽ പൊതുശ്മശാനത്ത് ദഹിപ്പിക്കും. അതാണ് ചട്ടം ശ്മശാനം നടത്തിപ്പുകാർക്ക് ഇതിനായി പോലീസ് കത്തു കൊടുക്കേണ്ടതുണ്ട്.

പോലീസ് നായ ഉടനെയെത്തുമെന്ന് ആ സഹൃദയനായ സുഹൃത്ത് അറിയിച്ചതോടെ ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറിപ്പോകാൻ ഞാൻ തീരുമാനിച്ചു.

ഫ്ലാറ്റിലെത്തി ഇളം ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ ശരീരത്തിനുണർവ്വ് തോന്നിയെങ്കിലും മനസ്സിലെ കാലുഷ്യം മാറിപ്പോയില്ല. കിടപ്പുമുറിയിലെത്തി കായലിനോട് മുഖം തിരിച്ചുള്ള ജനാലകൾ തുറന്നിട്ടു. കറുത്ത കായലിൽ ഏതാനും ബോട്ടുകളും വഞ്ചികളും നീങ്ങിപ്പോകുന്നത് വിദൂരക്കാഴ്ചയായി കാണാം.

ശിരസ്സ് അറുത്തുമാറ്റി ഇത്ര മൃഗീയമായി ഒരാളെ കൊന്നു തള്ളണമെങ്കിൽ അതിനു പിന്നിലെ കാരണം ദൃഢവും ശക്തവുമാകണം. അതല്ല എങ്കിൽ മൃഗീയ കൊലപാതകങ്ങൾ നടത്തുന്നതിൽ ആഹ്ളാദം കണ്ടെത്തുന്ന സൈക്കോ പാത്തുകൾ ആയിരിക്കണം. ഉറപ്പായും അത്തരം മനോനില തെറ്റിയ സാഡിസ്റ്റ് പ്രവൃത്തികൾക്കു പിന്നിൽ ഒരാളായിരിക്കാനാണ് സാധ്യത.

കൊലപാതകം നടത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക ആനന്ദം പങ്കുവക്കപ്പെടുവാൻ അത്തരം ആളുകൾ ഇഷ്ടപ്പെടുന്നില്ല. ഒരു കൊലപാതകത്തിൽ മാത്രം അവരുടെ ക്രിമിനൽ ചെയ്തികൾ ഒതുങ്ങുകയുമില്ല. അവർ അവസരം പാത്ത് തുടരൻ കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഏതാനും സൈക്കോ പാത്തുകളുടെ ചരിത്രം പരിശോധിച്ചപ്പോൾ അവർ ഒറ്റക്കു തന്നെയാണ് കൃത്യം ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

അത്തരത്തിൽ ഒരാളുടെ ഒരു പഴയ അഭിമുഖം യൂട്യൂബിൽ കാണുവാൻ ഇടയായി. എന്തിനു ഇത്തരം മൃഗീയമായ കൊലപാതകങ്ങൾ നടത്തുന്നു എന്ന് ചോദിച്ചപ്പോൾ ആയുധം കൊണ്ട് തലക്കടിയേറ്റു ഇരയുടെ തലയോട്ടി തകരുന്നതിന്‍റെ ഒച്ചയും മരണവെപ്രാളവും നൽകുന്ന ആനന്ദം അനുഭവിക്കാനാണ് കൊലപാതകം നടത്തുന്നത് എന്നാണ്. അതുപറയുമ്പോൾ ആ സീരിയൽ കില്ലറുടെ മുഖം ആവേശഭരിതമായിരുന്നു അപ്പോൾ അത്തരമൊരു സാധ്യത ഈ വിഷയത്തിൽ പൂർണ്ണമായും തള്ളിക്കളയാവുന്നതാണ്.

യാതൊരു വിവരങ്ങളും ഈ സംഭവത്തിൽ ലഭ്യമല്ലാത്ത അവസ്ഥയിൽ മുന്നിലുള്ള ഏക വഴി മാധ്യമങ്ങൾ പരിശോധിച്ച് കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങൾക്കുള്ളിൽ കാണാതായ ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതാണ്. തുടർന്ന് ഓരോരുത്തരുടേയും വിശദാംശങ്ങൾ തേടേണ്ടി വരും വിവര സമാഹരണത്തിന് തോമാച്ചനെന്തെങ്കിലും സംഭാവന നല്കാനാകുമോ എന്ന് ആലോചിച്ചപ്പോഴാണ് തോമാച്ചനുമായി സംസാരിച്ച് ഏറെക്കാലമായല്ലോ എന്നോർത്തത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കിക്കൊണ്ട് ബന്ധങ്ങളുണ്ടാക്കി നായകനും നിർമ്മാതാവും സംവിധായകനും ലഫ്റ്റനന്‍റ് കേണലുമൊക്കെ ആകാനാഗ്രഹഹിച്ച തോമാച്ചൻ! ഈയിടെ ഒരു യാത്രക്കിടയിൽ ഒരു സിനിമാ ഷൂട്ടിങ്ങ് സെറ്റിൽ വച്ച് കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്ഷീണനായി ഒരിടത്ത്‌ ഒടിഞ്ഞു തൂങ്ങി ഇരിക്കുന്നതാണ് കണ്ടത്. തോമാച്ചനെ വിളിച്ചു. വിശേഷങ്ങൾ ആരാഞ്ഞു. തോമാച്ചൻ തന്‍റെ കദനകഥ പറഞ്ഞു.

അഭിനയമോഹികളായ നൂറോളം പേരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കിക്കൊണ്ടായിരുന്നു തോമാച്ചന്‍റെ സിനിമ പ്രവർത്തനം ആരംഭിച്ചത് തുടക്കത്തിൽ സുഗമമായി മുന്നോട്ടു പോയ ഗ്രൂപ്പിൽ ക്രമേണ അസ്വാരസ്യങ്ങൾ ഉടലെടുത്തു. എണ്ണം തികച്ച് സിനിമാസെറ്റിൽ ആളുകളെ എത്തിച്ചു നൽകാൻ തോമാച്ചന് കഴിയാതെയായി. സിനിമാ പ്രൊഡക്ഷനിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റിനു നല്കാനുള്ള തുക പൂർണ്ണമായും തോമാച്ചൻ കൊടുക്കുന്നില്ലെന്ന പരാതി ഉയർന്നു. വാട്ട്സ്അപ്പ് ഗ്രൂപ്പ് ശിഥിലമായി. പ്രൊഡക്ഷൻ മാനേജരെ പഴിചാരി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അതു ഫലപ്രദമായില്ല.

നായകനാകാനും ഏറെ ശ്രമിച്ചെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർക്ക് നായക വേഷം പോയിട്ട് ഒരു ഭേദപ്പെട്ട വേഷം പോലും അപ്രാപ്യമായിരുന്നു. ഉയർന്നു വരുന്ന യുവതാരങ്ങളുടെ ഡേറ്റ് കരസ്ഥമാക്കി നിർമ്മാതാവിനെ സമീപിച്ച് പടം ചെയ്യാനുള്ള ശ്രമങ്ങളും പാളി. രണ്ടു കൂട്ടർക്കുമിടയിൽ ഒരു ഇടനിലക്കാരന്‍റെ ആവശ്യം അവർക്കില്ലായിരുന്നു. ഒരു ലഫ്റ്റനന്‍റ് കേണലാകാനും അന്വോഷിച്ചെങ്കിലും തീർത്തും അപരിചിതമായ ഒരു മാർഗ്ഗം മാത്രമേ ആ ഒരു ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരത്തിനുള്ളൂ എന്നറിഞ്ഞ് ആ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

നിലവിൽ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയറുടെ കീഴിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയാണ് തോമാച്ചൻ. വിപുലമായ തന്‍റെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തിൽ ഒരു ഉപദേശം യുവാക്കൾക്കായി തോമാച്ചന് നല്കാനുണ്ട്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം നല്ലതു തന്നെയാണ്. എന്നാൽ ജീവിതയാത്രയിൽ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രമേ മനസ്സുകൊടുക്കാവൂ. ഉദാഹരണത്തിന് സച്ചിൻ. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരും കോടീശ്വരനുമായ സച്ചിൻ. ക്രിക്കറ്റല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യമോ പ്രവർത്തനമോ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

അതു പോലെ യേശുദാസ് സംഗീതവും അതുമായി ബന്ധപ്പെട്ടുമല്ലാതെ മറ്റെന്തെങ്കിലും പ്രവൃത്തി അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല എന്നത് ഉറപ്പാണ്. അതിനുപിന്നിൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകളും തോമാച്ചൻ വിശദീകരിച്ചു. ഊർജ്ജത്തിന്‍റെ ഒരു പ്രഭാകേന്ദ്രമാണ് മനുഷ്യൻ. മനുഷ്യമനസും ചിന്തകളും ശക്തിമത്തായ ആ ഊർജ്ജത്തിന്‍റെ ബഹിസ്ഫുരണമാണ്.

നമ്മൾ ഒന്നിലേക്ക്, ഒരേ ലക്ഷ്യത്തിലേക്കു ആ ഊർജരാശിയെ ഏകോപിക്കാൻ ശ്രമിക്കുമെങ്കിൽ ആ ലക്ഷ്യം ഭേദിക്കുക തന്നെ ചെയ്യും. കാരണം ഒരേ ലക്ഷ്യത്തിലേക്കു പാഞ്ഞടുക്കുന്ന ഉർജ്ജരാശികൾ ശക്തിമത്താണ്. അതേ സമയം പല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു പാഞ്ഞടുക്കുന്ന ഉർജ്ജരാശികൾക്കു ശക്തി കൈമോശം വരികയും ശക്തികുറഞ്ഞു ചിതറിപോകുന്ന ഊർജ്ജരാശികൾക്കു ലക്ഷ്യപ്രാപ്തി അസാധ്യമാകുകയും ചെയ്യുന്നു.

ആലോചിച്ചപ്പോൾ തോമാച്ചന്‍റെ നിഗമനങ്ങൾ ശരിയാണെന്നു എനിക്ക് തോന്നി, പല മേഖലകളിൽ വിജയത്തിന്‍റെ വെന്നികൊടി പായിച്ചവർ ഉണ്ടെങ്കിലും അവർ എണ്ണത്തിൽ വളരെ കുറവാണെന്നു എനിക്ക് മനസിലായി. പിന്നേയും പല ലോകമറിയുന്ന വ്യക്തികളെ ഉദാഹരിക്കാൻ തോമാച്ചൻ ശ്രമിച്ചെങ്കിലും ഞാൻ ഇടക്കു കയറി സംസാരിച്ച് ആ ശ്രമം തടഞ്ഞു. എന്‍റെ വിഷയം എടുത്തിട്ടു.

സ്ത്രീയെയും പുരുഷനേയും കണ്ടതൊഴിച്ച് ബാക്കിയെല്ലാം സവിസ്തരം പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട ശേഷം തോമാച്ചൻ തെല്ലിട മൗനത്തിലായി. വേലിയിൽ കിടക്കുന്ന പാമ്പിനെ എന്തിനാണ് കഴുത്തിലിടുന്നതെന്ന് പറഞ്ഞ് ഒരുപാട് ജീവിതം കണ്ട അനുഭവസമ്പന്നനായ തോമാച്ചൻ എന്നെ ഗുണദോഷിച്ചു. കുറ്റവാളിയെ കണ്ടെത്തുന്നതിന് എന്തെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാലല്ലാതെ വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാനാകാത്ത ഈ വിഷയം വിട്ടു കളയാൻ തോമാച്ചൻ ഉപദേശിച്ചു.

വ്യക്തിപരമായ നേട്ടങ്ങൾക്കു ഉപരിയായി സമൂഹത്തോടുള്ള പ്രതിബദ്ധത പിന്നെ എന്‍റെ ജിഞാസ ശമിപ്പിക്കുക എന്ന പരമപ്രധാനമായ കാര്യം ഇവ രണ്ടുമാണ് എന്നെ വഴി നടത്തുന്നതെന്നു പറഞ്ഞു ഞാൻ തിരിച്ചടിച്ചു.  ഏറെ നേരത്തെ വാക്കുതർക്കങ്ങൾക്കു ശേഷം മനസ്സില്ലാമനസ്സോടെ തോമാച്ചൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു തരാമെന്ന് അറിയിച്ചു.

ഒപ്പം ഒരു കർശന നിബന്ധനയും. അയാളെ പോലീസ് സ്റ്റേഷനിൽ കയറുവാനുള്ള ഇടവരത്തരുത്. നിബന്ധന ഞാൻ അപ്പോൾ തന്നെ സമ്മതിച്ചു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവര സമാഹരണത്തിനായി ഏതു മാർഗം അവലംബിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് വിവരം പറയാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വിളി അവസാനിപ്പിച്ചു.

പുറത്ത് നേരിയ ചുകന്ന വെയില് പടർന്നു പിടിക്കുന്നു. തീഷ്ണതയില്ലാത്ത ഈ സമയത്തെ വെയിലേൽക്കുന്നത് ആഹ്ളാദകരമാണ്. വഴിത്താരയിൽ ആൾത്തിരക്കുണ്ട്. പോർച്ചുഗീസ് റസ്റ്റോറന്‍റ് ലക്ഷ്യമാക്കി നടക്കുമ്പോൾ യാതൊരു തുമ്പും എനിക്കീ വിഷയത്തിലില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. നാളത്തെ പത്രത്തിൽ അല്ലെങ്കിൽ ഇന്നത്തെ സായാഹ്ന പത്രത്തിൽ കായലിൽ നിന്ന് മൃതദേഹം കണ്ടെടുത്ത സംഭവത്തിന്‍റെ വിവരണമുണ്ടാകും.  അത്തരം റിപ്പോർട്ടുകളിൽ നിന്ന് ഉപയോഗപ്രദമായ എന്തെങ്കിലും വസ്തുതകൾ ലഭിക്കുമെന്ന ചെറിയ പ്രതീക്ഷ ബാക്കി നിൽക്കുന്നു. ഒപ്പം തോമാച്ചനിൽ നിന്നും വിവര സമാഹരണത്തിന് ഉപയുക്തമായ വസ്തുതകൾ ലഭ്യമാകുമെന്ന വിശ്വാസവുമുണ്ട്.

നിറം മാറാൻ വെമ്പുന്ന ചുകന്ന വെയിലേറ്റ് നടക്കുമ്പോൾ ഒരു കൊലപാതകത്തിലേക്ക് ഒരു സാധാരണ മനുഷ്യനെ എത്തിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ആ ഒരു ക്രൂരകൃത്യത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളെക്കുറിച്ചും ചിന്തിക്കുകയായിരുന്നു. പ്രഭാതത്തിൽ വെള്ളി വെളിച്ചം വിതറി അന്തരീക്ഷത്തിൽ പടർന്നു പിടിച്ച വെയിലായിരുന്നു. ഉച്ച സമയത്തെ തീക്ഷ്ണതക്കു ശേഷം നിറം മാറാൻ തുടങ്ങി.

നേരിയ ചുകപ്പെന്ന പരകായപ്രവേശത്തിനു ശേഷം ചുകപ്പിന്‍റെ സാന്ദ്രത ഏറി ഇരുളാൻ തുടങ്ങി. നിരന്തരം മാറി മറയുന്ന മനുഷ്യ മനസ്സുപോലെ നിറം മാറുന്ന പ്രകൃതി. ക്രിമിനൽ പ്രവൃത്തികളിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഒരു ഡാറ്റബേസ് തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷം മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ട കുറ്റകൃത്യങ്ങളും അതിലേക്ക് നയിച്ച വസ്തുതകളുടെയും വിവരണം വായിച്ചായിരുന്നു ഡാറ്റബേസ് തയ്യാറാക്കിയത്.

വ്യക്തമായി മനസ്സിലായ വിവരങ്ങൾ മാത്രമേ അതിൽ ഉൾപ്പെടുത്തിയുള്ളൂ അതിൽ നിന്നും മനസ്സിലായ ഘടകങ്ങളിൽ പ്രധാനമായും മുന്നിട്ടു നിന്നത് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താൽ നടത്തിയ കൊലപാതകങ്ങൾ തുടർന്ന് അരാജകത്വ ജീവിതത്തിന്‍റെ ഭാഗമായ വിഷയസുഖങ്ങളോടുള്ള പ്രതിപത്തി മുഖ്യ കാരണമായ പാതകങ്ങൾ.

സദാചാര മര്യാദകളെ തൃണവദ്ഗണിച്ചുള്ള അവിശുദ്ധ ബന്ധങ്ങളുടെ അവശേഷിപ്പായ ദാരുണ സംഭവങ്ങൾ, വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയുള്ള സാമ്പത്തിക വിഷയങ്ങളിലെ ക്രമക്കേടുകൾ അങ്ങനെ പോകുന്നു കാരണങ്ങൾ. മേൽ പറഞ്ഞവയിൽ ഈയൊരു വിഷയത്തിൽ മുന്നിട്ടു നിൽക്കുന്നത് ഏതായിരിക്കും?

Story- പ്രണയ തണൽ

സൂസൻ എവിടെ നിന്നായിരുന്നു നമ്മുടെ സൗഹൃദങ്ങളുടെ തുടക്കമെന്ന് ഓർക്കാനാവുന്നില്ലലോ… ഈയിടെയായി ഇങ്ങനെയൊക്കെയാണ് ഞാൻ… എന്തെങ്കിലും ഓർക്കാൻ ശ്രമിക്കുമ്പോ ഓർമ്മകൾ പാളം തെറ്റും. പിന്നെ കൺമുന്നിൽ അവൃക്തതയുടെ കറുത്ത തിരശ്ശീല മാത്രമാകും കാണുക. യുവത്വത്തിലേ ഇങ്ങനെയെങ്കിൽ വാർദ്ധക്യത്തിൽ എന്താകും അവസ്ഥയെന്ന് പലരും ഇതേക്കുറിച്ച് ആശ്ചര്യപെടാറുണ്ട്.

സൂസനെ പരിചയപ്പെട്ടപ്പോൾ ഒരേട്ടത്തിയെ ലഭിച്ച സന്തോഷമായിരുന്നു. തനിക്ക് ശേഷം നാല് സഹോദരിമാരുണ്ടായിരുന്നെങ്കിലും അവരിലൊന്നുമില്ലാത്ത വിശേഷങ്ങൾ അവരിലുണ്ടായിരുന്നു. അതുകൊണ്ടാവും സൂസനുയുമായുള്ള കൂടിക്കാഴ്ചകൾ പതിവായത്. അതവരേയും ആഹ്ലാദിപ്പിച്ചിരുന്നു.

ചിത്രകാരനായ സത്യശീലന്‍റെ ഫ്ലാറ്റിൽ വച്ചാകുമോ സൂസൻ തന്‍റെ പരിചയങ്ങളിലേക്ക് ചുവട് വെച്ചത്. ആകാനാണ് സാധ്യത.

സൂസനും തന്നെപ്പോലെ സത്യശീലിന്‍റെ ഫ്ലാറ്റിൽ നിത്യസന്ദർശകയായിരുന്നലോ. സത്യശീലൻ ആളൊരു സൗമ്യനാ. പെയിന്റ് ചെയ്യുമ്പോഴും അയാൾക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലുമൊക്കെ സാന്നിധ്യം വേണം…

സത്യശീലൻ തനിച്ചാണ് അയാളുടെ ഫ്ലാറ്റിൽ താമസിക്കുന്നത്. ഏകാന്തത ഒരു വേട്ട മൃഗത്തെ പോലെയാണെന്നാ അയാൾ പറയുക. അത്രയ്ക്ക് അസഹ്യം.

സൂസനാണ് അയാളുടെ ചിത്രമെഴുത്തിനെ കുറിച്ച് ആദ്യമായി ഒരു വിമൻസ് മാഗസിനിൽ എഴുതിയത്. അതിന് കാരണമുണ്ട്. അയാളുടെ ചിത്രങ്ങളിൽ സ്ത്രീകളാണുള്ളത്. വിവിധ വേഷത്തിലും ഭാവത്തിലുമുള്ള സ്ത്രീകൾ. അവരെ കണ്ടെത്താനായി അയാളെത്രയോ യാത്രകൾ ചെയ്യാറുണ്ട്. സൗഹൃദങ്ങളിൽ ഒരു വിവേചനവും അയാൾ പ്രകടിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ആൺ പെൺ വ്യത്യാസമില്ലാതെ ഒരു സൗഹൃദവും അയാൾക്കുണ്ട്.

