മലയാളത്തിന്‍റെ മുഖശ്രീയാണ് അനു സിത്താര. കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന നടി. മികച്ചൊരു നർത്തകി കൂടിയായ അനു സിത്താര മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ മികവുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. അനു സിത്താരയ്ക്ക് 2023 ഏറെ പ്രതീക്ഷയുള്ള വർഷം കൂടിയാണ്.
പുതിയ വർഷം
എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വർഷമാണിത്. 3 സിനിമകൾ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരിയിൽ സന്തോഷം, മോമൊ ഇൻ ദുബായ്, മാർച്ചിൽ ഒരു തമിഴ് പടം എന്നിവയാണ് റിലീസ് ആകുന്ന പടങ്ങൾ.
ഇഷ്ട കഥാപാത്രം
മനസ്സിൽ ഇപ്പോഴും തറഞ്ഞു നിൽക്കുന്ന കഥാപാത്രം എന്ന് പറയുമ്പോൾ ഒന്ന് ക്യാപ്റ്റനിലെ അനിത സത്യനും പിന്നെ രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനിയുമാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങൾ. സന്തോഷവും സംഘർഷങ്ങളും പേറുന്ന കഥാപാത്രങ്ങൾ, അവരുടെ പ്രതീക്ഷകൾ. പോസിറ്റിവിറ്റി ഒക്കെ മനസ്സിൽ വല്ലാതെ സ്പർശിക്കുന്നുണ്ട്. മോമൊ ഇൻ ദുബായിലെ കഥാപാത്രവും ഇഷ്ടമാണ്.
നൃത്തം തരുന്ന ഊർജ്ജം
ഡാൻസ് ഒരുപാടിഷ്ടമാണ്. പക്ഷെ നൃത്തം പ്രാക്ടിസ് ചെയ്യാൻ മടി കാട്ടുന്ന കൂട്ടത്തിലാണ് ഞാൻ. ഒരു ഗ്യാപിനു ശേഷം നൃത്തം പ്രാക്ടീസ് ചെയ്‌തു തുടങ്ങുമ്പോൾ വല്ലാത്ത സ്റ്റാർട്ടിംഗ് ട്രബിൾ തോന്നാറുണ്ട്. ഒന്നു തുടങ്ങി കഴിഞ്ഞാൽ പിന്നെ തുടർച്ചയായി പ്രാക്ടീസ് ചെയ്യും. നൃത്തമെന്ന് പറയുന്നത് മനസ്സിന് സന്തോഷം പകരുന്ന ഒന്നാണ്. പ്രോഗ്രാമിന്‍റെ ഭാഗമായി സ്റ്റേജിൽ ചെയ്യുമ്പോഴും വെറുതെ നൃത്തം ചെയ്യുമ്പോഴും മറ്റ് ആർട്ടിസ്റ്റുകൾ പെർഫോം ചെയ്യുന്നത് കാണുമ്പോഴുമൊക്കെ മനസിനുണ്ടാക്കുന്ന ഊർജ്ജവും സന്തോഷവും വളരെ വലുതാണ്.
സന്തോഷവും സങ്കടവും
പ്രത്യേകിച്ച് കാരണമൊന്നും വേണ്ട സന്തോഷിക്കാൻ വളരെ ചെറിയ കാര്യത്തിൽ പോലും സന്തോഷിക്കുന്ന ആളാണ് ഞാൻ. അതുപോലെയാണ് സങ്കടവും ദേഷ്യവും വരുന്നത്. ദേഷ്യം വരാൻ നിസാര കാര്യം മതി. എല്ലാ ഇമോഷൻസിലൂടെയും കടന്നു പോകുന്നയാളാണ് ഞാൻ.
ഒഴിവ് വേളകൾ
ഒഴിവ് സമയങ്ങളിൽ സിനിമ കാണാറുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാറുണ്ട്. പിന്നെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങൾ സാധിക്കും. ചെറിയ യാത്രകൾ നടത്തും. നാട്ടിലാണെങ്കിൽ എനിക്കിഷ്ടമുള്ള കുറച്ച് സ്ഥലങ്ങൾ ഉണ്ട്. അവിടെ ഒന്ന് പോയി വരും.
പ്രിയപ്പെട്ട ബാല്യകാല സ്മരണ
മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഓർമ്മയെന്ന് പറയുന്നത് എന്‍റെ രണ്ട് കൂട്ടുകാരെ ചുറ്റിപറ്റി ഉള്ളതാണ്. അപ്പുവും മണിക്കുട്ടിയും. ഇവർ രണ്ടുപേരും എന്‍റെ അടുത്ത കൂട്ടുകാരായിരുന്നു. രണ്ടുപേരുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. വല്ലപ്പോഴുമാണ് അവരെ കാണുന്നത്. അതിൽ മണിക്കുട്ടി തമിഴ്നാട്ടുകാരിയാണ്. അവളിപ്പോഴും തമിഴ്നാട്ടിലാണ് ഉള്ളത്. ഇടയ്ക്ക് ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അപ്പുവിന്‍റെയും മണിക്കുട്ടിയുടെയും കൂടെയുള്ള നിമിഷങ്ങൾ എനിക്ക് വിലപ്പെട്ട ഓർമ്മകളാണ്. ഇപ്പോഴും അതിനെക്കുറിച്ച് ആലോചിക്കാറുണ്ട്.
രസകരമായ അനുഭവം
ഒരു കുട്ടനാടൻ ബ്ലോഗിന്‍റെ ലൊക്കേഷനിൽ വച്ച് ഉണ്ടായ മനോഹരമായ ഒരു അനുഭവമുണ്ട്. ഒരു വിഷു സമയത്തായിരുന്നു ഷൂട്ടിംഗ്. വിഷുദിവസം ലൊക്കേഷനിലെ എല്ലാവർക്കും അഭിനേതാക്കൾ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർക്ക് വരെ മമ്മൂക്ക ഭക്ഷണം വിളമ്പി കൊടുത്തു. മമ്മൂക്കയ്ക്കൊപ്പം സദ്യ കഴിക്കാനുള്ള ഭാഗ്യമുണ്ടായത് വലിയൊരു ഓർമ്മയാണ്.