പ്രത്യുല്പാദന കാലഘട്ടത്തിൽ ഗർഭാശയ ഭിത്തിയിൽ ഉണ്ടാകുന്ന മുഴകളെ ആണ് യൂട്ടറൈൻ ഫൈബ്രോയ്‍ഡ് അഥവാ ഗർഭാശയ മുഴകൾ എന്ന് പറയുന്നത്. യൂട്ടറൈൻ ലിയോമയോമ, മയോമ എന്നിങ്ങനെ പേരുകളിലും ഈ അവസ്ഥ അറിയപ്പെടുന്നു. ഏകദേശം 30- 40 വയസുവരെ പ്രായമുള്ളവരിൽ ഫൈബ്രോയ്‍ഡ് വരാനുള്ള സാധ്യത കൂടുതൽ ആണ്. സാധാരണയായി ഒരു ചെറുപയറിന്‍റെ വലുപ്പം മുതൽ കൂടുതൽ വലുപ്പത്തിലേക്ക് വരെ ഈ മുഴകൾ വളരാറുണ്ട്. എന്നാൽ ഇവ അർബുദമായി മാറാനുള്ള സാധ്യത വളരെ കുറവാണ്.

കാരണങ്ങൾ

ഗർഭാശയ മുഴകൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നുള്ള കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഇവ ആർക്കൊക്കെ ഉണ്ടാകുന്നു എന്ന് നോക്കാം.

  • ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്ററോൻ തുടങ്ങിയ ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം ഫൈബ്രോയ്‍ഡ് വളർച്ചയ്ക്ക് കാരണമാകുന്നു. ഈ ഹോർമോൺകൾ കൂടുന്നതിനനുസരിച്ചു മുഴകളുടെ വലുപ്പവും കൂടുന്നു.
  • അമിതവണ്ണം- അമിതമായ ശരീരഭാരം ഗർഭാശയ മുഴകളുടെ സാധ്യത കൂട്ടുന്നു. അതിനാൽ ഒരാളുടെ ഉയരത്തിനനുസരിച്ചുള്ള വണ്ണം മാത്രമേ നിലനിർത്താവൂ.
  • പാരമ്പര്യം- ഒരു സ്ത്രീയുടെ അമ്മയ്ക്കോ സഹോദരിമാർക്കോ ഗർഭാശയ മുഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഭാവിയിൽ ഇവർക്കും ഫൈബ്രോയ്‍ഡ് വരാനുള്ള സാധ്യത മൂന്നു മടങ്ങു കൂടുതലാണ്.
  • ചുവന്ന മാംസത്തിന്‍റെ (ആട്, പോത്ത്, കാള, പന്നി) അധിക ഉപയോഗം ഗർഭാശയ മുഴകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നു.
  • വിപണിയിൽ നിന്ന് ലഭിക്കുന്ന വിവിധ രാസ വസ്തുക്കൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം വഴി ഫൈബ്രോയ്‍ഡ് ഉണ്ടാകാനും അവ കൂടുതൽ വലുപ്പം വെക്കാനും ഇടയാകുന്നു.
  • താരതമ്യേന ആർത്തവം നിന്നവരിൽ ഫൈബ്രോയ്‍ഡ് വരാൻ സാധ്യത വളരെ കുറവാണ്.

ലക്ഷണങ്ങൾ എന്തൊക്കെ?

ഏകദേശം 75% സ്ത്രീകളിൽ ഗർഭാശയ മുഴകൾ ഉണ്ടെങ്കിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല. എന്നാൽ ഈ മുഴകളുടെ സ്ഥാനവും വലിപ്പവും അനുസരിച്ച് പല ലക്ഷണങ്ങളും കാണുന്നു.

  • ആർത്തവത്തിന് ഒരാഴ്ച്ച മുന്നേ ആരംഭിക്കുന്ന അസഹ്യമായ വയറുവേദന, നടുവേദന
  • വയറിനുള്ളിൽ ഭാരം തോന്നുക.
  • പതിവായുണ്ടാകുന്ന അബോർഷൻസ്.
  • ആർത്തവ സമയത്ത് അമിത രക്തസ്രാവം അത് ചിലപ്പോൾ ഒരാഴ്ച്ചക്ക് ശേഷവും നീണ്ടു നിൽക്കാം.
  • വന്ധ്യത
  • ഗർഭിണികളിൽ ഗർഭാശയ മുഴകൾ ഉണ്ടായാൽ മാസം എത്താതെയുള്ള പ്രസവം, ഗർഭസ്ഥ ശിശുവിനു മരണം എന്നിവ ഉണ്ടായേക്കാം.
  • ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുകയോ മൂത്രം മുഴുവനായി പോകാത്തത് പോലെയോ അനുഭവപ്പെടുക.
  • മലവിസർജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുക.
  • അമിതമായ രക്തസ്രാവം മൂലം വിളർച്ച, ക്ഷീണം, കിതപ്പ് എന്നീ പ്രശ്നങ്ങളും കണ്ടുവരുന്നു.