സാധാരണ ചിത്രകാരന്മാരെ പോലുള്ള വേഷഭൂഷാദികളൊന്നും അയാൾക്കില്ല. ഇതേക്കുറിച്ച് ഒക്കെ ചോദിച്ചാൽ അയാൾ പറയുക. കലയിലെ മികവാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നാണ്.

സൂസന്‍റെ വീട്ടിലേക്ക് എനിക്കെപ്പോഴും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരും അവരുടെ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു അവർ.

ഒരു പ്രണയ വിവാഹമായിരുന്നു അവരുടേത്. അവർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. അയാളുടെ കുട്ടികളെയൊന്നും തനിക്ക് പ്രസവിക്കേണ്ടി വന്നില്ലല്ലോയെന്ന്. അത് വല്ലാത്തൊരു അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് അവർ പറഞ്ഞിരുന്നത്.

ഇത്രയും സ്നേഹധാരാളിയായ ഒരു സ്ത്രീയെ അയാൾക്ക് പൊറുപ്പിക്കാനായില്ലെങ്കിൽ… എപ്പോഴും ബോധമറ്റ തലയുമായി നടക്കുന്ന ഒരു പുരുഷനെ ഏത് സ്ത്രീയ്ക്കാണ് സഹ്യമാകുക?

ഇപ്പോൾ അയാളെക്കാൾ റോയലാ അവർ ജീവിക്കുന്നത്. സ്വാതന്ത്ര ചിന്ത. ജീവിതം. സമയം. കീർത്തികേട്ട സ്വാതന്ത്ര്യ പത്രപ്രവർത്തക…

ഇടപെടലിലും പ്രകൃതത്തിലുമുള്ള പ്രൗഢി…. ഒരു സ്ത്രീക്ക് ആത്മവിശ്വാസവും ആത്മധൈര്യമുണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കാമെന്ന് ധ്വനിപ്പിക്കുന്ന ജീവിതം….

സത്യം പറയാമല്ലോ. ഇത്രയും ബോൾഡായ ഒരു സ്ത്രീയെ ഞാൻ കാണുന്നതുമിദാദ്യമായാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ അവരുടെ  സാന്നിധ്യം നിത്യമായി ആഗ്രഹിക്കും.

സ്വയം ബോൾഡാവുകയല്ല കൂടെയുള്ളവരെ കൂടെ അവർ ബോൾഡാക്കും. അതുകൊണ്ടാവും സൂസന്‍റെ സാന്നിധ്യത്തിൽ മാത്രം ഞാൻ സത്യശീലനെ കാണുന്നത്. അല്ലാത്തപ്പോഴൊക്കെ ഞാനവരുടെ വീട്ടിൽ പോകുന്നതും.

സൂസനുമായുള്ള കൂടിക്കാഴ്ചകളിൽ അവരെന്‍റെ വിശേഷങ്ങളറിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാനെന്‍റെ പ്രണയിനിനെക്കുറിച്ച് പറയുന്നത്.

പക്ഷേ ഞങ്ങൾ രണ്ടു മതത്തിൽ പെട്ടവരായിരുന്നു. അതൊക്കെ യാഥാസ്ഥിതികനായ അച്ഛനെ വല്ലാതെ മുറിപ്പെടുത്തുമായിരുന്നു.

സൂസൻ, അച്ഛനെ വേദനിപ്പിച്ചൊന്നും ചെയ്ത് എനിക്ക് ശീലമില്ല. എന്നാൽ പ്രണയിനിയെ ഉപേക്ഷിക്കുവാനും മനസ്സ് വരുന്നില്ല.

അന്ന് എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടക്കുക എന്ന വേവലാതിയാൽ അല്പം മദ്യപിച്ചിട്ടാണ് ഞാനവരെ കാണാൻ ചെന്നത്.

‘അബുൽ ഇതിവിടെ അനുവദനീയമല്ലാട്ടോ….’ എന്നവർ പറയുമ്പോൾ അവരുടെ സ്വരത്തിന് പഴയതിലും വലിയ ഗൗരവമുണ്ടായിരുന്നു. ‘പിന്നെ ഈ പ്രതിസന്ധിയുടെ കടൽ എനിക്ക് നീന്തി കയറാൻ ആവുന്നില്ലലോ. സൂസൻ.’

‘നീയാണ് നിന്‍റെ പ്രണയിനിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അല്ലാതെ അത് മറ്റൊരാളുടെ നിർദ്ദേശപ്രകാരമായിരിക്കരത്.’

അന്ന് മദ്യപിച്ച് സൂസനെ കണ്ടതിൽ വലിയ ജാളൃത തോന്നി. ഇനി അവരുടെ വെറുപ്പ് ആർജ്ജിക്കുന്നതൊന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയും ചെയ്തു.

സൂസൻ പറഞ്ഞത് തന്നെയാണ് ശരി. തന്‍റെ കാര്യങ്ങളിലെ തീരുമാനങ്ങൾ തന്‍റേത് മാത്രമാണ്. മറ്റൊരാളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചലിക്കുന്ന ഒരു പാവയാവുക എന്ന് പറയുന്നത് വ്യക്തിത്വമില്ലായ്മയാണ്.

സൂസനോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും ബുദ്ധിപരമായ വിചാരങ്ങൾ ആവശ്യമാണ്. ഇല്ല. ഇനിയിത് ആവർത്തിക്കില്ല.

ഒരിക്കൽ ഞാനവരെ കാണാനായൊരു വൈകുന്നേരം ചെല്ലുമ്പോൾ ചായയും സ്നാക്സുമായി ഉച്ചയുറക്കം കഴിഞ്ഞ കണ്ണുകളുമായിരുന്ന് ടിവിയിലേതോ സിനിമ കാണുകയായിരുന്നു. അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് എന്‍റെ പ്രണയിനിയുടെ അതേ ഛായയുളള ഒരു പെൺകുട്ടി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായി.

ഞാൻ പരിസരം മറന്ന് പറയുകയായി. ‘സൂസൻ ഇതുപോലെയാണ് എന്‍റെ പ്രണയിനിയും’. ‘ഇത്രയും ആഹ്ലാദം പകരുന്ന ഒരുവളാണ് നിന്‍റെ പ്രണയിനിയെങ്കിൽ അവളെ നിനക്ക് സ്വന്തമാക്കി കൂടേ?’

എന്‍റെ ആഹ്ലാദം കണ്ടാകണം സൂസൻ ഇത്രയും പറഞ്ഞത്. പെട്ടെന്നാണ് എന്നെപ്പോലെ തടിച്ച നാസികയും കട്ടി മീശയുമുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ കാമുകനായി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

‘അബുൽ ഇത് നിന്നെപ്പോലുണ്ട്.’ സൂസൻ പറഞ്ഞു.

ശരിയാണ് എന്‍റെ അതേ പ്രകൃതം. അന്ന് രാത്രി ഞാൻ കണ്ട സ്വപ്നങ്ങളിലൊക്കെ ഞാനെന്‍റെ പ്രണയിനിയുമായി ആഹ്ലാദ ഗാനങ്ങൾ പാടി പ്രകൃതി രമണീയമായ ഇടങ്ങളിലൂടെ നടക്കുകയായിരുന്നു.

പ്രണയം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന് അറിഞ്ഞിട്ടും ഞാനെന്‍റെ പ്രണയിനിയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. അവൾ എന്നെ വിളിച്ച് പറഞ്ഞു. എന്‍റെ കേൾവികളിൽ ഞാൻ കേൾക്കുന്ന പുരുഷ ശബ്ദമൊക്കെ നിന്‍റേതാണ്. എന്‍റെ കേൾവികളിലുള്ള സ്ത്രീ ശബ്ദമൊകെ നിന്‍റേതാണ്. അപ്പോൾ പിന്നെ എന്ന് പറഞ്ഞവൾ ചിരിച്ചു….

ഞാനപ്പോൾ എവിടെയോ വായിച്ചത് ഓർത്തു. സാക്ഷാത്കരിക്കാത്ത പ്രണയമേ പ്രണയമായി എല്ലാ കാലത്തും നിലനിൽക്കുകയുള്ളുവെന്ന്. പലരുടെയും പ്രണയ അനുഭവങ്ങൾ പരിശോധിക്കുമ്പോളതു തന്നെയല്ലേ സത്യവും.

ഞാനും സത്യശീലനും സത്യശീലന്‍റെ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ അഭിജിത്തുമായി ഒരു സന്ധ്യയിൽ സത്യശീലന്‍റെ ഫ്ലാറ്റിലിരുന്ന് സംസാരിക്കുകയാണ്.

മൂവർക്കും താല്പര്യമുള്ള വിഷയമെന്ന നിലയിലാണ് പ്രണയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഇപ്പോൾ വളരെ അപകടകരമായ നിലയിലാണല്ലോ പ്രണയത്തിന്‍റെ പോക്ക്.

തന്നോട് പ്രണയം ഇല്ലാത്തവരെ വകവരുത്തുകയാണ് ഇപ്പോഴത്തെ കാമുകന്മാർ ചെയ്യുന്നത്. ഇപ്പോഴത്തെ പ്രണയത്തിന്‍റെ ബേസ് സെക്സ് ആണ്. അല്ലാതെ നമ്മൾ അനുഭവിച്ചിരുന്ന പ്രണയ പവിത്രതയൊന്നും ഇന്നത്തെ പ്രണയങ്ങൾക്കില്ല. എത്ര കേട്ടാലും എനിക്കീ വിഷയം മടുക്കില്ലല്ലോ. അതുകൊണ്ട് ഞാൻ അഭിജിത്ത് വക്കീലും സത്യശീലനും പറയുന്നത് കേട്ടിരുന്നു.

ഇടക്ക് സത്യശീലൻ ഹേയ് കാമുകാ നിനക്കൊന്നും ഈ വിഷയകമായി പറയാനില്ലേ എന്ന് ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല. ഞാനൊരു കാമുകനാണെന്നറിഞ്ഞ് അഭിജിത്ത് വക്കീൽ എന്‍റെ മുഖത്ത് നോക്കി ചിരിച്ചു.

താനും തന്‍റെ പ്രണയിനിയെ വകവരുത്തി സുപ്രീംകോടതിയിൽ കേസുമായി ചെല്ലുമോ എന്ന അർത്ഥത്തിലാകുമോ വക്കീൽ ചിരിച്ചത്.

വക്കീലിന് ഇന്ന് തന്നെ ദില്ലിക്ക് മടങ്ങണം. അതിന്‍റെതായ തിടുക്കമുണ്ട് അദ്ദേഹത്തിന്‍റെ ചലനങ്ങളിൽ. നാട്ടിൽ വരുമ്പോഴൊക്കെ വക്കീലിന് സത്യശീലനെ കാണണം. ആപതിവ് ഇതുവരെ തെറ്റിച്ചിട്ടില്ല. അത്രയ്ക്ക് ദൃഢമാർന്ന ബന്ധമാണ് അവർ തമ്മിൽ…

വക്കീലിനെ കേട്ടിരുന്നപ്പോൾ ഒരു യാഥാർത്ഥ്യം ബോധ്യമായി. ഏറ്റവും കൂടുതൽ വേർപിരിയലുകൾ നടക്കുന്നത് പ്രണയ വിവാഹത്തിലാണെന്ന്. മറ്റൊന്നുകൂടെ വക്കീൽ പറഞ്ഞു. പ്രണയം വിവാഹത്തിൽ എത്തരുതെന്ന്.

സൂസൻ ഫോണിൽ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോൾ അതിത്തരമൊരു അശുഭകരമായ കാര്യ ശ്രാവൃത്തിനാകുമെന്ന് കരുതിയിരുന്നില്ല.

താനൊരു ഏടത്തിയെ പോലെ കരുതിയിരുന്ന സൂസനും എന്നിൽ നിന്ന് പിരിയുന്നു. അവരേതോ മഹാനഗരത്തിലേക്ക് പുറപ്പെടുന്നു. നല്ല ഓഫറുള്ള ഒരു ജോലിക്കായി. ഞാനിനി എന്‍റെ ഖേദങ്ങൾ ആരോട് പറയും? മരുഭൂമിയിൽ നീരുറവ കണ്ടെത്തിയ യാത്രികന്‍റെ ആഹ്ലാദമായിരുന്നു എനിക്ക് സൂസനെ ലഭിച്ചപ്പോൾ..

‘അബുൽ നീയും ഇടക്ക് ആ മഹാനഗരത്തിലേക്ക് വരു.’ എന്ന് സൂസൻ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അസുഖമാണെങ്കിൽ പോലും ജോലിക്ക് വരണമെന്ന് പറയുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാനെങ്ങനെയാണ് ആ മഹാനഗര യാത്രയെ സങ്കൽപ്പിക്കുക…

ഇല്ല സൂസൻ. ഞാനിനി നിരാകരണത്തിന്‍റെ കൊടിയവെലിൽ നിന്ന് ശിഷ്ടകാലം തീർത്തോളാം.

വിമാനത്താവളത്തിന് അകത്തേക്ക് കയറും മുമ്പ് സൂസൻ എന്‍റെ ഇരു കവിളിലും ചുംബിച്ചു. എന്‍റെ എല്ലാ നിയന്ത്രണങ്ങളും ദുർബലമായ ആ നിമിഷത്തിൽ ഞാൻ പൊട്ടിക്കരഞ്ഞു.

എന്തുകൊണ്ടാകും എനിക്ക് പ്രിയപ്പെട്ടവരെയൊക്കെ എന്നിൽ നിന്നിങ്ങനെ അകലുന്നത്.

സത്യശീലനും ദില്ലിയിലോ മറ്റോ പോയി സെറ്റിൽ ചെയ്യാൻ പ്ലാനുണ്ടെന്നാ കേട്ടത്. വക്കീലിന്‍റെ സന്ദർശനം അതിന്‍റെ മുന്നോടിയാകാം.

എല്ലാവരും അവർക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് മടങ്ങട്ടെ. അല്ലാതെന്താ ഇതേ കുറിച്ചൊക്കെ പറയേണ്ടത്.

ഇതേക്കുറിച്ച് ഒക്കെ പറയാനായി ഞാനെന്‍റെ പ്രണയിനിയുടെ അടുത്തെത്തുമ്പോൾ അവൾ പറഞ്ഞു. നിനക്ക് എന്നെകാളിഷ്ടം സൂസന ആയിരുന്നല്ലേ..

ഞാൻ അതെയെന്ന അർത്ഥത്തിൽ തലയാട്ടി. ഒരേടത്തിയുടെ സ്ഥാനത്തു നിന്നു മാത്രമാണ് ഞാനവരെ സ്നേഹിച്ചത്. എന്നിട്ടും എന്‍റെ പ്രണയിനീ പറഞ്ഞത് അവളെ അവരെ ഞാൻ എന്‍റെ കാമുകിയാക്കുകയായിരുന്നുവെന്നാണ്.

എത്ര കുറി നിങ്ങളവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രണയിനിയുടെ ചോദ്യമെന്നിൽ അർപ്പുണർത്തി. എന്ത് അസംബന്ധമാണ് അവളീ പറയുന്നത്? മനസ്സാ വാചാ കർമ്മണാ ചെയ്യാത്തത്. ഇവളെയാണോ ഞാനിത്രയും കാലം പ്രേമിച്ചതെന്നോർത്ത് ലജ്ജ തോന്നുന്നു. വെറുതെയാണോ ഇന്നത്തെ പ്രണയങ്ങൾ കലാപങ്ങളാകുന്നത്.

നിന്നിലും നല്ല പ്രണയിനികളെ എനിക്കിനിയും കിട്ടും. എന്നാൽ സൂസനെ എനിക്കിനി വേറെ കിട്ടില്ല. അതാണ് സൂസനും നീയും തമ്മിലുള്ള വ്യത്യാസം. പറഞ്ഞതിൽ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞു അവളെന്‍റെ പിറകെ കരഞ്ഞുകൊണ്ടോടിവന്നുവെങ്കിലും അവൾ എന്നെ ഇനിയും അവിശ്വാസത്തിന്‍റെ തടവിൽ വീർപ്പുമുട്ടിക്കില്ലെന്ന് എന്താണുറപ്പ്. അതുകൊണ്ട് ഞാനവളെ എന്‍റെ പ്രണയങ്ങളിൽ നിന്നും രാജിയാക്കുന്നു. അല്ലാതെന്താണ് സ്നേഹിതാ സൽസ്വഭാവിയായ ഒരു കാമുകന് ഈ പ്രശ്നസംബന്ധിയായി ചെയ്യാനാവുക…

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 2

ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, അഞ്ചും എട്ടും വയസ്സായ മക്കൾ രണ്ടു പേരും ഓടി അടുത്തെത്തിയിട്ടുണ്ടാകും.

“അച്ഛാ… ഞങ്ങൾക്കും… ഞങ്ങൾക്കും വേണം ഉമ്മ…” അവർ തന്‍റെ അരയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ആവശ്യപ്പെടും. അപ്പോൾ അവരേയും ചേർത്തുപിടിച്ച് ഉമ്മകൾ നൽകും.

എത്ര മനോഹരങ്ങളായിരുന്ന ദിനരാത്രങ്ങളായിരുന്നു അവ. ആ ദിനങ്ങൾ ഇന്നലെയെന്നോണം തന്‍റെ കൺമുന്നിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ കുട്ടികൾ വളരുകയും പ്രായപൂർത്തിയാവുകയും, തങ്ങൾക്ക് വയസ്സാവുകയും ചെയ്തു. തങ്ങളുടേതായ ലോകം കെട്ടിപ്പടുക്കാൻ വ്യഗ്രത പൂണ്ട മക്കൾക്കിന്ന് തങ്ങൾ ബാദ്ധ്യതയായിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. ആസംശയത്തെ ബലപ്പെടുത്തത്തക്കവണ്ണം അവർ തങ്ങളെ രണ്ടിടത്താക്കുകയും ചെയ്തു.

തങ്ങൾ രണ്ടിടത്തായതോടെ പഴയ സന്തോഷങ്ങളും അസ്തമിച്ചു. പിന്നെ അവളെക്കാണാതെ ദീർഘനാൾ ഏതോ ദ്വീപിലെന്നപോലെ സുമേഷിന്‍റെ വീട്ടിൽ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ. കൂരിരുട്ടിലെ ഏതോ നിഴൽച്ചിത്രംപോലെ ചലിച്ചുകൊണ്ടിരുന്ന തന്‍റെ കൈകളും കാലുകളും. പിന്നെ തമ്മിൽക്കാണാതെയായിട്ട് ഇന്നിപ്പോൾ എത്രനാൾ. ഇണയൊഴിഞ്ഞ കൂട്ടിനുളളിൽ ദുഃഖത്തിന്‍റെ ആവരണത്തിനുള്ളിൽ തപസ്സിരുന്ന നാളുകൾ തന്‍റെ ഓർമ്മകൾക്കും മങ്ങലേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലപ്പോഴും മറവിയുടെ മൂടുപടം തന്നെ വന്നു മൂടാറുള്ളത് ഓർത്തു.

“എന്താ നന്ദൻമാഷേ നിങ്ങളവിടെത്തന്നെ നിന്നുകളഞ്ഞത്? നിങ്ങൾക്ക് ഇങ്ങോട്ട് കേറിയിരിക്കരുതോ?”

ആരോ ഒരു കഷണ്ടിക്കാരൻ തന്നെ നോക്കി ചോദിക്കുന്നത് നന്ദൻമാഷ്ശ്രദ്ധിച്ചു. അപ്പോഴാണ് താനിത്ര നേരവും മനോരാജ്യം കണ്ടുനിൽക്കുകയായിരുന്നുവെന്ന് നന്ദൻമാഷ് അറിഞ്ഞത്. ഓർമ്മയെ മൂടുന്ന നനുത്ത പാടയ്ക്കപ്പുറത്ത് തെളിഞ്ഞു കാണുന്ന ചില കഴിഞ്ഞകാല ബിംബങ്ങൾ. ഇത്രയും നേരം ഒരു സിനിമയിലെ പോലെ ആ ബിംബങ്ങൾ തന്‍റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

കഷണ്ടിക്കാരന്‍റെ ചോദ്യo നന്ദൻമാഷിനെ അത്ഭുതപ്പെടുത്തി. ഇയാൾ എന്താണ് തന്നെ ഒരന്യനെപ്പോലെ കാണുന്നത്.

