ഒരു കൊച്ചു സ്വപ്നം പോലെയാണ് അനുഷ്ക വെള്ളിത്തിരയിലേയ്ക്ക് വന്നെത്തിയത്. റബ്ബ് നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ താരമായ അനുഷ്ക നിർമ്മാതാവിന്‍റെ റോളിലും തിളങ്ങുകയാണ്. മോഡൽ എന്ന നിലയ്ക്കാണ് അനുഷ്കയ്ക്ക് ആദ്യ ബ്രേക്ക് ലഭിച്ചത്. പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ യഷ്‍രാജ് ഫിലിംസിൽ നിന്നും ഓഫർ വന്നു. അങ്ങനെ ഡൽഹിയിൽ നിന്നും അനുഷ്ക ഓഡീഷനായി മുംബൈയിൽ എത്തി. ഒരു സിനിമയ്ക്ക് പകരം 3 സിനിമകളാണ് അന്ന് യഷ്‍രാജ് ഫിലിംസ് അനുഷ്കയുമായി സൈൻ ചെയ്തത്. അധികം പ്രയാസമനുഭവിക്കാതെയാണ് അനുഷ്ക സിനിമയിൽ എത്തിയത്. കാസ്റ്റിംഗ് കൗച്ച് ഒന്നും അവർക്ക് നേരിടേണ്ടി വന്നില്ല.
സ്വപ്ന തുല്യമായ തുടക്കം... മത്സര ബുദ്ധിയോടെ അവർ ഓരോ പടവുകളും വിജയിച്ചു കയറി. അതിനിടയിൽ ക്രിക്കറ്റർ വിരാട് കോഹ്‍ലിയുമായി പ്രണയവിവാദം പുറത്ത് വന്നു. അതേക്കുറിച്ച് പക്ഷേ സംസാരിക്കാനോ പരസ്പരം കരിവാരി തേയ്ക്കാനോ അനുഷ്ക തയ്യാറായില്ല. തന്‍റെ സ്വകാര്യത പ്രഹസനമാക്കാനുള്ളതല്ല എന്നവർ വിശ്വസിക്കുന്നു.വിവാഹം ഗംഭീരമായി ആഘോഷിച്ചു എല്ലാ ചോദ്യങ്ങൾക്കും വിവാദങ്ങൾക്കും അനുഷ്ക ഭംഗിയായി മറുപടിയും നൽകി ഇപ്പോൾ 3 മാസം മാത്രം പ്രായമുള്ള വമികയുടെ അമ്മയാണ്... എപ്പോഴും മുഖത്ത് ചെറുപുഞ്ചിരിയുമായി കാണപ്പെടുന്ന അനുഷ്ക മനസ്സ് തുറക്കുന്നു...
എന്നാണ് ഫിലിം തിരിച്ചു വരവ്?
വമികയുടെ വരവ് എന്റെയും വിരാ ടിന്റെയും ജീവിതത്തെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.. ചിരി, കരച്ചിൽ, സങ്കടം, അനുഗ്രഹം ഇങ്ങനെ എല്ലാം മിനിറ്റുകൾക്കുള്ളിൽ മാറിമറിഞ്ഞ് കൊണ്ടിരിക്കുന്നു.അത് ഞങൾ ആസ്വദിക്കുന്നു.. എന്തായാലും പുതിയ പ്രൊജക്ടുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. മെയ് മാസത്തിൽ വർക്കിലേക്ക് തിരിച്ചു വരാനാണ് ചിന്തിക്കുന്നത്..
ആദ്യമായി നിർമ്മാതാവായപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു?
ഞാനിപ്പോൾ രണ്ടാം തവണയാണ് നിർമ്മാതാവിന്‍റെ വേഷമിടുന്നത്. അഭിനയിക്കുമ്പോൾ നമുക്ക് അത്ര വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ഉണ്ടാവുകയില്ല. പക്ഷേ ഒരു നിർമ്മാതാവിന്‍റെ റോൾ അങ്ങനെയല്ല. അഭിനേതാവിന് തന്‍റെ കഥാപാത്രത്തോട് നീതി പുലർത്തിയാൽ മാത്രം മതി. നിർമ്മാതാവും സംവിധായകനും നമ്മെ സഹായിക്കുകയും ചെയ്യും. കലാകാരൻ നിർമ്മാതാവുമ്പോൾ റിസ്ക് ഫാക്ടറും കൂടുതലാണ്. ബിസിനസ്സ് അറിയണം, അതിൽ കലാകാരന്‍റെ സെന്‍റിമെന്‍റ്സ് ഒന്നും പാടില്ല. എല്ലാ തീരുമാനങ്ങളും നിർമ്മാതാവ് തന്നെയെടുക്കണം. ടീം നല്ലതാണെങ്കിൽ അവരുമായി നല്ല വൈബ് ഉണ്ടെങ്കിൽ ജോലി എളുപ്പമാകും. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. അതിന് തയ്യാറായിരിക്കുക കൂടി വേണം. പരിഹാരവും നിങ്ങൾ തന്നെ ഉണ്ടാക്കണം. ആദ്യ സിനിമ നിർമ്മിച്ചപ്പോൾ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി. അധിക ഉത്തരവാദിത്വവും വെല്ലുവിളിയും എന്നിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള അവസരത്തിലാണ് ഞാൻ അധികം ജോലി ചെയ്യുന്നതും. ആദ്യ ചിത്രം ഫില്ലോറി ഞാൻ സഹോദരനുമായി ചേർന്നാണ് നിർമ്മിച്ചത്. ഞങ്ങൾ ചെറുപ്പം തൊട്ടേ കൂട്ടുകാരെപ്പോലെയായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല ട്യൂണിംഗ് ആണ്.