കാറ്റിനേയും മരങ്ങളേയും സ്നേഹിക്കുന്ന വയനാടിന്‍റെ സ്വന്തം സുന്ദരിക്കുട്ടിയാണ് അനു സിത്താര. രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനിയെപ്പോലെ മണ്ണിനേയും പ്രകൃതിയേയും കലയേയും പ്രണയിക്കുന്ന പെൺകുട്ടി. മലയാള സിനിമയിലെ നായികാ പദവിയിലെത്തിയ അനു സിത്താര മനസ്സ് തുറക്കുന്നു.
അഭിനയത്തോട് താൽപര്യമുണ്ടായിരുന്നോ?
അഭിനയിക്കാൻ എനിക്ക് ചെറുപ്പത്തിലെ താൽപര്യമുണ്ടായിരുന്നു. ഞങ്ങളുടേത് ഒരു കലാകുടുംബമാണ്. അച്‌ഛനെ ഞാൻ മാനു എന്നാണ് വിളിക്കുന്നത്. അച്‌ഛൻ സലാം ഒരു നാടക നടനാണ്. ചെറുപ്പത്തിൽ ഞാൻ ധാരാളം നാടകങ്ങൾ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു പക്ഷേ എന്‍റെ ഉള്ളിൽ അഭിനയ മോഹം ഉണ്ടാക്കിയിരിക്കാം. അമ്മ രേണുക ഡാൻസറാണ്. ഒരു ഡാൻസ് സ്ക്കൂൾ ഉണ്ട് നവരസ. അമ്മയും ഇളയമ്മയുമാണ് ഡാൻസ് സ്ക്കൂൾ നോക്കി നടത്തുന്നത്.
ഹാപ്പി വെഡിംഗ് ആണല്ലോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം?
എന്‍റെ ആദ്യ സിനിമ പൊട്ടാസ് ബോംബ് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ വന്നത് ഒരു ഇന്ത്യൻ പ്രണയ കഥയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ടീനേജ് കഥാപാത്രമായാണ്. അത് കുറച്ച് സീനുകളിൽ മാത്രം വന്ന് പോകുന്നതായിരുന്നു. പക്ഷേ ഹാപ്പി വെഡിംഗ് ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിൽ എല്ലാവരും നല്ല രസമായിരുന്നു. കോളേജ് വിദ്യാർത്ഥിനിയുടെ റോളിലായതു കൊണ്ട് ശരിക്കും ക്യാമ്പസ് ലൈഫ് ആസ്വദിച്ചുവെന്ന് തന്നെ പറയാം. യഥാർത്ഥ ജീവിതത്തിൽ കോളേജിൽ പോയി പഠിക്കുന്നതിന്‍റെ മൂഡിലായിരുന്നു ഞാൻ. പ്രേമത്തിൽ അഭിനയിച്ചവരും പുതിയ താരങ്ങളും ഉൾപ്പെടുന്ന ടീമായിരുന്നുവത്. ഞങ്ങൾ നന്നായി ആസ്വദിച്ചു.
ഇന്ത്യൻ പ്രണയ കഥയിൽ മുൻനിര അഭിനേതാക്കൾക്കൊപ്പം ആയിരുന്നുവല്ലോ... അവരെയൊക്കെ പരിചയപ്പെട്ടോ?
ഇല്ല, അവരെ കാണാനോ പരിചയപ്പെടാനോ അവസരം ഉണ്ടായില്ല. ചിത്രത്തിൽ അമലപോളിന്‍റെ അമ്മയുടെ വേഷമായിരുന്നുവല്ലോ എന്‍റേത്. ചിത്രം റിലീസ് ചെയ്യുന്നതിന് 10 ദിവസം മുമ്പായിരുന്നു എന്‍റെ ഷോട്ടുകൾ എടുത്തത്. അതുകൊണ്ട് ആരേയും കാണാൻ പറ്റിയില്ല.
പിന്നീട് അമല ഈ അമ്മയെ തിരിച്ചറിഞ്ഞോ?
