പെട്ടെന്ന് കൗതുകം തോന്നി മിക്കവരും അക്വേറിയമോ ഫിഷ് ബൗളോ വീട്ടിൽ വാങ്ങി വയ്ക്കും. തുടക്കത്തിൽ അക്വേറിയത്തിലുള്ള മത്സ്യങ്ങളെ നല്ലപോലെ പരിപാലിക്കുമെങ്കിലും കുറച്ചുനാൾ കഴിയുന്നതോടെ സമയക്കുറവും തിരക്കുമൊക്കെയായി പരിപാലനം വല്ലപ്പോഴും ഒരിക്കലാകും. ചിലപ്പോൾ തീർത്തുമില്ലാതാകും. ഒടുവിൽ മത്സ്യങ്ങളെല്ലാം ഒന്നൊന്നായി ചത്തൊടുങ്ങുന്നതോടെ അക്വേറിയവും ഫിഷ് ബൗളും ഒക്കെയെടുത്ത് സ്റ്റോറിന്‍റെ മൂലിക്ക് തള്ളും. അങ്ങനെ തള്ളുന്ന ഇവ  റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കാം മറ്റൊരു രൂപത്തിൽ. ഉപയോഗശൂന്യമായ അക്വേറിയമോ ഫിഷ് ബൗളോ ഉണ്ടോ? എങ്കിൽ അത് വൃത്തിയാക്കി അതിമനോഹരമായ കലാവസ്തുക്കളൊരുക്കാം. വലിയ പണച്ചെലവില്ലാതെ അക്വേറിയവും ഫിഷ് ബൗളും ഉപയോഗിച്ച് വീട്ടിൽ ഭംഗിയുള്ള അലങ്കാര വസ്തു ഒരുക്കാം.

  • ഫിഷ് ബൗൾ മനോഹരമായ സ്റ്റോറേജ് ബൗളാക്കാം. തയ്യൽ വസ്തുക്കൾ, ഹെയർ ക്ലിപ്പുകൾ, ഹെയർ ബാൻഡുകൾ, റിബ്ബണുകൾ, ടൈ, പിൻ, ബട്ടണുകൾ, ബ്രോച്ചുകൾ എന്നിവ ഫിഷ് ബൗളിൽ ഇട്ട് വയ്ക്കാം.
  • ഫിഷ് ബൗളിനെ മനോഹരമായ ഒരു കാൻഡിൽ സ്റ്റാൻഡാക്കാം. കുറച്ച് വൃത്തിയുള്ള ഗ്രാവലോ മണലോ ബൗളിൽ ഇട്ടശേഷം അതിനുമീതെ പെബിൾസ് അല്ലെങ്കിൽ നിറമുള്ള കല്ലുകളോ നിരത്തുക. അതിനുശേഷം നടുവിൽ ഒരു മെഴുകുതിരി ഉറപ്പിച്ചു വയ്ക്കാം. വേണമെങ്കിൽ അതിനുചുറ്റും മുത്തുചിപ്പി വിതറിയിടുകയോ ചെയ്യാം. വിശേഷാവസരങ്ങിൽ പൂക്കളും കുഞ്ഞ് ഫ്ളവർ വാസും വെച്ച് ബൗളിന് അകവശം മനോഹരമാക്കാം. പെബിൾസ്  മാറ്റി കളർ ബീഡ്സും മാർബിൾ കല്ലുകളും വച്ച് ബൗൾ വ്യത്യസ്തമാക്കാം. പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കണം ബൗളിന്‍റെ അടി ഭാഗത്ത് മണൽ ഉണ്ടായിരിക്കണം, അല്ലെങ്കിൽ മെഴുകുതിരി ഉറപ്പിച്ച് നിർത്താനാകില്ല.
