മേക്കപ്പിട്ടാൽ നഖങ്ങളും ക്യൂട്ടാവും. നിറങ്ങളും ഡിസൈനുകളും നക്ഷത്രങ്ങളും കല്ലുകളുമൊക്കെ പതിപ്പിച്ച് നഖങ്ങൾക്ക് മോടി കൂട്ടാനാവും. നഖങ്ങൾ മനോഹരമാക്കുന്ന കലയാണ് നെയിൽ ആർട്ട്. ഫാഷണബിളാകാൻ ആക്‌സസറീസ് അധികമണിയണമെന്നില്ല. ഡ്രസ്സിനു മാച്ച് ചെയ്യുന്ന അട്രാക്‌റ്റീവ് നെയിൽ ആർട്ട് മാത്രം മതി...
നെയിൽ ആർട്ട്
സ്‌റ്റെപ്പ് - 1
ആദ്യം തന്നെ നഖങ്ങൾക്ക് സ്‌ക്വയർ/ ഓവൽ ഷേയ്‌പ് നൽകുക. ഇനി നെയിൽ ഫൈലറിന്‍റെ സഹായത്തോടെ നഖങ്ങൾക്ക് ഫൈനൽ ഷേയ്‌പ് നൽകാം. നഖങ്ങൾക്ക് സ്‌ക്വയർ ഷേയ്‌പ് നൽകുന്ന ഫാഷൻ പ്രചാരമേറി വരികയാണ്.
സ്‌റ്റെപ്പ് - 2
നെയിൽ പെയിന്‍റ് പുരട്ടും മുമ്പ് നഖങ്ങളിൽ ട്രാൻസ്‌പെരന്‍റ് നെയിൽ പെയിന്‍റ് ബേയ്‌സ് കോട്ടായി പുരട്ടേണ്ടത് അനിവാര്യമാണ്. നഖങ്ങൾ കൂടുതൽ സുരക്ഷിതമായിരിക്കും. നഖങ്ങൾക്ക് ചുറ്റുമുള്ള ഭാഗത്ത് നെയിൽ പെയിന്‍റ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഉടനെ തന്നെ കോട്ടണുപയോഗിച്ച് തുടച്ചു വൃത്തിയാക്കരുത്. കോട്ടണ്‍ നൂൽ നെയിൽ പെയിന്‍റിൽ പറ്റിപ്പിടിക്കാനിടവരും. ഗുണനിലവാരമുള്ള/ ബ്രാന്‍റഡ് കമ്പനിയുടെ നെയിൽ പെയിന്‍റ് തെരഞ്ഞെടുക്കണം. നെയിൽ പെയിന്‍റ് ഉണങ്ങിയ ശേഷം റിമൂവർ ഉപയോഗിച്ച് നഖങ്ങളുടെ വശങ്ങളിൽ പറ്റിയിരിക്കുന്ന നെയിൽ പെയിന്‍റ് തുടച്ചു കളയണം. ഇതിനു ടിഷ്യൂ പേപ്പറുപയോഗിക്കണം.
സ്‌റ്റെപ്പ് - 3
നഖത്തിന്‍റെ പകുതിഭാഗം ഡാർക്ക് നിറത്തിലുള്ള നെയിൽ പെയിന്‍റ് പുരട്ടുക. പകുതി ഭാഗത്ത് കോൺട്രാസ്‌റ്റിംഗ് കളർ പുരട്ടാം. ഇനി തീർത്തും വ്യത്യസ്‌തമായ 3 നിറങ്ങൾ തെരഞ്ഞെടുക്കാം. ഇത് ഉപയോഗിച്ച് 3 വലിയ ഡോട്ട്‌സിൽ മറ്റേതെങ്കിലും നിറത്തിലുള്ള നെയിൽ പെയിന്‍റ് ഉപയോഗിച്ച് ചെറിയ ഡോട്ട്‌സ് വരയ്‌ക്കുക. നെയിൽ പെയിന്‍റ് ഉണങ്ങും മുമ്പ് ഒരു ടൂത്ത് പിക്കിന്‍റെ സഹായത്തോടെ ആദ്യത്തെ ഡോട്ടിനു ചുറ്റും വൃത്തങ്ങൾ വരയ്ക്കുക. ഒരു ഫ്‌ളോറൽ നെയിൽ ആർട്ട് ലുക്ക് തോന്നിക്കും.
വൈറ്റ്, യെല്ലോ, പിങ്ക് പോലുള്ള ഇളം നിറങ്ങളാണ് ബേസ് കളറായി തെരഞ്ഞെടുക്കുന്നതെങ്കിൽ ഡാർക്ക് കളർ വർക്ക് ആവാം. ഡാർക്ക് കളറിൽ ഡാർക്ക് വർക്കും ലൈറ്റ് കളറിൽ ലൈറ്റ് വർക്കുമാണ് ഭംഗിയെങ്കിലും തിരിച്ചും അപ്ലൈ ചെയ്‌താൽ വെറൈറ്റി ലുക്ക് നേടാനാവും.
നെയിൽ ആർട്ട്, എത്ര തരം?
തോന്നിയതു പോലെ നഖങ്ങളിൽ വരകൾ തീർത്ത് നിറം നൽകലല്ല നെയിൽ ആർട്ട്. നിറങ്ങൾക്കിണങ്ങുന്ന ഡിസൈനുകൾ തീർത്ത് നഖം മോടിപിടിപ്പിക്കലാണ്. പ്രധാനമായും നെയിൽ ആർട്ട് 5 തരത്തിലാണുള്ളത്.
- ബേസിക്ക് നീഡിൽ നെയിൽ ആർട്ട്.
- മാർബിൾ നെയിൽ ആർട്ട്.
- ഫംഗി നെയിൽ ആർട്ട്.
- ബ്രൈഡൽ നെയിൽ ആർട്ട്.
- ബ്രഷ് നെയിൽ ആർട്ട്.
ബേസിക്ക് നീഡിൽ നെയിൽ ആർട്ട്
ഇതിനെ അഡ്വാൻസ്‌ഡ് നെയിൽ ആർട്ട് എന്നും വിശേഷിപ്പിക്കാറുണ്ട്. മൂന്നു ബേസ് കോട്ട് പുരട്ടിയ ശേഷം നഖത്തിന്‍റെ മദ്ധ്യഭാഗം മുതൽ മുകളിലേയ്‌ക്ക് ബേസ് കളറിൽ നിന്നും തീർത്തും വ്യത്യസ്‌തമായ മറ്റേതെങ്കിലും കളർ കൊണ്ട് 3 ഡോട്ട്‌സ് വരയ്‌ക്കുക.
ഇനി ഈ ഡോട്ട്‌സിൽ വ്യത്യസ്‌ത നിറങ്ങളിൽ 2-3 ഡോട്ട്‌സ് വരയ്‌ക്കുക. നഖങ്ങളുടെ ഒത്തമദ്ധ്യത്തിൽ ഡിസൈനുകൾ വരയ്‌ക്കുന്നതാണ് അഭികാമ്യം. ബട്ടർഫ്‌ളൈ, പീകോക്ക്, ഡ്രാഗൺ, ഹോം അങ്ങനെ ഏതു ഡിസൈനും തെരഞ്ഞെടുക്കാം.