സിനിമാ കൊട്ടകകൾ പൊളിച്ച് കല്ല്യാണ മണ്ഡപങ്ങളാക്കുന്നതിനു മുമ്പുള്ള കാര്യമാണിത്. അന്നൊക്കെ കല്ല്യാണം കഴിഞ്ഞ് രണ്ടാംദിവസം പുതുപ്പെണ്ണും ചെക്കനും കൂടി ഒരു സിനിമയ്‌ക്ക് പോകും. കാരണവന്മാരുടെ സമ്മതമൊക്കെ വാങ്ങി പുതുമോടിയോടെയാണ് യാത്ര. വഴിയിൽ കാണുന്ന പരിചയക്കാരൊക്കെ സ്‌നേഹത്തോടെ ചോദിക്കും. എവിടേയ്‌ക്ക്യാ പോണത്?
ഒരേ വാസന സോപ്പിന്‍റെ മണമുള്ള നവദമ്പതികൾ നാണം മറച്ച് കൊണ്ട് പറയും. “ഒരു സിനിമയ്‌ക്ക് പോകാണ്!”
കാലത്തിന്‍റെ റീൽ ഡിജിറ്റലിന് വഴിമാറി, സിനിമാ തീയറ്ററുകൾ പൊളിച്ച് കല്ല്യാണ മണ്ഡപങ്ങൾ ഉയർന്നു വന്നു. ഭാര്യയെ ടിക്കറ്റിനുള്ള ക്യൂവിൽ നിർത്തി കാത്തു നിൽക്കുന്ന ഭർത്താവിന്‍റെ സീനും ഇല്ലാതായി. എങ്കിലും സിനിമയും കല്ല്യാണവും തമ്മിലുള്ള ബന്ധത്തിനു യാതൊരു കുറവും വന്നിട്ടില്ല. വെള്ളിത്തിരയിൽ കല്ല്യാണക്കഥകൾ പറയുന്ന ചിത്രങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു...
ടിക്കറ്റെടുക്കാതെ ഏതാനും വെഡിംഗ് സിനിമകൾ കാണാം വിവിധ ഭാഷകളിൽ!
മലയാളത്തിലെ മിന്നുകെട്ട് മലയാളത്തിലിറങ്ങിയ മിക്ക സിനിമയിലും ഒരു കല്ല്യാണം ഉണ്ടാവും. പക്ഷേ കല്ല്യാണം മുഴുനീള പ്രമേയമാക്കിയ നല്ല ചിത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരിക കല്ല്യാണരാമനായിരിക്കും. കല്ല്യാണം നടത്തിപ്പുകാരുടെ ജീവിതമുഹൂർത്തങ്ങളിലൂടെ കല്ല്യാണക്കഥ പറഞ്ഞ ഹാസ്യ ചിത്രമാണിത്. മലബാറിൽ കല്ല്യാണം ഒരു മഹോത്സവം ആണ്. അവിടത്തെ കല്ല്യാണ രാവുകൾ ചങ്ങാതിക്കൂട്ടങ്ങളുടെ തമാശകൾ കൊണ്ട് സമ്പന്നമായിരിക്കും. ഇത് കല്ല്യാണസൊറ എന്നാണ് അറിയപ്പെടുന്നത്. കല്ല്യാണ സൊറയുടെ കഥ പറഞ്ഞ ചിത്രമാണ് മലബാർ വെഡിംഗ്. കുട്ടിക്കളി മാറാത്ത പയ്യൻ ബുദ്ധിമതിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചപ്പോഴുണ്ടായ താളപ്പിഴകളാണ് ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിന്‍റെ പ്രമേയം.
ഭാമയും ജയസൂര്യയും പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം, ആധുനിക ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. ഹാപ്പി വെഡിങ്, ഹണി ബീ എന്നി ചിത്രങ്ങളിലും വിവാഹം ആണ് അടിസ്ഥാന തീം. ഈയടുത്തകാലത്ത് കല്ല്യാണക്കഥ വളരെ മനോഹരമായി ചിത്രീകരിച്ച സിനിമയാണ് അങ്ങനെ തുടങ്ങി... തെലുങ്കിൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാളത്തിൽ മൊഴിമാറ്റ ചിത്രമായാണ് റിലീസായത്. നിത്യാ മേനോൻ നായികയായ ഈ ചിത്രം ചെറുപ്പക്കാരുടെ പ്രണയവും വിവാഹ സങ്കൽപങ്ങളും കാണിച്ചു തരുന്നു. നിലവാരമുള്ള ഹാസ്യമാണ് മുഖ്യ ആകർഷണം. ഒരു ക്ലീൻ ഫാമിലി എന്‍റർടെയ്‌നർ എന്നു തന്നെ പറയാം. വളരെ പുതുമയാർന്ന ചിത്രമാണിത്. തീം വെഡിംഗിന്‍റെ മനോഹാരിത ഇതിൽ കാണാം. വിവാഹിതരാവാൻ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് അങ്ങനെ തുടങ്ങി...
തമിഴ് തിരുമണം
തമിഴിലെ മനോഹരമായ കല്ല്യാണ സിനിമകളിൽ ചിലതാണ് സംതിംഗ് സംതിംഗ്, രാജാറാണി, ഡും ഡും ഡും, മൗനരാഗം, പടയപ്പ എന്നിവ.
ബോളിവുഡിലെ ശാദി
കല്ല്യാണക്കഥകൾ പറയുന്ന ഹിന്ദി സിനിമകൾ അനവധി ഇറങ്ങിയിട്ടുണ്ട്. ഹോളിവുഡിൽ നിന്ന് അടിച്ചുമാറ്റിയ ചിത്രങ്ങളാണ് ബോളിവുഡിൽ പണംവാരിയ മിക്ക വെഡിംഗ് സിനിമകളും. ഉദാ: മേരി ദോസ്‌ത് കി ശാദി, ഹോളിവുഡ് ഹിറ്റായ മൈ ഫ്രണ്ട്‌സ് മാരേജിൽ നിന്ന് ആശയം ഉൾക്കൊണ്ട് ചെയ്‌ത ചിത്രമാണിത്. ഹിന്ദിയിലെ എക്കാലത്തേയും ഹിറ്റുകളായ ഹം ആപ്പ് കെ ഹെ കോൻ, ദിൽവാലെ ദുൽഹനിയാ ലേജായേംഗെ, യമല പഗല ദീവാന എന്നിവ കല്ല്യാണത്തിന്‍റെ രസകരമായ അനുഭവങ്ങൾ ചിത്രീകരിച്ച ചിത്രങ്ങളാണ്. സൽമാൻ ഖാനെ ജനപ്രിയ താരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഹം ആപ്പ് കെ ഹെ കോൻ ഇന്നും ബോറടിക്കാതെ കാണാൻ കഴിയും.