രോഗനിർണയം

അൾട്രാ സൗണ്ട് സ്കാനിംഗ്, MRI, CT, ലാപ്രോസ്കോപ്പി തുടങ്ങിയ നൂതന രോഗനിർണയ രീതികൾ ഗർഭാശയ മുഴകളുടെ സ്ഥാനവും വലിപ്പവും സ്ഥിതീകരിക്കാൻ ഉപയോഗിക്കുന്നു.

ആയുർവേദ ചികിത്സ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗത്തിന്‍റെ സങ്കീർണതയും രോഗിയുടെ ആരോഗ്യവും നോക്കിയാണ് ഇവിടെ ചികിത്സ നിർദേശിക്കുന്നത്.

ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ഗർഭാശയ മുഴകളിൽ അവയുടെ വളർച്ച തടയാൻ ആവശ്യമുള്ള പഥ്യവും ആവശ്യമെങ്കിൽ മരുന്നുകളും നൽകുന്നു. പക്ഷേ മുൻപ് സൂചിപ്പിച്ചിട്ടുള്ള ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ആർത്തവ ചക്രത്തിന്‍റെ ഘട്ടങ്ങൾ അനുസരിച്ചാണ് ഔഷധങ്ങൾ നിശ്ചയിക്കുന്നത്.

അമിതമായ രക്തസ്രാവമുള്ളപ്പോൾ അവ കുറയാൻ മരുന്ന് നിർദേശിക്കുന്നു, രക്തസ്രാവം ശമിച്ച ഇടവേളയിൽ ഫിബ്രോയ്‍ഡിന്‍റെ വലുപ്പം കുറയാനുള്ള ഔഷധങ്ങളും നൽകുന്നു.

സംസ്കരിച്ച ധാന്യങ്ങൾ മധുര പദാർഥങ്ങളുടെ അമിത ഉപയോഗം, പൂരിത കൊഴുപ്പുകൾ അടങ്ങിയ ആഹാരങ്ങൾ ഇവ കർശനമായി നിയന്ത്രിക്കണം. പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പാവക്ക, മുരിങ്ങ, പടവലം ഇതൊക്കെ ഫൈബ്രോയ്‍ഡിന്‍റെ വലുപ്പം കുറയ്ക്കാൻ സഹായിക്കുന്നു കൂടാതെ ആർത്തവ ക്രമക്കേടുകൾക്ക് ഇഞ്ചി, മഞ്ഞൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.

ഇങ്ങനെ ആയുർവേദ ചികിത്സയിലൂടെ ഗർഭാശയ മുഴകളുടെ വലുപ്പം വർദ്ധിക്കാതെയും അനുബന്ധമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശരീരഭാരം കുറയ്ക്കുക.
  • തവിടോട് കൂടിയ ധാന്യങ്ങൾ, പച്ചക്കറികൾ, മാതളം ഇവ ഉൾപ്പെടുത്തുക.
  • ആർത്തവ സമയത്ത് വിശ്രമം ചെയ്യുക. അധികം ഭാരപ്പെട്ട പണികൾ ചെയ്യാതിരിക്കുക. ഉദാഹരണം പറയുകയാണെങ്കിൽ കുമ്പിട്ടു മുറ്റമടിക്കുക, അലക്കുക, തുടയ്ക്കുക എന്നീ ജോലികൾ ഒഴിവാക്കുകയും ബൈക്ക് യാത്രകളും വ്യായാമങ്ങളും ഒഴിവാക്കുക
  • ചുവന്ന മുളക്, അച്ചാർ, വിനാഗിരി,അമ്ളരസം കൂടുതലായ ഭക്ഷ്യ വസ്തുക്കൾ,വിപണിയിൽ നിന്ന് ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണം ഇവയുടെ ഉപയോഗം കുറയ്ക്കുക.

Dr. ശ്രീലക്ഷ്മി ആദർശ്, BAMS, MD(Ay)
പൊക്കാഞ്ചേരി ഐകെയർ ക്ലിനിക്‌
വലപ്പാട്, തൃശ്ശൂർ

और कहानियां पढ़ने के लिए क्लिक करें...