ഇതു തന്‍റെ വീടല്ലേ? സൗദാമിനിയും താനും ഒന്നിച്ചു പാർക്കുന്ന വീട്. ഇവിടെ ഇയാൾ അതിഥിയായി വന്നെത്തിയതായിരിക്കും. മാത്രമല്ല ഇപ്പോൾ ഇവിടെ താനറിയാത്ത കുറെപ്പേരുണ്ട്. മകൻ സുരേഷിന്‍റെ അതിഥികളായിരിക്കാം. മിനി, മൂത്ത മകൻ സുരേഷിനോടൊപ്പം ഇവിടെ താമസിക്കുന്നുണ്ടെന്നാണ് താൻ കരുതിയത്. എന്നാൽ ഇവിടെ അവളെയും സുരേഷിനേയും കാണുന്നില്ലല്ലോ. പകരം വേറെ കുറെ ആളുകൾ നില്ക്കുന്നു.

അല്ല, കഷണ്ടിക്കാരൻ ചിരിച്ചു കൊണ്ട് വാതിൽക്കൽത്തന്നെ നിൽക്കുകയാണല്ലോ? അയാൾക്ക് തന്നെ പരിചയമുള്ളതു പോലെ തോന്നുന്നു. നന്ദൻമാഷ് പെട്ടെന്ന് നടപ്പു മതിയാക്കി അവിടെത്തന്നെ നിന്ന് അല്പനേരം അയാളെ സൂക്ഷിച്ചു നോക്കി.

ഓർമ്മയുടെ ഓളപ്പരപ്പിൽ എത്ര തിരഞ്ഞിട്ടും മാഷിന് ആ മുഖം ഓർത്തെടുക്കാനായില്ല. അപ്പോൾ രാജീവ് എന്നു പേരുള്ള അയാൾ സ്വന്തം ബാല്യത്തിന്‍റെ മുറ്റത്ത് മാഷിനെക്കുറിച്ചുള്ള ഓർമ്മകളെ മേയാൻ വിട്ടിരിക്കുകയായിരുന്നു. വളളിനിക്കറും ട്രൗസറുമണിഞ്ഞ് താൻ ഓടി നടന്നിരുന്ന കാലം അയാളുടെ മനോമുകുരത്തിലെത്തി. സിംഗപ്പൂരിൽ ജോലി ഉണ്ടായിരുന്ന അച്ഛന്‍റെ മരണം അനാഥമാക്കിയ തന്‍റെ തറവാട്. ബാല്യത്തിന്‍റെ കളി ചിരികൾ വിട്ടുമാറാത്ത താനും അനുജത്തിയും അനിയനും. സുഭിക്ഷതയിൽ കഴിഞ്ഞ ശൈശവം പെട്ടെന്നാണ് അച്ഛന്‍റെ മരണം മൂലം ദാരിദ്ര്യത്തിലേക്ക് വഴി മാറിയത്. ഒരേ ട്രൗസർ തന്നെ പല ദിവസങ്ങളിൽ സ്ക്കൂളിലേക്കിടേണ്ടി വന്നു. പിന്നെ അത് നനച്ചു നനച്ച് പിഞ്ഞിക്കീറാൻ തുടങ്ങി. ട്രൗസറിൽ പലയിടത്തും തുള കണ്ട് ഒപ്പം പഠിച്ചിരുന്നവർ ആർത്തുചിരിച്ചു. അതുകണ്ട നന്ദൻമാഷ് ഒരു ദിനം ഒരു പൊതി നൽകിക്കൊണ്ടു പറഞ്ഞു.

“അടുത്ത ദിവസം ഇതിട്ടു കൊണ്ടു വേണം സ്ക്കൂളിൽ വരാൻ.”

അടുത്ത ദിവസം തന്‍റെ പുതിയ നീല നിക്കർ കണ്ട് കൂട്ടുകാർ അത്ഭുതപ്പെട്ടു ”നിനക്കിത്ര പെട്ടെന്ന് ഈ പുതിയ നിക്കർ എവിടന്നു കിട്ടി? വല്ലേടത്തു നിന്നും മോഷ്ടിച്ചതാണോ?” അവർ ചോദിച്ചു.

“അല്ല… നന്ദൻമാഷ് എനിക്കു തന്നതാണ്.”

“നന്ദൻമാഷോ…?”

അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ തന്നെ “നിക്കർകള്ളൻ” എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി. ഒരു ദിവസം അവർ തന്‍റെ ചുറ്റും നിന്ന് അങ്ങനെ വിളിച്ച് കളിയാക്കുന്നത് നന്ദൻമാഷിന്‍റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അടുത്തെത്തി അവരോടു പറഞ്ഞു

“അല്ല രാജീവ് കള്ളനല്ല. അവന് ഞാൻ വാങ്ങിക്കൊടുത്തതാണ് ആ നിക്കർ.” അതോടെ അവരെല്ലാം നിശ്ശബ്ദരായി. നന്ദൻമാഷ് തന്‍റെ അടുത്തു വന്ന് തന്‍റെ നെറുകയിൽ തലോടിക്കൊണ്ടു പറഞ്ഞു.

“നിനക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോടു പറയാം നിന്‍റെ സാഹചര്യങ്ങൾ ഞാൻ മനസ്സിലാക്കുന്നുണ്ട്.” അതു കേട്ട് താൻ പൊട്ടിക്കരഞ്ഞു പോയി അപ്പോൾ നന്ദൻമാഷ് അലിവോടെ പറഞ്ഞു.

“നീ വിഷമിക്കേണ്ട. മറ്റെല്ലാം മറന്ന് നീ നന്നായി പഠിക്കുക. നന്നായി വരും.”

പിന്നീട് പലപ്പോഴും നന്ദൻമാഷ് തനിക്ക് പുസ്തകങ്ങളും, ഫീസും തന്ന് സഹായിച്ചു. നന്ദൻമാഷിന്‍റെ വാക്കുകൾ താൻ അക്ഷരം പ്രതി അനുസരിച്ചു. എല്ലാ ക്ലാസ്സിലും നല്ല മാർക്കോടെ പാസ്സായി.

അല്പം കഴിഞ്ഞ് അയാൾ മെല്ലെ നടന്ന് നന്ദൻമാഷിന്‍റെ അടുത്തെത്തി. വേച്ചുവേച്ചു നടക്കുന്ന നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു കൊണ്ടു ചോദിച്ചു.

“മാഷിന് എന്നെ മനസ്സിലായില്ലേ? ഞാൻ മനയ്ക്കലെ രാജീവ്… പണ്ട് സാർ എനിക്ക് പുസ്തകവും ഫീസും യൂണിഫോമും മറ്റും തന്ന് സഹായിച്ചിട്ടുണ്ട്.”

“രാജീവ്… എനിക്കോർമ്മയില്ലല്ലോ കുഞ്ഞെ. പഴയ കാര്യങ്ങൾ പലതും മറന്നു പോയി. അല്ലെങ്കിൽത്തന്നെ ഈയിടെയായി തലയ്ക്കകത്തൊരു മൂടലാ…”

“സാറിനെ മറക്കാൻ എനിക്കാവില്ല. എന്‍റെ അച്ഛൻ മരിച്ച ശേഷം സാറാണ് എന്‍റെ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചത്. സാർ എനിക്ക് അച്ഛനെപ്പോലെയാണ്. അല്ല… അതിലും ഉപരി ദൈവത്തെപ്പോലെയാണ്. വരൂ സാർ, നമുക്ക് അകത്തേക്ക് പോകാം.” രാജീവ്, നന്ദൻമാഷിനെ കൈപിടിച്ചു നടത്തി. അവർ പൂമുഖത്തിണ്ണയിൽ എത്തിയ ഉടനെ ഏതാനും പേർ ഓടി വന്നു.

“പുതിയ ആളാണോ മാഷെ. ഇവിടെ താമസിക്കാൻ വന്നതാണോ?” ഒന്നു രണ്ടു പേർ ചിരിച്ചു കൊണ്ട് ഓടിയെത്തി നന്ദൻമാഷിനോട് കുശലം ചോദിച്ചു.

“അതെ. പുതിയ ആളാണ്. പക്ഷെ ഇദ്ദേഹം ഇവിടെ എത്തിയത് സ്വന്തം ഭാര്യയെ അന്വേഷിച്ചാണ്. ഇദ്ദേഹം പണി കഴിപ്പിച്ച വീടാണ് ഇത്. ഇവിടെയാണ് കഴിഞ്ഞപത്തുനാല്പതു കൊല്ലം അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നത്.” മാനേജർ നന്ദൻമാഷിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“ഓഹോ ഞങ്ങൾ അതറിഞ്ഞില്ല കേട്ടോ. ഏതായാലും നന്ദൻമാഷിന് സ്വാഗതം.”

“നിങ്ങളൊക്കെ സുരേഷിന്‍റെ കൂട്ടുകാരാണോ? എന്നിട്ട് സുരേഷെവിടെ?”

“സുരേഷോ… അതാരാ മാഷേ’… ആ പേരുള്ള ഒരാൾ ഇവിടെയില്ലല്ലോ…”

“സുരേഷ് എന്‍റെ മകനാ… നിങ്ങൾക്കവനെ അറിയില്ലെ?”

“ഇല്ലല്ലോ മാഷേ. അപ്പോൾ സുരേഷാണോ മാഷിനെ ഇവിടെ കൊണ്ടുവന്നാക്കിയത്? ഞങ്ങളേം ഞങ്ങടെ മക്കളാ ഇവിടെ കൊണ്ടു വന്നാക്കിയത്…”

“ഞാൻ… ഞാൻ… സൗദാമിനിയെ അന്വേഷിച്ചു വന്നതാ… എന്‍റെ ഭാര്യയെ… അവളിന്നലെ എന്നോട് ഇന്ന് ഇവിടെ കാത്തുനില്ക്കാമെന്ന് പറഞ്ഞിരുന്നു.”

“സൗദാമിനി… അതാരാണെന്നു ഞങ്ങൾക്ക് അറിയില്ലല്ലോ മാഷേ… ആ പേരുള്ള ആരും ഇവിടെ ഇല്ലല്ലോ… ” അതു കേട്ട് നന്ദൻമാഷ് അല്പം ക്രോധവും അക്ഷമയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“നിങ്ങളോട് ആരാ പറഞ്ഞത് അവൾ ഇവിടെ ഇല്ലെന്ന്? അല്ലെങ്കിൽ നിങ്ങൾ ആരാ അതൊക്കെ നിശ്ചയിക്കാൻ? ഇത് എന്‍റെ വീടല്ലെ? ഞാനും സൗദാമിനിയും ഞങ്ങളുടെ മക്കളും താമസിക്കുന്ന വീട്. ഇവിടെ നിങ്ങക്കെന്തു കാര്യം? വല്ലവരും എന്‍റെ വീട്ടിക്കേറി വന്ന് അധികാരം സ്ഥാപിക്കുന്നോ” നന്ദൻമാഷിന്‍റെ സ്വരം ഉച്ചത്തിലായി.

നന്ദൻമാഷിന്‍റെ സ്വരവും ഭാവവും മാറുന്നതു കണ്ട് കാര്യം പന്തിയല്ലെന്നു തോന്നിയ വർഗീസും, മോഹനനും അമ്പരന്ന് പരസ്പരം നോക്കി.

“ഇങ്ങേർക്ക് തലയ്ക്ക് നല്ല സുഖമില്ലെന്നു തോന്നുന്നു. വാ… നമുക്ക് പോകാം.” അവർ നന്ദൻമാഷിനെ ഉപേക്ഷിച്ച് തിരിഞ്ഞ് നടന്നു.

നന്ദൻമാഷാകട്ടെ സൗദാമിനിയെക്കാണാഞ്ഞ് നിരാശയോടെ വാതിൽക്കൽ നിന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി. ഭർത്താവിന്‍റെ അധികാര ഭാവത്തിൽ തന്നെ.

അതുകേട്ട് രാജീവ് ആലോചിച്ചു. സൗദാമിനി അമ്മ, സാറിന്‍റെ ഭാര്യയല്ലെ. അവർ ഇവിടെ ഇല്ലല്ലോ. മാത്രമല്ല അവർ മരിച്ചു പോയി എന്നാണ് ഞാനറിഞ്ഞത്. പക്ഷെ അവർ ഇവിടെ ഇല്ല എന്നു പറഞ്ഞാൽ സാറിനത് ഏറെ സങ്കടമാകും. അദ്ദേഹത്തിന്‍റെ ബുദ്ധിക്കും ഓർമ്മക്കും എന്തോ കാര്യമായ തകരാറു സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വാസ്തവസ്ഥിതി പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ എന്തുപറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കും? അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ മകൻ സുമേഷ് വരട്ടെ. എന്നിട്ടദ്ദേഹത്തെ പറഞ്ഞയയ്ക്കാം. അതുവരെ ഇവിടെ എവിടെയെങ്കിലും പിടിച്ച് ഇരുത്താം. അങ്ങനെ വിചാരിച്ച് രാജീവ് അവിടെ കിടന്ന ഒരു കസേരയിൽ മാഷിനെ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു.

“മാഷ് ഇവിടെ ഇരുന്നോളു. മാഷ് അന്വേഷിച്ചെത്തിയ ആൾ ഇപ്പോൾ ഇവിടെ എത്തും…”

നന്ദൻമാഷ് സൗദാമിനിയെ പ്രതീക്ഷിച്ച് പൂമുഖത്ത് കസേരയിലിരുന്നു

ഈ സമയത്ത് രാജീവ് അവിടത്തന്നെ അന്തേവാസിനിയായ ഹേമാംബിക ടീച്ചറിന്‍റെ അടുത്തെത്തി. ടീച്ചറപ്പോൾ കുളികഴിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളു. മുറിക്കു പുറത്ത് വരാത്തയിൽ തല തുവർത്തിക്കൊണ്ടു നിന്ന അവരുടെ അടുത്തെത്തി രാജീവ് പറഞ്ഞു. ”ടീച്ചർ… ടീച്ചറിന് കൂടെ വർക്കു ചെയ്തിരുന്ന നന്ദൻമാഷിനെ ഓർമ്മയില്ലെ? അദ്ദേഹം പൂമുഖത്തിരിപ്പുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ നല്ല ഓർമ്മക്കുറവുണ്ട്. ടീച്ചർ ഒന്നങ്ങോട്ടുചെല്ലണം. ടീച്ചറിനെക്കാണുമ്പോൾ നന്ദൻമാഷിന് ഓർമ്മവരുമോ എന്നറിയാമല്ലോ?”

“നന്ദൻമാഷോ… അദ്ദേഹം… അദ്ദേഹം ഇവിടെ?” ഹേമാംബികടീച്ചർ സ്വയം മറന്നതു പോലെ ചോദിച്ചു.

“അതെ ടീച്ചർ… അദ്ദേഹം മരിച്ചു പോയ സ്വന്തം ഭാര്യയെ അന്വേഷിച്ച് ഇവിടെ എത്തിയതാണ്. ഞാൻ പറഞ്ഞില്ലെ അദ്ദേഹത്തിന്‍റെ ബുദ്ധിക്ക് കാര്യമായ എന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. എന്തോ ചില മാനസിക പ്രശ്നങ്ങൾ. സ്വന്തം ഭാര്യ മരിച്ചത് അംഗീകരിക്കാനാവാത്തഒരു മനസ്സാണ് അദ്ദേഹത്തിനുള്ളത്. പിന്നെ ഇപ്പഴത്തെ പലകാര്യങ്ങളും അദ്ദേഹത്തിന് ഓർമ്മയുമില്ലാതായിരിക്കുന്നു. ഒരു പക്ഷെ ടീച്ചറിനെക്കാണുമ്പോൾ അദ്ദേഹം തിരിച്ചറിയുമോ എന്നറിയാമല്ലോ.”

“എന്ത്… നന്ദൻമാഷിന് ബുദ്ധിക്ക് തകരാറോ? ഇല്ല… ഒരിക്കലുമില്ല… അങ്ങനെയൊന്ന് അദ്ദേഹത്തിന് സംഭവിക്കുമെന്ന് എനിക്ക് വിചാരിക്കാൻ പോലും വയ്യ… എത്ര നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെ സ്ക്കൂളിൽ എല്ലാവർക്കും എന്തിഷ്ടമായിരുന്നെന്നോ? അധ്യാപകരും കുട്ടികളും ‘ഒരുപോലെ’ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.”

“ശരിയാണ് ടീച്ചർ. ഞാൻ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അച്ഛന്‍റെ മരണശേഷം ജീവിതത്തിന്‍റെ ഇരുൾച്ചുഴിയിൽ ആണ്ടു പോകുമായിരുന്ന എന്നെ കൈപിടിച്ചുയർത്തിയത് നന്ദൻമാഷാണ്. അദ്ദേഹമാണ് എനിക്ക് ഫീസും പുസ്തകങ്ങളും യൂണിഫോമും എന്തിന് ആഹാരം പോലും നൽകി സഹായിച്ചത്. എത്ര പ്രാവശ്യമാണെന്നോ അദ്ദേഹം വിശന്നിരുന്ന എന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി എനിക്ക് ആഹാരം നൽകിയിട്ടുള്ളത്. ഇന്നിപ്പോൾ ഈ നിലയിലെങ്കിലും ഞാൻ എത്തിയത് നന്ദൻമാഷ് കാരണമാണ്.”

അതുകേട്ട് ഹേമാംബികടീച്ചറിന്‍റെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. അതു പക്ഷെ ആനന്ദക്കണ്ണീരായിരുന്നു. വർഷങ്ങൾക്കു മുമ്പ് തനിക്ക് കൈ മോശം വന്ന നിധി ഇപ്പോൾ കൺമുന്നിലെത്തിയിരിക്കുന്നു.

രാജീവിനെപ്പോലെ അദ്ദേഹം തന്‍റെയും കൺകണ്ട ദൈവമായിരുന്നു. തനിക്ക് ഏറെ പ്രീയപ്പെട്ട അമൂല്യവസ്തു. പക്ഷെ താൻ ഏറെ മോഹിച്ച ആ അമൂല്യ വസ്തു, നിരാശയോടെ തനിക്ക് കൈവിടേണ്ടി വരികയായിരുന്നല്ലോ എന്നോർത്തു. ഇന്നിപ്പോൾ ആ വിലപ്പെട്ട വസ്തു വീണ്ടും തന്‍റെ കൺമുന്നിലെത്തിയിരിക്കുന്നു. മറ്റ് അവകാശികളില്ലാതെ തന്നെ. ഈ അവസരം പാഴാക്കരുത്, ഹേമാംബികേ. അരോ അവരുടെ ഉള്ളിലിരുന്ന് മന്ത്രിച്ചു. “അല്ല രാജീവ്, അദ്ദേഹം തനിച്ചാണോ വന്നിരിക്കുന്നത്? മക്കളാരും അടുത്തില്ലെ.”

“ഇല്ല ടീച്ചർ… ഭാര്യയെ അന്വേഷിച്ച് അദ്ദേഹം എങ്ങിനെയോ തനിച്ച് ഇവിടെ വന്നെത്തിയാതാണ്. മുമ്പ് അദ്ദേഹത്തിന്‍റെ വീടായിരുന്നല്ലോ ഇത്. ആ ഓർമ്മയിൽ വന്നതാകും. അദ്ദേഹത്തിന്‍റെ മകൻ ഇത് വൃദ്ധമന്ദിരത്തിന് വാടകക്ക് നൽകിയതാണ്.”

“ഓഹോ അങ്ങിനെയാണല്ലേ? എനിക്കത് അറിഞ്ഞുകൂടായിരുന്നു. ഏതായാലും വരൂ രാജീവ്… നമുക്ക് അങ്ങോട്ടു പോകാം.”

