ആകർഷണീയമായ മുഖം പോലെ തന്നെ മനോഹരമായ കൈകളും വ്യക്‌തിത്വത്തിന് മാറ്റു കൂട്ടും. സുന്ദരമായ ഈ കൈകൾ ദിവസവും എന്തെല്ലാം പ്രവൃത്തികളാണ് ഫലപ്രാപ്തിയിലെത്തിക്കുന്നത്. മറ്റുള്ളവരെ പൂർണ്ണമായും ബോധ്യപ്പെടുത്തുന്നതിന് കൈകളും കൂടി ചലിപ്പിച്ചാണ് നാം ആശയവിനിമയം നടത്തുന്നത്. ഇതുപോലെ ഒത്തിരി പ്രവൃത്തികളിലേർപ്പെടുന്ന കൈകളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്. നിശ്ചിതമായ സംരക്ഷണം കൈകളെ ആരോഗ്യമുള്ളതും ആകർഷകവുമാക്കുമെന്നു മാത്രമല്ല ചർമ്മവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളിൽ നിന്ന് സംക്ഷിക്കുകയും ചെയ്യും. കൈകളുടെ സൗന്ദര്യം നിലനിർത്തുന്ന ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ കൈകൾക്ക് വേണ്ടത്ര സംരക്ഷണം നൽകുന്ന പക്ഷം ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ.
കൈകൾ വൃത്തിയാക്കുക
കൈകൾ വൃത്തിയാക്കുന്നതിനു മുമ്പായി മോതിരവും മറ്റ് ആഭരണങ്ങളും ഊരിവയ്ക്കണം. കൈകളിലെവിടെയെങ്കിലും ചെളിയും പൊടിയും മറ്റും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ നാരങ്ങാത്തൊലി ഉപയോഗിച്ച് കൈകളിൽ ഉരസി അവ നീക്കം ചെയ്യാം. നാരങ്ങ നല്ലൊരു കൻസർ ആണ്. ചർമ്മത്തിനുള്ളിൽ പ്രവേശിച്ച് അഴുക്കും എണ്ണമെഴുക്കും മറ്റും എളുപ്പത്തിൽ നീക്കി വൃത്തിയാക്കുന്നു. കൈകളെപ്പോഴും ഈർപ്പരഹിതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നനവുള്ള ചർമ്മത്തിൽ എളുപ്പത്തിൽ വീണ്ടുകീറലും അണുബാധയും ഉണ്ടാവും. കൈകൾ കഴുകിയ ശേഷം ഒരു നല്ല ബോഡി ലോഷനോ കോൾഡ് ക്രീമോ, മോയിസ്ചറൈസറോ ഉപയോഗിക്കാം. കടുത്ത വെയിലിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഒരു സൺസ്ക്രീൻ ലോഷൻ പുരട്ടുന്നത് നല്ലതാണ്.
കൈകളുടെ സംരക്ഷണം
കൈകളെപ്പോഴും ഈർപ്പമുള്ളതായിരുന്നാൽ അവയുടെ സ്വാഭാവികമായ നൈർമല്യം നഷ്ടപ്പെടും. കടുത്ത ചൂടുള്ളതോ, തണുത്തതോ ആയ വെള്ളത്തിൽ കൈകൾ വൃത്തിയാക്കിയാൽ അവയുടെ സ്വാഭാവികമായ എണ്ണമയം നഷ്ടമാവാൻ ഇടവരും. അടുക്കള ജോലിയിൽ ഏർപ്പെടുന്ന വേളയിൽ കയ്യുറകൾ ധരിക്കുന്നത് നല്ലതാണ്. ചർമ്മം വൃത്തികേടാവുകയില്ല. പക്ഷേ ദീർഘനേരം കയ്യുറകൾ ധരിക്കുന്നതു മൂലം കൈകൾ അമിതമായി വിയർക്കും. കോട്ടൺ ലൈനിംഗുള്ള കയ്യുറകൾ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
സിലിക്കോണടങ്ങിയ ഹാൻഡ് ക്രീമുകളോ ഓറിഫ്ളേം സോഫ്റ്റ് ആന്‍റ് സിൽക്കി ഹാൻഡ് ക്രീമോ അല്ലെങ്കിൽ സഹരാ ഹാൻഡ് ബോഡി ലോഷനോ ഉപയോഗിക്കാം. വെള്ളം ഉപയോഗിക്കാത്ത ജോലികളിലേർപ്പെടുമ്പോൾ കയ്യുറകൾ ഉപയോഗിക്കേണ്ടതില്ല. കയ്യിലെ ചർമ്മ സുഷിരങ്ങൾ തുറന്നിരിക്കുന്നതാണ് ഉചിതം.
രാവിലെയോ രാത്രി ഉറങ്ങാൻ നേരത്തോ കൈകൾ വൃത്തിയാക്കിയതിനു ശേഷം ഹാൻഡ് ക്രീം പുരട്ടുന്നത് ശീലമാക്കണം. ചർമ്മത്തെ മനോഹരമാക്കാനിത് നല്ലൊരു ഉപാധിയാണ്. കൈകളിലെ എണ്ണമയവും നിലനിർത്താം. ലാനോലിൻ അടങ്ങിയ കിയോകാർപിൻ, ബോഡി ഓയിൽ, പോണ്ട്സ്, വാസ്ലിൻ ബോഡി ലോഷൻ, ഓറിഫ്ളേമിന്‍റെ പ്രോട്ടീൻ അടങ്ങിയ സോഫ്റ്റ് ആന്‍റ് സിൽക്കി ബോഡി ലോഷൻ എന്നിവയെല്ലാം മികച്ച സംരക്ഷണം തരുന്നു.
കൈകൾ തീരെ വരണ്ടതാവുകയാണെങ്കിൽ മികച്ച ഗുണനിലവാരമുള്ള മോയിസ്ച്ചുറൈസിംഗ് ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ലോറിയൽ പാരീസ് ന്യൂ അൾട്രാ ഹൈഡ്രേറ്റിംഗ് ആന്‍റ് റിപ്പയറിംഗ് മോയിസ്ച്ചുറൈസർ ക്രീം പ്രായമേറിയവർക്ക് ഏറെ അനുയോജ്യമാണ്. പ്രായമേറുന്തോറുമുണ്ടാകുന്ന ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നതിന് ഈ ക്രീം ഫലവത്താണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എസ്പിഎഫ് 15 പ്രോട്ടീനുകളടങ്ങിയ ഈ ക്രീം ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.