  • പഴയ അക്വേറിയമോ ഫിഷ് ബൗളോ ടെറാറിയമാക്കി മാറ്റാം. കുഞ്ഞ് ചെടികൾ വളർത്തുന്ന ഗ്ലാസ് കണ്ടെയ്നറിനെയാണ് ടെറാറിയം എന്നു വിശേഷിപ്പിക്കുക. അക്വേറിയമാണ് അതിനായി ഉപയോഗിക്കുന്നതെങ്കിൽ കുറച്ച് ഈർപ്പം മാത്രം വേണ്ടുന്ന ചെടികൾക്കായി അത് തുറന്ന് വയ്ക്കാം. എന്നാൽ ഈർപ്പം അധികം വേണ്ടുന്ന ചെടികളാണെങ്കിൽ അക്വേറിയം മൂടി വയ്ക്കാം. ടെറാറിയം ഒരുക്കുന്നതിന് ശരിയായ മണ്ണ് വാങ്ങണം. അക്വേറിയത്തിൽ വളർത്താൻ ഉദ്ദേശിക്കുന്ന ചെടികൾക്കനുസൃതമാകണം മണ്ണ്. വേണമെങ്കിൽ അക്വേറിയത്തിൽ ഒരു ഹെർബ് ഗാർഡൻ തന്നെ ഒരുക്കാം. കിച്ചൻ ജനാലയിൽ വച്ചാൽ മനോഹരമായ കാഴ്ച തന്നെ സൃഷ്ടിക്കും. അല്ലെങ്കിൽ ഒരു കോട്ടൻ ഗാർഡൻ ഒരുക്കി സൂര്യപ്രകാശം വരുന്ന ജനാലയിലോ ലിവിംഗ് റൂമിലോ വെയ്ക്കാം. പക്ഷേ, അമിതമായ നനവുമൂലം ചെടി ചീഞ്ഞുപോകാതെ സൂക്ഷിക്കുക.
  • ഓരോരുത്തരുടെ കലാഭിരുചി പ്രകടമാക്കാനുള്ള നല്ലൊരു ഉപാധിയാണ് അക്വേറിയം. അക്വേറിയം നന്നായി കഴുകി വൃത്തിയാക്കുക. ഗ്ലാസ് നല്ല ക്രിസ്റ്റൽ ക്ലിയറാകണം. ലിവിംഗ് റൂമിൽ പ്രധാനയിടത്തു തന്നെ അക്വേറിയം വയ്ക്കാം. അക്വേറിയത്തിനടിയിൽ സൈസിന് അനുസരിച്ച് തുണി മടക്കി വയ്ക്കുക. അല്ലെങ്കിൽ തടി മുറിച്ച് വയ്ക്കാം. അതിനുശേഷം ഇഷ്ടമുള്ള കലാവസ്തുക്കൾ ഭംഗിയായി നിരത്തി വയ്ക്കാം. കപ്പൽ, പ്രതിമ, പാവ അങ്ങനെ എന്തെങ്കിലും മനോഹരമായ വസ്തുക്കൾ. അകത്ത് വേണമെങ്കിൽ പ്രകാശസംവിധാനവും ഒരുക്കാം. ഒരു മിനിയേച്ചർ മ്യൂസിയം പോലെ മനോഹരമായ കാഴ്ച സൃഷ്ടിക്കാം.
  • ലിവിംഗ് റൂമിൽ പാറക്കല്ലും ചെറിയൊരു വെള്ളച്ചാട്ടവും കാണാനെന്ത് രസമായിരിക്കും. അക്വേറിയത്തിൽ സ്റ്റെയിൻ ഗ്ലാസോ ഓടോ നിരത്തുക. സ്വീകരണമുറിയിൽ ഉചതിമായ സ്ഥാനം നൽകുക. ഇതിൽ പെബിളും പാറക്കഷ്ണങ്ങളും ഒരു വശത്തായി ഭംഗിയായി ക്രമീകരിച്ച് വയ്ക്കുക. മറു ഭാഗത്ത് ചെറിയൊരു ഫൗണ്ടനും.
  • ഇഷ്ടമനുസരിച്ച് അക്വേറിയം ഒരു റോക്ക് ഗാർഡനും ആക്കാം. അധികം സൂര്യപ്രകാശം കടന്നുവരാത്തയിടത്ത് അക്വേറിയം വെച്ച് പാറക്കല്ലിൽ ചെറിയൊരു ബോണസായി വെച്ച് ചുറ്റിലും പെബിൾസ് നിരത്തിയാൽ റോക്ക് ഗാർഡനായി. ചെടി നനയ്ക്കുമ്പോൾ സൂക്ഷിക്കണം. വളരെ മിതമായ രീതിയിൽ മാത്രമേ ചെടി നനയ്ക്കാവൂ. കാരണം വെള്ളം പുറത്തേക്ക് വിടാൻ ഔട്ട്ലെറ്റ് ഇല്ല.