ഹേമാംബിക ടീച്ചറിനെ നയിച്ചു കൊണ്ട് രാജീവ് മുന്നേ നടന്നു… ഹേമാംബികയ്ക്ക് തന്‍റെ കാലുകൾ നിലത്തുറയ്ക്കുന്നില്ലെന്നു തോന്നി. കൊച്ചുകുട്ടികളെപ്പോലെ ഒന്ന് തുള്ളിച്ചാടാൻ, കഴിഞ്ഞെങ്കിൽ… വർഷങ്ങളായി താൻ കൺ മുന്നിൽ കാണുവാൻ ആഗ്രഹിച്ചിരുന്ന ആളാണ് ഇപ്പോൾ കൈവിളിപ്പാടകലെ എത്തിയിരിക്കുന്നത്. ഇനി അദ്ദേഹത്തെ തന്നോട് ചേർത്തുപിടിച്ചേ തീരു… ഒരിക്കലും കൈവിട്ടു കളയാതെ… ഹേമാംബികടീച്ചർ അത്യുത്സാഹത്തോടെ പൂമുഖത്തേക്കു ചെന്നു. പൂമുഖ കർട്ടൻ വകഞ്ഞു മാറ്റി നോക്കുമ്പോൾ അവിടെ നന്ദൻമാഷ് സെറ്റിയിൽ ചാരി ഇരിക്കുന്നതു

കണ്ടു. അത്യാനന്ദത്തോടെ അദ്ദേഹത്തെ നോക്കി നില്ക്കുമ്പോൾ വർഷങ്ങൾക്കുമുമ്പ് മനസ്സില്ലാമനസ്സോടെയാണെങ്കിലും താൻ മനസ്സിന്‍റെ ശ്മശാനഭൂവിലേക്കു വലിച്ചെറിഞ്ഞ മോഹവിത്ത് വീണ്ടും തളിർത്തുപൊങ്ങുന്നതവരറിഞ്ഞു. ഈ സമയത്ത് നന്ദൻമാഷാകട്ടെ താൻ ഏറെ നേരമായി കാത്തിരിക്കുന്ന സൗദാമിനിയെ കാണാഞ്ഞ് അക്ഷമനായിത്തീർന്നിരുന്നു. ഇടയ്ക്ക് പല പ്രാവശ്യം അകത്തേക്ക് നോക്കി മാഷ് സൗദാമിനിയെ നീട്ടി വിളിച്ചു, “സൗദാമിനി… സൗദാമിനി… നീയെവിടെപ്പോയി കിടക്കുവാ… ഞാനെത്ര നേരമായി നിന്നെ വിളിക്കുന്നു…”

ഹേമാംബിക നന്ദൻമാഷിന്‍റെ ഭാവ പ്രകടനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് അകന്നു മാറിനിന്നു. താൻ ഇവിടെ ഒരഭിനയം കാഴ്ചവയ്ക്കേണ്ടതുണ്ടെന്ന് അവർക്ക് മനസ്സിലായി. അല്പനേരത്തേക്കെങ്കിലും നന്ദൻമാഷിന്‍റെ ഭാര്യയാവാൻ തനിക്കു കഴിയണം. ഭാര്യ മരിച്ച ശേഷം മഞ്ഞുമൂടിയ ആ മനസ്സിനെ യാഥാർത്ഥ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തനിക്കു കഴിയുമെങ്കിൽ അതു തന്നെയായിരിക്കും തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

പക്ഷെ… പക്ഷെ… അതിന് നന്ദൻമാഷ് എത്ര നാൾ ഇവിടെ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. ഏതായാലും ഇപ്പോൾ തനിക്കാവുന്നതു ചെയ്യുക.ഹേമാംബിക തീരുമാനിച്ചുറച്ചു.

ഏറെ നേരം വിളിച്ചിട്ടും ഭാര്യയെ കാണാതായപ്പോൾ നന്ദൻമാഷിന് സങ്കടം മുറ്റി. കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി. അപ്പോൾ ഒരുസ്ത്രീ അടുത്തെത്തി.അവർക്ക് സൗദാമിനിയുടെ രൂപഭാവങ്ങളുണ്ടെന്നു തോന്നി. അല്പനേരം സൂക്ഷിച്ചു നോക്കിയ ശേഷം അതവൾ തന്നെയെന്ന് ഉറപ്പിച്ചു.

അവൾ ചുമലിൽ പിടിച്ചു കൊണ്ട്, “ചേട്ടനെന്തിനാ വിഷമിക്കുന്നത്? ഞാനടുത്തു തന്നെയില്ലെ?” എന്നു ചോദിച്ചു.

അതു കേട്ടപ്പോൾ സന്തോഷമായി. അടുത്ത നിമിഷം.അവളെക്കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “മിനി, നീയിനി എങ്ങോട്ടും പോകരുത്. എന്‍റെ അടുത്തു തന്നെ ഉണ്ടാകണം.”

കൂടുതൽ സ്നേഹം വരുമ്പോൾ മാഷ് ഭാര്യയെ വിളിച്ചിരുന്നത് മിനി എന്നാണ്. “ഇല്ല ഞാനിനി എങ്ങുംപോകുകയില്ല. ചേട്ടൻ സമാധാനമായിട്ടിരിക്കണം.”

“എനിക്കെങ്ങനെ മന:സമാധാനമുണ്ടാകും മിനി.നിന്‍റെ വാക്കു വിശ്വസിച്ച് ഞാൻ ഉറങ്ങിക്കഴിയുമ്പോൾ നീ എന്നെ വിട്ടിട്ട് ഓടിപ്പോകുകയില്ലെ?”

ഭാര്യ മറ്റെവിടേക്കെങ്കിലും ഇനിയും ഓടിപ്പോയാലോ എന്ന് പേടിക്കുന്നതുപോലെ അയാൾ ഹേമാംബികയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു. പെട്ടെന്ന് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു, ”ഈ ചേട്ടന്‍റെ ഒരു കാര്യം. അല്ലെങ്കിലും ഞാൻ ചേട്ടനെ വിട്ട് എവിടെ ഓടിപ്പോകാനാ?. ചേട്ടൻ പണികഴിപ്പിച്ച ഈ വീട് തന്നെയല്ലെ എന്റേയും വീട്. ഇത്രയും കാലം നമ്മൾ ഒരുമിച്ചല്ലേ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.”

“അതൊക്കെ ശരിയാ… പക്ഷെ ഇപ്പോൾ നമ്മൾ വേറെ വേറെയല്ലെ താമസിക്കുന്നത്. ഞാൻ സുമേഷിന്‍റെ കൂടെയും, നീ സുരേഷിന്‍റെ കൂടെയും?”

“അതെന്‍റെ കുറ്റമല്ലല്ലോ. നമ്മുടെ മക്കൾ തന്നെയല്ലെ നമ്മളെ വേർപിരിച്ചത് ചേട്ടാ… അവർ പറയുന്നത് അനുസരിക്കുകയല്ലേ ഈ വയസ്സുകാലത്ത് നമുക്കു നിവൃത്തിയുള്ളു. അല്ലെങ്കിൽ അവർ നമ്മളെ തിരിഞ്ഞു നോക്കിയില്ലെങ്കിലോ?”

“അതു ശരിയാ മിനി പറഞ്ഞത്. നമ്മുടെ മക്കൾക്ക് നമ്മളിപ്പോ ഒരധികപ്പറ്റാ അല്ലേ?”

“അതൊന്നുമില്ല ചേട്ടാ… നമ്മൾ അവർ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ മതി.”

“ങാ… അതിനെന്നെക്കിട്ടുമെന്ന് നീ വിചാരിക്കണ്ട. സ്കൂളിലായാലും വീട്ടിലായാലും അനുസരിപ്പിച്ചാണ് ശീലം. അനുസരിച്ചല്ല.” നന്ദൻമാഷ് തർക്കിക്കും പോലെ ദേഷ്യത്തോടെ പറഞ്ഞു. അതു കണ്ട് ഹേമാംബിക ക്ക് അത്ഭുതം തോന്നി പണ്ട് അദ്ദേഹം എത്ര ശാന്തശീലനായിരുന്നുവെന്ന് അവരോർത്തു.

അദ്ദേഹത്തിന്‍റെ ക്ഷീണമുഖത്ത് പ്രകടമായ ദേഷ്യം കണ്ട് ഹേമാംബിക പറഞ്ഞു, “ശരി… ശരി… മാഷിനോട് തർക്കിക്കാൻ ഞാനാളല്ല. മാഷിന് നല്ല ക്ഷീണമുണ്ട്.അല്പനേരം അകത്തു പോയി കിടക്കാം.”

“എന്ത് മാഷൊ… നീയെന്നെ അങ്ങനെയല്ലല്ലോ വിളിച്ചിരുന്നത്. നന്ദേട്ടാ എന്നല്ലെ…”

പെട്ടെന്ന് ഹേമാംബിക തനിക്കു പറ്റിയ അബദ്ധം മൂടിവയ്ക്കും മട്ടിൽ പറഞ്ഞു, “ശരിയാ… ഞാൻ അറിയാതെ വിളിച്ചതാ… നന്ദേട്ടാ എന്നു തന്നെയാ ഞാൻ ഉദ്ദേശിച്ചത്.”

“നിന്‍റെ ഒരു കാര്യം മിനി… നിന്‍റെ ആ വിളി കേൾക്കാൻ എനിക്കെന്തിഷ്ടമാണെന്നോ…” പെട്ടെന്ന് നന്ദൻമാഷിന്‍റെ മുഖം ഇരുണ്ടു. ഏതോ ദു:ഖം വന്നു മൂടുന്ന മട്ടിൽ നന്ദൻമാഷ് അല്പനേരം ഇരുന്നു. പിന്നീട് അദ്ദേഹം മെല്ലെപറഞ്ഞു, “ഈയിടെയായി നിന്‍റെ ആ വിളി ഞാൻ കേൾക്കാറില്ല. നിന്നെ ഞാൻ കാണാറു കൂടിയില്ലല്ലോ മിനി…”

അപ്പോഴേക്കും നന്ദൻമാഷിന്‍റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. അതു കണ്ട് ഹേമാംബികടീച്ചർ വല്ലാതെയായി. അവർ മാഷിനെ ആശ്വസിപ്പിക്കും മട്ടിൽ പറഞ്ഞു, “ഇനി മുതൽ ഞാൻ നന്ദേട്ടന്‍റെ സമീപത്തു തന്നെയുണ്ടാകും. എങ്ങും പോകുകയില്ല നന്ദേട്ടൻ മന:സമാധാനത്തോടെ ഇവിടെ കിടന്ന് ഉറങ്ങിക്കോളൂ.”

അങ്ങനെ പറഞ്ഞ് ഹേമാംബിക അയാളെ അവിടെ ഒഴിഞ്ഞുകിടന്ന കട്ടിലിലേയ്ക്ക് കിടത്തി.

Novel: സമുദ്രമുഖം ഭാഗം- 31

സ്ട്രീറ്റ് ലൈറ്റിനു താഴെ നിന്ന് പരിസരം വീക്ഷിക്കുമ്പോൾ കായലിനെ തലോടിയെത്തിയ നനഞ്ഞ കാറ്റ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. നിരന്നു മുറ്റി വളർന്നു നിൽക്കുന്ന മുൾച്ചെടിപ്പടർപ്പുകളിലെ സ്ട്രീറ്റ് ലൈറ്റിനു പുറകിലെ ഭാഗം വ്യക്തമായി വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നത് കണ്ടു. ഇതിലൂടെയാകണം സ്ത്രീയും പുരുഷനും ചാക്കുകെട്ട് താങ്ങിപ്പിടിച്ച് സഞ്ചരിച്ചു കാണുക.

ആ മുൾച്ചെടിപ്പടർപ്പിലൂടെ കായൽക്കര വരെ പോയി നോക്കാൻ തീരുമാനിച്ചെങ്കിലും അപ്പോൾ തന്നെ തീരുമാനം മാറ്റി. ഈ പ്രദേശത്ത് കായലിന് ഏറെ ആഴമില്ല. ആ ചാക്കുകെട്ടിൽ എന്‍റെ ഊഹമനുസരിച്ചുള്ള വസ്തുവെങ്കിൽ ഒരാഴ്ചക്കകം ഈ പരിസരത്ത് പോലീസുകാണും. കായലിന്‍റെ ഒഴുക്ക് മന്ദഗതിയിലാണ്.

ചാക്കുകെട്ടുമായി പോയ സ്ത്രീയും പുരുഷനും വളരെ ചെറിയ സമയത്തിനുള്ളിൽത്തന്നെ തിരിച്ചു വരികയുണ്ടായി എന്നത് ഞാൻ പ്രത്യേകം നിരീക്ഷിച്ചതാണ്. ഭാരമുള്ള വസ്തു ചാക്കുകെട്ടിനോട് ബന്ധിച്ച് കായലിൽ താഴ്ത്തുവാനുള്ള സമയമൊന്നും അവരെടുത്തിട്ടില്ല. ഏതായാലും പരമാവധി ഒന്നു രണ്ടാഴ്ചക്കകം വിവരമറിയാം.

വകഞ്ഞൊതുക്കിയ മുൾപ്പടർപ്പിലൂടെ ഒന്നു പോയി നോക്കാനുള്ള അതിയായ ആഗ്രഹം. വരാൻ പോകുന്ന ഭവിഷ്യത്ത് മുൻകൂട്ടിക്കണ്ട് പണിപ്പെട്ട് അടക്കി വീട്ടിലേക്ക് തിരിച്ചു. മനുഷ്യ മനസ്സ് അങ്ങനെയാണ് നാടോടിക്കഥയിലെ രാജകുമാരിയെപ്പോലെ ഒരിക്കലും തുറക്കരുതെന്ന നിർദേശം ലഭിച്ച വാതിലേ പോയി തുറക്കൂ. ഒരിക്കലും തിരിഞ്ഞു നോക്കാതെ മുൻപോട്ടു പൊയ്ക്കൊള്ളണം എന്നു പറഞ്ഞാൽ തിരിഞ്ഞു നോക്കിയിരിക്കും. അന്നും ഇന്നും എന്നും ഏറ്റവും കനത്ത പ്രഹേളികയായി തുടരുന്ന മനുഷ്യ മേധ. അതിന്‍റെ കൈപ്പിടിയിലൊതുക്കാത്ത അപഥ സഞ്ചാരങ്ങൾ.

ഇഞ്ചിയും തുളസിയും ഇട്ടു തിളപ്പിച്ച ചായ ഊതിക്കുടിക്കുമ്പോൾ അമ്മയെ സാകൂതം ഉറ്റുനോക്കുകയായിരുന്നു ഞാൻ. നേർത്തുമൊരിഞ്ഞ ദോശ ശ്രദ്ധാപൂർവ്വം ചട്നിയിൽ മുക്കി കഴിക്കുകയായിരുന്നു അമ്മ. അമ്മയ്ക്ക് കട്ടിദോശ വലിയ പഥ്യമില്ല. ദോശ എത്രത്തോളം നേർപ്പിക്കാമോ അത്രയും നേർത്തു കിട്ടിയാൽ സന്തോഷം.

“അമ്മയിന്നലെ നേരെ ഉറങ്ങീലെ?”

അമ്മ തലയുയർത്തി നോക്കി. “പിന്നെ നല്ലോണം ഉറങ്ങി കിടന്നതേ ഓർമ്മള്ളൂ പിന്നെ കണ്ണ് തുറക്കുമ്പോ എട്ടു മണി.”

ഞാൻ എഴുന്നേറ്റു, മുറിക്കകത്തേക്കു നടന്നു. വെളുത്ത ചുമരിൽ കോറിയിട്ട നമ്പർ ശ്രദ്ധാപൂർവ്വം പേപ്പറിൽ കുറിച്ചെടുത്തു. നമ്പർ പരിശോധിച്ചു. എന്‍റെ ഊഹം തെറ്റിയില്ല. അത്തരമൊരു നമ്പർ മോട്ടാർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ചാക്കുകെട്ടിനുള്ളിൽ എന്താണുള്ളതെന്ന എന്‍റെ ഊഹത്തിന് ബലമേറുകയാണ്.

അലസത ആധിപത്യം സ്ഥാപിച്ച ആ ദിവസത്തിന്‍റെ അവസാനമാണ് ട്രീസ ഒരു ജോലിയേൽപ്പിച്ചത്. അല്പം നീണ്ട ഒരു യാത്ര ആവശ്യമായി വരുന്ന ആ ജോലി അവളുടെ ഒരു സുഹൃത്തിനു വേണ്ടിയായിരുന്നു. പേരോ സ്ഥലമോ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിധവയായ അവരുടെ മകൾ ബാംഗ്ലൂരിൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആ പാവം അമ്മയെ വല്ലാത്തൊരു സംശയം പിടികൂടിയിരിക്കുന്നു. മകളുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് അമ്മയ്ക്ക് സംശയത്തിന് ഇട നല്കിയത്. ബാംഗ്ലൂരിലെ ഏതൊ ഒരുവനുമായി മകൾ പ്രണയ കുടുക്കിൽ ചെന്നകപ്പെട്ടിട്ടുണ്ടോ എന്നതാണ് അമ്മയെ അലട്ടുന്ന വിഷയം.

പ്രണയത്തിനൊന്നും ആ അമ്മ എതിരല്ല. എന്നാൽ ആ പ്രണയം മകൾക്ക് ദോഷകരമായി വരുമോ ആശങ്കയിലാണ് ആ അമ്മ. ഇത്തരം വിഷയത്തിൽ ഒരമ്മയുടെ ആശങ്ക മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടു തന്നെ മകളുടെ കാമുകനെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ സംഘടിപ്പിച്ചു നല്കാമെന്ന് അറിയിക്കണമെന്ന് ട്രീസയോട് പറഞ്ഞു.

ഒപ്പം മകൾ പഠിക്കുന്ന കോളേജ് വിലാസവും മറ്റു ചില വ്യക്തിഗത വിവരങ്ങൾ നല്കണമെന്നും ആവശ്യപ്പെട്ടു. അതു ലഭിക്കുന്ന മുറക്ക് ബാംഗ്ലൂരിലേക്ക് ഒരു യാത്ര തീരുമാനിക്കാമെന്ന് നിശ്ചയിച്ചു.

അപ്രതീക്ഷിതമായി തുടർച്ചയായി പെയ്ത മഴയിൽ മൂടിക്കെട്ടിയ അന്തരീക്ഷം. പഴുത്ത ഇല ഞെട്ടടർന്ന് കൊഴിയും പോലെ പൊയ്പോയ രണ്ടു ദിവസങ്ങൾ. മൂന്നാം ദിവസം തെളിഞ്ഞ പ്രഭാതം. പ്രകൃതിയുടെ അധിക ജലാംശം വലിച്ചെടുത്ത് ഭൂമിയുടെ മേലാപ്പായി നിന്ന അന്തരീക്ഷത്തെ തേജോമയമാക്കിയ സൂര്യ രശ്മികൾ. അവയത്രയും ഉൾക്കൊണ്ട് ഊഷ്മളതയിൽ ആറാടി നിന്ന പ്രകൃതി. ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യഭഗവാൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ.

ഇഞ്ചി ചേർത്ത ചായ അല്‌പാൽപ്പം കഴിച്ച് പത്രം ഒന്നോടിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്. കേരളത്തിൽ നിന്നും വിദൂരമായ കിഴക്കൻ പ്രദേശത്തോട്ടുള്ള ഒരു ട്രെയിനിൽ നിന്നും അവകാശികളില്ലാത്ത ഒരു തുണി സഞ്ചി റെയിൽവേ പോലീസ് കണ്ടെത്തിയെന്നായിരുന്നു വാർത്ത. തുണി സഞ്ചിയിൽ ഒരു പുരുഷന്‍റെ വികൃതമാക്കപ്പെട്ട ശിരസ്സും! പൊടുന്നനെ മനസ്സിലൊരു കൊള്ളിയാൻ മിന്നി. കേരളത്തിൽ നിന്നും രണ്ടു ദിവസത്തെ യാത്ര വേണം ശിരസ്സ് കണ്ടെത്തിയ റെയിൽവേ സ്റ്റേഷനിലേക്ക്. രണ്ടു ദിവസം മുന്നേ പാതിരാത്രിയിൽ കണ്ട ദുരൂഹമായ സംഭവങ്ങൾ മനസ്സിലോടിയെത്തി. ശിരസ്സും ചാക്കുകെട്ടും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ ക്രിമിനൽ സംഭവ പരമ്പരകളിലെ ഏക ദൃക്സാക്ഷി ഞാൻ മാത്രമാണ്.

