അൽഷിമേഴ്സ് രോഗികളെ ശുശ്രൂഷിക്കുക എന്നത് വളരെയോറെ വിഷമകരമായ ഒരു കാര്യമാണ്. വളരെയധികം ശ്രദ്ധയും ക്ഷമയും സഹനവുമൊക്കെ ഇതിന് ആവശ്യമാണ്. ഈ രോഗം വന്നു കഴിഞ്ഞാൽ എങ്ങനെയാണ് രോഗിയോട് ഇടപെടേണ്ടത് എന്നറിയാതെ പലരും കുഴങ്ങുന്നു. താഴെ പറയുന്ന പൊതുവായ ചില നിർദ്ദേശങ്ങൾ രോഗീപരിചരണത്തിന് പ്രയോജനപ്പെടുത്താം.
- രോഗിയുടെ ജീവിതക്രമവും പരിസരവും ചിട്ടപ്പെടുത്തുക
രോഗികളുടെ ദിനചര്യകൾക്ക് ചിട്ടയും ക്രമവും നൽകുന്നത് വളരെ ഉപകാരപ്രദമായിരിക്കും. ഉദാ: രോഗിക്ക് ഭക്ഷണം കൊടുക്കുന്നതിനും കുളിപ്പിക്കുന്നതിനും ഒക്കെ ഒരു നിശ്ചിത സമയം തീരുമാനിക്കുക. ഒരേ സ്‌ഥലത്ത് വച്ച് തന്നെ എന്നും ഭക്ഷണം നൽകുക, കുളിക്കാൻ പോകുന്നതിനു മുമ്പ് തോർത്ത്, സോപ്പ്, എണ്ണ ഇവയെല്ലാം കുളിമുറിയിൽ നേരത്തേ തന്നെ തയ്യാറാക്കി വയ്ക്കുക.
രോഗി ജീവിക്കുന്ന ചുറ്റുപാടുകളിൽ മാറ്റം വരുത്തുന്നത് വളരെ ശ്രദ്ധിച്ചു വേണം. ഉദാ: രോഗ വളരെക്കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മുറിയിൽ നിന്ന് മാറുക, ഫർണീച്ചർ സ്ഥാനം മാറ്റിയിടുക. മാറിയ പരിസ്‌ഥിതികളുമായി പൊരുത്തപ്പെടാൻ പലർക്കും കഴിയാതെ വരികയും ആശയക്കുഴപ്പം വളരെ.ധികം വർദ്ധിക്കുകയും ചെയ്യും. ചിട്ടപ്പെടുത്തിയ ജീവിതം സുരക്ഷിതത്വബോധം നൽകുകയും ആശയക്കുഴപ്പം കുറയ്ക്കുകയും ചെയ്യുന്നു.
- രോഗിയുടെ കഴിവുകൾക്ക് അനുസരിച്ച് സ്വാതന്ത്യ്രം അനുവദിക്കുക
നഷ്ടപ്പെടാതെ നിലനിൽക്കുന്ന കഴിവുകൾ സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് രോഗിയെ അനുവദിക്കുക. സ്വയം ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ മറ്റുള്ളവർ ചെയ്തു കൊടുക്കുന്നതു മൂലം രോഗിയുടെ അവശേഷിക്കുന്ന കഴിവുകൾ കൂടി നഷ്ടപ്പെടുകയും പരാശ്രയത്വം വളരുകയും ചെയ്യുന്നു. രോഗിക്ക് ഏതെല്ലാം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ സാധിക്കും. ഏതെല്ലാം കാര്യങ്ങൾക്ക് സഹായം ആവശ്യമുണ്ട് എന്നുള്ളതിനെക്കുറിച്ച് പരിചരിക്കുന്നവർക്ക് വ്യക്‌തമായ ധാരണ ഉണ്ടായിരിക്കണം.
- രോഗികൾക്ക് അർഹമായ ബഹുമാനം നൽകി ആത്മാഭിമാനവും ആത്മവിശ്വാസവും നിലനിർത്താൻ സഹായിക്കുക
രോഗബാധിതനാണെങ്കിലും മറ്റുള്ളവർ പറയുന്ന കാര്യങ്ങളും പ്രവൃത്തികളും രോഗിക്ക് വിഷമതകളുണ്ടാക്കാം. രോഗിയുടെ സാന്നിദ്ധ്യത്തിൽ രോഗത്തെക്കുറിച്ചും രോഗിയുടെ ന്യൂനതകളെക്കുറിച്ചും ചർച്ച ചെയ്യാതിരിക്കുക. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ സംസാരം നടത്താം.
- ക്ഷമയോടും സ്നേഹത്തോടും കൂടി വേണം രോഗിയെ പരിചരിക്കേണ്ടത്
രോഗിയോട് ദേഷ്യപ്പെടുകയോ വാക്കു തർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. രോഗിയുടെ പെരുമാറ്റത്തിലെ വൈകല്യങ്ങൾ രോഗം മൂലമാണെന്ന് മനസ്സിലാക്കി ക്ഷമിക്കുക. സ്നേഹത്തടെ പരിചരിക്കുന്നത് അവരിൽ ആത്മാഭിമാനം നിലനിർത്തും.
- രോഗിക്ക് ലളിതമായ നിർദ്ദേശങ്ങൾ നൽകുക
ഒരു സമയത്ത് പല കാര്യങ്ങൾ ചെയ്യാൻ ഒരേ സമയത്ത് പറയാതിരിക്കുക. ഓരോന്നായി ലളിതമായി പറഞ്ഞു മനല്ലിലാക്കിപ്പിക്കുക. എളുപ്പമുള്ള രീതികൾ അവലംബിക്കാൻ പ്രോത്സാഹിപ്പിക്കുക.
- രോഗിയുടെ സുരക്ഷിതത്വം പ്രത്യേകം ശ്രദ്ധിക്കുക
അപകട സാദ്ധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി പരിഹരിക്കാൻ ആലോചിക്കുക. വീഴ്ചകളും ക്ഷതങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് പരിഹാര മാർഗ്ഗങ്ങൾ ഉണ്ടാക്കുക.
- രോഗിയുടെ ശാരീരികാരോഗ്യം നിലനിർത്താൻ സഹായിക്കുക
പോഷകാഹാരം, വ്യായാമം തുടങ്ങിയവ വളരെ ആവശ്യമാണ്. ശാരീരിക രോഗങ്ങൾ യഥാസമയം ചികിത്സിക്കുക. നിത്യേന വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുക. മരുന്നുകൾ, വിഷ വസ്തുക്കൾ ഇവ രോഗിയുടെ അടുത്തുനിന്ന് മാറ്റിവയ്ക്കുക.
- നർമ്മബോധം നിലനിർത്തുക
ഡിമെൻഷ്യ ബാധിച്ച വ്യക്‌തിയോട് തമാശ പറയാനും ചിരിക്കാനും നമുക്ക് കഴിയണം. നർമ്മബോധം മാനസിക സംഘർഷത്തെ ലഘൂകരിക്കുന്നു. സന്തോഷിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത്. രോഗാവസ്‌ഥ ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണെങ്കിലും രോഗിയുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗിയെ പരിചരിക്കുന്നവരുടെ വിഷമതകളും സംഘർഷങ്ങളും ലഘൂകരിക്കുന്നതിനും വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും.