ആഘോഷങ്ങൾ.... ആഘോഷങ്ങൾ.... നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ആഹ്ലാദവും ആവേശവുമായി അവ മുറ തെറ്റാതെ എത്തുന്നു. ഗൃഹാതുരമായ ഓർമ്മകളാണ് ഓരോ ആഘോഷവും സമ്മാനിക്കുന്നത്. തിരക്കുകൾ മാറ്റി വെച്ച് ബന്ധുക്കളോടൊപ്പം ആഘോഷത്തിൽ പങ്കുചേരാനുള്ള സുവർണ്ണാവസരം ഇന്നാരും വിട്ടുകളയാറില്ല.
വർണ്ണ വൈവിദ്ധ്യമാർന്ന പാരമ്പര്യ തനിമ പുലർത്തുന്ന വേഷവിതാനങ്ങളാണ് ഉത്സവക്കാലത്തിന് മാറ്റ് പകരുന്നത്. ആഘോഷങ്ങൾക്ക് നിറങ്ങളാണ് പ്രധാനം. വർണ്ണ വൈവിദ്ധമാർന്ന വേഷങ്ങളില്ലെങ്കിൽ പിന്നെന്ത് ആഘോഷം. എന്നാൽ പുതുതലമുറ പാരമ്പര്യ വേഷങ്ങൾക്ക് പകരമായി ഡിസൈനർ, വെസ്റ്റേൺ വേഷങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അത്തരം വേഷങ്ങളിലാണ് അവർ കൂടുതൽ കംഫർട്ടബിൾ.
പാരമ്പര്യ ഡിസൈനർ വേഷങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്?
ഇന്ത്യൻ വേഷങ്ങളിൽ പോലും വെസ്റ്റേൺ ഫാഷൻ ഏറെ സ്വാധീനെ ചെലുത്തിയിട്ടുണ്ട് എന്നാണ് ഫാഷൻ ഡിസൈനർമാർ ഓരേ സ്വരത്തിൽ പറയുന്നത്. ഇന്ന് മിക്കവരും ഏതെങ്കിലും മാസികയുടെ കവർ പേജിലോ സോഷ്യൽ മീഡിയയിലോ കണ്ട മോഡലുകൾ അണിഞ്ഞു കാണുന്ന തരം വേഷങ്ങൾ അണിയാനാണ് കൂടുതൽ താത്പര്യം കാട്ടുന്നത്. ചിത്രങ്ങൾ കാട്ടി ഡ്രസ് തയ്പിച്ചെടുക്കുന്നതും വളരെ കൂടിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ ഇത്തരം ബോൾഡ് വേഷങ്ങൾ ധരിക്കാൻ നമ്മുടെ സംസ്കാരവും പാരമ്പര്യവും അനുവദിക്കുന്നില്ലെങ്കിൽ കൂടി അത്തരം വേഷങ്ങൾ ട്രൈ ചെയ്യുന്നവരും കുരവല്ല. വെസ്റ്റേൺ സ്റ്റൈലിന് ഇന്ത്യൻ ലുക്ക് നൽകിയും ട്രെഡീഷണൽ വിയറിന് മോഡേൺ ലുക്ക് നൽകിയും വേറിട്ട സ്റ്റൈൽ പകരുന്നു.
സാരി
ലാളിത്യവും സൗന്ദര്യവും ഒത്തുചേർന്ന വേഷമാണ് സാരി. വിശേഷാവസരങ്ങളിൽ ധരിക്കാൻ എക്സ്ലൂസീവായ ഐറ്റങ്ങൾ സാരിയിലും ലഭ്യമാണ് ഇപ്പോൾ. ആഘോഷാവസരങ്ങൾക്കായുള്ള എംബ്രോയ്ഡറി ചെയ്തതും മിക്സ് മാച്ചായുള്ള ഷരാരയും ഹാഫ് സാരിയും പെൺകുട്ടികളുടെ ഇഷ്ടവേഷമാണ്. ധരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഹെവി വർക്കുകളും ഡിസൈനുകളും ഒഴിവാക്കിയുള്ള ഫാഷനുകളുമുണ്ട് ഇക്കൂട്ടത്തിൽ.
പൊതുവേ ആഘോഷാവസരങ്ങളിൽ നോർമൽ സാരിയ്ക്ക് പകരം ഫാഷനബിൾ ഡിസൈനർ സാരി അണിയാൻ ഇഷ്ടപ്പെടുന്നവരും കുറവല്ല. സാരികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിനാൽ ബ്ലൗസിൽ പരീക്ഷണം നടത്തിയും സാരി ഫാഷനബിൾ വേഷമാക്കാൻ കഴിയും. കഴുത്തിലും കൈയിലും ഡിസൈനുകൾ കൊണ്ട് വൈവിദ്ധ്യം സൃഷ്ടിച്ചും കട്ടിംഗിൽ വ്യത്യസ്തത പുലർത്തിയും ബ്ലൗസ് വേറിട്ടതാക്കാം.
കുട്ടികൂട്ടങ്ങൾക്ക്
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് ഫാഷന്‍റെ കാര്യത്തിൽ ഭാഗ്യവതികൾ. വിശേഷാവസരങ്ങളിൽ സ്യൂട്ടും ഗാഗ്രയും ഫ്രോക്കും ആണ് ക്യൂട്ട് ലിറ്റിൽ ഗേൾസിന് ഇണങ്ങുക. കുട്ടികളുടെ ഓൾ ടൈം ഫേവറേറ്റ് വേഷം കൂടിയാണിത്. ഡിസൈനുകളുള്ള ചുരിദാറും ഷോളുമാണ് മറ്റൊരു ആകർഷക വേഷം. പട്ടുപാവാടയും ഡിസൈനർ ടോപ്പും ഫെസ്റ്റിവൽ വിയറിലെ മറ്റൊരു താരമാണ്. ആഘോഷാവസരങ്ങളഇൽ ഡിസൈനർ വേഷങ്ങളാണിഞ്ഞ് ആടിയും പാടിയും തിമിർക്കുന്ന കുഞ്ഞ്ഗേൾസിന്‍റെ ഫാഷൻ ലോകത്ത് ഇനിയുമുണ്ട് കൗതുകങ്ങൾ.
സൽവാർ സ്യൂട്ട്
ടീനേജ് പെൺകുട്ടികൾക്കിടയിൽ ഒരു ഹോട്ട് വേഷമായി മാറിയിരിക്കുകയാണ് ചുരിദാർ. പിങ്ക് ഗ്രീൻ, ഡാർക്ക് ബ്രൗൺ, മെറൂൺ, ബ്രൗൺ ആന്‍റ് ബ്ലൂ തുടങ്ങിയ മിക്സ് മാച്ച് നിറങ്ങളിലും സിംഗിൾ നിറങ്ങളിലും ഈ വേഷം ഹിറ്റാണ്. ഫംഗ്ഷൻ വിറയറായാണ് ചുരുദാറുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്.