ഒരു സ്ത്രീയും പുരുഷനും. അവരുടെ ശരീരപ്രകൃതിയും മുഖവുമെല്ലാം ഓർത്തെടുക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. അരണ്ട വെളിച്ചത്തിൽ ദൂരെ നിന്നു കണ്ട അവരുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

നല്ല ഉയരം ആ സ്ത്രീക്കുണ്ടായിരുന്നതായി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സാരിയായിരുന്നു വേഷം. ഉയരത്തിനനുസരിച്ച് ഒത്ത വണ്ണവും അവർക്കുണ്ടായിരുന്നു. പുരുഷന് മുണ്ടും ഷർട്ടുമായിരുന്നു വേഷം. സ്ത്രീയുടെ അത്ര കണ്ട് ഉയരം അയാൾക്കില്ലായിരുന്നു.

ഞൊടിയിടയിലായിരുന്നു അവരിരുവരും ചേർന്ന് ആ ഒമ്നി വാനിൽ നിന്നും ചാക്കുകെട്ടിറക്കി രണ്ടു പേരും കൂടെ താങ്ങിപ്പിടിച്ച് മുൾച്ചെടിപ്പടർപ്പിൽ മറഞ്ഞത്. തിരിച്ചു വന്ന് നിമിഷാർദ്ധം കൊണ്ടാണ് വാനിൽ കയറി സ്ഥലം വിട്ടതും.

സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പൗരൻ എന്ന നിലക്ക് കണ്ട വിവരങ്ങൾ എല്ലാം പോലീസിനെ അറിയിക്കുന്നതായിരിക്കും നല്ലത് എന്ന് ചിന്തിച്ചെങ്കിലും അതിന്‍റെ വരുംവരായ്കകൾ എന്‍റെ സമാധാനം കെടുത്തുമോയെന്ന് ഞാൻ ഭയന്നു.

പോലീസിന്‍റെ ഭാഗത്തു നിന്നുള്ള പരിശ്രമങ്ങൾക്കു ശേഷം കായലിൽ നിന്നും കണ്ടെടുക്കാനിടയുള്ള ചാക്കുകെട്ടിനകത്തെ വസ്തു ഉദ്ദേശിച്ചതല്ലെങ്കിൽ ഞാൻ പരിഹാസ്യനാകും. അതു മാത്രമല്ല പോലീസിന്‍റെ ഇടപെടൽ എന്‍റെ സമാധാന ജീവിതത്തിനും ഭംഗം വരുത്തുവാൻ ഇടയുണ്ട്. അതുകൊണ്ട് പ്രായോഗികമായി ചിന്തിച്ചാൽ അല്പം കൂടെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന് എനിക്കു തോന്നി.

വേണ്ട സമയത്ത് വ്യക്തമായി അറിയാവുന്ന വസ്തുതകൾ പോലീസിനെ അറിയിക്കാം. അപ്പോൾ സമൂഹത്തോട് പ്രതിബദ്ധത പുലർത്തണമെന്ന എന്‍റെ ആശയവും നടപ്പാകും. അല്ലെങ്കിൽ തന്നെ സ്വവ്യക്തിത്വം മറച്ച് പോലീസിനെ വിവരം ഗ്രഹിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടല്ലോ? കാത്തിരിക്കുക തന്നെയാണ് ഈയവസരത്തിൽ ഉചിതമായിട്ടുള്ളത്.

നോവൽ ആരംഭിക്കുന്നു- പവിഴമല്ലിപ്പൂക്കൾ

കാലുകളിലെ വേദന ഞരമ്പുകളിലൂടെ മുകളിലേക്ക് പടർന്നിട്ടും അയാൾ നടന്നു. അയാളുടെ ലക്‌ഷ്യം ആ വൃദ്ധ മന്ദിരമായിരുന്നു. വാർധക്യത്തിൽ ഓർമകൾക്ക് മങ്ങലേറ്റിട്ടും ആ വീട് മാത്രം അയാൾ മറന്നില്ല. ആ വീട്ടിലേക്കുള്ള വഴികൾ അയാൾക്ക്‌ ചിരപരിചിതമായിരുന്നു.

ഏതോ ജന്മാന്തര ബന്ധം പോലെ അവിടേക്ക് ഏതോ അദൃശ്യശക്തി അയാളെ നയിച്ചുകൊണ്ടിരുന്നു. “ഇയാൾക്കെന്താ കണ്ണ് കാണില്ലേ? എങ്ങോട്ടാണോ വച്ചു പിടിക്കുന്നത്? അല്ല, മക്കളോടെല്ലാം അവസാന യാത്ര പറഞ്ഞിട്ടാണോ പോന്നത്.” ഒരു ചെറുപ്പക്കാരനായ സ്കൂട്ടർ യാത്രികൻ മുന്നിലെത്തി സഡൻബ്രേക്ക് ഇട്ടു. അയാൾ പരിഹാസ്യതയോടെ നന്ദൻമാഷിനെ നോക്കി.

ചീത്തപറയുന്നതു കേട്ടു നന്ദൻമാഷ് അയാളെ പകച്ചുനോക്കി. പിന്നെ ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. “അല്ലാ… സൗദാമിനിയെ… മിനി… അവൾ എന്നെ ഗോപികയിൽ കാത്തു നില്ക്കാമെന്നു പറഞ്ഞിട്ടുണ്ട്… അവൾ കാത്തു നിന്ന് മുഷിഞ്ഞു കാണും… ഞാൻ വേഗം ചെല്ലട്ടെ.” അങ്ങനെ അയാളുടെ വാക്കുകൾക്ക് മറുപടി എന്നോണം, പറഞ്ഞ് നന്ദൻമാഷ് മുന്നോട്ടു നടന്നു.

“ഉം… ചെല്ല്… ചെല്ല്‌… വയസ്സുകാലത്ത് കെളവൻ ആളൊട്ടും മോശമല്ലല്ലോ… സൗദാമിനി കാത്തു നില്ക്കും പോലും…” അങ്ങനെ പുഛരസത്തിൽ പറഞ്ഞ് ആ ചെറുപ്പക്കാരൻ ചുറ്റും നോക്കി. അപ്പോൾ ഒരു മെലിഞ്ഞു നീണ്ട മനുഷ്യൻ സ്കൂട്ടർ യാത്രികനോടു പറഞ്ഞു.

“അങ്ങേരുടെ പേര് നന്ദൻമാഷ് എന്നാണ് മോനെ. ഇവിടെ അടുത്ത് ഗവൺമെന്‍റ് സ്ക്കൂളിലെ മാഷായിരുന്നു. പാവം ഇപ്പോൾ ശരിക്ക് ഓർമ്മയില്ല. അതാണിങ്ങനെ നടക്കുന്നത്.”

“ഓ… അതാണല്ലെ കാര്യം.എങ്കിൽപ്പിന്നെ ഇയാളെ ഇങ്ങിനെ ഒറ്റക്കു പറഞ്ഞുവിട്ടിരിക്കുന്നത് എന്തിനാണ്? ഇങ്ങേർക്ക് ബന്ധുക്കളാരുമില്ലേ?”

“ഒരു മകനുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് ഏതു മക്കളാ അച്ഛനമ്മമാരെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്നത്. ആരും കാണാത്തപ്പോ അങ്ങേര് ഇറങ്ങി നടക്കുന്നതാ.”

“ഓ… അതു കഷ്ടമാണല്ലോ. എങ്കിൽപ്പിന്നെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിട്ടു കൂടെ? ചുമ്മാ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങി നടന്നോളും.”

അവൻ ബൈക്ക് മിന്നൽ വേഗത്തിൽ പായിച്ച് അവിടെ നിന്നും പോയി. വഴിയാത്രക്കാരൻ ആ പോക്കു നോക്കി അന്തിച്ചു നിന്നു. എന്നിട്ട് അയാൾ സ്വയം പറഞ്ഞു “ഇവന്‍റെ പോക്കു കണ്ടിട്ട് നരകത്തിലേക്കാണെന്നാ തോന്നുന്നേ… സുബോധമുള്ള ഇവന്‍റെ സ്ഥിതി ഇതാണെങ്കിൽപ്പിന്നെ മറവിരോഗം ബാധിച്ചു തുടങ്ങിയ അങ്ങേരെ പറഞ്ഞിട്ട് എന്തിനാ?” എന്ന് പറഞ്ഞ് അയാൾ നിരത്തിലൂടെ നടന്നു മറഞ്ഞു.

“അല്ലാ… ഞാൻ പോകുന്നത് എങ്ങോട്ടാണെന്ന് ഇയാളോടെന്തിനാ പറയുന്നത്. ഇനിയും വൈകിയാൽ ഒരുപക്ഷെ സൗദാമിനി എന്നെക്കാണാതെ പോയാലോ? വർഷങ്ങളോളം തന്‍റെ ഭാര്യയായിരുന്ന്, പിന്നെപ്പോഴോ തന്നെ ഉപേക്ഷിച്ച് എങ്ങോപോയി മറഞ്ഞവൾ. ഈയിടെയായി അവൾ എല്ലാ ദിനവും രാത്രിയും, പകലും തന്‍റെ അടുത്ത്എത്തുന്നു. പൊടുന്നനെ അപ്രത്യക്ഷയാകുന്നു. അപ്പോൾ മറ്റൊന്നും ഓർത്തെടുക്കാനാവാത്ത സ്ഥിതിയിൽ ബുദ്ധി മരവിച്ചതുപോലെ തോന്നും. പിറ്റേന്ന്, അവൾ തന്നെ കാത്ത് തങ്ങളുടെ പഴയവീടിന്‍റെ മുറ്റത്തുള്ള പവിഴമല്ലിച്ചോട്ടിൽ നിൽക്കാമെന്ന് ആ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. അവളെക്കാണുവാൻ തനിക്ക് ധൃതിയായി.” അങ്ങനെ ആത്മഗതം ചെയ്ത് നന്ദൻമാഷ് ധൃതിയിൽ മുന്നോട്ടു നടന്നു.

“അല്ല അപ്പൂപ്പൻ എങ്ങോട്ടാ ഇത്ര രാവിലെ?” ചോദ്യംകേട്ട് നന്ദൻമാഷ് തിരിഞ്ഞു നോക്കി.

സുമേഷിന്‍റെ വീടായ സിന്ദൂരത്തിൽ പാൽ കൊണ്ടുവരാറുള്ള പത്തു പന്ത്രണ്ടു വയസുള്ള ബാലൻ. അവൻ സൈക്കിൾ മെല്ലെ ഉരുട്ടി കൊണ്ട് ഒപ്പം നടന്നു. ഒരു വായാടി ആണവൻ. സിന്ദൂരത്തിൽ വരുമ്പോഴൊക്കെ അവൻ മാഷിനോട് വർത്തമാനം പറഞ്ഞ് പിന്നാലെ കൂടാറുണ്ട്. മാഷിനാണെങ്കിൽ കുട്ടികളോട് വലിയ പ്രിയവും. അങ്ങനെ അവർ നല്ല ചങ്ങാതികളായിത്തീർന്നിരുന്നു. വാതോരാതെ സംശയങ്ങളുമായി പിന്നാലെ കൂടുന്ന അവൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. ഏതായാലും ഒരു കൂട്ട് ഉണ്ടായത് നന്നായി. ഇനി കണ്ട ബൈക്ക് പയ്യന്മാരുടെ വായിലിരിക്കുന്നതൊന്നും തനിക്ക് കേൾക്കണ്ടല്ലോ. മാഷ് വിചാരിച്ചു

“ഞാൻ ആ ബസ്സ് സ്റ്റോപ്പിനടുത്തുള്ള നന്ദനം എന്ന വീട്ടിലേക്കു പോവുകയാണ്”

“അത് വയസ്സായവരെ താമസിപ്പിക്കുന്ന സ്ഥലം അല്ലേ അപ്പൂപ്പാ…!

“ആരു പറഞ്ഞു ഞങ്ങളുടെ വീടാണത് അവിടെ എന്‍റെ സൗദാമിനി എന്നെ കാത്തു നിൽക്കും”

“സൗദാമിനിയോ? അതാരാ അപ്പൂപ്പാ? അപ്പൂപ്പന്‍റെ മോളാണോ?”

“അല്ലെടാ പൊട്ടാ… എന്‍റെ ഭാര്യയാ… അവളെ ഞാൻ മിനി എന്നും വിളിക്കാറുണ്ട്”

“ഓ… അങ്ങനെ പറ അപ്പൂപ്പാ… അപ്പോ അമ്മൂമ്മ അവിടെ ഉണ്ടല്ലെ? സിന്ദൂരത്തിൽ വരുമ്പോഴും ഞാൻ അമ്മൂമ്മയെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്. എന്നാ ഞാനും കൂടെ വരാം. അപ്പൂപ്പനെഅവിടെ കൊണ്ടാക്കിയിട്ട് ഞാൻ തിരികെ പോരാം. മാത്രമല്ല അമ്മൂമ്മയെ എനിക്ക് കാണുകയും ചെയ്യാമല്ലോ?” നന്ദൻമാഷ് അല്പനേരത്തേക്ക് ഏതോ ആലോചനയിൽ മുഴുകി മിണ്ടാതെ നടന്നു. അപ്പോൾ മുരുകൻ വീണ്ടും ചോദിച്ചു.

“അല്ല അപ്പൂപ്പാ, ഈ വൃദ്ധ മന്ദിരത്തിൽ വയസ്സൻമാരെ മാത്രമേ താമസിപ്പിക്കത്തൊള്ളോ. അല്ലാത്തവരെ ഒന്നും താമസിപ്പിക്കത്തില്ലേ”

“വൃദ്ധമന്ദിരം വയസ്സായവർക്കുള്ളതാ മോനെ. സ്വന്തം വീട്ടുകാര് ഉപേക്ഷിച്ചവരാ അവിടുള്ളത്. ഇതൊക്കെ ഇപ്പോൾ നീ അറിയുന്നത് എന്തിനാ?”

“അല്ല അപ്പൂപ്പാ. വയസ്സായവരെ എന്തിനാ ഒറ്റയ്ക്ക് മാറ്റി താമസിപ്പിക്കുന്നത് എന്നോർത്തതാ ഞാൻ. അപ്പൂപ്പനെ പോലെ അവർക്കും മക്കളുടെ വീട്ടിൽ താമസിച്ചു കൂടെ?”

“അതൊക്കെ നിനക്ക് വയസ്സാകുമ്പോൾ മനസ്സിലാകും. ഇപ്പോൾ നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട.”

അങ്ങനെ പറഞ്ഞ് നന്ദൻമാഷ് മൂകനായി. ആ മൂകത ഉള്ളിലെ ഏതോ വിസ്ഫോടനങ്ങളുടെ തുടക്കമായിരുന്നു. ഒരു പക്ഷെ നന്ദൻമാഷിനു തന്നെ അജ്ഞാതമായ ഏതോ വിസ്ഫോടനങ്ങൾ. ആ കുരുന്നു പയ്യൻ തന്നിലുണർത്തിയ അസ്വാസ്ഥ്യങ്ങൾ മറച്ചുവയ്ക്കാനാകാതെ മാഷ് വിങ്ങിപ്പൊട്ടി. അപ്പോൾ മുരുകൻ അമ്പരപ്പോടെ ചോദിച്ചു.

“എന്തിനാ അപ്പൂപ്പാ കരയുന്നത്. ഞാൻ അതിന് അപ്പൂപ്പനെ ഒന്നും പറഞ്ഞില്ലല്ലോ.”

പെട്ടെന്ന് നന്ദൻമാഷ് സ്വയം നിയന്ത്രിച്ച് പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, “ഞാൻ ഇങ്ങനെയാ മോനെ. ചിലപ്പോൾ എനിക്ക് ഇങ്ങനെ കരയാൻ തോന്നും എനിക്ക് ആരുമില്ലെന്ന തോന്നലാ അപ്പോൾ.”

“അപ്പൂപ്പന് ഞാനില്ലേ. ഇനി കരയണ്ട കേട്ടോ. അപ്പൂപ്പന്‍റെ എല്ലാ വിഷമങ്ങളും എന്നോടു പറഞ്ഞോളു.” പത്തുപന്ത്രണ്ടു വയസ്സുള്ള മുരുകൻ ബുദ്ധിമാനും ദയാലുവുമായിരുന്നു. അവന്‍റെ വാക്കുകൾ നന്ദൻമാഷിനെ ആശ്വസിപ്പിച്ചു അദ്ദേഹം ശാന്തനായി എന്നു തോന്നിയപ്പോൾ മുരുകൻ വീണ്ടും ചോദിച്ചു.

“അപ്പൂപ്പൻ ഏതോ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു എന്ന് ഇന്നലെ എന്നോട് അമ്മ പറഞ്ഞു. ഏത് സ്കൂളിലെയാ? ഞാൻ പഠിക്കുന്ന സ്ക്കൂളിലെയാണോ?’“

അവന്‍റെ ചോദ്യത്തിന് നന്ദൻമാഷ് ഏറെ നേരത്തേക്ക് ഉത്തരമൊന്നും നൽകിയില്ല. ആ മനസ്സ് അപ്പോഴേക്കും വീണ്ടും ഏതോ അസ്വാസ്ഥ്യങ്ങളുടെ ഇരുൾ മറയ്ക്കകത്ത് അകപ്പെട്ടു കഴിഞ്ഞിരുന്നു. പെട്ടെന്ന് താൻ എവിടെയാണെന്നു പോലും നന്ദൻമാഷിന് തിട്ടമില്ലാതെയായി. തന്‍റെ കൂടെ നടക്കുന്ന മുരുകനെ പോലും അദ്ദേഹം അപ്പോൾ വിസ്മരിച്ചു. പെട്ടെന്ന് മുരുകൻ അദ്ദേഹത്തെ കുലുക്കി വിളിച്ചു. “അല്ലേ അപ്പൂപ്പാ ഞാൻ ചോദിച്ചതു കേട്ടില്ലേ? അപ്പൂപ്പൻ ഏതു സ്കൂളിലെ മാഷായിരുന്നെന്ന്?”

അപ്പോഴാണ് തന്‍റെ അടുത്ത് അങ്ങനെയൊരു ബാലൻ ഉണ്ടെന്നുള്ള കാര്യം നന്ദൻമാഷിന്‍റെ ഓർമ്മയിലത്തിയത്. “അത് ഞാൻ ഇപ്പോൾ മറന്നു പോയല്ലോടാ…”

“അപ്പൂപ്പൻ പെൻഷൻ പറ്റിയിട്ട് കുറെ കൊല്ലമായോ?”

“കൊറെകൊല്ലമായി. എത്രയായി എന്ന് ഞാൻ ഇപ്പോ ഓർക്കുന്നില്ല”

“ഓ… ഈ അപ്പൂപ്പന് ഒന്നും ഓർമ്മയില്ല ഇങ്ങനെയായാൽ കുറെ കഴിയുമ്പോൾ എന്നെയും മറന്നു പോകുമല്ലോ.” അവൻ പൊട്ടിച്ചിരിച്ചു

“ശരിയാടാ ഇപ്പം എല്ലാം ഒരു മങ്ങലാ. വല്ലതും ഓർക്കാൻ ശ്രമിച്ചാല് തലയ്ക്കകത്ത് ഒരു വെപ്രാളാ.”

“എന്നാ അപ്പൂപ്പൻ ഓർക്കേണ്ട. എന്‍റെ കയ്യിൽ പിടിച്ച് നടന്നോ.” അവൻ കൈകളിൽ മുറുകെ പിടിച്ചു. അപ്പോൾ എപ്പോഴോ മകൻ പറഞ്ഞ വാക്കുകൾ കാതുകളിൽ അലയടിച്ചു

“ഈയിടെയായി അച്ഛന് തീരെ ഓർമയില്ലാത്തതുപോലെയാണ്. ചെയ്യുന്നതിനും പറയുന്നതിനുമൊന്നും പരസ്പരബന്ധമില്ലാത്ത പോലെ.”

ഇളയ മകൻ ആ വാക്കുകൾ. എപ്പോഴാണ് പറഞ്ഞതെന്നു മാത്രം ശരിക്ക് ഓർമ്മയില്ല! ഇന്നലെ സന്ധ്യയ്ക്കാണ് എന്നു തോന്നുന്നു… അപ്പോൾ താൻ അവളുടെ കൂടെ പടിഞ്ഞാറേ മുറ്റത്തിരിക്കുകയായിരുന്നു. അവിടെങ്ങും തനിക്കേറെ ഇഷ്ടമുളള പവിഴമല്ലിപ്പൂക്കളുടെ നവസുഗന്ധം വ്യാപിച്ചിരുന്നു! മുന്നിൽ അവൾ മാത്രം നിറഞ്ഞു നിന്നു. തന്‍റെ പ്രിയപ്പെട്ട സൗദാമിനി!!

