കംഫർട്ടബിൾ, ക്ലാസിക്, ട്രെൻഡി എന്നിവയുടെ സങ്കലനമാണ് ജെൻ ഇസഡ് ഫാഷന്‍റെ അന്തഃസന്ത. ഫാഷനെ പുതിയ ഒരു കാഴ്ചപ്പാടിൽ നോക്കി കാണുന്നവരാണ് പുതു തലമുറ. ദൈനംദിന വസ്ത്രങ്ങൾക്ക് പുതിയൊരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റ് പകരാൻ ഇഷ്‌ടപ്പെടുന്നു ഇക്കൂട്ടർ. ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. ജെൻ ഇസഡുകാരെപോലെ ട്രെൻഡി ലുക്ക് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ പുതുതലമുറയുടെ പ്രിയപ്പെട്ട ഫാഷൻ ട്രെൻഡുകളും സ്റ്റൈലിംഗ് വിദ്യകളും ഒന്ന് പരീക്ഷിച്ചു നോക്കാം.
ക്ലോവ് സോക്‌സിനൊപ്പം സ്‌മാർട്ട് ലുക്ക്
ജിം സ്പോർട്സ് ഷൂകൾക്കോ അല്ലെങ്കിൽ ഓഫീസ് ലോഫറുകൾക്കൊപ്പമോ കണങ്കാൽ വരെ നീളമുള്ള സോക്‌സുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽ തലമുറക്കാർ. എന്നാൽ ഈ പ്രവണതയ്ക്ക് തീർത്തും എതിരാണ് ജെൻസി അഥവാ ജെൻ ഇസഡുകാർ. നീളമുള്ള സോക്സുകൾ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട ആക്സസറികളിൽ ഒന്നാണ്. ഇവ രണ്ടും കംഫർട്ടബിൾ തന്നെ. ജിമ്മിനുള്ള ലെഗ്ഗിംഗ്‌സായാലും ഓഫീസ് ഫോർമലായാലും നീളമുള്ള സോക്‌സുകൾ തിരഞ്ഞെടുക്കുന്നവരാണ് പുതിയ തലമുറ. ഈ സോക്‌സുകൾക്ക് ഒപ്പം വലിപ്പം കൂടിയ ഹൂഡികളോ ടീ-ഷർട്ടുകളോ ധരിച്ചു സ്‌റ്റൈൽ ചെയ്യാം. അല്ലെങ്കിൽ മിനി സ്കർട്ടുകളും ഷോർട്ട്സും ഉപയോഗിച്ച് കളർ പ്രിന്‍റ് സോക്‌സുകളെ സ്‌റ്റൈൽ ചെയ്യാം.
മോം ജീൻസിന്‍റെ റെട്രോ വൈബ്
മോം ജീൻസിനോട് വലിയ ഭ്രമമുള്ളവരാണ് ജൻ ഇസഡുകാർ. സുഖകരമാണെന്ന് മാത്രമല്ല ഇത് റെട്രോ വൈബും നൽകും. ഒപ്പം ക്രോപ്പ് ടോപ്പോ ബ്രെയ്‌സ്‌ലറ്റോ ഉപയോഗിച്ച് സ്‌റ്റൈലും ചെയ്യാം. ടക്ക്-ഇൻ ഷർട്ടിനൊപ്പം ഈ ഹൈ വെയ്‌സ്‌റ്റ് ജീൻസ് ധരിച്ച് സ്റ്റൈലിഷ് ലുക്കും പകരാം. കൂടുതൽ ഭംഗി നൽകുന്നതിന് വൈറ്റ് സ്‌നീക്കറുകളും ലൈറ്റ് ആഭരണങ്ങളും ഇതിന് ഒപ്പം അണിയാം.
ബോയ്ഫ്രണ്ട് ജീൻസ്
ബോയ്ഫ്രണ്ട് ജീൻസിന്‍റെ ബാഗി ഫിറ്റും സൗകര്യങ്ങളും അതിനെ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട കാഷ്വൽ ചോയിസാക്കി മാറ്റുന്നു. ഫിറ്റഡ് ടീ-ഷർട്ടിന്‍റെയോ ബോഡിസ്യൂട്ടിന്‍റെയോ കോൺട്രാസ്‌റ്റ് ലുക്ക് ബോയ്‌ഫ്രണ്ട് ജീൻസിനൊപ്പം പരീക്ഷിച്ചുനോക്കാം. ലെയറിംഗിനായി കൂടെ ഡെനിം ജാക്കറ്റോ ഫ്ളാനൽ ഷർട്ടോ ഉപയോഗിക്കാം. ഗ്ലാമർ ടച്ച് നൽകാൻ ഹീൽസോ സ്ലൈഡറുകളോ ഉപയോഗിച്ച് ഇത് പെയർ ചെയ്യാം.
ക്ലാസി ലുക്കിന് മോണോക്രോം സ്‌റ്റൈൽ
മോണോക്രോം ലുക്ക് അതായത് ഒരേ നിറത്തിലുള്ള വ്യത്യസ്‌ത ഷേഡുകൾ സംയോജിപ്പിക്കുന്ന സ്റ്റൈലിംഗ് ജെൻ ഇസഡിന്‍റെ ഏറ്റവും മികച്ച ട്രെൻഡുകളിൽ ഒന്നാണ്. ഇതിൽ നിറങ്ങൾക്ക് പരിധിയില്ല എന്നതാണ് ഹൈലൈറ്റ്. പിങ്ക്, പർപ്പിൾ, പച്ച, നീല എന്നീ വ്യത്യസ്‌ത ഷേഡുകൾ ഒരുമിച്ച് സ്റ്റൈൽ ചെയ്യാം. എന്നാൽ ഒരു സമയം ഒരു നിറം മാത്രമേ തിരഞ്ഞെടുക്കാവൂ എന്നകാര്യം പ്രത്യേകം ഓർമ്മിക്കുക. കമ്മലുകൾ മുതൽ ടോപ്പ്, ജാക്കറ്റ്, ഷൂസ്, പഴ്‌സ് വരെ എല്ലാം ഒരേ നിറത്തിലുള്ളതായിരിക്കണം. ബ്ലാക്ക്, വൈറ്റ്, ബെയ്ജ് അല്ലെങ്കിൽ ഗ്രേ പോലുള്ള അടിസ്‌ഥാന നിറങ്ങളിൽ ഒരു മോണോക്രോം ലുക്ക് സ്വീകരിക്കാം. വ്യത്യസ്‌ത ടെക്സചറുകൾ ചേർത്ത് സ്വന്തം ലുക്ക് രസകരമാക്കാം.