അറിയപ്പെടാന്‍ പേര് മാത്രം ധാരാളം എന്നു പറയുന്നത് ലംബോർഗിനി എന്ന ആഢംബര സ്‌പോർട്‌സ് കാറിന്‍റെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്. കരുത്തിൽ മുമ്പനായ ഒരു സ്‌റ്റൈൽ ഐക്കണിക്ക് സൂപ്പർ കാർ എന്ന നിലയിൽ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവരും ഇന്ത്യയില്‍ ഇന്ന് ഏറെയാണ്. കേരളത്തിലെ നിരത്തുകളിലും ഈ ആഢംബര വാഹനം അപൂർവമായി കാണാൻ കഴിയുന്നുണ്ട്.
വന്ന വഴി
1963 ൽ ഇറ്റലി ആസ്‌ഥാനമായി പ്രവർത്തനമാരംഭിച്ച ലംബോർഗിനിയുടെ ആസ്‌ഥാനം ബൊളോണയിലാണ്. ഇറ്റാലിയൻ സ്വദേശിയായ ഫെറൂസിയോ ലംബോർഗിനി ആണ് സ്‌ഥാപകൻ. ഒരു കർഷകൻ ആയിരുന്നു ഇദേഹം. അതിനാൽ തന്നെ അദ്ദേഹം ആദ്യം ട്രാക്‌ടർ നിർമ്മാണത്തിലൂടെയാണ് തുടക്കം കുറിച്ചത്. തുടർന്ന് വാഹനങ്ങൾക്കായുള്ള ഹീറ്റർ, എയർകണ്ടീഷനിംഗ് സിസ്‌റ്റം തുടങ്ങിയവ രൂപ കൽപന ചെയ്‌തു.
1963 ൽ ആദ്യ കാറായ ലംബോർഗിനി 350 ജി. ടി. വി നിർമ്മിച്ചു. അതേ വർഷം തന്നെ പരിഷ്‌ക്കരിച്ച മോഡലായ ലംബോർഗിനി 350 ജി. ടിയും വിപണിയിലെത്തി. ഇന്ന് ഈ ആഢംബര വാഹനം ലോക വ്യാപകമായ ശ്രദ്ധയും അംഗീകാരവും നേടിയെടുത്തതിനു പിന്നിൽ ഇതിന്‍റെ പ്രത്യേക സവിശേഷതകളും കോടികൾ വിലമതിക്കുന്ന മൂല്യവുമാണ്.
ഇന്ന് 50 രാജ്യങ്ങളിലായി ഈ വാഹനത്തിന്‍റെ വിപണനം നടക്കുന്നുണ്ട്. ലംബോർഗിനിയുടെ പുതിയ മോഡൽ ആയ യുറസ് ന്‍റെ വില ഏകദേശം 3.5 കോടി വരും.
മൈലേജ് - 7 കിലോമീറ്റർ!
പോരുകാള - നല്ല രാശി
ഈ വാഹനത്തിൽ കറുത്ത പ്രതലത്തിൽ സ്വർണ്ണാക്ഷരങ്ങളിൽ ലംബോർഗിനി എന്ന പേര് ആലേഖനം ചെയ്‌തിരിക്കുന്നു. പോരുകാളയുടെ ചിത്രമാണ് ലംബോർഗിനി ലോഗോ. ഫെറൂസിയോ ലംബോർഗിനിയുടെ രാശി ചിഹ്നമായ ടോറസിൽ നിന്നാണിത്. ഫെറൂസിയോ ലാംബോഗിനിക്ക് കാളപ്പോര് ഇഷ്‌ടവിനോദമായിരുന്നു.
സ്വർണ നിറം ശ്രേഷ്‌ഠതയുടേയും പാരമ്പര്യത്തിന്‍റേയും പ്രതീകമാണ്. കറുപ്പു നിറം ശക്‌തി, സമ്പൂർണ്ണത, അന്തസ്സ്, അഴക് എന്നിവ പ്രതിനിധാനം ചെയ്യുന്നു. ശക്‌തിയുടേയും സ്‌ഥിരതയുടേയും നിശ്ചയദാർഢ്യത്തിന്‍റേയും ചിഹ്‌നമായി കാളപ്പോരിനെ കണക്കാക്കുന്നു. കുതിച്ചുയരുന്ന ഒരു മുൻ നിര പോരാളിയെപ്പോലെ ലംബോർഗിനി കാർ ഇപ്പോൾ വിപണിയിയിൽ തലയെടുപ്പോടെ നിൽക്കുന്നു.
കാര്യം എന്തായാലും ലംബോർഗിനിയുടെ പുതിയ മോഡലുകൾക്ക് കാത്തിരിക്കുന്നവർ നിരവധി പേരുണ്ട്. പുതുതലമുറയിലെ ഈ കാറിനായി ലക്ഷോപലക്ഷം വാഹന പ്രേമികൾ കാത്തിരിക്കുന്നു ഒരു നോക്കു കണ്ട് സായൂജ്യമടയാൻ. പല ബോളിവുഡ് താരങ്ങൾക്കും ലംബോർഗിനി കളക്ഷനുണ്ട്.
നിലവിൽ മുംബൈയിലും ഡൽഹിയിലും ബാംഗ്ലൂരിലും ലംബോർഗിനി കാറുകളുടെ ഷോറൂമുകൾ ഉണ്ട്. സർവീസ് സംബന്ധമായ യാതൊരുവിധ ആശങ്കകൾക്കും അവകാശമില്ലെന്നാണ് കമ്പനി അധികൃതർ വ്യക്‌തമാക്കുന്നത്.
ഉപഭോക്‌താവിന്‍റെ നിർദേശമനുസരിച്ച് 48 മണിക്കൂറിനുള്ളിൽ കമ്പനിയുടെ മെക്കാനിക് വീട്ടിലെത്തും. പാർട്‌സ് മാറ്റേണ്ടി വരികയാണെങ്കിലും പ്രയാസപ്പെടേണ്ടതില്ല. ഏഴു ദിവസത്തിനുള്ളിൽ അതും ലഭ്യമാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വലിയ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ കാർ കമ്പനിയിലേക്ക് തിരികെ കൊണ്ടു പോകും. ഉടമ എവിടെ താമസിക്കുന്നു എന്നത് ഒരു പ്രശ്നം അല്ല.