പകൽ സമയത്തെ മുഴുവൻ തളർച്ചയും ക്ഷീണവും അകറ്റുന്ന ഇടമാണ് ബെഡ്റൂം. വളരെ മൃദുവായ കിടക്ക, മനം മയക്കുന്ന കർട്ടനുകൾ, മുറിയിലെങ്ങും പരന്നിറങ്ങുന്ന അരണ്ട വെളിച്ചത്തിൽ അലങ്കരിച്ച ഫർണ്ണീച്ചറുകൾ എന്നിവയൊക്കെ ഉണ്ടായിട്ടും ഉറക്കം വരുന്നില്ലായെങ്കിൽ ഓർക്കുക വീടിനകത്തെ അന്തരീക്ഷം ശുദ്ധമല്ല.
പകൽ മുഴുവനും തിരക്കു പിടിച്ച ജീവിതം നയിക്കുന്നവർക്ക് പിരിമുറുക്കമകറ്റാൻ സ്വസ്ഥവും സുഖകരവുമായ ഉറക്കത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ശുദ്ധമായ അന്തരീക്ഷമാണ് ആവശ്യം. അതുകൊണ്ട് വീടിനകത്ത് ഏതെങ്കിലും തരത്തിലുള്ള ചെടികൾ വയ്‌ക്കുന്നത് ഉത്തമമാണെന്ന് നാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിലെ ഒരു വിഭാഗം ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ബാത്ത്റൂമിൽ നിന്നും വരുന്ന അമോണിയ ഗ്യാസ്, കീടങ്ങളിൽ നിന്നും വമിക്കുന്ന ഫോർമൽഡ്ഹൈഡ് ഗ്യാസ്, ഡിറ്റർജന്‍റിൽ നിന്നുള്ള ബെൻസീൽ, ഫർണ്ണീച്ചറിൽ നിന്നും വരുന്ന ട്രൈക്ലോറോ എത് ലീൻ, ഗ്യാസ് സ്റ്റൗവിൽ നിന്നുള്ള കാർബൺ മോണോക്സൈഡ്, ലോണ്ട്രിയിൽ നിന്നുള്ള ഗന്ധം എന്നിവയെ നിഷ്ക്രിയമാക്കാൻ ഇത്തരം ഇൻഡോർ ചെടികൾക്ക് കഴിയും. ചില പ്രത്യേകയിനം ചെടികൾക്ക് പ്യൂരിഫയർ എന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുമത്രേ.
ഒരു പക്ഷേ ഇത് വായിക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഒരു സംശയം ഉണ്ടാകാം. ചെടികൾ രാത്രിയിൽ കാർബൺഡയോക്സൈഡ് വാതകമല്ലേ പുറപ്പെടുവിക്കുകയെന്ന്, മനുഷ്യന് ശ്വസിക്കാൻ ഓക്സിഡനല്ലേ ആവശ്യം? മനസ്സിലുണരുന്ന ഈ സംശയം തീർത്തും സത്യമാണ്. പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ ചെടികൾ കാർബൺഡയോക് സൈഡ് വാതകം വലിച്ചെടുക്കുകയും പുറത്തേക്ക് ഓക്സിജൻ വാതകം പുറപ്പെടുവിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയ പകലാണ് നടക്കുക. രാത്രിയിൽ ഇതിന് നേർവിപരീതമായ പ്രക്രിയയാണ് നടക്കുക.
എന്നാൽ ഇതിന് വിപരീതമായ ചില ചെടികളുണ്ടെന്നാണ് ചില ശാസ്ത്രജ്ഞന്മാർ പറയുന്നത്. രാത്രി ഏറെയായാലും അവ ഓക്സിജൻ പുറപ്പെടുവിക്കുമത്രേ. ഇത്തരം ചെടികൾ വിഷലിപ്തമായ വാതകങ്ങളെ വലിച്ചെടുക്കുകയും ചെയ്യും. പക്ഷ അത്തരം അലങ്കാര സസ്യങ്ങൾ ഏതൊക്കെയാണെന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം. അത്തരം ചില പ്യൂരിഫയർ ചെടികളിതാ:-
സ്നേക്ക് പ്ലാന്‍റ്
പകലും രാത്രിയും ഓക്‌സിജൻ നൽകുന്ന ഒരു ചെടിയാണിത്. ഔഷധ സസ്യമായാണ് ഇതിനെ കണക്കാക്കുന്നത്. സെൻസേപീരിയാ ട്രോഫേസിയ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ചെടി രാത്രിയിലും ഓക്‌സിജൻ പുറപ്പെടുവക്കുമത്രേ. അതുകൊണ്ട് രാത്രിയും പകലും ഓക്‌സിജൻ നില വർദ്ധിപ്പിച്ച് അന്തരീക്ഷ മലിനീകരണത്തെ തടയുന്നു. ബാത്ത്റൂമിലെ അമോണിയ വാതക പ്രഭാവത്തെ തടയാൻ സ്നേക്ക് പ്ലാന്‍റ് വയ്‌ക്കുക. നിലത്തോ ജനാലയിലോ ഇത് വയ്‌ക്കാം. ഇനി പൂക്കളുടെ സുഗന്ധമാണ് ഇഷ്‌ടപ്പെടുന്നതെങ്കിൽ ബാത്ത്റൂമിൽ ക്രിസാന്തമം (ജമന്തി) വയ്‌ക്കാം.
ഗോൾഡൻ പോത്തോസ്
അകത്തെ അന്തരീക്ഷത്തിൽ കുറഞ്ഞ സൂര്യപ്രകാശത്തിൽ വളരുന്ന ഒരു ചെടിയാണ് ഗോൾഡൻ പോത്തോസ്. പച്ച, മഞ്ഞ നിറങ്ങളിലായി വീതിയേറിയ ഇലകളോടു കൂടിയ ഈ സസ്യം അന്തരീക്ഷ മലിനീകരണത്തെ തടയാൻ ഫലവത്താണ്. എയർ പ്യൂരിഫയർ ചെടികളിൽ ഏറ്റവും മികച്ച ചെടികളിലൊന്നായി പരിഗണിക്കപ്പെടുന്ന ഒന്നാണ് ഗോൾഡൻ പോത്തോസ്.