തല മുഴുവൻ നരച്ചിട്ടും യൗവനത്തിലെ തീക്ഷ്ണത തുടിക്കുന്ന ആ കണ്ണുകൾ… അവളുടെ നീണ്ട മുടിയിഴകൾ നിന്നുതിരുന്ന കാച്ചെണ്ണ മണം തന്നെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന അനുരാഗത്തിന്‍റെ വശ്യത തന്നെ ഉന്മത്തനാക്കി. പെട്ടെന്ന് വികാരവിവശമായ സ്വരത്തിൽ താൻ പറഞ്ഞു “സൗദാമിനി എന്നെ വിട്ടുപോകരുത്. നീ പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

“ഇല്ല ചേട്ടാ ഞാൻ ചേട്ടന്‍റെ അടുത്ത് തന്നെയുണ്ടാകും. നന്ദേട്ടനെ ഉപേക്ഷിച്ചു പോകുവാൻ എനിക്ക് ആവും എന്ന് കരുതുന്നുണ്ടോ?”

“അതല്ല.സൗദാമിനി, നിന്നെ കാണാതിരിക്കുമ്പോൾ എന്‍റെ ഹൃദയം വല്ലാതെ വേദനിക്കും. നീ എപ്പോഴും എന്‍റെ അടുത്ത് ഉണ്ടാകണം.” നന്ദൻമാഷിന്‍റെ വാക്കുകൾ സൗദാമിനിയെ സങ്കടപ്പെടുത്തി. എങ്കിലും യാഥാർത്ഥ്യം അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ എന്നോർത്തു അല്പം ഇടർച്ചയോടെ പറഞ്ഞു.

“എന്‍റെയും ആഗ്രഹമതാണ് നന്ദേട്ടാ. പക്ഷേ നമ്മുടെ മക്കൾ അവരല്ലേ നമ്മളെ വേർതിരിച്ചത്.”

“അവർ ചെറിയ കുട്ടികൾ അല്ലല്ലോ സൗദാമിനി? അവരൊക്കെ ഇപ്പോൾ വളർന്നു ഒത്ത പുരുഷന്മാരായില്ലേ?”

“അതെ നന്ദേട്ടാ. അതുകൊണ്ട് ഇനി നമ്മൾ അവർ പറയുന്നത് കേട്ടല്ലേ തീരൂ.”

“അതിന് പണ്ടത്തെപ്പോലെ നമ്മൾ ഒന്നിച്ച് കഴിഞ്ഞതുകൊണ്ട് അവർക്ക് എന്താ കുഴപ്പം? നമ്മൾ കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ.”

“ആയിരിക്കാം. പക്ഷെ അവരുടെ കണ്ണിൽ നമ്മൾ വയസ്സായി കഴിഞ്ഞു.”

മാത്രമല്ല കല്യാണം കഴിഞ്ഞപ്പോൾ രണ്ടു മക്കൾക്കും അവരുടെ ആവശ്യങ്ങൾ നടക്കണമെങ്കിൽ നമ്മൾ അവരുടെ കൂടെ വേണം. സുമേഷ് നാട്ടിലും സുരേഷ് വിദേശത്തും അല്ലേ? സുരേഷിന് അവന്‍റെ മുതിർന്നു തുടങ്ങിയ പെൺമക്കൾക്ക് കാവലായി ഞാൻ അടുത്തു വേണം. സുമേഷിന് അവന്‍റെ ആവശ്യങ്ങൾക്കായി നിങ്ങളും.”

“ശരിയാ. പക്ഷേ നമ്മളെക്കൊണ്ട് ആവുന്ന വിധം സഹായിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ അതിന് അവർ നമ്മളെ തമ്മിൽ വേർപിരിക്കുന്നതോർക്കുമ്പഴാ. ഏതായാലും ഇനി അവര് വിളിക്കുമ്പോൾ നീ പോകരുത്. സുമേഷ് വന്നു വിളിച്ചാൽ ഞാനും പോവുകയില്ല ഗോപികയിൽ നമുക്ക് ഒന്നിച്ച് കഴിയാം. മക്കൾ അവരുടെ പാട് നോക്കട്ടെ. അല്ല പിന്നെ…”

തന്‍റെ വാക്കുകൾ കേട്ട് സൗദാമിനി ചിരിച്ചുകൊണ്ട് പറഞ്ഞു. “ശരി ചേട്ടാ… നമുക്കിനി അവിടെ കഴിയാം. ചേട്ടൻ അങ്ങോട്ട് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും.”

താൻ കണ്ണുചിമ്മി തുറക്കുന്ന സമയം കൊണ്ട് സൗദാമിനി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു. അവൾ പോയ വഴിയിൽ പവിഴമല്ലി പൂക്കളുടെ നനുത്ത സുഗന്ധവും, മഞ്ഞു പടലങ്ങളും തങ്ങി നില്ക്കുന്നതായി തോന്നി… ഇനി ഏതായാലും വേഗം നടക്കുക തന്നെ. താൻ ചെല്ലാൻ താമസിച്ചാൽ അവൾ പോയാലോ… മാഷ് അവുന്നത്ര ശക്തിയിൽ മുന്നോട്ടു നടക്കുന്നത് കണ്ടു മുരുകൻ ചോദിച്ചു

“അപ്പൂപ്പൻ എന്താ വേഗത്തിൽ നടക്കുന്നത് ഞാൻ കൂടെ വരണ്ടേ?”

“നീ വന്നാലും കൊള്ളാം വന്നില്ലെങ്കിലും കൊള്ളാം. എനിക്ക് അവിടെ സമയത്തിന് എത്തണം. അല്ലെങ്കിൽ സൗദാമിനി എവിടേക്കെങ്കിലും പൊയ്ക്കളഞ്ഞാലോ?”

“എവിടെപ്പോകാനാ അപ്പൂപ്പാ. അപ്പൂപ്പന്‍റെ ഭാര്യ അപ്പൂപ്പനെ കൂടാതെ എവിടെയെങ്കിലും പോകുമോ” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇത്രനാളും അവൾ എന്നെ ഒറ്റയ്ക്കാക്കി മൂത്ത മകന്‍റെ കൂടെ പൊയ്ക്കളഞ്ഞില്ലേ. ഇനിയും അങ്ങനെയാവില്ലെന്ന് ആരു കണ്ടു?”

നന്ദൻമാഷിന്‍റെ കണ്ണുകളിൽ ഭയം കളിയാടി. ശാരീരിക വേദനകൾ ഗൗനിക്കാതെ അയാൾ വേഗം നടന്നു… കത്തിക്കാളുന്ന വെയിൽ ചൂടിൽ നാവ് വരളുന്നുണ്ട്.

“അതല്ലേ അപ്പൂപ്പൻ പറഞ്ഞ വീട്.” അവൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് മാഷ് നോക്കി.

“ഗോപികാ ഹൗസ്”എന്ന ബോർഡ് കണ്ടതോടെ നന്ദൻമാഷിന് അല്പം ആശ്വാസമായി.

“ങ… അതു തന്നെയാ ഞാൻ പറഞ്ഞ വീട്. ഞാൻ വേഗം നടക്കട്ടെ. സൗദാമിനി ഇപ്പോൾ കാത്തുനിന്നു മുഷിഞ്ഞു കാണും.”

“അവിടെ നില്ക്ക് അപ്പൂപ്പാ, ഞാനും വരാം. എനിക്ക് അമ്മൂമ്മയെ കാണണം.”

“വേണ്ടാ… നീ അങ്ങോട്ട് വരണ്ടാ… അവിടെ ചിലപ്പോൾ എന്‍റെ മൂത്ത മകൻ സുരേഷുണ്ടാകും. അവന്‍റെ ഭാര്യ ഒരഹങ്കാരിയാ. അന്യരാരും വീട്ടിനകത്ത് അനുവാദം കൂടാതെ പ്രവേശിക്കുന്നത് അവൾക്കിഷ്ടമില്ല.”

“എങ്കിൽ ഞാൻ വരുന്നില്ല. അപ്പൂപ്പൻ പൊക്കോ. അമ്മൂമ്മയെ ഞാൻ പിന്നെപ്പോഴെങ്കിലും കണ്ടുകൊള്ളാം. മാത്രമല്ല സിന്ദൂരത്തിൽ പാൽ കൊടുത്തിട്ട് എനിക്ക് സ്ക്കൂളിൽ പോകാൻ സമയമായി.”

സൈക്കിളിൽ കയറി ഇരിക്കുമ്പോൾ അവൻ നന്ദൻമാഷിനെ ഓർമ്മിപ്പിച്ചു, “വീഴാതെ നടന്നു പോകണെ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവൻ തന്‍റെ സൈക്കിൾ ഓടിച്ചു പോയി.

നന്ദൻമാഷ് ഗേറ്റ് തുറന്ന് അകത്ത് കടന്നു. നിരനിരയായി വച്ചുപിടിപ്പിച്ചിരിക്കുന്ന ചെറിയ വെളളപ്പൂച്ചെടികൾ. അതിനുമപ്പുറത്ത് പുൽത്തകിടി. നടുക്കുനില്ക്കുന്ന തേന്മാവ്, അതിനുമപ്പുറം നിറയെ പൂത്തു നില്ക്കുന്ന പവിഴമല്ലി. പ്രശാന്തത തുളുമ്പുന്ന ആ അന്തരീക്ഷം അയാൾക്കെന്നും പ്രീയപ്പെട്ട തായിരുന്നു. പണ്ടിവിടെ ഈപുൽത്തകിടിയും വെള്ളപ്പൂവുകളുടെ നിരയും ഉണ്ടായിരുന്നില്ലെന്ന് അയാൾക്കോർമ്മ വന്നു.

പകരം നന്ത്യാർവട്ടവും, തെച്ചിയും, ചെമ്പരത്തിയും, മുക്കുറ്റിയും, തുളസിയും, കറുകയും നിറഞ്ഞു വർണം വിതറിയിരുന്നുവെന്ന് അയാൾ തെളിമയോടെ ഓർത്തു. ആരാണ് തന്‍റെ ഓർമ്മകൾക്ക് മങ്ങലേറ്റു തുടങ്ങിയെന്ന് പറഞ്ഞത്. താനിപ്പോൾ എല്ലാം വ്യക്തമായി ഓർക്കുന്നുണ്ടല്ലോ. സന്ധ്യക്ക്, വിളക്കത്തു വയ്ക്കുവാനുള്ള മുല്ലമാല കെട്ടിയുണ്ടാക്കുവാൻ സൗദാമിനിക്ക് നല്ല മിടുക്കായിരുന്നു. വേലിക്കൽ നിന്നിരുന്ന ചെമ്പരത്തിക്ക് അടുത്തു തന്നെയായിരുന്നു മുല്ലയും നിന്നിരുന്നത്. അല്പം അകലെ മുറ്റത്ത് കുട്ടികൾ ഓടിക്കളിച്ചു കൊണ്ടിരിക്കും. താൻ സ്ക്കൂളിൽ നിന്നും വന്ന ശേഷം കുളിയും കാപ്പി കുടിയും കഴിഞ്ഞ് വിശ്രമിക്കുകയായിരിക്കും. വരാന്തയിൽ ഇരുന്ന് അവൾ കെട്ടുന്ന മാലയുടെ ഭംഗി നോക്കിക്കൊണ്ട് താൻ പറയും, “മിനി നീ എത്ര നന്നായി മാലകെട്ടുന്നു.” താൻ അവളെ അഭിനന്ദിക്കും.

“ഈ മാലകെട്ടുവാൻ എന്നെ പഠിപ്പിച്ചത് നന്ദേട്ടന്‍റെ അമ്മയാ.”

“ശരിയാ…” അമ്മയ്ക്ക് നിന്നെ എത്ര കാര്യമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നുണ്ട് അമ്മ നിന്നെപ്പറ്റി പറയാറുള്ളവാക്കുകൾ. അപ്പോൾ അമ്മ മുന്നിൽ നില്ക്കുന്നതായി നന്ദൻമാഷിനു തോന്നി. താൻ തീരെ ചെറുപ്പം. മടിയിൽ കിടക്കുന്ന തന്‍റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അമ്മ പറയാറുള്ള വാക്കുകളോർത്തു.

“നന്ദാ… ഇത്രയും നല്ല മരുമകളെക്കിട്ടിയ. ഞാൻ ഭാഗ്യവതിയായ അമ്മായിയമ്മയാടാ. അതു പോലെ നീയും ഭാഗ്യവാനാ. മിനിയെപ്പോലെ ഒരു ഭാര്യയെ മഷിയിട്ടു നോക്കിയാൽ കാണുമോടാ…

“അപ്പോൾ ഞങ്ങളുടെ വിവാഹത്തിനു മുമ്പ് അമ്മ പ്രതിഷേധപൂർവ്വം പറഞ്ഞ വാക്കുകളോ?” താൻ ചോദിച്ചു.

“അതാ കിട്ടുക്കണിയാർ പറഞ്ഞതല്ലേ? അയാൾ പറയുന്നതൊന്നും അത്ര ശരിയല്ല.”

അമ്മ തന്‍റെ ന്യായം വെളിപ്പെടുത്തി. അമ്മയുടെ സ്ത്രീ സഹജമായ അവസരവാദം കേട്ട് താനപ്പോൾ പൊട്ടിച്ചിരിച്ചു. അമ്മയെപ്പറ്റി ഓർത്തപ്പോൾ തന്‍റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അതു കണ്ട് സൗദാമിനി ചോദിച്ചു.

“നന്ദേട്ടൻ എന്താ തനിയെ നിന്നു ചിരിക്കുന്നത്. അമ്മയെപ്പറ്റി ഓർത്തിട്ടാണോ?” അടുത്തു നിന്ന സൗദാമിനിയുടെ വാക്കുകൾ കേട്ട് പെട്ടെന്ന് ഞെട്ടിയുണർന്ന് താൻ പറഞ്ഞു…

“കേട്ടോ സൗദാമിനി. വിവാഹത്തിനുമുമ്പ് അമ്മ കിട്ടുക്കണിയാരെക്കൊണ്ട് നമ്മുടെ ജാതകം നോക്കിച്ചിരുന്നു. ജാതകത്തിൽ പത്തു പൊരുത്തമുണ്ടെങ്കിലും ഒരു വലിയ ദോഷമുണ്ടെന്ന് കണിയാർ പറഞ്ഞത്രെ. അന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മ എന്നെ വിളിച്ചു പറഞ്ഞു. വേണ്ട നന്ദാ, നമുക്കീ വിവാഹം വേണ്ട. പെണ്ണിന്‍റെ ജാതകത്തിൽ ദശാസന്ധി ദോഷം ഉണ്ടത്രെ. എത്രയൊക്കെ ചേർച്ച ഉണ്ടെന്നു പറഞ്ഞാലും അതൊരു ദോഷം തന്നെയാ. ആ ദോഷമുള്ളവർ അകാലത്തിൽ മരണപ്പെടും അപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു…

“അതിപ്പോ ജീവിതത്തിൽ സർവ്വസാധാരണം അല്ലേ അമ്മേ. എപ്പോൾ വേണമെങ്കിലും ആരുടെ ജീവിതത്തിലും ഇത്തരത്തിൽ സംഭവിക്കാവുന്നതാണല്ലോ. അതിന് ജാതകദോഷത്തെ കൂട്ടുപിടിക്കുന്നതെന്തിനാ? മാത്രമല്ല അങ്ങനെയൊക്കെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ.” നിന്നെ പെണ്ണു കണ്ടു വന്നതിനു ശേഷം ഒരു തരം പ്രണയത്തിനടിപ്പെട്ട ഞാൻ അമ്മയോട് അങ്ങനെ വാഗ്വാദത്തിനൊരുങ്ങി. പക്ഷെ ഒടുവിൽ അമ്മ എന്നോടു പറഞ്ഞു

“എന്‍റെ ജീവിതത്തിൽ അങ്ങനെയൊന്നും ഉണ്ടായിക്കാണുവാൻ അമ്മ ആഗ്രഹിക്കുന്നില്ല. അമ്മ ഉള്ളിടത്തോളം കാലം ഞാൻ അമ്മയോടൊപ്പം ഉണ്ടാകണം. എന്‍റെ സന്തോഷപൂർണ്ണമായ ജീവിതം കണ്ടിട്ടു വേണം അമ്മക്കു മരിക്കുവാൻ എന്ന്.”

“അതെ… അന്ന് നന്ദേട്ടൻ അതിനു മറുപടിയായി പറഞ്ഞത് എന്താണെന്ന് എനിക്കറിയാം.ഞാൻ പറയട്ടെ… “പക്ഷെ അമ്മേ, ആദ്യ കാഴ്ചയിൽത്തന്നെ സൗദാമിനിയെ ഞാൻ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു പോയി. വിവാഹം കഴിക്കുന്നെങ്കിൽ ഞാൻ അവളെ മാത്രം.അല്ലെങ്കിൽ ഈ ജന്മം എനിക്ക് വിവാഹം വേണ്ടമ്മേ…” ഇതല്ലേ നന്ദേട്ടൻ അമ്മയോടു പറഞ്ഞത്.

“അതെ മിനി… എന്‍റെ പിടിവാശിക്കു മുന്നിൽ അന്ന് അമ്മക്കു വഴങ്ങേണ്ടി വന്നു. അങ്ങനെ നീ എന്‍റെ ഭാര്യയായി. പക്ഷെ നമ്മുടെ വിവാഹശേഷം അമ്മ പിന്നീട് നിന്നെ പ്രകീർത്തിച്ചു സംസാരിച്ചപ്പോൾ ഞാൻ അമ്മയുടെ പണ്ടത്തെ വാക്കുകളോർമ്മിച്ച് ചോദിക്കുമായിരുന്നു. അമ്മക്ക് പണ്ട് ഞാൻ മിനിയെ വിവാഹം കഴിക്കുന്നതിനോട് എതിർപ്പായിരുന്നല്ലോ. അവൾക്ക് എന്തോ ജാതകദോഷം ഉണ്ടെന്നൊക്കെപ്പറഞ്ഞ്. അപ്പോൾ അമ്മ എന്നോട് പറയാറുണ്ട്. “അത് ശരിയാടാ നന്ദാ… അന്ന് ഞാൻ പറഞ്ഞതു കേട്ട് നീ അവളെ വിവാഹം കഴിക്കാതിരുന്നെങ്കിൽ അത്രെത്ര വിഡ്ഢിത്തമാകുമായിരുന്നു എന്ന് പിന്നീട് ഞാനാലോചിച്ചിട്ടുണ്ട്. മിനിയെപ്പോലെ തങ്കപ്പെട്ട ഒരു പെണ്ണിനെ എനിക്കും നിനക്കും നഷ്ടമാകുമായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.”

“ശരിയാ നന്ദേട്ടാ… അമ്മ എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയാം. സ്വന്തം മകളെപ്പോലെയാണ് അമ്മ എന്നെ കണ്ടിരുന്നത്. അങ്ങനെയൊരു അമ്മായിയമ്മയെക്കിട്ടിയ ഞാൻ ജീവിതത്തിൽ എത്രമാത്രം ഭാഗ്യവതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് കുറച്ചു നാൾ അമ്മയെ ശുശ്രൂഷിക്കാൻ പറ്റിയതും ഞാൻ ഭാഗ്യമായി കരുതുന്നു നന്ദേട്ടാ… അന്ന് ശ്യാമേച്ചിയോടൊപ്പം പോകാതെ അമ്മ നമ്മുടെ കൂടെത്തന്നെ നില്ക്കുകയായിരുന്നല്ലോ. മരിക്കുന്നതിന് തൊട്ടു മുമ്പ് അമ്മ എന്‍റെ കൈയ്യിൽപ്പിടിച്ചു പറഞ്ഞു. നീ ഒരിക്കലും നന്ദനെ വേദനിപ്പിക്കരുത് മോളെ. മരിക്കുന്നതുവരെ നിങ്ങളിരുവരും ശിവപാർവ്വതിമാരെപ്പോലെ കഴിയണം എന്ന്. ആ വാക്കുകൾ ഞാനിതുവരെ അക്ഷരംപ്രതി പാലിച്ചില്ലേ നന്ദേട്ടാ… നന്ദേട്ടനെ ഞാൻ എന്നെങ്കിലും മനപൂർവ്വം വേദനിപ്പിച്ചിട്ടുണ്ടോ.”

