ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവ രക്തം. അവർക്ക് മുന്നിൽ ബന്ധനങ്ങളുടെ ചുമരുകൾക്ക് ഒരു സ്ഥാനവുമില്ല. തലയിലൂടെ ദുപ്പട്ട ധരിക്കണോ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം വേണോ അതോ സ്ലിറ്റ് ഉള്ള ഷോർട്ട് ടോപ്പ് വേണോ അതുമല്ലെങ്കിൽ ഓഫ് ഷോൾഡർ ഡ്രസ് വേണോ... എന്തു തന്നെ ആയാലും സ്വന്തം ആഗ്രഹത്തിന് മുൻതൂക്കം നൽകാനാണ് അവർക്ക് ഇഷ്ടം.
ആഘോഷപൂർവമായ ജീവിതശൈലിയോട് പ്രണയം സൂക്ഷിക്കുന്ന ആർക്ക് മുന്നിലും ഇപ്പോൾ അവസരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ഇങ്ങനെ കാലത്തിന് അനുസരിച്ച് മാറുന്ന ചിന്ത മനസ്സിലാക്കാൻ ഇന്നത്തെ സിനിമകൾ ശ്രദ്ധിച്ചാൽ മാത്രം മതി. കുറച്ച് കാലം മുമ്പ് വരെ നായികമാരുടെ വസ്ത്രധാരണ രീതിയിൽ വലിയ വിപ്ലവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പാറ്റേണുകളിലെ വ്യത്യസ്തത ഒഴിച്ചാൽ ചുരിദാർ, സാരി, മിഡി ഇവയുടെ പലപല വെറൈറ്റികൾ വന്നും പോയും ഇരുന്നു. അന്നൊക്കെ വസ്ത്രം കുറച്ച് ഗ്ലാമറസ് ആകുന്നതിനോട് മിക്ക താരങ്ങളും വിമുഖത കാണിച്ചിരുന്നു.
ഇപ്പോഴോ, ഗ്ലാമർ പ്രദർശിപ്പിക്കാൻ ഉള്ളതാണ് എന്നായി അവസ്ഥ. വസ്ത്രത്തിന്‍റെ പേരിൽ കരിയറിനെ കുരുക്കിയിടാൻ പറയുന്നവരോട് പോയി പണി നോക്കാൻ പറയുന്ന നവ യുവത്വം. ബോളിവുഡിന്‍റെ സീറോ സൈസ് സുന്ദരി എന്ന പേരിൽ പ്രശസ്തയായ കരീന കപൂർ ഖാൻ, മുതൽ പ്രിയങ്ക ചോപ്ര, ശിൽപാ ഷെട്ടി, സാറാ അലി ഖാൻ, കിയാര, ദീപിക പദുക്കോൺ, അലിയ ഭട്ട് എന്നിവർ വരെ ബിക്കിനി തങ്ങൾക്ക് കംഫർട്ട് വസ്ത്രമാണെന്ന് തെളിയിച്ചു.
ഹോട്ട് ലുക്ക് യഥാർത്ഥത്തിൽ സ്റ്റാർഡം തന്നെ ആണെന്ന് വിദ്യാ ബലനും തെളിയിച്ചു. മലയാളത്തിലും യുവ നായികാനിര കടുത്ത മേക്ക്ഓവറിലാണ്. ഇതെല്ലാം തന്നെ സാധാരണ യൂത്തിന്‍റെ സ്റ്റൈൽ സെൻസിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
വസ്ത്രധാരണത്തിൽ മാത്രമല്ല, മൊത്തം ജീവിതശൈലിയിൽ ആ മാറ്റം യുവാക്കൾ പരീക്ഷിച്ച് വിജയിച്ചു. ചെറു പട്ടണങ്ങളിൽ പോലും മഴ നൃത്തവും ലേറ്റ് നൈറ്റ് പാർട്ടികളും വളരെ ട്രൻഡിലാണ്. കൊറോണ ഇവയ്ക്ക് അൽപം തടസ്സം സൃഷ്ടിച്ചു എങ്കിലും വീണ്ടും സജീവമായിട്ടുണ്ട്. പബ്ബിലും ലേറ്റ് നൈറ്റ് പാർട്ടികളിലും പൺകുട്ടികൾ കൂടുതലായി വരുന്നു. സ്വയം വാഹനം ഓടിച്ച് അവർ വരുകയും പോകുകും ചെയ്യുന്നു. യുവത്വത്തിന്‍റെ ആഘോഷരീതികൾ നഖശിഖാന്തം എതിർത്തിരുന്ന പഴയ തലമുറയുടെ ചിന്താഗതിയിലും മാറ്റം വന്നിട്ടുണ്ട്, കൂടാതെ അവരും ഇത്തരം ട്രൻഡിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ്യം.
ഇന്ന് യുവത്വത്തിന്‍റെ വസ്ത്രധാരണത്തിൽ ഒരു യൂണിവേഴ്സൽ അപ്പീൽ പ്രകടമാണ് എന്ന് കാണാൻ സാധിക്കും. പെൺകുട്ടിയും ആൺകുട്ടിയും ഒരേ തരം വസ്ത്രം ധരിക്കുന്നു. പാന്‍റ്, ഷർട്ട്, കുർത്ത, ജീൻസ്, ടോപ്പ്,ഇതെല്ലാം രണ്ട് കൂട്ടരും ധരിക്കുന്നു. ചില ആൺകുട്ടികൾ മുടി വളർത്താൻ ഇഷ്ടപ്പെടുന്നു എന്നാൽ മറ്റു ചിലർ കാതു കുത്താനും മാലകൾ അണിയാനും ഇഷ്ടപ്പെടുന്നു.