രാവിലെ ഓഫീസിലേക്ക് പോവാനുള്ള തിരക്കിനിടയിൽ ഫുഡടി നടക്കുമ്പോഴാണ് വീട്ടിന് മുന്നിൽ ഒരു ഹോണടി....
ദേ അമ്മ്യാരും സന്ധ്യ ആർ അയ്യരും അമ്യാരുടെ പേഴ്സണൽ ഗുണ്ട സെബാനും. ജാക്ക്സൺ സെബാറ്റി... ഞാൻ പെട്ട്...!!!! സാധാരണ ഇവരുടെ മുന്നിൽ പെട്ടാൽ പിന്നെ വണ്ടി നിൽക്കുന്നത് വല്ല തേക്കടിയിലോ മൂന്നാറിലോ ആവും...
ഇന്നെന്ത് വള്ളിയുമായാണോ വരവ്... ദൈവത്തിനറിയാം...
അമ്മ്യാര് ബാങ്കിന്‍റെ എന്തോ ചെക്ക് കേസുമായി കോടതിയിൽ വന്നതാണ്... ഇനിയെങ്ങാനും തൂക്കിക്കൊല്ലാൻ വിധിച്ചാൽ പകരം സെബാനെ വിട്ട് കൊടുത്ത് തടി തപ്പാൻ പാവത്തിനെയും കൂട്ടിയതായിരിക്കും..... പാവം സെബാന് കരമടച്ച രസീത് പോലുമില്ലന്ന് അമ്മ്യാർക്കറിയില്ലല്ലോ.......
ഉച്ചകഴിഞ്ഞ് ഫ്രീയായാൽ നേരത്തെ എത്താം എന്നുറപ്പ് നൽകി രണ്ടാളുടെയും പിടിയിൽ നിന്ന് സ്കൂട്ടായി ഓഫീസിലേക്കോടി..
ഉച്ചകഴിഞ്ഞപ്പോഴേ അമ്മ്യാരുടെ വിളി എത്തി... ഒരു പരുവത്തിൽ പണി തീർത്ത് കൊച്ചിയെത്തി... പാവങ്ങൾ രണ്ടാളും എന്നെ കാത്ത് വിശന്നിരിപ്പായിരുന്നു.... വിശപ്പടക്കാൻ നേരെ കണ്ടയ്‌നർ റോഡിലെ "വെള്ളക്കാന്താരി" യിലേക്ക്.
പാവം അമ്മ്യാർക്ക് പച്ചക്കറി വാങ്ങി നൽകി ഞാനും സെബാനും സീ ഫുഡ് വെട്ടി വിഴുങ്ങി....
സമയം നാലാകുന്നു ഇനിയെന്താ പ്ലാൻ...???
ഒടുവിൽ "ലങ്ക" യിലേക്ക് പോവാൻ തീരുമാനമായി...
ശ്രീലങ്കയല്ല കേട്ടോ... ഇത് ഏഴിക്കരയിലെ ചെറിയൊരു തുരുത്താണ്...
രണ്ട് ടുവീലർകളിലായി യാത്ര തുടങ്ങി...
നേരെ കണ്ടെയ്നർ റോഡിൽ മൂലമ്പള്ളിയിൽ നിന്ന് പിഴല പാലം കയറി... അധിക കാലം ആയിട്ടില്ല പിഴല പാലം പണിഞ്ഞിട്ട്...
സന്ധ്യയാകുമ്പോൾ പിഴല പാലത്തിൽ നിന്ന് ചീനവലകളുടെ ദൃശ്യം ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക് ഇപ്പോൾ കൂടി വരുന്നു...
പാലത്തിന്‍റെ അപ്രോച്ച് റോഡ് പണി തീർന്നിട്ടില്ലാത്തതിനാൽ ഓട്ടോറിക്ഷ മാത്രമേ പോകു..... അതങ്ങനെയാണല്ലോ.. ആനയെ വാങ്ങിയാലും ചങ്ങല വാങ്ങില്ല...
അൽപ്പസമയം അവിടെ ചിലവിട്ട് കുറച്ച് ദൂരം അകലെയുള്ള ഫെറിയിലെത്തി.
2 ചെറിയ കാറുകളും ബൈക്കും കയറ്റാവുന്ന രണ്ട് വളളത്തിൽ ഒരു പ്ലാറ്റ്ഫോം സെറ്റ് ചെയ്ത ചെറിയ ഫെറി...
നേരെ കടമക്കുടിക്ക്....
കടമക്കുടി എത്തിയതും....
ദേ കിടക്കുന്നു സെബാന്‍റെ വണ്ടി പഞ്ചർ.... മൊബൈൽ പഞ്ചർകാരനെ വിളിച്ച് വരുത്തി പഞ്ചർ ഒട്ടിക്കുന്നത് വരെ അര മണിക്കൂർ കടമക്കുടിയിൽ പോസ്റ്റായി....
അവിടുന്ന് നേരെ ചാത്തനാടിനുള്ള ഫെറി കയറി....
പഴയത് പോലെ രണ്ട് വള്ളത്തിന് മുകളിൽ ചെറിയ പ്ലാറ്റ്ഫോം സെറ്റപ്പ് ചെയ്ത സംഭവം...
ചാത്തനാട് കടമക്കുടി പാലം രണ്ട് സൈഡും കൂട്ടിമുട്ടാതെ കായലിന് നടുവിൽ നിന്ന് നമ്മളെ കൊഞ്ഞനം കുത്തുന്ന മനോഹരമായ കാഴ്ചയും അവിടെ കാണാം.. ഭരണാധികാരികളുടെ ദീർഘ വീക്ഷണം...
ചാത്തനാട് നിന്നും 4 കി.മീ സഞ്ചരിച്ച് ഏഴിക്കര പഞ്ചായത്ത് പടിക്കൽ എത്തിയപ്പോൾ നേരത്തെ വിളിച്ച് പറഞ്ഞതനുസരിച്ച് ലങ്കാ നിവാസി രാമചന്ദ്രൻ ചേട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു...
അവിടെ നിന്ന് ഇടത്തേക്ക് അര കിലോമീറ്റർ കൂടി ഉള്ളിലേക്ക് ചെന്നാൽ ലങ്കയിലേക്കുള്ള പ്രവേശന കവാടമായി....
കവാടം എന്നാൽ വല്യ സംഭവമൊന്നുമല്ല അപകടാവസ്ഥയിലായി ഏത് നിമിഷവും താഴെ വീഴാൻ തയ്യാറായി നിൽക്കുന്ന ഒരു ചെറിയ പാലം... ഈ പാലമാണ് ലങ്കയെ ഏഴിക്കരയുമായി ബന്ധിപ്പിക്കുന്നത്.... പാലം കടക്കുമ്പോൾ കാണുന്നത് പണി തീരാത്ത പ്രതിഷ്ഠയില്ലാത്ത ഒരമ്പലമാണ്... പിന്നെ കുറച്ച് വീടുകളും.....