“ഇല്ല മിനി… ഇത്രയും കാലം നീ എന്നെ സന്തോഷിപ്പിച്ചിട്ടേ ഉള്ളു. നീയടുത്തുള്ളപ്പോൾ ഞാൻ വേദന എന്തെന്നറിഞ്ഞിട്ടില്ല. നീയാണെന്‍റെ എല്ലാ ആനന്ദവും സൗഭാഗ്യവും. അന്ന് അമ്മയോട് വഴക്കിട്ട് നിന്നെ ഞാൻ നേടിയില്ലായിരുന്നെങ്കിൽ പിന്നീട് അതോർത്ത് ഞാൻ പശ്ചാത്തപിക്കേണ്ടി വന്നേനെ. സത്യത്തിൽ നീ ഒരു മനുഷ്യ സ്ത്രീയല്ല, ഏതോ ദേവതയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്നേഹം കൊണ്ട് മായാജാലം തീർക്കുന്ന ദേവത.”

“പോ നന്ദേട്ടാ… ഞാൻ ദേവതയൊന്നുമല്ല… ഒരു സാധാരണ സ്ത്രീ മാത്രം.” അങ്ങനെ സന്തോഷവും പരിഭവവും കലർന്ന സ്വരത്തിൽപ്പറഞ്ഞ് അവൾ തന്‍റെ തോളിൽ തല ചായ്ക്കും.

അവൾ കെട്ടുന്ന മാലയിൽ നിന്ന്, അല്പം അറുത്തെടുത്ത് താൻ അവളുടെ മുടിയിൽ ചൂടിക്കുമ്പോൾ അവൾ നാണത്തോടെ പുഞ്ചിരി തൂകും.

“നന്ദേട്ടനിപ്പോഴും നമ്മളു ചെറുപ്പമാണെന്നാ വിചാരം അല്ലേ…” നാണത്തോടെ അവൾ ചോദിക്കും. സന്ധ്യയുടെ ശോണിമ മുഴുവൻ അപ്പോൾ ആ മുഖത്തു വിരിഞ്ഞു നില്പുണ്ടാവും. പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് സൂര്യൻ അപ്പോൾ ഒളിഞ്ഞു നോക്കുന്നുണ്ടാകും.

“നിന്നെക്കണ്ടാൽ ഇപ്പോഴും പതിനേഴേ തോന്നുകയുള്ളു മിനി.”

ആ വാക്കുകൾ കേട്ട് അവൾ പൊട്ടിച്ചിരിക്കും. എന്നിട്ട് ചോദിക്കും. “അപ്പോൾ നന്ദേട്ടനോ… നന്ദേട്ടന് എത്ര വയസ്സാ…”

“എനിക്കോ… എനിക്ക് ഒരു ഇരുപത്തിയഞ്ച്.”

“ഓ… അപ്പോൾപ്പിന്നെ നമ്മൾ മധുവിധുനാളിലാണ് അല്ലേ നന്ദേട്ടാ…”

“അതെ… മിനി… കഴിഞ്ഞാഴ്ച അല്ലായിരുന്നോ നമ്മുടെ കല്യാണം.”

“കൊള്ളാം… ഈ നന്ദേട്ടന്‍റെ ഒരു തമാശ. പിള്ളേര് രണ്ടും മുതിർന്നു.അപ്പോഴാണ് നന്ദേട്ടൻ ചെറുപ്പക്കാരനാകാൻ നോക്കുന്നത്…”

“നമുക്കെന്നും ചെറുപ്പമാ സൗദാമിനി. ശരീരത്തിനല്ല മനസ്സിനാ ചെറുപ്പം. മനസ്സിലെപ്പഴും നല്ല സ്നേഹമൊണ്ടേല് മനസിനെപ്പഴും ചെറുപ്പമായിരിക്കും. വയസ്സൊന്നും ഒരു പ്രശ്നമല്ല. നമുക്കിങ്ങനെ മരണം വരെ സ്നേഹിച്ചോണ്ടിരിക്കാം മിനി.”

അതു കേൾക്കേ അവൾ തന്‍റെ ദേഹത്തോട് ചാഞ്ഞിരിക്കും. എന്നിട്ടു പറയും. “എന്‍റെ നന്ദേട്ടന്‍റെ മാറിലിങ്ങനെ തല ചായ്ച്ചു കിടന്ന് മരിച്ചാ മതി എനിക്ക്.”

അങ്ങനെ പറഞ്ഞവൾ മിഴിയടക്കും. അപ്പോൾ താനവളുടെ നെറ്റിയിൽ ചുംബിക്കും. അപ്പോഴായിരിക്കും മണികിലുങ്ങും പോലെയുള്ള ആസ്വരങ്ങൾ കാതിൽ മുഴങ്ങുന്നത്.

Novel: സമുദ്രമുഖം ഭാഗം- 30

തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാകാം അല്പം വൈകിയാണ് ഉറക്കമുണർന്നത്. ഉണർന്നിട്ടും അല്പനേരം ജനലഴിയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങളുടെ പ്രതിഫലനം കണ്ട് കിടന്നു. ഒട്ടേറെ തവണ ഇമ തല്ലി മിഴിച്ചപ്പോഴാണ് വെളുത്ത ചുമരിൽ ഒരു വാഹനത്തിന്‍റെ നമ്പർ കോറിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞൊടിയിൽ തലേന്ന് പാതിരാത്രിയിൽ കണ്ട കാഴ്ചകൾ ഓർമ്മ വന്നു.

രാവേറെ ചെന്ന സമയം ഇരുട്ടിനെ കീറി മുറിച്ച് വരുന്ന വാഹനം. വിജനമായ വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങിയ സ്ത്രീയും പുരുഷനും. തുടർന്ന് വാഹനത്തിൽ നിന്നും രണ്ടു പേരും ചേർന്ന് താങ്ങിയെടുത്ത് ഇറക്കിയ ചാക്കുകെട്ട്. അതും കൊണ്ടവർ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. അതിനപ്പുറം പരന്നുകിടക്കുന്ന കായലാണ്. പത്തു മിനിട്ടിനകം തിരിച്ചു വന്ന അവരുടെ കൈവശം ചാക്കുകെട്ടില്ല. ഒന്നുമറിയാത്ത മട്ടിൽ അവരുടെ തിരിച്ചു പോക്ക്. നേരിയ ഇരുട്ടിലും സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞ വാഹനത്തിന്‍റെ നമ്പർ. അതാണ് മറന്ന് തെറ്റിപ്പോകേണ്ടെന്നു കരുതി ചുവരിൽ കോറിയിട്ടത്. വെളുത്തചുമരിൽ പെൻസിലുകൊണ്ട് എഴുതിയപോലെ ഒരു കുത്തികുറിയായി വാഹനത്തിന്‍റെ നമ്പർ. എഴുന്നു നില്കുന്നു,

തുടർന്ന് അസ്വസ്ഥമായ മനസ്സോടെ വന്നു കിടന്നപ്പോളാണ് വാതിലിൽ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടത്. ഉൾഭയത്തോടെ കണ്ണടച്ചു കിടന്നപ്പോൾ ശബ്ദം അകന്നു ശമിക്കുന്നതായി അറിഞ്ഞു. അത് കാതോർത്തു അങ്ങനെ ഉറങ്ങി പോയതാണ്.

തലേന്ന് നടന്ന സംഭവങ്ങൾ ഓർക്കുന്തോറും അസ്വസ്ഥത മനസ്സിൽ പെരുകിത്തടിച്ചു. ആ ചാക്കുകെട്ട്! സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ടിൽ എന്തായിരിക്കും. കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കൊണ്ടുപോയിത്തള്ളിയ ആ ചാക്കുകെട്ടിനു പുറകിലുള്ള സംഭവപരമ്പരകൾ തീർത്തും അസുഖകരമായ വസ്തുതകളാകാമെന്നത് നൂറു ശതമാനം തീർച്ച തന്നെ. ഒരു ക്രിമിനൽ സംഭവപരമ്പരയിലെ അവസാന രംഗത്തിന് സാക്ഷിയാണോ ഞാൻ?

ആ ദുരുഹതയുണർത്തുന്ന രണ്ടു വ്യക്തികളൊ അല്ലെങ്കിൽ വാഹനത്തിലിരിക്കുന്ന മറ്റാരെങ്കിലോ ജനലഴിക്കു പുറകിൽ നിൽക്കുന്ന എന്നെ കണ്ടു കാണണം. അതായിരിക്കുമോ അവരിലാരോ വന്ന് വാതിലിൽ മുട്ടിയത്. പിന്നെ മറ്റെന്തെങ്കിലും നിശ്ചയിച്ചു കൊണ്ടായിരിക്കുമോ അവർ സ്ഥലം വിട്ടത്? മനസ്സിനെ മഥിക്കുന്ന ചിന്തകളുടെ പെരുക്കത്തിന്നവസാനം എഴുന്നേറ്റു. ജനലഴിയിലൂടെ പുറത്തേക്കു നോക്കി. ഉണരാൻ വെമ്പുന്ന ചെറുപട്ടണം. രഹസ്യങ്ങൾ ഒളിപ്പിച്ച കായലിൽ നിന്നും വീശുന്ന വരണ്ട കാറ്റ്. സൂര്യനെ ഉൾക്കൊണ്ട് പരിസരം ചൂടുപിടിക്കാനൊരുങ്ങുന്നു. ജനാലയടച്ച് മുറിക്കു പുറത്തിറങ്ങി. അടുക്കളയിൽ ചായകൂട്ടുന്ന ട്രീസ. അമ്മ എഴുന്നേറ്റിട്ടില്ല. മുഖം കഴുകി കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചപ്പോൾ മനസ്സിന്‍റെ മുറുക്കം അയഞ്ഞു.

പ്രഭാതത്തിലെ നടത്തം ഉന്മേഷകരമാണ്. അലസതയുടെ കെട്ടുപാടുകൾ തൂത്തെറിഞ്ഞ്‌ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസരിപ്പ് നല്കാൻ അതിനാകും. ട്രീസയോടു വിവരം പറഞ്ഞ്‌ പുറത്തിറങ്ങി.

പുലർകാലത്തിലെ ഇളം തണുപ്പുൾക്കൊള്ളുന്ന ഉന്മേഷഭരിതമായ ഇളങ്കാറ്റ്. ചെറുപുല്ലിലും ഇലച്ചാർത്തിലും ഒരായിരം കുഞ്ഞുസൂര്യന്മാർ വെട്ടിതിളങ്ങുന്നു പ്രഭാതസവാരിക്കിറങ്ങിയ ഒറ്റപ്പെട്ട ചിലരൊഴിച്ച് വഴിത്താരയിൽ ഏറെ ആളുകളായിത്തുടങ്ങിയിട്ടില്ല. ഒറ്റപ്പെട്ട ചില വാഹനങ്ങൾ ദൂരയാത്രയുടെ കാലുഷ്യവും മടുപ്പും പേറി പൊടിയുടെ മേലാപ്പ് അണിഞ്ഞു ഇടക്ക് കിതച്ചു കൊണ്ട് പോകുന്നതു കാണാം.

അല്പദൂരം നടന്ന് ശരീരം ചെറുതായൊന്നു വിയർത്തശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് തലേന്നത്തെ സംഭവങ്ങൾ പൊടുന്നനെ മനസ്സിലോടിയെത്തിയത്. ആ പരിസരമൊന്നു കാണാമെന്ന് നിശ്ചയിച്ച് തലേന്ന് സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ പ്രഭയെ കീറി മുറിച്ചു കൊണ്ട് വന്ന വാഹനം പാർക്കു ചെയ്ത വഴിയിലേക്ക് നടന്നു.

അവിടെയെത്തി എന്‍റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കൺ പായിച്ചു. ഈ വിദൂരതയിൽ നിന്നും നോക്കുമ്പോൾ തലേന്ന് ഞാൻ മിഴിനട്ടിരുന്ന ജനാല കാണാം. ഇരുട്ടു കൂടിയാകുമ്പോൾ തീർത്തും വ്യക്തമാകില്ല. തീർച്ച. മാത്രവുമല്ല പുറത്തേക്ക് നോക്കുന്ന വേളയിൽ മുറിക്കകത്തെ ലൈറ്റ് ഓഫ് ചെയ്തതായി വ്യക്തമായി ഞാൻ ഓർമ്മിക്കുന്നുമുണ്ട്.

എന്നെ ആ സ്ത്രീയോ പുരുഷനോ കണ്ടിട്ടില്ലെന്ന് തീർത്തും പറയാൻ കഴിയും. പിന്നെ എന്‍റെ മുറിയുടെ കതകിൽ മുട്ടിയതാരാണ്? അമ്മയാണോ? ഇത്ര ശക്തിയിൽ മുഴക്കത്തോടെ കതകിൽ തട്ടാൻ അമ്മക്ക് സാധിക്കുമോ എന്ന് സംശയമാണ്. ഏതായാലും അമ്മയോട് ഇപ്പോൾ തന്നെ പോയി ചോദിച്ച് സംശയ നിവാരണം നടത്താമല്ലോ? അമ്മയല്ലെങ്കിൽ പിന്നെയാര്? തോന്നലായിരിക്കുമോ? അർദ്ധരാത്രിയുടേതായ സമയരാശി തോന്നലുകളുടേതു കൂടിയാണ്.

Story: ജലരേഖ പോലെ

ഏറെ നാളുകൾക്കു ശേഷമാണ് നമത്ര ഷോപ്പിംഗിന് ഇറങ്ങിയത്. അന്നും അവൾ ഒറ്റയ്ക്കായിരുന്നു. പരിചിതരായ ഒരുപറ്റം സ്ത്രീകൾ ഓടിയെത്തി അവൾക്ക് ചുറ്റും കൂടി. ഭർത്താവിന്‍റെ പാർട്ടി സർക്കിളിലെ സുഹൃത്തുക്കളുടെ ഭാര്യമാർ. കൊച്ചമ്മമാർ ഈ പ്രയോഗമാണ് അവർക്ക് കൂടുതൽ ചേരുക. സോഷ്യൽ സ്റ്റാറ്റസ് മെയിന്‍റെയിൻ ചെയ്യാനായി രാപകലില്ലാതെ മാളുകളിൽ കയറി ഇറങ്ങുന്ന വിചിത്ര ഇനം ജീവികൾ. ഈ സൊസൈറ്റി ലേഡീസിന് ടൈംപാസിന് മാത്രമുള്ള ഔട്ടിംഗ് ആയിരുന്നു ഇത്. രാവിലെ ഔട്ടിംഗും രാത്രി പാർട്ടിയും. ഇതാണ് അവരുടെ ജീവിതചര്യ. ഇംപോർട്ടഡ് വാഹനങ്ങൾ, വിലകൂടിയ സോളിറ്റെയറുകൾ, വിദേശ വസ്ത്രങ്ങൾ ഇങ്ങനെയുള്ള പോഷ് ലൈഫ്. ഒന്നിച്ചുകൂടി ആർത്തട്ടഹസിച്ച് ചിയേഴ്സ് പറഞ്ഞു കൊണ്ടുള്ള ഡ്രിങ്ക് ‍സൽക്കാരത്തിൽ അവരുടെ ഒരു ദിനം അവസാനിക്കുന്നു. അവരെ ആരും വിലക്കിയിരുന്നില്ല. അവർ തന്നെയായിരുന്നു അവരുടെ യജമാനന്മാർ.

അവരെ ഒഴിവാക്കാൻ അവൾക്ക് അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ചെറിയ ഷോപ്പിംഗ്. നമത്ര അത്രയേ ആഗ്രഹിച്ചുള്ളൂ. അവൾ കടയിലേക്ക് കയറാൻ ഒരുങ്ങി.

നമത്രേ… എന്താ ഒറ്റയ്ക്കാണോ? പിന്നിൽ നിന്നൊരു വിളി. മിസിസ് സ്വാതി രമണൻ. ഭംഗിയുള്ള വയലറ്റ് സിൽക് സാരിയിൽ അവർ കൂടുതൽ സുന്ദരിയായി തോന്നിച്ചു. 16 -17 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു. ഭാഗ്യം, ഇന്ന് ആ പതിവ് ബെറ്റാലിയൻ ഇല്ലല്ലോ. നമത്ര ആശ്വസിച്ചു.

സിസ്റ്റർ ഇൻലോയുടെ മകളാ, ദിയ. ഇന്നു രാവിലെ എത്തിയതേയുള്ളൂ. നാല് മണിക്കൂർ കഴിഞ്ഞാണ് ഫ്ലൈറ്റ്. അതുകൊണ്ട് ചെറിയൊരു പർച്ചേസ് ആകാമെന്നു കരുതി. ഷോപ്പിംഗും ഔട്ടിങ്ങുമൊന്നുമിഷ്ടമില്ലാത്ത നീ ഇവിടെ എന്താ? മിസ്സിസ്സ് സ്വാതി ആശ്ചര്യത്തോടെ തിരക്കി.

ആന്‍റി പതുക്കെ വന്നാൽ മതി. ഞാൻ പോകുന്നു. ഓ കെ. ബൈ. ഹാവ് എ ഗുഡ് ഡേ. മിസ്സിസ്സ് സ്വാതിക്ക് നമത്രയോടൊപ്പം ഷോപ്പിങ്ങിന് കൂടണമെന്ന് ആഗ്രഹമുണ്ടെന്ന് ദിയയ്ക്ക് മനസ്സിലായി. മിസ്സിസ് സ്വാതി സ്നേഹത്തോടെ അവളെ ചുംബിച്ച് യാത്രയാക്കി.

ദാ, ഈ സാരി എങ്ങനെയുണ്ട്? കൂട്ടിയിട്ടിരിക്കുന്ന ഭംഗിയുള്ള സാരികളിൽ നിന്ന് പച്ച നിറത്തിലുള്ള ഒരു സാരി എടുത്ത് നമത്ര സ്വാതിയെ കാണിച്ചു.

സോ ഗ്രേയ്സ്ഫുൾ. നിന്‍റെ സെലക്ഷൻ മോശമാവുമോ? അതൊരു പ്രശംസയാണോ പരിഹാസം ആണോ എന്ന് നമത്രയ്ക്ക് സംശയം തോന്നി. സാരി പായ്ക്ക് ചെയ്തു യാത്ര പറയാൻ ഒരുങ്ങിയതും മിസ്സിസ്സ് സ്വാതി നിർബന്ധപൂർവ്വം അവളെയും കൂട്ടി ഒരു റസ്റ്റോറന്‍റിൽ കയറി കോഫി ഓർഡർ നൽകി. സ്വാതി അവൾക്ക് അഭിമുഖമായി ഇരുന്നു.

ഇന്നു വൈകിട്ടത്തെ പാർട്ടിയിൽ പങ്കെടുക്കില്ലേ?

ഇല്ല, നമത്ര ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവൾക്ക് ആ ടോപ്പിക്കിനെ കുറിച്ച് സംസാരിക്കാനേ താല്പര്യം ഇല്ലാത്തത് പോലെ.

ഊം… അതെന്താ? മിസ്സിസ്സ് സ്വാതി ഗൗരവത്തോടെ അവളെ നോക്കി.

പാർട്ടി, എന്‍റർടെയിൻമെന്‍റ് ഇതൊന്നും എനിക്ക് തീരെ ഇഷ്ടമല്ല. വല്ലാത്ത ആർട്ടിഫിഷ്യൽ അറ്റ്മോസ്ഫിയർ. അസൂയയും വെറുപ്പും കൃത്രിമ ചിരിയുമായി കുറേ സ്ത്രീകൾ. പുരുഷന്മാരെ മുട്ടിയുരുമ്മി മദ്യം കഴിക്കാൻ യാതൊരു മടിയും ഇല്ലാത്തവർ. മോഡേൺ എന്ന പുറംചട്ടയുടെ മറവിൽ നടക്കുന്ന സംസ്കാര ശൂന്യത. കിരൺ വെള്ളം കുടിക്കുന്ന ലാഘവത്തോടെയാണ് ആണ് മദ്യപിക്കുന്നത്. അധികമായാൽ കിരണിനെ നിയന്ത്രിക്കാൻ ഞാൻ പാടുപെടേണ്ടി വരും. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.

നമത്രയ്ക്ക് മിസ്സിസ്സ് സ്വാതിയോട് ഒരു പ്രത്യേക ബഹുമാനം ഉണ്ട്. ഒരു സഹോദരി എന്നതിലുപരി മനസ്സു തുറന്നു സംസാരിക്കാൻ കഴിയുന്ന എന്ന സുഹൃത്ത് കൂടിയാണ് അവർ.

