പ്രായമൊന്ന് ഇത്തിരി കൂടിയാൽ മതി സ്‌ത്രീകൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഇനി എന്തിനുവേണ്ടി ആർക്കുവേണ്ടി അണിഞ്ഞൊരുങ്ങണം. ഇതൊക്കെ ആര് കാണാനാ എന്നൊക്കെയുള്ള ചിന്തകളായിരിക്കും ഇവരുടെ മനസ്സിൽ. പക്ഷേ ഈ ചിന്ത തീർത്തും തെറ്റ് തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കുകയെന്നതിന് പ്രായം തടസ്സമേയല്ല. ഓരോ പ്രായത്തിലും എങ്ങനെ മെയിന്‍റയിൻ ചെയ്‌ത് സെലിബ്രിറ്റികളെപ്പോലെ തിളങ്ങി നടക്കണമെന്നത് സ്വന്തം മനസ്സിന്‍റെ സന്തോഷത്തേയും സംതൃപ്‌തിയേയും ആശ്രയിച്ചാണിരിക്കുക. അതുകൊണ്ട് ഒരു കാര്യം ഓർമ്മിക്കുക. പ്രായം കൂടിയാലും ശരി സ്വന്തം വ്യക്‌തിത്വം പത്തരമാറ്റ് തിളക്കത്തോടെ കാത്തുസൂക്ഷിക്കുക.
ആ സെലിബ്രിറ്റികളാണ് മാതൃകകൾ
പ്രായം 70 പതിലെത്തിയ ഹേമമാലിനിയെ ശ്രദ്ധിച്ചാൽ അറിയാം. ഈ പ്രായത്തിലും അവരൊരു ഗ്ലാമർ താരം തന്നെ. സ്വന്തം ഗ്ലാമറസ് ലുക്കിനെ അവർ ഇന്നും എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. യുവനടിമാരിൽപ്പോലും അസൂയ ഉളവാക്കുന്ന കത്തി നിൽക്കുന്ന സൗന്ദര്യമാണ് അവർക്കിപ്പോഴും. ഏതെങ്കിലും ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഹേമമാലിനി എത്തിയാൽ പിന്നെ റാമ്പ് ഷോയിലെ അവരുടെ സ്വപ്‌ന നടത്തം പലരുടെയും ഉറക്കം കെടുത്തുമത്രേ! ക്ലാസിക്കൽ നർത്തകി കൂടിയായ ഹേമമാലിനി ഇപ്പോൾ നൃത്ത കലയിലൂടെ സ്വയം മെയിന്‍റയിൻ ചെയ്യുന്നു. ഈ പ്രായത്തിലും അവർ ഡ്രീം ഗേളാണ്. സൗന്ദര്യ വർദ്ധകങ്ങൾ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നുവെന്നതാണ് അവരുടെ ഏജ്‌ലസ് ബ്യൂട്ടിയുടെ രഹസ്യം. ട്രെഡീഷണൽ ബ്യൂട്ടി ടിപ്‌സുകളാണ് അവർ ഉപയോഗിക്കുന്നത്. ചർമ്മത്തിളക്കം നിലനിർത്തുന്നതിന് ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തും. ഇതെല്ലാമാണ് അവരെ എല്ലാ പ്രായത്തിലും ആരോഗ്യവതിയും സുന്ദരിയുമാക്കുന്നത്.
മാധുരി ദീക്ഷിത്
പ്രായം 51 ആയെങ്കിലും ഇപ്പോഴും 30 ന്‍റെ ചെറുപ്പമാണ് ഈ ബോളിവുഡ് സുന്ദരിക്ക്. നടിയായിരുന്നിട്ടും വിലയേറിയ സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലെ നാടൻ സൗന്ദര്യ പരിപാലനത്തി ലാണ് മാധുരിയ്‌ക്ക് പ്രിയം. എല്ലാ പ്രായക്കാർക്കും മാധുരി നൽകുന്ന ഉപദേശവും അത് തന്നെയാണ്. പ്രായമേറിക്കൊണ്ടിരുന്നാലും സ്വയം മെയിന്‍റയിൻ ചെയ്യുന്നതിന് അൽപ്പ സമയം മാറ്റിവച്ചു നോക്കൂ എന്നാണ് മാധുരിയ്‌ക്ക് എല്ലാവരോടുമായി പറയാനുള്ളത്. ശേഷം ആ മാറ്റത്തെ സ്വയം തിരിച്ചറിയൂ. നല്ലൊരു നർത്തകി കൂടിയായ മാധുരി തന്‍റെ ഈ ഇഷ്‌ടത്തെ ശരീരം ഫിറ്റായിരിക്കാനുള്ള വ്യായാമമായി പ്രയോഗിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടിയല്ല മറിച്ച് തനിക്കുവേണ്ടിയാണ് സ്വയം മെയിന്‍റയിൻ ചെയ്യുന്നത് എന്ന് അവർ പറയുന്നു.
ജൂഹി ചാവ്‌ല
കുസൃതി നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള സുന്ദരിയായ ജൂഹിയ്‌ക്ക് വയസ്സ് 50 ആയെങ്കിലും അവർ നന്നായി ആരോഗ്യം പരിപാലിക്കുന്നു. വീട്ടിലിരുന്നാലും ശരി സ്വന്തം ആരോഗ്യ സൗന്ദര്യകാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന പക്ഷക്കാരിയാണ് ജൂഹി. അത് നമ്മുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും. ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തുന്നതിന് അവർ ധാരാളം വെള്ളം കുടിക്കും. രാത്രിയിൽ കിടക്കും മുമ്പ് മേക്കപ്പ് നീക്കം ചെയ്യും. രോഗങ്ങളുടെ പിടിയിൽ അകപ്പെടാതിരിക്കാൻ അതിരാവിലെ ഉണർന്ന് ശുദ്ധവായു ശ്വസിച്ചുകൊണ്ട് നടത്തം ശീലമാക്കൂ എന്നാണ് ജൂഹി നൽകുന്ന ഉപദേശം. അതുവഴി ജീവിതകാലം മുഴുവനും ചെറുപ്പമായിരിക്കുന്നത് ആസ്വദിക്കാമെന്നാണ് ജൂഹി മനോഹരമായ പുഞ്ചിരിയോടെ പറയുന്നത്.