കുറച്ചുനാൾ കഴിഞ്ഞ് അമലയെ ഒരു പരിപാടിക്കിടെ കണ്ടപ്പോൾ ഞാൻ അമലയുടെ അമ്മയാണെന്ന് പറഞ്ഞു. അമല എന്നെ അദ്ഭുതത്തോടെ നോക്കി. ഇന്ത്യൻ പ്രണയ കഥയുടെ കാര്യം പറഞ്ഞപ്പോൾ അമല ചിരിച്ചു. അമലയ്ക്ക് അതുവരെ അത് ഞാനായിരുന്നുവെന്ന് അറിയില്ലായിരുന്നു.
ക്യാമറയ്ക്ക് മുന്നിലെ ആദ്യ ഷോട്ട്?
ഒരു തുണി വെള്ളത്തിൽ മുക്കിയിട്ട് അന്തരീക്ഷത്തിൽ വീശുന്നതായിരുന്നു എന്‍റെ ആദ്യ ഷോട്ട്. ആദ്യമെനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഭയങ്കര ടെൻഷൻ തോന്നിയിരുന്നു. ഫസ്റ്റ് മൂവിയാണല്ലോ. പക്ഷേ സെറ്റിലുള്ള എല്ലാവരും എന്നെ നന്നായി കെയർ ചെയ്തതുകൊണ്ട് എന്‍റെ ടെൻഷനൊക്കെ മാറി. ഡയലോഗ് പറയുമ്പോൾ ആദ്യമൊക്കെ തെറ്റി പോകുമായിരുന്നു. പക്ഷേ അതൊക്കെ അവർ ക്ഷമയോടെ കറക്റ്റ് ചെയ്‌ത് തന്നു.
കലാമണ്ഡലത്തിലെ ഓർമ്മകൾ
കലാമണ്ഡലത്തിലായിരുന്നു എന്‍റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്‍റെ പ്രധാന വിഷയം മോഹിനിയാട്ടമായിരുന്നു. പക്ഷേ ആ മൂന്ന് വർഷക്കാലവും ഞാൻ വല്ലാതെ വിഷമിച്ചു. വീട്ടിൽ നിന്നും ആദ്യമായി മാറി നിൽക്കുന്നതിന്‍റെ വിഷമമായിരുന്നു എനിക്ക്. എന്നെ ആദ്യമായി അവിടെ കൊണ്ടുവിട്ടത് അച്‌ഛനായിരുന്നു. മടങ്ങാൻ നേരം ഞാൻ അച്‌ഛനെ വിടാതെ നിന്നു. അത്രയ്ക്കായിരുന്നു സങ്കടം. രണ്ട് ദിവസം കഴിഞ്ഞായിരുന്നു ക്ലാസ്. അവിടെ പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കണം. കഞ്ഞിയും പയറും ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്ക് ചോറും സാമ്പാറും. രാത്രിയും ഏകദേശം അങ്ങനെ തന്നെ. രാവിലെ എഴുന്നേൽക്കലും മറ്റും എനിക്ക് പ്രയാസമായിരുന്നു. അവിടെ തുടർന്ന് പഠിക്കണം, ഡോക്ടറേറ്റ് എടുക്കണം, റിസർച്ച് ചെയ്യണം എന്നൊക്കെ വിചാരിച്ചാണ് പോയത്. ആ മൂന്ന് വർഷവും കരച്ചിലോടു കരച്ചിലായിരുന്നു. പക്ഷേ ടീച്ചേഴ്സൊക്കെ എന്നെ നന്നായി സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹൈമവതി ടീച്ചർ, ഗീത ടീച്ചർ, അംബിക ടീച്ചർ... ഇടയ്ക്ക് വീട്ടിൽ പോകുമ്പോൾ ടീച്ചർമാരുടെ പെർമിഷനൊക്കെ വേണം. അംബിക ടീച്ചർ എനിക്ക് ലീവ് തരുമായിരുന്നു. മമ്മിയും അച്‌ഛനും കൂടി അവധി ദിവസങ്ങളിൽ എന്നെ കാണാൻ വരും. എന്നെ പുറത്തു കൂട്ടി കൊണ്ടു പോയി ഭക്ഷണം വാങ്ങിത്തരും. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചിരി വരും. എന്നെ അടുത്തെങ്ങാനും കല്യാണം കഴിപ്പിച്ചയച്ചാൽ മതിയെന്നൊക്കെ ഞാൻ അമ്മയോട് പറയുമായിരുന്നു. അത്രയ്ക്ക് ഞാനെന്‍റെ മാനുവിനേയും മമ്മിയേയും സ്നേഹിക്കുന്നു.