മതി , നീ വല്ലാതെ അതിരു കടന്നു ചിന്തിക്കുന്നു. സ്വാതി നമ്രതയുടെ കൈപ്പത്തി അവരുടെ ഉള്ളംകൈയിൽ ഒതുക്കി ആശ്വസിപ്പിച്ചു.

ഡ്രിങ്ക്സ്… ഡാൻസ്… ദീസ് ആൾ ആർ പാർട്ട് ഓഫ് പാർട്ടിസ്. പറയുന്നതിനിടയ്ക്ക് അവളുടെ സ്വരം ഇടറി.

കിരൺ വലിയൊരു ഉദ്യോഗസ്ഥൻ അല്ലേ. അപ്പോൾ ഇതുപോലെ വൻ പാർട്ടി സംഘടിപ്പിക്കുന്നതും മറ്റ് പാർട്ടികളിൽ അറ്റൻഡ് ചെയ്യുന്നതും സ്വാഭാവികം. നീ ഇതൊക്കെ ഒരു ശീലവും ജീവിതത്തിന്‍റെ ഭാഗവും ആക്കേണ്ടി ഇരിക്കുന്നു. ലെറ്റ് അസ് എൻജോയ് ലൈഫ്. എല്ലാം പഠിച്ചെടുത്ത് പയറ്റിത്തെളിഞ്ഞ അനുഭവസ്ഥയുടേതു പോലെ ആയിരുന്നു അപ്പോൾ അവരുടെ സംസാരം.

വിവാഹത്തിനുശേഷം എത്ര ഉത്സാഹത്തോടെയാണ് നീ പാർട്ടികളും മറ്റും സംഘടിപ്പിച്ചിരുന്നത്.

മറന്നിട്ടില്ല. പക്ഷേ, അന്നൊക്കെ ഈ പാർട്ടി മേളകൾ സുഹൃത്തുക്കൾക്കൊപ്പം കളിതമാശകൾ പറഞ്ഞു കുറച്ചുസമയം ചെലവഴിക്കാനുള്ള ഉപാധി മാത്രമായിരുന്നു. തിരക്കുകളിൽ നിന്ന് അല്പം ആശ്വാസം കണ്ടെത്താനുള്ള വഴി അത്രതന്നെ.

ഇപ്പോൾ എന്താ പ്രശ്നം? മിസ്സിസ്സ് സ്വാതി അവളെ നോക്കി.

പാർട്ടി എന്നുവച്ചാൽ മദ്യപാനവും പുകവലിയും ആർഭാടവും ഒക്കെയാണോ? നമ്രതയുടെ ദുഃഖം കണ്ണീർച്ചാലുകൾ ആയി ഒഴുകിയിറങ്ങി.

കിരൺ മദ‍്യപിക്കുന്നത് നിനക്ക് ഇഷ്ടമല്ല. അല്ലേ? ഇക്കാലത്ത് മദ്യപിക്കാത്തവർ ചുരുക്കമാണ്. ദേ, ഈ ഞാൻ പോലും മദ്യപിക്കാറുണ്ട്. ഇതൊക്കെ ഹൈ സൊസൈറ്റിയിൽ പറഞ്ഞിട്ടുള്ളതാണ്. ഒരുപക്ഷേ, നീ ഇതൊന്നും കണ്ടുശീലിച്ചിണ്ടുണ്ടാവില്ല. അതുകൊണ്ടാ.

നമ്രത മിഡിൽ ക്ലാസ് ഫാമിലിയിലാണ് ജനിച്ചുവളർന്നത് എന്ന് സ്വാതി മനസ്സിലാക്കിയിരുന്നു. സ്വഭാവവും പെരുമാറ്റവും അങ്ങനെയായിരുന്നു.

അതെയതെ. ഞങ്ങൾ ഇതുപോലുള്ള പാർട്ടിയിലൊന്നും പങ്കെടുത്തിട്ടില്ല. മമ്മിയോ ഡാഡിയോ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷങ്ങൾക്കോ ആഹ്ലാദത്തിനോ ഒരു കുറവുണ്ടായിട്ടില്ല. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ പതുക്കെ എഴുന്നേറ്റു.

ശരി സ്വാതി… വിങ്ങുന്ന മനസ്സോടെയാണ് അവൾ വീട്ടിലേക്ക് മടങ്ങിയത്.

വൈകുന്നേരം കിരൺ മടങ്ങി വന്നപ്പോൾ അവൾ പുസ്തകം വായിക്കുകയായിരുന്നു.

ഇതെന്താ? ഇപ്പോഴും തയ്യാറായില്ലേ? പാർട്ടിക്ക് പോകണ്ടേ?

ഒരു മൂഡില്ല. നമ്രത നീരസം പ്രകടിപ്പിച്ചു.

നീ എന്തൊക്കെയാണ് പറയുന്നത്? മിസ്റ്റർ ഡിനിലിന്‍റെ വീട്ടിലെ ഫങ്ക്ഷനാ. നീ വന്നില്ലെങ്കിൽ അദ്ദേഹം കോപിക്കും.. ഫോറിൻ ഡെലിഗേറ്റ്സും മറ്റും പങ്കെടുക്കുന്നുണ്ട്. ഇത്തവണയെങ്കിലും കമ്പനിയുടെ ഡീൽ ശരിയായാൽ മതിയായിരുന്നു.

നൗ ജസ്റ്റ് ഗോ ആൻഡ് ഗെറ്റ് റെഡി. കനത്ത സ്വരത്തിൽ കിരൺ പറഞ്ഞു.

പാർട്ടിക്കിടയിൽ കിരൺ തന്‍റെ പുതിയ സുഹൃത്തുക്കളെ നമ്രതയ്ക്ക് പരിചയപ്പെടുത്തി. സുന്ദരിയായ ഭാര്യയെ പ്രദർശന വസ്തുവായി കൂടെക്കൊണ്ടു നടക്കുന്നതിൽ കിരൺ അഭിമാനിച്ചിരുന്നു. പാശ്ചാത്യ സംഗീതത്തിന്‍റെ ചടുല താളത്തിനൊത്ത് ചിലർ വൃത്തം ചവിട്ടി. അവൾ സൈഡിൽ ഉള്ള ഒരു സോഫയിൽ അമർന്നിരുന്നു. കിരൺ ഓരോ തവണയും തനിക്കരികിലെത്തുമ്പോഴും മദ്യപിക്കരുതെന്ന് അവൾ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.

ഇനിയെങ്കിലും നിന്‍റെ മീഡിയോക്കർ മെന്‍റാലിറ്റിയൊന്ന് അവസാനിപ്പിച്ചു കൂടെ?

എന്തുപറയണമെന്നറിയാതെ നമ്രത സ്തംഭിച്ചിരുന്നു. ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടത് പോലുള്ള ഉള്ള പോലുള്ള കിരണിനെ മറുപടി അവളെ നിശബ്ദയാക്കി.

കിരൺ, സ്പീഡ് ഒന്നു കുറയ്ക്കൂ. അവൾ ഭയന്നരണ്ട സ്വരത്തിൽ പറഞ്ഞു. പാർട്ടി കഴിഞ്ഞു മടങ്ങുമ്പോൾ എന്നും ഇങ്ങനെയാണ്. ലക്കില്ലാത്ത ഡ്രൈവിംഗ്.

ഡോൺട് ഇൻസ്ട്രക്റ്റ് മീ. നീ വീട്ടിൽ സേഫ് ആയി എത്തും. പോരേ?

നിങ്ങൾക്ക് ഈ കുടിയൊന്ന് നിർത്തിക്കൂടെ, മനുഷ്യാ? നിരാശയും ദേഷ്യവും നമ്രതയുടെ മുഖത്ത് പ്രകടമായിരുന്നു.

സോ ബോറിംഗ്. എന്നും ഒരേ ചോദ്യം ആവർത്തിക്കുന്നത് എന്തിനാ? കിരണിന്‍റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.

നിങ്ങളെ കുറിച്ച് വേവലാതി ഉള്ളതുകൊണ്ട് തന്നെ. നിങ്ങൾ വല്ലാതങ്ങ് ക്ഷീണിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനോ എന്നോട് മനസ്സുതുറന്ന് സംസാരിക്കാനോ നിങ്ങൾക്ക് എവിടെ സമയം? എപ്പോൾ നോക്കിയാലും ജോലി, ഓഫീസ് എന്ന ഒരൊറ്റ വിചാരമേ ഉള്ളൂ. സ്വന്തം ആരോഗ്യത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ ഒരു ചിന്തയും ഇല്ല. പാർട്ടി, ഔട്ടിംഗ് എന്നൊക്കെ പറഞ്ഞ് പണം ധൂർത്തടിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരും.

പ്ലീസ്. മതി നിന്‍റെ പ്രഭാഷണം. പാർട്ടി എന്ന് കേൾക്കുമ്പോഴേ മറ്റു സ്ത്രീകൾക്ക് സന്തോഷമാണ്. നീ ഒരുത്തി മാത്രം എന്താ ഇങ്ങനെ? നിന്‍റെ ഈ ഈ മിഡിൽക്ലാസ് മെന്‍റാലിറ്റി ആദ്യം ഒന്നു മാറ്റ്. നീ ഒരു ബിസിനസുകാരന്‍റെ ഭാര്യ ആണെന്ന് മനസ്സിലാക്ക്. നിനക്ക് ഇതുവരെ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ?

കിരണിന്‍റെ വാദങ്ങൾക്ക് മുൻപിൽ നമ്രത തോറ്റു. പണത്തിന് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും പണം ധൂർത്തടിക്കുന്നത് ശരിയല്ലല്ലോ? ഇപ്പോഴിതാ പാർട്ടിയും ആഘോഷവും ഒക്കെ ഇല്ലാത്ത ദിനങ്ങളിലും കിരൺ മദ്യപാനം തുടർന്നു. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാതെ ആയി.

നമ്രതയുടെ നിർബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിച്ചാലും ഉടനെ അതൊക്കെ ഛർദ്ദിച്ചു കളയും. കിരണിന്‍റെ സ്പർശനത്തിനു വേണ്ടി കൊതിച്ചിരുന്ന നമ്രതയ്ക്ക് ജീവിതം ശൂന്യമായി തോന്നി. കാലം കടന്നു പോകുന്തോറും കിരണിന്‍റെ സ്വഭാവം കൂടുതൽ വഷളായി വന്നു.

കിരൺ വാതോരാതെ പ്രശംസിക്കുന്ന സ്ത്രീകൾ എത്രത്തോളം ദുഃഖിതരായിരുന്നുവെന്ന് നമ്രതയ്ക്ക് അറിയാമായിരുന്നു. തന്‍റെ ദുഃഖ കഥയും അവർക്കു മുൻപിൽ തുറന്നു വായിക്കണം എന്ന് അവൾ പലപ്പോഴും ആഗ്രഹിച്ചു. അപ്പോഴും സ്വന്തം ഭർത്താവിന്‍റെ കുറ്റങ്ങളും കുറവുകളും എടുത്തുപറയുന്ന താൻ തന്നെയാവില്ലേ കുറ്റക്കാരി? വിഷമം മറക്കാനാണ് അവർ അനാവശ്യ ഷോപ്പിംഗ് ചെയ്യുന്നത്. വീട്ടിൽ ആഡംബര വസ്തുക്കൾ വാങ്ങി കൂട്ടിയും മോഡേൺ വസ്ത്രങ്ങളും വിലപിടിപ്പുള്ള ആഭരണങ്ങളണിഞ്ഞും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു വാങ്ങി അവർ സന്തോഷം കണ്ടെത്തുന്നു.

നമ്രതയ്ക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല. ആഭരണങ്ങൾ എന്ന് കേൾക്കുന്നതേ അവൾക്ക് അലർജി ആണ്. കൃത്രിമ ചിരിയും അവൾക്ക് വശമില്ല. പ്രതീക്ഷയുടെ ഒരു നാളമെങ്കിലും തെളിഞ്ഞിരുന്നുവെങ്കിൽ അവളുടെ വേദനകൾക്കൊരാശ്വാസം കണ്ടെത്താനാവും ആയിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ തന്നെ കാർന്നുതിന്നുന്ന ഈ ഒറ്റപ്പെടൽ ഇല്ലാതാകുമായിരുന്നു. പലപ്പോഴും ഉദാസീനയായി ഇരിക്കുന്ന നമ്രതയോടു കിരൺ പറയും. കമോൺ ഡാർലിംഗ് രണ്ട് സിപ്പ് കഴിച്ചു നോക്കൂ. വിഷമം ഒക്കെ പമ്പകടക്കും. പിന്നെ നീ ഒരിക്കലും എന്നോട് കുടിക്കരുതെന്ന് പറയില്ല. ഇത് അമൃതാണ്.

കിരൺ മദ്യചഷകം അവളോടടുപ്പിക്കുമ്പോഴൊക്കെ തട്ടിത്തെറിപ്പിക്കണമെന്ന് മനസ്സ് ആവർത്തിച്ചു. എന്നാൽ അനിഷ്ടം പ്രകടിപ്പിക്കാൻ ധൈര്യമില്ലായിരുന്നു.

മിസ്റ്റർ ഫെർണാണ്ടസിന്‍റെ വീട്ടിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു. ബിസിനസ് പാർട്ണർ ആയതിനാൽ കിരണിന് ഈ ക്ഷണം നിരസിക്കുക എളുപ്പമായിരുന്നില്ല. വിദേശ കമ്പനിയുമായി ‍ഡീൽ ശരിയായതിന്‍റെ സന്തോഷത്തിൽ കിരൺ കുറച്ചധികം മദ്യപിച്ചിരുന്നു. നേരം അർദ്ധരാത്രിയോടടുത്തു കാണും. വീഥി വിജനമായി കിടന്നു. എന്നിട്ടും കാർ സ്റ്റിയറിംഗ് നേരാംവണ്ണം നിയന്ത്രിക്കാനാവാതെ കിരൺ വിഷമിച്ചു.

കിരൺ ശ്രദ്ധിച്ച്.

ഡോൺട് വറി ഡാർലിംഗ്. ഐ ആം ഫൈൻ. കിരൺ നമ്രതയെ തന്നോടടുപ്പിക്കാൻ ശ്രമിച്ചു. സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം പാളി. എതിരെ വന്ന ട്രക്കിന്‍റെ ഹെഡ്ലൈറ്റിൽ കണ്ണുകൾ മഞ്ഞളിച്ചു പോയത് മാത്രം ഓർമ്മയുണ്ട . പിന്നീട് ബോധം തെളിഞ്ഞപ്പോൾ അവർ ആശുപത്രിക്കിടക്കയിൽ ആയിരുന്നു. നമ്രത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്ക് വന്നിടിച്ച ശക്തിയിൽ കാർ ഡോർ തുറന്ന് അവൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കിരണിന്‍റെ തലഭാഗത്ത് കാര്യമായ മുറിവുണ്ടായിരുന്നു. ശരീരമാകെ മരവിച്ച പോലെയായി. ഒരു മാസത്തിനുശേഷം ആശുപത്രി കിടക്ക വിട്ടപ്പോൾ കിരൺ അരയ്ക്കു താഴെ തളർന്ന അവസ്ഥയിലായിരുന്നു.

ആദ്യമൊക്കെ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു. കിരണിന്‍റെ കാര്യത്തിൽ എല്ലാവർക്കും വലിയ ശ്രദ്ധ. ചോദിക്കാതെ തന്നെ ആവശ്യങ്ങൾ മനസ്സിലാകും, സഹായിക്കാൻ ഏവരും തയ്യാർ. മുഖത്ത് സന്തോഷവും അഭിമാനവും പ്രകടമായി. സുമനസ്സുകളുമായി ഇടപഴകുന്നത് ശരിയല്ലെന്നു പറഞ്ഞു നീ എത്രവട്ടം എന്നെ തടഞ്ഞിരിക്കുന്നത്. ഇപ്പോഴോ? സുഹൃത്തുക്കൾ ഒന്നുരണ്ടുവട്ടം മദ്യസൽക്കാരം നടത്തി. അവസാനം ബിസിനസ് ഉത്തരവാദിത്വങ്ങൾ ഒക്കെ മിസ്റ്റർ ഫെർണാണ്ടസ് ഏറ്റെടുത്തു. രണ്ടുമാസത്തോളം ബിസിനസ് നേരാവണ്ണം നോക്കി നടത്തി. പിന്നെ നഷ്ട കച്ചവടത്തിന്‍റെ കള്ളക്കണക്കുകൾ ആയിരുന്നു.

ഡീൽ ക്യാൻസൽ ആയെന്ന് അയാൾ നുണ പറഞ്ഞു. നമ്രത ഓഫീസിൽ പോയി കണക്കുകൾ പരിശോധിക്കാൻ ഒരുങ്ങുമ്പോൾ ഒക്കെ മിസിസ്സ് ഫെർണാ‍ഡസ് സമാധാനിപ്പിക്കും.

മാഡം, കിരണിന്‍റെ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഞങ്ങളൊക്കെ ഇല്ലേ? ചെറിയ ഒരു തുകയും ഏൽപ്പിച്ച് അവർ മടങ്ങും. ചികിത്സയ്ക്കുള്ള ചെലവും നഷ്ടത്തിലേക്ക് നീങ്ങുന്ന ബിസിനസ്സും.

നമ്രത ശരിക്കും തളർന്നു. ജീവിതം കൈവിട്ടു പോവുകയാണോ? മിത്രങ്ങളും ഒത്തുകൂടലും ഒക്കെ നന്നേ ചുരുങ്ങി. തീരെ ഇല്ല എന്ന അവസ്ഥയിൽ എത്തി. നമ്രത ഫോൺ ചെയ്യുമ്പോഴൊക്കെ ഓരോരുത്തരും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞു ഒഴിഞ്ഞു മാറി. നമ്രതയുടെ ചെറുപ്പത്തിലെ ‍ഡാഡി ആക്സിഡന്‍റിൽ മരിച്ചു പോയിരുന്നു. അമ്മ പെൻഷൻ തുക കൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. മകൾക്ക് ധൈര്യം നൽകുക എന്നതിൽ കവിഞ്ഞു അമ്മയ്ക്ക് മറ്റൊരു സഹായവും ചെയ്യാൻ സാധിച്ചില്ല.

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ആവാത്ത അവസ്ഥയിലാണ് എങ്കിലും മദ്യം നൽകാതെ വരുമ്പോൾ കിരൺ നമ്രതയെ അസഭ്യം പറയും. സഹായിച്ച സുഹൃത്തുക്കൾ വരാതെ ആയപ്പോൾ കിരൺ എരിപൊരി കൊണ്ടു. തന്‍റെ തോൽവി ഒരുതരത്തിലും സ്വീകരിക്കുവാൻ അയാൾ ഒരുക്കമല്ലായിരുന്നു.

സേവിംഗ്സ് എന്നുപറയാൻ ഒന്നും തന്നെ ഇല്ല. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനോട് കിരണിന് പണ്ടേ വിയോജിപ്പ് ആയിരുന്നു. ആഭരണങ്ങൾ ഒന്നൊന്നായി വിറ്റു. ചികിത്സയ്ക്കുള്ള പണം തികയാതായി. കിരണിന്‍റെ മുറിയിലെ ഒരിക്കലും തുറക്കാൻ അനുവദിക്കാത്ത അലമാര ഒന്നു തുറന്നു നോക്കിയാലോ? കിരൺ ഗാഢനിദ്രയിലായിരുന്ന സമയത്ത് അവൾ ശബ്ദമുണ്ടാക്കാതെ അലമാര തുറന്നു നോക്കി. എന്തെങ്കിലും സമ്പാദ്യം കിരൺ സൂക്ഷിക്കാതിരിക്കുമോ? പക്ഷേ നമ്രതയുടെ പ്രതീക്ഷകൾ എല്ലാം തെറ്റി. പലതരം വിദേശമദ്യ ബോട്ടിലുകൾ ആയിരുന്നു അലമാര നിറയെ. മുന്തിയ വില വരുന്ന വിദേശ മദ്യത്തിന്‍റെ ബോട്ടിലുകൾ. മനസ്സ് ഒന്നു നീറി. അവൾ സാവകാശം ഒരു ബോട്ടിൽ എടുത്ത് തുറന്ന് ചുണ്ടോടടുപ്പിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें