ബോളിവുഡിലെ പ്രശസ്ത നടി ശില്പ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു… രാജ് കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് പറയുന്നു.
ഈ വർഷം ആദ്യം, അതായത് 2021 ഫെബ്രുവരി മാസത്തിൽ, രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങളും കണ്ടെന്‍റുകളും നിർമ്മിച്ച് ആപ്ലിക്കേഷനുകളിലൂടെയും വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും സ്ട്രീം ചെയ്തതായിട്ടാണ് ആരോപണം. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം പോലീസ് പലയിടത്തും റെയ്ഡ് നടത്തി. 'ഹോട്ട്ഷോട്ട്' എന്നൊരു ആപ്പ് സൃഷ്ടിച്ചതായും അശ്ലീല ചിത്രങ്ങൾ സ്ട്രീം ചെയ്തതായും മുംബൈ ക്രൈംബ്രാഞ്ച് പറയുന്നു. ഒപ്പം പണം വാങ്ങി ഇത് വില്പന നടത്തുന്നു. രാജ് കുന്ദ്രയാണ് ഈ ആപ്പിന്‍റെ ഉടമയെന്ന് പോലീസ് പറഞ്ഞു. എന്നാൽ തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് രാജ് കുന്ദ്ര പറയുന്നു. രാജ് കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് ആരോപിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നടിമാരാകാൻ വേണ്ടി മുംബൈ ഫിലിം സിറ്റിയിൽ എത്തുന്ന പെൺകുട്ടികളെ കുടുക്കി ആണ് അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കുന്നത് എന്ന് മുംബൈ പോലീസ് പറഞ്ഞു. വലിയ ബാനറുകളിലെ സിനിമകളിൽ നായികമാരാകാൻ പ്രേരിപ്പിച്ചുകൊണ്ട് ഈ പെൺകുട്ടികളെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചു. ഈ രീതിയിൽ, അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിനു ശേഷം, മൊബൈൽ ആപ്ലിക്കേഷനുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും സ്ട്രീം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് രൂപ സമ്പാദിച്ചു.
ഫെബ്രുവരി മാസത്തിൽ, എപിഐ ലക്ഷ്മികാന്ത് സാലുങ്കെ, വിവരം ലഭിച്ചതിനെ തുടർന്ന്, മുംബൈയിലെ ഒരു ബംഗ്ലാവിൽ റെയ്ഡ് നടത്തി. ഇവിടെ വെച്ചാണ് നടിയും നിർമ്മാതാവുമായ ഗെഹാന വസിഷ്ഠ ഉൾപ്പെടെ ചിലരെ അറസ്റ്റ് ചെയ്തത്. അതിനുശേഷം, മുംബൈ ക്രൈംബ്രാഞ്ച് ഈ നിയമവിരുദ്ധമായ പോൺ ബിസിനസിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു .
ഇന്ത്യക്കാരനാണെങ്കിലും ലണ്ടനിൽ ജനിച്ചു വളർന്ന രാജ് കുന്ദ്രയ്ക്ക് ലണ്ടനിൽ ഒരു വലിയ ബിസിനസുണ്ട്. രാജ് കുന്ദ്രയുടെ പിതാവ് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ലണ്ടനിലേക്ക് ബിസിനസ് ചെയ്യാനായി താമസം മാറ്റി. 2004 ൽ, ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 198-ാമത് ബ്രിട്ടീഷ് ഏഷ്യൻ ബിസിനസുകാരനായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു.
രാജ് കുന്ദ്ര തന്‍റെ ആദ്യ ഭാര്യ കവിതയെ വിവാഹമോചനം ചെയ്യുകയും ചലച്ചിത്ര നടി ശിൽപ ഷെട്ടിയെ 2009 ൽ വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹവും ശിൽപ ഷെട്ടിയും മുംബൈയിലെ ജൂഹുവില്‍ കടലിനടുത്തുള്ള ഒരു ആഡംബര ബംഗ്ലാവിലാണ് താമസിക്കുന്നത്. 2012 മെയ് 21 ന് ശിൽപ ഷെട്ടി ഒരു മകന് ജന്മം നൽകി. തുടർന്ന് 2020 ഫെബ്രുവരി 15 ന് സറോഗസിയിലൂടെ ഒരു മകളും പിറന്നു.