വാരാന്ത്യത്തിൽ എന്ത് ചെയ്യണം? എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? ആഴ്ച്ച മുഴുവൻ ജോലിത്തിരക്കിലായിരുന്നതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും കിടന്നുറങ്ങി വിശ്രമിക്കുന്നവരാണ് മിക്കവരും. ചിലർ ഷോപ്പിംഗിനായി മാളുകളിലേക്ക് പോകും. മണിക്കൂറുകളോളം അവിടെയുമിവിടെയും അലഞ്ഞുതിരിഞ്ഞ് തിക്കിലും തിരക്കിലും സമയം ചെലവഴിച്ച് ഇരട്ടി ക്ഷീണവുമായി വീട്ടിലെത്തും. മറ്റ് ചിലരാകട്ടെ ടെലിവിഷനു മുന്നിലോ മൊബൈൽ ഫോണിലോ ആയിരിക്കും ദിവസം മുഴുവനും ചെലവഴിക്കുക. പക്ഷേ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനൊരുങ്ങുമ്പോൾ മനസ്സിൽ ഒരു ചോദ്യമുയരും. “ഇത്രയും വിശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും ക്ഷീണം തോന്നുന്നത്?"
കാരണം വിശ്രമമെന്നത് എല്ലായ്പ്പോഴും വെറുതെയിരിക്കുകയെന്നതല്ല. മനസ്സിന് വിശ്രമം നൽകാൻ ശരീരത്തെ സജീവമാക്കേണ്ടതുണ്ട്. ഓഫീസിലെ ജോലിത്തിരക്കിനിടയിൽ മനസ്സിനാണ് ഏറ്റവും കൂടുതൽ തളർച്ചയനുഭവപ്പെടുക. അതുകൊണ്ട് വരാന്ത്യങ്ങളിൽ ശരീരവും കുറച്ചുകൂടി സജീവമാക്കുന്നതാണ് നല്ലത്. ശരീരത്തിന് അൽപം അധ്വാനം നൽകൂ. അതാണ് യഥാർത്ഥ റിലാക്സേഷൻ. വീട്ടിലെ ചെറിയ ജോലികൾ ചെയ്യുക, അലമാര അടുക്കി പെറുക്കി വയ്ക്കുക, മുറി വൃത്തിയാക്കുക, ചെടികളെ പരിപാലിക്കുക, ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇതിനുള്ള മികച്ച വഴികളാണ്. ഇത്തരം ജോലികൾ ചെയ്യുമ്പോൾ ശരീരം സജീവമാകുന്നതിനൊപ്പം നാളുകളായി മാറ്റിവെച്ചിരുന്ന പല ജോലികളും ആഗ്രഹങ്ങളും പൂർത്തിയാക്കിയല്ലോ എന്ന സംതൃപ്തിയും സന്തോഷവും മനസ്സിന് ലഭിക്കും. അപ്പോൾ ഈ വാരാന്ത്യത്തിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ നോക്കാം.
അലമാരയും മുറിയും അടുക്കി പെറുക്കാം
ജോലിക്ക് പോകുന്നതുകൊണ്ട് സ്വാഭാവികമായും അലമാര അലങ്കോലപ്പെട്ട് കിടക്കാനുള്ള സാധ്യത കൂടുതലായിരിക്കും. എടുത്ത വസ്ത്രങ്ങൾ ശരിയായി മടക്കിവെയ്ക്കാതിരിക്കുക, മേക്കപ്പ് സാധനങ്ങൾ വാരിവലിച്ചിടുക, ഉപയോഗിക്കാത്ത വസ്ത്രങ്ങൾ അലങ്കോലപ്പെട്ട് കിടക്കുക. എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. വാരാന്ത്യത്തിൽ കുറച്ച് സമയം അതിനായി മാറ്റിവയ്ക്കാം.
വസ്ത്രങ്ങൾ ഉപയോഗത്തിനനുസരിച്ച് ക്രമീകരിക്കുക
ഏറെ നാളായി ഉപയോഗിക്കാത്ത വസ്ത്രങ്ങൾ മാറ്റിവയ്ക്കുക. ഷർട്ട്, ചുരിദാർ, കുർത്ത, പാന്റ്, ജീൻസ്, സാരി, ഇന്നേഴ്സ് തുടങ്ങിയവ വെവ്വേറെയായി കൃത്യമായി ഇസ്തിരിയിട്ട് ഹാങ്കറിൽ തൂക്കിയിടുകയോ പായ്ക്കുകളിൽ ക്രമീകരിച്ച് വയ്ക്കുകയോ ചെയ്യാം.
ടീ-ഷർട്ട്, നൈറ്റ് ഡ്രസ്സ്, ഷോർട്സ്, ടൗവൽ തുടങ്ങിയ നിത്യോപയോഗ വസ്ത്രങ്ങൾ മടക്കിയോ റോൾ ചെയ്തോ ഷെൽഫിൽ എളുപ്പം എടുക്കാവുന്ന വിധത്തിൽ ഭംഗിയായി വയ്ക്കാം. കാലാവസ്ഥ മാറ്റമനുസരിച്ച് ആവശ്യമില്ലാത്ത വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് മാറ്റിവയ്ക്കുന്നതാണ് ഉചിതം. അടുത്ത ആഴ്ച ഓഫീസിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും മുൻകൂട്ടി തിരഞ്ഞെടുത്ത് വയ്ക്കാം. സമയം ലാഭിക്കാൻ ഇത് സഹായകരമാണ്. അലമാര വൃത്തിയാക്കുന്നതിലൂടെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെയുണ്ടാകുന്ന തിരക്കും ടെൻഷനും ഒഴിയുകയും ചെയ്യാം.
മുറിയ്ക്ക് പുത്തനുണർവ്വ് നൽകാം
വാരാന്ത്യത്തിൽ ചെയ്യുന്ന ചെറിയൊരു ക്ലീനിംഗ് സെഷൻ മുറിയുടെ മാത്രമല്ല മനസ്സിന്റെയും ഭാവം മാറ്റും.
മുഷിഞ്ഞ ബെഡ് ഷീറ്റും പില്ലോ കവറുകളും മാറ്റുക, തലയിണകളും കുഷ്യനുകളും വെയിലത്തിടുക, മേശപ്പുറത്തുള്ള അനാവശ്യ സാധനങ്ങൾ മാറ്റി അടുക്കിപെറുക്കി വയ്ക്കു ക. ചാർജറുകളും എക്സ്റ്റൻഷൻ കോഡുകളും കൃത്യമായി ഫോൾഡ് ചെയ്ത് അതാതിടത്ത് സൂക്ഷിക്കുക. മുറിയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന ചെരിപ്പുകൾ, ഷൂസ്, ബാഗുകൾ എന്നിവ അതാത് സ്ഥാനത്ത് വയ്ക്കാം. ജനൽ, ഫർണിച്ചർ, മേശ തുടങ്ങിയവയിലെ പൊടി തുടച്ച് വൃത്തിയാക്കാം. വൃത്തിയുള്ള ചുറ്റുപാട് മനസ്സിനും ശരീരത്തിനും ഒരുപോലെ സന്തോഷവും സമാധാനവും നൽകും.