  • വലിയ അക്വേറിയത്തെ സൈഡ് ടേബിളായോ സെന്‍റർ ടേബിളായോ ഉപയോഗിക്കാം. ഗ്ലാസ് ടാങ്കിന്‍റെ വശങ്ങൾ വൃത്തിയുള്ളതായിരിക്കണം. സ്വീകണമുറയിൽ ഉചിത സ്ഥാനത്ത് വച്ച ശേഷം മണൽ, മുത്തുചിപ്പികൾ, ഗ്ലാസ് പെബിൾ, പേൾ പോലുള്ള മുത്തുകൾ എന്നിവ മനോഹരമായി ക്രമീകരിച്ച് വയ്കാകം. കൃത്രിമ ചെടികൾ അങ്ങിങ്ങായി ഉറപ്പിച്ച് വെള്ളം ഒഴിക്കുക. അല്ലെങ്കിൽ ഗാർഡൻ ലുക്ക് ലഭിക്കാനായി മണലിനൊപ്പം പാറക്കല്ലുകളും പെബിളും അടിവശത്ത് ക്രമീകരിക്കാം. ഒപ്പം കൃത്രിമചെടികളും വയ്ക്കാം. മണലും പാറക്കല്ലുകളും മൂന്നോ നാലോ ഇഞ്ച് കനത്തിൽ വേണം അക്വേറിയത്തിൽ ഇടാൻ.
  • ടാങ്കിന് മുകളിൽ അക്വേറിയത്തിന്‍റെ സൈസിനേക്കാൾ അൽപം വലുപ്പത്തിൽ പ്ലൈവുഡ് എടുക്കുക, നാല് സൈഡും സോഫ്റ്റായിരിക്കണം. റൂം ഡോക്കോർ തീം അനുസരിച്ച് പ്ലൈ പെയിന്‍റ് ചെയ്യുകയോ മൈക്ക ഒട്ടിക്കുകയോ ചെയ്യാം. ബ്യൂട്ടിഫുൾ സെന്‍റർ ടേബിൾ റെഡിയായി. പ്ലൈക്ക് പകരം ഗ്ലാസ് ടേബിൾ ടോപ്പും ഉപയോഗിക്കാവുന്നതാണ്. ഗ്ലാസ് ടോപ് വേണമെങ്കിൽ ഓവൽ ഷേപ്പിലുള്ളതോ വട്ടത്തിലുള്ളതോ സെലക്ട് ചെയ്യാം. ഗ്ലാസിന്‍റെ വശങ്ങൾക്ക് സ്മൂത്ത്നസ് പകരാൻ മുറിക്ക് ചേരുന്ന കളർ സെല്ലോടേപ്പ് ഒട്ടിക്കാം. അല്ലെങ്കിൽ ഗ്ലാസ് പെയിന്‍റ് ഉപയോഗിച്ച് ഡിസൈൻ ചെയ്യുകയോ പെയിന്‍റ് ചെയ്യുകയോ ചെയ്യാം. അക്വേറിയത്തിനുള്ളിൽ ലൈറ്റ് പിടിപ്പിക്കുകയും ചെയ്യാം. ഇത് അനക്കുകയോ മറ്റൊരിടത്തേക്ക് നീക്കുകയോ ചെയ്യരുത്.

ഇതുപോലെ പഴയ ഉപയോഗ ശൂന്യമായ അക്വേറിയമോ ബൗളുകളോ ഉണ്ടെങ്കിൽ അത് പാഴാക്കി കളയാതെ ഇപ്രകാരം അലങ്കാരപണികൾ ചെയ്ത് വീണ്ടും ഉപയോഗിക്കാം. ഇതുകൊണ്ട് രണ്ട് പ്രയോജനങ്ങൾ ഉണ്ട്, ഒന്ന് വീട്ടിൽ അഴകുള്ള അലങ്കാരവസ്തു വയ്ക്കാം. അൽപം ബുദ്ധിയും കലാവാസനയും ഉപയോഗിച്ച് അദികം പണച്ചിലവില്ലാതെ അവയെ വീണ്ടും ഉപയോഗത്തിൽ കൊണ്ടുവരാമെന്നതാണ് രണ്ടാമത്തെ കാര്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...