കുഞ്ഞു വിരലുകൾ തെന്നി നീങ്ങുന്നതിനനുസരിച്ച് വയലിൻ തന്ത്രികളിൽ വിരിയുന്ന രാഗ വിസ്മയങ്ങൾ കൊണ്ട് സദസ്സിലുള്ളവ രെ അത്ഭുതപ്പെടുത്തുകയാണ് ഗംഗ ശശിധരൻ എന്ന ഈ കൊച്ചു മിടുക്കി. വയലിൻ നാദങ്ങൾക്കൊപ്പം മുഖത്ത് നിറയുന്ന മഴവില്ലഴകുള്ള ഭാവങ്ങളും കണ്ണുകളിൽ തെളിയുന്ന പുഞ്ചിരികൊണ്ടും ഈ കൊച്ചു ബാലിക സദസ്സിന്റെ മനം കവരുന്നു. വയലിനിൽ മാന്ത്രിക സംഗീതം തീർക്കുന്ന ഗംഗ എന്ന കൊച്ചു വിസമയത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരാണ്. കാണികളെ ഒന്നടങ്കം വയലിൻ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് നയിക്കുന്ന ഗംഗ ശശിധരൻ ചുരുങ്ങിയ നാളുകൊണ്ടാണ് സംഗീത പ്രേമികളുടെ വാത്സല്യഭാജനമായത്. അതിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടും. പ്രായത്തിൽ കവിഞ്ഞുള്ള വയലിനിലുള്ള ഗംഗയുടെ കലാപ്രാവിണ്യം അതിശയിപ്പിക്കുന്നതാണ്. വയലിനിസ്റ്റ് ബാല ഭാസ്ക്കറിന്റെ പിൻഗാമി എന്നുള്ള വിശേഷണവുമുണ്ട് ഈ അത്ഭുത ബാലികയ്ക്ക്. ഗംഗയുടെ കലാവിസ്മയം ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ കടന്നു അങ്ങ് വിദേശരാജ്യങ്ങളിൽ വരെ എത്തിനിൽക്കുന്നു. ചുരുങ്ങിയ നാളുകൊണ്ട് സോഷ്യൽ മീഡിയ തരംഗമായി മാറിയ ഈ പന്ത്രണ്ടുകാരി തന്റെ വയലിൻ സംഗീതം കൊണ്ട് ലക്ഷക്കണക്കിനാളുകളുടെ മനം കവർന്നിരിക്കുന്നു.
കുഞ്ഞുന്നാൾ തുടങ്ങിയുള്ള വയലിൻ
ആരുടേയും നിർബന്ധത്തിനു വഴിങ്ങിയല്ല ഗംഗ വയലിൻ പഠിച്ചു തുടങ്ങിയത്. ചെറുതിലെ തുടങ്ങിയ കലാ സപര്യ. നാല് വയസ്സിലാണ് ഗംഗ ചെറിയ രീതിയിൽ വയലിൻ അഭ്യസിച്ചു തുടങ്ങുന്നത്. അമ്മ കൃഷ്ണവേണി വയലിൻ പരിശീലിക്കുന്നത് കണ്ടായിരുന്നു തുടക്കം. ഗംഗയെ ഗർഭിണിയായിരിക്കെ കൃഷ്ണവേണി നിത്യവും വയലിൻ കച്ചേരികൾ കേൾക്കുമായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ വയലിൻ കയ്യിൽ പിടിപ്പിച്ചു ഗംഗയെകൊണ്ട് കൃഷ്ണവേണി വായിപ്പിക്കുമായിരുന്നു. അതൊക്കെ ഒരു പക്ഷെ ഗംഗയിലെ കലാകാരിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് കൃഷ്ണവേണി പറയുന്നത്. "അങ്ങനെയാണ് കുടുംബ സുഹൃത്തായ നിതിൻ എസ് കാർത്തികേയൻ മോളെ ആദ്യമായി വയലിൻ പഠിപ്പിക്കുന്നത്. അന്നവൾ തീരെ കുഞ്ഞാണ്. നിതിൻ
ആണ് ആദ്യ ഗുരുവെന്ന് പറയാം. തുടർന്ന് ഗുരുവായൂർ രാധിക ടീച്ചറുടെ ശിക്ഷ്യത്വം സ്വീകരിച്ചു വയലിൻ പഠനം തുടർന്നു.
സംഗീതപാരമ്പര്യമുള്ള കുടുംബമാണ് കൃഷ്ണവേണിയുടേത്. കൃഷ്ണവേണിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ ഒരു മൃദംഗവിദ്വാനായിരുന്നു. കുടുംബത്തിലുള്ള സംഗീതപാരമ്പര്യം മകളിൽ കലാവാസന വളർത്തിയെടുത്തിരിക്കാമെന്നാണ് അവർ പറയുന്നത്. അത് കഴിഞ്ഞു ഗംഗയ്ക്ക് നാലര വയസ്സുള്ളപ്പോൾ ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് സി എസ് അനുരൂപിന്റെ കീഴിലായിരുന്നു വയലിൻ പഠനം. "മോൾ തീരെ ചെറുതായതുകൊണ്ട് 7-8 വയസ്സായിട്ട് പോരെ വയലിൻ പഠനം എന്ന് സാറ് പറഞ്ഞെങ്കിലും ഞാൻ അയച്ചുകൊടുത്ത വീഡിയോ കണ്ടതോടെ സാറിന് പഠിപ്പിക്കാൻ താൽപ്പര്യം തോന്നുകയായിരുന്നു." തുടർന്നു കുറച്ചുനാൾ അവിടെ ആയി പഠനം. ഇപ്പോൾ ഇടപ്പള്ളി അജിത്തിന്റെ കീഴിലാണ് ഗംഗ വയലിൻ അഭ്യസിക്കുന്നത്.
വയലിൻ വായിക്കുമ്പോൾ സ്വയം മറന്ന് അതിൽ ഗംഗ അലിഞ്ഞുചേരും. അത്രത്തോളം അവൾ ആസ്വദിച്ചാണ് വയലിൻ തന്ത്രികളിൽ ഓരോ സ്വരവും മീട്ടുന്നത്. സംഗീതത്തോട് ഗംഗയ്ക്ക് അത്രത്തോളമുണ്ട് ഏകാഗ്രതയും അർപ്പണവും.